· 5 മിനിറ്റ് വായന

കണ്ണേ മടങ്ങുക!

Current AffairsParentingPediatricsശിശുപരിപാലനംസുരക്ഷ

തൊടുപുഴയിൽ ഒരു കുട്ടിക്ക് നേരെ നടന്ന അതിക്രമത്തിന്റെ വാർത്തകളും ചിത്രങ്ങളും കാണുമ്പോ ശരിക്കും പേടി തോന്നുന്നുണ്ടായിരിക്കും, അല്ലേ ? അതിദാരുണമായ ഈ സംഭവത്തിൽ വ്യസനം തോന്നാത്തവർ ഉണ്ടാവില്ല.

കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ അത്ര അസാധാരണമായ ഒരു സംഭവമല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏകദേശം 21 ശതമാനം കുട്ടികൾക്ക് കടുത്ത രീതിയിലുള്ള ശാരീരിക ശിക്ഷകളും, 75 ശതമാനം കുട്ടികൾക്ക് മറ്റ് സാധാരണ ശാരീരിക ശിക്ഷകളും ലഭിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയും വിവിധ രാജ്യങ്ങളും കുട്ടികളോടുള്ള അതിക്രമം തടയുന്നതിന് പലതരത്തിലുള്ള നിയമനിർമ്മാണങ്ങളും മറ്റു പ്രതിരോധമാർഗങ്ങളും സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും കുട്ടികളോടുള്ള അതിക്രമം ഇന്നും നിലനിൽക്കുന്നു എന്നതാണ് സത്യം.

എന്താണ് കുട്ടികളോടുള്ള അതിക്രമം അഥവാ ചൈൽഡ് അബ്യൂസ് ?

ഒരു കുട്ടിയെ പരിപാലിക്കേണ്ട ഉത്തരവാദിത്തം ഉള്ളവർ ആ കുട്ടിയെ ശാരീരികമോ മാനസികമോ ലൈംഗികമോ ആയി ദുരുപയോഗം ചെയ്യുക, ഉപദ്രവിക്കുക, ഒരു കുട്ടിക്ക് ആ പ്രായത്തിൽ ആവശ്യമായ ശാരീരികവും മാനസികവുമായ പിന്തുണ നൽകാതിരിക്കുക, അപ്രകാരം കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഭീഷണി ഉണ്ടാകുന്ന അവസ്ഥയാണ് ചൈൽഡ് അബ്യൂസ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയെ തടയുകയോ മോശമാക്കുകയോ ചെയ്യുന്ന ഏതൊരു പ്രവർത്തിയും ചൈൽഡ് അബ്യൂസ് എന്ന് പറയാം.

കുട്ടികളോടുള്ള അതിക്രമം പലതരത്തിലുണ്ട്

1. ശാരീരിക അതിക്രമം-

ശാരീരികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശത്തിൽ മനപ്പൂർവ്വം മനപ്പൂർവം കുട്ടിയെ ഉപദ്രവിച്ച് ശാരീരികമായ പരിക്കുകൾ ഏൽപ്പിക്കുന്നു. അടിക്കുക, ശരീരത്തിലെ മുറിവുകൾ ഉണ്ടാക്കുക, പൊള്ളിക്കുക, ശ്വാസം മുട്ടിക്കുക, കടിക്കുക, വെള്ളത്തിൽ മുക്കുക, കുട്ടികളെ അതിശക്തമായി കുലുക്കുക ഇവയൊക്കെ പലതരത്തിലുള്ള ശാരീരിക അതിക്രമങ്ങളാണ്. പണ്ട് ഇത്തരത്തിലുള്ള ശാരീരിക അതിക്രമങ്ങളെ വിളിച്ചിരുന്ന പേരാണ് Battered baby syndrome. Child abuse syndrome, Caffey’s syndrome, Maltreatment syndrome എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

ഫ്രഞ്ച് ഡോക്ടർ അംബ്രോസ് അഗസ്റ്റ് താർദ്യൂ ആണ് ആദ്യമായി ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്,1860 കളിൽ. അപകടങ്ങളൊന്നും പറ്റാത്ത ഒരു കുട്ടിയുടെ ശരീരത്തിൽ കൈകാലുകളിലെ എല്ലുകൾക്ക് പല ഒടിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കയിലെ കുട്ടികളുടെ സ്പെഷലിസ്റ്റ് ആയിരുന്ന ജോൺ കാഫേ 1946 ൽ ബാറ്റേഡ് ബേബി സിൻഡ്രോം ഡയഗ്നോസ് ചെയ്തു. കുട്ടികളുടെ ശരീരത്തിൽ പല സമയത്തുണ്ടായ പരിക്കുകൾ ഉണ്ടാവുക എന്നതാണ് പൊതുവായ ലക്ഷണം. പലപ്പോഴും എല്ലുകൾക്ക് ഒടിവുകളും ഉണ്ടാവാം.

2. മാനസികമായ അതിക്രമങ്ങൾ –

കുട്ടികളുടെ പൂർണമായ വളർച്ചയ്ക്ക് മാതാപിതാക്കളുടെ സ്നേഹവും കരുതലും ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിൽ ആവശ്യമായ കരുതലോ പിന്തുണയോ നൽകാതിരിക്കുകയും കൂടെ കൂടെ കുട്ടിയെ കുറ്റപ്പെടുത്തുക, കളിയാക്കുക, വേർതിരിച്ചു കാണുക, ചെറുതാക്കി കാണിക്കുക തുടങ്ങിയ ചെയ്തികളിലേർപ്പെടുകയും ചെയ്യുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്. ഇത് കുട്ടിയുടെ മാനസികമായ വളർച്ചയെ തകരാറിൽ ആക്കും.

3. ലൈംഗിക അതിക്രമങ്ങൾ –

തൻറെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി മാതാപിതാക്കളോ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്നവരോ ചെയ്യുന്ന അതിക്രമങ്ങൾ ആണ് ഇവ. കുട്ടികളുടെ സ്വകാര്യഭാഗത്ത്‌ സ്പർശിക്കുക, അനുവാദമില്ലാതെ കുട്ടികളെ തൊടുക, ലൈംഗികമായ ചേഷ്ടകൾ കാണിക്കുക, നീല ചിത്രങ്ങളും മറ്റും നിർബന്ധിച്ച് കാണിക്കുക, ലൈംഗികമായി ദുരുപയോഗം ചെയ്യുക, ഇവയൊക്കെ ലൈംഗിക അതിക്രമങ്ങൾ ആണ്.

4. ആവശ്യമായ കരുതൽ നൽകാതിരിക്കുക (Neglect)

ശാരീരികമോ മാനസികമോ ആയ ആക്രമിക്കുന്നത് മാത്രമല്ല കുട്ടിക്ക് ആവശ്യമായ കരുതൽ നൽകാതിരിക്കുന്നതും കുട്ടികളോടുള്ള അതിക്രമം ആണ്. കുട്ടിക്ക് ആവശ്യമായ ഭക്ഷണം, ആവശ്യമായ വസ്ത്രം ആവശ്യമായ ആരോഗ്യപരിരക്ഷ ഇവയൊക്കെ നൽകാതിരിക്കുന്നതും, സുരക്ഷിതമായി താമസിക്കുന്നതിനും നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനും ഉള്ള അവസരങ്ങൾ നിഷേധിക്കുന്നതും കുട്ടികളോടുള്ള അതിക്രമം ആണ്.

എന്താണ് കുട്ടികളോടുള്ള അതിക്രമത്തിന് കാരണം?

കാരണങ്ങളെ പൊതുവേ മൂന്നായി തിരിക്കാം

1. സാമൂഹികമായ കാരണങ്ങൾ
2. മാതാപിതാക്കളുമായി ബന്ധപ്പെട്ട കാരണങ്ങൾ
3. കുട്ടിയുമായി ബന്ധപ്പെട്ട കാരണങ്ങൾ

1. സാമൂഹികമായ കാരണങ്ങൾ

ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമൂഹിക പരിരക്ഷയുടെ കുറവ്, നിയമ സംവിധാനങ്ങളുടെ പോരായ്മ, കുറ്റകൃത്യങ്ങൾ കൂടുന്നത് ഇവയൊക്കെ കുട്ടികളോടുള്ള അതിക്രമം കൂടുന്നതിന് കാരണമാകാം.

2. മാതാപിതാക്കളുമായി ബന്ധപ്പെട്ട കാരണങ്ങൾ

a. ശാരീരിക അതിക്രമം ഏൽക്കേണ്ടിവരുന്ന മാതാപിതാക്കൾ.

b. ഒറ്റയ്ക്ക് കുട്ടിയുടെ കാര്യം നോക്കേണ്ടി വരുന്ന രക്ഷകർത്താക്കൾ.

c. തൊഴിലില്ലായ്മ, സാമ്പത്തികമായ പിന്നോക്കാവസ്ഥ.

d. വ്യക്തിത്വ വൈകല്യങ്ങൾ, മദ്യം-മയക്കുമരുന്ന് ഇവയുടെ ഉപയോഗം.

e. വൈകാരികമായ വളർച്ച കുറവ്.

f. ചെറിയ പ്രായത്തിൽ തന്നെ രക്ഷകർത്താക്കൾ ആവുന്നവർ.

g. കുട്ടികളെ വളർത്താനുള്ള അറിവുകൾ ഇല്ലാത്തത്.

h. പ്ലാൻ ചെയ്യാതെ ഉണ്ടാവുന്ന കുട്ടികൾ.

i. അടുത്തടുത്തായി കുട്ടികൾ ഉണ്ടാവുന്നത്.

j. കുടുംബത്തിലെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ, അടിപിടികൾ.

k. സാമൂഹികമായ പിന്തുണ ഇല്ലാത്ത മാതാപിതാക്കൾ.

l. മാനസികമായ പ്രശ്നങ്ങൾ നേരിടുന്ന മാതാപിതാക്കൾ.

m. വിവാഹ ബന്ധം പിരിയുമ്പോൾ താൽപര്യമില്ലാതെ കുട്ടികളെ വളർത്തേണ്ട വരുന്ന അവസ്ഥ.

n. ആൻറി സോഷ്യൽ പേഴ്സണാലിറ്റി ഉള്ള മാതാപിതാക്കൾ.

3. കുട്ടിയുമായി ബന്ധപ്പെട്ട കാരണങ്ങൾ

a. മാസം തികയാതെ ഉണ്ടാകുന്ന കുട്ടികൾ.

b. കൂടെക്കൂടെ അസുഖങ്ങളുണ്ടാകുന്ന കുട്ടികൾ.

c. ഭിന്നശേഷിക്കാരായ കുട്ടികൾ.

കുട്ടികളോടുള്ള അതിക്രമങ്ങളുടെ പരിണതഫലങ്ങൾ എന്തൊക്കെയാണ്?

ശാരീരികമായ പരിണിതഫലങ്ങൾ:

ശരീരത്തിലെ പരിക്കുകൾക്ക് ഒക്കെ പല സമയത്തായുണ്ടത് ആയിരിക്കും എന്നുള്ളതാണ് പ്രധാനം.

അടിക്കുന്നത് കൊണ്ടോ ചവിട്ടുന്നത് കൊണ്ടോ കുട്ടിയെ എടുത്തു എറിയുന്നത് കൊണ്ടോ ശരീരത്തിൽ പരിക്കുകൾ ഉണ്ടാവാം. വടി കൊണ്ടോ ബെൽറ്റ് കൊണ്ടോ ഒക്കെ അടിക്കാൻ സാധ്യതയുണ്ട്. ചിത്രശലഭങ്ങളുടെ ആകൃതിയിലുള്ള ചെറിയ ചതവുകൾ ഉണ്ടെങ്കിൽ നഖംകൊണ്ട് നുള്ളിയതാവാൻ സാധ്യതയുണ്ട്. പലപ്പോഴും അബ്യൂസിന് ഇരയാകുന്ന കുട്ടികളുടെ വായ്ക്കുള്ളിൽ ചതവുകളും പരിക്കുകളും കാണാൻ സാധിക്കും. അമിതമായി കരയുമ്പോൾ വാപൊത്തി പിടിക്കുന്നത് കൊണ്ടും മുഖത്ത് മർദ്ദിക്കുന്നതുകൊണ്ടും പരിക്കുകൾ ഉണ്ടാവാം. മുടി വലിച്ചു പറിക്കുന്നതും അസാധാരണമല്ല.

മുഖത്ത് മർദിക്കുന്നത് കൊണ്ട് കണ്ണിൽ ഹെമറേജ് ഉണ്ടാവാൻ സാധ്യതയുണ്ട്. കണ്ണുകൾ കറുത്ത് ഇരുണ്ട് കാണപ്പെടാം. റെറ്റിന, ലെൻസ് തുടങ്ങിയ അവയവങ്ങൾക്കുണ്ടാകുന്ന പരിക്കുകൾ മൂലം കാഴ്ച ശക്തി നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ആന്തരാവയവങ്ങളിലും പരിക്കുകൾ ഉണ്ടാവാം. ശക്തമായി ശരീരം കുലുക്കിയാൽ മസ്തിഷ്കത്തിൽ Subdural hematoma ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ Infantile whiplash syndrome അഥവാ Shaken baby syndrome എന്നു പറയുന്നു.

വയറിനും നെഞ്ചിനും ഒക്കെ പരിക്കുകൾ പറ്റാൻ സാധ്യതയുണ്ട്. പൊള്ളലും ചതവുകളും ഉണ്ടാവുക, ശാരീരിക വൈകല്യങ്ങൾ ഉണ്ടാവുക, ഒടിവുകൾ ഉണ്ടാവുക തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. എല്ലാ രീതിയിലുള്ള പരിക്കുകളും ഒരു കുട്ടിയിൽ തന്നെ കാണണം എന്നില്ല. എങ്കിലും പലപ്രായത്തിലുള്ള പലതരം പരിക്കുകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. യഥാസമയം ചികിത്സ നൽകാൻ രക്ഷിതാക്കൾ തയ്യാറായിട്ടില്ല എങ്കിലും ശ്രദ്ധിക്കണം. എങ്ങനെ പരിക്കുപറ്റി എന്ന് അന്വേഷിക്കുമ്പോൾ നൽകുന്ന മറുപടിയിൽ നിന്നും ഒരു ഡോക്ടർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. പരിക്കുപറ്റിയ രീതിയെക്കുറിച്ച് പീഡിപ്പിച്ചവർ പറയുന്നത് പരിക്കുകളുമായി യോജിക്കാതെ വരും. ഇത് മനസ്സിലാക്കാൻ ഒരു ഡോക്ടർക്കോ പൊലീസ് ഉദ്യോഗസ്ഥനോ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.

ലൈംഗികവും പ്രത്യുൽപാദനപരവുമായ പരിണതഫലങ്ങൾ:

ലൈംഗിക അവയവങ്ങൾക്ക് ഉണ്ടാകുന്ന പരിക്ക്, ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക, ലൈംഗികബന്ധം വഴി പകരുന്ന അണുബാധകൾ ഉണ്ടാവുക (HIV, Hepatitis), ലൈംഗിക അതിക്രമത്തിന്റെ ഫലമായി ഗർഭിണിയാവുക തുടങ്ങിയ ദുഷ്കരമായ പ്രശ്നങ്ങൾ കുട്ടിക്ക് ഉണ്ടാകാം

മാനസികമായ പരിണതഫലങ്ങൾ:

ആത്മവിശ്വാസം കുറയുക, സ്വയം നിന്ദ തോന്നുക
സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകുക. വിഷാദം, ഉത്കണ്ഠ, PTSD തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകുക. മാനസികവും, ബൗദ്ധികവുമായ വളർച്ച പിന്നോട്ട് ആവുക, ആത്മഹത്യാപ്രവണത കൂടുക.
സ്കൂളിൽ പോകാൻ മടി കാണിക്കുക, സ്കൂളിലെ പ്രകടനം മോശമാവുക.

മുകളിൽ വിവരിച്ച രീതിയിലുള്ള ലക്ഷണങ്ങൾ നിങ്ങൾക്ക് അറിയാവുന്ന കുട്ടികളിൽ കാണപ്പെട്ടാൽ നിയമപരമായ സഹായവും വൈദ്യസഹായവും തേടുക. സ്കൂളുകളിൽ അധ്യാപകർക്ക് ഇക്കാര്യത്തിൽ കുട്ടികളെ വളരെയധികം സഹായിക്കാൻ സാധിക്കും. അതുപോലെതന്നെ കൂട്ടുകാർ വഴി അറിയുകയാണെങ്കിൽ വൈദ്യ സഹായം തേടാനും നിയമപരമായ സഹായം തേടാനും കുട്ടികളെ സഹായിക്കേണ്ടത് ഏതൊരു പൗരന്റെയും കടമയായി തന്നെ കാണണം.

കുട്ടികൾക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ചൈൽഡ് ലൈൻ പ്രവർത്തകരെ ഏതുസമയത്തും ബന്ധപ്പെടാവുന്നതാണ്. വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെൻറ് ഡിപ്പാർട്ട്മെൻറിന് കീഴിലാണ് ചൈൽഡ് ലൈൻ പ്രവർത്തിക്കുന്നത്. 1098 എന്ന ടോൾ ഫ്രീ നമ്പരിൽ ആണ് വിളിക്കേണ്ടത്. ചൈൽഡ് ലൈൻ പ്രവർത്തകർ വരികയും വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ വൈദ്യസഹായവും നിയമസഹായവും ലഭ്യമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യും.

കുട്ടി സുരക്ഷിതനായിരിക്കുക, വിവേചനത്തിനടിപ്പെടാതിരിക്കുക, കുട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ബാലാവകാശങ്ങളുടെ ചുരുക്കം. Protection, Provision, Participation എന്നീ മൂന്ന് P-കൾ ഉറപ്പ് വരുത്തന്നതിലൂടെയേ ഇത് സാധ്യമാവൂ. എല്ലാ വിധ ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും അവഗണനയിൽ നിന്നുമുളള സംരക്ഷണമാണ് Protection കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യരക്ഷ, പോഷകാഹാരം, കുടുംബത്തിന്റെയും വീടിന്റെയും തണൽ ഒക്കെ ഉറപ്പാക്കലാണ് Provision. അവരെ ബാധിക്കുന്ന കാര്യങ്ങളിൽ ഉൾപ്പെടാനും അഭിപ്രായങ്ങൾ പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് Participation. ഈ അവകാശങ്ങൾ നിഷേധിക്കുവാനുള്ള അവകാശം ഒട്ടു മിക്ക പരിഷ്കൃത സമൂഹങ്ങളും മാതാപിതാക്കൾക്ക് നൽകുന്നില്ല.

കുട്ടികളോടുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷയാണ് ബഹുഭൂരിപക്ഷം രാജ്യങ്ങളിലും നൽകുന്നത്. കുട്ടികളുടെ രക്ഷകർതൃത്വം ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസികൾ ഏറ്റെടുക്കും. അതോടൊപ്പം കുട്ടികളോട് അതിക്രമം കാണിക്കുന്ന മാതാപിതാക്കൾക്ക് ജയിൽ ശിക്ഷയും ലഭിക്കും. പിന്നീട് കുട്ടികളെ കാണാനുള്ള അനുവാദം ലഭിക്കാൻ തന്നെ പ്രയാസപ്പെടും. കുട്ടികളെ ശരിയായ രീതിയിൽ വളർത്തേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തമായാണ് പരിഷ്കൃത സമൂഹം വിവക്ഷിക്കുന്നത്. കുട്ടികളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കുട്ടികളുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്നത് നിയമപരമായി ശിക്ഷ അർഹിക്കുന്ന കുറ്റമാണ്.

കുഞ്ഞുങ്ങൾ രാജ്യത്തിന്റെ സമ്പത്താണ്.

ആ കുരുന്നിന്റെ ദുരനുഭവത്തിൽ വ്യസനം തോന്നിയവർ ഇനി ഇതുപോലൊരു സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗരൂകരായിരിക്കണം. അത് നമ്മുടെ കടമയാണ്.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Medical doctor,psychiatry resident interested in public health. Areas of interest are public health, neuropsychiatry, addiction medicine and human evolution gender psychiatry and LGBTQ issues
Dr. Anjit.U. MBBS from Academy of Medical Sciences 2000, MD Pathology from Government Medical College, Thiruvananthapuram in 2007. Worked in various private Medical colleges before joining Govt.Medical College Manjeri in 2014 under Medical education Department . Specially interested in public health, propelling scientific culture. Member of editorial board of Kerala wing of Indian Medical Association health magazine 'Nammude Arogyam'.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ