· 4 മിനിറ്റ് വായന

വർണ്ണക്കാഴ്ചകൾ

Ophthalmologyനേത്രരോഗങ്ങള്‍
MBBS ഒന്നാം വർഷം ഫിസിയോളജി ലാബിൽ ചെറിയ പരീക്ഷണങ്ങൾ ഒക്കെ നടത്തുന്ന പരിപാടിയുണ്ട്. അതിൽ എല്ലാവരുടെയും പേടിസ്വപ്നമാണ് സ്വന്തം രക്തഗ്രൂപ്പ് പരിശോധിക്കുന്ന ദിവസം. സൂചിയും കത്തിയും കൊടാലിയുമൊന്നും പുത്തരിയല്ലെങ്കിലും സ്വന്തം വിരലിൽ കുത്തി ഒരു തുള്ളി രക്തം ഞെക്കിപ്പിഴിഞ്ഞെടുത്ത് പരിശോധന നടത്തുന്നത് ആലോചിക്കുമ്പോൾ ചെറിയ ഒരു കൈ വിറ വരാറുണ്ട് എല്ലാവർക്കും. അതിനെ മറികടക്കാൻ കണ്ടെത്തുന്ന മാർഗ്ഗമാണ് പരസ്പരം കുത്തി സഹായിക്കൽ. എന്നാൽ, ജഗന്നാഥൻ ധാരവിയിലെ ചേരി ഒഴിപ്പിക്കുന്ന ലാഘവത്തോടെ സ്വന്തം വിരലിൽ നിന്നും രക്തം കുത്തിയെടുത്ത ‘K. K. Joseph’ ആയിരുന്നു അബ്ദുൽ ഖാദിർ. അവന്റെ ധൈര്യത്തെയും കൂസലില്ലായ്‌മയെയും അന്നെല്ലാവരും വാനോളം പുകഴ്ത്തി.
അടുത്ത ദിവസത്തെ പരീക്ഷണം Ishihara Chart ആയിരുന്നു. പല വർണ്ണങ്ങളിലുള്ള വട്ടങ്ങൾ കൊണ്ട് അക്കങ്ങൾ എഴുതിയ ഒരു പുസ്തകമാണ് സംഭവം. എല്ലാവരും അതിവേഗം ബഹുദൂരം മുന്നോട്ട് പോകുന്നതിനിടയിലാണ് ചിലർ അത് ശ്രദ്ധിച്ചത്: അബ്ദുൽ ഖാദിർ ആകെ തകർന്നിരിക്കുന്നു. അവൻ്റെ കൂട്ടുകാരൻ ഒന്നും പറയാനാവാതെ പരിഭ്രമിച്ച് അരികിൽ നിൽക്കുന്നു. അബ്ദുൽ ഖാദിർ കണ്ടിരുന്ന അക്കങ്ങളും മറ്റുള്ളവർ കണ്ടിരുന്ന അക്കങ്ങളും വ്യത്യസ്തമായിരുന്നു. താൻ ചില നിറങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല എന്ന സത്യം അബ്ദുൽ ഖാദിർ മനസ്സിലാക്കിയത് അന്നായിരുന്നു.18 വയസ്സ് വരെ അങ്ങനെ ഒരു പ്രശ്നം തനിക്കുള്ള കാര്യം പുള്ളി അറിഞ്ഞിരുന്നില്ല.
കോവിഡ് മഹാമാരിയുടെ കാലത്ത് കാഴ്ചയിൽ നിന്ന് വർണ്ണങ്ങൾ എടുത്തുമാറ്റപ്പെട്ട ഒരുപാട് പേർക്ക് മുന്നിലേക്ക് ഒരു സദ്‌വാർത്ത എത്തുകയുണ്ടായി.
നിറങ്ങൾ മാഞ്ഞുപോയ ഒരു ലോകത്തെ പറ്റി എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഉടുക്കുന്ന വസ്ത്രത്തിനോ അണിയുന്ന ആഭരണത്തിനോ, ചെടികൾക്ക്, പൂക്കൾക്ക്, മിന്നുന്ന വെട്ടത്തിന്… സർവ്വചരാചരങ്ങൾക്കും, എന്തിന് ആഹാരത്തിന് പോലും നിറമില്ലാത്ത ഒരവസ്ഥ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് പലതരം കിരണങ്ങൾ പ്രവഹിക്കുന്നുണ്ട് എന്ന് നമുക്കറിയാം. ഈ കിരണങ്ങൾ വ്യത്യസ്ത തരംഗദൈർഘ്യത്തിൽ (wave length) ആണ് ഉള്ളത് എന്നും. ഇവയിൽ 400nm നും 700nm നും ഇടയിൽ തരംഗദൈർഘ്യമുള്ള രശ്മികളുടെ കൂട്ടത്തെയാണ് ‘കാഴ്ചയുടെ വർണ്ണരാജി’ (visible spectrum) എന്ന് പറയുന്നത്.
ഈ പരിധിയിൽപെടുന്ന തരംഗദൈർഘ്യത്തിലുള്ള രശ്മികൾക്ക് മാത്രമേ നമുക്ക് നിറാനുഭൂതി നൽകാനാവുകയുള്ളൂ. നിറങ്ങളുടെ ലോകം ഉണ്ടാകാൻ കാരണം നമ്മുടെ കണ്ണിനുള്ളിലെ കാഴ്ചപടലമായ റെറ്റിനയിലെ (Retina) പ്രത്യേകകോശങ്ങളുടെ സാന്നിധ്യം കൊണ്ടാണ്. കോണുകൾ (cone cells) എന്നാണ് അവ അറിയപ്പെടുന്നത്.
കോണുകളിൽ എടുത്തു പറയേണ്ടവ മൂന്ന് കൂട്ടങ്ങൾ(set) ആണ്. 400nm-500nm തരംഗദൈർഘ്യത്തിൽ ഉത്തേജനം സംഭവിക്കുന്ന നീല കോൺകോശങ്ങളും, 450nm -630nm തരംഗദൈർഘ്യത്തിൽ ഉത്തേജനം കൊള്ളുന്ന പച്ച കോൺ കോശങ്ങളും, 500nm- 700nm തരംഗദൈർഘ്യത്തിൽ ഉത്തേജനം കൊള്ളുന്ന ചുവന്ന കോൺ കോശങ്ങളും ആണ് ഇവ.
ഒരു നിറത്തിനോ നിറക്കൂട്ടിനോ വേണ്ടി കോൺ കോശങ്ങൾ പ്രവർത്തനനിരതമാകുമ്പോഴാണ് ആ നിറം കാണുക എന്ന അനുഭൂതി നമുക്ക് ലഭ്യമാകുന്നത്.
കണ്ണിലേക്കു പ്രതിഫലിച്ച് എത്തുന്ന കിരണങ്ങളുടെ തരംഗദൈർഘ്യങ്ങൾക്ക് അനുസരിച്ചു മേൽപ്പറഞ്ഞ കോൺകോശങ്ങൾ (cone cells) വ്യത്യസ്ത അളവിൽ ഉത്തേജിക്കപ്പെടുന്നു .കാഴ്ചയുടെ സംവേദന നാഡികളിലൂടെ ഈ സിഗ്നലുകൾ തലച്ചോറിലെ ഉന്നതകേന്ദ്രങ്ങളിലേക്ക് എത്തുകയും അവിടെ വെച്ച് മേൽ പറഞ്ഞ പ്രാഥമിക നിറങ്ങളുടെ “മിക്സിങ്ങ് “സംഭവിക്കുകയും ചെയ്യുന്നു.
ഏത് നിറം കാണുന്ന അനുഭൂതി ലഭിക്കാനും പ്രാഥമിക നിറങ്ങൾ (ചുകപ്പ്, നീല, പച്ച),വിവിധ അളവിൽ സംയോജിച്ചാൽ മതിയല്ലോ..
നവജാതശിശുവിന് അഞ്ച് മാസമാകുന്നതോടെ കൂടി വിവിധ നിറങ്ങൾ തിരിച്ചറിയാൻ കഴിയും. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, ആ സമയത്ത് കളിപ്പാട്ടങ്ങളിലെ പല നിറങ്ങളിലും കുഞ്ഞുങ്ങൾ സൂക്ഷ്മതയോടെ നോക്കി നിൽക്കുന്നത്.ഈ സമയത്ത് പല നിറത്തിലുള്ള കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങളുടെ കാഴ്ചമണ്ഡലത്തിൽ വയ്ക്കുന്നത് നല്ലതാണ്.
നിറങ്ങൾ വേർതിരിച്ചു മനസ്സിലാക്കാനുള്ള കഴിവില്ലായ്മയെയാണ് വർണാന്ധത (Colour Blindness) എന്നു പറയുന്നത്.വർണാന്ധത വരുമ്പോൾ ഏതെങ്കിലും ഒരു നിറമോ അല്ലെങ്കിൽ ഒന്നിലധികം നിറങ്ങളോടോ അന്ധത ഉണ്ടാകാം. ഉദാ :-ചുകപ്പ്-പച്ച വർണാന്ധത, നീല-പച്ച വർണാന്ധത,പച്ച-മഞ്ഞ വർണാന്ധത. ചുകപ്പ്-പച്ച വർണാന്ധതയാണ് ഏറ്റവും കൂടുതൽ ( 95 ശതമാനം) കാണപ്പെടുന്നത്.
മിക്കവരിലും ജനിതകപരമായ കാരണംകൊണ്ട് അഥവാ ജന്മനാ ഉണ്ടാകുന്നതാണ്, എങ്കിലും ആർജിതമായും വർണാന്ധത കണ്ടുവരാറുണ്ട്.
പുരുഷൻമാരെയാണ് ഈ അസുഖം കൂടുതൽ ബാധിക്കുക.ലോകത്ത് പുരുഷൻമാരിൽ 5 മുതൽ 8 ശതമാനം പേരെയും സ്ത്രീകളിൽ.0.5 മുതൽ 1 ശതമാനം വരെയും പേരെ ബാധിച്ച രോഗമാണ് വർണാന്ധത.
കാഴ്ച ഞരമ്പിനോ, പ്രധാനമായും പീതബിന്ദുവിലോ(yellow spot) നാശനഷ്ടം സംഭവിക്കുന്നത് മൂലമാണ് ആർജിത വർണാന്ധത ഉണ്ടാകുന്നത്. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. അരിവാൾ രോഗം (sickle cell anemia), പ്രേമേഹം, ഗ്ലോക്കോമ, അൽഷിമേഴ്സ്‌, മൾട്ടിപ്പിൽ സ്ക്ളീറോസിസ്, മദ്യപാനം, ലുക്കീമിയ, ചില മരുന്നുകളുടെ ദീർഘനാളായുള്ള ഉപയോഗം എന്നിവ ചില ഉദാഹരണങ്ങളാണ്. പ്രായാധിക്യം കൊണ്ട് നേത്രഗോളത്തിന് ഉള്ളിലെ ലെൻസിലെ ചില മാറ്റങ്ങൾ കൊണ്ടും ചിലരിൽ വർണ്ണാന്ധത ഉണ്ടാകാറുണ്ട്.
വർണാന്ധത പരിശോധിക്കാനായി നേത്ര വിഭാഗം ഒപിയിലും മറ്റും ഒരു ബുക്ക് വെച്ചിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. ആ ബുക്കിൽ പല നിറത്തിലുള്ള പേജുകളിൽ ഒളിഞ്ഞിരിക്കുന്ന നമ്പരുകൾ വർണ്ണാന്ധത ഉള്ളവർക്ക് തീവ്രതയനുസരിച്ച് വായിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഡ്രൈവിംഗ് ലൈസൻസിനും മറ്റും ചെയ്യുന്നത് ഈ ടെസ്റ്റ്‌ ആണ്. ഇഷിയാര ചാർട്ട് (Ishihara chart ) എന്നാണ് അതിന് പേര്. ഇന്നിപ്പോൾ ചാർട്ടിന് ബദലായി മൊബൈൽ ആപ്പ് വഴിയും ടെസ്റ്റ്‌ ചെയ്യുന്നുണ്ട്.
അധികപേരിലുംലഘുവായ (Mild) പ്രശ്നമാണ് ഇത്. പരിശോധനാ സമയത്ത് മാത്രമേ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് പോലും അറിയുകയുള്ളൂ. അഥവാ അത് അവരുടെ സാധാരണ ജീവിതത്തെ ഒട്ടും ബാധിച്ചിട്ടുണ്ടാകില്ല. മോഡറേറ്റ് (അല്പം കൂടിയ) തരം ആണെങ്കിൽ മറ്റുള്ളവർ കാണുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു കളറോ ഷേഡോയോ ആണ് കാണുക.എങ്കിലും സാധാരണ പ്രവർത്തനങ്ങളെ അത് കാര്യമായി ബാധിക്കുകയില്ല.
പ്രതിവിധി ഇല്ലെങ്കിലും വിവിധ അനുരൂപപ്പെടുത്തലുകൾ (adaptation technics) ഈ രോഗമുള്ളവർക്ക് സഹായകമായി രൂപപ്പെടുത്തിയിട്ടുണ്ട്.
ഇഷിഹാര ടെസ്റ്റ് വഴി സ്കൂൾ ടീച്ചർമാർക്ക് വർണാന്ധത കണ്ടുപിടിക്കുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യാവുന്നതാണ്.അതുവഴി കുട്ടികളുടെ പഠനപ്രവർത്തനങ്ങളിലെ വർണ്ണപ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അതുമായി തദാത്മ്യപ്പെടുന്നതിനും വർണാന്ധതയുള്ള കുട്ടികളെ സഹായിക്കാനും അധ്യാപകർക്ക് കഴിയും. ചുവപ്പ്-പച്ച വർണാന്ധത കൂടുതൽ ഉള്ളവർക്ക് പ്രത്യേക ലെൻസുകളും, എല്ലാതരം വർണാന്ധതക്കും സഹായകമായ മൊബൈൽ ആപ്പുകളും ഇപ്പോൾ ലഭ്യമാണ്.
ട്രാഫിക് സിഗ്നൽ പോലുള്ള കാര്യങ്ങളിൽ ചുവപ്പ് മഞ്ഞ പച്ച മുതലായ ലൈറ്റുകൾക്ക് ഒരു ക്രമമുണ്ട്, അവയുടെ സ്ഥാനം വെച്ച് സിഗ്നൽ പാലിക്കാൻ ഇവർക്ക് കഴിയും.കൂടാതെ മറ്റു ദൈനംദിനപ്രവർത്തികളെയും അനുരൂപപെടുത്താൻ അവർക്ക് സാധിക്കും.
ഫിസിക്കൽ ഫിറ്റ്നസിന് ഉള്ള ഫോം 1, മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോം 1 എ (ചോദ്യം 3.B) എന്നിവയിൽ വർണാന്ധത സംബന്ധിച്ച ചോദ്യത്തിലും പരിശോധനയിലും കുടുങ്ങിപോയിരുന്ന കുറേ ആളുകളുണ്ട്. അത് പ്രകാരം പ്രാഥമിക നിറങ്ങളായ പച്ച, ചുവപ്പ് മുതലായ നിറങ്ങളെ തിരിച്ചറിയാൻ കഴിയാത്തവരെ ഒഴിവാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ഈ പ്രശ്നം അധികം പേരിലും പരിശോധനാ സമയത്ത് മാത്രമേ അറിയുകയുള്ളൂ. ഇവരെ പൂർണ്ണാന്ധരായി പരിഗണിച്ചിരുന്നു. ഇത് മൂലം മിക്ക വ്യക്തികൾക്കും ലൈസൻസ് കിട്ടുക പാടായിരുന്നു.
ഇപ്പോൾ 24/7/2020 ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ (GSR401(E)dated-24-Jun-2020-regarding-color-blindness) ലഘുവായതോ (Mild)അല്പം കൂടിയതോ (Moderate) ആയ വർണാന്ധതയുള്ള വ്യക്തികൾക്ക് ലൈസൻസ് ലഭിക്കും.
നേരത്തെ പറഞ്ഞ ഫോം 1ലെ ചോദ്യവും ഫോം 1 എ യിലെ ചോദ്യം 3ബി യും ഈ ഭേദഗതി പ്രകാരം ഒഴിവാക്കി. പകരം മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോർമാറ്റിൽ അഞ്ചാമത്തെതായി “അപേക്ഷകന്റെ വർണങ്ങൾ കാണാനുള്ള കഴിവ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കുകയും അതിൽ അവർക്ക് ഗുരുതരമായതോ മുഴുവനായുള്ളതോ ആയ
വർണാന്ധത ഇല്ല എന്ന് മനസ്സിലാകുന്നു” എന്ന വാചകമാണ് ചേർത്തിട്ടുള്ളത്. കൂടാതെ ഏതെങ്കിലും അളവിൽ വർണാന്ധത ഉണ്ടെങ്കിൽ അവരുടെ ലൈസൻസിൽ അക്കാര്യം രേഖപ്പെടുത്തും.
ഇതുപ്രകാരം ഇനിമുതൽ ഭാഗിക വർണാന്ധത ഉള്ളവർക്കും വാഹനമോടിക്കാൻ അനുമതി ലഭിക്കും. പൂർണമായും വർണാന്ധത ഉള്ളവരെ മാത്രമേ ഇനി ഒഴിവാക്കുകയുള്ളൂ. നിലവിലെ വിജ്ഞാപനത്തിൽ പുതിയ പരിശോധനയിലും ഇഷിഹാര ചാർട്ട് അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള ശാസ്ത്രീയ പരിശോധനയാണ് നിഷ്കർഷിച്ചിട്ടുള്ളത്.
ദീർഘകാലമായി വർണാന്ധതയുള്ള ആളുകളുടെ ആവശ്യമായിരുന്നു ഇത്.കേന്ദ്ര മോട്ടോർ വാഹനനിയമത്തിൽ ഈ ഭേദഗതി വരുത്തിയതുവഴി ഒരുപാട് കാലം ജീവിതം മങ്ങിയ കണ്ണുകളിൽ സ്വാതന്ത്ര്യത്തിന്റെ നിറം ചാലിക്കപ്പെടട്ടേ എന്ന് ആശംസിക്കുന്നു !
ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
Completed MBBS from Calicut Medical College. MD pediatrics & Fellowship in Neonatology from St. John's Medical College, Bangalore. Currently working at Cimar Cochin hospital, Kochi.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ