· 6 മിനിറ്റ് വായന

ക്യാൻസറിന് സർജ്ജറി വേണ്ടാതാകുമോ ?

Uncategorized
ചികിത്സയിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അർബുദം പാടേ സുഖപ്പെടുത്തിയ പുതിയൊരു മരുന്നിനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. പുതിയ മരുന്നുകൾ പരീക്ഷിക്കുമ്പോൾ അത്യപൂർവം സംഭവിക്കുന്നൊരു കാര്യമാണിത്. പ്രത്യേകിച്ചും ക്യാൻസർ പോലെ ഭയാശങ്കകൾ ഉണ്ടാക്കുന്ന ഒരു രോഗത്തിന്. അതു തന്നെയാണ് ഈ ഗവേഷണത്തിന് ഇത്രയും വാർത്താ പ്രാധാന്യം ലഭിക്കാനുള്ള കാരണവും.
♦️മലാശയ ക്യാൻസറുകൾ – ചികിത്സയും പ്രതീക്ഷയും
മനുഷ്യരെ ബാധിക്കുന്ന ക്യാൻസറുകളിൽ സർവ്വസാധാരണമാണ് മലാശയ ക്യാൻസറുകൾ. പൊതുവേ രണ്ടോ മൂന്നോ ഘട്ടമായാണ് ഇതിന്റെ‌ ചികിത്സ നിലവിൽ നടത്തിവരുന്നത്. പ്രാരംഭഘട്ടത്തിലുള്ള ക്യാൻസറുകൾക്ക്, ആദ്യം ക്യാൻസർ ബാധിച്ച മലാശയം മുറിച്ചു മാറ്റുന്ന ശസ്ത്രക്രിയ നടത്തും. മലാശയത്തിലെ ക്യാൻസറിന്റെ സ്ഥാനമനുസരിച്ചാണ് ബാക്കിയുള്ള കുടൽ എന്തുചെയ്യണം എന്നു തീരുമാനിക്കുന്നത്. ക്യാൻസർ മലദ്വാരത്തിൽ നിന്ന് ദൂരെയാണെങ്കിൽ കുടലിന്റെ മുറിച്ചുമാറ്റിയ ശേഷമുള്ള അറ്റങ്ങൾ കൂട്ടിയോജിപ്പിക്കാനും രോഗിക്ക് പൂർണമായും സാധാരണജീവിതം നയിക്കാനും സാധിച്ചേക്കും. എന്നാൽ മലദ്വാരത്തിനോട് ചേർന്നാണ് ക്യാൻസർ എങ്കിൽ മലദ്വാരമടക്കം മുറിച്ചു മാറ്റുകയും ശിഷ്ടകാലം രോഗി കൊളോസ്റ്റമിയുമായി ( വയറ്റിനു മുന്നിൽ പുറത്തേക്ക് തുന്നിപ്പിടിപ്പിച്ച കുടലും വയറ്റിൽ ഒട്ടിച്ച, മലം ശേഖരിക്കാനുള്ള പ്ലാസ്റ്റിക്ബാഗും) ജീവിക്കണം. ഈ ശസ്ത്രക്രിയയ്ക്കു ശേഷം ശരീരത്തിൽ ബാക്കി ഉണ്ടാകാൻ സാധ്യതയുള്ള ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കീമോതെറാപ്പിയും സ്വീകരിക്കേണ്ടിവന്നേക്കും.
ഇനി അൽപ്പം പുരോഗമിച്ച ക്യാൻസറാണെങ്കിൽ, ആദ്യംതന്നെ ശസ്ത്രക്രിയ നടത്തിയാൽ ക്യാൻസർ മുഴുവനായി നീക്കം ചെയ്യാൻ സാധിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ക്യാൻസറിന്റെ വലിപ്പം കുറയ്ക്കാൻ ആദ്യം ഒരു കീമോ-റേഡിയോതെറാപ്പി ചികിത്സ നടത്തും. ഇങ്ങനെ കാൻസറിൻറെ വലിപ്പം കുറച്ചാൽ പിന്നീട് അത് ശസ്ത്രക്രിയവഴി നീക്കം ചെയ്യാൻ എളുപ്പമായി.‌ (നിയോ അഡ്ജുവന്റ് ചികിത്സ എന്നാണ് ഇതിനെ പറയുന്നത്) ശസ്ത്രക്രിയ കഴിഞ്ഞ് ബാക്കിയുള്ള കോശങ്ങളെ നശിപ്പിക്കാൻ വീണ്ടും കീമോതെറാപ്പി നടത്തണം.
ഇത്തരത്തിൽ സങ്കീർണമായ, മാസങ്ങളോ വർഷങ്ങളോ തന്നെ നീണ്ടുനിൽക്കുന്ന ഒരു ബൃഹത്തായ ചികിത്സാപദ്ധതിയാണ് ഇന്ന് മലാശയ ക്യാൻസറുൾക്ക് ഉള്ളത്. നല്ല വാർത്ത എന്താണെന്നാൽ തുടക്കത്തിൽ കണ്ടെത്തിയാൽ മലാശയ ക്യാൻസർ ചികിത്സിച്ച് മാറ്റാനുള്ള സാധ്യത 90 ശതമാനം വരെയാണ് എന്നതാണ്. എന്നിരുന്നാലും നീണ്ടു നിൽക്കുന്നതും വിഷമം പിടിച്ചതുമായ‌ ഈ ചികിത്സാരീതി കൂടുതൽ എളുപ്പമാക്കാൻ സാധിച്ചാൽ അത് രോഗികൾക്ക് വലിയൊരു അനുഗ്രഹമാണല്ലോ. അതിനുള്ള വഴിയാണ് ഇപ്പോൾ തുറന്നു കിട്ടിയിരിക്കുന്നത്.
?മലാശയത്തിനുള്ളിൽ വ്യാപിച്ച, എന്നാൽ മറ്റു അവയവങ്ങളിലേക്ക് വ്യാപിക്കാത്ത അർബുദം ബാധിച്ച രോഗികളിലാണ് ഈ പരീക്ഷണം നടത്തിയത്. മലാശയ അർബുദങ്ങളിൽ തന്നെ ജനിതകഘടന പരിശോധിച്ച് “മിസ്മാച്ച് റിപ്പയറിന്റെ അഭാവം” എന്ന പ്രത്യേകതരം ജനിതകസ്വഭാവം പ്രകടിപ്പിക്കുന്ന അർബുദങ്ങൾ കണ്ടെത്തി അവയിൽ മാത്രമാണ് ഈ പുതിയ മരുന്ന് കൊടുത്തു നോക്കുന്നത്. വൻകുടൽ കാൻസറുകളിൽ ഏകദേശം 5 മുതൽ 10 ശതമാനം വരെ ഇത്തരം ‘mismatch repair deficient എന്ന് വിശേഷിപ്പിക്കാവുന്ന തരം മാറ്റങ്ങൾ ഉള്ളവയാണ് എന്ന് മനസ്സിലാക്കപെട്ടിട്ടുണ്ട്.‌ കോശവിഭജന സമയത്ത് ജനിതക പദാർഥത്തിന്റെ പകർപ്പെടുക്കുമ്പോൾ യാദൃശ്ചികമായി
പൊരുത്തക്കേടുകൾ ഉണ്ടാകാം. ഇവ നന്നാക്കാൻ നമ്മുടെ ശരീരത്തിൽ സംവിധാനമുണ്ട്. ഈ സംവിധാനം പ്രവർത്തിക്കാതായാൽ പ്രസ്തുത കോശങ്ങളിൽ (MMrD cells) പല ജനിതക മ്യൂട്ടേഷനുകളും കുമിഞ്ഞുകൂടാം. ഇത് ക്യാൻസറിന് കാരണമാകാം. മലാശയ അർബുദങ്ങളിൽ 5-10% വരുന്ന ഈ വിഭാഗം പൊതുവെ യാഥാസ്ഥിതിക കീമോതെറാപ്പി മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കാറില്ല. അത്തരം അർബുദങ്ങളിൽ PD 1 (programmed death 1) ഇൻഹിബിറ്റർ ഗണത്തിൽ വരുന്ന മരുന്നുകൾ ഉപകാരപ്രദമായേക്കാം എന്ന അനുമാനത്തിൽ നിന്നാണ് ഈ കുറിപ്പിനു കാരണമായ പരീക്ഷണം ആരംഭിക്കുന്നത്.
♦️മോണോക്ലോണൽ ആന്റീബോഡികൾ‌ – അൽപ്പം ചരിത്രം
ആന്റിജൻ ആന്റിബോഡി എന്നീ വാക്കുകൾ സയൻസിനെ സാമാന്യം പിന്തുടരുന്ന എല്ലാവർക്കും പരിചയമുള്ളവയാണ്. ശരീരത്തിൽ കയറുന്ന രോഗകാരികളായ ബാക്ടീരിയകളെയും മറ്റും ശരീരം തിരിച്ചാക്രമിക്കുന്നത് അവയ്ക്കെതിരായ ആന്റിബോഡികൾ സൃഷ്ടിച്ചുകൊണ്ടാണ്. കൃത്യമായി ബാക്ടീരിയകളെ മാത്രം തിരഞ്ഞു പിടിച്ചു നിർമാർജ്ജനം ചെയ്യാൻ ഈ ആന്റിബോഡികൾക്കു സാധിക്കുന്നത് ബാക്ടീരിയകളുടെ മേൽ സ്ഥാനമുള്ള ആന്റിജനുകളെ നേരിട്ടു ചെന്ന് പിടിക്കാൻ കഴിവുള്ളതുകൊണ്ടാണ്. ക്യാൻസർ കോശങ്ങളുടെ തന്മാത്രാ ജനിതകം ഗവേഷണവിധേയമാക്കിയ ശാസ്ത്രജ്ഞർക്ക് ഒരു കാര്യം വ്യക്തമായി. സാധാരണ ജീവകോശങ്ങളിൽ ഇല്ലാത്ത ചില ആന്റിജനുകൾ കാൻസർ കോശങ്ങൾ കൂടുതലായി പ്രകടിപ്പിക്കുന്നുണ്ട് . ഈ ആന്റിജനുകൾക്ക് എതിരായ ഒരു ആന്റിബോഡി വികസിപ്പിച്ചെടുത്താൽ ഒരുപക്ഷേ കാൻസർ കോശങ്ങളെ മാത്രം കൊല്ലുന്ന അത്ഭുത മരുന്ന് സൃഷ്ടിക്കാം. ഈ സങ്കൽപം ആദ്യമായി പ്രാവർത്തികമാക്കിയത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ ജെനൻടെക്ക് എന്ന കമ്പനിയാണ്. റിറ്റുക്സിമാബ് എന്ന മരുന്നിലൂടെയാണ്.
ചികിത്സ ബുദ്ധിമുട്ടായിരുന്ന ഒരു അസുഖമായിരുന്നു നോൺ ഹോജ്കിൻ ലിംഫോമ എന്നറിയപ്പെടുന്ന രക്താർബുദം. സാമ്പ്രദായിക കീമോതെറാപ്പി മരുന്നുകൾ ലഭ്യമായിരുന്നെങ്കിലും ഇവയ്ക്ക് പാർശ്വഫലങ്ങൾ കൂടുതലും ഫലസിദ്ധി താരതമ്യേന കുറവുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കാൻസർ കോശങ്ങൾ, സി.ഡി.20 എന്ന ആന്റിജൻ പ്രകടിപ്പിക്കുന്നുണ്ട് എന്നു കണ്ടെത്തപ്പെട്ടത്. ഈ ആന്റിജന് എതിരെയുള്ള ഒരു ആന്റിബോഡി വികസിപ്പിച്ചെടുത്താൽ കാൻസറിനെ ഫലപ്രദമായി നിയന്ത്രിച്ചുകൂടേ? അത്തരത്തിലുള്ള ഒരു ആന്റിബോഡി എലിയിൽ നിന്നു വേർതിരിച്ചെടുക്കാൻ ഗവേഷകർക്ക് സാധിച്ചു. എന്നാൽ എലിയിൽ നിന്ന് വേർതിരിച്ചെടുത്ത ആന്റിബോഡി എങ്ങനെ മനുഷ്യനിൽ കുത്തിവയ്ക്കും? ശരീരത്തിന്റെ സ്വന്തമല്ലാത്ത പ്രോട്ടീനുകളൊന്നും ശരീരം സ്വീകരിക്കുകയില്ല. അതിനെതിരെ ഗുരുതരമായ അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനും ഗവേഷകർ ഒരു പോംവഴി കണ്ടെത്തി. കണ്ടുപിടിച്ച ആന്റീബോഡിയിൽ സി.ഡി. 20 ആന്റിജനിൽ പോയി ഒട്ടിപ്പിടിക്കുന്ന ഭാഗം ഒഴിച്ചുള്ള ഭാഗങ്ങൾ മുഴുവൻ മാറ്റി മനുഷ്യന്റെ ആൻറിബോഡിയുടെ ഭാഗങ്ങൾ വയ്ക്കുക. ഇത്തരത്തിൽ മനുഷ്യശരീരത്തിൽ കാണുന്നതിനു സമാനമായ ഒരു ആന്റിബോഡി കൃത്രിമമായി നിർമിക്കാൻ ഗവേഷകർക്കായി. ആദ്യം കുരങ്ങുകളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. രക്തത്തിലെ ബീ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളുടെ എണ്ണം ഫലപ്രദമായി കുറച്ചുകൊണ്ടുവരാനും അതുവഴി നോൺ ഹോജ്കിൻ ലിംഫോമ ഫലപ്രദമായി നിയന്ത്രിക്കാനും ഈ മരുന്നിനു സാധിക്കുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞു. തുടർന്ന് രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുകയും 1998 അമേരിക്കൻ മരുന്നു നിയന്ത്രണ സംഘടനയായ എഫ്.ഡി.എ. യുടെ അംഗീകാരം നേടി റിറ്റുക്സിമാബ് എന്ന മരുന്ന് വിപണിയിൽ എത്തുകയും ചെയ്തു. ഈ അടുത്തകാലംവരെ പേറ്റന്റ് നിയമപ്രകാരം വലിയ വിലയാണ് ഈ മരുന്നിനു കൊടുക്കേണ്ടിവന്നിരുന്നത് എങ്കിലും 2016ൽ ഇതിന്റെ പേറ്റന്റ് കാലാവധി അവസാനിച്ചതിനാൽ മരുന്നിന്റെ വില നന്നായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾ 2017 മുതൽ ഇതിനു സമാനമായ മരുന്നുകൾ നിർമ്മിച്ചു വിൽക്കുന്നു.
റിറ്റുക്സിമാബിന്റെ കണ്ടുപിടുത്തത്തിനു ശേഷം ഇത്തരത്തിലുള്ള അനേകം മരുന്നുകൾ വികസിപ്പിക്കുന്നതിൽ ഗവേഷകർ വിജയിച്ചിരുന്നു. സ്തനാർബുദത്തിനുള്ള ഹെർസെപ്റ്റിൻ, കൂടൽ, വൃക്ക അർബുദങ്ങൾ ചികിത്സിക്കുന്നതിനുള്ള ബെവാസിസുമാബ് തുടങ്ങി വിചിത്രമായ പേരുകളിൽ പല മോണോക്ലോണൽ ആന്റിബോഡികളും ഇന്നു വിപണിയിൽ ഇറങ്ങിക്കഴിഞ്ഞു. (ഈ പേരുകൾ തോന്നിയതുപോലെ ഇടുന്നതല്ല. പേരിന്റെ തുടക്കത്തിലെ ഭാഗവും സുമാബ്, മുമാബ്, ഇമാബ് എന്നീ അവസാനഭാഗങ്ങളും ഇടുന്നതിനു വ്യക്തമായ കാരണങ്ങളുണ്ട്. ഈ ലേഖനത്തിന്റെ സ്കോപ്പിനു പുറത്തായതിനാൽ അതു വിശദീകരിക്കുന്നില്ല)
ഡോസ്ടാർലിമാബ് എന്ന മോണോക്ലോണൽ ആന്റിബോഡിയാണ് മലാശയ ക്യാൻസറിന്റെ ചികിത്സക്കായി ഉപയോഗിച്ചത്. ഒരോ മൂന്നാഴ്ച്ച കൂടുമ്പോഴും കുത്തിവയ്പ്പായി ഈ മരുന്ന് ആറുമാസത്തേയ്ക്ക് നൽകുകയായിരുന്നു. അതു കഴിഞ്ഞു നല്ല പ്രതികരണം കിട്ടിയില്ലെങ്കിൽ ശസ്ത്രക്രിയ പോലെയുള്ള മറ്റു ചികിത്സകളിലേക്കു കടക്കാം എന്നായിരുന്നു പഠനം ആസൂത്രണം ചെയ്ത ഡോക്ടർമാരുടെ കണക്കു കൂട്ടൽ. ഇങ്ങനെ 12 രോഗികൾക്ക് 6 മാസം ഇൻജക്ഷൻ നൽകി. തുടർന്ന് വീണ്ടുമൊരു ആറു മാസം ഇവരെ നിരീക്ഷണവിധേയരാക്കി. ഈ കാലത്തിനു ശേഷം ഈ 12 പേരെയും പെറ്റ് സ്കാൻ അടക്കമുള്ള പരിശോധനക്ക് വിധേയമാക്കിയപ്പോൾ അർബുദം അവശേഷിക്കുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടില്ല എന്നതാണ് അദ്ഭുതം. അവർക്കാർക്കും തന്നെ പിന്നീട് ശസ്ത്രക്രിയയോ റേഡിയേഷനോ വേണ്ടി വന്നതുമില്ല.
ക്യാൻസർ ചികിത്സയിൽ നമുക്ക് സുപരിചിതമായ കീമോതെറാപ്പി
യുടെ പൊതുതത്വം അർബുദകോശങ്ങൾ പോലെ ശരീരത്തിൽ അതിവേഗം വളരുന്ന കോശങ്ങളെ, നശിപ്പിക്കുക എന്നതാണ്. കാൻസർ കോശങ്ങളെ തിരിച്ചറിയുന്നതിനും അവയെ നേരിടുന്നതിനും ഉള്ള ജോലി മികച്ച രീതിയിൽ ചെയ്യാൻ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുക എന്നതാണ് ഇമ്മുണോതെറാപ്പി ലക്ഷ്യമിടുന്നത്. അതുവഴി അവയെ ആക്രമിക്കാനും നശിപ്പിക്കുവാനും കഴിയും. പ്രായോഗികമായി പറഞ്ഞാൽ ക്യാൻസറിനെ പ്രത്യേകമായി ലക്ഷ്യമിടുന്ന ഒരു കൂട്ടം ടി സെല്ലുകൾ സൃഷ്ടിക്കുക എന്നതാണ് ഇമ്മ്യൂണോതെറാപ്പിയുടെ ആത്യന്തിക ലക്ഷ്യം. (കാൻസർ ചികിത്സയിലെ മുന്നേറ്റങ്ങളെ കുറിച്ച് മുൻപ് വന്ന ലേഖനം കമ്മന്റിൽ ഉള്ളത് വായിക്കുക )
മെലനോമ, ലിംഫോമ, ശ്വാസകോശ അർബുദം എന്നിവയുൾപ്പെടെയുള്ള ചിലതരം അർബുദങ്ങളെ ചികിത്സിക്കാൻ ഇമ്മ്യൂണോതെറാപ്പി അംഗീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ ട്രയലുകളിൽ മറ്റ് പല തരത്തിലുമുള്ള ഇമ്മ്യൂൺ ചികിത്സകൾ പരീക്ഷിക്കപ്പെടുന്നുണ്ട്. (നമ്മുടെ നാട്ടിൽ മെലനോമ ചികിത്സയുടെ ഭാഗമായുള്ള ഇമ്മുണോതെറാപ്പിക്ക്‌ വേണ്ട വലിയ ചിലവിനുള്ള തുക കണ്ടെത്തുവാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ ഈയിടെ സജീവമായിരുന്നത് ചിലർ ഓർക്കുന്നുണ്ടാവും ).
അർബുദ ചികിത്സാ രംഗത്ത് വളരെ പ്രതീക്ഷ നൽകുന്ന ഒരു പരീക്ഷണമാണ് ഇതെന്നതിൽ സംശയമില്ല. എന്നാൽ എല്ലാ അർബുദങ്ങൾക്കും ഒരു ശാശ്വത പരിഹാരമായിക്കഴിഞ്ഞു എന്നുള്ള തരത്തിലുള്ള പ്രചരണവും ശരിയല്ല. ശരീരത്തിലെ ഒരു പ്രത്യേകഭാഗത്തുണ്ടാകുന്ന അർബുദത്തിൽ, അതിൽ തന്നെ പല പ്രത്യേകതകളും ഉള്ള ഒരു ഉപ വിഭാഗത്തിൽ നടത്തിയ പഠനമാണിത്. അതു തന്നെ വളരെ കുറച്ചു രോഗികളിൽ കുറച്ചു കാലയളവിൽ നിരീക്ഷണം നടത്തിയ ഒരു പഠനം. അർബുദ ചികിത്സാരംഗത്ത് ഇതൊരു ശുഭ പ്രതീക്ഷ തന്നെയാണ്. ഇനിയും ഇത്തരം പഠനങ്ങൾ നിരവധി നടക്കേണ്ടതുണ്ട്. ഇത്തരം മരുന്നുകൾ അർബുദ ചികിത്സയുടെ ഭാവി തന്നെ മാറ്റി മറിക്കാൻ സാധ്യത ഉള്ളവയുമാണ്. താങ്ങാനാവാത്ത ചെലവാണ് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ നിന്ന് നമ്മെപ്പോലെയുള്ള മൂന്നാംലോകരാജ്യങ്ങളെ പിന്തിരിപ്പിക്കുന്നതെങ്കിലും അധികം വൈകാതെ ഇവയുടെ പേറ്റന്റ് കാലാവധി അവസാനിക്കുകയും നമുക്ക് സ്വന്തം രാജ്യത്ത് ചുരുങ്ങിയ ചെലവിൽ ഇവ നിർമിച്ചു വിപണനം ചെയ്യാൻ സാധിക്കുകയും ചെയ്യും. ഓരോ തരത്തിൽപ്പെട്ട കാൻസറിനെയും നേരിടാൻ ഇത്തരത്തിലുള്ള മരുന്നുകൾ സജ്ജമാകുന്നതോടെ ക്യാൻസർ ശസ്ത്രക്രിയകളുടെ ആവശ്യം ചുരുങ്ങുകയോ പൂർണമായി ഇല്ലാതാകുകയോ ചെയ്തേക്കാം. പൂർണ്ണമായും മരുന്നുകൊണ്ടോ വാക്സിനേഷൻ കൊണ്ടോ തടയാനാകുന്ന ഒരു രോഗമായി കാൻസർ മാറുകയും ചെയ്തേക്കാം. പ്രായമേറുന്ന ജനതയുടെ രോഗമായ ക്യാൻസർ ഭാവിയിൽ ഉയർത്താൻ പോകുന്ന വലിയ വെല്ലുവിളിയ്ക്ക് ശാസ്ത്രം ഇത്തരത്തിൽ മറുപടി കണ്ടെത്തിയേക്കാം.
ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ