· 5 മിനിറ്റ് വായന

കൊറോണനാശിനികൾ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണസംഖ്യ രേഖപ്പെടുത്തിയ രാജ്യത്തെ ഭരണാധികാരി ഒരു “തമാശ” പറഞ്ഞു, അണുനാശിനി ശരീരത്തിൽ കുത്തി വച്ചാൽ മതി, ഒരു മിനിറ്റിനുള്ളിൽ നമുക്ക് സ്വയം അണുവിമുക്തമാവാം…
ആഹാ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം….
ഇതൊന്നും കേട്ട് ആരും അണുനാശിനി എടുത്തു കുടിക്കാനോ കുത്തി വയ്ക്കാനൊ മുതിരല്ലേ; ജീവൻ ബാക്കി കാണില്ല…

എന്തായാലും ഇത്രയുമൊക്കെ ആയില്ലേ, അണുനാശിനികളെയും ആന്റിസെപ്റ്റിക്കുകളെയും പറ്റി ഒന്ന് നോക്കി കളയാം …

അണുനാശിനികളും (disinfectants) ആന്റിസെപ്റ്റിക്കുകളും (antiseptics) രോഗാണുക്കളെ നശിപ്പിക്കുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുന്ന രാസപദാർഥങ്ങളാണ്.

എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?

അണുനാശിനികൾ (disinfectants)

അചേതന വസ്തുക്കളും പ്രതലങ്ങളും പരിസരങ്ങളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ. ഇവ ജീവജാലങ്ങൾക്കു മേൽ പ്രയോഗിക്കാൻ പാടില്ല.
ഉദാ : ബ്ലീച് ലായനി

ആന്റിസെപ്റ്റിക്കുകൾ (antiseptics)

ജീവജാലങ്ങൾക്കു മേൽ പ്രയോഗിക്കാവുന്നവ.
ഉദാ : ഹാൻഡ് സാനിറ്റൈസറിലും , സർജിക്കൽ സ്‌ക്രബിലുമുള്ള ആൽക്കഹോൾ, ക്ലോർഹെക്സിഡിൻ മുതലായവ

ആൽക്കഹോൾ പോലെയുള്ള ചില പദാർഥങ്ങൾ ഡിസൈൻഫെക്റ്റന്റ് ആയും ആന്റിസെപ്റ്റിക് ആയും ഉപയോഗിക്കാം.

രോഗിയുടെ ശ്വാസകോശ സ്രവങ്ങളിലൂടെയാണ് കോവിഡ് -19 പകരുന്നത്. ശാരീരിക അകലവും ചുമ മര്യാദകളും പാലിക്കാതെയിരുന്നാൽ ഈ സൂക്ഷ്മ കണികകൾ നേരിട്ട് മറ്റൊരാളിൽ എത്താം. കൂടാതെ, ഇവ വസ്തുക്കളിലും പ്രതലങ്ങളിലും പതിച്ചാൽ അവയിൽ സ്പർശിക്കുന്നതും രോഗപകർച്ചക്കു കാരണമാകും.

രോഗാണുവിനെ വഹിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്രതലങ്ങൾ /വസ്തുക്കൾ

കൈകൾ
വസ്ത്രങ്ങൾ
ഹാൻഡ് റയിലുകൾ
വാതിൽപ്പിടികൾ
സ്വിച്ചുകൾ
മേശ
കസേര
ഫോൺ
ടാപ്പ്
ടോയ്ലറ്റ് ഫോസെറ്റ്
വാഷ് ബേസിൻ

ഇത്തരത്തിൽ രോഗാണുക്കളുള്ള പ്രതലങ്ങളെയും അചേതന വസ്തുക്കളെയും അണുവിമുക്തമാക്കാൻ അണുനാശിനികളും (disinfectants), നമ്മുടെ കൈകൾ ശുചിയാക്കാൻ ആന്റി സെപ്റ്റിക്കുകളും ഉപയോഗിക്കാം.

കൊറോണയെ തുരത്താൻ ഇവ എവിടെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കാം…?

കൊറോണ വൈറസിനെതിരെ പ്രധാനമായും ഉപയോഗിച്ചു വരുന്നത് സോപ്പ്, ഹൈപ്പോക്ലോറൈറ്റ് (ബ്ലീച് ലായനി), ആൽക്കഹോൾ എന്നിവയാണ്.

സോപ്പ്

സോപ്പിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾക്കു വൈറസിന്റെ കൊഴുപ്പേറിയ പുറംപാളിയിൽ പറ്റി പിടിച്ചു അതിനെ വിഘടിപ്പിക്കുന്നു, ഇത്തരത്തിൽ നിഷ്ക്രിയമാക്കപ്പെട്ട വൈറസ് വെള്ളത്തോടൊപ്പം ഒലിച്ചു പോകുന്നു.

കോറോണയെ പ്രതിരോധിക്കാൻ കുറഞ്ഞത് 20 സെക്കന്റ്‌ സോപ്പ് തേച്ച ശേഷം വേണം കൈകൾ കഴുകാൻ.

സോപ്പ് ലായനി നിർജീവ പ്രതലങ്ങളിലും വസ്തുക്കളിലും ഉപയോഗിക്കാം .

തുണികൾ/തുണി മാസ്കുകൾ സോപ്പ് ലായനിയിൽ മുക്കി വച്ച ശേഷം കഴുകാം.

ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുന്നതും വെയിലത്തു ഉണക്കി ഉപയോഗിക്കുന്നതും നല്ലതാണ്.

വാഷിംഗ്‌ മെഷീനിൽ 60-90 ഡിഗ്രിയിൽ ഡിറ്റർജന്റ് ഉപയോഗിച്ചു കഴുകുകയുമാകാം.

ആൽക്കഹോൾ

കുറഞ്ഞത് 60% ആൽക്കഹോൾ അടങ്ങിയ ലായനികൾ കോറോണയെ പ്രതിരോധിക്കും, മിക്കവാറും ഹാൻഡ് സാനിറ്റൈസറുകളിലും ചില വെറ്റ് വൈപ്പുകളിലും ഇതു ലഭ്യമാണ്.

കൈകൾ, രോഗികൾ സ്പർശിക്കാനിടയുള്ള പ്രതലങ്ങൾ എന്നിവ അതുപയോഗിച്ചു അണുവിമുക്തമാക്കാം.

കുറഞ്ഞത് 20 സെക്കന്റ്‌ സമ്പർക്ക സമയം വേണം.

സോഡിയം ഹൈപ്പോക്ലോറൈറ്റ് (ബ്ലീച്)

ഒരു ലിറ്റർ വെള്ളത്തിൽ മൂന്ന് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ ചേർത്തു കലക്കിയതിന്റെ തെളി ലായനിയിൽ അണുവിമുക്തമാക്കേണ്ട വസ്തു/തുണികൾ കുറഞ്ഞത് 20 മിനിറ്റ് എങ്കിലും മുക്കി വയ്ക്കാം. ശേഷം വൃത്തിയായി കഴുകി എടുക്കുക.

പ്രതലങ്ങളിൽ ഒരു മിനിറ്റ് വച്ചാൽ മതിയാകും, ശേഷം വെള്ളം ഉപയോഗിച്ചു തുടച്ചു നീക്കണം.

ദ്രവിക്കാനിടയുള്ള ലോഹ പ്രതലങ്ങളിൽ ബ്ലീച് ഉപയോഗിക്കുന്നതിനു പകരം ആൽക്കഹോൾ ഉപയോഗിക്കുകയും ആകാം.

വസ്തുക്കളെ ദ്രവിപ്പിക്കാൻ സാധ്യതയുള്ള അണുനാശിനിയാണിത്, തുണികളുടെ നിറം മങ്ങാനും സാധ്യതയുണ്ട്.

ബ്ലീച് ഒരിക്കലും അമോണിയയോ മറ്റു രാസവസ്‌തുക്കളുമായോ കൂട്ടിക്കലർത്തരുത്, ഇങ്ങനെ ചെയ്താൽ അപകടകരമായ തരത്തിൽ ക്ലോറിൻ /അമോണിയ വാതകം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത്.

അലർജി ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ബ്ലീച് ഉപയോഗിക്കുമ്പോൾ കൈയുറകൾ ധരിക്കാനും ചർമ്മവുമായി സമ്പർക്കം വരാതിരിക്കാനും ശ്രദ്ധിക്കണം.

ലായനി നിർമ്മിക്കുമ്പോൾ കണ്ണുകളിൽ തെറിച്ചു വീഴാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ആകസ്‌മികമായി കണ്ണിലോ ചർമ്മത്തിലോ വീണാൽ, വെള്ളം ഉപയോഗിച്ച് 15-20 മിനിറ്റ് കഴുകുക, ശേഷം വിദഗ്ദ്ധ വൈദ്യ സഹായം തേടുക.

അണുനശീകരണം ചെയ്യുന്ന ആൾ ഗ്ലൗസ്, ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ എടുത്തിരിക്കണം.

ചുരുക്കി പറഞ്ഞാൽ, അണുനാശിനികൾ കുടിക്കാനോ, ശരീരത്തിൽ തളിക്കാനോ കുത്തി വയ്ക്കാനോ ഉള്ളതല്ല…
ഇവ
ശരിയായ രീതിയിൽ,
ശരിയായ സമ്പർക്ക സമയം നിലനിറുത്തി,
ശരിയായ വസ്തുവിന് മേൽ
ഉപയോഗിക്കേണ്ടത് അത്യന്താപേക്ഷിതമാണ് .

ലേഖകർ
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ