മ്മക്കോരോ നാരങ്ങാ വെള്ളം കാച്ചിയാലോ
ആശുപത്രിയില്‍ പോകുന്ന വഴിക്ക് കടുത്തുരുത്തിയില്‍ നിന്ന് ഒരു ഉപ്പിട്ട സോഡാ നാരങ്ങാവെള്ളം പതിവാണ്. ഈ ഉച്ചച്ചൂടില്‍ ഇങ്ങനൊക്കെയാണ് പിടിച്ചു നിൽക്കുന്നത്.
പതിവ് പോലെ, ഇന്നലെയും നാരങ്ങാവെള്ളം മുടക്കിയില്ല.
ആശുപത്രിയില്‍ എത്തി ഡ്യൂട്ടിക്ക് കേറുന്നതിനു മുന്നേ ഫേസ്‌ബുക്ക് നോക്കിയപ്പോള്‍ ദേ നമ്മുടെ ‘പ്രമുഖ’ ചാനലിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഒരു വാര്‍ത്ത, ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കരുതത്രേ! ആരോഗ്യ വിദഗ്‌ധർ പറയുന്നു എന്നു പറഞ്ഞാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്, പക്ഷെ വിദഗ്‌ധരുടെ പേരും നാളും ഒന്നും തന്നെയില്ല .
ഉപ്പ് ശരീരത്തിലെ വിഷാംശങ്ങളെ പിടിച്ചു നിര്‍ത്തുമെന്നും, ജലാംശം നഷ്ടമാകാന്‍ കാരണമാകുമെന്നും പറയുന്നു. “കര്‍ത്താവേ” എന്ന് മനസ്സില്‍ വിളിച്ചിട്ട് ഇതുവരെ കുടിച്ച സോഡാ നാരങ്ങാവെള്ളത്തിന്‍റെ കണക്കൊന്ന് മനസ്സിലോർത്തു. വാര്‍ത്ത ശരിയാണെങ്കിൽ ഇപ്പോള്‍ ഞാന്‍ ഒരു വലിയ വിഷകുപ്പി ആയി മാറിക്കാണണം.
പ്രിയ മാധ്യമ സുഹൃത്തേ, ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുൻപ് വിവരങ്ങൾ ആധികാരികമാണോ എന്നുറപ്പുവരുത്തേണ്ടതല്ലേ ? ഉപ്പ് എന്താണെന്നും ഉപയോഗം എന്താണെന്നും സ്കൂളുകളിൽ തന്നെ പടിക്കുന്നതല്ലേ. എന്നിട്ടും ഇത്തരം വാര്‍ത്തകള്‍ കോപ്പി പേസ്റ്റ് ചെയ്തുവിടുന്നതിനോട് യോജിപ്പില്ല. നിലവില്‍ ഏകദേശം ആയിരം ആളുകള്‍ പോസ്റ്റ് ഷെയര്‍ ചെയ്തു കഴിഞ്ഞു. എത്ര വേഗമാണ് തെറ്റായ വാര്‍ത്തകള്‍ പടരുന്നത് !
എന്താണ് ഉപ്പ് ?
ഉപ്പ് സോഡിയം ക്ലോറൈഡ് (NaCl) എന്ന രാസസംയുക്‌തമാണ്. ഒരു സോഡിയം അയോണും ഒരു ക്ലോറൈഡ് അയോണും ചേര്‍ന്നാണ് ഉപ്പ് ഉണ്ടാകുന്നത്.
ഉപ്പ് നമ്മുടെ ശരീരത്തിന് വേണ്ടതാണോ ?
തീര്‍ച്ചയായും. നമ്മുടെ ശരീരത്തിലെ 60 ശതമാനവും വെള്ളമാണ്. അതില്‍ കോശങ്ങള്‍ക്കകത്തുള്ള ദ്രവവും (Intra Cellular Fluid – ICF) കോശങ്ങള്‍ക്കും, കലകള്‍ക്കും ഇടയിലൂടെ ഒഴുകുന്ന രക്തം അടക്കം ഉള്‍പ്പെടുന്ന ദ്രവവും ( Extra Cellular Fluid –ECF) ഉണ്ട്. ഈ രണ്ടു ദ്രവങ്ങളിലും സോഡിയവും ക്ലോറൈഡും ഉണ്ട്. അതുപോലെ ശരീരത്തിലുള്ള മറ്റു ദ്രവങ്ങളിലും ഈ ലവണങ്ങളുണ്ട്. അതായത്, ദേഹത്തെ സകല മുക്കിലും മേലാപ്പിലും കർമ്മനിരതനായിരിക്കുന്ന ഒരു മിടുമിടുക്കൻ മൂലകത്തെക്കുറിച്ചാണ് ഈ അപഖ്യാതികൾ മുഴുവനും. അതിശയം തന്നെ !
എന്തൊക്കെയാണ് സോഡിയത്തിന്‍റെ കടമകള്‍ ?
- കോശങ്ങളുടെ രൂപവും പ്രവര്‍ത്തനവും നിയന്ത്രിക്കുക.
- നാഡികളുടെ ഉത്തേജനത്തിനും, നാഡികളിലൂടെ ഉള്ള വിവരങ്ങളുടെ കൈമാറ്റത്തിനും ആവശ്യം.
- മസിലുകളുടെ പ്രവര്‍ത്തനത്തിനും സോഡിയത്തിന്റെ സാന്നിദ്ധ്യം വേണം.
- വൃക്കകളിലൂടെ ശരീരത്തിലെ ജലാംശത്തിന്‍റെ ഏറ്റകുറച്ചിലുകള്‍ നിയന്ത്രിക്കുന്നതും സോഡിയം തന്നേ.
ഇപ്രകാരം ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സോഡിയം ആവശ്യമാണ്. അപ്പോള്‍ സോഡിയം കുറഞ്ഞാലോ ? ഈ പ്രവര്‍ത്തനങ്ങള്‍ ഒക്കെ പ്രശ്നമാകും. സോഡിയം കുറയുന്ന അവസ്‌ഥ വാർദ്ധക്യത്തിൽ സർവ്വസാധാരണമാണ്. പരസ്‌പര ബന്ധമില്ലാതെ സംസാരിച്ചും, ചിലപ്പോൾ അപസ്‌മാര ലക്ഷണങ്ങൾ കാണിച്ചും, ചിലപ്പോൾ ബോധരഹിതരായുമെല്ലാം വരുന്ന പ്രായമായ രോഗികൾക്കുള്ള ഈ അവസ്‌ഥയുടെ പേര് Geriatric hyponatremia എന്നാണ്.
എങ്ങനെയൊക്കെയാണ് സോഡിയം കുറയുന്നത് ?
- അതിസാരവും ഛർദ്ദിയും
- അമിതമായ ചൂട്, സൂര്യാഘാതം
- വൃക്ക സംബന്ധമായ അസുഖങ്ങള്‍
- തലച്ചോറിലെ അസുഖങ്ങള്‍
- അമിതമായി മൂത്രം പോകുന്നതിന് കാരണമാകുന്ന മരുന്നുകള്‍
സോഡിയം കുറഞ്ഞാല്‍ ഉള്ള ലക്ഷണങ്ങള്‍ ?
അമിതമായ ക്ഷീണം, തല കറക്കം, തലവേദന, ഛര്‍ദ്ദി, ഓര്‍മ്മക്കുറവ്, ബോധക്ഷയം എന്നിവയുണ്ടാകാം . സോഡിയം വീണ്ടും കുറഞ്ഞാല്‍ അപസ്മാരവും മരണവും വരെ ഉണ്ടാകാം .
എങ്ങനെയാണ് ഈ അവസ്ഥ ചികിത്സിക്കുന്നത് ?
വളരെ എളുപ്പമാണ്, ശുദ്ധീകരിച്ച നോര്‍മല്‍ സലൈന്‍ (NS) ഡ്രിപ് ആയി നല്‍കും. അതില്‍ 0.9 ശതമാനം സോഡിയം ആണ് ഉള്ളത്. എന്നിട്ടും കുറയുന്നില്ലെങ്കിൽ 3 ശതമാനം സോഡിയം ഉള്ള ഹൈപ്പര്‍ടോണിക് സലൈന്‍ കൊടുക്കും. ഇപ്രകാരം ചികിത്സക്ക് ഉപയോഗിക്കുന്ന നമ്മുടെ ഉപ്പിനെയാണ് ദുഷ്ടന്മാര്‍ വിഷമാക്കുന്നത് .
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തം ഏതാണെന്ന് ചോദിച്ചാല്‍ ORS ആണെന്നേ ഞാന്‍ പറയൂ. ഒരു മുതല്‍മുടക്കും ഇല്ലാതെ ഇത്രയധികം ജീവന്‍ രക്ഷിച്ച ഒരു ദിവ്യൗഷധവുമില്ല. കോളറയെന്ന ഭീകരന്‍ നമ്മുടെ എത്ര പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ കവര്‍ന്നിട്ടുണ്ട്. ഈ ഭീകരനെ നമ്മള്‍ തോല്‍പ്പിച്ചത് എങ്ങനെയാണ് ? ഈ ORS ഉപയോഗിച്ച് തന്നെ. എന്താണ് ഈ ORS ? ഇത്തിരി ഉപ്പും (2.6 gm) , ഗ്ലൂക്കോസും (13.5 gm) കൂടെ പൊട്ടാസ്യം ക്ലോറൈഡും (1.5gm) പിന്നെ സോഡിയം സിട്രേറ്റും (2.9gm), ഒരു ലിറ്റർ വെള്ളത്തിൽ ഇവയെല്ലാം ചേര്‍ന്നാല്‍ ORS ആയി.
ഇത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കിയാണ് നമ്മുടെ ദിവ്യൗഷധം തയ്യാറാക്കുന്നത്. ഇത് കിട്ടിയില്ലെങ്കിലോ, വളരെ എളുപ്പത്തില്‍ ഇത്തിരി ഉപ്പും പഞ്ചസാരയും ഉപയോഗിച്ചും rehydration solution ഉണ്ടാക്കാം. ഇന്നും നിർജലീകരണം തടയാനും ചികിത്‌സിക്കാനും ഉപയോഗിക്കുന്നത് വായിലൂടെയോ സിരയിലൂടെയോ കൊടുക്കുന്ന rehydration solution മാത്രമാണ്.
സോഡിയം ശരീരത്തിലെ ജലാംശം നില നിര്‍ത്താന്‍ സഹായിക്കുന്നത് കൊണ്ടാണ് ORS ലെ പ്രധാന ഘടകമാകുന്നത്. ഇങ്ങനെ അനേകായിരം ജീവന്‍ രക്ഷിക്കുന്ന നമ്മുടെ ഉപ്പിനെയാണ് ഇങ്ങനെ വില്ലനാക്കുന്നത്.
ഇതെല്ലാം അറിയാവുന്ന നമ്മള്‍ ഒരിക്കലും ഇത്തരം വ്യാജ വാര്‍ത്തകളില്‍ വീഴരുത്. ഉപ്പ് കുറക്കണം എന്ന് ഡോക്ടർമാർ പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കിൽ മാത്രം നിയന്ത്രണം വരുത്തുക. അല്ലാതെ നാരങ്ങ വെള്ളത്തിലോ കഞ്ഞി വെള്ളത്തിലോ ഇത്തിരി ഉപ്പിട്ട് കുടിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ല എന്നു മാത്രമല്ല, ക്ഷീണവും കുറയും. വാര്‍ത്ത കണ്ട കലിപ്പില്‍ ഞാന്‍ തിരിച്ചു വീട്ടില്‍ വന്നിട്ട് ഒരു ഉപ്പിട്ട സര്‍ബത്തുംകുടി അകത്താക്കി. അല്ല പിന്നെ !
വേനല്‍ക്കാലത്ത് നിര്‍ജലീകരണം ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് . അത് കുറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞവസാനിപ്പിക്കാം. വിയര്‍പ്പിലൂടെ ജലാംശം മാത്രമല്ല നഷ്ടപ്പെടുന്നത്, കൂടെ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടും.
അതു കൊണ്ട് കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും ഇവയും ഉണ്ടാകണം. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
- ആരോഗ്യവാനായ മുതിർന്ന വ്യക്‌തി ദിവസവും മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ചില രോഗാവസ്ഥകളിൽ വെള്ളത്തിനും ഉപ്പിനും നിയന്ത്രണം ആവശ്യമാണ്. അത്തരം നിയന്ത്രണങ്ങൾ ഡോക്ടർ നൽകുന്നത് കൃത്യമായി പാലിക്കുകയും വേണം. സാധാരണ വെള്ളം, കഞ്ഞി വെള്ളം, മോരുംവെള്ളം, നാരങ്ങ വെള്ളം തുടങ്ങിയവയെല്ലാം ഉപയോഗിക്കാം .
- നിർജലീകരണമുണ്ടായാൽ ചായ, കാപ്പി എന്നിവയേക്കാൾ നല്ലത് നാരങ്ങാവെള്ളം പോലുള്ള പാനീയങ്ങളാണ്.
- നേരിട്ട് വെയില്‍ കൊള്ളാതെ സൂക്ഷിക്കണം. പ്രത്യേകിച്ചും 11 മുതല്‍ 3 മണി വരെയുള്ള സമയത്ത്.
- കൂടുതല്‍ പഴ വര്‍ഗ്ഗങ്ങള്‍ കഴിക്കണം. ഒപ്പം സാലഡുകളും ശീലമാക്കുക.
- വേനലൊടുങ്ങും വരെയെങ്കിലും അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.
ഇത്രയും ഗുണങ്ങളുള്ള ഉപ്പ് നിയന്ത്രിക്കണം എന്ന് ബ്ലഡ് പ്രഷര്‍ കൂടുതൽ ഉള്ളവരോട് ഡോക്ടര്‍മാര്‍ എന്തിനു പറയുന്നു എന്ന സംശയം നിങ്ങൾക്ക് തോന്നുന്നില്ലേ … അതിനുത്തരം മറ്റൊരു കുറിപ്പില്‍ …