· 5 മിനിറ്റ് വായന

കോവിഡ് 19 – രോഗ വ്യാപനം തടയാൻ ആരോഗ്യ മേഖലയിൽ സ്വീകരിക്കാവുന്ന കരുതൽ നടപടികൾ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

?കോവിഡ് 19 – സാമൂഹിക വ്യാപനം നേരിടാൻ ആരോഗ്യ മേഖലയിൽ മുന്നൊരുക്കങ്ങൾ എങ്ങനെയൊക്കെ ആവാം?

സാമൂഹിക വ്യാപനം തടയാൻ പരമാവധി നിഷ്കർഷ പാലിക്കുകയാണ് നമുക്ക് ഏറ്റവും കരണീയം. കാരണം പരിമിതമായ വിഭവശേഷിയാണ് ഇന്ത്യയ്ക്കുള്ളത്.
ഉദാ: ഇന്ത്യയിൽ 1000 പേർക്ക് 0.5 ആശുപത്രി കിടക്കകൾ എന്ന അനുപാതമാണ്. ഇറ്റലിയിൽ അത് 3.1 ഉം സൗത്ത് കൊറിയയിൽ 12 ഉം ആണെന്ന് ഓർക്കുക.

?ഇറ്റലിയിൽ 2629 ആരോഗ്യപ്രവർത്തകർ രോഗബാധിതരാണ്, അവരിൽ 100 ലധികം ഡോക്ടർമാരാണ്, 13 ഡോക്ടർമാർ ആണ് മരണപ്പെട്ടത്, ബാക്കി ഉള്ളവർ അധിക മണിക്കൂറുകൾ ജോലി ചെയ്യുകയാണ്.

ഇവിടെയും ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ കുറെ ആരോഗ്യപ്രവർത്തകർക്കെങ്കിലും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്, അത് മുന്നിൽ കണ്ട് നാം മുകരുതലുകൾ എടുക്കുന്നത് ഉചിതമാവും.

സാമൂഹിക വ്യാപനം തടയാൻ ആരോഗ്യ മേഖലയിൽ എടുക്കാവുന്ന നടപടികൾ?

?1 .വ്യാപകമായ രോഗനിർണ്ണയ പരിശോധന.

?ഇത് കൊണ്ട് തന്നെ സ്ഫോടനാത്മകമായ രീതിയിൽ രോഗം പകരുന്നത് ഒഴിവാക്കാൻ സാധിക്കും. പരിശോധനകളുടെ കാര്യത്തിൽ തെക്കൻ കൊറിയ നല്ല ഒരു മാതൃകയാണ്.

?പരമാവധി പരിശോധന നടത്തുന്ന സാഹചര്യം ഉണ്ടെങ്കിൽ കൂടുതൽ പേരിൽ രോഗം നേരത്തേ കണ്ടെത്താനും, അവർക്ക് യഥാസമയം ചികിത്സയും ഐസൊലേഷനും നൽകാനും, അവരുടെ ചുറ്റും ഇടപെടുന്നവരെ നിരീക്ഷിക്കാനും സാഹചര്യം ലഭിക്കുന്നു.

?വാഹനങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ പരിശോധനയക്ക് സാമ്പിൾ നൽകാൻ സാധിക്കുന്ന ഡ്രൈവ് ത്രൂ ടെസ്റ്റ് കേന്ദ്രങ്ങൾ, പഴയ ടെലിഫോൺ ബൂത്ത് പോലുള്ള ബൂത്തുകൾ എന്നിവ ദക്ഷിണ കൊറിയയിൽ സ്ഥാപിതമായിട്ടുണ്ട്.

? ഇന്ന് ICMR പുറത്തിറക്കിയ മാർഗ്ഗരേഖയിൽ കൂടുതൽ പേരെ ടെസ്റ്റ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയത് സ്വാഗതാർഹമാണ്.

?2 . ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കൽ

?I . മാനവ വിഭവശേഷി സമാഹരണം

?‍⚕ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയിൽ പോലും രോഗപകർച്ച ഉള്ളത് കൊണ്ടും കൂടി ആരോഗ്യപ്രവർത്തകർ കൂടുതൽ റിസ്കിൽ ആണ്.

?‍⚕പോസിറ്റിവ് ആയ രോഗിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകർ രോഗബാധിതർ അല്ലെങ്കിൽ പോലും, കരുതൽ നടപടി എന്ന നിലയ്ക്ക് ഐസൊലേഷനിൽ പോവേണ്ടി വരും. രോഗികളുടെ എണ്ണം കൂടുന്ന നിലയുണ്ടായാൽ മാന വിഭവ ശേഷിയിൽ അപര്യാപ്തത ഉണ്ടാവാൻ എല്ലാ സാധ്യതകളും ഉണ്ട്.

ഭൗതിക സൗകര്യങ്ങൾ പോലെ പ്രധാനമാണ് പരിമിതമായ മനുഷ്യ വിഭവശേഷി ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നത്.

ഇതെങ്ങനെ നടപ്പാക്കാം ?

?‍⚕നിലവിൽ സാമൂഹിക വ്യാപനം ഇല്ല, വ്യാപനം ഉണ്ടാവുന്ന സാഹചര്യം വന്നാൽ ആ സമയത്ത് ഊർജ്ജസ്വലരായി ഇരിക്കാൻ തക്ക രീതിയിൽ ഡ്യൂട്ടി ക്രമീകരണം നടത്തുന്നതാവും ഉചിതം.
ആരോഗ്യ പ്രവർത്തകരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന അടക്കം ഇതിന്റെ ആവശ്യത്തെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്.

?‍⚕പ്രാരംഭഘട്ടത്തിൽ പല രാജ്യങ്ങളിലും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഗർഭിണികൾ, പ്രായമായവർ തുടങ്ങിയവർക്ക് അത്യാവശ്യ അവധികൾ ആവശ്യമുള്ളവർക്ക് നൽകുകയാണ്. കാരണം കുറച്ചു നാളുകൾക്കു ശേഷം മനുഷ്യവിഭവശേഷി പൂർണമായും ആവശ്യം വരാൻ സാധ്യത ഉണ്ട്. അന്ന് ഇവരെല്ലാം തയ്യാറായിരിക്കണം.

?‍⚕അടിയന്തര പ്രാധാന്യമുള്ള സർജറികൾ അല്ലാതെ മറ്റൊന്നും നടത്തേണ്ടതില്ല എന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും തീരുമാനമായി കഴിഞ്ഞു. ഇവിടെയും അത് പരിഗണിക്കേണ്ടതാണ്.

?‍⚕ആരോഗ്യപ്രവർത്തകർ ഒരേ ദിവസം ഒരുമിച്ച് രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നു വ്യാപകമായി പകരാതിരിക്കാൻ റൊട്ടേഷൻ സമ്പ്രദായം ആലോചിക്കുന്ന രാജ്യങ്ങളുമുണ്ട്. ആരോഗ്യ സേവനങ്ങൾ നിലച്ചു പോകുന്ന ഒരു സ്ഥിതിവിശേഷം ഒരിക്കലും ഉണ്ടാകാൻ പാടില്ല.

?‍⚕കോവിഡ് വരുന്ന 80 % ത്തോളം രോഗികൾക്കും നിസ്സാരമായിരിക്കും, അത്തരം രോഗികൾ ആശുപത്രിയിൽ എത്തുന്നത് തിരക്കിനും, കൂടുതൽ രോഗപ്പകർച്ചയ്ക്കും, ആരോഗ്യ സംവിധാനത്തിന് മേൽ അമിത ഭാരം ഏൽപ്പിക്കാനും കാരണം ആവും.

?അത്യാവശ്യം ഘട്ടങ്ങളിൽ അല്ലാതെ ആരോഗ്യ കേന്ദ്രങ്ങളുമായി സമ്പർക്കം ഒഴിവാക്കാൻ പൊതു സമൂഹത്തിനു നിർദ്ദേശം കൊടുക്കണം.

?അനാവശ്യ ആശുപത്രി സന്ദർശനവും, രോഗികളുടെ തിരക്കും ക്രമീകരിക്കണം.

?ഉദാ: ഹൈ റിസ്ക് വിഭാഗമായി കണക്കാക്കുന്ന, പ്രായമായവർ, ജീവിതശൈലീ രോഗമുള്ളവർ, എന്നിവർക്കുള്ള മരുന്നു വിതരണം, രക്തസമ്മർദ്ദ പരിശോധന എന്നിങ്ങനെയുള്ള സ്ഥിരം നടപടികൾ, മറ്റു രോഗികൾ വരുന്ന ഒപിയിൽ നിന്ന് മാറി മറ്റൊരു സെന്ററിൽ നടത്തുന്നതാണ് നല്ലത്.

?ഏതെങ്കിലും ആരോഗ്യ ഉപകേന്ദ്രങ്ങൾ ഇതിനായി തെരഞ്ഞെടുക്കാം. മരുന്നുകളുടെ ലഭ്യത അനുസരിച്ച് കൂടുതൽ കാലയളവിലേക്ക് മരുന്നുകൾ കൊടുത്തു വിടാനുള്ള സംവിധാനവും ആലോചിക്കാം.

?വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നവർ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ ചെല്ലാതിരിക്കാൻ ശ്രദ്ധിക്കണം.

?രോഗലക്ഷണങ്ങൾ കണ്ടാൽ, ജില്ലാ കൊറോണ കണ്ട്രോൾ സെലിലെ നമ്പറിലോ, പ്രാദേശിക ആരോഗ്യ പ്രവർത്തകരുടെ നമ്പറിലോ വിളിച്ച് അറിയിക്കണം. (കാറ്റഗറി A – ചെറിയ പനി, തൊണ്ട വേദന, ജലദോഷം) എന്നിങ്ങനെയുള്ള ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ഇപ്പോൾ പ്രത്യേക കൊറോണ ക്ലിനിക്കിലേക്ക് ചെന്ന് പരിശോധനയോ, അഡ്മിഷനോ ആവശ്യമില്ല.

?പ്രാദേശിക ആശുപത്രിയിലെ ഡോക്ടർക്ക്, ഫോണിലൂടെ, വിവരങ്ങൾ ചോദിച്ചറിയാം. തുടർന്ന് ആരോഗ്യ പ്രവർത്തകൾ, അല്ലെങ്കിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വീടുകളുടെ മുന്നിൽ മരുന്നുകൾ എത്തിക്കുവാനുള്ള സംവിധാനവും പരിഗണിക്കാവുന്നതാണ്.

?ലക്ഷണം ഉള്ള വ്യക്തികൾ ഐസൊലേഷനിൽ ഇരുന്നു കൊണ്ട് ആരോഗ്യ പ്രവർത്തകരുമായി ഫോൺ വഴി ബന്ധപ്പെടുകയും, രോഗലക്ഷണങ്ങൾ അധീകരിച്ചാൽ മാത്രം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം അനുസരിച്ചു ഇത്തരം രോഗികളെ നേരിട്ട് സ്വീകരിക്കാൻ ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ എത്തപ്പെടാനും ഉള്ള സംവിധാനം ആവും മാതൃകാപരം.

?‍⚕ശ്വാസകോശ രോഗ വിദഗ്ധർ, ഫിസിഷ്യന്മാർ ഇത്യാദി വിദഗ്ധ ഡോക്ടർമാർ പെരിഫെറൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടെങ്കിൽ ഒരു ക്രൈസിസ് വന്നാൽ അവരെ മേൽത്തട്ടിൽ ഉള്ള ആശുപത്രികളിൽ നിയോഗിക്കുന്നത് പരിഗണിക്കേണ്ടതാണ്.

?‍⚕ടെലിമെഡിസിൻ സമ്പ്രദായം ഉപയോപ്രദമായിരിക്കും.

?‍⚕ മുൻപ് ഒരിക്കലും പ്രയോഗത്തിൽ വരുത്തിയിട്ടില്ലാത്ത അനിതരസാധാരണമായ നടപടി ക്രമങ്ങളും വേണ്ടി വന്നേക്കും.
ഉദാ: ആരോഗ്യ പ്രവർത്തകരുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളുടെ പരീക്ഷ വേഗത്തിൽ നടത്തി, അവരെ പ്രവർത്തന സജ്ജരാക്കുകയാണ് അയർലൻഡ് പോലുള്ള രാജ്യങ്ങൾ. ഇറ്റലിയിൽ പരീക്ഷയില്ലാതെ തന്നെ അവസാന വർഷ വിദ്യാർത്ഥികളെ ചികിത്സയ്ക്കായി നിയോഗിച്ചു.

?‍⚕ വൈദഗ്ദ്ധ്യമുള്ള എന്നാൽ സർക്കാർ മേഖലയിൽ അല്ലാത്ത / ജോലിയിൽ ഇല്ലാത്ത അനേകം ഡോക്ടർമാർ, നേഴ്സ്മാർ, പാരാമെഡിക്കൽ സ്റ്റാഫ്‌ എന്നിവർ കേരളത്തിൽ ഉണ്ട്. ഒരു സന്നിഗ്ധ ഘട്ടം വന്നാൽ ഇവരിൽ സ്വമേധയാ സേവനം ചെയ്യാൻ തയാറാവുന്നവരെ കണ്ടെത്തി ഉപയോഗപ്പെടുത്താൻ ഇവരുടെ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ശേഖരിക്കുന്നതും, യോഗ്യതകൾ നേരത്തെ പരിശോധിച്ച് ഒരു റിസേർവ് പൂൾ തയ്യാറാക്കി വെക്കുന്നത് ഉചിതമാവും. (ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടാക്കാം)

?‍⚕സർക്കാർ മേഖലയിൽ നിലവിൽ ഉള്ള ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ കോവിഡ് 19 നെ നേരിടാനുള്ള പരിശീലനം ടെലികോൺഫെറെൻസിങ് പോലുള്ള സംവിധാനം ഉപയോഗിച്ച് കൊടുത്ത് സജ്ജീകരിക്കുന്നത് നന്നാവും.

?II . കൂടുതലായി വേണ്ടി വരുന്ന ഭൗതിക സൗകര്യങ്ങൾ / മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഒരുക്കുക

മാഴ്‌സെലോ എന്ന ഇറ്റാലിയൻ ഡോക്ടർ രോഗബാധിതനായി മരണപ്പെട്ടത്, വ്യക്തി സുരക്ഷാ ഉപാധികൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വന്നതിനാലാണ്.

?ലോകം എമ്പാടും അവശ്യ മെഡിക്കൽ ഉപകരണങ്ങൾ/ മരുന്നുകൾ / മെഡിക്കൽ ഓക്സിജൻ ഇത്യാദിക്ക് കടുത്ത ക്ഷാമം ഉണ്ട്. ക്ഷാമം ഉണ്ടാവാതിരിക്കാൻ നിയന്ത്രിച്ചു ഉപയോഗിക്കുകയും, കൂടുതൽ ലഭ്യമാക്കാനുള്ള മാർഗ്ഗങ്ങൾ മുൻകൂട്ടി തേടുകയും വേണം.

?പെട്ടെന്ന് രോഗനിർണയം നടത്തി, രോഗികളെ ചികിത്സിക്കുകയും അടുത്ത് ഇടപഴകിയവരെ നിരീക്ഷിക്കുകയും ചെയ്താൽ ആശുപത്രി അഡ്മിഷനും ഐസിയു ആവശ്യവും ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. എങ്കിലും പൂർണമായും ഒഴിവാക്കാൻ ആവില്ല.

?ഐസിയു അടക്കമുള്ള ചികിത്സാ സൗകര്യങ്ങൾ ആവശ്യമായി വരും. ഇറ്റലിയിൽ സംഭവിച്ചതുപോലെ ആശുപത്രികൾ നിറഞ്ഞുകവിയുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണ്.

?സർക്കാർ മെഡിക്കൽ കോളജുകളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിപരമാവില്ല. എല്ലാ ജില്ലയിലും മികച്ച സൗകര്യങ്ങൾ ഒരുക്കാൻ ശ്രമിക്കേണ്ടതുണ്ട്.

?സർക്കാർ മേഖലയ്ക്ക് പുറമേ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളെയും പരിഗണിക്കേണ്ടതുണ്ട്. പൂട്ടിപ്പോയ ആശുപത്രികളെയും, ഇതര വൈദ്യ മേഖലകളിലെ ആശുപത്രികളെയും, പരിഗണിക്കുന്നതിൽ തെറ്റില്ല.

?സ്പെയിനിലെ പ്രൈവറ്റ് ആശുപത്രികളെല്ലാം കഴിഞ്ഞ ദിവസം സർക്കാർ ഏറ്റെടുത്തു.

?ആശുപത്രികളിൽ വെൻറിലേറ്ററുകളും PPE അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും ആവശ്യത്തിന് ഉണ്ടാവേണ്ടതുണ്ട്. യൂറോപ്പിൽ സംഭവിച്ചതുപോലെ ഇവയ്ക്കൊക്കെ ക്ഷാമം വരാനുള്ള സാഹചര്യം മുൻകൂട്ടി കാണണം. കൂടുതൽ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ ബ്രിട്ടൺ പ്രമുഖ നിർമ്മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പുറത്തേക്കുള്ള വെൻറിലേറ്റർ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി യൂറോപ്യൻ യൂണിയൻ തടഞ്ഞിരിക്കുകയാണ്.

?മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം 40 % കൂട്ടണം എന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്.

? ആവശ്യമായ വിഭവങ്ങൾ ഇപ്പോൾ തന്നെ സമാഹരിച്ച് തുടങ്ങേണ്ടതുണ്ട്, എവിടെയൊക്കെ എന്തൊക്കെ സജ്ജീകരണങ്ങൾ ഉണ്ട്? അവയെ എങ്ങനെയൊക്കെ വികേന്ദ്രീകൃതമായി ഉപയോഗിക്കാം? എന്നതൊക്കെ ഇപ്പഴേ നാം കണക്കാക്കി പദ്ധതികൾ തയ്യാറാക്കണം.

ഉദാ: ഇപ്പോൾ തന്നെ ആശുപത്രികളിൽ കേടായ വെൻറിലേറ്ററുകളുടെ വിവരങ്ങൾ ശേഖരിക്കുകയും അവ പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്താൽ ഗുണകരമായിരിക്കും.

?നിപ്പയുടെയും പ്രളയ സമയത്തും സമൂഹത്തിന്റെ നാനാതുറയിൽ ഉള്ള ആൾക്കാരുടെ സഹകരണം ഏകോപിപ്പിച്ചു ഉപയോഗയുക്തമാക്കാൻ കഴിഞ്ഞിരുന്നു. അത് ഇവിടെയും വേണ്ടി വന്നേക്കാം. സഹായ സന്നദ്ധത ആളായും പണമായും വേണ്ടി വന്നേക്കാം. നിപ വന്നപ്പോൾ പല വ്യവസായികളും, സന്നദ്ധസംഘടനകളും മെഡിക്കൽ ഉപകരണങ്ങൾ സംഭരിച്ചു ആശുപത്രികൾക്ക് നൽകിയിരുന്നു. അത്തരം സഹായ മനസ്കരെ ഇത്തരുണത്തിലും ആശ്രയിക്കാവുന്നതാണ്.

?കോവിഡ് ഒരു പാൻഡെമിക് ആണ്. ഏതാനും മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രയത്നം കൊണ്ട് മാത്രമേ നമുക്ക് ഈ മത്സരത്തിൽ ജയിക്കാനാവൂ. അപ്പോൾ കടന്നുവരാനിടയുള്ള മറ്റു സാഹചര്യങ്ങൾ കൂടി പരിഗണിക്കണം. ജൂൺ-ജൂലൈ മാസങ്ങളിൽ കേരളത്തിൽ വർഷകാലമാണ്. അത്തരം മറ്റു സവിശേഷ ഘടകങ്ങളും മുൻകൂട്ടി പരിഗണിക്കണം.

?സംസ്ഥാനത്തെ 22 പ്രൈവറ്റ് മെഡിക്കൽ കോളേജുകളിലെ ഹോസ്റ്റൽ റൂമുകൾ ഐസൊലേഷൻ ആവശ്യങ്ങൾക്കായി ഏറ്റെടുക്കാനുള്ള കഴിഞ്ഞ ദിവസത്തെ സർക്കാർ തീരുമാനം ശ്ലാഘനീയമാണ്.

?നിബന്ധനകള് പാലിച്ചില്ലെങ്കില് കര്ശന നടപടിയുണ്ടാകുമെന്നും വേണ്ടിവന്നാൽ നിരോധനാജ്ഞ ഉള്പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും മുഖ്യമന്ത്രി വൈകിട്ടത്തെ പ്രസ് മീറ്റിൽ അറിയിക്കുകയുണ്ടായി.

?സംസ്ഥാനത്തെ സംരക്ഷിക്കാന് ഒരു വിഭാഗം ആൾക്കാർ ഉറക്കമിളച്ചിരിക്കുമ്പോൾ നിരവധി ആരാധനാലയങ്ങളും മനുഷ്യരും നിയമലംഘനം നടത്തിയ പ്രവൃത്തിയെയും ഗുരുതരമായി സമീപിക്കാനുള്ള തീരുമാനവും അനിവാര്യമായത് തന്നെ.

പരിമിതികൾക്കിടയിലും പ്രതിസന്ധി ഘട്ടങ്ങളിൽ പോരാടാനും അതിജീവിക്കാനും നമ്മൾക്ക് മുൻപും കഴിഞ്ഞിട്ടുണ്ട്, ഇനിയും അതിനാവും. എല്ലാ വിവാദങ്ങളും മാറ്റി വെച്ച് ഒരേ ലക്ഷ്യത്തോടെ ഈ മഹാമാരിക്കെതിരെ അണിനിരക്കാം.

ലേഖകർ
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ