· 5 മിനിറ്റ് വായന

സെറിബ്രൽ പാൾസിയും സമൂഹവും

Palliative MedicinePediatricsഅംഗപരിമിതർഅനുഭവങ്ങൾ

ഉള്‍നാട്ടിലെ ഒരു ചായക്കടയില്‍ നിന്നും കമ്മ്യൂണിറ്റി റീഹാബിലിറ്റേഷന്‍ ടീം അയാളെ കണ്ടെത്തിയത് ഉത്സാഹത്തിലായിരുന്നു. മുട്ടും തുടയും അല്‍പം മടങ്ങിയും മുട്ടുകള്‍ കൂട്ടിമുട്ടാതിരിക്കാന്‍ പ്രയാസപ്പെട്ടും നടക്കുന്ന ഒരു നാട്ടിന്‍പുറക്കാരന്‍. പേര് പീതാംബരന്‍. സെറിബ്രല്‍ പാള്‍സി ബാധിതന്‍ ആണെന്ന് വ്യക്തം. പരിചയപ്പെടുകയും കമ്പനി ആകുകയും പരിശോധിക്കുകയും ചെയ്ത് ടീം ലീഡറായ സീനിയര്‍ പിജി കാര്യം അവതരിപ്പിച്ചു. നമുക്ക് സര്‍ജറി ചെയ്താല്‍, കുറച്ചു ഫിസിയോതെറാപി കൂടി ചെയ്താല്‍ നടത്തം ഉഷാറാകും.

വളരെ സ്നേഹത്തോടെയുള്ള ഡോക്ടറുടെ വാക്കുകളെ അദ്ദേഹവും നന്നായി തന്നെയാണ് സ്വീകരിച്ചത്. ചെറുതായൊരു കട ഇട്ടത് വിപുലപ്പെടുത്താനുള്ള ഓട്ടത്തിൽ ചികിത്സ ഒന്നും നടക്കുന്നില്ല എന്നും അറിഞ്ഞു..

സന്തോഷം, അതിന് നമ്മളുണ്ടല്ലോ.

അദ്ദേഹം അഡ്മിറ്റായി കുറച്ചു ദിവസം തെറാപികളൊക്കെ ചെയ്തു.മയക്കുഡോക്ടറെ കാണിച്ചു വര്‍ക്കപ്പുകളും കഴിഞ്ഞു ഒറിജിനല്‍ തിയേറ്റര്‍ ലിസ്റ്റ് റെഡിയാക്കുംബോഴാണ് അറിഞ്ഞത്.. പീതാംബരന്‍റെ പേര് വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.. സര്‍ജറിപുലിയായ അഡീഷണല്‍ പ്രൊഫസറുടെ പണിയാണ്..

‘പക്ഷേ…എന്തിന്?’

******************

ബി സി അഞ്ചാം നൂറ്റാണ്ടിലെ ഹിപ്പോക്രേറ്റസിന്‍റെ ലിഖിതങ്ങളിലാണ് ആദ്യമായി ഈ ചലനശേഷീപ്രയാസത്തെ പരാമര്‍ശിക്കുന്നതായി കാണുന്നത്.1860 കളില്‍ സര്‍ജനായ വില്ല്യം ജോണ്‍ ലിറ്റിലിനാല്‍ ‘സെറിബ്രല്‍ പരാലിസിസ്’ എന്ന പേരില്‍ ഈ അസുഖം വിവരിക്കപ്പെടുകയും 1897ല്‍ സിഗ്മണ്ട് ഫ്രോയ്ഡ് ഗര്‍ഭസ്ഥശിശുക്കളിലെ വളര്‍ച്ചപ്രയാസമാണ് ഇതിന് പ്രധാന കാരണമെന്ന് കണ്ടെത്തുകയും ചെയ്തു.’സെറിബ്രല്‍ പാള്‍സി’ നാമധേയം വില്ല്യം ഓസ്ലറുടേതാണ്.

വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതങ്ങളോ പ്രയാസങ്ങളോ കാരണം ചലനം(Movement), നില്‍പ് (സ്ഥിതി അഥവാ Posture), സംതുലനം(Balance), ഏകോപിത പ്രവര്‍ത്തനങ്ങള്‍ (Coordinated Actuvities) റിഫ്ളക്സുകള്‍ എന്നിവയെ വിവിധ രൂപത്തില്‍ ബാധിക്കുന്ന പ്രയാസങ്ങളെയാണ് സെറിബ്രല്‍ പാള്‍സി എന്നു പറയുന്നത്. തീരെ ചെറിയ പ്രയാസമനുഭവിക്കുന്നവര്‍ തൊട്ട് മുഴുസമയം ശയ്യാവലംബികളാകേണ്ടി വന്നവര്‍ വരെയുള്ളവര്‍ ഇതിലുണ്ട്.പിറന്നുവീഴുന്ന ജീവനുള്ള കുഞ്ഞുങ്ങളില്‍ ഏതാണ്ട് നാനൂറില്‍ ഒരാള്‍ വീതം ഈ അസുഖത്തിന്‍റെ പിടിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ വെച്ചും എം ആര്‍ എെ തുടങ്ങിയ ഇമേജിങ് സംവിധാനങ്ങളുടെ സഹായത്തോടെയും നേരത്തേ തിരിച്ചറിയാനും ചികിത്സ നല്‍കാനും കഴിയുന്ന സ്ഥിതിയുണ്ട്.

ഗര്‍ഭാവസ്ഥയുടെ തുടക്കത്തിലെ അണുബാധ,തലച്ചോറിന്‍റെ വികാസപരിമിതികള്‍, പ്രയാസമുള്ളതോ മാസംതികയുന്നതിന് മുമ്പോ ഉള്ള ജനനം, അമ്മയുടെയും കുഞ്ഞിന്‍റെയും രക്തഗ്രൂപ്പ് ചേരായ്ക, ജനിതകകാരണം(2%), ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചാ പ്രയാസം, ഗര്‍ഭാശയത്തില്‍ ഒന്നിലേറെ ശിശുക്കളുള്ള അവസ്ഥ, മൂന്നു വയസ്സില്‍ താഴെയുള്ള (immature brain) കുഞ്ഞുങ്ങളുടെ തലച്ചോറിലെ അണുബാധ തുടങ്ങിയവ സെറിബ്രല്‍ പാള്‍സിയുടെ അറിയപ്പെടുന്ന കാരണങ്ങളാണ്.

പേശികളില്‍ അനിയന്ത്രിത മുറുക്കമോ ബലമോ ഉള്ള സ്പാസ്റ്റിക്(പക്ഷാഘാത) സെറിബ്രല്‍ പാള്‍സി, വളഞ്ഞുപുളഞ്ഞും മന്ദഗതിയിലും നടക്കുന്ന കൈകാലുകളും തലയും മനഃപൂര്‍വമല്ലാതെ ചലിക്കുന്ന എതറ്റോയ്ഡ് സെറിബ്രല്‍ പാള്‍സി, കൈകാലുകളുടെ ഏകോപിതമല്ലാത്തചലനങ്ങള്‍, കാലുകള്‍ ഉറപ്പില്ലാതെ കവച്ചു നടക്കുക എന്നീ ലക്ഷണങ്ങളുള്ള അറ്റാക്സിക് സെറിബ്രല്‍ പാള്‍സി എന്നിവയാണ് സെറിബ്രല്‍ പാള്‍സിയുടെ പ്രധാന ഉപവിഭാഗങ്ങള്‍. ഇവ മൂന്നിന്‍റെയും ലക്ഷണങ്ങള്‍ ഉള്‍ചേരുന്ന മിക്സ്ഡ് ടൈപ്പും ഉണ്ട്.

പക്ഷാഘാത സെറിബ്രല്‍ പാള്‍സിക്ക് ശരീരത്തെ ബാധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നാല് ഉപവിഭാഗങ്ങള്‍ ഉണ്ട്. ശരീരത്തിലെ ഏതെങ്കിലും ഒരു വശത്തെ കൈകാലുകളെ ബാധിക്കുന്ന ഹെമിപ്ലീജിയ(Hemiplegia), രണ്ടുകാലുകളെ ബാധിക്കുന്ന പാരാപ്ലീജിയ(Paraplegia), കൈകാലുകളെ ഒരുപോലെ ബാധിക്കുന്ന ടെട്രാപ്ലീജിയ(Tetraplegia),പാരാപ്ളീജിയക്കും ടെട്രാപ്ലീജിയക്കും ഇടക്കുള്ള ട്രൈപ്ളീജിയയും ഉണ്ട്.

സെറിബ്രല്‍ പാള്‍സി ബാധിച്ചവരില്‍ 40-50 ശതമാനം ആളുകള്‍ കാഴ്ചപ്രയാസങ്ങള്‍ നേരിടുന്നുണ്ട്. 25% മുതല്‍ 40% ആളുകള്‍ക്ക് കേള്‍വിപ്രയാസങ്ങള്‍ ഉണ്ട്. സംവേദനക്ഷമതയിലെ വിവിധ പ്രയാസങ്ങള്‍ പുറമേയും ഉണ്ട്. കൂടാതെ മൂന്നിലൊന്നു പേര്‍ക്ക് അപസ്മാരം 50 മുതല്‍ 70 ശതമാനം പേര്‍ക്ക്‌ ബുദ്ധിപരമായ ശേഷീപരിമിതി, പ്രത്യേക പഠനശേഷീ പരിമിതി(SLD-60%-70%), സംഭാഷണപരിമിതി (50%),പെരുമാറ്റപ്രയാസങ്ങള്‍, ഭക്ഷണം കഴിക്കുന്നതിനും ഉറക്കത്തിനുമുള്ള പ്രയാസങ്ങള്‍ എന്നിവയും സെറിബ്രല്‍ പാള്‍സി ബാധിതനായ വ്യക്തിയുടെ അനുബന്ധപരിമിതികളാണ്.

30% സെറിബ്രല്‍ പാള്‍സി ബാധിതര്‍ക്കും പോഷണക്കുറവും വളര്‍ച്ചാകുറവും ഉണ്ട്.അടിക്കടിയുള്ള അണുബാധയില്‍ നിന്നും രക്ഷനേടാന്‍ സാധാരണ വാക്സിനേഷനുപുറമേ ഇന്‍ഫ്ളുവന്‍സ വാക്സിനും ന്യൂമോകോക്കല്‍ വാക്സിനും സെറിബ്രല്‍ പാള്‍സി ബാധിതര്‍ക്ക് സഹായകമാണ്.

പീഡിയാട്രിഷ്യൻ, ഫിസിയാട്രിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഡെവലപ്മെന്റൽ തെറാപിസ്റ്റ്, ഓർത്തോപിഡിക് സർജൻ, ഫിസിയോതെറാപിസ്റ്റ്, ഒക്യുപേഷണൽ തെറാപിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തുടങ്ങിയ പ്രൊഫഷണലുകളുടെ സംഘങ്ങളാണ് സെറിബ്രൽ പാൾസിയുടെ ചികിത്സയിൽ ഭാഗഭാക്കാകുന്നത്.

മനുഷ്യര്‍ വസിക്കുന്ന ഇടങ്ങളിലെല്ലാം എഴുതപ്പെടാത്ത ചില സാമൂഹികമര്യാദകളുണ്ട് എന്നറിയാമല്ലോ. മിക്ക ആധുനികസമൂഹങ്ങളും അതില്‍ ഉള്‍ചേര്‍ത്ത ഒന്നാണ് ഭിന്നശേഷി ഉപചാരങ്ങള്‍ അഥവാ Disability Etiquette. അത് ഭിന്നശേഷിയുള്ള ഒരാളുടെ വ്യക്തിത്വത്തെ മാനിക്കുന്നതിനുള്ള ചില മാര്‍ഗരേഖകളാണ്. സെറിബ്രല്‍ പാള്‍സി ബാധിതരായ വ്യക്തികള്‍ക്കുവേണ്ടി 1970 കള്‍ മുതല്‍ സ്പാസ്റ്റിക് സൊസൈറ്റി ഓഫ് ഇന്ത്യപോലുള്ള വിവിധ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിലെ പലര്‍ക്കും ഭിന്നശേഷിയുള്ളവരുമായി ഇടപഴകുവാനും, സ്വീകരിക്കേണ്ട സമീപനങ്ങളെ കുറിച്ചും സന്ദേഹമുള്ളതായി അനുഭവങ്ങൾ സൂചിപ്പിക്കുന്നു.

ഭിന്നശേഷി ഉപചാരങ്ങള്‍ക്ക് ചില അടിസ്ഥാനങ്ങളുണ്ട്.

1) സഹായം ചെയ്യുന്നതിനു മുന്നേ ചോദിക്കുകഃ-

ഒരാള്‍ ഭിന്നശേഷിയുള്ള ആള്‍ ആണ് എന്നതു കൊണ്ടുമാത്രം അവര്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ് എന്നര്‍ത്ഥമില്ല. വിശിഷ്യാ മുതിര്‍ന്നവര്‍ സ്വതന്ത്രവ്യക്തികളായി നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ക്ക് സഹായം ആവശ്യം ഉള്ളതായി തോന്നിയാല്‍ നേരെ സഹായം ചെയ്യാതെ ചോദിച്ചിട്ടു മാത്രം ചെയ്യുക.

2) ശരീരത്തില്‍ തൊടുന്നതില്‍ ജാഗ്രത പുലര്‍ത്തുകഃ-

ബാലന്‍സിനു വേണ്ടി കൈകളെ ആശ്രയിക്കുന്ന ഭിന്നശേഷിയുള്ളവരുണ്ട്.

സഹായമനഃസ്ഥിതിയോടെയാണെങ്കിലും അവരുടെ കൈയില്‍ പിടിച്ചാല്‍ നിലതെറ്റി വീഴാന്‍ കാരണമാകാം. വാതിലിനടുത്ത് നില്‍ക്കമ്പോള്‍ അത് ശക്തിയില്‍ തുറക്കുമ്പോഴും കസേരയില്‍ ഇരുത്തുമ്പോഴും കസേരയില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴും ഒക്കെ ഇവര്‍ വീഴാന്‍ സാധ്യതയുണ്ട്. ചലനശേഷീ പ്രയാസമുള്ളവര്‍ക്ക് കൈയുള്ള കസേരയില്‍ ഇരിക്കുകയാണ് കൂടുതല്‍ ആശ്വാസദായകം. ചലനശേഷീപ്രയാസമുള്ളവര്‍ക്ക്‌ വേണ്ടി തറതുടച്ചശേഷവും മറ്റു വഴുക്കലുകള്‍ ഉള്ളപ്പോഴും മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കേണ്ടതുണ്ട്. തറ കഴുയന്നത്ര ഉണങ്ങിവെക്കുകയാണ്

വീഴ്ച തടയാനുള്ള മാര്‍ഗം.

3) വീല്‍ചെയറും വടികളും സ്കൂട്ടറും ഒക്കെ ഭിന്നശേഷിയുള്ളവരുടെ സ്വകാര്യതയുടെ (Personal Space) ഭാഗമാണ്. അനുമതി കൂടാതെ അവയില്‍ പിടിക്കരുത്.

4) ചിന്തിച്ചതിനുശേഷം സംസാരിക്കുക:-

പങ്കാളിയോടോ സൈന്‍ ലാങ്ഗ്വേജ് പരിഭാഷകനോടോ അല്ലാതെ ഭിന്നശേഷിയുള്ള വ്യക്തിയോട് നേരിട്ട് സംസാരിക്കുന്നതാണ് ശരിയായ രീതി. ഭിന്നശേഷിയുള്ളവരോട് ലഘുസംഭാഷണങ്ങള്‍ നടത്തണം.

സെറിബ്രല്‍ പാള്‍സി ബാധിതരിലെ സംഭാഷണപ്രയാസങ്ങള്‍ ഉള്ള വ്യക്തികളോട് സംസാരിക്കുമ്പോൾ അവർ പറയുന്നതിലേക്ക് കഴിയുന്നത്ര ശ്രദ്ധ നല്‍കണം.സംഭാഷണം പെട്ടെന്ന് ഇടമുറിക്കരുത്.അവർ പറഞ്ഞത് മനസ്സിലായില്ല എങ്കില്‍ വെറുതെ തലയാട്ടാതെ മാന്യമായി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ കേള്‍ക്കാനുള്ള മനസ്സിനെ അഭിനന്ദിക്കുകയേയുള്ളൂ. അതും മനസ്സിലാകുന്നില്ല എന്നിരിക്കട്ടെ എഴുതാനോ,ടൈപ്പു ചെയ്യാനോ മറ്റേതെങ്കിലും ആശയവിനിമയ ഉപാധികള്‍ ഉണ്ടെങ്കില്‍ അതുപയോഗിക്കാനോ ആവശ്യപ്പെടാം. ആശയവിനിമയം ജീവിതത്തിലെ വളരെ പ്രധാനഘടകമാണ്. അതിലെ പ്രയാസങ്ങളുടെ പേരില്‍ ആരും പരിഹസിക്കപ്പെട്ടുകൂടാ എന്നതും ഓർമയിൽ ഉണ്ടാകണം.

5) കൈകാലുകളുടെ അനിയന്ത്രിത ചലനവും സംഭാഷണത്തിലെ വിഷമതകളും കാരണം സെറിബ്രല്‍ പാള്‍സിയുള്ള വ്യക്തികളുടെ സംസാരത്തെ കുറച്ചുകാണരുത്. മറ്റേതൊരു വ്യക്തിയേയും ശ്രവിക്കുന്ന ശ്രദ്ധ ഇവര്‍ക്കും നല്‍കേണ്ടതുണ്ട്. സംഭാഷണം അല്‍പം ശാന്തമായ സ്ഥലത്താകുന്നത് വ്യക്തമായികേൾക്കുന്നതിന് സഹായിക്കും.

6) വീല്‍ചെയറിലുള്ള വ്യക്തിയോട് സംസാരിക്കുമ്പോള്‍ പറ്റിയാല്‍ കസേരയോ സ്റ്റൂളോ അടുത്തിട്ട് ഇരുന്ന് സംസാരിക്കുക. അതല്ലെങ്കില്‍ അവരുടെ കഴുത്തുപ്രയാസപ്പെടുത്താതെ നിങ്ങളുമായി ദൃഷ്ടിബന്ധം (eye contact) ലഭിക്കുന്ന അകലത്തില്‍ നിന്നു സംസാരിക്കുക. ചലനശേഷിപ്രയാസമുള്ളവരെ പരിഗണിച്ച് പബ്ളിക്ക് ബില്‍ഡിങ്ങുകളില്‍ ശരിയായ അളവിലുള്ള റാംപുകളും സൈന്‍ബോര്‍ഡുകളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും സ്ഥാപിക്കേണ്ടതും ആവശ്യമാണ്.

7) സംഭാഷണത്തില്‍ അവരുടെ സ്വകാര്യതയേയും ആത്മാഭിമാനത്തേയും മാനിക്കുക.അവരുടെ ഭിന്നശേഷിയെ കുറിച്ചുള്ള സംസാരം അവരെ നിങ്ങള്‍ വ്യക്തി എന്നതിനേക്കാള്‍ ‘പരിമിതര്‍’ ആയി കണക്കാക്കുന്നു എന്ന തോന്നലുണ്ടാക്കിയേക്കാം. എന്നാല്‍ കുഞ്ഞുങ്ങള്‍ പരിമിതികളെ കുറിച്ചു അദ്ഭുതത്തോടെ ചോദിച്ചറിയുന്നത് മിക്കവര്‍ക്കും വിഷയമല്ല.

8) ആവശ്യങ്ങളോട് അനുതാപപൂര്‍വ്വം പ്രതികരിക്കുകഃഅങ്ങനെ ചെയ്യുന്നത് നിങ്ങളും ഭിന്നശേഷിയുള്ളവരും തമ്മീലുള്ള ബന്ധം മെച്ചപ്പെടുത്താനുതകുന്ന മാര്‍ഗമാണ്.

9)ഊഹങ്ങളും മുന്‍ധാരണകളും വെടിയുകഃ-ഭിന്നശേഷിയുള്ളവര്‍ക്കാണ് തങ്ങളുടെ കഴിവും ന്യൂനതയും ശരിക്ക് അറിയുകയുള്ളൂ. അവരെ പങ്കാളിയാക്കാതെ അവര്‍ ചെയ്യാനുള്ള കാര്യങ്ങളില്‍ ഏതെങ്കിലും തീരുമാനം എടുക്കരുത്..

10) വികലാംഗന്‍, അംഗപരിമിതര്‍, ക്വാഡ്രിപ്ളീജിക്, ഇര തുടങ്ങിയ വാക്കുകള്‍ സംഭാഷണത്തിൽ ഒഴിവാക്കണം.സെറിബ്രല്‍ പാള്‍സിക്കാരന്‍ എന്നല്ല ‘സെറിബ്രല്‍ പാള്‍സി ബാധിതനായ വ്യക്തി’ എന്നുപയോഗിക്കണം, വീല്‍ചെയറിലായവള്‍ അല്ല വീല്‍ചെയര്‍ ഉപയോഗിക്കുന്നവള്‍ ആണ് അവള്‍.

ഭാഷാശൈലിയുടെ ഭാഗമായി ‘പിന്നെ കാണാം’ എന്നൊക്കെ കാഴ്ചാപരിമിതരായവരോട് ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ല.

സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളുടെ സംരക്ഷകരായ മാതാപിതാക്കളോടുമുള്ള സമീപനവും പ്രധാനമാണ്. അവരോട് ബഹുമാനത്തോടെയുള്ള സമീപനം സ്വീകരിക്കുക, കുഞ്ഞുമായി സൗഹൃദത്തിലാകുക, അവരെ ശ്രദ്ധയോടെ കേൾക്കാൻ തയ്യാറാകുകയും ആ സംഭാഷണത്തിൽ നിന്ന് പ്രശ്നങ്ങളെ മനസ്സിലാക്കുകയും ചെയ്യുക, ഉപദേശം ആവശ്യപ്പെട്ടാൽ മാത്രമേനൽകാവൂ. അവരോട് വാദിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. ഇതാണ് പ്രായോഗികമായ സമീപനം. Disability Etiquette ഇതിലവസാനിക്കുന്നില്ല എന്നു പറയേണ്ടതില്ലലോ.. മികച്ച ഭൗതികസംവിധാനത്തോടൊപ്പം ‘ഭിന്നശേഷി ഉപചാരങ്ങളേയും സ്വാംശീകരിച്ചാൽ മാത്രമേ സെറിബ്രൽപാൾസി അടക്കമുള്ള ശേഷീപരിമിതികൾ കൊണ്ട് പ്രയാസപ്പെടുന്ന വ്യക്തികൾക്ക് സാമൂഹികസുരക്ഷിതത്വത്തിന്റെ ഗുണഫലങ്ങൾ അനുഭവവേദ്യമാകുകയുള്ളൂ.

**********

പീതാംബരന്‍ ചേട്ടന്‍റെ പേര് വെട്ടിയ തീരുമാനം പലര്‍ക്കും ദഹിച്ചില്ല.പി.ജി പാസ്സായി പോണ്ടേ എന്ന ചിന്തയാല്‍ അവസാനവര്‍ഷക്കാര്‍വരെ മൗനികളായി.

‘പി എ സി ഫിറ്റാണ്…’

ലോഞ്ചിലെ ചായക്കിടെ തൊട്ടുസീനിയര്‍ പിറുപിറുത്തു.

‘ഡേ, ഫിറ്റൊക്കെയാണ്… പക്ഷേ, നിങ്ങള് അയാളെ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് അയാളോട് ആഗ്രഹം ചോദിച്ചിരുന്നോ..’

ദൈവമേ,സാര്‍.. (ഇങ്ങേരെപ്പോ ഇവിടെയെത്തി…)

‘എന്ത് ആഗ്രഹം, സര്‍ജറി താത്പര്യായിട്ടല്ലേ പുള്ളി ഇവിടെ വന്ന് അഡ്മിറ്റായത്, കണ്‍സന്‍റ് തന്നത്..’

എന്നു മനസ്സില്‍ പറഞ്ഞത് ഞാന്‍ മാത്രമായിരിക്കില്ല..

“‘അതല്ല പിള്ളാരെ, നാല്‍പതുവര്‍ഷമായിട്ട് പീതാംബരന്‍ പരിചയിച്ച നടത്തമാണത്..അയാള്‍ക്കതില്‍ വ്യക്തിപരമായി പ്രയാസമൊന്നും തോന്നുന്നുമില്ല..നിങ്ങളോടെന്നല്ല ആരോടും വേണ്ട എന്ന് പറയാനുള്ള ഒരു മടി അയാള്‍ക്കുണ്ട്.യഥാര്‍ത്ഥത്തില്‍ ഓപറേഷനും നടത്തത്തിന്‍റെ പുറംഭംഗിയും ഒന്നും അദ്ദേഹത്തിന്‍റെ ചിന്തയിലേ ഇല്ല.

കടയുടെ വിപുലീകരണവും ഇച്ചിരെ ഉള്ള കടങ്ങളുമാണ് മനസ്സ് നിറയെ..

ഒരാളുടെ ശരിക്കുമുള്ള പ്രയാസം നിങ്ങളു കാണുന്ന ബുദ്ധീമുട്ട് ആകണം എന്നില്ല..അത് കണക്കിലെടുക്കാത്ത ഏത് ചികിത്സയും അയാളോട് ചെയ്യുന്ന ശരികേടാണ്..ഈ പാഠം മറക്കാതിരിക്കാന്‍ മക്കളെല്ലാരും ചെറ്യേ തുക വെച്ച് പീതാംബരന് നല്‍കണം കേട്ടോ”

അന്നു പഠിച്ച അനുഭവപാഠമാണ്. രോഗത്തിന്‍റെ പുസ്തക വിവരണങ്ങള്‍ക്കുമപ്പുറം രോഗബാധിതനായ വ്യക്തിയുടെ ആഗ്രഹങ്ങളും പ്രയാസങ്ങളും അയാളിൽ നിന്നും മനസ്സിലാക്കുകയും പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക കൂടിയാണ് ചികിത്സ എന്ന പാഠം. അയാളില്‍ നിന്ന് മനസ്സിലാക്കുകയും പങ്കാളിത്തം ഉറപ്പുവരുത്തുകചെയ്യുക കൂടിയാണ് ചികിത്സ എന്ന നല്ലപാഠം.

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ