· 5 മിനിറ്റ് വായന

സമ്പർക്കനിർണ്ണയം & ക്വാറന്റൈൻ: പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
നാട്ടിലെ ഒരു പീടികയിൽ മാസ്ക് ഒക്കെ ഇട്ടു പോയി ശാരീരിക അകലം പരമാവധി പാലിച്ചു കടയുടെ പുറത്തു നിന്ന് കൊണ്ട് നിങ്ങൾ പലവ്യഞ്ജനം വാങ്ങി. തിരിച്ചു വന്നു ദോ രണ്ടു ദിവസം കഴിയുമ്പോൾ കേൾക്കുന്നു കടയുടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് !
പലവിധ ആശങ്കകൾ മനസ്സിലൂടെ കടന്നു പോയേക്കും അല്ലേ?
സമ്പർക്കപ്പട്ടികയിൽ വരുമോ?
വന്നാൽ പ്രൈമറി / സെക്കണ്ടറി കോൺടാക്ട് ആവുമോ?
ക്വാറന്റൈനിൽ പോവേണ്ടി വരുമോ? രോഗം വരുമോ? രോഗം മറ്റാർക്കെങ്കിലും പകർത്തുമോ? വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരുമോ ? എന്ന് തുടങ്ങി അസംഖ്യം ചിന്തകളാവും അലട്ടുന്നത്.
ഇനി മുതൽ ഇത്തരം ഒരാൾ ലോ റിസ്ക് പ്രൈമറി കോണ്ടാക്ട് ഗണത്തിൽ ആണ് വരുക. ഈ ഗണത്തിൽ പെടുന്നയാൾക്ക് മുൻപ് ഉണ്ടായിരുന്നത് പോലെ റൂം ക്വാറന്റൈൻ ആവശ്യമില്ല. പകരം രോഗവ്യാപന സാധ്യത കുറയ്ക്കാനുള്ള നിബന്ധനകൾ കൃത്യമായി പാലിക്കുകയും, ലക്ഷണങ്ങൾ കണ്ടാൽ അധികൃതരെ അറിയിച്ചു മേൽനടപടികൾ എടുക്കുകയും ചെയ്‌താൽ മാത്രം.
മാറിയ സാഹചര്യങ്ങളിൽ നമ്മുടെ ആരോഗ്യവകുപ്പ് കൂടുതൽ പ്രായോഗികമായ സമീപനം ഇക്കാര്യങ്ങളിൽ തീരുമാനിച്ചു കൊണ്ട് മാർഗ്ഗ നിർദ്ദേശങ്ങൾ പുതുക്കിയിട്ടുണ്ട്. സ്വാഗതാർഹമായ ഈ തീരുമാനം പ്രകാരം രോഗികൾക്കും, രോഗ സാധ്യത ഉള്ളവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവാനുള്ള സാഹചര്യങ്ങൾ ലഘൂകരിച്ചിട്ടുണ്ട്.
പുതിയ മാർഗ്ഗരേഖകൾ എന്താണെന്ന് അറിഞ്ഞു കൃത്യമായി പാലിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
Primary & Secondary contact കളെ നിർണ്ണയിക്കലും, അപകടസാധ്യത അനുസരിച്ചുതരം തിരിക്കലും, അതിനെ അടിസ്ഥാനപ്പെടുത്തി ക്വാറന്റൈൻ / ഐസൊലേഷൻ നിശ്ചയിക്കുന്നതും സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങൾ ( 22 ഓഗസ്റ്റ് 2020).
എന്തൊക്കെയാണതെന്ന് നോക്കാം.
പാർട്ട് – 1
I. നിവ്വചനങ്ങൾ & കോൺടാക്ട്കളുടെ വർഗ്ഗീകരണം
A. കോണ്ടാക്ട്: – ലോകാരോഗ്യ സംഘടന (WHO), നിർവചിക്കുന്നത്:
കോവിഡ് 19 രോഗിയുമായി (ജീവനുള്ളപ്പോഴോ മരിച്ചതിന് ശേഷമോ) സമ്പർക്കത്തിൽ വന്നവരിൽ –
a. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നവരിൽ ലക്ഷണങ്ങൾ തുടങ്ങി 2 ദിവസം മുമ്പ് മുതൽ 14 ദിവസം വരെ സമ്പർക്കം വന്നവർ.
b, ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത രോഗികളുടെ കാര്യത്തിൽ – ടെസ്റ്റ് ചെയ്യാൻ സാമ്പിൾ എടുക്കുന്നതിനു 2 ദിവസം മുൻപ് തൊട്ടു 14 ദിവസത്തിനു ഉള്ളിൽ സമ്പർക്കത്തിൽ വരുന്നവർ.
B. ആരാണ് ഹൈ റിസ്ക് (ഉയർന്ന അപകട സാധ്യതയുള്ള) കോണ്ടാക്ട് –
1. ഒരു കോവിഡ്-19 രോഗിയുടെ അടുത്ത് 1 മീറ്ററിനുള്ളിൽ > 15 മിനിറ്റിലേറെ ഇടപഴകിയ ആൾ.
2. ഒരു കോവിഡ്-19 രോഗിയുമായി നേരിട്ടുള്ള ശാരീരിക സമ്പർക്കം.
3. ശരിയായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) ഉപയോഗിക്കാതെ രോഗിക്ക് നേരിട്ടുള്ള പരിചരണം നടത്തിയ ആൾ.
4. രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടിൽ താമസിക്കുന്നയാൾ.
5. ഒരു വ്യക്തി രോഗിയുമായി മുറി, ഭക്ഷണം അല്ലെങ്കിൽ മറ്റ് സ്ഥലം പങ്കിടുന്നു എങ്കിൽ.
6. മാസ്ക് ധരിക്കാതെ, കൈ ശുചിത്വം പാലിക്കാതെ രോഗിയുടെ കിടക്കവിരികൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവ സ്പർശിക്കുകയോ വൃത്തിയാക്കുകയോ ചെയ്യുക.
7. ആശുപത്രിയിൽ രോഗി കിടക്കുന്ന അതെ മുറിയിൽ കിടക്കുകയോ ഒരേ ശുചി മുറി പങ്കിടുകയോ അല്ലെങ്കിൽ രോഗികളെ സന്ദർശിക്കുകയോ ചെയ്തവർ.
8. മതിയായ പി‌പി‌ഇ ഇല്ലാതെയോ, പി‌പി‌ഇ യ്ക്ക് ജോലിക്കിടയിൽ കേടുപാടുകൾ ഉണ്ടാവുകയോ ചെയ്ത കോവിഡ് രോഗികളെ പരിചരിക്കുകയോ, സാമ്പിളുകൾ കൈകാര്യം ചെയ്യുകയോ ചെയ്ത ആരോഗ്യ പ്രവർത്തകർ.
9. എയറോസോൾ ഉൽ‌പാദിപ്പിക്കുന്ന മെഡിക്കൽ പ്രക്രിയകളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകൻ
a.താഴെ പറയുന്നവ ഉപയോഗിച്ചിരുന്നില്ല എങ്കിൽ: ഫേസ് ഷീൽഡ്, എൻ 95 മാസ്ക്, കയ്യുറകൾ
b. മുറിവ് ഉള്ള ചർമ്മത്തിലോ ശ്ലേഷ്മ ചർമ്മത്തിലോ രോഗിയുടെ ശരീര ദ്രവങ്ങളുമായി സമ്പർക്കം ഉണ്ടായ ആൾ.
10. രോഗിയുമായി ഒരേ വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ സമ്പർക്കം ഒരു മീറ്റർ പരിധിക്കുള്ളിൽ ആയിരിക്കുക.
C. ആരാണ് ലോ റിസ്ക് (അപകട സാധ്യത കുറവുള്ള) കോൺടാക്ട്
1. രോഗിയുമായി ഒരേ സമയത്തു സ്ഥലം പങ്കിട്ടവരിൽ ഹൈറിസ്ക് അല്ലാത്ത ആളുകൾ. (ഉദാ: ഒരു മീറ്ററിൽ ഏറെ അകലം പാലിച്ച, സമ്പർക്കം പതിനഞ്ചു മിനിറ്റിൽ താഴെ മാത്രമുള്ള ആൾക്കാർ etc.)
2. ഒരേ പരിതസ്ഥിതിയിൽ ഒരുമിച്ചു (ഏതെങ്കിലും ഗതാഗത രീതി) സഞ്ചരിച്ചെങ്കിലും ഹൈ റിസ്ക് കോൺടാക്ട് പോലെ ഉയർന്ന അപകടസാധ്യതയില്ല എങ്കിൽ.
3. മേൽപ്പറഞ്ഞ ഹൈ റിസ്ക് കോണ്ടാക്ടിന്റെ 1, 2, 6, 10 എന്നീ നിർവ്വചനങ്ങളിൽ പെടുന്നവരാണെങ്കിലും രോഗവ്യാപനം തടയാൻ വേണ്ട നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുള്ളവർ. അതായത് മൂന്ന് ലെയർ മാസ്ക് / എൻ 95 മാസ്ക് ധരിക്കുക, പതിവായി കൈ ശുചിത്വം ഉറപ്പാക്കുക എന്നിവ പാലിക്കുകയും മറ്റു മേൽപ്പറഞ്ഞ ഹൈ റിസ്ക് സമ്പർക്കങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്നവർ.
*രോഗവ്യാപന റിസ്ക് തരംതിരിക്കാൻ പ്രയാസമുള്ള സാഹചര്യങ്ങളിൽ, വിശദമായ സമ്പർക്ക ചരിത്രം എടുക്കുകയും ഓരോ കോണ്ടാക്ട്ന്റെയും പ്രത്യേകതകൾ അനുസരിച്ചു വർഗ്ഗീകരണം നടത്തുകയും വേണം.
*രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം വിലയിരുത്തി, സമ്പർക്ക ചരിത്രം അപഗ്രഥിച്ചു വിശദമായ കോൺടാക്ട് ട്രെയ്‌സിംഗ് നടത്തണം. ആശുപത്രിയിലെ വാർഡുകൾ, മുറികൾ, ഐസിയു, ശുചിമുറികൾ മറ്റു സംവിധാനങ്ങൾ എന്നിവിടങ്ങളിൽ ഇവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ള മറ്റു ആരോഗ്യപ്രവർത്തകരെയും രോഗികളെയും കണ്ടെത്തണം.
പാർട്ട് – 2
II. ക്വാറന്റൈൻ / സമ്പർക്ക വിലക്ക് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ (QUARANTINE / ISOLATION GUIDELINES)
ഓരോ സാഹചര്യത്തിലും എടുക്കേണ്ട നടപടികൾ
1. കോവിഡ് -19 സ്ഥിരീകരിച്ച രോഗി-
ആശുപത്രിയിൽ നിന്ന് / ചികിത്സാ കേന്ദ്രത്തിൽ നിന്ന് നിർദ്ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഡിസ്ചാർജ് ചെയ്തതിന് ശേഷം 7 ദിവസത്തേക്ക് അനിവാര്യമല്ലാത്ത യാത്രയും സാമൂഹിക സമ്പർക്കവും ഒഴിവാക്കുക.
2. ഉയർന്ന അപകടസാധ്യതയുള്ള പ്രൈമറി കോൺ‌ടാക്റ്റ്-
വീട്ടിലോ / സർക്കാർ ക്വാറന്റൈൻ സ്ഥാപനത്തിലോ 14 ദിവസത്തെ റൂം ക്വാറന്റൈൻ.
ഈ കാലയളവിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടായാൽ, എത്ര ചെറുതായാൽ പോലും, DISHA 1056 ഹെൽപ്‌ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോർട്ട് ചെയ്യണം.
രോഗലക്ഷണമുണ്ടായാൽ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.
3. കുറഞ്ഞ അപകടസാധ്യതയുള്ള പ്രാഥമിക കോൺടാക്ട്
അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക, മാസ്ക് ഉപയോഗം കർശനമായി പാലിക്കുക, വ്യക്തിഗത ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല/ ടിഷ്യു കൊണ്ട് മൂക്കും വായും മൂടുക, കൈ ശുചിത്വം എന്നിവ.
സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കുക – വിവാഹങ്ങൾ / ചടങ്ങുകൾ / ജോലി / കുടുംബ സന്ദർശനങ്ങൾ തുടങ്ങിയവ.
ഈ കാലയളവിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടായാൽ, എത്ര ചെറുതായാൽ പോലും, DISHA 1056 ഹെൽപ്‌ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോർട്ട് ചെയ്യണം.
രോഗലക്ഷണമുണ്ടായാൽ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.
4. ലക്ഷണങ്ങൾ ഇല്ലാത്ത സെക്കൻഡറി കോൺടാക്റ്റ്
&
കമ്മ്യൂണിറ്റി / ലോക്കൽ ട്രാൻസ്മിഷനുള്ള രാജ്യം / പ്രദേശത്ത് നിന്ന് വരുന്ന ആളുകളുമായി സമ്പർക്കത്തിൽ വന്നവർ.
അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക,
മാസ്ക് ഉപയോഗം കർശനമായി പാലിക്കുക,
വ്യക്തിഗത ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല/ ടിഷ്യു കൊണ്ട് മൂക്കും വായും മൂടുക, കൈ ശുചിത്വം എന്നിവ.
എല്ലായ്‌പ്പോഴും രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കുക.
തൊഴിലുടമയെ / സ്ഥാപന മേധാവിയെ വിവരം അറിയിക്കുക, എല്ലാ കോവിഡ് സുരക്ഷാ മുൻകരുതലുകളും പാലിച്ചു കൊണ്ട് വർക്ക് ഫ്രം ഹോം അല്ലെങ്കിൽ ഓഫീസിലോ ജോലിചെയ്യാം.
സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കുക – വിവാഹങ്ങൾ / ചടങ്ങുകൾ / ജോലി / കുടുംബ സന്ദർശനങ്ങൾ തുടങ്ങിയവ.
ഈ കാലയളവിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടായാൽ, എത്ര ചെറുതായാൽ പോലും, DISHA 1056 ഹെൽപ്‌ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോർട്ട് ചെയ്യണം.
രോഗലക്ഷണമുണ്ടായാൽ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.
5. കേരളത്തിന് പുറത്ത് നിന്ന് അന്തർസംസ്ഥാന / അന്തർദ്ദേശീയ യാത്ര കഴിഞ്ഞു എത്തിയവർ
14 ദിവസം വീട്ടിൽ അല്ലെങ്കിൽ സർക്കാർ വക സ്ഥാപനത്തിൽ സമ്പർക്ക വിലക്ക്.
ഈ കാലയളവിൽ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടായാൽ, എത്ര ചെറുതായാൽ പോലും, DISHA 1056 ഹെൽപ്‌ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോർട്ട് ചെയ്യണം.
രോഗലക്ഷണമുണ്ടായാൽ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.
6. ആരോഗ്യപ്രവർത്തക/കൻ – രോഗിയുമായി സമ്പർക്കം പുലർത്തുമ്പോൾ പി. പി. ഇ ക്ക് കേടുപാട് സംഭവിക്കുകയോ ശരിയായി അതിന്റെ ധർമ്മം നിർവ്വഹിക്കുകയോ ചെയ്യാതെ ഇരുന്നാൽ.
*14 ദിവസം വീട്ടിൽ അല്ലെങ്കിൽ സർക്കാർ വക സ്ഥാപനത്തിൽ സമ്പർക്ക വിലക്ക്.
7. അക്യൂട്ട് ശ്വാസകോശ അണുബാധ (Acute Respiratory Infection- ARI) അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖം (Influenza Like illness- ILI )
എന്നിവയുള്ള ഏതൊരു വ്യക്തിയും (കോൺ‌ടാക്റ്റ് / കോവിഡ് സംശയിക്കുന്നയാൾ / കേരളത്തിന് പുറത്തു നിന്ന് വരുന്നയാൾ എന്നിവർ ഒഴികെ )
കുടുംബഡോക്ടർ / പ്രാദേശിക ആരോഗ്യപ്രവർത്തകർ / ടെലിമെഡിസിൻ വഴി ആരോഗ്യസംവിധാനങ്ങളുമായി ബന്ധപ്പെടുക.
ആവശ്യമെങ്കിൽ കോവിഡ് -19 ടെസ്റ്റുകൾ ചെയ്യുക.
രോഗലക്ഷണങ്ങൾ മാറുന്നത് വരെ വീട്ടിൽ / ആശുപത്രിയിൽ സമ്പർക്ക വിലക്കിനു വിധേയമാവുക.
രോഗലക്ഷണങ്ങൾക്കു മറ്റു കാരണങ്ങൾ കൊണ്ടാണോ എന്ന വിലയിരുത്തലിന് വിധേയമാവുക.
8. കോൺട്രാക്റ്റർ മാർ മുഖേന കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികൾ
ഇത് സംബന്ധിച്ച സർക്കാർ നിർദ്ദേശങ്ങൾ പ്രകാരം (ADVISORY ON QUARANTINE AND COVID-19 TESTING OF GUEST WORKERS
RETURNING TO KERALA No.31/F2/2020/ Health 18th July 2020)
9. ബിസിനസ്സ് സംബന്ധമായ / മറ്റു ആവശ്യങ്ങൾക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഹ്രസ്വ സന്ദർശനം –
G.O (Rt)No.1880/2020/CAD dated 14.06.2020 പ്രകാരമുള്ള നിബന്ധനകൾ പാലിക്കുക.
പ്രത്യേക പാസ് വാങ്ങിയതിന് ശേഷം സംസ്ഥാനത്ത് എത്തി 7 ദിവസത്തിനുള്ളിൽ മടങ്ങുക.
10. പ്രത്യേക സാഹചര്യങ്ങൾ (പുറത്തുനിന്നുള്ള പൗരന്മാർ
പരീക്ഷകൾക്കായി വരുമ്പോൾ )
As per the advisory — No.31 /F2/2020 Health 1 2th August 2020
ഉയർന്ന രോഗബാധ സാധ്യതയുള്ള ഇടങ്ങളിൽ ജോലിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റൈൻ കാലയളവിൻറെ കാര്യത്തിൽ , അപകട സാധ്യത, പരിശോധനാ ഫലങ്ങൾ, രോഗികളുടെ പരിചരണ ലൊക്കേഷൻ എന്നിവ അടിസ്ഥാനപ്പെടുത്തി സ്ഥാപനത്തിലെ മെഡിക്കൽ ബോർഡിന് തീരുമാനം എടുക്കാവുന്നതാണ്.
ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ