· 5 മിനിറ്റ് വായന
കാൻസർ രോഗികളിലെ കോവിഡ് വാക്‌സിനേഷൻ
കോവിഡ് നമ്മളിലേക്ക് വന്നു ചേർന്നിട്ടു ഒരു വർഷം പിന്നിടുന്നു. ശാസ്ത്രത്തിന്റെ പുരോഗതി കൊണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രതിരോധ കുത്തിവെപ്പ് അഥവാ വാക്‌സിനേഷൻ പ്രാവർത്തികമാക്കാൻ നമുക്കായി. ഇപ്പോൾ നമ്മുടെ സംസ്ഥാനത്തു ഒന്നാം ഘട്ട കോവിഡ് വാക്‌സിനേഷൻ ഏകദേശം കഴിയാറായി. കാൻസർ രോഗബാധിതർ വാക്‌സിനേഷൻ ലിസ്റ്റിൽ മുൻതൂക്കം കിട്ടേണ്ട ആൾക്കാരാണ്. നമ്മുടെ സംസ്ഥാനത്തിന്റെ മുൻഗണന ക്രമത്തിൽ മൂന്നാം ഘട്ടത്തിലാണ് കാൻസർ രോഗബാധിതരെ ഉൾപെടുത്തിയിരിക്കുന്നത്. കാൻസർ രോഗബാധിതർ അല്ലെങ്കിൽ കാൻസർ രോഗ വിമുക്തർ കോവിഡ് വാക്‌സിൻ എടുക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ എന്നത് വളരെ സാധാരണയായി കേൾക്കുന്ന സംശയം ആണ്. അതിനെ കുറിച്ച് ഉള്ള ഒരു ലളിത സംഗ്രഹമാണ് ഈ കുറിപ്പ്
നമ്മുടെ രാജ്യത്തു ലഭ്യമായ covishield കാൻസർ രോഗികളിൽ ഉപയോഗിക്കാമോ?
Covishield എന്നുള്ളത് ഒരു vector vaccine ആണ്. അതുകൊണ്ട് തന്നെ കാൻസർ രോഗികളിൽ covishield ഉപയോഗിക്കാവുന്നതാണ്. സാധാരണ കാൻസർ രോഗികളിൽ live attenuated vaccine ഉപയോഗിക്കാറില്ല. Live attenuated ഗണത്തിൽ പെട്ട vaccine കോവിഡിനായി ലോകത്തൊരിടത്തും ഉൽപാദിപ്പിക്കുന്നില്ല.
NB: ഇന്ത്യയിൽ ലഭ്യമായ മറ്റൊരു covid വാക്സിനായ Covaxin ഒരു inactivated viral vaccine ആണ്. Covaxin ന്റെ phase 3 ക്ലിനിക്കൽ ട്രയൽ റിസൾട്ട് മുഴുവനായി പുറത്തുവന്നിട്ടില്ല. സാങ്കേതിക പരമായി inactivated vaccine കാൻസർ രോഗികളിൽ ഉപയോഗിക്കുന്നതിന് തടസ്സങ്ങളില്ല. പക്ഷെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ കഴിഞ്ഞു ഉപയോഗിക്കുന്നതാണ് ഉത്തമം
കാൻസർ രോഗികളിൽ കോവിഡ് വാക്‌സിൻ എത്രത്തോളം ഫലപ്രദമായിരിക്കും?
Covishield vaccine ന്റെ ഫലപ്രാപ്തി സാധാരണ ആളുകളിൽ ഏകദേശം 70% ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാൻസർ രോഗികളുടെ രോഗപ്രതിരോധ ശേഷി പൊതുവെ കുറവായതിനാൽ വാക്‌സിനേഷൻ എടുക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന immune reaction / immune stimulation എത്രത്തോളം ഉണ്ടാകുമെന്നതിനു തുടർ പഠനങ്ങൾ ആവശ്യമാണ്.
കീമോതെറാപ്പി എടുക്കുന്ന രോഗികൾ കോവിഡ് vaccine എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
സാധാരണ കീമോതെറാപ്പി തുടങ്ങുന്നതിന്റെ മുൻപ് vaccine എടുക്കാൻ പറ്റുമെങ്കിൽ അതാണ് അഭികാമ്യം. ഇനി കീമോ തെറാപ്പി എടുത്തുകൊണ്ടു ഇരിക്കുന്ന രോഗികളാണെങ്കിൽ vaccine എപ്പോൾ കിട്ടുന്നോ അപ്പോൾ എടുക്കാനാണ് experts പറയുന്നത്. ഇതിനു ചില exceptions ഉണ്ട്. ഉദാഹരണത്തിന് Acute myeloid leukemia എന്ന blood കാൻസറിനു myelotoxic ആയ കീമോതെറാപ്പി എടുക്കുന്ന രോഗികൾ ഈ വാക്‌സിൻ എടുക്കുന്നത്, wbc count കൂടുന്നത് വരെ നീട്ടി വെക്കുന്നതാണ് അഭികാമ്യം.അതെ പോലെ B cell lymphoma യ്ക്ക് ഉപയോഗിക്കുന്ന Rhituximab (anti CD 20 monoclonal antibody ) ചികിത്സ ഉപയോഗിക്കുന്നവർ last dose medicine എടുത്തതിനു ശേഷം 6 മാസം വരെ വാക്‌സിനേഷൻ വൈകിപ്പിക്കുന്നതാണ് ഉത്തമം. മാത്രമല്ല കീമോ തെറാപ്പി എടുക്കുന്ന രോഗികൾ കീമോ കഴിഞ്ഞിട്ടുള്ള neutropenic phase കഴിഞ്ഞ ശേഷം ചികിത്സിക്കുന്ന മെഡിക്കൽ ഓങ്കോളജിസ്റ് ന്റെ അനുവാദത്തോടെ വാക്‌സിൻ എടുക്കുന്നതാണ് നല്ലത്. കാരണം പലപ്പോഴും വാക്‌സിൻ എടുത്തുകഴിഞ്ഞാൽ ഉണ്ടാകുന്ന ചെറിയ പനി, മേലുവേദന എന്നിവ neutropenic fever എന്ന രോഗവസ്ഥയായി തെറ്റിദ്ധരിക്കാൻ സാധ്യത കൂടുതലാണ്.
Immunotherapy എടുക്കുന്ന രോഗികൾ കോവിഡ് vaccine എടുക്കുന്നതിൽ പ്രശ്നമുണ്ടോ?
Immunotherapy ചികിത്സ നമ്മുടെ പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിച്ചു കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാരീതി ആണ്. അത് കൊണ്ട് തന്നെ ഇത്തരം ചികിത്സ ഉപയോഗിക്കുന്ന രോഗികളിൽ കോവിഡ് വാക്‌സിനേഷൻ അനുവദനീയമാണ്.
Targeted therapy എന്ന ചികിത്സ വിധി ഉപയോഗിക്കുന്ന രോഗികളിൽ കോവിഡ് വാക്‌സിനേഷൻ ചെയ്യാൻ പറ്റുമോ?
Targeted therapy അഥവാ കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള ചികിത്സ ചില ക്യാൻസർകളിൽ ഫലപ്രദമാണ്. (ഉദാ : Imatinib എന്ന മരുന്ന് CML എന്ന blood cancer രിൽ ഉപയോഗിക്കാറുണ്ട് ). ഇത്തരം ചികിത്സാവിധികൾ ഉപയോഗിക്കുന്ന രോഗികൾക്കു കോവിഡ് വാക്‌സിനേഷൻ അനുവദനീയമാണ്
Hormonal therapy ചെയ്യുന്ന രോഗികളിൽ കോവിഡ് വാക്‌സിനേഷൻ അനുവദനീയമാണോ?
തീർച്ചയായും അത്തരം രോഗികളിൽ കോവിഡ് വാക്‌സിനേഷൻ അനുവദനീയമാണ്
Bone marrow transplantation (BMT) അഥവാ മജ്ജ മാറ്റിവെക്കൽ ശാസ്ത്ര ക്രിയ ചെയ്ത രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ കൊടുക്കാമോ?
ഇത്തരം രോഗികൾക്കു രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ഇത്തരം രോഗികളിൽ BMT യ്ക്കു ശേഷം 6 മാസം കഴിഞ്ഞു കോവിഡ് വാക്‌സിനേഷൻ കൊടുക്കുന്നതാണ് ഉത്തമം. ( GVHD എന്ന complication വരാത്ത രോഗികൾക്കാണ് മുകളിൽ പറഞ്ഞ സമയ പരിധി പറയുന്നത് )
കാൻസർ ചികിത്സ കഴിഞ്ഞിട്ട് 3 വർഷമായി. ഇനി കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാമോ?
തീർച്ചയായും ഇപ്പോൾ active treatment ഇല്ലാത്ത, കാൻസർ ഭേദമായ എല്ലാവർക്കും കോവിഡ് വാക്‌സിനേഷൻ എടുക്കാം
5 വയസ്സ് പ്രായം ഉള്ള blood cancer ചികിത്സയിൽ ഉള്ള കുട്ടിക്ക് കോവിഡ് വാക്‌സിനേഷൻ ഉപയോഗിക്കാമോ?
ഇപ്പോൾ നമ്മുടെ രാജ്യത്തു ഉപയോഗത്തിലുള്ള covishield 18 വയസ്സിനു മുകളിലുള്ള ആൾക്കാരിലാണ് ഉപയോഗത്തിന് അനുമതി ഉള്ളത്. ഈ പ്രായത്തിനു കീഴെ ഉള്ള കുട്ടികളിൽ വാക്‌സിനേഷനു മുന്നോടിയായി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. അതിനാൽ 5 വയസ്സ് പ്രായം ഉള്ള മുകളിൽ പറഞ്ഞ blood cancer രോഗിക്ക് കോവിഡ് വാക്‌സിൻ ഇപ്പോഴത്തെ അവസ്ഥയിൽ കൊടുക്കാൻ സാധ്യമല്ല.
റേഡിയോതെറാപ്പി അഥവാ റേഡിയേഷൻ ചികിത്സ ഉപയോഗിക്കുന്നവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാമോ?
റേഡിയേഷൻ ചികിത്സ ചെയ്യുന്ന രോഗികൾ അവരെ ചികിത്സിക്കുന്ന റേഡിയേഷൻ ഓങ്കോളജിസ്റ്റുമായി ബന്ധപ്പെട്ട ശേഷം കോവിഡ് വാക്‌സിൻ എടുക്കാവുന്നതാണ്.
Cancer surgery അഥവാ ഓങ്കോസർജറി കഴിഞ്ഞ രോഗിക്ക് കോവിഡ് വാക്‌സിൻ കൊടുക്കാമോ?
Cancer surgery മിക്കപ്പോഴും ഒരു വലിയ സർജറി ആയിരിക്കും. അതിനാൽ സർജറി ദിവസവും, immediate post operative period ഉം കഴിഞ്ഞു ഓങ്കോസർജൻ ന്റെ അനുവാദത്തോടെ കോവിഡ് വാക്‌സിൻ എടുക്കാവുന്നതാണ്
മുകളിൽ പറഞ്ഞ വിവരങ്ങൾ ഇപ്പോൾ ലഭ്യമായ ശാസ്ത്രീയ പഠന- ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. അനുദിനം ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഈ മാർഗ്ഗ നിർദ്ദേശങ്ങൾ കൂടുതൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അത് കൊണ്ട് കോവിഡ് വാക്സിനേഷൻ എടുക്കുന്നതിനു മുൻപേ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റിന്റെ അഭിപ്രായം തേടുന്നതാണ് ഉചിതം.
അവലംബം. Covid vaccination in cancer patients: ESMO Statements
This article is shared under CC-BY-SA 4.0 license.