കോവിഡും നനഞ്ഞിടം കുഴിക്കുന്ന ചില മരുന്ന് പരീക്ഷണങ്ങളും
രണ്ടുദിവസമായി പത്രമാധ്യമങ്ങളും വാട്സാപ്പ് ഗ്രൂപ്പുകളും നിറയെ പങ്കജകസ്തൂരി കൊവിഡിനെതിരെ മരുന്നു കണ്ടുപിടിച്ചെന്നും അത് ടെസ്റ്റ് ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതുമായ വാർത്തകൾ നിറഞ്ഞു നിൽക്കുവാണ്. ഇന്നിപ്പോൾ കാട്ടാക്കട MLA യുടെ പേജിലും ആ മരുന്നു പരീക്ഷണത്തെ വാനോളം പുകഴ്ത്തുന്ന കുറിപ്പ് കണ്ടു. പങ്കജകസ്തൂരിയുടെ പരസ്യത്തിലും MLA-യുടെ കുറിപ്പിലും തെറ്റിദ്ധാരണാ ജനകമായ പലതും പ്രഥമദൃഷ്ട്യാ തോന്നിയതിനാൽ എന്താണാ പഠനമെന്ന്, അൽപ്പം റിസർച് നടത്തി നോക്കിയപ്പോൾ മനസ്സിലായ കുറച്ചു കാര്യങ്ങൾ പങ്കുവെക്കുന്നു.
1. രാജ്യത്തു ആദ്യമായാണ് കോവിഡ് പ്രതിരോധത്തിന് ഒരു ആയുർവേദ മരുന്നു പരീക്ഷിക്കാൻ CTRI യുടെ അനുമതി കിട്ടുന്നത് എന്നാണ് MLA-യുടെ കുറിപ്പിലെ ആദ്യത്തെ വാചകം തന്നെ. അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്നതാണ് സത്യം.
CTRI-യിൽ (http://ctri.nic.in/) register ചെയ്യപ്പെട്ട trials ആർക്കു വേണമെങ്കിലും അവരുടെ വെബ്‌സൈറ്റിൽ ചെന്നു സെർച്ച് ചെയ്തു നോക്കാവുന്നതാണ്. Covid എന്ന keyword ഇട്ടു തപ്പി നോക്കിയപ്പോൾ 42 trials കിട്ടി. അതായത് രാജ്യത്ത് പലയിടത്തായി covid ചികിത്സയുമായി ബന്ധപ്പെട്ട് 42 പഠനങ്ങൾ register ചെയ്യപ്പെട്ടിട്ടുണ്ട്.
അതിൽ തന്നെ 4 എണ്ണം ആയുർവേദവും(CTRI NOs 2020/04/024882, 024731, 024659, 024883) അഞ്ചെണ്ണം ഹോമിയോയും ആണ്. അപ്പൊ ആദ്യമായി എന്നുള്ള തള്ളിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇതിലെ ഏറ്റവും അവസാനത്തെ നമ്പർ ആയ 024883 ആണ് പങ്കജകസ്തുരിയുടെ മരുന്നിന്റേത്.
2. CTRI നമ്പർ 2020/04/024883 (http://ctri.nic.in/Clinicaltrials/pmaindet2.php?trialid=43168&EncHid=&userName=covid) ആയി register ചെയ്ത പഠനത്തിന്റെ details ഉം ആ വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. പഠനത്തിന്റെ ലക്ഷ്യം അതിൽ വ്യക്തമായി പറയുന്നുണ്ട്. “Randomized controlled Single blinded prospective multi centre clinical trial to investigate the safety and efficacy of ZingiVir-H as an adjuvant therapy in hospitalized adults diagnosed with coronavirus disease 2019 (COVID-19) “. അതായത് Covid 19 ബാധിച്ച ആളുകൾക്ക് ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന ചികിത്സക്ക് ഒരു ‘താങ്ങായി’ പ്രവർത്തിക്കാൻ ഈ മരുന്നിനു കഴിയുമോ എന്നു നോക്കാൻ വേണ്ടിയാണ് ഈ പഠനം നടത്തുന്നത്. അപ്പൊ MLA-യെ അവർ വീണ്ടും തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ കുറിപ്പിൽ ഇത് പ്രതിരോധമരുന്നാണെന്നാണ്.
3. ഇനി study യുടെ കാര്യം നോക്കിയാൽ തന്നെ നല്ല തമാശകളാണ്. Randomized controlled Single blinded prospective multi centre clinical trial ആണെന്നാണ് title ൽ പറയുന്നത്. അതായത് പല കേന്ദ്രങ്ങളിലായി നടത്തുന്ന പഠനം. കുറച്ചു താഴെ പോയി number of sites നോക്കിയാൽ നമ്മൾ ഞെട്ടണോ ചിരിക്കണോ എന്നുള്ള അവസ്ഥയാകും. number of sites=1. ഇതു കൊച്ചിൻ ഹനീഫ പറഞ്ഞ പോലെ താഴെ വരെ എത്തുന്ന ട്രൗസർ പോലെയായി. ഒരു കേന്ദ്രം മാത്രമുള്ള multicentre trial. ഭാവിയിൽ കൂടുതൽ centres-നെ ചേർക്കുമായിരിക്കും. അപ്പൊ ശരിക്കും multicentre ആകും. 4 മെഡിക്കൽ കോളേജുകളിൽ പഠനം നടത്തുമെന്നാണ് MLA – യും പറയുന്നത്. പക്ഷെ, ICMR-നെ അറിയിച്ചിരിക്കുന്നത് ഒരു കോളേജിന്റെ കാര്യവും.
4. അടുത്ത നമ്പർ വരുന്നത് പഠനത്തിന്റെ public title ൽ ആണ്. “Clinical research on safety and efficacy of ZingiVir-H as an add on therapy in COVID-19 patients ” എന്നാണ് public title കൊടുത്തിരിക്കുന്നത്. അതായത് മരുന്നിന്റെ ഫലവും സുരക്ഷിതത്വവും പരിശോധിക്കാനുള്ള പഠനം എന്നു. എന്നാൽ ഇതു വെറും തട്ടിപ്പ് തലക്കെട്ടാണ് എന്നു പഠനത്തിൽ പരിശോധിക്കുന്ന കാര്യങ്ങൾ ഏതൊക്കെ എന്നു പറഞ്ഞിരിക്കുന്ന ഭാഗം നോക്കിയാൽ മനസ്സിലാകും. പഠനത്തിൽ പരിശോധിക്കുന്ന രണ്ടു കാര്യങ്ങൾ പറഞ്ഞതിൽ മരുന്നിന്റെ സുരക്ഷിതത്വം അളക്കുന്ന ഒന്നും തന്നെയില്ല.
5. രണ്ടു കാര്യങ്ങളാണ് പഠനത്തിൽ പരിശോധിക്കുന്നത്. ഒന്നാമത് The Odds of Ratio for Improvement on a 7-point Ordinal Scale on Day 15. അതായത് രോഗിയുടെ മെച്ചപ്പെടലിന്റെ അളവിന് ഒന്ന് മുതൽ 7 വരെയുള്ള മാർക്ക് ഇട്ടിട്ടു ആദ്യത്തെ ദിവസവും പതിനഞ്ചാമത്തെ ദിവസവും തമ്മിലുള്ള ഒരു താരതമ്യം. രോഗിയുടെ clinical status വെച്ചാണ് ഇത് അളക്കുന്നത്. അതിന്റെ കൂടുതൽ വിവരങ്ങൾ അവിടെ ലഭ്യമല്ല. എന്നാലും, test നെഗറ്റീവ് ആകുക, xray-യിൽ വ്യത്യാസം വരുക എന്നതൊക്കെ പോലെയുള്ള objective (വസ്തുനിഷ്ഠമായ) ആയ ഒരു data എടുക്കാതെ subjective ആയ (വ്യക്ത്യാധിഷ്ഠിത) അല്ലെങ്കിൽ ആകാൻ സാധ്യത ഉള്ള ഒരു data ആണ് ശേഖരിക്കുന്നത്. അപ്പോൾ തന്നെ പഠനത്തിന്റെ ഫലത്തിൽ വെള്ളം ചേർക്കലുകൾ നടത്താനുള്ള സാധ്യത കൂടുന്നു.
ഇത് എളുപ്പത്തിൽ മനസ്സിലാക്കാൻ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ എഫ്ഐആർ എഴുതുന്ന രംഗങ്ങൾ ഓർത്താൽ മാത്രം മതി. കാര്യങ്ങൾ എങ്ങനെ വളച്ചൊടിച്ച് അവർക്ക് വേണ്ട രീതിയിൽ ആക്കാം എന്നത് വളരെ എളുപ്പമാണ്. പതിനഞ്ചാം ദിവസം രോഗം മാറിയോ ഇല്ലയോ എന്നകാര്യം മരുന്ന് പരീക്ഷിക്കുന്ന ആളുകൾക്ക് എളുപ്പത്തിൽ തീരുമാനിക്കാൻ കഴിയും. സോ സിമ്പിൾ. ശ്വാസകോശത്തിൽ വൈറസ് ബാധയുടെ പ്രശ്നങ്ങളുള്ള രോഗികൾക്കാണ്, ഈ ഗുളിക കൊടുക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. പക്ഷേ കൊടുത്തതിനുശേഷം, ആ പ്രശ്നം മാറിയോ എന്ന് Xray വഴിയോ സ്കാനിങ്ങിലൂടെയോ പരിശോധിക്കുന്നതേയില്ല. വൈറസ് പോയോ എന്നും ടെസ്റ്റ് ചെയ്തു നോക്കുന്നില്ല .
6. പിന്നെ പരിശോധിക്കുന്ന രണ്ടാമത്തെ കാര്യം മരുന്നിന്റെ പനി കുറക്കാനുള്ള കഴിവാണ് (To find out the anti pyretic activity of ZingiVir H). അത് ദിവസേന temperature നോക്കിയാൽ കണക്കാക്കാൻ പറ്റുന്ന കാര്യം ആയതു കൊണ്ട് ഒബ്ജക്റ്റീവ് ആണ്. പക്ഷെ ഇവിടെ ഒരു സംശയം ബാക്കി നിൽക്കുന്നത് എന്തെന്നാൽ രോഗികൾക്ക് മറ്റു മരുന്നുകൾ കൂടി നൽകുന്നതിനാൽ ഇതിന്റെ മാത്രം കഴിവാണ് പനി കുറയ്ക്കുന്നതെന്ന് എങ്ങനെ പറയാൻ കഴിയും?
അതോ റാൻഡമൈസ് ചെയ്യാൻ വേണ്ടി ശരിക്കും സുഖക്കേടുള്ള രോഗികൾക്ക് പാരസെറ്റമോൾ പോലത്തെ മരുന്നുകൾ കൊടുക്കാതിരിക്കുമോ? എങ്കിൽ അത് എത്തിക്കൽ ആയി ശരിയാണോ?
ഈ രണ്ടു കാര്യങ്ങൾ അല്ലാതെ ശരീരത്തിനകത്തു വെച്ച് വൈറസിനെ നശിപ്പിക്കാൻ ഉള്ള കഴിവോ, അസുഖം മാറി എന്നതിനുള്ള സൂചകമായി കണക്കാക്കുന്ന ടെസ്റ്റ് നെഗറ്റീവ് ആകുന്നതോ ഒന്നും ഈ പഠനം പരിശോധിക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ, പഠനം നടത്തി എന്ന് പറയാൻ വേണ്ടി ഒരു പഠനം നടത്തുന്നത് പോലെയുണ്ട്.
7. മറ്റൊരു സംശയം മൈസൂർ മെഡിക്കൽ കോളേജിൽ ഈ പഠനം നടത്തുന്ന ഡോക്ടറെക്കുറിച്ചാണ്. ഡോ. മധുകുമാർ എന്ന ഒരു ഡോക്ടറാണ് ഈ പഠനം അവിടെ നടത്തുന്നത്. 2018 മൈസൂർ മെഡിക്കൽ കോളേജ് പുറത്ത് വിട്ട ഒരു rti document പ്രകാരം (https://karunadu.karnataka.gov.in/MMCRI/RTI%20ACT/RTI_jan2018.pdf) അവിടെ മധുകുമാർ എന്ന പേരിൽ ആകെ ഒരു ഡോക്ടറെ ഉള്ളു. അയാൾ താരതമ്യേന ജൂനിയർ തസ്തികയായ സീനിയർ റസിഡന്റ് പോസ്റ്റിൽ ആണ് ഇരിക്കുന്നത്. ഇനി അവിടെ വേറെ വല്ല ഡോ. മധുകുമാറും ഉണ്ടോ എന്ന് എനിക്ക് അറിയില്ല. മനസ്സിൽ തോന്നിയ സംശയം പറഞ്ഞു എന്നെ ഉള്ളു.
8. ആകെ കൊവിഡ് രോഗികളുടെ ഒരു പത്ത് ശതമാനം പേരിൽ ഒക്കെ ആയിരിക്കും വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അങ്ങനെയെങ്കിൽ 112 രോഗികളെ കിട്ടണമെങ്കിൽ മൈസൂരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആകെ കൊവിഡ് രോഗികളുടെ എണ്ണം 1100 എങ്കിലും ആവണം. മൈസൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 90 ആണ്. അതിൽ 58 പേർ രോഗവിമുക്തരായി. ഇപ്പോൾ നിലവിൽ രോഗികൾ ആയിട്ടുള്ളത് 32 പേരാണ്. ഇതിൽ ശ്വാസകോശരോഗം ഉള്ളത് കൂടിപ്പോയാൽ മൂന്നോ അഞ്ചോ പേർക്ക് ആയിരിക്കും. അതും, അവർ മൈസൂരിലെ ആ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിൽ കഴിയുകയാണെങ്കിൽ മാത്രമേ ഗുണമുള്ളൂ. പൊതുവേ കർണാടകയിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്ന അവസ്ഥയാണ്. എങ്ങനെയായിരിക്കും 112 രോഗികളെ ഇവർ കണ്ടെത്തുക? ഒരുപിടീം കിട്ടുന്നില്ല.
9. ആകെ 112 രോഗികളെയാണ് പഠനത്തിൽ ചേർക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രോഗികളെ ബാധിച്ച ഒരു അസുഖത്തിന്റെ കുറിച്ച് പഠിക്കാൻ ഇത്രയും ചെറിയ ഒരു study population മതിയോ എന്നുള്ളത് ഒരു ചോദ്യമാണ്. കൃത്യമായ നിഗമനങ്ങളിൽ എത്താൻ കൂടുതൽ ആളുകൾ വേണ്ടി വരും. എന്നിരുന്നാലും ഒരു പ്രാഥമിക പഠനം എന്ന നിലയിലും അസുഖം പടരുന്ന സാഹചര്യം പരിഗണിച്ചും ഈ എണ്ണക്കുറവിനെ അവഗണിക്കാം. പക്ഷെ, ഈ എണ്ണവും വെച്ച് വൻ തള്ളുകൾ തള്ളരുത്. വിശദമായ പഠനങ്ങളിലേക്ക്. വഴി തുറക്കുന്നതാകണം ഈ പഠനം.
10. അതിലും രസകരമായ കാര്യം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ആദ്യ പരിശോധനയിൽ ഈ ഗുളിക മനുഷ്യ ശരീരകോശങ്ങളിൽ യാതൊരുവിധ ദോഷങ്ങളും ഉണ്ടാക്കുന്നില്ല എന്ന് തെളിയിക്കപ്പെട്ടു എന്നാണ് എഴുതിയിരിക്കുന്നത്. എങ്ങനെയാണ് ഒരു ഇൻവിട്രോ സ്റ്റഡിയിൽ അത് മനുഷ്യശരീര കോശങ്ങളെ ഒര തരത്തിലും ബാധിക്കുന്നില്ലെന്ന് പഠിക്കുന്നത് എന്ന് മനസ്സിലായില്ല. മനുഷ്യശരീരം എന്നത് ഒരു ഒറ്റക്കോശം അല്ല. കുറേ കോശങ്ങൾ ചേർത്തുവെച്ചാലും അത് മനുഷ്യ ശരീരത്തിലെ പോലെ പ്രവർത്തിക്കില്ല. ഓരോ മരുന്നുകളും ഓരോ അവയവത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെ പറ്റി കൃത്യമായ പഠനം വേണം. ഇങ്ങനെയാണെങ്കിൽ ലാബുകളിൽ കണ്ടെത്തുന്ന എല്ലാ മരുന്നുകളും നേരിട്ട് മനുഷ്യന് കൊടുത്താൽ മതിയല്ലോ. ദോഷമില്ലാ എന്ന് പറയാൻ എത്ര എളുപ്പം. അത് ഉണ്ടോ എന്ന് പരിശോധിക്കാൻ ചിലപ്പോൾ വർഷങ്ങളെടുക്കും.
സൂക്ഷ്‌മമായി നോക്കിയാൽ ഇനിയും പ്രശ്നങ്ങൾ കണ്ടു പിടിക്കാൻ സാധിക്കുമായിരിക്കും. എന്നിരുന്നാലും ശാസ്ത്രീയ രീതിയിൽ ഈ മരുന്നിന്റെ ഫലം പരിശോധിക്കാൻ തയ്യാറായതിനെ സ്വാഗതം ചെയ്തേ പറ്റൂ. അത് കൂടുതൽ പഠനങ്ങളിലേക്കും, അത് വഴി ആയുർവേദ മരുന്നിന്റെ ഫലവും ഫലമില്ലായ്മയും തിരിച്ചറിയുന്നതിലേക്കും നയിക്കും എന്നാശിക്കുന്നു. പക്ഷേ, ഇമ്മാതിരി അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ പറയുന്ന കാര്യങ്ങളിൽ പകുതിയെങ്കിലും സത്യം ഉണ്ടായിരിക്കണമെന്ന് മാത്രം.