· 3 മിനിറ്റ് വായന

ചെങ്കണ്ണ്

Infectious DiseasesOphthalmologyനേത്രരോഗങ്ങള്‍പകര്‍ച്ചവ്യാധികള്‍

ചൂടുകാലമായിരിക്കുകയാണ്. മണ്ണിനും വായുവിനും ഈർപ്പം നഷ്ടപ്പെട്ടിരിക്കുന്നു. വരണ്ടുണങ്ങിയ മണ്ണിനെ പറത്തി ഉഷ്ണകാറ്റടിക്കുന്നു. അതോടൊപ്പം ശരീരകലകളിൽ നിന്നും നിർജ്ജലീകരണവും സംഭവിക്കുന്നു.

ഇതിലും കഠിനമായ തോതിൽ മെയ് വരെ ചൂട് തുടരും എന്നുതന്നെയാണ് ഔദ്യോഗിക വെളിപ്പെടുത്തലുകൾ !.അത് മുന്നിൽ കണ്ടുകൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യകാര്യത്തിൽ ചില മുൻകരുതലുകൾ അത്യാവശ്യമായും നമ്മൾ പാലിക്കേണ്ടതുണ്ട്. കാരണം ചെങ്കണ്ണ് പോലുള്ള സാംക്രമികസ്വഭാവമുള്ള വ്യാധികൾ കൂടുതലായി കാണുന്നത് ഈ കാലയളവിലാണ്.

എന്താണ് ചെങ്കണ്ണ്?

‘ മദ്രാസ് ഐ ‘ ‘പിങ്ക് ഐ ‘ എന്നീ വിളിപ്പേരുകളിലറിയപ്പെടുന്ന ചെങ്കണ്ണ് ഇന്ത്യയിൽ വർഷാവർഷം 10 ദശലക്ഷത്തോളം ആളുകളിൽ ഭീതിസൃഷ്ടിച്ചു പടർന്നുപിടിക്കാറുണ്ട്.

നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേർത്ത ആവരണമായ കണ്‍ജന്‍റ്റീവ ക്കുണ്ടാവുന്ന (Conjunctiva) അണുബാധയും തുടർന്നുണ്ടാകുന്ന നീർകെട്ടുമാണ് ഇതിന് മൂലകാരണം. അതുകൊണ്ട് രക്തക്കുഴലുകൾ വികസിക്കുകയും രക്തപ്രവാഹം കൂടുകയും കണ്ണ് ചുവന്നതായി മാറുകയും ചെയ്യുന്നു. വൈറസ്, ബാക്ടീരിയ മുതലായ രോഗാണുക്കളാണ് സാധാരണയായി ചെങ്കണ്ണുണ്ടാക്കുന്നത്.

ചൂടുകാലങ്ങളിൽ ധാരാളം പേർക്ക് ഈ രോഗം പടർന്നു പിടിക്കുന്നതിനുള്ള പ്രധാനകാരണം വൈറസാണ്. അതോടൊപ്പം ചിലർക്ക് പനിയും ജലദോഷവും വരാം. പിന്നീടതിൽ ബാക്റ്റീരിയയുടെ കടന്നുകയറ്റവും കൂടിയാകുമ്പോൾ രോഗം മൂർച്ഛിച്ച് ചുവന്ന്, പീളകെട്ടി, കാഴ്ചമങ്ങുന്നതിനും കാരണമാകാം. ബാക്‌ടീരിയ ഒറ്റയ്ക്കും രോഗമുണ്ടാക്കാറുണ്ട്. അത് സാധാരണയായി ദിവസങ്ങൾക്കുള്ളിൽ തന്നെ അവസാനിക്കുകയും ചെയ്യും.

ശുചിത്വമില്ലായ്മയും അനാരോഗ്യകരമായ ചിട്ടവട്ടങ്ങളും മൂലം രോഗബാധയുള്ളവരുടെ കണ്ണിലെ ദ്രവം ഏതെങ്കിലും വിധേന മറ്റുള്ളവരിലേക്കെത്തിയാൽ ; ഉദാഹരണമായി ഉപയോഗിക്കുന്ന തുണികളിലൂടെയും പാത്രങ്ങൾ, ഗ്ലാസ്, മൊബൈൽഫോൺ, പേന, ടിവി റിമോട്ട് മുതലായ നിത്യോപയോഗ വസ്തുക്കളിലൂടെയും അണുക്കൾ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത ഉണ്ട്.

തുടർന്ന് ഏതെങ്കിലും ഒരു കണ്ണിനോ അതോ രണ്ട് കണ്ണുകൾക്കോ താഴെപറയുന്ന ലക്ഷങ്ങൾ ഉണ്ടാകാം:-

  • കണ്ണിന് ചുവപ്പ്
  • കണ്ണ് വേദന
  • കണ്ണിന് ചൊറിച്ചിൽ
  • കണ്ണിൽ നിന്നും വെള്ളമൊഴുകുക
  • കൺപോളകൾ വിങ്ങി വീർക്കുക
  • കണ്ണിൽ പഴുപ്പടിഞ്ഞ് പീളകെട്ടുക
  • കണ്ണിനകത്തു നിന്നും കൊഴുത്ത ദ്രാവകം വരിക [ചിലപ്പോൾ ഈ ദ്രാവകം രാത്രിയിൽ ഉറഞ്ഞു കട്ടിയാവുകയും തുടർന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുറക്കാൻ പറ്റാത്ത ഒരാവസ്ഥയും വന്നുചേരും]
  • വെളിച്ചത്തിൽ നോക്കുമ്പോൾ കണ്ണിനു വേദനയും കണ്ണുനീരെടുപ്പും അനുഭവപ്പെടുക.
  • കണ്ണിലെ കൃഷ്ണമണിയിൽ (Cornea) വെളുത്ത തഴമ്പുകൾ വീഴുക തുടർന്ന് കാഴ്ചക്ക് മങ്ങലനുഭവപ്പെടുക.

ചിലരിൽ ഈ രോഗം നേരിയ ഒരു ചുവപ്പോടുകൂടി വെള്ളമൊഴുക്കും ചൊറിച്ചിലുമായി കൂടുതൽ ലക്ഷണങ്ങളൊന്നും കാണിക്കാതെ അങ്ങനെ തന്നെ അവസാനിക്കാറുണ്ട്.

ലക്ഷണങ്ങൾ ആദ്യമേതന്നെ കാണിച്ചു തുടങ്ങുമ്പോൾ ചികിൽസിക്കുന്നത് രോഗം പരമാവധി മറ്റുള്ളവരിലേക്ക് പടർന്നുപിടിക്കുന്നത് തടയും. ആദ്യത്തെ രണ്ടാഴ്ചക്കുള്ളിലാണ് ഈ രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാനുള്ള തീവ്രത കാണിക്കാറുള്ളത്.

ഇപ്പോൾ പരീക്ഷ സമയമായതുകൊണ്ട് സ്കൂളുകളിൽ നിന്നാരും ആദ്യമേ തന്നെ ചികിത്സതേടി വരാറില്ല. രോഗം വഷളായി മറ്റ് കുട്ടികൾക്കും വീട്ടുകാർക്കും രോഗാണുക്കളെ പകർന്നുകൊണ്ട് ഒരു കൂട്ടമായിട്ടായിരിക്കും മിക്കവാറും ഈ സമയത്ത് ആശുപത്രിയിൽ വരിക.

ചെങ്കണ്ണ് സ്‌ഥിരീകരിച്ചാൽ വീട്ടിനുള്ളിൽ തന്നെയിരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ സേവിക്കണം. ആന്റിബിയോട്ടിക് , തുള്ളിമരുന്നുകളും അവയുടെ തന്നെ ഓയിന്റ്മെന്റും ആയിരിക്കും ആദ്യമേ തുടങ്ങുന്ന മരുന്നുകളുടെ ഗണത്തിൽപ്പെടുന്നത്.

ചിലർ അതിനോടൊപ്പം സ്റ്റിറോയ്ഡ് തുള്ളിമരുന്നുകളും നൽകാറുണ്ട്. അങ്ങനെയെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ ഫൊളോപ്പ് ചെയ്യേണ്ടതും തുള്ളിമരുന്നുകൾ ഒഴിക്കുന്ന തവണയിൽ മാറ്റം വരുത്തേണ്ടതുണ്ടെൽ അങ്ങനെയും ചെയ്യേണ്ടതാണ്. സ്റ്റിറോയ്ഡ് മരുന്നുകൾ രോഗം മാറിയതിനുശേഷവും യാതൊരുകാരണവശാലും തുടർന്ന് ഉപയോഗിക്കാൻ പാടുള്ളതല്ല !.

കണ്ണില്‍ തുള്ളിമരുന്നു ഒഴിക്കേണ്ടത് എങ്ങനെ ?

ഏതൊരു തുള്ളിമരുന്നായാലും കണ്ണിലൊഴിക്കുന്നതിനു മുൻപ് കൈ നല്ലവണ്ണം കഴുകി വൃത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം താഴത്തെ കൺപോള വലിച്ചുപിടിച്ച് ചുവന്ന പോക്കറ്റുപോലുള്ള ഭാഗത്ത് ഒരേയൊരു തുള്ളി മാത്രം ഒഴിക്കുക. ഒന്നിലധികം തുള്ളികൾ ഒഴിച്ചാൽ അത് എങ്ങുമെത്താതെ വെറുതെ ഒഴുകിപോവുകയേ ഉള്ളൂ. കൂടാതെ കണ്ണിൽ മരുന്നൊഴിച്ചതിനു ശേഷം കണ്ണുകളുടെയും മൂക്കിന്റെയും സംഗമഭാഗത്ത് കുറച്ചുനേരം അമർത്തിപിടിക്കുന്നത് മരുന്നുകൾ കണ്ണിനുള്ളിൽ കുറേനേരം തങ്ങി നിൽക്കുന്നതിനു സഹായകരമാകും. മരുന്ന് ഒഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകണം

അതിനോടൊപ്പം തന്നെ രോഗബാധിതർ ഉപയോഗിക്കുന്ന തുണികൾ, തോർത്ത്, തൂവാല മുതലായ വസ്തുക്കൾ യാതൊരുകാരണവശാലും മറ്റുള്ളവർ ഉപയോഗിക്കാനിടവരരുത്. രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണിൽ കെട്ടികിടക്കുന്ന പീളയും പഴുപ്പും തിളപ്പിച്ചാറിയ ചൂടുവെള്ളത്തിൽ മുക്കിപിഴിഞ്ഞ തുണികൊണ്ട് സാവധാനം തുടക്കണം. അതിനു ശേഷം കൈകൾ അണുനാശിനി ചേർത്ത വെള്ളത്തിൽ കഴുകണം.

സാധാരണഗതിയിൽ ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് പെട്ടെന്ന് ദിവസങ്ങൾ കൊണ്ട് മാറും. പക്ഷെ വൈറസ് മൂലമാണെങ്കിൽ അത് മാറാൻ ചിലപ്പോൾ രണ്ടാഴ്ചയെങ്കിലും എടുക്കും. ഇതിൽ ജാഗരൂകരാകേണ്ടത് കണ്ണിൽ വെളുത്ത തഴമ്പുകൾ വീണ് കാഴ്ചമങ്ങാൻ സാധ്യത ഉണ്ട് എന്നുള്ളതുകൊണ്ടാണ്. അതിനാൽ കാഴ്ചക്ക് മങ്ങലോ കണ്ണിൽ വെളുത്തപാടുകളോ കാണപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം.

കണ്ണിൽ ചുവപ്പ് വരാൻ കാരണങ്ങൾ വേറെയും ഒരുപാടുള്ളതിനാൽ സ്വയം ചികിത്സകൾ ഒഴിവാക്കി നേത്രരോഗവിദഗ്ധന്റെ സഹായം തേടുന്നത് തന്നെയാണ് ഉചിതം.

രോഗബാധിതയുള്ളയാൾ പൊതുസ്ഥലങ്ങൾ, ഉത്സവം, വിവാഹം, മരണവീട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും കഴിവതും ഒഴിവാകാൻ ശ്രമിക്കുക.

ഈയൊരു സമയത്ത് കോൺണ്ടാക്റ്റ് ലെൻസ് (Contact lens) യാതൊരുകാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ലാ.

ഭക്ഷണക്രമത്തിൽ പ്രേത്യേകിച്ചും വിറ്റാമിനുകൾ ധാരാളമടങ്ങിയ പഴവർഗ്ഗങ്ങൾ കഴിക്കുക.

പുറത്തിറങ്ങുമ്പോൾ കണ്ണിൽ പൊടിയടിക്കാതിരിക്കാനും വെളിച്ചത്തു നോക്കുമ്പോൾ കണ്ണുവേദന ലഘൂകരിക്കാനും കറുത്തകണ്ണട വയ്ക്കുന്നത് നല്ലതായിരിക്കും.

നാട്ടിൽ ഇന്നും നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണ് ചെങ്കണ്ണുള്ളയൊരാളുടെ കണ്ണിൽ നോക്കിയാൽ രോഗം പടരും എന്നത്. അതൊട്ടും ശരിയല്ലാ !.രോഗിയുടെ കണ്ണുനീരിൽ നിന്നുള്ള രോഗാണു ഏതെങ്കിലും വിധേന മറ്റൊരാളുടെ കണ്ണിൽ കയറിയാലേ രോഗമുണ്ടാകൂ.

ലേഖകർ
Dr. Navajeevan.N.A, Obtained MBBS from kochin medical college and MS in Ophthalmology from karakonam medical college and fellowship from Regional institute of ophthalmology trivandrum. Now working at Primary Health Center Amboori as Medical Officer in charge.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ