· 4 മിനിറ്റ് വായന

കോവിഡ് 19 – കരുതൽ ശക്തമാക്കാം

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

?“പത്തനംതിട്ട ജില്ലയിൽ ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേർക്കും ബന്ധുക്കളായ രണ്ട് പേർക്കും കൊറോണ സ്ഥിരീകരിച്ചു.” വാർത്ത.

അതായത് 3 പേർക്ക് ഇറ്റലിയിൽ നിന്നും രോഗബാധ ഉണ്ടായതാണെങ്കിൽ, മറ്റു 2 പേർക്ക് കേരളത്തിൽ വെച്ചാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നും, ഇവരിൽ നിന്നും ഉണ്ടായതാണെന്നും അനുമാനിക്കാം.

?അതീവ പ്രാധാന്യമർഹിക്കുന്ന ചില കാര്യങ്ങൾ

?ഈ 5 പേരുമായി ഫെബ്രുവരി 29 ആം തീയതി മുതൽ ഇടപഴകിയ ആൾക്കാരെല്ലാം വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിൻറെ നിർദ്ദേശങ്ങൾ പാലിക്കണം. ഒരു രീതിയിലും ഉപേക്ഷ വിചാരിക്കരുത്.

?കൊറോണ വൈറസ് ബാധിച്ച സ്ഥലത്തുനിന്നും എത്തുന്ന പലരും സർക്കാർ നിർദേശിച്ച സർവൈലൻസിന് തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. ഇന്ത്യയിലെ പൊതുവായ സാഹചര്യവുമായി താരതമ്യം ചെയ്താൽ കേരളം ആരോഗ്യ മേഖലയിൽ വളരെ മികച്ച സംസ്ഥാനമാണ്. പക്ഷേ നമ്മൾ ലോകോത്തരം എന്ന് ചിന്തിക്കരുത്. നമുക്ക് ശക്തിയും ദൗർബല്യവും ഉണ്ട്. നമ്മൾ പെർഫെക്റ്റ് ആണ് എന്ന ധാരണ ചിലർക്കെങ്കിലും ഉണ്ട്, അങ്ങനെയല്ല.

?രോഗബാധിതരോടൊപ്പം ഇടപഴകിയ ബന്ധുക്കൾ, സുഹൃത്തുക്കൾ, ആരാധനാലയങ്ങളിലോ ഓഫീസുകളിലോ ആശുപത്രികളിലോ ചിലവഴിച്ചവർ, ആഘോഷങ്ങളിലും പാർട്ടികളിലും അടുത്ത ഇടപെട്ടവർ, ഒരുമിച്ച് യാത്ര ചെയ്തവർ അങ്ങനെ അവരുമായി അടുത്തിടപഴകിയ എല്ലാവരും ശ്രദ്ധിക്കണം. നിങ്ങളുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടിയാണ്, ഈ നിർദ്ദേശങ്ങൾ നിസ്സാരമായി എടുക്കരുത്. നിങ്ങളോ നിങ്ങൾ കാരണം മറ്റുള്ളവരോ അപകടത്തിലാവരുത്.

?കേരളം പോലെ അതീവ ജനസാന്ദ്രത ഉള്ള പ്രദേശത്തിനു വിപരീതമായി ജന സംഖ്യ കുറഞ്ഞ, മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള, കൂടുതൽ വൃത്തിയും പൊതു ശുചിത്വവും ഉള്ള രാജ്യങ്ങളായ ഇറ്റലിയിലും മറ്റും രോഗം പ്രത്യക്ഷപ്പെട്ടതിന് ശേഷം പടർന്നു പിടിച്ച രീതിയും തോതും നാം അറിയണം. അതിൽ നിന്ന് നാം മനസ്സിലാക്കണം നമ്മൾ നേരിടുന്ന റിസ്ക് !

?ഇറ്റലിയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം – 1247, മരണങ്ങൾ – 36. അവിടെ ഇതുവരെ ആകെ 5883 കേസുകളിൽ 233 മരണങ്ങൾ.

?ഫെബ്രുവരി 28-ആം തീയതി വെനീസിൽ നിന്ന് ദോഹയിലേക്കുള്ള QR 126, ഫെബ്രുവരി 29-ആം തീയതി ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള QR 514 എന്നീ വിമാനങ്ങളിൽ യാത്ര ചെയ്ത് കേരളത്തിൽ എത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം, ആരോഗ്യവകുപ്പ് സംവിധാനമായ ദിശയുടെ ഫോൺ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

?കൂടാതെ എവിടെയൊക്കെ ഇപ്പോൾ കൊറോണ ബാധിതമായ പ്രദേശത്ത് നിന്നു വന്നവരുണ്ടോ അവരെല്ലാം ആരോഗ്യവകുപ്പിൽ നിർബന്ധമായി റിപ്പോർട്ട് ചെയ്തിരിക്കണം. പ്രത്യേകിച്ച് ഇറാൻ , ഇറ്റലി, സൗത്ത് കൊറിയ, ചൈന.

ഫോൺ നമ്പർ: ദിശ: 04712552056 ടോൾ ഫ്രീ നമ്പർ: 1056

?പോസിറ്റീവ് കേസുകൾ ഉള്ളതിനാൽ ഹോം ക്വാറൻ്റൈൻ 28 ദിവസം തന്നെയാണ്. അവർക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. അവർക്ക് വേണ്ട കൂടുതൽ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിക്കും.

?നിതാന്ത ജാഗ്രത എന്ത് കൊണ്ട്?

ഒരു അപകടത്തെ ശരിയായ രീതിയിൽ വിലയിരുത്തുമ്പോൾ, അനാവശ്യമായ ഭീതി പരത്തുന്നു എന്ന് ആരോപിക്കുന്ന പലരെയും കാണുന്നു. പോകുന്നവഴിയിൽ ഒരു പാലം പൊളിഞ്ഞു കിടക്കുന്നു, സൂക്ഷിക്കണമെന്ന് വഴി യാത്രക്കാരോട് പറയുന്നത് ഭയപ്പെടുത്തൽ അല്ല, ജാഗ്രത പുലർത്താൻ വേണ്ടി പറയുന്നതാണ്.

ഭയപ്പെടും എന്ന് കരുതി അത് പറയാതിരുന്നാൽ അത് മൗഢ്യവും ആണ്. ഭയം, ജാഗ്രത എന്നീ വാക്കുകൾക്ക് രണ്ട് അർത്ഥമാണ്. ഖേദകരമെന്ന് പറയട്ടെ പലർക്കും അർത്ഥവ്യത്യാസം മനസ്സിലാവുന്നില്ല. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മാത്രമേ പറയാനുള്ളൂ.

ലോകം മുഴുവൻ ജാഗ്രത പുലർത്തുകയാണ്. പരമാവധി ജാഗ്രത പുലർത്താൻ ശ്രമിക്കൂ. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്.

ചില ഉദാ:

?പോപ്പിന്റെ ഞായറാഴ്ച പ്രാർത്ഥന ലൈവ് സ്ട്രീമിങിലൂടെ മാത്രം എന്ന തീരുമാനം (വത്തിക്കാനിൽ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 1 മാത്രമാണ്)

?പല കമ്പനികളും വർക്ക് അറ്റ് ഹോം പ്രോത്സാഹിപ്പിച്ചു തുടങ്ങി. പല രാജ്യങ്ങളിലും ഹോം ഡോക്ടർ കൺസെപ്റ്റ് ഫലപ്രദമായി ഇംപ്ലിമെൻറ് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നു.

?ഇറാനിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ – 1076, മരണങ്ങൾ – 21. ആകെ 5823 കേസുകളിൽ 145 മരണങ്ങൾ

?തെക്കൻ കൊറിയയിൽ പുതിയ കേസുകൾ – 448, മരണം – 5. ആകെ 7041 കേസുകളിൽനിന്ന് 48 മരണങ്ങൾ.

?ഫ്രാൻസിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 296 കേസുകൾ, ഇന്നലെ മാത്രം മരണങ്ങൾ 7. ഇതുവരെ ആകെ 949 കേസുകൾ, 16 മരണങ്ങൾ.

?ജർമ്മനിയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 130, ഇതുവരെ ആകെ 800.

?സ്പെയിനിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 102, ഇതുവരെ ആകെ 503

?അമേരിക്കയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 83, ഇതുവരെ ആകെ 402.

?ചൈനയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 100, ഇന്നലെ ഉണ്ടായ മരണങ്ങൾ 28. ഇതുവരെ ആകെ 80652 കേസുകളിൽ നിന്നും 3070 മരണങ്ങൾ. 55000-ലധികം രോഗവും വിമുക്തരായി. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 5500-ൽ താഴെയെത്തി.

?കേരളത്തിലെ സ്ഥിതി വിശേഷം

?ഇന്ത്യയിലും, ഇപ്പോൾ കേരളത്തിനുള്ളിലും കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നതിനാൽ രോഗപ്പകർച്ചയുടെ സാധ്യത ഏറെയാണ്. സാധാരണ ജലദോഷപ്പനി പോലെയുള്ള ലക്ഷണങ്ങൾ ആയതിനാൽ തിരിച്ചറിയാതെ പോവാനുള്ള സാധ്യതകളും ഉണ്ട്.

?പൊതു ഇടങ്ങളിലും പൊതു യാത്രാ സംവിധാനങ്ങളിലും ആൾക്കാർ വളരെ അടുത്തു ഇടപഴകി കൂടിക്കലരുന്നുണ്ട്. മുൻപത്തെ പോലെ എയർ പോർട്ട് വഴി നിരീക്ഷിച്ചു കൊണ്ട് മാത്രം ഇനി കോവിഡ്19 നെ പ്രതിരോധിക്കാൻ കഴിയും എന്ന് കരുതാൻ വയ്യ.

?ആയതിനാൽ ഒക്കെ പ്രളയത്തിലും നിപ്പാ സമയത്തും ഒക്കെ ഒത്തൊരുമയോടെ കേരളം നീങ്ങിയത് പോലെ ഒന്നിച്ചു സാമൂഹിക ബോധത്തോടെ ഉത്തരവാദിത്വത്തോടെ ഒരുമയോടെ ഈ രോഗബാധ പടരുന്നത് തടയാൻ വേണ്ട പ്രവൃത്തികൾ അനുവർത്തിക്കേണ്ടിയിരിക്കുന്നു.

?സ്വന്തം മൂക്കിന് മേൽ ഒരു മാസ്ക് കെട്ടി മാത്രം കോവിഡ് 19 പ്രതിരോധിക്കാൻ ആവും എന്ന് കരുതുന്നത് മണ്ടത്തരം ആവും.

?പൊങ്കാല എന്നല്ല, പള്ളിപ്പെരുനാളുകൾ, പൊതു സമ്മേളനങ്ങൾ, പ്രകടനങ്ങൾ, സ്പോർട്സ് മത്സരങ്ങൾ എന്നിങ്ങനെ ആളുകൾ കൂട്ടം കൂടുന്ന എല്ലാ പരിപാടികളും തൽക്കാലം ഒഴിവാക്കാനുള്ള “പ്രബുദ്ധത” കേരളം സമൂഹം കാണിക്കണം, അതാണ് ശാസ്ത്രീയമായ സമീപനം.

?ആവശ്യമെങ്കിൽ സ്കൂളുകൾക്കും കോളേജുകൾക്കും ഒക്കെ അവധി നൽകുന്ന കാര്യം പോലും അധികാരികളുടെ പരിഗണനയിൽ ഉണ്ടായിരിക്കണം.

?ജനങ്ങൾക്ക് തെറ്റായ സുരക്ഷിതത്വ ബോധം നൽകുന്ന പ്രചാരണങ്ങളിൽ നിന്നും ഇതര വൈദ്യ മേഖലയിൽ ഉള്ളവർ പിന്മാറണം.

?ആശുപത്രികളിൽ പോയി രോഗി സന്ദർശനം എന്ന ആചാരം ഒഴിവാക്കണം. ഫോണിൽ കൂടി വിവരങ്ങൾ അന്വേഷിക്കുക. രോഗിയെ സഹായിക്കാനായി ആവശ്യമുള്ള ആൾക്കാർ മാത്രം പോവുക.

?അനേകം വ്യാജ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്.
വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക.

?ലോകരാജ്യങ്ങൾ അവരവരുടെ ശേഷിയനുസരിച്ച് തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു. നമുക്കും സാധിക്കുന്നതുപോലെ പരമാവധി നന്നായി തയ്യാറെടുക്കാം.

?എത്ര അധികം കേസുകൾ വന്നാലും ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാക്കുന്നതിനു സർക്കാരിനെ കഴിയണം എങ്കിൽ, നമ്മളുടെ പ്രവർത്തികൾ കൂടി അനുഗുണം ആവണം. രോഗപ്പകർച്ചയ്ക്കു നാം കാരണമാവരുത്.

?സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ അമൃതാനന്ദമയിയും, ഞായറാഴ്ച പ്രാർത്ഥന ലൈവ് സ്ട്രീമിങിലൂടെ മാത്രം ആക്കിയ പോപ്പും, ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ല എന്നുപറഞ്ഞ പ്രധാന മന്ത്രിയും, ഉംറ തീർത്ഥാടനത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവന്ന സൗദി അറേബ്യയും ഉൾപ്പെടെ മത സാമൂഹിക നേതാക്കൾ ഈ വിഷയത്തിൽ മാതൃകകളാണ്.

ഇവർ നൽകുന്ന സന്ദേശം ഇത്തരം ഘട്ടങ്ങളിൽ വൈകാരിക ദൗർബല്യങ്ങൾ / സ്ഥാപിത താല്പര്യങ്ങൾ ഒഴിവാക്കി വിവേകപൂർവ്വമായ തീരുമാനം എടുക്കണം എന്ന് തന്നെയാണ്. അത് മനസ്സിലാക്കി പ്രവർത്തിക്കാൻ നമ്മുടെ സമൂഹത്തിനും ആവട്ടെ എന്ന് പ്രത്യാശിക്കുന്നു. നാം ഇനിയും അതിജീവിക്കുക തന്നെ ചെയ്യും.

NB: ഉയർന്ന അന്തരീക്ഷ താപനില കോവിഡ് – 19 വൈറസിൻ്റെ പകർച്ചയെ പ്രതിരോധിക്കുമോ?

ഇതിനു യാതൊരു ശാസ്ത്രീയ അടിത്തറയും ഇതുവരെ ഇല്ല.

രോഗികളെ കണ്ടെത്തിയ മറ്റു ചില രാജ്യങ്ങളും അവിടുത്തെ താപനിലയും ഉദാ: ആയി നോക്കാം.

ഇന്തോനേഷ്യ (32ഡിഗ്രി)
തായ്‌ലൻഡ് – 47 കേസുകൾ (മുപ്പത് ഡിഗ്രി)
സിംഗപ്പൂരിൽ – 110 കേസുകൾ ( 30 ഡിഗ്രി)
മലേഷ്യയിൽ – 50 കേസുകൾ (30 ഡിഗ്രി)
ഇവിടങ്ങളിലൊക്കെ ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുണ്ട്

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
Dr. Deepu Sadasivan. Obtained a medical degree from Kottayam Medical College. Currently working in Kerala State health services department. Articles related to Medical science have been published in periodicals and newspapers.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ