· 6 മിനിറ്റ് വായന

ഐസിയുവിലെ സിസിടിവി

Emergency Medicineകിംവദന്തികൾ

വാർത്ത: എല്ലാ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലും ഓപറേഷൻ തീയറ്ററിലും സിസിടിവി സ്ഥാപിക്കണം എന്ന് മനുഷ്യാവകാശ കമ്മീഷനിൽ നിവേദനം സമർപ്പിച്ചു. ഇത് നടപ്പില് വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്തു.

ഇത് കേട്ട് ‘അയ്യടാ, കൊള്ളാമല്ലോ പരിപാടി’ എന്ന് കരുതുന്ന രോഗികളും കൂട്ടിരിപ്പുകാരും നാട്ടുകാരും ഉണ്ടെന്നറിയാം. അതിനെ കുറിച്ച് കൂടുതൽ വിശദീകരിക്കും മുൻപ്, ഈ പറഞ്ഞയിടങ്ങളിൽ നടക്കുന്നതിനെ കുറിച്ച് വ്യക്തമാക്കേണ്ടിയിരിക്കുന്നു.

ICU അഥവാ Intensive Care Unit എന്ന തീവ്രപരിചരണ വിഭാഗം പ്രധാനമായും രണ്ടു വിഭാഗം രോഗികൾക്കുള്ളതാണ്.

  1. ഗുരുതരാവസ്ഥയിലുള്ള രോഗി
  2. ഗുരുതരാവസ്ഥ ആയേക്കാവുന്ന, തുടർച്ചയായ നിരീക്ഷണവും ശ്രദ്ധയും ആവശ്യപ്പെമായ രോഗി (ഇതിൽ രോഗികൾ മാത്രമല്ല, സർജറി കഴിഞ്ഞവർ, മയക്കി ചെയ്യുന്ന ചില ടെസ്റ്റുകൾ കഴിഞ്ഞവർ തുടങ്ങിയവരും ഉണ്ടാകും) ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം നിലനിർത്താൻ ബാഹ്യ സഹായമോ നിരന്തരമായ നിരീക്ഷണമോ ആവശ്യമായി വരുന്ന ഘട്ടത്തിലാണ് ഒരു രോഗിയെ ICU വിൽ പ്രവേശിപ്പിക്കുന്നത്.

ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ തിരക്കിലേക്ക് അല്ലെങ്കില് ഒരു തിരക്ക് പിടിച്ച ഓപിയിലേക്ക് എത്തിപ്പെടുന്ന രോഗി എമർജൻസി ഷിഫ്റ്റ് ആയി അത്യാഹിതവിഭാഗത്തിൽ എത്തിപ്പെടുന്ന വേഗത ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കപ്പോഴും ഐസിയുവിനകത്ത് ചെയ്യേണ്ട ഏതെങ്കിലും സുപ്രധാന പ്രക്രിയയക്ക് വേണ്ടിയാകും ആ അതിവേഗനടപടി.

ഐസിയുവിന്റെ അടഞ്ഞ വാതിലിനപ്പുറം എന്ത് മന്ത്രവിദ്യ കൊണ്ടാകും രോഗി രക്ഷപ്പെടുന്നത്? ആ പ്രക്രിയകൾ എന്തെന്നറിയണം, അല്ലേ? മിടിപ്പും ശ്വാസവും നോക്കിയാണല്ലോ സാധാരണ വ്യക്തികൾ ജീവനും മരണവും നിശ്ചയിക്കുന്നത്. ചില ഉദാഹരണങ്ങൾ മാത്രം; ഹൃദയമിടിപ്പ് നിലക്കുമ്പോൾ CPR (Cardio Pulmonary Resuscitation) ഡീഫിബ്രിലേഷൻ (ഹൃദയം പ്രവർത്തിപ്പിക്കാൻ വേണ്ടി ഷോക്ക് അടിപ്പിക്കുന്നത്) തുടങ്ങിയ നടപടികളിലൂടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ. നിമിഷാർധം പോലും പാഴാക്കാതെയുള്ള തീവ്രയത്നങ്ങൾ എന്ന് പറയാം .ഇത്തരം ഘട്ടങ്ങളിൽ സന്ദർശകരുടെയും ബന്ധുജനങ്ങളുടെയും സാന്നിധ്യം സംഗതി കൂടുതൽ ദുഷ്കരമാക്കാനാണ് സാധ്യത. അവർക്ക് ഇതിൽ പലതും ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരുകയും ഇല്ല. (ഭക്ഷണം കൊടുക്കുന്ന റയൽസ് ട്യൂബ് ഇടുന്നത് പോലും ‘കണ്ട് നിൽക്കാൻ കഷ്ടപ്പാടായത് കൊണ്ട് വേണ്ട’ എന്ന് പറയുന്ന കൂട്ടിരിപ്പുകാർ ഇന്നും അപൂർവ്വമല്ല)

ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്ന രോഗിയെ രക്ഷിക്കാൻ എന്ത് ചെയ്യും?

ഓക്സിജൻ കൊടുക്കും. ഓക്സിജൻ കൊടുത്തിട്ടും രക്ഷയില്ലെങ്കിൽ? തൊണ്ടക്കകത്ത് കൂടി പൈപ്പിട്ട് വെന്റിലേഷൻ.

ഏത്, തൊണ്ട വഴി പൈപ്പ് ഇറക്കി മുഖത്ത് ഒട്ടിച്ചു വെച്ചുറപ്പിക്കുന്നത്? അത് തന്നെ, എൻഡോട്രക്കിയൽ ട്യൂബ്, അത് വെന്റിലേറ്ററിലേക്ക് കണക്ട് ചെയ്യും.

വെന്റിലേറ്ററിൽ എത്ര നാള് വേണമെങ്കിലും ഇടാമെന്ന് പറഞ്ഞതിൽ വല്ല കാര്യവും? അയ്യോ, പറ്റില്ല. ദിവസങ്ങൾ കഴിഞ്ഞും വെന്റിലേറ്റർ മാറ്റിയില്ലെങ്കിൽ, മെഷീൻ തുടർച്ചയായി ഉപയോഗിച്ചാലുള്ള പ്രശ്നങ്ങളുണ്ടാകാം.

അപ്പോഴെന്ത് ചെയ്യാൻ പറ്റും?

വെന്റിലേറ്റർ മാറ്റിയ ശേഷം ശ്വസിക്കാൻ ശരീരം സ്വയം ശ്രമിക്കുന്നുണ്ടെങ്കിൽ അങ്ങനെ നോക്കാം. ചില അവസരങ്ങളിൽ കഴുത്ത് തുളച്ച് ശ്വാസനാളത്തിലേക്ക് നേരിട്ട് പൈപ്പിട്ട് ശ്വാസം കൊടുക്കേണ്ടിയും വരാം. (ആളെ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയുണ്ടെങ്കിൽ മാത്രം). അല്ലെങ്കിൽ മരണം സംഭവിക്കും.

രോഗിയുടെ സഹനം തന്നെ പ്രിയപ്പെട്ടവർക്ക് വേദനയുടെ പാരമ്യതയാണ്. അതിന്റെ കൂട്ടത്തിൽ വീണ്ടും കഷ്ടപ്പെടുത്തുകയാണെന്ന് തെറ്റിദ്ധരിക്കപ്പെടാവുന്ന പ്രക്രിയകൾ സാക്ഷ്യം വഹിക്കുക പ്രയാസമാവാൻ സാധ്യതയുണ്ട്. ഇത് ചെയ്തില്ലെങ്കിൽ രക്ഷപ്പെടാൻ സാധ്യതയുള്ള രോഗിയെപ്പോലും നഷ്ടപെടുന്ന അവസ്ഥയാകാം. അതീവഗുരുതരാവസ്ഥയിലുള്ള , പലപ്പോഴും ‘മരണാസന്നരായ’ രോഗികളെ പരിചരിക്കുമ്പോൾ രോഗിയുടെ താൽപര്യം മുൻനിർത്തി ചികിത്സകൻ എടുക്കുന്ന തീരുമാനങ്ങൾ സമയമെടുത്ത് പറഞ്ഞ് മനസ്സിലാക്കാൻ കഴിയുന്ന സ്ഥിതിയല്ല പലപ്പോഴും, എന്നതും ഇതിൽ പരമപ്രധാനമാണ്.

ചുരുക്കത്തിൽ മറ്റു വാർഡുകളിൽ നിന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഗുരുതരാവസ്ഥയിൽ ഉള്ള രോഗികൾക്ക് ബാഹ്യമായ സഹായത്തോടെ അവയവങ്ങളുടെ പ്രവർത്തനം നില നിർത്തി ജീവനുന് ആപത്തു വരാതിരിക്കാനുള്ള സജ്ജീകരണങ്ങൾ, നിരന്തരമായി അവയവങ്ങളുടെ പ്രവർത്തനവും സ്വാസ്ഥ്യവും നിരീക്ഷിക്കാനുള്ള മോണിറ്ററിങ് ഉപാധികൾ, ഇതിൽ വൈദഗ്ദ്യം നേടിയ ഡോക്റ്റർ, നഴ്സിങ് സ്റ്റാഫ് തുടങ്ങി ഡയറ്റീഷ്യൻ വരെ ഉൾപ്പെടെ ഉള്ളവരുടെ സംഘം, മറ്റു വാർഡുകളേക്കാൾ രോഗിക്ക് ശ്രദ്ധ ലഭിക്കുവാൻ മികച്ച നേഴ്സ് -രോഗി അനുപാതം എന്നിവയാണ്. ഇതിന്റെ പരിണിത ഫലം ചികിത്സാ ചിലവുകൾ ഉയരുന്നു എന്നതാണ്.

എന്ത് കൊണ്ടാണ് രോഗിയെയും കൂട്ടിരിപ്പുകാരെയും അകറ്റി നിർത്തുന്നത്?

പ്രധാനകാരണങ്ങൾ ഇവയാണ്- രോഗിയുടെ സ്വകാര്യത മാനിച്ച്, സന്ദർശകബാഹുല്യം നിയന്ത്രിക്കുന്നത് വഴി രോഗിയുടെ അണുബാധ സാധ്യത കുറക്കാൻ, അപ്രതീക്ഷിതമായ രോഗസങ്കീർണതകൾ കൂട്ടിരിപ്പുകാരെ ഭയപ്പെടുത്താതിരിക്കാൻ, നേരത്തെ എഴുതിയത് പോലുള്ള സങ്കീർണതകളെ അതിവേഗത്തിൽ തരണം ചെയ്യുന്നത് കാണേണ്ടി വരുന്ന ഗതികേട് ഒഴിവാക്കാൻ തുടങ്ങിയ പല കാരണങ്ങൾ അതിനുണ്ട്.

ICU ദുരൂഹതകളുടെ ഒരു ഗർത്തമായി അവതരിപ്പിച്ച് വെറുതെ അവിടെ രോഗികളെ പ്രവേശിപ്പിച്ച് പണം തട്ടുകയാണ് എന്ന രീതിയിലുള്ള ആരോപണങ്ങൾ പലപ്പോഴും ഉയർന്ന് കേൾക്കാറുണ്ട്. ഇതിൽ ചെറിയ ഒരു ശതമാനമൊഴിച്ച് ബാക്കി മിക്കവയും ശരിയായ രീതിയിലുള്ള ആശയവിനിമയത്തിന്റെ അഭാവം കൊണ്ടും സുതാര്യമല്ലാത്ത രീതികൾ കൊണ്ടും ഉടലെടുക്കുന്നതാണ്.

ഈ അവസ്ഥയിലാണ് ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ വെച്ച് ICU രോഗികളുടെ ചികിൽസയും പുരോഗതിയും വേണ്ടപ്പെട്ടവർക്ക് കാണുവാനുള്ള അവസരം ഉണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ സർക്കാരിന് നിർദ്ദേശം നൽകുന്നത്. ഉദ്ദേശ്യശുദ്ധി മാറ്റി നിർത്തിയാൽ എന്തു മാത്രം പ്രായോഗികതയും ഫലസിദ്ധിയും ഇതിലുണ്ടെന്ന് ആദ്യം പരിശോധിക്കാം.

ഐ ഡോണ്ട് സീ യൂ (I Dont see You)

തീവ്രപരിചരണ വിഭാഗത്തിന്റെ ഏറ്റവും പ്രധാന പ്രധാന വൈകാരിക പ്രശ്നമാണ് ഐ ഡോണ്ട് സീ യൂ എന്ന് തന്നെ പറയാം!

ഉദാഹരണത്തിന് പിതാവിനെ ICU വിൽ പ്രവേശിപ്പിക്കുന്നു. ഭാര്യയും മക്കളും വേറൊരു മുറിയിൽ; അവർക്കാശങ്കയൊടുങ്ങുന്നില്ല. അകത്തെന്ത് നടക്കുന്നുവെന്ന് അവർക്കറിയാൻ കഴിയുന്നുമില്ല. ഇടയ്ക്ക് കാണുമ്പോൾ പല തരം കുഴലുകൾ ഘടിപ്പിച്ച് ജീവൻ രക്ഷായന്ത്രങ്ങളുടെയും മോണിറ്ററുകളുടെയും ബീപ്പ് ശബ്ദങ്ങൾ. രക്ഷപ്പെടുമോ എന്നും ജീവിതത്തിലേക്ക് തിരിച്ചു കിട്ടുമോ എന്നും ഉറപ്പ് പോലുമില്ലാത്ത അവസ്ഥയിൽ അടുത്തിരിക്കാൻ പറ്റുന്നില്ല എന്ന വേദന. വൈകാരികമായി അതിദുഷ്കരമായ ഘട്ടം.

പിന്തുണ (support), ആശ്വാസം (comfort), വിവരം പകർന്ന് കൊടുക്കൽ (information,) സാമീപ്യം (proximity) ധൈര്യം പകരൽ (assurance) എന്നീ ഘടകങ്ങളാണ് കുടുംബാഗങ്ങളെ സംബന്ധിച്ച് ഈ അവസ്ഥയിൽ ഏറ്റവും പ്രധാനം.

ഇത് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ പ്രത്യേകിച്ച് രോഗിയുടെ താൽപര്യങ്ങൾക്കും കുടുംബാംഗങ്ങളുടെ താൽപര്യങ്ങൾക്കും പ്രാധാന്യം കൂടി വരുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ്. രോഗിക്ക് അണുബാധയുണ്ടാവാനുള്ള സാധ്യത കുറക്കുവാനുള്ള നിയന്ത്രണങ്ങളോടെ വളരെ നിയന്ത്രിച്ച് മാത്രം സമയപരിധി വെച്ച് വളരെ കുറച്ച് മാത്രം സന്ദർശകരെ കടത്തി വിടുക എന്ന രീതിയാണ് മിക്ക ആശുപത്രികളും അവലംബിക്കുന്നത്. വേണ്ടപ്പെട്ടവർക്ക് മേൽ സന്ദർശക നിയന്ത്രണമേർപ്പെടുത്തുക എന്ന രീതി ഇപ്പോൾ വ്യാപകമായി പുന:പരിശോധിക്കപ്പെടുന്നുണ്ട്. രോഗിക്ക് മാനസികമായി ആയാസമുണ്ടാക്കുകയല്ല വലിയ ആശ്വാസമാണ് വേണ്ടപ്പെട്ടവരുടെ സാമീപ്യം എന്നാണ് ഇപ്പോഴത്തെ കാഴ്ചപ്പാട്. ചികിൽസയിൽ സുതാര്യത ഉള്ളതായി അവർക്ക് തോന്നുകയും ചെയ്യും. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിലെ ആശുപത്രികളും ഇപ്പോൾ കൂടുതൽ ഉദാരമായ സമീപനമാണ് സന്ദർശകരുടെ കാര്യത്തിൽ സ്വീകരിക്കുന്നത്.

നമ്മുടെ നാട്ടിലെ സന്ദർശകർ ദൗർഭാഗ്യമെന്നു പറയട്ടെ ഡോക്ടറുടെ നിർദേശങ്ങൾ പലപ്പോഴും കൃത്യമായി പാലിക്കാറില്ല. സർജറി കഴിഞ്ഞ രോഗിയെ കടുത്ത അണുബാധയും തുമ്മലും ഉള്ളവർ പോയി കണ്ട് രോഗിക്ക് ന്യൂമോണിയ ബാധിച്ച് മരിച്ചതൊന്നും കഥയോ കാൽപനികതയോ അല്ല. അതീവശ്രദ്ധ വേണ്ട മുൻകരുതലുകളോട് പോലും ഒരു തരം നിസ്സംഗതയാണ് രോഗിയുടെ കൂട്ടിരിപ്പുകാരിൽ നിന്ന് കിട്ടാറുള്ളത്. രോഗിക്ക് ചുറ്റും മറ്റൊരു കട്ടിലിൽ ഇരുപതു പേരിരുന്നു പിസ്സ കഴിച്ചു പാർട്ടി നടത്തുന്ന കാഴ്ചയൊക്കെ വാർഡുകളിൽ പതിവാണ് !

ICU വിലെന്നല്ല ആശുപത്രിയിലെ ഏത് രോഗിക്കും സ്വകാര്യത എന്നൊന്നുണ്ട്. ആത്മാഭിമാനം എന്നൊന്നുണ്ട്. ക്യാമറ വെച്ച് ചികിത്സ ചിത്രീകരിക്കുമ്പോൾ ഇത് ഹനിക്കപ്പെടുക സ്വാഭാവികം. സ്വകാര്യ ഭാഗങ്ങളിൽ നടത്തുന്ന പ്രൊസീജറുകൾ ( ഉദാ- മൂത്രം സുഗമമായി ഒഴിവാക്കാൻ കതീറ്റർ ഇടുന്നത്, സ്ത്രീകളിൽ ഇസിജി എടുക്കുന്നത് ) അടക്കം ഇപ്രകാരം ചിത്രീകരിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്ന നിർദ്ദേശം മനുഷ്യാവകാശ കമ്മീഷൻ നടത്തുമെന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല.

പല സ്വകാര്യ ആശുപത്രികളിലും ക്യാമറയുടെ സഹായത്തോടെ നിശ്ചിത വേളകളിൽ കുറച്ച് നേരം വിവരസാങ്കേതിക വിദ്യയുപയോഗിച്ച് ലോകത്തിന്റെ ഏത് കോണിലുമിരുന്ന് അവരവരുടെ അധികാരപ്പെട്ട ബന്ധുക്കൾക്ക് മാത്രം കാണാൻ കഴിയുന്ന സജ്ജീകരണങ്ങൾ ഇന്ന് ചെയ്യുന്നുണ്ട്. അതിനുള്ള സാങ്കേതിക താൽപ്പര്യം ഇല്ലാത്തവർക്ക് വിർച്വൽ വിസിറ്റേഴ്സ് ലോബി ഉണ്ട്. [VIRTUAL പോകട്ടെ ,ശരിക്കുമുള്ള (റിയൽ ) സന്ദർശകർക്ക് ഇരിക്കാനുള്ള സ്ഥലം പോലും നമ്മുടെ നാട്ടിലെ മിക്ക ആശുപത്രികൾക്കുമില്ല എന്നത് മറക്കുന്നില്ല]. നേരിൽ കാണുന്നതിനും സ്പർശിക്കുന്നതിനൊന്നും പകരമാവില്ലെങ്കിലും ഇത് വലിയ ആശ്വാസമാണെന്ന് രോഗാതുരരയാവരുടെ പല ആത്മബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എന്നാൽ ഇത്തരം ക്യാമറകൾ ഈ വേളകളിലല്ലാത്തപ്പോൾ ഓഫാക്കി വെക്കുകയാണ് പതിവ്. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്നില്ല എന്ന് സാരം.

ഐസിയു കള്ളത്തരങ്ങൾ നടക്കുന്ന ഒരിടമാണ് എന്ന ആരോപണമാണല്ലോ ഈ വിഷയത്തിൽ പ്രധാനമായും ഉന്നയിക്കപ്പെടുന്നത്. അതിനുള്ള പരിഹാരമെന്നോണമാണ് ഈ സിസിടിവി പ്രദർശനം ഉദ്ദേശിക്കുന്നതും. ഒരു തെളിവ് എന്ന രീതിയിൽ ഐസിയുവിനകത്ത് സിസിടിവി റെക്കോർഡിങ്ങ് നടക്കുന്നത് പുറത്ത് പ്രദർശിപ്പിക്കാത്തിടത്തോളം, അഹിതകരമായ വല്ലതും അവിടെ നടക്കുന്നുണ്ടോ എന്നറിയാൻ മേലധികാരികൾക്ക്/മനുഷ്യാവകാശ കമ്മീഷന് ഈ റെക്കോർഡിംഗ് പരിശോധിക്കുക വഴി സാധിക്കും. ആശുപതിയെ അക്കൗണ്ടബിളാക്കാൻ സാധിക്കും ഇതിലൂടെ. ആരോപണങ്ങൾ വരുമ്പോൾ തെളിവായി ഇതുപയോഗിക്കാവുന്നതുമാണ്. എന്നാൽ അത് പുറത്ത് സ്ക്രീൻ വെച്ച് പ്രദർശിപ്പിക്കുന്നത് രോഗിയോടുള്ള ക്രൂരതയും സ്വകാര്യതയെ ഹനിക്കുന്നതുമാണ്. നൈതികതക്ക് വിരുദ്ധമായി വല്ലതും നടക്കുന്നുണ്ടോ എന്നറിയണമെങ്കിൽ, സിസിടിവി റെക്കോർഡിംഗ് സൂക്ഷിക്കാം. പക്ഷേ, അത് പ്രദർശിപ്പിക്കേണ്ട ഒന്നല്ല.

ബാക്കിയാവുന്ന ചോദ്യങ്ങൾ….

യഥാർത്ഥത്തിൽ, സുതാര്യതക്കുറവിനെക്കുറിച്ച് ഒരു ചർച്ച വരാനുള്ള കാരണം പോലും ആവശ്യത്തിനുള്ള ആശയവിനിമയം ഡോക്ടറും കൂട്ടിരിപ്പുകാരും തമ്മിൽ നടക്കാത്തത് കൊണ്ടാകാം. ഇത്തരത്തിൽ ഒരു തുറന്ന സംസാരത്തിനുള്ള സമയവും സാഹചര്യവും നമുക്ക് ലഭിക്കുന്നുണ്ടോ എന്നും അതിന് കാരണമാകുന്ന ഭൗതികഘടകങ്ങളും വിലയിരുത്തണം.

ചികിൽസാ സങ്കേതങ്ങൾ പലതും മാറിയിരിക്കുന്ന അവസ്ഥയിൽ കടുത്ത സന്ദർശക നിയന്ത്രണങ്ങൾക്ക് ഒരു സുസജ്ജമായ l C U വിൽ പഴയ പോലെ പ്രാധാന്യം ഇന്ന് കൽപ്പിക്കപ്പെടുന്നില്ല. തീവ്ര പരിചരണ മുറിയുടെ ഘടന പോലും രോഗിയുടെ താൽപര്യങ്ങൾക്ക് കേന്ദ്ര സ്ഥാനം നൽകി മാറുവാൻ തുടങ്ങി കഴിഞ്ഞു. ഉദാഹരണത്തിന് രാപ്പകലില്ലാതെ സ്വൈരനിദ്രയെ ഭംഗപെടുത്തുന്ന രീതിയിലുള്ള ശബ്ദ പശ്ചാത്തലമാണ് പലപ്പോഴും ICU വിലേത്. മെഷീനുകളുടെയും മോണിറ്ററുകളുടെയും ബീപ്പുകളും ജാഗ്രതാ അലാറങ്ങളും ഇൻറർ കോം സംസാരങ്ങളും. രോഗിയുടെ മാനസികാരോഗ്യത്തിനും മന:ശാന്തിക്കും അനുകൂലമല്ലാത്ത ശബ്ദ-വെളിച്ച ക്രമീകരണങ്ങൾക്കും പ്രവർത്തന രീതികൾക്കും പകരം കുറേക്കൂടെ സ്വാഭാവിക ജീവിതത്തോട് അടുത്ത് നിൽക്കുന്ന രോഗീ സൗഹൃദ സജ്ജീകരണങ്ങളിലേക്ക് നീങ്ങുകയാണ് തീവ്ര പരിചരണ മുറികളും.

നമ്മുടെ സാഹചര്യങ്ങൾ ഈ പറഞ്ഞ പല ആധുനികരീതികൾക്കും അനുസരിച് ഉയർന്നിട്ടില്ല. നമ്മുടെ ആശുപത്രികളും നമ്മുടെ ആശുപത്രി സംസ്കാരവും അതിനനുസരിച്ച് മാറും എന്ന് പ്രതീക്ഷിക്കാം. പരിമിതമായ സാഹചര്യങ്ങളിൽ പോലും ബന്ധുക്കൾക്ക് മേൽ പറഞ്ഞ അഞ്ചു ഘടകങ്ങൾ (പിന്തുണ, ആശ്വാസം, വിവരം പകർന്ന് കൊടുക്കൽ, സാമീപ്യം, ധൈര്യം പകരൽ) ഉറപ്പു വരുത്തുന്നത് അഭിലഷണീയമെന്നല്ല, അനുപേക്ഷണീയമാണ് എന്ന് തന്നെ പറയേണ്ടി വരും

സാധാരണക്കാർക്ക് ഇത്തരം ജീവരക്ഷാ ഉപാധികൾ തേടണമെങ്കിൽ താങ്ങാവുന്ന ചിലവിൽ സർക്കാർ മേഖലയിൽ ഇത്തരം സൗകര്യങ്ങൾ ഉറപ്പു വരുത്തണം. അതിനുള്ള നടപടികളിൽ വീഴ്ച ഉണ്ടാവാതിരിക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടയുള്ളവർ ജാഗരൂകത പാലിക്കും എന്ന് പ്രത്യാശിക്കാം.

ലേഖകർ
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
Dr.Shimna Azeez. General practitioner. Graduate in BA.Communicative English from CMS College, Kottayam. Completed MBBS from KMCT Medical College, Mukkom, Kozhikode. Currently works as Tutor in Community Medicine at Government Medical College, Manjeri. Her first book 'Pirannavarkum Parannavarkumidayil' was recently published by DC books.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ