കോവിഡും ആസ്തമയും
ആസ്ത്മ & കോവിഡ് 19 ??!!
കോവിഡ് കാലം, ആസ്ത്മ പോലുള്ള മറ്റു ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് ആകാംഷാ കാലം കൂടിയാണ്. ശ്വാസം വലിക്കാനുള്ള ബുദ്ധിമുട്ടുകൾ ചുമ എന്നിവ ഉണ്ടായാൽ അത് ഇനി കോവിഡ് ആണോ? എങ്ങനെ വേർതിരിച്ചറിയും? എന്ന സംശയങ്ങൾ, ഇനി അഥാവാ കൊറോണ വൈറസ് ബാധിച്ചാൽ ഗുരുതരാവസ്ഥ ഉണ്ടാവാൻ സാധ്യത കൂടുതൽ ഉണ്ടോ എന്നിങ്ങനെ ഒരു പിടി ചോദ്യങ്ങൾ ഉണ്ട് പലരുടെയും മനസ്സിൽ.
ഇതിനും പുറമെ ആസ്തമയുടെ ഭാഗമായുള്ള ലക്ഷണങ്ങളെ മറ്റുള്ളവർ വിവേചനത്തോടെ കാണുമോ എന്നുള്ള ഭയവും ഉണ്ടായേക്കാം.
ഇന്ന് മെയ് 5 ലോക ആസ്തമ ദിനം ആണ്. എന്നാൽ ഇത്തവണത്തെ ആസ്ത്മാ ദിനാചരണങ്ങൾ വേണ്ടാ എന്ന് തീരുമാനിക്കുക ആണുണ്ടായത്. കോവിഡ് 19 മഹാമാരിയെ നേരിടുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ വേണ്ടി ആയിരുന്നു അത്.
കോവിഡ് കാലത്തു ആസ്ത്മ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ GINA (ഗ്ലോബൽ ഇനിഷ്യേറ്റിവ് ഫോർ ആസ്ത്മ) മാർഗ്ഗനിർദ്ദേശ രേഖ പുറത്തിറക്കിയിട്ടുണ്ട്, എന്തൊക്കെയാണവ ?
ആസ്ത്മയുള്ള ആളുകൾ അവരുടെ ഡോക്ടർ മുൻപ് നിർദ്ദേശിച്ചിരിക്കുന്നതു പോലെ തന്നെ കോർട്ടികോസ്റ്റീറോയിഡുകൾ ഉൾപ്പെടെയുള്ള എല്ലാ ഇൻഹേലർ (അഥവാ വലിക്കുന്ന/ ശ്വസിക്കുന്ന ) മരുന്നുകളും തുടരണം.
പെട്ടന്നുണ്ടാവുന്ന കൂടിയ ആസ്ത്മ അറ്റാക്കുകളുള്ളവരിൽ ഗുരുതരായവസ്ഥകൾ ഉണ്ടാകാതിരിക്കാൻ കോർട്ടികോസ്റ്റീറോയിഡു ഗുളികകൾ ഹ്രസ്വകാലത്തേക്ക് കഴിക്കാൻ ഡോക്ടർ നിർദ്ദേശിച്ചാൽ അത് പാലിക്കണം.
അപൂർവ സന്ദർഭങ്ങളിൽ, കടുത്ത ആസ്ത്മയുള്ള രോഗികൾക്ക് അവരുടെ ശ്വസിക്കുന്ന മരുന്നുകളുടെ കൂടെ തന്നെ കോർട്ടികോസ്റ്റീറോയിഡുകൾ ഗുളികകളായി ഉപയോഗിച്ച് ദീർഘകാല ചികിത്സ ആവശ്യമായി വന്നേക്കാം. കഠിനമായ അറ്റാക്കുകൾ / തീവ്രത ഉണ്ടാകാൻ സാധ്യതയുള്ള ഈ രോഗികളിൽ സാധ്യമായ ഏറ്റവും കുറഞ്ഞ ഡോസിൽ ഈ ചികിത്സ തുടരേണ്ടി വന്നേക്കാം.
COVID-19 മറ്റ് രോഗികൾക്കും ഫിസിഷ്യൻമാർക്കും നഴ്‌സുമാർക്കും മറ്റും പകർത്താനുള്ള സാധ്യത കൂടുതലുള്ളതിനാൽ നെബുലൈസറുകൾ ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പകരം ഇൻഹേലറുകൾ സ്‌പേസർ എന്ന ഉപകാരണത്തോടൊപ്പം ഘടിപ്പിച്ചു ഉപയോഗിക്കാം.
എന്നാൽ സ്‌പെയ്‌സറുകൾ പങ്കിടരുത്.
അലർജിക് റൈനറ്റിസ് രോഗികൾ അവരുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മൂക്കിൽ അടിക്കുന്ന സ്പ്രേ മരുന്നുകൾ തുടരണം.
കൊറോണ രോഗവ്യാപനത്തിന്റെ സാധ്യത കുറയ്ക്കുന്നതിനായി പതിവ് സ്പൈറോമെട്രി പരിശോധന താൽക്കാലികമായി നിർത്തിവയ്ക്കണം, ആവശ്യമെങ്കിൽ മാത്രം ആവശ്യത്തിന് അണുബാധ നിയന്ത്രണ നടപടികൾ കൈക്കൊണ്ടു കൊണ്ട് ചെയ്യാവുന്നന്നതാണ്.
ആസ്ത്മ രോഗം ഉള്ളവർക്ക് കോവിഡ് രോഗ ബാധ ഗുരുതരാവസ്ഥകൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലുണ്ടോ?
ഇതു സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ ഇനിയും പരിമിതമാണ്, എന്നാൽ ഗുരുതരാവസ്ഥകൾ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആയതിനാൽ കരുതലോടെ ഇരിക്കാം.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ?
ആസ്ത്മ രോഗികൾ പുകവലി പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
ആസ്തമ അറ്റാക്ക് ഉണ്ടാവാൻ കാരണമായേക്കാവുന്ന കാര്യങ്ങൾ (പുക, തണുപ്പ്, പൊടി പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കണം. മരുന്നുകളും നിർദ്ദിഷ്ട ചികിത്സാ രീതികളും കർശനമായി പാലിക്കണം.
മഹാമാരി പടരും അവസരത്തിൽ ആശുപത്രി സന്ദർശനം കഴിയുന്നതും ഒഴിവാക്കണം. ഏവരും പാലിക്കേണ്ടുന്ന സാമൂഹിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം പോലുള്ളവയും കൃത്യമായി പാലിക്കണം.