· 5 മിനിറ്റ് വായന
കോവിഡ് 19: നേത്ര കവചത്തിന്റെ പ്രാധാന്യം
കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് നേത്ര സംരക്ഷണം. കണ്ണുകളിലൂടെയും വൈറസുകൾ ശരീരത്തിനുള്ളിൽ കടന്നു കൂടാം എന്നുള്ളത് തന്നെ കാരണം.
എന്തിനാണ് നേത്രസംരക്ഷണ കവചം ?
രോഗികളുമായോ സംശയാസ്പദമായ ലക്ഷണങ്ങളോട് കൂടിയ ആളുകളുമായോ ഇടപഴകുമ്പോൾ മാസ്കും മറ്റ് കവചങ്ങളിലും ശ്രദ്ധ ചെലുത്തുമ്പോഴും നമ്മൾ ചിലപ്പോൾ വിട്ടു പോകുന്ന ഒരു കാര്യമാണ് കണ്ണിന്റെ സംരക്ഷണം. Centers for Disease Control and Prevention (CDC) ന്റെ നിർദ്ദേശമനുസരിച്ച് മേല്പറഞ്ഞ സാഹചര്യത്തിൽ ഇടപഴകുന്നവർ കണ്ണിന്റെ സംരക്ഷണ കവചം ധരിക്കണം എന്നാണ്.
കാരണം, രോഗാണുക്കൾക്ക് ശരീരത്തിലേക്ക് ലളിതമായി കടന്നു കയറാൻ പറ്റുന്ന ഒരു വഴിയാണ് കണ്ണുകൾ.
ആർക്കൊക്കെയാണ് നേത്രസംരക്ഷണ കവചം വേണ്ടത് ?
കണ്ണിന് ദോഷം ചെയ്യുന്ന പദാർത്ഥങ്ങളുടെ സാന്നിധ്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ.
അമിതമായ പൊടിയുള്ള അന്തരീക്ഷം, കോൺക്രീറ്റ് ജോലി, ലോഹങ്ങളുടെ പണി, തടിപണി മുതലായവ. കെമിക്കൽ ഫാക്റ്ററി, റേഡിയേഷന്റെ സാന്നിധ്യം പ്രാധാനമായും UV rays, Infrared radiation, lasers മുതലായവ.
പിന്നെ രക്തം, മറ്റ് ശരീരദ്രവങ്ങളുമായി ഇടപഴകാൻ സാധ്യതയുള്ള ജോലി ചെയ്യുന്നവർ പ്രധാനമായും ആരോഗ്യപ്രവർത്തകർ, രോഗീ പരിചാരകർ, അസുഖം മൂലം മരണപ്പെട്ട ശരീരം മറവ് ചെയ്യുന്നവർ മുതലായവർ..
കൊവിഡ്19 വൈറസും കണ്ണിൻ്റെ സംരക്ഷണവും തമ്മിൽ എന്താണ് ബന്ധം?
കൊറോണ പോലുള്ള റെസ്പിറേറ്ററി വൈറസുകൾ ശരീരത്തിലേക്ക് കടക്കുന്ന റൂട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കണ്ണ്. കണ്ണുകൾ ഏതെങ്കിലും വിധത്തിൽ രോഗാണുവുമായി സമ്പർക്കത്തിൽ വന്നുകഴിഞ്ഞാൽ രോഗബാധയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
കണ്ണട വച്ചവർക്കും കോൺടാക്ട് ലെൻസ് വച്ചവർക്കും നേത്രസംരക്ഷണ കവചത്തിന്റെ ആവശ്യമില്ല എന്ന് പറയുന്നത് ശരിയോ?
തെറ്റാണ്. അവരും കണ്ണടക്ക് മുകളിലൂടെ ഈ കവചം ധരിക്കണം. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ചെറിയ കണങ്ങൾ പോലും രോഗവാഹകരാവാം.
എങ്ങനെയാണ് അണുബാധ കണ്ണ് വഴി പകരുന്നത്?
രോഗികളുമായുള്ള സമ്പർക്കം മൂലം
അണുബാധ പല തരത്തിൽ നമ്മുടെ കണ്ണിലേക്ക് പടരാം.
നേത്രഗോളങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ (conjunctiva) കൺജക്റ്റിവ വഴിയാണ് പ്രധാനമായും. കണ്ണിനെ ബാധിക്കുന്ന വൈറസുകളും ബാക്റ്റീരിയകളും മാത്രമല്ല ശരീരമാകെ ബാധിക്കുന്ന രോഗാണുക്കളും ഇത്തരത്തിൽ കണ്ണിനുള്ളിൽ പ്രവേശിക്കാം.
അത് രോഗിയെ പരിചരിക്കുന്ന അവസരത്തിൽ തെറിക്കുന്ന രക്തം വഴിയോ, രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുണ്ടാകുന്ന കണങ്ങൾ വഴിയോ, അല്ലെങ്കിൽ അണുക്കൾ പുരണ്ട കൈകൾ കൊണ്ട് കണ്ണിൽ അറിയാതെ തൊടുന്നത് കൊണ്ടോ ആകാം.
നേത്രസംരക്ഷണ കവചത്തിന് അത്യാവശ്യം വേണ്ടുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ?
മുഖത്ത് ഒതുങ്ങി ഇരിക്കുന്ന തരത്തിൽ ഉള്ളത് ആവണം. ഒപ്പം കാഴ്ചമണ്ഡലം (Field of vision) മുഴുവൻ കൃത്യമായി കാണാൻ പറ്റുന്ന തരത്തിൽ ഉള്ളതും ആവണം.
ഏതൊക്കെ തരത്തിലുള്ള നേത്രസംരക്ഷണ കവചം ഉണ്ട്?
ഗോഗിൾസ്, ഫേസ് ഷീൽഡ്, ഫുൾ ഫേസ് റെസ്പിറേറ്ററുകൾ.
ഗോഗിൾസ് (Goggles)
കണ്ണിന്റെ ഇരുകോണുകൾ ഉൾപ്പെടെ, പുരികം വരെയുള്ള ഭാഗങ്ങൾ ഇത് കവർ ചെയ്യും.
രക്തത്തുള്ളികൾ, ശ്വാസകോശ സ്രവങ്ങൾ എന്നിവയിൽ നിന്നും പൂർണ സംരക്ഷണം നൽകാൻ ഇതിന് കഴിയും.
കാഴ്ചമണ്ഡലത്തിന് യാതൊരു സങ്കോചവും വരില്ല, ബാഹ്യകാഴ്ചകൾക്ക് മങ്ങൽ ഏൽക്കുകയും ഇല്ല.
ഉള്ളിൽ പാട പിടിക്കാത്ത തരം പരോക്ഷമായ വായുസഞ്ചാരമുള്ള വിവിധതരം വലിപ്പത്തിലുള്ളതും വ്യത്യസ്‌ത ജോലിയിയിലുള്ളവർക്ക് ആവശ്യാനുസരണം ക്രമീകരിക്കാവുന്നതരത്തിലുള്ള പുതിയ തരം ഗോഗിളുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
മുഖ കവചങ്ങൾ (Face shields)
അണുബാധ തടയാൻ ഗോഗിൾസിന് പകരം ഉപയോഗിക്കുന്ന മാർഗമാണിത്. കണ്ണിനെ മാത്രമല്ല മുഖത്തെയും അണുബാധയിൽ നിന്നും തടയാൻ ഫേസ്ഷിൽഡിനു പറ്റും.
തലയും താടിയും മുതൽ ചെവിവരെയും പൊതിയുന്നതിനാൽ കണങ്ങൾ കവചത്തിൻ്റെ അറ്റത്തുനിന്നും കണ്ണുവരേയ്ക്കും എത്താനുള്ള സാധ്യതയില്ല.
ഉപയോഗശേഷം കളയാവുന്ന തരത്തിലുള്ള ഈ മുഖകവചങ്ങൾ ഭാരം കുറഞ്ഞതും നേർത്ത സുതാര്യമായ പ്ലാസ്റ്റിക് കൊണ്ടുള്ളതുമായതിനാൽ സർജിക്കൽ മാസ്‌കിനോടൊപ്പം ചേർത്ത് ഘടിപ്പിക്കാവുന്നതാണ്.
ഫുൾ ഫേസ് റെസ്പിരേറ്റർ(Full face Respirator )
ശ്വാസകോശസംബന്ധമായ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഫുൾഫേസ് ഫിൽറ്ററുകൾ വിഷാംശമുള്ള പുക, ബാഷ്‌പം എന്നിവയെ അരിച്ചെടുത്തു ശ്വസനയോഗ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവയുടെ രൂപഘടന ഫലത്തിൽ കണ്ണുകൾക്കും സംരക്ഷണം നൽകുന്നു.
നേത്രസംരക്ഷണ കവചം ഊരുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?
അതിന്റെ വള്ളിയിലോ ചെവിയിൽ ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്ത് മാത്രമേ പിടിച്ചു ഊരാൻ പാടുള്ളൂ. കണ്ണാടി ഭാഗത്തിന്റെ പുറത്തും അകത്തും തൊടരുത്.
ഒരിക്കൽ ഉപയോഗിച്ച നേത്രസംരക്ഷണ കവചം വീണ്ടും ഉപയോഗിക്കാമോ?
പറ്റും. പുനരുപയോഗയോഗ്യമായ (Non-Disposable) നേത്രസംരക്ഷണകവചം 70% ആൽക്കഹോളുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി അന്തരീക്ഷ വായുവിൽ ഉണക്കി ഉപയോഗിക്കാം. ഓർക്കുക ക്ലീൻ ചെയ്യുമ്പോൾ കൈയുറകൾ ധരിക്കുക.
രോഗങ്ങൾ അകറ്റാൻ കണ്ണിനും വേണം പരിരക്ഷ എന്ന് ഓർക്കുക.