കോറോണക്കാലത്തെ ആൾക്കൂട്ടങ്ങൾ?!
കൊറോണ ലോകമെങ്ങും പടരുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന ഏത് അവസരങ്ങളും ഒഴിവാക്കണം, എന്നതാണ് ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹത്തിൽ നിന്നും, അധികാരികളിൽ നിന്നും ഉയരുന്ന നിർദ്ദേശം.
ചരിത്രത്തിൽ നിന്നുള്ള ചില ഏടുകൾ നോക്കാം,
1918 ലെ ഒന്നാം ലോമഹായുദ്ധകാലം. ജെർമനിക്കെതിരെ യുദ്ധ സന്നാഹങ്ങളുമായി ഒരുങ്ങി നിൽക്കുന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക. ശത്രുവിനെതിരേയുള്ള തന്ത്രങ്ങളും ആയുധങ്ങളുമായി തയ്യാറാക്കി നിർത്തിയിരിക്കുന്ന 1.2 ദശലക്ഷത്തോളം വരുന്ന കരുത്തുറ്റ സൈന്യം. അതിനിടയിൽ സൈന്യത്തിൻ്റെ ഏകാഗ്രത നശിപ്പിക്കാൻ ഒരു ജലദോഷം! കൂടുതലും ഗ്രാമങ്ങളിൽ നിന്നും വന്ന പുതിയ അംഗങ്ങൾക്കിടയിൽ. തുടക്കക്കാരൻ്റെ പരാധീനതകളായി മേലുദ്യോഗസ്ഥൻമാർ അത് അവഗണിക്കാൻ ശ്രമിച്ചു. പക്ഷേ വെറുമൊരു ജലദോഷത്തിൽ അവസാനിക്കുന്നതായിരുന്നില്ല അത്. പതുക്കെ ജലദോഷത്തിൻ്റെ ഭാവം മാറി. പട്ടാള ക്യാംപിൽ ന്യൂമോണിയയായി കത്തിപ്പടർന്നു. പട്ടാളക്കാർ തെരുവുനായകളെ പോലെ മരിച്ചുവീണു. ഒടുക്കം ശത്രു സൈന്യത്തിനു കീഴടങ്ങിയതിനേക്കാൾ മനുഷ്യർ വൈറസിന് കീഴടങ്ങി. കൈക്കരുത്തും ആയുധങ്ങളുമായി ശത്രുക്കളെ വകവരുത്താൻ ഇറങ്ങി തിരിച്ച കരുത്തർ ഒരു പീറ വൈറസിനു മുന്നിൽ അടിയറവു പറയുന്നതിന് ചരിത്രം സാക്ഷിയായി.
2020, ലീ മാൻ ഹീ- ദൈവത്തിൻ്റെ പ്രതിപുരുഷൻ. ദൈവത്തിൻ്റെ രഹസ്യ ലിപികളുടെ അർഥം മനസ്സിലാക്കാൻ കഴിയുന്ന പ്രവാചകൻ. കുടുംബത്തെ, ജോലിയെ, ലൗകികമായ എല്ലാത്തിനേയും ഉപേക്ഷിച്ച് സിൻചോൻജിയിൽ അംഗമാവാൻ ലോകത്തോട് വിജ്ഞാപനം ചെയ്ത മനുഷ്യദൈവം. അദ്ദേഹത്തിൻ്റെ പാത പിൻതുടർന്നത് പല രാജ്യങ്ങളിലായി പതിനായിരങ്ങൾ. അവസാനം സൗത് കൊറിയയിലെ കോവിഡ് 19 വൈറസിൻ്റെ ഏറ്റവും വലിയ ഉറവിടമായത് ഈ ചർച്ചിലെ കൂട്ടായ്മ!
ആത്യന്തിക ജീവിതവിജയത്തിനു വേണ്ടിയുമുള്ള കൂട്ടായ്മ ഒടുക്കം ഒരു വൈറസിനു മുന്നിൽ കീഴടങ്ങുന്ന ദയനീയ കാഴ്ച്ച!
ശത്രുവിനെ തോൽപ്പിച്ച് ലോകം കാൽകീഴിലാക്കാനുള്ള ജൈത്രയാത്രയായാലും ദൈവത്തിൽ അഭയം പ്രാപിച്ച് സ്വർഗ്ഗം കീഴടക്കാനുള്ള വ്യഗ്രതയിലായാലും വൈറസ് എന്ന ശത്രു എത്ര ലാഘവത്തോടെയാണ് മനുഷ്യനെ കീഴടക്കുന്നതെന്ന തിരിച്ചറിവുണ്ടാവാൻ ഓർത്തിരിക്കേണ്ട ചരിത്ര മുഹൂർത്തങ്ങൾ!
“വിഡ്ഢിയുടെ സാഹസമല്ല ധൈര്യ”മെന്നോർക്കാൻ ഈ സംഭവങ്ങൾ സഹായിക്കണം. പാമ്പിനെയായാലും കടുവയെയായാലും വൈറസിനെയായാലും ശാസ്ത്രീയമായി തന്നെ നേരിടണം. അവിടെ വികാരത്തിന് സ്ഥാനമില്ല.
?പൊതു സമ്മേളനങ്ങൾ ഒഴിവാക്കണം എന്ന് ആഹ്വാനിച്ചു കൊണ്ട് പ്രധാനമന്ത്രിയും കേന്ദ്ര നേതാക്കളും ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ല എന്നറിയിച്ചത് ജനങ്ങൾക്കുള്ള വ്യക്തമായ സന്ദേശമാണ്.
?മാർച്ച് 5 നു കേന്ദ്ര മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗരേഖയിൽ പറയുന്നു,
1. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പൊതുസമ്മേളനങ്ങൾ മാറ്റി വെക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക.
2. ഒഴിവാക്കാൻ പറ്റാത്തത് ആണെങ്കിൽ സ്റ്റേറ്റ് മുൻകൈ എടുത്തു വേണ്ട മുൻകരുതൽ എടുക്കാൻ സംഘാടകരെ ഗൈഡ് ചെയ്യാൻ നടപടികൾ എടുക്കണം.
ഇത് പറയുമ്പോൾ ഏറ്റവും ഒടുവിലത്തെ വാർത്തകൾ,
?ഡൽഹിയിലെ ഷൂട്ടിംഗ് വേൾഡ് കപ്പ് മാറ്റി വെച്ചിരിക്കുന്നു.
?സൈപ്രസിൽ നടക്കാനിരുന്ന അന്തർദ്ദേശീയ ഷൂട്ടിങ് മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറിയിരുന്നു.
?ബയോമെട്രിക് അറ്റന്റൻസ് സംവിധാനം ഒഴിവാക്കാൻ കേന്ദ്ര ജീവനക്കാർക്ക് നിർദ്ദേശം നൽകി.
?ഭോപ്പാലിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അവാർഡ് മാറ്റി.
?നെതർലണ്ടിൽ ആദ്യ കൊറോണ മരണം, അയർലൻഡ് ആദ്യത്തെ കമ്മ്യൂണിറ്റി ട്രാൻസ്മിറ്റഡ് കൊറോണ കേസ് സ്ഥിരീകരിച്ചു.
?ആരോഗ്യപ്രവർത്തകർക്കു ആവശ്യമായി വരുന്ന വ്യക്തിഗത സുരക്ഷാ കിറ്റുകൾ, ഗ്ലൗസ്, മാസ്ക് എന്നിവയ്ക്ക് ദൗർലഭ്യം വരും എന്ന് കണ്ടു അവയുടെ ഉൽപ്പാദനം 40 % കണ്ടു കൂട്ടാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.
?അടിയന്തിര ഘട്ടം നേരിടേണ്ടി വന്നാൽ അതിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ പല ലോകരാജ്യങ്ങളും മുന്നൊരുക്കങ്ങളിൽ ആണ്.
?വിഭവ പരിമിതികൾ ഉള്ള, എന്നാൽ ജനസംഖ്യ വളരെ ഉയർന്ന നമ്മുടെ രാജ്യത്തു രോഗപ്പകർച്ച തടയാൻ അതീവ ശ്രദ്ധ കൊടുക്കേണ്ടത് പ്രാധാന്യമർഹിക്കുന്നു.
?എന്തുകൊണ്ട് ആൾക്കൂട്ടങ്ങൾ പൊതുസമ്മേളനങ്ങൾ ഒഴിവാക്കണം എന്ന ചോദ്യത്തിന് ഉദാഹരണങ്ങൾ നമ്മുടെ ചുറ്റിനും ഉണ്ടെന്നു പറയാനാണ് ലേറ്റസ്റ്റ് സ്ഥിതിഗതികൾ ചൂണ്ടിക്കാണിച്ചത്. ഇനി അല്പം മുൻപ് നടന്ന സംഭവങ്ങൾ കൂടി ഓർമ്മിപ്പിക്കാം,
1) ചൈനയിൽ ഡിസംബറിൽ കൊറോണയെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ച വിസിൽ ബ്ലോവർ ഡോക്ടർ ഡോ. ലീ വെൻലിയാങ്ങ്.( രോഗം ബാധിച്ച് മരണമടഞ്ഞു .)
അദ്ദേഹമുൾപ്പടെയുള്ളവരുടെ സ്വരം പുറത്തെത്താതിരിക്കുവാനായിരുന്നു തുടക്കത്തിൽ അധികൃതർ ശ്രമിച്ചത്. ആ ശ്രമം ഇപ്പോൾ നമ്മളെ എവിടെ എത്തിച്ചു എന്നതാലോചിക്കുക.
2) സൗത്ത് കൊറിയയിലെ പാസ്റ്റർ രാജ്യത്തോട് മാപ്പപേക്ഷിച്ചത് വാർത്തയായിരുന്നു. അതിനു കാരണം രാജ്യത്ത് ആ സമയത്ത് റിപ്പോർട്ട് ചെയ്ത 4000 കേസുകളുടെ 60% ആളുകളും ആ പാസ്റ്റർ നടത്തിയ പ്രാർഥനയിൽ പങ്കെടുത്തവരായിരുന്നു.
അത് മാത്രമല്ല, അവരുടെ അംഗങ്ങൾ ആരൊക്കെയാണെന്നതിൽ രഹസ്യാത്മകത സൂക്ഷിച്ചിരുന്നതുകൊണ്ട് അവരെ ട്രേസ് ചെയ്യാനും ദുഷ്കരമായിരുന്നു. ഇന്ന് വിക്കിപ്പീഡിയ അനുസരിച്ച് കൊറോണ സൗത്ത് കൊറിയയിൽ 6284ൽ എത്തിനിൽക്കുന്നു.
3, ലോകമെമ്പാടും വിവിധ പരിപാടികൾ റദ്ദാക്കിയിരുന്നു
A. സൗദി അറേബ്യ ഉംറ സന്ദർശനം മാർച്ച് 31 വരെ റദ്ദ് ചെയ്തിട്ടുണ്ട്.
B. ബാഴ്സലോണയിൽ നടത്താനിരുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് മാറ്റിവച്ചു
C. 200 തൊട്ട് 250 മില്യൺ സ്വിസ് ഫ്രാങ്ക് വരുമാനം ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്ന ജനീവയിലെ ഓട്ടോമൊബീൽ എക്സിബിഷൻ മാറ്റിവച്ചു
D. ഫേസ്ബുക്ക് തന്നെ അതിൻ്റെ ഗ്ലോബൽ മാർക്കറ്റിങ്ങ് സമ്മിറ്റ് മാറ്റിവച്ചു
E. ആസിയാൻ രാജ്യങ്ങളുടെ സമ്മേളനം – അമേരിക്കയിൽ ട്രമ്പ് അഡ്മിനിസ്റ്റ്രേഷൻ നടത്താനിരുന്നത് – മാറ്റിവച്ചു
F. ജയിംസ് ബോണ്ടിൻ്റെ ഏറ്റവും പുതിയ സിനിമ ” നോ ടൈം ടു ഡൈ ” റിലീസ് നവംബറിലേക്ക് മാറ്റിവച്ചു
? ഇനി നമുക്ക് ഇന്ത്യയിലെ ഒടുവിലത്തെ രോഗപ്പകർച്ചകൾ എങ്ങനെയെന്ന് നോക്കാം,
ഇതെഴുതുമ്പൊ പുതുതായി സ്ഥിരീകരിച്ചത് 30 കേസുകളാണ്. കേരളത്തിലേത് മാറ്റി നിർത്തിയാൽ മുംബൈ എയർപോർട്ടിൽ മാർച്ച് ഒന്നാം തിയതി ഒരാൾക്ക് കൊറോണ സംശയിച്ചു.
മാർച്ച് 2ന് ഡൽഹിയിൽ ഒരാളും ഹൈദരാബാദിൽ ഒരാളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ജയ്പൂരിൽ ഒരു ഇറ്റാലിയൻ സിറ്റിസനും പോസിറ്റീവ് ആയി.
ഇറ്റാലിയൻ സിറ്റിസണുമായി കോണ്ടാക്റ്റിലുണ്ടായിരുന്ന 24 പേരിൽ 16 പേരെ പിന്നീട് കൊറോണ പൊസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹിയിലെ ആളുടെ കുടുംബത്തിലെ ആറ് പേർ പോസിറ്റീവായി.
പേ ടി എമ്മിലെ ജോലിക്കാരൻ ഇറ്റലിയിൽ നിന്നാണ് തിരികെ എത്തിയിരിക്കുന്നത്. ഗാസിയാബാദിൽ ഇറാനിൽ പോയി തിരിച്ചുവന്ന ഒരാളും പോസിറ്റീവായി അങ്ങനെ ആകെ 30.
ആ മുപ്പത് പേരിൽ 8 പേർക്ക് വിവിധ രാജ്യങ്ങളിലേക്ക് പോയതിൻ്റെ ചരിത്രം ഉണ്ട്. ബാക്കി 22 കോണ്ടാക്റ്റുകളാണ്. ഇവരുമായി കോണ്ടാക്റ്റിലുള്ളവർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കണമെങ്കിൽ നമ്മൾ ഇനിയും 14 ദിവസം കാത്തിരിക്കണം…
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതിനു ശേഷം 35 ദിവസം കഴിഞ്ഞു. നമ്മുടെ ഇടയിൽ അത് പടരാതിരിക്കാൻ കാരണം കൊറോണ സ്ഥിരീകരിച്ചവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പടരാതിരുന്നതിനാലാണ്.
അവർ സ്വയം ഐസൊലേഷനിലോ ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ചുള്ള നിരീക്ഷണത്തിലോ ഒക്കെ ആയിരുന്നു.
? എന്ത് കൊണ്ട് ജാഗ്രത വേണം?
നിലവിൽ കേരളത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതു കൊണ്ട് നമുക്ക് ഭയപ്പെടേണ്ടതോ പരിഭ്രാന്തരാകേണ്ടതോ ആയ സാഹചര്യം ഇതുവരെയില്ല. എന്നാൽ ജാഗ്രത കുറയ്ക്കണം എന്നതിനർത്ഥമില്ല .
ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ കേസുകൾ സ്ഥിരീകരിച്ചതിനാൽ കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലേക്ക് രോഗം എത്താനുള്ള സാധ്യത ഒഴിവാക്കാനാവില്ല. എയർപോർട്ട് കേന്ദ്രീകരിച്ചു സ്‌ക്രീൻ ചെയ്യുന്നത് പോലെ ഫലപ്രദമായി ട്രെയിൻ, ബസ് പോലുള്ള അന്തർ സംസ്ഥാന യാത്രകൾ നിരീക്ഷിക്കാനോ നിയന്ത്രിക്കാനോ കഴിയില്ലല്ലോ?
വലിയ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവരെ മുഴുവൻ സ്ക്രീൻ ചെയ്യുക എന്നത് വളരെയധികം വൈഷമ്യങ്ങളുള്ള ഒന്നാണ്. പ്രത്യേകിച്ച് വിദേശങ്ങളിൽ നിന്നും മറ്റ് അയൽ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം ആളുകൾ എത്താനിടയുള്ളിടങ്ങളിൽ.
ഒരാളിൽ നിന്ന് മറ്റുള്ളവർക്ക് രോഗബാധയുണ്ടായാൽ അതൊരു വ്യക്തിപരമായ കാര്യമല്ല. സമൂഹത്തെ ബാധിക്കുന്ന പൊതുജനാരോഗ്യ പ്രശ്നമാണ്.
?ഉയർന്ന അന്തരീക്ഷ താപനില കോവിഡ് – 19 വൈറസിൻ്റെ പകർച്ചയെ പ്രതിരോധിക്കുമോ?
ഇതിനു യാതൊരു ശാസ്ത്രീയ അടിത്തറയും ഇതുവരെ ഇല്ല.
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് അവിടുത്തെ താപനില 37
രോഗികളെ കണ്ടെത്തിയ മറ്റു ചില രാജ്യങ്ങളും അവിടുത്തെ താപനിലയും ഉദാ: ആയി നോക്കാം.
ഇന്തോനേഷ്യ (32ഡിഗ്രി)
തായ്‌ലൻഡ് – 47 കേസുകൾ (മുപ്പത് ഡിഗ്രി)
സിംഗപ്പൂരിൽ – 110 കേസുകൾ ( 30 ഡിഗ്രി)
മലേഷ്യയിൽ – 50 കേസുകൾ (30 ഡിഗ്രി)
ഇവിടങ്ങളിലൊക്കെ ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുണ്ട്.
?ആള് കൂടാൻ സാധ്യതയുള്ള പരിപാടികൾ റദ്ദാക്കാനോ, മാറ്റി വെക്കാനോ സംഘാടകർ സന്മനസ്സ് കാണിക്കണം.
?ഇത്തരം രോഗസംക്രമണ സാധ്യത ഉള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ ജനങ്ങളും ശ്രമിക്കണം.
?അതിലെല്ലാം ഉപരി ഇത്തരം സാഹചര്യങ്ങളിൽ വൈകാരികതയും, മറ്റ് താൽപ്പര്യങ്ങളും മാറ്റി വെച്ച് ശാസ്ത്രീയതയും വിദഗ്ദ്ധ നിർദ്ദേശങ്ങളും മാത്രം മുൻനിർത്തി സമൂഹനന്മയെ മാത്രം മുന്നിൽ കണ്ടു പോളിസി മേക്കർമാർ ഇച്ഛാശക്തിയോടെ ഉറച്ച തീരുമാനങ്ങളെടുക്കണം.
?15000 പേർ പ്രതിദിനം സന്ദർശിക്കുന്ന അമൃതപുരിയിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയത് സ്വാഗതാർഹമായ കാര്യമാണ്.
?ജനങ്ങളിൽ സ്വാധീനശേഷിയുള്ള ഏതൊരാളും ഇത്തരുണത്തിൽ സങ്കുചിത താൽപ്പര്യങ്ങളും, ചിന്തകളും മാറ്റി വെച്ച്, പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് വേണ്ടത്.