കോവിഡും ഇമ്മ്യൂണിറ്റിയും, തട്ടിപ്പുചികിത്സകളും
കുതിരവട്ടം പപ്പു റോഡ് റോളർ നന്നാക്കാൻ പോയ കഥ നമുക്കറിയാം. കുറേ പഴയകാല തള്ളുകഥകളുടെ മാത്രം പിൻബലത്തിൽ ‘ഇപ്പൊ ശരിയാക്കിത്തരാ’മെന്ന് പറഞ്ഞ് വരുന്ന പപ്പുവിനെ പോലെയാണ് ഏതൊരു ദുരന്തകാലത്തും നനഞ്ഞിടം കുഴിക്കാനിറങ്ങുന്ന ചിലർ. കൊവിഡിൻ്റെ കാലത്ത് അവർ ഇപ്പൊ ‘ശരിയാക്കിത്തരാമെന്ന് പറയുന്നത്’ മനുഷ്യൻ്റെ ഇമ്യൂണിറ്റിയെയാണ്.
‘ഇമ്മ്യൂണിറ്റി’ അഥവാ രോഗപ്രതിരോധശേഷി “ശക്തി”പ്പെടുത്തുക എന്നതു മാത്രമാണ് കൊവിഡ് രോഗത്തിൽ നിന്ന് രക്ഷപെടാനുള്ള വഴി എന്നാണു ഈ കേശവൻ മാമന്മാർ പാടിനടക്കുന്നത്.
വളരെ സങ്കീർണമായ രോഗപ്രതിരോധശേഷിയെ ലളിതവൽക്കരിച്ചും ചില സാമ്പ്രദായിക രീതികൾ വഴി ആ ഇമ്മ്യൂണിറ്റിയുടെ ശേഷി വർധിപ്പിക്കാമെന്ന വ്യാജ വാഗ്ദാനങ്ങളുന്നയിച്ചും ഒക്കെയുള്ള മുതലെടുപ്പുകൾ വളരെയധികം നടക്കുന്നതായി കാണുന്നു. വൈറ്റമിൻ സിയും ഇഞ്ചിയും മുതൽ ഇതര വൈദ്യങ്ങൾ വരെ പലവിധ അവകാശവാദങ്ങളുമായി ഇറങ്ങിയിട്ടുണ്ട്.
കൈ നനയാതെ മീൻ പിടിക്കാൻ പറ്റുന്ന അവസരമാണ്. ഇപ്പറഞ്ഞ തട്ടിപ്പുകൾ ഒന്നുമില്ലാതെയും, കാര്യമായ രോഗലക്ഷണങ്ങൾ ഉണ്ടായവരിൽ ആധുനിക വൈദ്യശാസ്ത്ര ചികിത്സ മുഖേനയും ലോകമെമ്പാടും 90% ലധികം പേർക്കും രോഗം ഭേദമായിട്ടുണ്ട്.
രസമെന്തെന്നു വെച്ചാൽ, ഈ രോഗം നേരിടാനുള്ള പോളിസികൾ രൂപീകരിക്കേണ്ട ആളുകൾ പോലും ഇത്തരം അന്ധവിശ്വാസങ്ങൾക്ക് അടിപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നതാണ്. ഈ സാഹചര്യത്തിൽ എന്താണ് ഇമ്മ്യൂണിറ്റി, എങ്ങനെയാണ് അതിനെ “ശക്തി”പ്പെടുത്തുക, ഇമ്മ്യൂണിറ്റി “ശക്തി”പ്പെടുന്നത് കൊണ്ട് കുഴപ്പങ്ങൾ എന്തെങ്കിലുമുണ്ടോ, ഇമ്യൂണിറ്റി കോവിഡിനെ തുരത്തുമോ എന്നീ കാര്യങ്ങൾ പരിശോധിക്കാം.
എന്താണ് ഇമ്യൂണിറ്റി ?
എല്ലാ ബഹുകോശജീവികൾക്കും മറ്റു പരാദ/ സൂക്ഷ്മ ജീവികൾ തങ്ങളെ ആക്രമിക്കുന്നതു തടയാനുള്ള സംവിധാനങ്ങളുണ്ട്. ഇതിനെ പൊതുവെ പറയുന്ന പേരാണ് രോഗപ്രതിരോധശേഷി അഥവാ ഇമ്മ്യൂണിറ്റി. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാമതുടർച്ചയായി രൂപാന്തരപ്പെട്ടു വന്ന വളരെ സങ്കീർണമായ ഒരു വ്യവസ്ഥയാണ് നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ.
മനുഷ്യൻ്റെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് പല ശ്രേണികളുണ്ടെന്ന് പറയാം.
ആദ്യ പ്രതിരോധനിര.
രോഗാണുക്കൾ ശരീരത്തിൽ കയറിപ്പറ്റുന്നതു തടയുന്ന ചർമ്മം, ശ്ലേഷ്മസ്തരം, വിവിധതരം ദഹനരസങ്ങൾ, ആമാശയത്തിലെ ആസിഡ്, ഉമിനീർ, കുടലിന്റെയും മറ്റും ചലനങ്ങൾ, കണ്ണീർ, പലതരം സ്രവങ്ങൾ എന്നിവയാണവ. ഇവയെല്ലാം പല തരത്തിലുള്ള രോഗാണുക്കളുമായി നിരന്തരസമ്പർക്കത്തിൽ വരുന്നവയാണ്. എന്നാൽ എല്ലാ രോഗാണുക്കളെയും തടഞ്ഞു നിർത്താനവർക്കാവില്ല. ഏറ്റവും നല്ല ഉദാഹരണം കൊവിഡ് തന്നെ.
സ്വതസിദ്ധ പ്രതിരോധം
ഇത് നമുക്ക് സഹജമായി ലഭിക്കുന്ന പ്രതിരോധശേഷിയാണ്. ശരീരത്തിനുള്ളിൽ എത്തുന്ന രോഗാണുക്കളെ തുരത്താൻ രക്തകോശങ്ങളും (Neutrophils, mast cells, NK cells, Eosinophils) കരളിൽ നിന്നും മറ്റും നിർമ്മിക്കുന്ന രാസവസ്തുക്കളും സഹായിക്കുന്നു. Compliment system ഉം ഇതിൽ വരും. ഇത്തരത്തിൽ പൊതുവായി എല്ലാ അന്യജീവരൂപങ്ങളെയും ചെറുക്കാനുള്ളതരം പ്രതിരോധത്തെ സ്വതസിദ്ധ പ്രതിരോധം ( innate immunity) എന്നുപറയാം.
ആദ്യപ്രതിരോധ നിരയെയും സ്വതസിദ്ധ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്.
ആർജ്ജിത പ്രതിരോധം
ഒരു പുതിയ രോഗാണുവുമായോ പുതിയ വസ്തുവുമായോ പരിചയപ്പെട്ടാൽ അതിനെ ചെറുക്കാൻ പ്രത്യേകം സംവിധാനം ഉണ്ടാക്കാനുള്ള കഴിവും ശരീരത്തിനുണ്ട്. ഇതാണ് ആർജ്ജിത പ്രതിരോധം (Acquired immunity). B, T വിഭാഗങ്ങളിൽ പെടുന്ന ലിംഫോസൈറ്റുകളും ആൻ്റിബോഡികളുമാണ് ഇവിടെ പ്രധാന യോദ്ധാക്കൾ. സ്വതസിദ്ധപ്രതിരോധത്തെക്കാൾ കൃത്യവും കാര്യക്ഷമവും ആയി രോഗാണുവിനെ പ്രതിരോധിക്കാൻ ആർജ്ജിത പ്രതിരോധത്തിന് സാധിക്കും.
രോഗലക്ഷണങ്ങൾ പലപ്പോഴും പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനം കൊണ്ട് ഉണ്ടാവുന്നതാണ്. വളരെ ലളിതമായ ഒരു ഉദാഹരണം പറഞ്ഞാൽ ഒരു രോഗാണു(വൈറസ്) മൂക്ക് വഴി ശരീരത്തിനകത്തു കടക്കാൻ ശ്രമിക്കുമ്പോൾ അത് തടയാൻ സ്വതസിദ്ധപ്രതിരോധം നിർമിക്കുന്ന രാസവസ്തുക്കൾ കാരണമാണ് നമ്മൾ തുമ്മുന്നത്. അല്ലെങ്കിൽ മൂക്ക് ചൊറിയുന്നത്. ഈ രീതിയിൽ രോഗാണുവിനെ തടയുന്നതിൽ സ്വതസിദ്ധപ്രതിരോധം പരാജയപ്പെട്ട്, രോഗാണു അകത്ത് കടന്നാൽ അതിനെ കൃത്യമായി തിരിച്ചറിഞ്ഞ് കൂടുതൽ ശക്തമായ ആയുധങ്ങളുമായി ആർജ്ജിതപ്രതിരോധം നേരിടും. അങ്ങനെയുണ്ടാവുന്ന അമിതസ്രവങ്ങൾ ആണ് മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന ഒക്കെ ആയി അനുഭവപ്പെടുന്നത്. വെളുത്ത രക്താണുക്കൾ നിർമിക്കുന്ന രാസവസ്തുക്കൾ കാരണം പനി ഉണ്ടായെന്നും വരാം..
പ്രതിരോധ വാക്സിനുകൾ
ആർജ്ജിത പ്രതിരോധത്തിൻ്റെ സാധ്യതകളെയാണ് വാക്സിനുകൾ വഴി നാം പ്രയോജനപ്പെടുത്തുന്നത്.
വാക്സിനുകൾ കൊണ്ട് ഉണ്ടാവുന്ന രോഗപ്രതിരോധ ശേഷി നമ്മൾക്ക് അളക്കാൻ കഴിയും, പ്രസ്തുത രോഗാണുക്കളെ ചെറുക്കാൻ ശേഷിയുള്ള പ്രതിരോധ വസ്തുക്കളായ ആന്റിബോഡിയുടെ അളവ് രക്തം പരിശോധിച്ച് അറിയാൻ കഴിയും.
ഇമ്മ്യൂൺ ബൂസ്റ്റിങ് തട്ടിപ്പുകൾക്ക് ഒന്നും ഇത്തരം ശാസ്ത്രീയ അടിത്തറ ഇല്ല.
അപ്പോൾ ഇമ്യൂണിറ്റി കൂടുന്നത് നല്ലതല്ലേ ?
‘കൂടുക-കുറയുക’ പോലുള്ള ലളിതയുക്തിയുപയോഗിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതല്ല ഇമ്മ്യൂണിറ്റിയുടെ പ്രവർത്തനം. വളരെ സങ്കീർണമായ ഒരു സന്തുലിതാവസ്ഥയാണ് അത്. പല ഘടകങ്ങൾ പല രീതിയിൽ നിയതമായി പ്രവർത്തിക്കുമ്പോൾ ആണ് പ്രതിരോധവ്യവസ്ഥ ഫലപ്രദം ആവുന്നത്.
കേശവമാമന്മാർ ഉപയോഗിക്കുന്ന “immune boosting”, “ഇമ്മ്യുണിറ്റി കൂട്ടൽ” എന്നതൊക്കെ വാസ്തവത്തിൽ അർത്ഥരഹിതമായ പ്രയോഗങ്ങൾ ആണ്. ശരീരത്തിന് ഹാനികരമായ അന്യജീവികളെ ശരീരത്തിൽ കയറുന്നതിൽ നിന്ന് തടയാൻ വളരെ ശക്തമായ ജൈവ-രാസായുധങ്ങൾ ആണ് പ്രതിരോധവ്യവസ്ഥ ഉപയോഗിക്കുന്നത്.
ബാക്ടീരിയ/വൈറൽ കോശങ്ങളെ നശിപ്പിക്കാൻ പ്രതിരോധവ്യവസ്ഥ ഉപയോഗിക്കുന്ന രാസവസ്തുക്കൾ പലപ്പോഴും സ്വന്തം ശരീരകോശങ്ങൾക്കും അപകടം ആയേക്കാം. പലപ്പോഴും രോഗാണു നേരിട്ട് ഉണ്ടാക്കുന്നതിനെക്കാൾ നാശം പ്രതിരോധവ്യവസ്ഥക്ക് ശരീരത്തിൽ ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിൽ അമിതോത്തേജിതമായ (hyperactive) ഇമ്മ്യുണിറ്റി പല രോഗങ്ങൾക്കും കാരണമാണ്.
ഒരു ജീവിക്ക് രോഗമുണ്ടാകാതിരിക്കണമെങ്കിൽ അന്യജീവികളെ തുരത്തിയോടിക്കാനുള്ള കഴിവു മാത്രം പോരാ. ഇതേ ഇമ്മ്യൂണിറ്റി സ്വന്തം ശരീരത്തിലെ മറ്റു കോശങ്ങൾക്കെതിരെ തിരിയാതെ നോക്കാനുള്ള കഴിവും വേണം. അല്ലെങ്കിൽ രോഗപ്രതിരോധശേഷി സ്വന്തം ശരീരത്തെത്തന്നെ ആക്രമിച്ചു കളയും. വെള്ളപ്പാണ്ട്, പലതരം സന്ധിവാതങ്ങൾ, ടൈപ്പ് 1 പ്രമേഹം, ചില തൈറോയിഡ് രോഗങ്ങൾ, ചില കുടൽ രോഗങ്ങൾ, SLE എന്നിവയൊക്കെ ഇത്തരം “ഓട്ടോ ഇമ്മ്യൂൺ” രോഗങ്ങൾക്ക് ഉദാഹരണമാണ്.
അതുമല്ല, ഇമ്യൂണിറ്റി പിടിവിട്ട് അമിതമായി പ്രവർത്തിച്ചാൽ അത് അലർജിയിലേക്കും ജീവൻ അപകടത്തിലാകുന്ന അനാഫൈലാക്സിസ് എന്ന അവസ്ഥയിലേക്കും നയിക്കാം. അതുകൊണ്ടുതന്നെ ഇമ്മ്യൂണിറ്റി വെറുതേ കൂട്ടിയിട്ട് കാര്യമില്ല, എന്നുതന്നെയല്ല അതുകൊണ്ട് മരണം വരെയുണ്ടാകാം.
ഇമ്യൂണിറ്റി ആരോഗ്യകരമായി “കൂട്ടാൻ” നാം എന്തുചെയ്യും ?
ഇമ്മ്യൂണിറ്റി ‘കൂട്ടുക’ എന്ന് പറയുന്നത് അസാധാരണമായ ഒരു കാര്യമാണ്. ഒരു മനുഷ്യന് സ്വാഭാവികമായുള്ള രോഗപ്രതിരോധശേഷിയെ അതിൻ്റെ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്ന രീതിയിൽ നിലനിർത്താൻ ചില കാര്യങ്ങൾ ചെയ്താൽ നടക്കും
ആരോഗ്യപരമായ ജീവിതശൈലി ഇമ്മ്യൂണിറ്റി നിലനിർത്താൻ പ്രധാനമാണ്. മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കുന്നതും നല്ലതുതന്നെ. സമീകൃതാഹാരം, സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിർത്തൽ, പ്രമേഹം പോലുള്ള രോഗങ്ങളെ കൃത്യമായ ചികിത്സ വഴി നിലയ്ക്ക് നിർത്തൽ, എന്നിവയൊക്കെ ഒരു നല്ല രോഗപ്രതിരോധ വ്യവസ്ഥ നിലനിർത്താൻ സഹായിക്കും.
ആവശ്യമായ പോഷണങ്ങളെല്ലാം ആവശ്യമായ അളവിൽ ലഭ്യമാവേണ്ടത് പ്രതിരോധവ്യവസ്ഥയുടെ പ്രവർത്തനത്തിന് അനിവാര്യമാണ്. എന്നാൽ ഒരു പോഷണവും അമിതമായി കഴിക്കുന്നത് കൊണ്ട് പ്രതിരോധശേഷിക്ക് പ്രയോജനപ്രദമായ എന്തെങ്കിലും ഫലം ഉണ്ടാവും എന്നതിന് തെളിവില്ല.
വൈറ്റമിൻ സി, വൈറ്റമിൻ ഡി, സിങ്ക്, കോപ്പർ തുടങ്ങി പല ഫുഡ് സപ്പ്ളിമെന്റുകളും കഴിക്കുന്നത് ഒരു അത്ഭുത പ്രതിവിധി ആയി പ്രചാരണം ഉണ്ട്. ജീവിത ശൈലിയും രോഗപ്രതിരോധശേഷിയും തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങൾ എല്ലാം നാം മനസ്സിലാക്കിക്കഴിഞ്ഞിട്ടില്ല. മനസ്സിലാക്കിക്കഴിഞ്ഞിട്ടില്ല എന്നുവെച്ചാൽ അതിനർത്ഥം പച്ചിലയ്ക്കും ലേഹ്യത്തിനും പഞ്ചസാരഗുളികയ്ക്കുമൊക്കെ പ്രതിരോധശേഷി ‘വർധിപ്പിക്കാനാകും’ എന്നല്ല. അങ്ങനെ പ്രതിരോധശേഷി വർദ്ധിക്കുന്നതിനോ, വർദ്ധിക്കുന്നെങ്കിൽ എങ്ങനെ എന്നതിനോ ഒന്നും യാതൊരു തെളിവുമില്ല.
സ്പെസിഫിക് ആയി ഒരു സൂക്ഷ്മജീവിക്ക് എതിരെ ഇമ്മ്യൂണിറ്റി “കൂട്ടാൻ” ഫലപ്രദമായ ഒരു മാർഗ്ഗം നാം കാലാകാലങ്ങളായി അനുവർത്തിച്ചു വരുന്ന വാക്സിനേഷൻ തന്നെയാണ്. എന്നാൽ അവിടെപ്പോലും “കൂട്ടുക” എന്ന പ്രയോഗം തെറ്റാണ്. നമുക്കുള്ള രോഗപ്രതിരോധവ്യവസ്ഥയെ ഈ ബാക്ടീരിയ/വൈറസിനെ നേരിടാൻ ഒന്നു പരിശീലിപ്പിക്കുക മാത്രമാണ് വാക്സിനേഷനിലൂടെ സാധാരണഗതിയിൽ നാം ചെയ്യുന്നത്. യഥാർത്ഥത്തിൽ ആ രോഗാണു വന്നാൽ നേരിടാനുള്ള ഉള്ള ഒരു ‘റിഹേഴ്സൽ’ മാത്രമാണ് വാക്സിനേഷൻ വഴി നടക്കുന്നത്.
നിർവീര്യമാക്കിയ ഒരു രോഗാണു/ രോഗാണുനിർമിതതന്മാത്രയെ ശരീരത്തിൽ കടത്തുന്നത് വഴി ഭാവിയിൽ ഇതേ രോഗാണുവിനെ നേരിടാൻ പ്രതിരോധവ്യവസ്ഥ സജ്ജമാവുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇതല്ലാതെ രോഗപ്രതിരോധ കോശങ്ങളുടെ എണ്ണമോ പ്രവർത്തനമോ വർദ്ധിപ്പിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് ഇമ്യൂണിറ്റി “കൂട്ടേണ്ട”ആവശ്യമില്ല. അത് കൊണ്ട് ഗുണമൊന്നുമില്ല. ദോഷമുണ്ടായേക്കാം താനും.
കോവിഡിൽ ഇമ്മ്യുണിറ്റി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഇപ്പോഴും റിസർച് നടക്കുന്ന മറ്റൊരു സങ്കീർണമായ വിഷയം ആണ്. പ്രധാനമായും ശ്വാസകോശത്തെ ബാധിച്ച് ശ്വാസകോശകോശങ്ങൾക്ക് നാശം ഉണ്ടാക്കുന്ന ഒരു വൈറസ് ആണ് കോവിഡ് രോഗത്തിന് കാരണമായ SARSCov2 വൈറസ്.
എന്നാൽ രോഗത്തിന്റെ ഗുരുതരമായ സ്റ്റേജുകളിൽ വൈറസ് നേരിട്ട് ശരീരത്തിലുണ്ടാക്കുന്ന നാശത്തേക്കാൾ ഭീകരമാണ് രോഗപ്രതിരോധ വ്യവസ്ഥയും വൈറസും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടൽ മൂലം ശരീരത്തിനുണ്ടാകുന്ന പരിക്കുകൾ. യുദ്ധത്തിൽ ഇരുകൂട്ടരും ബോംബുകൾ വർഷിക്കുമ്പോൾ യുദ്ധക്കളത്തിനും പരിക്കേൽക്കും എന്നപോലെ, ശക്തമായ രോഗപ്രതിരോധവ്യവസ്ഥയുള്ളവരിലും ചെറുപ്പക്കാരിലുമൊക്കെ രോഗപ്രതിരോധ വ്യവസ്ഥയുടെ വൈറസിനോടുള്ള പ്രതികരണം ശരീരത്തിനു തന്നെ ദോഷമായി വരാം.
1918-20 കാലഘട്ടത്തിൽ ലോകമാസകലം മരണം വിതച്ച ‘സ്പാനിഷ് ഫ്ലൂ’ എന്ന പകർച്ചവ്യാധിയുടെ പ്രധാന ഇരകൾ ചെറുപ്പക്കാർ ആയിരുന്നു. അവിടെ ഫ്ലൂ വൈറസിനോടുള്ള പ്രതിരോധവ്യവസ്ഥയുടെ അമിതഉത്തേജനം (hyperactive immune response) ആയിരുന്നു മരണകാരണത്തിൽ പ്രധാനം.
അത് കൊണ്ട് കോവിഡിന്റെ കാര്യത്തിൽ ഇമ്മ്യുണിറ്റി കുറഞ്ഞ് വൈറസ് യഥേഷ്ടം ശ്വാസകോശത്തെ ബാധിക്കുന്ന അവസ്ഥ ആയാലും, ഇമ്മ്യുണിറ്റി ആവശ്യത്തിൽ അധികം ഉത്തേജിതം ആയാലും പ്രശ്നമാണ്.
കോവിഡിനെതിരേ ഇമ്യൂണിറ്റിയെ ശക്തിപ്പെടുത്താൻ വല്ല വഴിയുമുണ്ടോ ?
ലഭ്യമായ വിവരങ്ങൾ അനുപാതികമായി പരിശോധിക്കുമ്പോൾ മനുഷ്യൻ്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി, കോവിഡ് വൈറസിനെതിരെ കുറേയൊക്കെ ഫലപ്രദമാണ് എന്ന് വേണം കരുതാൻ. 80-85% രോഗബാധിതരിലും പനി, ചുമ തുടങ്ങിയ താരതമ്യേന ഉപദ്രവരഹിതമായ ലക്ഷണങ്ങൾ വന്ന ശേഷം രോഗം ഭേദമാവുന്നതായാണ് കാണുന്നത്. 15 ശതമാനത്തോളം രോഗികളിൽ ശ്വാസതടസം, ശ്വാസകോശബാധ, ന്യുമോണിയ എന്നിവ ഉണ്ടാവുന്നുണ്ട്. അഞ്ച് ശതമാനം രോഗികൾക്ക് തീവ്രപരിചരണവും ആവശ്യമായി വരുന്നു. തീവ്രപരിചരണം ആവശ്യമായി വരുന്നവരിൽ ആണ് മരണസാധ്യത ഏറ്റവും കൂടുതൽ ഉള്ളത്.
കോവിഡിനെതിരേ ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചാൽ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഈ രോഗത്തിനെതിരെ പരിശീലിപ്പിക്കാൻ സാധിക്കും. അത് മാത്രമാണ് നിലവിലെ വിവരങ്ങൾ വെച്ച് ഫലപ്രദമായ ഒരു സാധ്യത ആയി നമുക്ക് മുന്നിൽ ഉള്ളത്. ഗവേഷങ്ങൾ നടന്നുകൊണ്ട് ഇരിക്കുന്നു. ഗവേഷണങ്ങൾക്കും, ട്രയലുകൾക്കും ശേഷം വാക്സിൻ ലഭ്യമാവുന്നതുവരെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും വൈറസ് ബാധിക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്യുക എന്നതു മാത്രമാണ് നമുക്കു സാധിക്കുന്നത്.
മനുഷ്യൻ്റെ രോഗപ്രതിരോധശേഷി അത്രയ്ക്ക് ലളിതമാണോ, പലരും വിചാരിക്കുന്നതുപോലെ?
ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അലർജി നമുക്കെല്ലാവർക്കും വളരെ പരിചിതമാണ്. പ്രത്യേകിച്ച് മീനോ ഇറച്ചിയോ കക്കയോ ചെമ്മീനോ ഒക്കെ കഴിക്കുമ്പോൾ. എന്തുകൊണ്ടാണ് ചിലർക്ക് മാത്രം ചില ഭക്ഷണത്തിനോട് അലർജി വരുന്നതും ചിലർക്ക് അത് ഇല്ലാത്തതും?
ഇതൊക്കെ തീരുമാനിക്കുന്നത് മേജർ ഹിസ്റ്റോ കോംപാറ്റിബിലിറ്റി കോംപ്ലക്സ് (MHC) എന്നുപറയുന്ന ചില രാസ തന്മാത്രകളാണ്. ഈ തന്മാത്രകൾ തന്നെ പലതരമുണ്ട്. അതിൽ പ്രധാനപ്പെട്ടവർ രണ്ട് തരമാണ്- MHC-1 & MHC-2.
MHC-1 ആണ് നമ്മുടെ ശരീരത്തിലെ ഓരോ പദാർഥങ്ങളെയും സൂക്ഷ്മമായി പരിശോധിച്ച് അത് നമ്മുടെ സ്വന്തം ശരീരത്തിൻ്റെ തന്നെ ഭാഗമാണ് എന്ന് തിരിച്ചറിയുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിച്ചു ചെറിയ ചെറിയ സംയുക്തങ്ങളായി രക്തത്തിൽ ചെല്ലുമ്പോൾ നമുക്കതിനോട് അലർജി ഉണ്ടാകാത്തത് MHC-1 അതിനെ ശരീരത്തിൻ്റെ തന്നെ ഒരു ഘടകമായി തിരിച്ചറിയുന്നത് കൊണ്ടാണ്. MHC-2 ആണ് പുറത്തു നിന്നും വരുന്ന രോഗാണുക്കളെയും രാസവസ്തുക്കളെയും ഒക്കെ തിരിച്ചറിയുന്നത്.
വളരെ സങ്കീർണമാണ് ഈ മേജർ ഹിസ്റ്റോ കോംപാറ്റിബിലിറ്റി കോംപ്ലക്സ് സംയുക്തങ്ങളുടെ ഘടന. ഇപ്പോൾ MHC-1ൻ്റ ഘടനയിൽ എന്തെങ്കിലും ചെറിയ വ്യത്യാസം വരുമ്പോൾ അത് ചില പദാർത്ഥങ്ങളെ സ്വന്തമാണെന്ന് തിരിച്ചറിയാതെ വരും. അങ്ങനെ തിരിച്ചറിയാതെ വരുമ്പോൾ ആ പദാർത്ഥം ശരീരത്തിലെത്തിയാൽ ശരീരം അതിനെ ഒരു ആക്രമണകാരിയായി കണ്ട് ആട്ടിയോടിക്കാൻ ശ്രമിക്കും.
ഉടനെ MHC സംയുക്തമതിനെ ആൻറിജൻ പ്രസൻ്റിംഗ് സെല്ലുകൾക്ക് (APC) പരിചയപ്പെടുത്തും. APC- കൾ അതിനെ CD4+ അല്ലെങ്കിൽ CD8+ വിഭാഗത്തിൽപെടുന്ന T- ലിംഫോസൈറ്റുകൾക്ക് പരിചയപ്പെടുത്തും.
അങ്ങനെ ആക്റ്റിവേറ്റഡാവുന്ന T-ലിംഫോസൈറ്റുകൾ പല വഴികളിലൂടെ ശത്രുവിനെ തുരത്താൻ ശ്രമിക്കും. അത് ഉറങ്ങിയിരിക്കുന്ന മാസ്റ്റ് കോശങ്ങളെ വിളിച്ചുണർത്തും. മാസ്റ്റ് കോശങ്ങളിൽ നിന്നും ഹിസ്റ്റമിൻ പോലുള്ള രാസവസ്തുക്കൾ പുറത്തുവരും. ഈ ഹിസ്റ്റമിൻ ശരീരത്തിലെ നാഡി ഞരമ്പുകളുടെ അറ്റത്ത് പോയി ഇറിറ്റേറ്റ് ചെയ്യുന്നതാണ് നമുക്ക് ചൊറിച്ചിൽ ആയി അനുഭവപ്പെടുന്നത്. അതേ ഹിസ്റ്റമിൻ തൊലിപ്പുറത്തെ ചെറിയ രക്തക്കുഴലുകളായ ക്യാപിലറികളുടെ വ്യാസം വർധിപ്പിക്കും. കാപിലറി കോശങ്ങൾ അകന്നു നീങ്ങും. അവയ്ക്കുള്ളിൽ നിന്ന് നീര് പുറത്തേക്ക് കിനിയും. അലർജി ഉണ്ടാവുമ്പോൾ തൊലിപ്പുറം തടിച്ചു ചുവക്കുന്നത് അങ്ങനെയാണ്.
ഒരു നിസ്സാരമായ അലർജി എങ്ങനെ ഉണ്ടാവുന്നു എന്നാണ് ഏറ്റവും ലളിതമായി ഇപ്പോൾ പറഞ്ഞത്. ഇതിൽ തന്നെ പറയാതെ വിട്ട ഒരുപാട് കാര്യങ്ങളുണ്ട്. ഈ ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന മറ്റു പല കോശങ്ങളുടെ പങ്കിനെ പ്പറ്റിയും, ആൻ്റിബോഡികൾ (IgE) ഉണ്ടാവുന്നതിനെ പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. കോംപ്ലിമെൻറ് സിസ്റ്റത്തെ പറ്റിയും പറഞ്ഞിട്ടില്ല.
മനുഷ്യൻ്റെ രോഗപ്രതിരോധ വ്യവസ്ഥ ലളിതമല്ലാ, അത്രയും സങ്കീർണമാണ് എന്ന് മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഈ ഉദാഹരണം പറഞ്ഞത്. എംബിബിഎസ് പഠിച്ചിറങ്ങുന്ന ഒരു ഡോക്ടർക്ക് പോലും ചിലപ്പോൾ ഇത് പൂർണമായും മനസിലാക്കാൻ പിന്നെയും നാളുകളെടുത്തേക്കും.
അതാണ് ആദ്യമേ പറഞ്ഞത്, പപ്പു റോഡ് റോളർ നന്നാക്കാൻ വരുന്നതുപോലെ ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന് പറഞ്ഞാൽ ശരിയാക്കാവുന്ന ഒന്നല്ല മനുഷ്യൻ്റെ രോഗപ്രതിരോധ വ്യവസ്ഥ. ലളിതമല്ല അതിൻ്റെ ഘടന. ചില മരുന്നുകൾ കൊടുത്തു ഇമ്മ്യൂണിറ്റി കുറയ്ക്കാൻ സാധിക്കും. ചില രോഗങ്ങളുടെ ചികിത്സയ്ക്കും അവയവങ്ങൾ മാറ്റിവച്ചതിനുശേഷവും ആ രീതി ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഇമ്മ്യൂണിറ്റി ‘കൂട്ടാൻ’ കുറുക്കുവഴികൾ ഒന്നും തന്നെയില്ല എന്ന് നമ്മൾ മനസിലാക്കണം.
അത്തരത്തിലുള്ള കപട അവകാശവാദങ്ങൾ ഉന്നയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, അഥവാ നിങ്ങളീ അവകാശപ്പെടുന്ന വിധം ലളിതമായി ഇമ്യൂണിറ്റി വർദ്ധിപ്പിക്കാൻ പറ്റുമെങ്കിൽ, ആദ്യമത് ഉപയോഗിക്കേണ്ടത് താരതമ്യേന നിസാരനായ കൊവിഡിനെതിരെ അല്ലാ, ഇമ്മ്യൂണിറ്റിയെ നേരിട്ട് ബാധിക്കുന്ന HIV പോലുള്ള രോഗങ്ങൾക്കെതിരെ ആണ്.