കോവിഡ് ബാധിതനായാൽ മണവും രുചിയും അറിയാൻ പറ്റാതാവുമോ?
അമേരിക്കയിലെ സെൻ്റർ ഫോർ ഡിസീസസ് കൺട്രോൾ (CDC) കോവിഡ് 19 ലക്ഷണങ്ങളിൽ പുതുതായി 6 എണ്ണം കൂടി ചേർത്തു.
അതിലൊന്നാണ് Anosmia അഥവാ മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ.
A. എന്തു കൊണ്ട് പുതുതായി ഈ കൂട്ടിച്ചേർക്കൽ ?
കൊറോണ ബാധിതരായ പലരിലും മണം തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നു പഠനങ്ങൾ വന്നിരുന്നു. എന്നാൽ പരിമിതമായ തെളിവുകളായിരുന്നതിനാൽ രോഗ നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങളിലവ ഉൾപ്പെടുത്താതെ തുടരുകയായിരുന്നു.
എന്നാൽ പിന്നീട് നിരവധി രാജ്യങ്ങളിലെ ( ഇറ്റലി, ജർമനി, സ്പെയിൻ, സൗത്ത് കൊറിയ, ചൈന ഇത്യാദി രാജ്യങ്ങളിൽ നിന്നെല്ലാം റിപ്പോർട്ടുകളുണ്ട്.) കോവിഡ് രോഗികളുടെ ലക്ഷണങ്ങൾ നിരീക്ഷിച്ചപ്പോഴാണ് ഗന്ധത്തിലും രുചിയിലും കുറവ് വരുന്നതായി കൂടുതൽ സ്ഥിരീകരണമായത്.
വ്യാപകമായി പരിശോധന നടത്തിയ സൗത്ത് കൊറിയയിൽ 30 ശതമാനം രോഗികളും പ്രധാന ലക്ഷണമായി ഘ്രാണ ശേഷി കുറവ് ആണ് പറഞ്ഞിരിക്കുന്നത്.
സമാന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ യു കെ യിലെ ഈ എൻ ടി അസോസിയേഷൻ, AAO HNS എന്നിവ കോവിഡ് രോഗലക്ഷങ്ങളിൽ ഘ്രാണ ശേഷിക്കുറവ്, രുചി ഇല്ലായ്മ എന്നിവ ചേർക്കണം എന്നു അഭിപ്രായപ്പെട്ടിരുന്നു.
കൊറോണ എങ്ങനെയാണ് ഗന്ധത്തെ ബാധിക്കുന്നത് എന്ന് കൃത്യമായി അറിയാനും, ഈ വൈറസിന് മറ്റു വൈറസുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രവർത്തനമുണ്ടോ എന്നൊക്കെ അറിയാൻ കൂടുതൽ പഠനങ്ങളും തെളിവുകളും ലഭ്യമാകേണ്ടതുണ്ട്.
മിക്കവരിലും തുടക്കത്തിൽതന്നെ ഈ ലക്ഷണങ്ങൾ കാണുന്നുണ്ട്. സാധാരണ ഗതിയിൽ രോഗം മാറുന്നതോടെ മണം അറിയാനുള്ള ശേഷി തിരികെ കിട്ടുകയാണ് പതിവ്.
ലക്ഷണങ്ങളുടെ ലിസ്റ്റിൽ ഇതും ചേർക്കുന്നത് കൊണ്ടുണ്ടാവുന്ന മാറ്റമെന്താണ്?
ലക്ഷണങ്ങളുടെ ലിസ്റ്റിൽ ഇത് പെടുന്നതോടെ,
ഇത്തരം രോഗികളെ ഡോക്ടർമാർക്ക് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യാം. കൂടുതൽ രോഗവ്യാപനം ഉണ്ടാവാതെ ഇത് സഹായിക്കും.
ചിലർക്ക് മറ്റൊരു ലക്ഷണങ്ങളുമില്ലാതെ, മണം അറിയാനുള്ള കഴിവ് കുറയുന്നത് മാത്രമായി കോവിഡ് വന്നു പോകാം എന്നും നിരീക്ഷണങ്ങളുണ്ട്.
നമ്മുടെ സർക്കാരിൻ്റെ മാനദണ്ഡങ്ങളിൽ ഇതുവരെ ഇത് ചേർത്തിട്ടില്ല, വഴിയേ ചേർത്തേക്കും.
എന്നിരിക്കിലും മൂക്കിൽ ദശയോ, തലയ്ക്ക് പരുക്കു കളോ, കീമോതെറാപ്പി പോലുള്ള മരുന്നുകളുടെ ഉപയോഗമോ ഇല്ലാത്ത വ്യക്തിക്ക് പെട്ടെന്ന് ഗന്ധം / രുചി അറിയാനുള്ള ശേഷി നഷ്ടപ്പെടുന്നുണ്ടെങ്കിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ സ്വയം ഐസോലെഷനിൽ ആവുന്നത് നമ്മുടെ നാട്ടിലും പരിഗണിക്കേണ്ടതുണ്ട്.
B. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്
ഒരു ജലദോഷം വരുമ്പോൾ താൽക്കാലികമായി മണം അറിയാനുള്ള ശക്തി നഷ്ടപ്പെട്ട അനുഭവമില്ലാത്തവർ ആരും തന്നെ കാണില്ല.
സാധാരണഗതിയിൽ വൈറൽ രോഗബാധയിൽ നിന്നും മൂക്കിലെ ശ്ലേഷ്മ സ്തരം രണ്ടാഴ്ചക്ക് ഉള്ളിൽ പൂർവസ്ഥിതിയിൽ ആവാറുണ്ട്.
ഘ്രാണ ശക്തികുറവ് ലക്ഷണമായി അനുഭവപ്പെടുന്നതില് 40 ശതമാനത്തോളവും വൈറൽ രോഗങ്ങൾ കാരണം ആണ്.
സമാന പ്രതിഭാസം തന്നെ ഇവിടെയും, കൊറോണ വൈറസ് മൂക്കിനുള്ളിൽ ഉയർന്ന തോതിൽ കാണപ്പെടാറുണ്ട്.
കൊറോണ രോഗബാധയിൽ ഇത് എങ്ങനെ ഉണ്ടാകുന്നു എന്നതിന് ശാസ്ത്രീയ വശങ്ങൾ പലരീതിയിൽ വിവരിക്കപ്പെടുന്നുണ്ട്.
മൂക്കിനുള്ളിൽ ഏറ്റവും ഉപരി ഭാഗത്തുള്ള ശ്ലേഷ്മ സ്തരത്തിലാണ് ഗന്ധം അറിയുന്നതിനുള്ള സംവേദന കോശങ്ങൾ സ്ഥിതിചെയ്യുന്നത്.
രണ്ട് പ്രധാന നിഗമനങ്ങളാണുള്ളത്,
1. മൂക്കിനുള്ളിലെ ശ്ലേഷ്മ സ്തരത്തിൽ ഉണ്ടാവുന്ന നീർക്കെട്ടലാണ് ഇതിന് കാരണമെന്നും,
കോശങ്ങൾ പൊഴിഞ്ഞു പോകുന്നതിനാൽ ആണെന്നും,
2. ഗന്ധത്തിന്റെ നാഡിയെ നേരിട്ട് ബാധിക്കുന്നത് ആകാം മറ്റൊന്ന്.
രുചി അറിയാൻ പറ്റാത്തതിൻ്റെ കാരണങ്ങൾ ?
ഇതും പല രീതിയിൽ വിവക്ഷിക്കപ്പെടുന്നുണ്ട്,
രുചിയറിയുന്ന പ്രക്രിയ എന്നത് മണവും കൂടെ കൂടിച്ചേർന്ന ഒന്നാണ് എന്നും, ഉപ്പ് എരിവ് മധുരം പോലെയുള്ളവ മണമില്ലാതെ എളുപ്പം തിരിച്ചറിയാമെങ്കിലും മറ്റു ഫ്ലേവറുകൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണത്രേ മണം.
ആയതിനാൽ ഈ രുചിയിൽ ഉണ്ടാകുന്ന വ്യത്യാസം മണം അറിയാനുള്ള കഴിവ് കുറയുന്നതുമായി ബന്ധപ്പെട്ട ഉണ്ടാകുന്നതാണ് എന്ന് ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഗന്ധവും രുചിയും തമ്മിലുള്ള സംവേദന വഴികൾ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഗന്ധത്തിൽ ഉള്ള വുത്യാസം രുചിയേയും ബാധിക്കും അതിനാൽ തന്നെ രുചിവ്യത്യാസവും കോവിഡ് ലക്ഷണം ആയി പറയുന്നുണ്ട്.
പുതുതായി കൂട്ടിച്ചേർത്ത മറ്റ് ലക്ഷണങ്ങൾ കൂടി പറഞ്ഞ് നിർത്താം. വിറയൽ, പേശി വേദന, തലവേദന, തൊണ്ടവേദന എന്നിവയാണ് അവ.