കോവിഡിന് ചൈനീസ് മരുന്ന് ?
കോവിഡ് രോഗത്തിന് ചൈനീസ് പാരമ്പര്യവൈദ്യം മരുന്ന് കണ്ടുപിടിച്ചു എന്ന വാദത്തിൽ സത്യമുണ്ടോ ?
കോവിഡ് രോഗത്തെ നേരിടാൻ ആർസനിക്കം ആൽബം പോലെയുള്ള മരുന്നുകൾ ഉപയോഗിക്കാമെന്ന് ഇന്ത്യൻ ആയുഷ് മിനിസ്ട്രി നിർദേശിക്കുകയും അതു വിവാദമാകുകയും ചെയ്തിട്ട് അധികം കാലമായില്ല. സമാനമായ ഒരു നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ. ചൈനയിലെ ആരോഗ്യപരമായ കാര്യങ്ങളിൽ നിർദ്ദേശം നൽകുന്ന സർക്കാർ കമ്മീഷനാണ് ഇത്. ചൈനീസ് പാരമ്പര്യവൈദ്യത്തിൽ ഉപയോഗിക്കുന്ന, കരടിയുടെ പിത്തത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന Tan Re Qing എന്ന മരുന്ന് കോവിഡ് രോഗത്തിന് ഫലപ്രദമായി ഉപയോഗിക്കാം എന്നാണ് നാഷണൽ ഹെൽത് കമ്മീഷൻ നിർദ്ദേശിക്കുന്നത്.
മാർച്ച് നാലിന് പുറത്തിറങ്ങിയ നിർദ്ദേശമാണ് ഇതെങ്കിലും ഇപ്പോഴാണ് ഈ നിർദ്ദേശം ലോകശ്രദ്ധയിൽ വരുന്നത്. ആർട്ടിമിസിനിൻ എന്ന മലേറിയയ്ക്കെതിരായ മരുന്ന് വേർതിരിച്ചെടുത്തത് ചൈനീസ് പാരമ്പര്യ മരുന്നുകളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് എന്നത് കേരളത്തിലടക്കം ചൈനീസ് പാരമ്പര്യചികിൽസയെ പ്രോത്സാഹിപ്പിക്കുന്ന ആവേശകുമാരന്മാർക്ക് ജന്മം നൽകിയിട്ടുണ്ട്. സർപ്പഗന്ധിയിൽ നിന്ന് വേർതിരിച്ചെടുത്ത റിസർപ്പിൻ, ആയുർവേദത്തെയൊട്ടാകെ പ്രോത്സാഹിപ്പിക്കാനുള്ള പോസ്റ്റർ ചൈൽഡായി പണ്ടു മാറിയതുപോലെ ആർട്ടിമിസിനിനിന്റെ മറവിൽ മുഴുവൻ പാരമ്പര്യചികിത്സകളെയും വെള്ളപൂശാനും മഹത്വവൽക്കരിക്കാനുമുള്ള ശ്രമങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ പുതിയ ചൈനീസ് അവകാശവാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നു പരിശോധിച്ചുനോക്കേണ്ടതുണ്ട്.
ഏഷ്യാറ്റിക് കരിങ്കരടികളും തവിട്ടുനിറത്തിലുള്ള കരടികളും ഉൾപ്പെടെ വിവിധതരം കരടികളിൽ നിന്നു ശേഖരിക്കുന്ന പിത്തരസം പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ഉപയോഗിച്ചുവരുന്നുണ്ട്. കരളിൾ നിന്ന് ഉല്പാദിപ്പിക്കപ്പെടുകയും പിത്തസഞ്ചിയിൽ സൂക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു ദഹനരസമാണ് പിത്തരസം. എണ്ണകളും കൊഴുപ്പുകളും ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനു സഹായിക്കുകയെന്ന ധർമ്മമാണ് പിത്തരസത്തിനുള്ളത്. എന്നാൽ ഭാരതീയ-ഗ്രീക്ക്-ചൈനീസ് തുടങ്ങി എല്ലാ പാരമ്പര്യ ചികിത്സകളിലും പിത്തരസത്തിന് ഒരു പ്രകൃത്യാതീതമായ സ്ഥാനം നൽകിവരുന്നുണ്ട്. രോഗത്തെയും ആരോഗ്യത്തെയും ബാധിക്കുന്ന ബാലൻസ് നിലനിർത്തുന്നതിൽ ഇതിനു വലിയ പങ്കുണ്ട് എന്നാണ് വിശ്വാസം. എന്നാൽ ഈ വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.
പരമ്പരാഗത ചൈനീസ് വൈദ്യന്മാർ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ചികിത്സിക്കാൻ ടാൻ റീ ക്വിംഗ് കാലങ്ങളായി ഉപയോഗിച്ചുവരുന്നു. പിത്ത രസത്തിൽ അടങ്ങിയിരിക്കുന്ന ursodeoxycholic acid ആണ് അതിൻറെ ഗുണ ഫലങ്ങൾക്ക് കാരണമെന്ന അവകാശവാദവും ഇത്തരത്തിലുള്ള ചില വൈദ്യന്മാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ അർസോഡിയോക്സി കോളിക് ആസിഡ് കാലാകാലങ്ങളായി പിത്തസഞ്ചിയിലെ കല്ലുകൾക്കും മറ്റുമുള്ള ചികിത്സയായി ആധുനിക വൈദ്യശാസ്ത്രത്തിൽ ഉപയോഗിച്ചു വരുന്നതാണ്. (കൃത്രിമമായാണ് ആധുനികവൈദ്യശാസ്ത്രം അർസോഡിയോക്സി കോളിക് ആസിഡ് നിർമ്മിക്കുന്നത്) ഈ ആവശ്യത്തിനു പോലും താരതമ്യേന ചെറിയ തോതിലുള്ള ഫലമേ ഈ മരുന്ന് നൽകുന്നുള്ളൂ. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കൊന്നിനും ഈ മരുന്ന് നിലവിൽ ഉപയോഗിച്ചുവരുന്നില്ല. അങ്ങനെ ഉപയോഗിക്കാം എന്നതിന് യാതൊരു തെളിവും ഇല്ലതാനും.
അത്യന്തം അപകടകരവും വൃത്തിഹീനവുമായ സാഹചര്യങ്ങളിലാണ് Tan Re Qing നിർമ്മിക്കുന്നതിനു വേണ്ടി കരടികളിൽനിന്ന് പിത്തരസം ശേഖരിക്കുന്നത്. കരടികൾ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിനും പലപ്പോഴും മരിക്കുന്നതിനും ഇത് കാരണമാകുന്നു. അനിമൽസ് ഏഷ്യയുടെ പഠനങ്ങളനുസരിച്ച് പിത്തരസത്തിനു വേണ്ടി കരടിയെ വളർത്തൽ അങ്ങേയറ്റം ക്രൂരമായ രീതിയിലാണ് നടക്കുന്നത്. കരടികളെ തീരെ ചെറിയ കൂടുകളിലാണു പാർപ്പിക്കുക. അവയ്ക്ക് തിരിയാനോ നാലുകാലിൽ നിൽക്കാനോ കഴിയില്ല. 30 വർഷം വരെയൊക്കെ ഇത്തരത്തിൽ അടച്ചിടപ്പെട്ടു ജീവിക്കുന്ന കരടികളുണ്ട്. കരടിയുടെ പിത്തരസത്തിനുപുറമേ ആടിൻറെ കൊമ്പ്, വിവിധ തരം ചെടികളിൽ നിന്നെടുക്കുന്ന നീരും പൊടിയും എന്നിവയൊക്കെ ചേർന്നതാണ് Tan Re Qing എന്ന ചൈനീസ് മരുന്ന്. ഈ മരുന്ന് കുത്തി വയ്ക്കുകയാണ് ചൈനീസ് പാരമ്പര്യ ചികിത്സകർ ചെയ്യുന്നത്. ഇത് എന്തൊക്കെ കുഴപ്പങ്ങളാണ് മനുഷ്യരിൽ സൃഷ്ടിക്കുക എന്ന് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്.
ചുരുക്കിപ്പറഞ്ഞാൽ മനുഷ്യർക്കും കരടികൾക്കും ദോഷമുണ്ടായേക്കും എന്നല്ലാതെ ഈ മരുന്നുകൊണ്ട് കൊറോണാവൈറസിന് ഒരു ചുക്കും സംഭവിക്കാൻ സാധ്യതയില്ല. വൈറസിന്റെ കോശപ്രവേശനത്തിനോ പ്രജനനത്തിനോ കോശത്തിൽ നിന്നു പുറത്തു വരുന്നതിനോ തടസമുണ്ടാക്കുന്ന ആന്റിവൈറൽ മരുന്നുകളെന്തെങ്കിലും കണ്ടെത്താനായാലേ നമുക്കു ചികിത്സയുടെ വിജയനിരക്ക് ഉയർത്തുന്നതിൽ എന്തെങ്കിലും പ്രതീക്ഷയുള്ളൂ. അല്ലെങ്കിൽ ഫലപ്രദവും നൽകാൻ എളുപ്പമുള്ളതും ചിലവു കുറഞ്ഞതുമായ ഒരു വാക്സിൻ വികസിപ്പിക്കാനാകണം. ഇത്തരമൊരു പരിഹാരത്തിനു വേണ്ടി ലോകമാസകലം ശ്രമം നടക്കുന്നുണ്ട്. അവ വിജയം കാണുമെന്ന് നമുക്കു പ്രതീക്ഷിക്കാം.