· 7 മിനിറ്റ് വായന

കുഞ്ഞാവയ്ക്കിത് കൊടുത്താൽ കുഴപ്പമുണ്ടോ ?

Parentingശിശുപരിപാലനം

“ഇവന് ഭയങ്കര വിശപ്പാണേ. അതോണ്ട് ഞങ്ങള് കുറച്ച് കുറുക്ക് കൊടുത്തു തുടങ്ങി”

“കുറുക്ക് തുടങ്ങിയില്ലെങ്കി കുറച്ച് കഴിയുമ്പോ ആപ്പാടെ ഒരു പുഷ്ടിക്കുറവായിരിക്കും”

“ഇവൾക്കൊക്കെ നാലാം മാസം കുറുക്ക് തുടങ്ങിയാരുന്നു. എന്നിട്ട് കൊഴപ്പവൊന്നും വന്നില്ല. അതോണ്ട് അവളുടെ കൊച്ചിനും അങ്ങ് തുടങ്ങുവാ”

“അമ്മയ്ക്ക് രാത്രി പാല് കൊടുക്കാനെ സമയമൊള്ളൂ. അതോണ്ട് കൊറച്ച് കുറുക്ക് തുടങ്ങി. ഇപ്പോ അത് കാരണം രാത്രി സുഖമായിട്ട് ഉറങ്ങും”

“അമ്മയ്ക്ക് ആറ് മാസം കഴിയുമ്പോ ജോലിക്ക് പോകാനുള്ളതാ. ഇപ്പോഴേ കുറുക്ക് കൊടുത്ത് തുടങ്ങിയില്ലെങ്കിൽ അപ്പോ ചിലപ്പോ കഷ്ടപ്പെടും”

“ഡോകടർ അങ്ങനെ പലതും പറയും. നാളെ അവരത് മാറ്റിയും പറയും. നീ കുറച്ച് കുറുക്ക് കൊടുക്കാൻ നോക്ക്”

നേരത്തെ കുറുക്ക് കൊടുത്ത് തുടങ്ങുവാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ട്. ചിലർക്കറിയാം അവർ ചെയ്യുന്നത് തെറ്റാണെന്ന്. എന്നാൽ മിക്കവാറും ആളുകൾ കരുതുന്നത് അവർ ചെയ്യുന്നതാണ് ശരി എന്നാണ്. അതാണ് കൂടുതൽ അപകടം. തെറ്റ് തിരിച്ചറിഞ്ഞാൽ മാത്രമേ തിരുത്തൽ സാധ്യമാവൂ.

പല സ്ഥലങ്ങളിലും പല രീതിയിലാണ് കുഞ്ഞുങ്ങൾക്ക് മറ്റ് ഭക്ഷണങ്ങൾ കൊടുത്ത് തുടങ്ങുന്നതും തുടരുന്നതും. ഇക്കാര്യത്തിൽ പ്രാദേശികവും സാമൂഹികവുകമായ സ്വാധീനം വളരെയധികം ഉള്ളതിനാൽ തന്നെ പൊതുവായ ചില മർഗ്ഗനിർദ്ദേശങ്ങൾ നല്കാം എന്നല്ലാതെ കൃത്യമായ നിയമങ്ങൾ പറയുക സാധ്യമല്ല. നിരവധി പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി WHO നൽകിയിരിക്കുന്ന നർദ്ദേശങ്ങളാണ് ഇവയിൽ ഏറ്റവും വ്യക്തതയുള്ളത്.

‘കുഞ്ഞുങ്ങൾക്ക് ഭക്ഷണം നല്കുന്നത് സംബന്ധിച്ചുള്ള 10 കല്പനകൾ’ താഴെ ചേർക്കുന്നു.

1️⃣ആദ്യത്തെ ആറ് മാസം കുഞ്ഞിന് മുലപ്പാൽ മാത്രം നല്കുക.

?ജനിച്ച ശേഷം എത്രയും പെട്ടന്ന് തന്നെ മുലപ്പാൽ നല്കുക.

?കുഞ്ഞ് ആവശ്യപ്പെടുന്നതനുസരിച്ച് പാൽ നല്കുക. അതിനൊരു സമയക്രമം രൂപീകരിക്കേണ്ടതില്ല.

?ആദ്യത്തെ ആറ് മാസങ്ങളിൽ, കുഞ്ഞിന് ആവശ്യമുള്ള പോഷകങ്ങളും ജലാംശവും മുലപ്പാലിൽ നിന്നു തന്നെ ലഭിക്കും.

?ആറ് മാസം തികയുന്നതിന് മുൻപ് ജോലിക്ക് പോകേണ്ടി വരുന്ന അമ്മമാർ പാൽ പിഴിഞ്ഞ് വെച്ച് അത് തന്നെ നല്കുവാൻ ശ്രമിക്കുക.

?ഇതിന് കുടുംബത്തിന്റെ മൊത്തം പിന്തുണ അത്യാവശ്യമാണ്.

? ആറ് മാസങ്ങൾക്ക് ശേഷം, പാൽ നല്ലത് പോലെയുണ്ടെങ്കിലും കുഞ്ഞിന് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുവാൻ അത് പോരാതെ വരും. അതിനാൽ മറ്റ് ഭക്ഷങ്ങൾ കൊടുത്ത് തുടങ്ങുക തന്നെ വേണം.

2️⃣ രണ്ട് വയസ്സ് വരെയെങ്കിലും മുലപ്പാൽ നല്കുന്നത് തുടരുക.

?പരമാവധി എത്ര വയസ്സ് വരെ നല്കാം എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങളില്ല.

3️⃣ഭക്ഷണശുചിത്വം ഉറപ്പ് വരുത്തുക.

?ഭക്ഷണം വൃത്തിയുളളതായിരിക്കണം.

?കൈകൾ വൃത്തിയുളളതായിരിക്കണം.

?പാത്രങ്ങൾ വൃത്തിയുളളതായിരിക്കണം.

?കുപ്പിയിൽ നൽകുന്നത് ഒഴിവാക്കണം.

4️⃣Responsive feeding പരിശീലിക്കുക.

?ഒരു വയസ്സ് വരെ കുട്ടികൾക്ക് ഭക്ഷണം വായിൽ വെച്ച് കൊടുക്കാം.

?ഒരു വയസ്സിനു മുകളിലുള്ള കുട്ടികളെ തനിയെ കഴിക്കുവാൻ പ്രോത്സാഹിപ്പിക്കുക. അവരെ അതിനു സഹായിക്കുക.

?പതിയെ, ക്ഷമയോടെ ഭക്ഷണം നല്കുക. ബലമായി കൊടുക്കാതിരിക്കുക.

?ഒരു ഭക്ഷണപദാർത്ഥം കഴിക്കുവാൻ കുഞ്ഞ് മടി കാണിച്ചാൽ അതിന്റെ ‘രൂപവും ഭാവവും’ മാറ്റി വീണ്ടും നല്കുക.

?ഭക്ഷണം നല്കുന്ന സമയം ശ്രദ്ധ തിരിക്കുന്ന മറ്റ് മാർഗ്ഗങ്ങൾ ഒഴിവാക്കുക (ഉദാ: മൊബൈൽ ഫോൺ, ടിവി).

?സ്നേഹത്തോടെ കണ്ണിൽ നോക്കി സംസാരിച്ച് കൊണ്ട് ഭക്ഷണം നല്കുക. ഭക്ഷണസമയം യുദ്ധസമാനമാകരുത്.

5️⃣ചെറിയ അളവിൽ കൊടുത്തു തുടങ്ങി മെല്ലെ മെല്ലെ കൂട്ടുക.

?മതിയായതിന്റെ ലക്ഷണങ്ങൾ. കാണിക്കുമ്പോൾ തന്നെ കൊടുക്കുന്നത് നിർത്തുക.

?എടുത്തത് മുഴുവൻ തീർക്കണം എന്ന് വാശി പിടിക്കാതിരിക്കുക.

6️⃣ഭക്ഷണത്തിന്റെ വൈവിധ്യവും കട്ടിയും മെല്ലെ മെല്ലെ കൂട്ടുക.

?ആറ് മാസം തികഞ്ഞ ശേഷം ഏതെങ്കിലും ഒരു ധാന്യം കുറുക്കി കൊടുത്ത് തുടങ്ങാം. പിന്നീട് ജലാംശം കുറച്ചും പയർ വർഗ്ഗങ്ങളും പച്ചക്കറികളും ചേർത്തും മെല്ലെ മെല്ലെ കട്ടി കൂട്ടിക്കൊണ്ട് വരാം. അരച്ചും ഉടച്ചും കുഴമ്പ് പരുവത്തിൽ നല്കുക. എല്ലാം മിക്സിയിൽ അരച്ച് കുപ്പിയിലാക്കി കൊടുക്കുന്നത് ഒഴിവാക്കുക. സ്പൂൺ ഉപയോഗിച്ച് കോരി കൊടുക്കുക.

?എട്ട് മാസം ആകുമ്പോഴേക്കും കൈ കൊണ്ട് വാരി നൽകാവുന്ന പോലെയാകണം (Finger foods).

?പത്ത് മാസം ആകുമ്പോഴേക്കും കുട്ടികൾ ചവച്ചിറക്കുവാൻ പഠിച്ചില്ലെങ്കിൽ അവർക്ക് പിന്നീട് അത് ബുദ്ധിമുട്ടുണ്ടാക്കും.

?പന്ത്രണ്ട് മാസം തികഞ്ഞാൽ പിന്നെ വീട്ടുകാർ കഴിക്കുന്നത് തന്നെ കഴിക്കുവാൻ സാധിക്കണം (Family pot).

?തൊണ്ടയിൽ കുടുങ്ങുവാൻ സാധ്യതയുള്ള കപ്പലണ്ടി പോലുള്ള ഭക്ഷ്യവസ്തുക്കൾ, കുഞ്ഞ് കുറച്ച് കൂടി വലുതായ ശേഷം മാത്രം നൽകുക.

7️⃣ഒരു ദിനത്തിൽ എത്ര തവണ കൊടുക്കുന്നു എന്നത് പതിയെ കൂട്ടുക.

?ഏഴാം മാസം, ദിവസത്തിൽ ഒരു നേരം വെച്ചു കുറുക്ക് നല്കി തുടുങ്ങുക.

?എട്ടാം മാസം തികയുന്നതോടെ ദിവസത്തിൽ മൂന്നു തവണ ഭക്ഷണം നല്കണം.

?ഒരു വയസ്സ് തികയുന്നതോടെ 2 ഇടനേരങ്ങൾ കൂടി ചേർക്കാം. പെട്ടന്ന് തയ്യാറാക്കാവുന്ന, എളുപ്പം കഴിക്കാവുന്ന ആരോഗ്യകരമായ (ഉദാ: പഴം പുഴുങ്ങിയത്) ഭക്ഷണം വേണം ഇടനേരമായി നല്കാൻ. പോഷകങ്ങൾ കുറവുള്ള ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക.

8️⃣എല്ലാ തരം ഭക്ഷണപദാർത്ഥങ്ങളും ഉൾപ്പെടുത്തുക.

?മുലപ്പാലിനേക്കാൾ പോഷകഗുണം കൂടുതലുള്ളവ വേണം നൽകിത്തുടങ്ങുവാൻ. അത് കൊണ്ട് തന്നെ കാപ്പി, ചായ, കട്ടൻ മുതലായവ നൽകുന്നത് അഭികാമ്യമല്ല.

?സമീകൃതാഹാരം എന്നാൽ അന്നജം, പ്രോട്ടീൻ, കൊഴുപ്പ്, സൂക്ഷ്മ പോഷകങ്ങൾ എന്നിവ കൃത്യമായ അളവിൽ നല്കുന്നതായിരിക്കണം.

?കുറുക്ക് നല്കി തുടങ്ങുമ്പോൾ അതിൽ ഉപ്പും മധുരവും (പഞ്ചസാര, ചക്കര, ശർക്കര, തേൻ മുതലായവ) ചേർക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് വിദേശ പഠനങ്ങൾ കാണിക്കുന്നത്. നമ്മുടെ നാട്ടിൽ അത്തരം നിർദ്ദേശങ്ങൾ ഇല്ല.

?കുറുക്ക് കൊടുത്തു തുടങ്ങുന്നതോടെ വെള്ളവും അല്പാല്പമായി നൽകിത്തുടങ്ങാം.

?ധാന്യങ്ങൾ, പയറു വർഗ്ഗങ്ങൾ (മുളപ്പിച്ചവയാണെങ്കിൽ കൂടുതല് നല്ലത്), പഴങ്ങൾ, പച്ചക്കറികൾ, ഇല വർഗ്ഗങ്ങൾ എല്ലാം നല്കുവാൻ ശ്രദ്ധിക്കണം. ധാന്യങ്ങൾ മാത്രം നൽകിക്കൊണ്ടിരുന്നാൽ (ഉദാ: കഞ്ഞി) കുഞ്ഞുങ്ങൾക്ക് പോഷകക്കുറവ് ഉണ്ടാകും. അതിനാൽ ഘട്ടം ഘട്ടമായി എല്ലാ തരം ഭക്ഷണപദാർത്ഥങ്ങളും അവർക്ക് നൽകിത്തുടങ്ങണം.

?കുഞ്ഞുങ്ങൾ ചവച്ചിറക്കുവാൻ പഠിക്കുന്നതോടെ മുട്ട, മത്സ്യം, മാംസം എന്നിവയെല്ലാം നല്കി തുടങ്ങാം.

?മുലപ്പാൽ നല്ല പോലെ ലഭിക്കുന്ന കാലത്തോളം മറ്റ് മൃഗങ്ങളുടെ പാൽ നല്കുവാൻ തിരക്ക് കൂട്ടേണ്ടതില്ല.

?പുതിയ ഭക്ഷണം തുടങ്ങുമ്പോൾ ചുവന്നു ചൊറിഞ്ഞു തടിക്കുക പോലെയുള്ള അലർജി ലക്ഷണങ്ങൾ എന്തെങ്കിലും കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഒന്നിൽ കൂടുതൽ ഭക്ഷണസാധനങ്ങൾ ഒരുമിച്ച് തുടങ്ങിയാൽ, ഏതെങ്കിലും ഒന്നിന് അലർജി ഉണ്ടായാലും ഏതിനാണെന്ന്‌ കണ്ട് പിടിക്കുവാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ പുതിയവ തുടങ്ങുമ്പോൾ ഓരോന്നായി തുടങ്ങുക.

9️⃣Fortified food/ Supplements

?ഭക്ഷണത്തിൽ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് കണ്ട് വരുന്ന സ്ഥലങ്ങളിൽ അവ മരുന്നായോ (Vit. A, Vit. D, Iron), മറ്റ് ഭക്ഷ്യവസ്തുക്കളുടെ കൂടെ ചേർത്തോ (ഉദാ: ഉപ്പിൽ അയഡിൻ ചേർക്കുന്ന പോലെ) നൽകാറുണ്ട്.

?അസുഖസമയത്തെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത്.

?സുഖമില്ലാതെ ഇരിക്കുന്ന കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കുന്നത് അല്പം കുറവായിരിക്കും. അവരെ ബുദ്ധിമുട്ടിച്ച് കഴിപ്പിക്കാതിരിക്കുക.

?അവർ ആവശ്യപ്പെടുന്ന ഭക്ഷണം അവർക്ക് കൊടുക്കാതിരിക്കുകയും വേണ്ട.

?ജലാംശം കൂടുതലുള്ള ഭക്ഷണം നല്കുവാൻ ശ്രദ്ധിക്കുക.

?അസുഖം മാറിയ ശേഷം ഏതാനം ദിവസങ്ങൾ അവർ കുറച്ച് കൂടുതലായി കഴിച്ച് കഴിക്കാതിരുന്ന സമയത്തെ കുറവ് നികത്തിക്കോളും.

ആദ്യവർഷം കുഞ്ഞ് 6 കിലോയിൽ കൂടുതൽ തൂക്കം വെക്കും. രണ്ടാം വർഷം 2 കിലോയോളം മാത്രവും. വളർച്ചയുടെ തോത് കുറയുന്നതിനാലും, മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കൂടുന്നതിനാലും, ഭക്ഷണക്കാര്യത്തിൽ താൽപര്യക്കുറവ് സ്വാഭാവികമാണ്; ശരീരത്തിന് പുഷ്ടിക്കുറവ്‌ തോന്നുന്നതും. ഭയപ്പെടേണ്ടതില്ല.

ഒരു കുഞ്ഞിന്റെ ശരീരവും ബുദ്ധിയും ഏറ്റവും അധികം വളർച്ച പ്രാപിക്കുന്ന ഘട്ടമാണ് ആദ്യത്തെ ആയിരം ദിവസങ്ങൾ. അമ്മയ്ക്കുള്ളിലെ 10 മാസങ്ങളും അതിനു ശേഷമുള്ള 2 വർഷങ്ങളും. ഈ സമയങ്ങളിൽ വരുന്ന പോഷകാഹാരക്കുറവും തെറ്റായ ഭക്ഷണരീതികളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ പോന്നവയാണ്. അവിടെ നമുക്ക് തെറ്റുകൾ സംഭവിക്കരുത്.

ലേഖകർ
Completed MBBS from Calicut Medical College. MD pediatrics & Fellowship in Neonatology from St. John's Medical College, Bangalore. Currently working at Cimar Cochin hospital, Kochi.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ