
“പുറപ്പെട്ടൂ പുറപ്പെട്ടൂ വേണേൽ ഒരു അര മണിക്കൂർ കൂടെ നേരത്തേ പുറപ്പെടാം” എന്ന സിനിമ ഡയലോഗ് പോലെയാണ്, ചില ഇതര വൈദ്യ രീതികൾ. ഒരു പുതിയ രോഗത്തിൻ്റെ പേര് പറഞ്ഞാൽ മതി പ്രതിരോധ മരുന്ന് റെഡി.

2019 ൽ പുതിയൊരു രോഗം വരുമ്പോ 1918 ൽ സ്പാനിഷ് ഫ്ലൂവിൽ പ്രതിരോധിക്കാൻ പ്രയോഗിച്ച അതേ മരുന്ന് വെച്ച് പ്രതിരോധിക്കാമത്രേ! യേത്… 5 കോടിയോളം മനുഷ്യർ മരിച്ച സ്പാനിഷ് ഫ്ലൂ മഹാമാരി തന്നെ!

ലേറ്റസ്റ്റ് വന്നിരിക്കുന്നത് കൊറോണ വൈറസിനെതിരെ ഹോമിയോയിൽ ഫലപ്രദമായ മരുന്ന് ഗുജറാത്തിൽ കണ്ടെത്തിയെന്നൊരു വീഡിയോ !

ഏതോ ഒരു ലോക്കൽ ചാനൽ അവതാരകൻ പറയുന്നതാവട്ടെ 76 ലക്ഷം രോഗികൾക്ക് ഈ മരുന്ന് പരീക്ഷിച്ചു എന്നൊക്കെയാണ്.
നിലവിൽ ഇന്ത്യയിൽ മൊത്തം മുപ്പത്തിമൂവായിരത്തോളം കേസേ യുള്ളന്നിരിക്കെയാണ് തളളിമറിക്കൽ!
തുടക്കത്തിലേ പറയട്ടെ,

യാതൊരു ശാസ്ത്രീയ തെളിവും ഇല്ലാതെ ഇത്തരം മരുന്നുകൾ പ്രതിരോധം എന്ന പേരിൽ പാവം പൊതുജനത്തിൽ പ്രയോഗിച്ചു പരീക്ഷണം നടത്തരുതേ എന്നാണു സർക്കാരുകളോട് അഭ്യർത്ഥിക്കാനുള്ളത്.

അല്ലെങ്കിൽ വളരെ ലളിതമായി ഫലപ്രാപ്തി പരീക്ഷിക്കാൻ ഒരു മാർഗ്ഗം ഉണ്ട്, ഈ പ്രതിരോധ മരുന്ന് ഫലപ്രദമാണ് എന്ന് അവകാശ വാദം ഉന്നയിക്കുന്നവരെ കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ പരിചരണത്തിൽ നിയോഗിക്കുക.

മരുന്നിന്റെ പ്രതിരോധം ഉള്ള നിലയ്ക്ക് അവർക്കു വേണ്ടി വിലപ്പെട്ട വ്യക്തി സുരക്ഷാ കിറ്റുകളും മാസ്ക്കും ഒന്നും ചിലവാക്കേണ്ടതും ഇല്ല.

ഇവരെ കുറച്ചു നാൾ ശാസ്ത്രീയമായി നിരീക്ഷിച്ചാൽ മരുന്ന് ഫലപ്രദമാണോ എന്ന് അറിയാം.

അങ്ങനെ എങ്കിൽ നോബൽ സമ്മാനം വരെ കേരളത്തിലേക്ക്/ ഇന്ത്യയിലേക്ക് വരാനും ഉള്ള സാധ്യതയ്ക്കു നാം തട ഇടേണ്ടതില്ലല്ലോ.

എന്താണ് വസ്തുതകൾ


ഗുജറാത്ത് സർക്കാരിൻറെ പ്രിൻസിപ്പൽ ആരോഗ്യ സെക്രട്ടറി, ആയുഷ് വകുപ്പ് മേധാവിയോട് ഒരു ആയുഷ് പഠന വിവരങ്ങൾ അറിയിച്ചതായി മാധ്യമങ്ങളോട് വിവരം പങ്കു വെക്കുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ അൽപ്പമെങ്കിലും ശാസ്ത്രാവബോധമുള്ളവർക്ക് ഉൾക്കൊള്ളാനാവുന്നതല്ല.

ഒരു രാജ്യത്തിൻറെ ശാസ്ത്രാവബോധത്തിലുണ്ടാകുന്ന വൻ അപചയത്തിൻ്റെ നേർസാക്ഷ്യമാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നത്.

ആധുനികവൈദ്യശാസ്ത്രം കൊവിഡ് 19 രോഗത്തെ തിരിച്ചറിഞ്ഞു, അതിന് കാരണമായ വൈറസിനെ വേർതിരിച്ചു ജനിതക ഘടന ചുരുളഴിച്ചു, രോഗനിർണയ ടെസ്റ്റുകൾ വികസിപ്പിച്ചു, രോഗ ലക്ഷണങ്ങൾ & വ്യാപനമെങ്ങനെ എന്ന് തിരിച്ചറിഞ്ഞ് അത് തടയാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു.

ഇതര വൈദ്യത്തിൻ്റെ സഹായമൊന്നുമില്ലാതെ ലോകമെമ്പാടും മഹാമാരിയെ ശാസ്ത്രീയമായി ചികിത്സിച്ചു. 95% പേരെയും രക്ഷിച്ച വാർത്ത കൂടി അറിഞ്ഞപ്പോൾ ചിലർ കലക്ക വെള്ളത്തിൽ സേഫായി കൈ നനയാതെ മീൻ പിടിക്കാൻ കഴിയുമോ എന്ന് ഗവേഷണം ചെയ്യാനിറങ്ങിയിട്ടുണ്ട്. (ഇന്ത്യയിൽ നിലവിൽ 3% മാത്രം മരണനിരക്കേയുള്ളൂ, 75% മരണനിരക്കുള്ള നീപ്പയൊക്കെ ഡീൽ ചെയ്യുന്ന പോലല്ലന്ന് ചുരുക്കം.)

നേരിട്ട് ചികിത്സിക്കാനൊന്നും തങ്ങളില്ല, പകരം രോഗിയെ പരിചരിക്കാതെ പ്രതിരോധമെന്ന രീതിയിൽ എന്തോ വിതരണം ചെയ്യാനുള്ള പദ്ധതികളാണ് പൊതുവിൽ ഇതര വൈദ്യ നിലപാട്.

അസുഖം പുതുതാണേലും പ്രതിരോധ മരുന്ന് പുതിയ ഐറ്റമൊന്നുമല്ല പണ്ടേയുളളതാ.
ഉദാ: വിഷവസ്തുവായി പ്രവർത്തിക്കാവുന്ന ആർസെനിക്ക് അടങ്ങിയ എന്തോ “പ്രതിരോധ മരുന്ന്” ആണത്രേ ഒന്ന്. കേട്ട് പേടിക്കേണ്ട അപകടം വരില്ലായിരിക്കും. കാരണം, നിലവിലെ കെമിസട്രി, മാത്തമാറ്റിക്സ് എന്നിവയുടെ അടിസ്ഥാന തത്വങ്ങളെയെല്ലാം തകർത്ത് നേർപ്പിച്ച് ”വീര്യം കൂട്ടി” എടുക്കുന്ന ഐറ്റമായിരിക്കും, നേർപ്പിക്കുമ്പോ ആർസനിക്ക് തുലോം ഇല്ലാതാവുമല്ലോ.

ഈ രോഗം കണ്ടു പിടിക്കുമ്പഴേ മരുന്നെങ്ങനാ?

എന്ന് ചോദിച്ചാൽ ഉരുണ്ടു കളി ആയിരിക്കും ഉത്തരം. രോഗാണുക്കളാണ് രോഗം ഉണ്ടാക്കുന്നത് എന്ന് പോലും വിശ്വസിക്കാത്ത ചില ഇതര വൈദ്യശാഖകളുണ്ട്. എല്ലാ രോഗത്തിനെയും പൊതുവായി തടയുമത്രേ.

അങ്ങനെയെങ്കിൽ സ്പാനിഷ് ഫ്ലൂവും, വസൂരിയും, പ്ലേഗും, കോളറയും വൻ പകർച്ചവ്യാധികളായി പടർന്ന് വലിയ തോതിൽ ആളെ കൊന്ന ഘട്ടങ്ങളിൽ പുഷ്കല കാലഘട്ടമായിരുന്നിട്ടും എന്തേ ഈ മരുന്നൊന്നും ഏശിയില്ല എന്ന് ചരിത്രബോധമുള്ള പലരും ചോദിച്ചേക്കും.

എന്തേ ഇപ്പോഴുള്ള HIV, ഹെപ്പറ്റൈറ്റിസ് ബി, പേവിഷബാധ, ക്ഷയം എന്നിവയ്ക്കൊന്നുമീ പ്രതിരോധ മരുന്ന് ഏശാത്തത് എന്നും, വെറുതെ സമയം കളയാനുള്ളവർക്ക് ചോദിക്കാം. എന്തിനാ ഇന്ത്യാ സർക്കാർ ഈ വാക്സിനേഷൻ പ്രോഗ്രാം നടത്തുന്നത് പകരം ഒറ്റ ഗുളിക കൊണ്ട് വൈറൽ ജലദോഷവും ഡെങ്കിയും മുതൽ എച്ച്ഐവി യും പോളിയോയും വരെ തടയാമെങ്കിൽ അത് പോരേ?

ഇനി ഗുജറാത്തിലെ “കണ്ടു പിടുത്തത്തിലെ” നിരർത്ഥകതയെക്കുറിച്ച് പറയാം!

1. എന്താണ് പഠനത്തിലെ ന്യൂനതകൾ?

ഇതിൽ അവകാശപ്പെടുന്നത് ഐസൊലേഷനിൽ പാർപ്പിച്ചിരുന്ന ആറായിരത്തോളം രോഗികളിൽ ഒരു വിഭാഗത്തിന് ആയുർവേദ പ്രതിരോധമരുന്ന്, മറു വിഭാഗത്തിന് ഹോമിയോ പ്രതിരോധ മരുന്ന് കൊടുത്തു എന്നതാണ്.

14 ദിവസത്തിന് ശേഷം അവരിൽ 11 പേർ ഒഴികെ ആരിലും രോഗം കണ്ടെത്തിയില്ലത്രേ!
ആ 11 പേരാകട്ടെ ഫുൾ കോഴ്സ് കഴിക്കാതിരുന്ന ആൾക്കാരാണെന്നും അവകാശപ്പെടുന്നുണ്ട്.

ഈ പറയുന്നതെല്ലാം ശരിയാണ് എന്ന് മുഖവിലക്കെടുത്താൽ തന്നെ ഇതിൽ ഒരു ശാസ്ത്രീയമായ അടിത്തറയുണ്ട് എന്ന് പറയാൻ കഴിയില്ല. ഒരു ഔഷധ പ്രഭാവം സൂചനയായി കിട്ടാനുള്ള ദുർബലമായ തെളിവിനു പോലും ഈ രീതിയല്ല ഉപയോഗിക്കേണ്ടത്.

A, ഇവിടെ ലളിതമായി നടത്താമായിരുന്ന ശാസ്ത്രീയ നടപടി ക്രമങ്ങളുണ്ടായിരുന്നു.

ഐസൊലേഷനിലുള്ള ആൾക്കാരെ സമാനതകളുള്ള രണ്ട് ഗ്രൂപ്പായി തരം തിരിച്ച ശേഷം ഒരു വിഭാഗം ആൾക്കാർക്ക് പ്രസ്തുത പ്രതിരോധ മരുന്നു നൽകുകയും, മറ്റൊരു വിഭാഗത്തിന് മരുന്ന് നൽകാതെയും നിരീക്ഷിക്കണം. 14 ദിവസത്തിന് ശേഷം മരുന്ന് നൽകിയ ഗ്രൂപ്പിൽ രോഗം വന്നത് ഗണ്യമായി കുറവാണെങ്കിൽ അത് തുടർ ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പ്രസക്തി നൽകും.

B. ശാസ്ത്രത്തിൻ്റെ രീതി അനുസരിച്ച് ഈ ഘട്ടത്തിൽ സൂചനകൾ കിട്ടിയാൽ പോലും ഫലപ്രദമായ മരുന്ന് കണ്ടെത്തി എന്ന് പത്രസമ്മേളനം നടത്തി പറയില്ല. കപടശാസ്ത്രങ്ങളുടെ മുഖമുദ്രയാണ് ഗവേഷണ ഫലങ്ങൾ സഹശാസ്ത്രകാരന്മാരുടെ വിശകലനത്തിന് വെയ്ക്കുന്നതിനെക്കാൾ മീഡിയയിലൂടെ പെരുപ്പിച്ച് കാണിക്കൽ.

C. ക്വാറൻ്റയിനിലാവുന്നവരിൽ ചെറിയ ഒരു ശതമാനം മാത്രമാണ് പ്രതിരോധ മരുന്നു കൊടുത്താലും ഇല്ലെങ്കിലും പോസിറ്റീവ് ആവുക.
ഇവിടെ ഗുജറാത്തിൽ ഈ “പ്രതിരോധ” മരുന്നു കഴിക്കാതെ ഐസൊലേഷനിൽ കഴിഞ്ഞവർ എത്ര ശതമാനം 14 ദിവസം കൊണ്ട് പോസിറ്റീവായെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരളത്തിലെ കണക്കുകൾ നോക്കൂ, 400 ഓളം കേസുകൾ ഇവരിൽ എല്ലാവരും ക്വാറൻ്റയിനിൽ ആയിരുന്നില്ല, രണ്ടര ലക്ഷത്തോളം പേർ ക്വാറൻ്റയിനിൽ കഴിഞ്ഞതിൽ നിന്ന് 200 ഓ അതിൽ താഴെയോ പേരായിരിക്കും ക്വാറൻ്റയിനിൽ കഴിഞ്ഞതിൽ പോസിറ്റീവായത്.

D. 14 ആം ദിവസം RT – PCR ടെസ്റ്റുകൾ തെറ്റായി നെഗറ്റീവായി (false Negative)വരാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.
കേരളത്തിൽ പലരും, മുൻപ് നെഗറ്റീവായിരുന്നിട്ട് 28 ദിവസത്തിന് ശേഷമൊക്കെ പോസിറ്റീവായ സംഭവങ്ങൾ മലയാളികൾക്ക് അറിയാമല്ലോ.

E. രണ്ടു ഗ്രൂപ്പിലും ഉണ്ടായ എക്സ്പോഷർ റിസ്ക് ഒരു പോലെ ആവണമെന്നില്ല. അത് നിർണ്ണയിക്കാൻ പല അന്തർ ദേശീയ മാർഗ്ഗരേഖകളുമുണ്ട്. ഇത് പ്രകാരം ഒരേ പോലെ ഹൈ റിസ്ക് ആയ ആളുകൾ രണ്ട് ഗ്രൂപ്പുകളിലും വേണ്ടതുണ്ട്.

F. ചെറിയൊരു ഗ്രൂപ്പിനെ മാത്രം അടിസ്ഥാനപ്പെടുത്തി 14 ദിവസത്തിൽ അധികം പേർ പോസിറ്റീവായില്ല, അത് നൽകിയ “മരുന്ന്” കൊണ്ടാണ് എന്ന നിഗമനം ശാസ്ത്രീയമായി ദുർബലമാണ്.

2. ശാസ്ത്രീയ രീതികൾ പ്രകാരമായിരുന്നെങ്കിൽ ,

ഔഷധ പ്രഭാവവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ബയസുകൾ മുൻവിധികൾ കടന്നു വരുന്നത് ഒഴിവാക്കി കൃത്യയുള്ളതാക്കാൻ ശാസ്ത്രീയത ഉറപ്പുവരുത്താൻ ശ്രമിക്കും.

ഉദാ: മേൽപ്പറഞ്ഞ പരീക്ഷണത്തിലെ രണ്ട് ഗ്രൂപ്പുകളിൽ ഒരു ഗ്രൂപ്പിന് പരീക്ഷിക്കുന്ന പദാർത്ഥം കൊടുക്കും മറ്റേ ഗ്രൂപ്പിന് പ്ലാസിബോ മരുന്ന് ( ഡമ്മി മരുന്നെന്ന് പറയാം ഇതിന് ഔഷധ പ്രഭാവം ഇല്ല ) കൊടുക്കും.

മരുന്ന് കഴിക്കുന്ന ഒരാൾക്കും അറിയില്ല തനിക്ക് ഒറിജിനൽ മരുന്നാണോ പ്ലാസിബോ മരുന്നാണോ കിട്ടിയിരിക്കുന്നതെന്ന്.

കുറച്ചും കൂടി ശാസ്ത്രീയമായ double blinding എന്ന രീതിയുണ്ട് – രോഗിയും ഗവേഷകനും അറിയുന്നില്ല മരുന്ന് / പ്ലാസിബോ ഏതൊക്കെ ആൾക്കാർക്ക് ആണ് കിട്ടിയതെന്ന്.
ഇങ്ങനത്തെ രീതികളിൽ കഴിയുന്നത്ര ബയസുകൾ ഒഴിവാക്കിയുള്ള ഗവേഷണഫലം നമ്മുക്ക് കിട്ടും.

എന്നാൽ ഈ രണ്ട് ഗ്രൂപ്പും തമ്മിൽ സ്റ്റാറ്റസ്റ്റിക്സ് പ്രകാരം സംഗത്യമുള്ള ഒരു വത്യാസം ഉണ്ടായാൽ മാത്രമാണ് അതിന് പ്രാധാന്യം കൽപ്പിക്കേണ്ടതുള്ളൂ.

ഇങ്ങനെ സാംഗത്യമുള്ള പ്രഭാവം കാണുമ്പോ പോലും ഒരു മരുന്ന് വികസിപ്പിക്കുന്ന പ്രക്രിയയ്ക്ക് ആദ്യഘട്ടം ആവുകയേ ഉള്ളൂ.

അല്ലാതെ ഫലപ്രദമായ മരുന്നെന്ന പ്രചരണം നടത്തി അത് നേരെ മനുഷ്യരിൽ പ്രയോഗിക്കുന്ന രീതി ശാസ്ത്രത്തിൽ ഇല്ല. എന്നാൽ ഇതര വൈദ്യങ്ങൾക്കും, കപടശാസ്ത്രങ്ങൾക്കും ഇതൊന്നും ബാധകമല്ലല്ലോ, ആയതിനാൽ പാർശ്വഫലം പോലുള്ളവയെക്കുറിച്ച് പോലും ചിന്തിക്കാതെ വിതരണം ചെയ്ത് കളയും.

ഇത് നമ്മുടെ രാജ്യത്തിൻറെ ശാസ്ത്രീയ പുരോഗതിയെ, ഒരു ജനതയുടെ ശാസ്ത്രാവബോധത്തെ തന്നെ പിന്നോട്ടടിക്കുന്ന സംഗതിയാണ്.

ആധുനിക വൈദ്യശാസ്ത്ര ചികിത്സ പ്രകാരം ഇന്ത്യയിൽ 97 ശതമാനത്തോളം ആൾക്കാർക്ക് പരിപൂർണമായി ഭേദമാകുന്ന ഒരു രോഗത്തിനെതിരെ തങ്ങളുടെ പക്കൽ പ്രതിരോധമരുന്ന് ഉണ്ടെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത് സാമാന്യ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. കഴിക്കാൻ ആളുണ്ടേൽ ആട്ടിൻകാട്ടം പൊടിച്ച് കൊടുത്താലും ഈ ഫലം കിട്ടിയെന്ന് അവകാശപ്പെടാം.

ഇനി ബുദ്ധിമുട്ടുകൾ കൂടുന്നവർ ആധുനിക വൈദ്യശാസ്ത്രം ഉള്ളിടത്തോളം അങ്ങോട്ട് പോവും, അഥവാ മരിച്ചാലും അവിടെ വെച്ചാവും, എങ്ങനെ വീണാലും 4 കാലിൽ ലാൻഡ് ചെയ്യും ഇതര വൈദ്യം.ബാക്കിയുള്ളവർക്ക് രോഗം കുറഞ്ഞത് പ്രതിരോധ മരുന്നു കൊണ്ടാണെന്ന് എട്ടുകാലി മമ്മൂഞ്ഞുകൾ ഉദ്ഘോഷിക്കും.

കേന്ദ്ര ആയുഷ് വകുപ്പിൻ്റെ സൈറ്റ് പരിശോധിക്കുക, ചികിത്സാ പ്രോട്ടോക്കോളുകളെക്കുറിച്ച് നിർദ്ദേശമൊന്നും ഒഫീഷ്യലി ഓർഡറായോ സർക്കുലറായോ ഇല്ല.
പ്രതിരോധ മരുന്ന് ഉണ്ടോ ? സർക്കുലർ ഉണ്ടോ എന്ന് മെയിലിൽ ചോദിച്ചപ്പോൾ വിവരങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെയും, NCDC യുടെയും സൈറ്റ് വിസിറ്റ് ചെയ്യാനാണ് നിർദ്ദേശം. അവിടെ ശാസ്ത്രീയമായ നിർദ്ദേശങ്ങളാണുള്ളത്. അതായത് വകുപ്പിൻ്റെ വ്യക്തമായ ഉത്തരവൊന്നുമില്ലാതെയാണ് പ്രദേശികമായ ഇത്തരം ഇടപെടലുകൾ എന്ന് വേണം മനസ്സിലാക്കാൻ.

മൈക്കിനു മുന്നിൽ വന്നിരുന്നു ഇത്തരമൊരു ദുർബലമായ വാദം വളരെ ആധികാരികം എന്ന നിലയിൽ വിളിച്ചു പറയുന്ന ആയുഷ് പോലുള്ള സംവിധാനങ്ങൾ മഹാമാരിയുടെ കാലത്തെങ്കിലും സ്വയം നിയന്ത്രണം പാലിച്ചാൽ പൊതുസമൂഹത്തിന് നന്മയുണ്ടാവും.

പൊതു ഖജനാവിൽ നിന്നും കോടിക്കണക്കിനു രൂപ ദുർവ്യമായി കളയുന്നതിനും എതിരെ ബോധം ഉള്ളവർ എങ്കിലും പ്രതികരിക്കണം എന്ന് അപേക്ഷ.
This article is shared under CC-BY-SA 4.0 license.