കോപ്പർ ടി: വിശ്വാസങ്ങളും വിശദീകരണങ്ങളും
”കോപ്പർ ടി ഇട്ടാൽ ശരീരം ക്ഷീണിക്കുമോ ഡോക്ടറേ?”
”ഇല്ലല്ലോ. . . , എന്നാൽ പിന്നെ അമിത വണ്ണമായി വരുന്നവർക്കൊക്കെ വണ്ണം കുറക്കാൻ ഇതോരോന്ന് ഇട്ടു കൊടുത്താൽ മതിയായിരുന്നല്ലോ.”
പ്രസവ ശേഷം പ്രസവ രക്ഷയൊക്കെ കഴിഞ്ഞ് ശരീരം ഒന്നു നന്നായി ഭർതൃ ഗൃഹത്തിലേക്ക് പോകുന്നതിന് മുമ്പ് ആണല്ലോ കോപ്പർ ടി ഇടാറുള്ളത്. അതു കഴിഞ്ഞ് സ്വാഭാവികമായി സ്ത്രീകൾ ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടുന്നു. സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ പോലും പലപ്പോഴും സമയം കിട്ടാറുമില്ല. പ്രസവരക്ഷാ സമയത്ത് ഉണ്ടായ വണ്ണം ഒരു രണ്ടുമൂന്നു മാസം കൊണ്ട് പോയിക്കിട്ടും. പേരു ദോഷം കോപ്പർ ടി ക്കും.
”അല്ല എല്ലാരും പറയുന്നു നടുവേദനയുണ്ടാകും എന്ന്.”
എന്താണീ നടുവേദനയുടെ കാരണം. . . നമുക്കു നോക്കാം.
മുലയൂട്ടുന്ന അമ്മമാരോട് എല്ലാവരും പറഞ്ഞു കൊടുക്കും കിടന്നു പാലുകൊടുക്കരുതെന്ന്. എന്നാൽ എങ്ങനെ ഇരുന്ന് പാലു കൊടുക്കണമെന്ന് പലപ്പോഴും പറഞ്ഞു കൊടുക്കാറുമില്ല. കട്ടിലിലോ കസേരയിലോ ഇരുന്ന് മടിയിൽ കുഞ്ഞിനെ കിടത്തി മുന്നോട്ടു കുനിഞ്ഞ് നട്ടെല്ല് വളഞ്ഞ് കൂനിക്കൂടി ഇരുന്നാണ് പല അമ്മമാരും കുഞ്ഞിനെ മുലയൂട്ടുന്നത്. ഈ ഒരു posture ആണ് മുലയൂട്ടുന്ന അമ്മമാരിലെ നടുവേദനക്ക് പ്രധാന കാരണം.
അമ്മ കസേരയിലോ ഭിത്തിയിലോ ചാരിയിരുന്ന് മടിയിൽ ഒരു തലയിണ വച്ച് കുഞ്ഞിൻറെ വായ് അമ്മയുടെ മുലഞെട്ടിന് ഒപ്പം എത്തുന്നവണ്ണം ഉയർത്തിയതിന് ശേഷം അമ്മയ്കും കുഞ്ഞിനും വളരെ സൗകര്യ പ്രദമായി വേണം മുലയൂട്ടാൻ.
മുലയൂട്ടുന്ന അമ്മമാർ കാൽസ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളം കഴിക്കേണ്ടതാണ്. പാല്, പാലുൽപന്നങ്ങൾ, ചീര, കുവരക്, എള്ള്, ബ്രോക്കോളി, മൽസ്യം തുടങ്ങിയവയൊക്കെ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളാണ്.
ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മുലയൂട്ടുന്ന അമ്മമാരിലെ നടുവേദന ഒഴിവാക്കാനാകും. പാവം കോപ്പർ ടിയെ പേരുദോഷത്തിൽ നിന്ന് രക്ഷിക്കാനുമാവും.
”ഡോക്ടറെ , എന്നാലും ഈ കോപ്പർ ടി ഇട്ടാൽ അസ്ഥിയുരുക്കം ഉണ്ടാവുമെന്ന് എല്ലാവരും പറയുന്നു.”
ഏറെ തെറ്റിദ്ധാരണ പരത്തുന്ന മറ്റൊരവസ്ഥയാണ് അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക്. വെള്ള പോക്ക് എന്ന രോഗ ലക്ഷണവുമായി ഗൈനക്കോളജിസ്റ്റിന് അടുത്തെത്തുന്ന രോഗികളിൽ വളരെ ചുരുക്കം ആൾക്കാരിൽ മാത്രമേ അസുഖം എന്ന രീതിയിൽ വെള്ളപോക്ക് ഉണ്ടാവാറുള്ളൂ. മനുഷ്യ ശരീരത്തിലെ പുറത്തേക്ക് തുറക്കുന്ന രന്ധ്രങ്ങളായ വായ്, മൂക്ക്, മലദ്വാരം തുടങ്ങി എല്ലാ ദ്വാരങ്ങളിലും ഒരു ഈർപ്പം ഉണ്ടായിരിക്കും. അതുപോലൊരു ഈർപ്പം യോനിയിലും ഉണ്ടായിരിക്കും. പിന്നെ പ്രത്യുൽപാദന അവയവമായതു കൊണ്ട് ബീജം കടന്നു പോകുന്നതിനു വേണ്ടി അണ്ഡ വിസർജ്ജന സമയത്ത് ഗർഭാശയ മുഖത്തു നിന്നുള്ള സ്രവം കട്ടി കുറഞ്ഞ് നൂലുപോലെ നേർത്തു വരാറുണ്ട്. ഹോർമോണുകളുടെ പ്രവർത്തന ഫലമായി മാസമുറ അടുത്തു വരുന്തോറും ഈ സ്രവത്തിന് കട്ടി കൂടി വരുന്നു. ഇങ്ങനെ ചാക്രികമായി കട്ടി കൂടിയും നേർത്തും വരുന്ന യോനീ സ്രവം അസുഖമല്ല.
എന്നാൽ എപ്പോഴാണ് ഈ അവസ്ഥ ഒരു അസുഖമായി മാറുന്നത് എന്ന് അറിഞ്ഞിരിക്കണം. ചൊറിച്ചിലോടു കൂടിയ വെള്ള പോക്ക്, അല്ലെങ്കിൽ ദുർഗന്ധത്തോടെയുള്ള വെള്ള പോക്ക്, അതുമല്ലെങ്കിൽ തുണി ഉടുക്കേണ്ട രീതിയിൽ കൂടുതലായുള്ള വെള്ളപോക്ക് തുടങ്ങിയ അവസരങ്ങളിൽ ചികിൽസ കൂടിയേ കഴിയൂ.
”അപ്പൊ ഡോക്ടറെ , ഇതൊക്കെ അകത്തിട്ടാൽ രക്തം പോക്ക് കൂടുമെന്ന് പറയുന്നതോ. . ”
ആദ്യത്തെ രണ്ടോ മൂന്നോ മാസങ്ങളിൽ ആർത്തവ സമയത്ത് ചിലരിൽ രക്തം പോക്ക് അല്പം കൂടുതലായി കാണാറുണ്ട്. അപൂർവമായി ചിലരിൽ ആർത്തവത്തിന് രണ്ടാഴ്ച മുമ്പും അല്പം രക്തം കലർന്ന് വെള്ളപോക്ക് ഉണ്ടാകാം. ഇതു രണ്ടും ആദ്യത്തെ രണ്ടു മൂന്നു മാസങ്ങൾക്കകം ശരിയാകുന്നതായാണ് കാണപ്പെടാറുള്ളത്
ഗർഭ നിരോധന മാർഗ്ഗങ്ങൾ തുടക്കത്തിൽ ഉപയോഗിച്ചിരുന്നത് ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടി ആയിരുന്നു. എന്നാൽ ഇന്ന് ജനസംഖ്യാ നിയന്ത്രണം എന്നതിലുപരി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും അതിലൂടെ മാതൃമരണ നിരക്കും ശിശു മരണ നിരക്കും കുറക്കാനുമുള്ള ഉപാധിയാണ് ഗർഭ നിരോധന മാർഗ്ഗങ്ങൾ.
അനവസരത്തിലുള്ള ഗർഭധാരണം ഒഴിവാക്കുന്നതിലൂടെ ഗർഭച്ഛിദ്രങ്ങൾ ഒഴിവാക്കാനാകുന്നു. ഇൻഡ്യയിൽ ഉണ്ടാകുന്ന മാതൃ മരണങ്ങളിൽ 8% മരണങ്ങൾ ഗർഭച്ഛിദ്രത്തോട് അനുബന്ധിച്ച് ആണ് ഉണ്ടാകുന്നത് എന്നറിയുമ്പോഴാണ് അനവസരത്തിലുള്ള ഗർഭധാരണം ഒഴിവാക്കേണ്ടതിൻറെ ആവശ്യകത മനസ്സിലാകുന്നത്. ഓരോ മണിക്കൂറിലും അഞ്ച് മാതൃമരണങ്ങളും 122 ശിശു മരണങ്ങളും നടക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് യഥാസമയം സ്വീകരിക്കുന്ന ഗർഭ നിരോധന മാർഗ്ഗങ്ങളിലൂടെ എത്രയോ ജീവനുകൾ നമുക്ക് രക്ഷപെടുത്താനാകും.
ഇരുപതു വയസ്സിന് മുൻപുള്ള ഗർഭ ധാരണം അല്ലെങ്കിൽ 3 വർഷത്തിൽ കുറഞ്ഞ ഇടവേളകളിലുള്ള ഗർഭധാരണം അതുമല്ലെങ്കിൽ ആവർത്തിച്ചാവർത്തിച്ചുള്ള ഗർഭധാരണം ഇവയൊക്കെയാണ് ഈ മാതൃമരണങ്ങളും ശിശുമരണങ്ങളും ഉണ്ടാകാനുള്ള ഒരു കാരണം.
ശരീര ഭാഗങ്ങൾ തുളച്ച് ആഭരണങ്ങൾ ധരിക്കുന്നത് ഒരു പ്രാകൃത രീതിയായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. കാതും മൂക്കും ഒക്കെ തുളച്ച് ആഭരണം ധരിക്കാൻ മടിയില്ലാത്ത മലയാളി, കോപ്പർ എന്ന ലോഹം യാതൊരു മുറിപാടുമില്ലാതെ ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുമ്പോൾ ഇത്രയേറെ വൈമുഖ്യം കാട്ടുന്നതെന്തിനെന്ന് തോന്നിപ്പോകാറുണ്ട്.
പ്രത്യേകിച്ച് ഹോർമോണുകളൊന്നും അടങ്ങിയിട്ടില്ലാത്ത ശരീരത്തിന് യാതൊരു വിധത്തിലുള്ള കേടുപാടുകളുമുണ്ടാക്കാത്ത, മറ്റു മരുന്നുകളോട് ഒരു തരം പ്രതി പ്രവർത്തനവും ഉണ്ടാക്കാത്ത മുലയൂട്ടുന്ന അമ്മമാർക്കും സുരക്ഷിതമായി ഉപയോഗിക്കാവുന്ന കോപ്പർ ടി എന്ന ഗർഭനിരോധന മാർഗ്ഗം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ഉപാധിയാണ്.
സുഖ പ്രസവത്തോടൊപ്പമോ പ്രസവശേഷം 48 മണിക്കൂറിനകമോ സിസ്സേറിയനോടൊപ്പമോ കോപ്പർ ടി ഗർഭ പാത്രത്തിനുള്ളിൽ നിക്ഷേപിക്കാവുന്നതാണ്. അതല്ലെങ്കിൽ പ്രസവശേഷം ആറാഴ്ച കഴിഞ്ഞ് ഗർഭിണിയല്ലെന്ന് ഉറപ്പുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും കോപ്പർ ടി നിക്ഷേപിക്കാവുന്നതാണ്. എന്നാലും മാസമുറ തുടങ്ങി ആദ്യത്തെ ഒരാഴ്ചയ്കകം കോപ്പർ ടി നിക്ഷേപിക്കുന്നതാണ് കൂടുതൽ അഭികാമ്യം.
ഇത്രയൊക്കെ മേൻമകളുള്ള ഗർഭനിരോധനമാർഗ്ഗമാണ് കോപ്പർ ടി എങ്കിലും ചില അവസരങ്ങളിൽ ഈ മാർഗ്ഗം അനുയോജ്യമല്ലെന്ന് മോഡേൺ മെഡിസിൻ പറയുന്നുണ്ട്. ജനനേന്ദ്രിയ വ്യവസ്ഥിതിയിലുള്ള അണു ബാധ, അർബുദം , ക്ഷയരോഗം, യോനിയിലൂടെ പഴുപ്പ് വന്നു കൊണ്ടിരിക്കുന്ന അവസ്ഥ, കാരണമറിയാത്ത യോനിയിലൂടെയുള്ള രക്തസ്രാവം, ഗർഭപാത്രത്തിനകത്തേക്ക് മുഴച്ചു നിൽക്കുന്ന മുഴകൾ തുടങ്ങിയ അവസ്ഥകളിൽ കോപ്പർ ടി നിർദ്ദേശിക്കാറില്ല.
എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി കോപ്പർ ടി നിക്ഷേപിക്കാനുള്ള സൗകര്യം ഉണ്ട്. അതിനു ശേഷമുള്ള തുടർ ചികിൽസകളും വേണ്ടപ്പോൾ കോപ്പർ ടി മാറ്റാനുള്ള സൗകര്യവും എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. എന്നിരുന്നാലും 2% സ്ത്രീകൾ മാത്രമാണ് ഇൻഡ്യയിൽ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത് എന്നത് നിരാശാജനകമാണ്.