· 5 മിനിറ്റ് വായന

ചുമ: എല്ലാ ചുമയും “വെറും ചുമ”യല്ല

GenericInfectious Diseases

ദിവസം ഒരിക്കലെങ്കിലും ചുമക്കാത്തവരായി ആരും ഉണ്ടാവില്ല. കാരണം മനുഷ്യ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണ ശേഷിയുടെ (Normal physiological reflex) ഭാഗമാണത്. ശ്വസന വഴിയിൽ എവിടെയെങ്കിലും ശരീരത്തിന് അഹിതമായ പൊടികളോ സ്രവങ്ങളോ പദാർത്ഥങ്ങളോ വന്നു പെട്ടാൽ അതിനെ നീക്കാൻ ശരീരത്തിന്റെ ഒരു വിദ്യയാണ് ചുമ അഥവാ cough. എന്നാൽ എല്ലാ ചുമയും നിസ്സാരമായി എടുക്കേണ്ടതുമല്ല. നിസ്സാരമായ ജലദോഷം മുതൽ മാരകമായ കാൻസറിന്റെ വരെ സൂചകമായേക്കാം അത്.

താഴെ പറഞ്ഞ തരത്തിലുള്ള ചുമകൾ ശ്രദ്ധിക്കേണ്ടതാണ്:

– കൂടുതൽ സമയം നീണ്ടു നിൽക്കുന്നത്: രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ ഗൗരവത്തിലെടുക്കേണ്ടതും പരിശോധിക്കപ്പെടേണ്ടതുമാണ്.

– ദൈനംദിന കാര്യങ്ങളെ തടസ്സപ്പെടുത്തുന്ന ചുമ: ഉദാഹരണത്തിന് സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ ചുമയ്ക്കുന്നത്.

– ചുമയോടൊപ്പം ശരീരവേദന, പനി, ക്ഷീണം, നെഞ്ചുവേദന, ശരീരം മെലിച്ചിൽ എന്നിവ അനുഭവപ്പെടൽ

– ചുമയുടെ കൂടെ ശ്വാസതടസ്സം, കിതപ്പ് എന്നിവ ഉണ്ടാകൽ.

– ചുമച്ച് പുറത്ത് വരുന്ന കഫത്തിൽ രക്തം കലരുകയോ കഫത്തിന്റെ നിറത്തിൽ വെള്ളയല്ലാത്ത നിറങ്ങൾ വരികയോ ചെയ്താൽ.

– ചുമ കാരണം കിടക്കാനോ നടക്കാനോ പറ്റാത്ത സാഹചര്യം വന്നാൽ.

– ചുമക്കുന്നത് കൊണ്ട് മാത്രം തീവ്രത കൂടിയേക്കാവുന്നതോ, ചിലപ്പോൾ മറ്റു പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതോ ആയ അവസ്ഥകൾ: ഉദാ. കണ്ണിൽ കൃഷ്ണമണിയുടെ ഓപ്പറേഷൻ, ഹെർണിയ ഓപ്പറേഷൻ, തലച്ചോറിൽ രക്ത സ്രാവം. തലച്ചോറിലെ പ്രെഷർ കൂടാൻ ഒരു കാരണം ആയേക്കാം നീണ്ടു നിൽക്കുന്ന ചുമ .

എന്ത് കൊണ്ട് ചുമക്കുന്നു?

മൂക്കിന്റെ ദ്വാരം മുതൽ ശ്വാസകോശത്തിന്റെ അടിത്തട്ട് വരെ നീണ്ട് നിൽക്കുന്നതാണ് ശ്വസന പാത അഥവാ Respiratory Tract. ഇതിനെ കഴുത്തിലുള്ള Cricoid cartilage വരെ Upper respiratory tract-ഉം അവിടുന്ന് താഴേക്ക് Lower respiratory tract-ഉം ആയി വിഭജിച്ചിരിക്കുന്നു. ഇത് ഒന്നായി കാണുന്ന Unified airway concept ഇന്നുണ്ട്. ചെവി, തൊണ്ട, അന്നനാളം എന്നിവയുമായും ഇത് ബന്ധപ്പെട്ട് കിടയ്ക്കുന്നു. ഈ പാതയിലെവിടെയെങ്കിലും അഹിതമായതോ പ്രയാസമുണ്ടാക്കുന്നതോ (Irritant) ആയ പൊടി, സ്രവങ്ങൾ, പദാർത്ഥങ്ങൾ തുടങ്ങിയവയേത് വന്നാലും ശരീരം അതിനെ തുരത്താൻ വേണ്ടി ചുമക്കും. അസാമാന്യ ശക്തിയും വേഗതയുമുള്ള ഒരു പ്രക്രിയയാണിത്. 80-100kmph വേഗതയിൽ 3000 ത്തിൽ അധികം സൂക്ഷ്മ പദാർത്ഥങ്ങൾ (Droplets) പുറന്തള്ളപ്പെടുന്നു. ചുമക്കുന്ന ആൾ അണുബാധിതനാണ് എങ്കിൽ ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കൾ ഈ Droplets-ന്റെ കൂടെ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും ഏറുന്നു. പല പകർച്ചപ്പനികളും (ഉദാ: പന്നിപ്പനി, പക്ഷിപ്പനി) വലിയ തോതിൽ പടരുന്നതും ടിബി അഥവാ ക്ഷയരോഗം പോലുള്ള മാരക രോഗങ്ങൾ പകരുന്നതും ഇങ്ങനെയാണ്.

ചുമ ഒരു രോഗം എന്നതിനേക്കാൾ ഒരു രോഗലക്ഷണമാണ്. ചിലത് ഇവിടെ സൂചിപ്പിക്കുന്നു:

– ജലദോഷം: വൈറസ് അണുബാധയോ അലർജിയോ കാരണം മൂക്കിലും തൊണ്ടയിലുമുള്ള സ്രവങ്ങൾ ശ്വസനനാളിയിലേക്ക് ഇറങ്ങുന്നത് കൊണ്ടാണിത്. ഏതാനും ദിവസത്തെ ശ്രദ്ധയും വിശ്രമവും കൊണ്ട് സ്വയം മാറുന്നതാണിത് (Self limiting). ഏറ്റവും സാധാരണയായി കാണുന്നതും ഇതു തന്നെ.

-ബ്രോങ്കൈറ്റിസ് അഥവാ ശ്വസനനാളിയിലെ നീർവീക്കം (Inflammation). അലർജി മൂലമുണ്ടാകുന്ന ആസ്ത്മാറ്റിക് ബ്രോങ്കൈറ്റിസ് മുതൽ പുകവലി കാരണം വരുന്ന സിഒപിഡി (COPD) രോഗത്തിന്റെ ഭാഗമായ ക്രോണിക് ബ്രോങ്കൈറ്റിസ് വരെ ഇതിൽ പെടും. ഈ രോഗികളിൽ ചുമയുടെ കൂടെ ശ്വാസതടസ്സമോ കിതപ്പോ കാണാം.

– ഇടയ്ക്കിടെ അല്ലെങ്കിൽ മാസത്തിലൊരിക്കൽ ഉണ്ടാകുന്ന കഫക്കെട്ടോട് കൂടിയ ശക്തിയായ ചുമ ആസ്ത്മയുടെ ആദ്യ ലക്ഷണമായേക്കാം. അത് വെറും ‘കഫക്കെട്ട്’ ആയി ചികിത്സിസിക്കാതെ വിദഗ്ദ ചികിത്സ തേടേണ്ടതാണ്. കുട്ടികളിൽ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

– അണുബാധ (Infection) ശ്വസനനാളിയിൽ വൈറസ്, ബാക്ടീരിയ, പൂപ്പൽ (ഫംഗസ്) എന്നിവയേതെങ്കിലും സാരമായി ബാധിക്കുമ്പോൾ സൈനുസൈറ്റിസ്, ചെവി പഴുപ്പ് എന്നിവ തുടങ്ങി അപകടകരമായ ന്യൂമോണിയ വരെയുള്ള രോഗങ്ങളിൽ ചുമ ഒരു രോഗലക്ഷണമായി ആരംഭിക്കാം. ഇത്തരം രോഗാവസ്ഥയിൽ തുടക്കത്തിൽ തന്നെ ശരിയായ ചികിത്സ കിട്ടിയാൽ പൂർണ്ണമായും ഭേദമാക്കാം. ഇല്ലെങ്കിൽ മരണം വരെ സംഭവിക്കാം. ചെറിയ കുട്ടികൾ, വൃദ്ധർ, പ്രമേഹ ബാധിതർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് അഡ്മിറ്റാക്കിയുള്ള ചികിത്സ (Inpatient treatment) വേണ്ടി വന്നേക്കാം.

– കുട്ടികളിൽ പ്രത്യേകിച്ച് കുത്തിവെയ്പ്പുകൾ എടുക്കാത്തവരിൽ കാണുന്ന ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ശക്തിയായ വരണ്ട ചുമയും (Pertussoid cough) അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

-ഭക്ഷണം കഴിക്കുമ്പോഴോ ശേഷമോ രാവിലെ എഴുന്നേക്കുമ്പോളോ ഉണ്ടാവുന്ന ശക്തിയായ ചുമ അന്നനാളത്തിൽ നിന്നുള്ള തിരിച്ചു കയറൽ (Micro aspiration) ഉണ്ടാക്കുന്ന GERD (Gastroesophageal reflux disease) കൊണ്ടാവാം. പ്രായമേറിയവരിൽ അന്നനാളത്തിലെ തടസ്സങ്ങളുടെ (Stricture, Achalasia, Esophageal cancer) പ്രാരംഭ രോഗലക്ഷണമാകാം ഇത്.

– അമിതമായ അളവിലുള്ള കഫത്തോടു കൂടിയ ചുമ Bronchiectasis എന്ന രോഗത്തിന്റെ ലക്ഷണമാണ്. ഇത് ജന്മനാ ഉള്ള ശ്വാസകോശ തകരാറുകൾ കാരണമോ ക്ഷയം, റേഡിയേഷൻ എന്നിവ കാരണം വരുന്ന fibrosis മൂലമോ ആകാം.

– ക്ഷയം അഥവാ ടിബി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ killer infectious disease ആണ്. രണ്ട് ആഴ്ചയിലോ അതിൽ കൂടുതലോ നീണ്ട് നിൽക്കുന്ന ചുമയുടെ കൂടെ രാത്രിപ്പനി, ശരീര മെലിച്ചിൽ, വിശപ്പില്ലായ്മ, കഫത്തിന്റെ കൂടെ രക്തം കലരുക എന്നിവയാണ് രോഗലക്ഷണങ്ങൾ. നേരത്തേ കണ്ട് പിടിച്ച് ശരിയായ ചികിത്സ എടുത്താൽ പൂർണ്ണമായും മാറുകയും ഇല്ലെങ്കിൽ മരണം വരെ സംഭവിക്കുന്ന ഒരു മാരക രോഗമാണിത്. മാത്രവുമല്ല രോഗ സാംക്രമിക സാധ്യത കൂടുതലുള്ളതിനാൽ കുടുംബത്തിനും സമൂഹത്തിനും ഭീഷണിയാവുകയും ചെയ്യുന്നു. പുതുക്കിയ ക്ഷയരോഗ നിയന്ത്രണ പദ്ധതി (RNTCP) എന്ന പേരിൽ ശാസ്ത്രീയവും സൗജന്യവുമായ മികച്ച ചികിത്സ സർക്കാർ തലത്തിൽ ലഭ്യമാണ്.

– ശ്വാസകോശ കാൻസർ (Lung cancer), ശ്വാസകോശത്തിൽ നീര് (Effusion), പഴുപ്പ് (Lung abscess) തുടങ്ങിയ രോഗങ്ങൾക്കും ചുമ ആദ്യ ലക്ഷണമാകാം.

– ഹൃദയസംബന്ധമായ അസുഖകങ്ങൾ ഗുരുതരമാകുമ്പോൾ Cardiac failure, Acute pulmonary edema എന്ന അവസ്ഥയിലേക്ക് എത്തുകയും ശക്തമായ കിതപ്പിന്റെ കൂടെ പതഞ്ഞു പൊങ്ങുന്ന കഫത്തോടു (Frothy sputum) കൂടിയ ചുമയും ഉണ്ടാകാം.

– അപൂർവ്വമായി ചില മരുന്നുകളും ചുമയുണ്ടാക്കാം. ACE inhibitors, beta blockers തുടങ്ങിയ പ്രഷറിന്റെ മരുന്നുകൾ, NSAID ഗണത്തിൽ പെടുന്ന വേദനസംഹാരികൾ, ഹൃദ്രോഗത്തിനും മറ്റും കൊടുക്കുന്ന Aspirin എന്നിവ അപൂർവ്വമായി ചുമയുണ്ടാക്കുന്ന വില്ലൻമാരാകാം.

നല്ല ഒരു ഭിഷഗ്വരന് വിശദമായ രോഗ വിവരശേഖരണവും ശരീരപരിശോധനയും നടത്തുന്നതിലൂടെ മിക്കവാറും രോഗ നിർണ്ണയം സാധിക്കും. ആവശ്യമെങ്കിൽ കഫ പരിശോധന, എക്സ് റേ, രക്തപരിശോധന, സിടി സ്കാൻ, എന്നിവയും രോഗനിർണ്ണയത്തിന് സഹായിക്കും.

വാൽക്കഷ്ണം:

ചുമ മര്യാദ (Cough etiquette) എന്ന ഒരു കാര്യം കൂടി നമ്മൾ മലയാളികൾക്കായി ഇവിടെ പരിചയപ്പെടുത്തുന്നു. ചുമക്കുമ്പോൾ വായ കൈ കൊണ്ടോ (കൈത്തണ്ട അഥവാ forearm ആണ് കൂടുതൽ ഉചിതം) തൂവാല കൊണ്ടോ മറയ്ക്കുക എന്ന മര്യാദ നാം ശീലിക്കേണ്ടിയിരിക്കുന്നു. രോഗ സംക്രമണം തടയുന്നതിനോടൊപ്പം അത് ഒരു മാന്യതയുടെ അടയാളം കൂടിയാണ് !

*************************************************************************

ഇൻഫോക്ലിനിക്കിന്റെ നിരീക്ഷണങ്ങൾ:

*************************************************************************

ദിവസത്തിൽ ഏതു നേരത്തു ആണ് കൂടുതൽ ചുമക്കുന്നത് ,കഫം ഉള്ള ചുമയോ അതോ കുത്തി കുത്തി കഫം ഇല്ലാത്ത ചുമയോ , ശ്വാസം മുട്ടൽ ഉണ്ടോ , ചുമയോടൊപ്പം മറ്റു ശബ്ദങ്ങൾ കേൾക്കുന്നുണ്ടോഎന്നതൊക്കെ രോഗ നിർണയത്തിന് ഏറെ ഗുണം ചെയ്യും.

ചിലപ്പോഴെങ്കിലും മാനസിക പിരിമുറുക്കംകൊണ്ട് ചുമയുണ്ടാവാം. “മാസങ്ങളോളം ചുമയും ആയി ഒരു പാട് പരിശോധനകളും മരുന്ന് സേവയും കഴിഞ്ഞിട്ടും മാറിയില്ല” എന്ന പരാതിയുമായി വരുന്ന ചിലരുണ്ട്. മുറിയിൽ വന്നു കയറുന്നത് മുതൽ രോഗ വിവരം അറിയാൻ ഉള്ള ചോദ്യങ്ങൾ ചോദിക്കുമ്പോഴും നിർത്താത്ത ചുമ. ശ്രദ്ധ ഇത്തിരി ഒന്ന് മാറ്റിയാൽ, അപ്പോൾ ചുമ തീർത്തും ഇല്ല. എടുത്തു ചോദിക്കേണ്ടൊരു ചോദ്യമുണ്ട്. “രോഗി രാത്രി ചുമക്കാറുണ്ടോ ? സുഖമായ ഉറക്കമുണ്ടോ ?” എന്നത്. മനസിക പിരിമുറുക്കം കൊണ്ടുണ്ടാവുന്ന ചുമക്കാർ സുഖമായി ഉറങ്ങും.

കാലത്തു ചുമക്കുന്നതോ, അത് കൂടുന്നതോ ആസ്തമയുടെ രീതി ആണ്.

കുറെ മാസങ്ങളായി ചുമക്കുന്നു, പകൽ സ്‌കൂളിൽ പതിവ് പോലെ പോവുന്നു, വലിയ ചുമയൊന്നും ഇല്ല. നന്നായി കളിക്കും, നന്നായി ഭക്ഷണം കഴിക്കും, തൂക്കം കുറയുന്നില്ല; എന്നാലോ രാത്രി കിടന്നാൽ തുടങ്ങും ചെമ്പിനടിക്കുന്ന പോലെ വിടാത്ത ചുമ. അണുബാധകളിൽ ഒന്നായ മൈക്കോപ്ലാസ്മ കൊണ്ടുണ്ടാവുന്ന ചുമ ഇങ്ങനെ ആണ്. വാക്കിങ് ന്യുമോണിയ എന്ന് വിളിക്കും. (നമ്മുടെ ഒക്കെ മനസ്സിലുള്ള ന്യുമോണിയയുടെ ചിത്രം ഇങ്ങനെ അല്ലാലോ )അഞ്ച് വയസ്സ് മുതൽ പതിനഞ്ച് വയസ്സ് വരെ സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ ആണിത് പതിവ് ചുമ കാരണം രാത്രി ഉറക്കം നഷ്ടപ്പെടാൻ സാധ്യതയുമുണ്ട്, കഫം പുറത്തോട്ട് വരികയുമില്ല. ഇത്തരം കേസുകൾ ചികിൽസിക്കാൻ എളുപ്പം .

രാത്രി കിടന്നതിന് ശേഷം ഉറക്കത്തിനടിയിൽ കൂടുന്ന ഗൗരവമുള്ള ചില ചുമക്കളുണ്ട്. പാതിരാത്രിയിൽ ചുമയും ശ്വാസം മുട്ടലും കൂടി ഉണർന്നെഴുന്നേക്കുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യതയുണ്ട്.

പ്രത്യേകിച്ച് ഒരസുഖവും ഇല്ലാത്ത ഒരു കുട്ടി പെട്ടെന്ന് അതിശക്തിയായി ചുമക്കുകയും ചുമ നീണ്ടുനിൽക്കുകയും ചെയ്യുന്നെങ്കിൽ ഭക്ഷണ പദാർത്ഥങ്ങളോ മറ്റു വസ്തുക്കളോ ശ്വാസനാളിയിലേക്ക് കയറിയതാവാനും സാധ്യതയുണ്ട്.

ഓർക്കുക, എല്ലാ ചുമയും ‘വെറും ചുമ’യല്ല !

ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ