· 2 മിനിറ്റ് വായന
?ചിക്കനും കോവിഡ് വാക്‌സിനും?
ആരോഗ്യവകുപ്പ് സ്‌പെഷ്യല് ഡയറക്ടര് ഗംഗാദത്തന് എന്ന് പരിചയപ്പെടുത്തുന്ന ഒരു ശബ്ദ സന്ദേശം ഇതിനോടകം പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകണം.
കുറെയധികം പേര് ഷെയർ ചെയ്തു കണ്ടതിനാൽ ഈ കാര്യത്തിൽ ഒരു വ്യക്തത ആവശ്യമാണെന്ന് തോന്നുന്നു.
സത്യാവസ്ഥ ഇതാണ്.
ആരോഗ്യവകുപ്പില് ഇത്തരത്തില് ഒരു തസ്തികയോ ഉദ്യോഗസ്ഥനോ ഇല്ല.
ചിക്കൻ / കാറ്ററിംഗ് ഭക്ഷണം കഴിക്കുന്നതും കോവിഡ് വാക്‌സിനും തമ്മിൽ യാതൊരു ബന്ധവുമില്ല.
വാക്‌സിൻ എടുക്കുന്നതിനു ഒരാഴ്ച മുൻപും രണ്ടാഴ്ച പിൻപും ഇവ കഴിക്കരുത് എന്ന് പറയുന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല.
പ്രസ്തുത വ്യാജ വാര്ത്തയ്‌ക്കെതിരെ പകര്ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ആരോഗ്യവകുപ്പ് നിയമ നടപടി സ്വീകരിച്ചു വരികയാണ്. സൈബര് സെല്ലിനും പരാതി നല്കിയിട്ടുണ്ട്.
നിർദോഷം എന്നു കരുതി ഷെയർ ചെയ്യപ്പെടുമ്പോൾ, കുറച്ചു പേരെങ്കിലും ഇതു വിശ്വസിക്കുകയും, വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുകയും ചെയ്യുന്നു. ഇത്തരം കുപ്രചരണങ്ങള് ഇറച്ചിക്കോഴി വ്യവസായത്തെയും കാറ്ററിംഗ് സർവിസുകളെയും പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്..
ഒരു മഹാമാരിക്കെതിരെ ഏവരും ഒറ്റക്കെട്ടായി പൊരുതിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇത്തരം വ്യാജ വാർത്തകൾക്കു ചെവി കൊടുക്കാതിരിക്കുക.
ആധികാരിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം മുഖവിലയ്ക്ക് എടുക്കുക.
ആധികാരികമല്ലാത്ത വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക. ഇത്തരം വ്യാജവാർത്തകൾ പടച്ചു വിടുന്നതും ഷെയർ ചെയ്യുന്നതും പകര്ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരമാണെന്ന് മനസിലാക്കുക.
കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ വാക്‌സിൻ എടുത്തു സ്വയം സുരക്ഷിതരാകാൻ ശ്രമിക്കുക.
മാസ്കും സാനിറ്റൈസറും ശാരീരിക അകലവും മറക്കേണ്ട !