കോവിഡ് രോഗം ഒരാളിൽ രണ്ടാമതും വരുമോ?
❓“കോവിഡ് 19 വന്ന ഒരാൾക്ക് വീണ്ടുമീ രോഗം വരുമോ? എത്ര നാളുകൾക്കുള്ളിൽ വരാം?❓
?അടുത്തയിടെ വന്ന ചില മാദ്ധ്യമ റിപ്പോർട്ടുകൾ മുഖേന ജനങ്ങൾക്കിടയിൽ ഉയരുന്ന ചില ചോദ്യങ്ങളാണിത്.
❓കോവിഡ് വന്ന ഒരാൾക്ക് വീണ്ടും രോഗം വരാമോ?
?വൈറൽ രോഗങ്ങൾ ഒരിക്കൽ വന്നു മാറിയാൽ സാധാരണയായി ശരീരം വൈറസിനെതിരെ ഉത്പാദിപ്പിച്ച ശരീരത്തിൽ ആൻറി ബോഡി നിലനിൽക്കുന്നത് കൊണ്ട് തുടർന്നുള്ള കുറച്ചു കാലയളവിലെങ്കിലും, വീണ്ടും അതേ വൈറസ് കൊണ്ടുള്ള രോഗബാധ ഉണ്ടാവാനുള്ള സാധ്യത തീരെ കുറവാണ്.
?ഈ കാലയളവ് ഓരോ വൈറസ് ബാധയിലും വത്യസ്തമാവും. ഉദാ: ചിക്കൻ പോക്സ് പോലുള്ള കുറേ രോഗങ്ങളിൽ ഏകദേശം മുഴുവൻ പേരിലും ജീവിതകാലം മുഴുവൻ രോഗ പ്രതിരോധ ശേഷി നൽകും.
?എന്നാലീ നൂതനവൈറസിനെ കണ്ടെത്തിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ. അത് കൊണ്ട് തന്നെ, ഒന്നിലധികം തവണ ഈ രോഗം ഒരാൾക്ക് വരാൻ സാധ്യതയുണ്ടോ എന്നറിയാൻ, ദീർഘകാല ആധികാരിക പഠനങ്ങൾ വരണം.
❓കോവിഡ് 19 ൻ്റെ കാര്യത്തിൽ എത്ര നാളത്തേക്ക് പ്രതിരോധ ശേഷി നില നിൽക്കും?
⭐കോവിഡ് 19 ഒരിക്കൽ വന്നു മാറിയാൽ, ചെറിയ കാലയളവിലേക്ക് എങ്കിലും വീണ്ടും വരാനുള്ള സാധ്യത തീരെ കുറവാണ് എന്നാണ് നിലവിലുള്ള അനുമാനം.
⭐ഈ നിഗമനത്തിനു പിന്തുണയേകുന്ന ചില നിരീക്ഷണങ്ങൾ
?ഇതുവരെ ചൈന പോലെയുള്ള രാജ്യങ്ങളിൽ, രോഗം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ രോഗികളുടെ എണ്ണം കുത്തനെ കൂടുകയും, പിന്നീട് ഒരു മൂർദ്ധന്യാവസ്ഥയിൽ എത്തിയതിന് ശേഷം വീണ്ടും താഴേക്ക് വരുന്നതും കാണാം.
?ഇത്തരമൊരു ആരോഹണാവരോഹണ മാതൃക സാധാരണ കാണുന്നത്, രോഗമുക്തരായവർ പ്രതിരോധം ആർജ്ജിക്കുന്ന പകർച്ചവ്യാധികളിലാണ്.
?നല്ലൊരു ശതമാനം ജനതയിലും രോഗം വന്ന് മാറിപ്പോയതിന് ശേഷം, കൂട്ടായപ്രതിരോധം (herd immunity) മെച്ചപ്പെടുമ്പോഴാണ്, പുതിയ രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത്.
?കോവിഡ് രോഗത്തിലും ഇതുവരെ ഇങ്ങനെ ഒരു മാതൃക തന്നെയാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ, ഒരിക്കൽ രോഗം വന്ന് മാറി പോയവരിൽ, രണ്ടുമൂന്ന് മാസത്തേക്കെങ്കിലും വീണ്ടും വരാൻ സാധ്യതയില്ല എന്ന് തന്നെ അനുമാനിക്കാം. കൃത്യമായ ഒരു കാലയളവ് കണ്ടെത്തിയെടുക്കണമെങ്കിൽ കാലതാമസമെടുക്കും.
❓ചൈനയിൽ രോഗം ഭേദമായ ചിലർക്ക് ഈ കാലയളവിൽ തന്നെ രോഗം വന്നതായി ചില മാദ്ധ്യമ റിപ്പോർട്ടുകൾ ഉണ്ടല്ലോ എന്താണ് വസ്തുത ?
?രോഗം സ്ഥിരീകരിച്ച ചിലരിൽ, പിന്നീട് നെഗറ്റീവ് പരിശോധനാഫലം ലഭിച്ചതിന്, ആഴ്ചകൾക്കു ശേഷം വീണ്ടും പോസിറ്റീവ് ഫലങ്ങൾ ലഭിച്ചതായി ഏതാനും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് രോഗമുക്തരായവർക്ക് രണ്ടാമത് ഒരു രോഗബാധ വരാനുള്ള സാധ്യതയുണ്ടോ എന്ന സംശയം വരാൻ ഇടയാക്കിയത്.
?എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇവരിലാർക്കും വീണ്ടും യാതൊരുവിധ ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടതായി കണ്ടിട്ടില്ല.
?ആയതിനാൽ ഇവർക്ക് രണ്ടാമതും രോഗം വന്നതാവണമെന്നില്ല, അത് വേർതിരിച്ച് ശാസ്ത്രീയമായി സ്ഥിരീകരിക്കേണ്ടിയിരിക്കുന
❓എന്നാൽ മറ്റു ചില കാരണങ്ങളാൽ ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാവാം, എന്തൊക്കെയാണവ?
⭐ഈ ഫലങ്ങൾ കിട്ടിയത് എന്ത് തരം,പരിശോധനയിൽ ആണെന്ന് റിപ്പോർട്ടുകളിൽ വ്യക്തമല്ല.
✅RT പി.സി.ആർ പരിശോധന:-
⏹️ഇപ്പോൾ വ്യാപകമായി കോവിഡ്19ന് ഉപയോഗിക്കുന്ന പിസിആർ പരിശോധനയാണ് ഈ പഠനത്തിൽ ഉപയോഗിച്ചതെങ്കിൽ, രോഗസൗഖ്യത്തിന് ശേഷവും പൊസിറ്റിവ് ഫലം ലഭിക്കാൻ സാധ്യതയുണ്ട്.
⏹️പല അണുബാധകളും മാറിയതിനു ശേഷവും, ജീവനക്ഷമമല്ലാത്ത ബാക്ടീരിയകളുടെയോ, വൈറസുകളുടെയോ , അവയുടെ ജനിതകഅംശത്തിന്റെയോ തന്റെ സാന്നിധ്യം ശരീരത്തിൽ കണ്ടേക്കാം. രോഗമില്ലെങ്കിൽ പോലും, ഇവ തെറ്റായ പോസിറ്റിവ് ഫലങ്ങൾ നൽകാം.
⏹️അഞ്ചാംപനിയുണ്ടാക്കുന്ന മീസിൽസ് വൈറസ് ലക്ഷണങ്ങൾ മാറിയതിന്, ഏതാനും മാസങ്ങൾക്ക് ശേഷം പോലും പി.സി.ആർ പരിശോധനയിൽ കണ്ടെത്താനായിട്ടുണ്ട്.
✅ആൻറിബോഡി പരിശോധന –
⏺️ഇത്തരം പരിശോധനകളിലാണ് ആഴ്ചകൾക്കു ശേഷവും രോഗികളിൽ ഫലം പോസിറ്റീവായി വന്നത്, എങ്കിൽ അത് സ്വാഭാവികമാണ്. രോഗം വന്ന് മാറിയതിനുശേഷം ആഴ്ചകളോളം സ്വാഭാവികമായും രക്തത്തിൽആന്റോബോഡികൾ ഉണ്ടായിരിക്കും. ഒരു ജനതയിൽ മുൻപ് എപ്പോഴെങ്കിലും ഒരു അണുബാധ വന്നു പോയിട്ടുണ്ടോ, എന്ന പഠനത്തിൽ പോലും ഉപയോഗിക്കുന്നത് ഇത്തരം ആന്റിബോഡിപരിശോധകളാണ്.
⏺️ലോകമെമ്പാടും, ഒരു ലക്ഷത്തിലധികം രോഗമുക്തി നേടിയവർ, ഉണ്ടായിരിക്കെ, ഇതിൽ തീരെ കുറച്ചു പേർക്ക് മാത്രമേ വീണ്ടും പരിശോധനയിൽ പൊസിറ്റിവ് ഫലങ്ങൾ കണ്ടെത്തിയിട്ടുള്ളൂ. രണ്ടാമത് ലക്ഷണങ്ങൾ വന്നു ഗുരുതരമായതായ കേസുകൾ ഒന്നും തന്നെ ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
⏺️ഇനി ഇപ്പോഴത്തെ വൈറസിന് ജനിതകമാറ്റം എന്തെങ്കിലും സംഭവിച്ചാൽ, ആ പുതിയ സ്ട്രെയിനിനെതിരെ ഒരു പക്ഷേ രോഗമുക്തി നേടിയവർക്ക് പ്രതിരോധം ഉണ്ടായിരിക്കണമെന്നില്ല.
സാധാരണ ജലദോഷം ഉണ്ടാക്കുന്ന കൊറോണ ഗ്രൂപ്പിലെ മറ്റ് വൈറസുകൾ, റൈനോ വൈറസുകൾ എന്നീ ആർ.എൻ.എ (RNA) ജനിതകവസ്തുക്കളുള്ളവ, വളരെ പെട്ടെന്നു തന്നെ ചെറിയ ജനിതക മാറ്റങ്ങൾ ഉണ്ടാവുന്നവയാണ്. അതുകൊണ്ട് തന്നെ വീണ്ടും ഒരേ വ്യക്തിക്ക് ഈ വൈറസുകളുടെ പുതിയ ഒരു സ്ട്രെയിൻ കൊണ്ടുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. എന്നാൽ ഇത് വരെ ഇങ്ങനെ വീണ്ടും രോഗം ഉണ്ടാക്കാവുന്ന തരത്തിലുള്ള വിവിധ സ്‌ട്രെയിനുകൾ, ഇതുവരെ കോവിഡ്19 വൈറസിന് ഉള്ളതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിട്ടില്ല.
⏺️തൊണ്ടയിൽ നിന്നോ മൂക്കിന്റെ ഉള്ളിലെ ആവരണത്തിൽ നിന്നോ എടുത്താണ് പരിശോധിച്ചത് എങ്കിൽ മറ്റൊരു സാധ്യത കൂടി ഉണ്ട്. വൈറസ് ശരീരത്തിൽ രോഗം ഉണ്ടാക്കാതെ, മൂക്കിലെയോ തൊണ്ടയുടെയോ ആവരണങ്ങളിൽ സഹവസിക്കുന്ന (commensal) അവസ്ഥ. ഈ അവസ്‌ഥയിൽ ആ വ്യക്തിയ്ക്ക് രോഗം ഉണ്ടാവുന്നില്ലെങ്കിലും, രോഗം പരത്താനുള്ള ശേഷിയുണ്ടോ എന്നത് വിശദമായി തന്നെ പഠിക്കേണ്ടി വരും.
⏺️മറ്റൊരു സാധ്യത തൊട്ടു മുൻപുള്ള പരിശോധനാ ഫലം തെറ്റായി നെഗറ്റീവായി വന്നതാവാം. RT PCR പോലുള്ള ടെസ്റ്റുകൾ കൂടുതൽ വൈദഗ്ദ്ധ്യം വേണ്ട, സങ്കീർണ്ണ നടപടിക്രമങ്ങൾ വേണ്ട ടെസ്റ്റുകളാണ്.