അന്തരീക്ഷ ഊഷ്മാവ് കോവിഡിൽ നിന്നും രക്ഷിക്കുമോ?
“അന്തരീക്ഷ ഊഷ്മാവ് കൂടിയ ഇടങ്ങളിൽ കൊറോണ വൈറസിന്റെ വ്യാപനം കുറവ്”
എന്ന തെറ്റിദ്ധാരണജനകമായ രീതിയിൽ ഒരു വാർത്താ ശകലം പ്രമുഖ പത്രത്തിന്റെ ഓൺ ലൈൻ സൈറ്റിൽ കണ്ടു.
ഈ വാർത്തയിൽ ഉദ്ധരിച്ചിരിക്കുന്ന പഠനം രോഗം പടരാൻ ”കൂടുതൽ” സാധ്യത എവിടൊക്കെ ഉണ്ടാവാമെന്ന് ഭാവിയിൽ പ്രവചിക്കാനായേക്കും എന്ന സൂചന മാത്രമാണ് നൽകുന്നത്.
ലഭ്യമായ ഡാറ്റാ അനുസരിച്ച് രൂപീകരിച്ച ഒരു സാധ്യതാ സിദ്ധാന്തം (Hypothesis/പരികൽപ്പന) മാത്രമാണ്.
ഈ പഠന സംഘത്തിലുള്ള,
IHV യുടെ ഡയറക്ടറും, ഗ്ലോബൽ വാക്സിൻ നെറ്റ്വർക്ക് ബോർഡ് ചെയർമാനും കൂടിയായ ഡോ: റോബർട്ട് സി ഗാലോ ഒന്നു കൂടി പറയുന്നുണ്ട്.
“നാം ഒരു പാൻഡെമിക്കിനെ (മഹാമാരിയെ) നേരിടുമ്പോൾ കാലാവസ്ഥ ഘടകങ്ങൾ കൂടാതെ അനേകം ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്, ജനസാന്ദ്രത, മറ്റു മാനുഷിക ഘടകങ്ങൾ, വൈറസിൻ്റെ ജനിതക പരിണാമം, രോഗമുണ്ടാക്കുന്ന പ്രക്രിയകൾ ഇത്യാദി”.
നമ്മളെ സംബന്ധിച്ചിടത്തോളം ജനസംഖ്യ, ജനസാന്ദ്രത, പൊതു ശുചിത്വത്തിലുള്ള കുറവ്, സാമൂഹിക അകലം പാലിക്കുന്നതിലുള്ള പരിമിതികൾ, ആരോഗ്യ മേഖലയിലെ അപര്യാപ്തതകൾ എന്നിവ രോഗം നേരത്തേ കണ്ടെത്തി രോഗപ്പകർച്ച തടയാനുള്ള ശ്രമങ്ങളിൽ വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.
അപ്പോൾ ചോദ്യം ഇതാണ്,
അന്തരീക്ഷ ഊഷ്മാവ് രോഗപ്പകർച്ചയെ ബാധിക്കുന്നതെങ്ങനെയാവും?
പ്രധാന പകർച്ചാ മാർഗ്ഗങ്ങളിലൊന്നായ Droplet infection (സ്രവ കണികകൾ മുഖേനയുള്ള ) നെ അന്തരീക്ഷ ഊഷ്മാവ് സ്വാധീനിക്കാനിടയില്ല.
അടുത്തിരിക്കുന്ന ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ കണികകൾ ഉള്ളിൽ ചെന്ന് രോഗപ്പകർച്ചയുണ്ടാക്കാനുള്ള സാധ്യതയെ ഊഷ്മാവിലെ വ്യതിയാനം കുറയ്ക്കുന്നില്ല.
മറ്റൊരു മാർഗ്ഗമായ ഏയ്റോസോൾ മുഖേന ആശുപത്രികളിൽ നടക്കാവുന്ന രോഗബാധയെയും അന്തരീക്ഷ ഊഷ്മാവ് ബാധിക്കാനിടയില്ല.
എന്നാൽ Fomite ട്രാൻസ്മിഷൻ അഥവാ സ്രവ കണികകൾ പറ്റിയിരിക്കുന്ന പ്രതലങ്ങളിൽ സ്പർശനത്തിലൂടെ കൈകൾ മുഖേന ഉള്ളിലെത്തുന്ന രോഗപ്പകർച്ചയെ ഊഷ്മാവ് സ്വാധീനിച്ചേക്കാം. കാരണം കണികകൾ വീഴുന്ന പ്രതലം ചൂടേറിയതാണെങ്കിൽ അവയിലെ രോഗാണുക്കൾ വേഗം നശിച്ചേക്കാം.
അന്തരീക്ഷ ഈർപ്പ(Humidity) ത്തിൻ്റെയും മറ്റു ഘടകങ്ങളുടെയും സ്വാധീനമെന്ത്?
പഠനത്തിൽ പറഞ്ഞിരിക്കുന്ന ഘടകങ്ങളിൽ രണ്ടാമത്തേത് അന്തരീക്ഷ ഈർപ്പമാണ്,
20-80 വരെ ഈർപ്പം വൈറസ് ബാധയ്ക്ക് ഗുണകരമായേക്കാം എന്നാണ്. കേരളത്തിലെ പലയിടങ്ങളിലെയും ഈർപ്പം ഈ റേഞ്ചിനുളളിൽ വരാറുണ്ട്.
വേനലിലും അന്തരീക്ഷ താപനില താഴ്ന്ന് നിൽക്കുന്ന ഹൈറേഞ്ച് പ്രദേശങ്ങളിലും കേരളത്തിൽ മനുഷ്യർ വസിക്കുന്നുണ്ട് എന്നതും ഓർക്കണം.
കേവലം രണ്ടു മാസത്തിനുള്ളിൽ മഴ തുടങ്ങിയാൽ അന്തരീക്ഷ ഊഷ്മാവ് മാറും എന്ന് മാത്രമല്ല മറ്റ് മഴക്കാല രോഗങ്ങളും തല പൊക്കിയേക്കാം.
ഇത്തരമൊരു സിദ്ധാന്തത്തെ പ്രചരിപ്പിക്കുന്നത് കൊണ്ടുള്ള അപകടങ്ങളെന്തൊക്കെ?
ഇതൊക്കെ കേവലം താത്വികമായ സാധ്യതകൾ മാത്രമാണ്, തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളല്ല.
ഇത്തരം അമിത ആത്മവിശ്വാസങ്ങൾ, രോഗപ്രതിരോധത്തിനായുള്ള പ്രവൃത്തികളിൽ വെള്ളം ചേർക്കാൻ ഇടയാവുന്നത് അപകടമാണ്.
വാർത്തകളിലെ തലക്കെട്ടുകൾക്കപ്പുറം വായിക്കാൻ മെനക്കെടാത്ത, അപഗ്രഥിക്കാൻ കഴിവില്ലാത്ത, ലളിത യുക്തികളിൽ അഭിരമിക്കാൻ താൽപ്പര്യമുള്ള കൂട്ടങ്ങളിലൊക്കെപ്പെടുന്നവർ ഒരു മിഥ്യാ സുരക്ഷിതത്വ ബോധത്തിനടിമയാവുന്നത് പ്രതിബന്ധം ഉണ്ടാക്കും. ഇത്തരക്കാർ കൈകളുടെ ശുചിത്വം, ആൾക്കൂട്ടം ഒഴിവാക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ ശരിയായി ആചരിക്കാതിരുന്നാൽ രോഗപ്പകർച്ച സാധ്യത ഉയരാനാണിട.
മുങ്ങാൻ പോകുമ്പോൾ കച്ചിത്തുരുമ്പും പിടിക്കും എന്ന് പറയുന്ന പോലെ അന്തരീക്ഷ ഊഷ്മാവിൽ പ്രതീക്ഷ അർപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത് മാത്രമാവുകയും, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുന്ന പരിപാടി ശരിയാകില്ല. മതപരമായ ചടങ്ങുകൾക്കും, വിവാഹങ്ങൾക്കും, തെരഞ്ഞെടുപ്പുകൾക്കും, ഫാൻസ് പ്രകടനങ്ങൾക്കും ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യത്തെപറ്റി തന്നെയാണ് പറയുന്നത്.
ഊഷ്മാവിൻ്റെ പ്രയോജനം (ഉണ്ടെങ്കിൽ) പോലും ജനസാന്ദ്രത പോലുള്ള മറ്റു ഘടകങ്ങൾ അതിനെ നിഷ്ഫലമാക്കാം. ജനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ അതിന് ആക്കം കൂട്ടും.
ചൂട് പല തരത്തിൽ ബാധിക്കാം എന്നതും ഓർക്കണം നമ്മൾ കൈയ്യുടെ ശുചിത്വത്തെക്കുറിച്ചു പറയുമ്പോൾ വെള്ളത്തിൻ്റെ ദൗർലഭ്യം ഇതിനെയൊക്കെ പ്രതികൂലമായി ബാധിക്കും എന്നോർക്കുക. കൂടെ കൃഷി, ഭക്ഷണ ലഭ്യത, മറ്റ് രോഗങ്ങൾ ( വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം) എന്നിവയൊക്കെ പ്രതിസന്ധികളാകാം.
പറഞ്ഞു വന്നത് അന്തരീക്ഷ ഊഷ്മാവ് രക്ഷിച്ചേക്കും എന്ന ചിന്ത കരുതലില്ലായ്മയിലേക്കും രോഗവ്യാപനത്തിലേക്കും നയിച്ചേക്കാം. അതീവ നിർണ്ണായക ദിവസങ്ങളാണ് അതിജാഗ്രതയോടെയിരിക്കാം ആലസ്യം പാടില്ല.
ഈ ലിസ്റ്റ് നോക്കൂ, കൊവിഡ് ബാധിച്ച പ്രദേശവും അവിടുത്തെ അന്തരീക്ഷ ഊഷ്മാവുമാണ്.
റിപ്പബ്ലിക് ഓഫ് കൊറിയ, സോൾ 3 – 21 ഡിഗ്രി
ജപ്പാൻ, ടോക്യോ 4 – 22
മലേഷ്യ, കുലാലംപുർ 24 – 36
സിംഗപ്പൂർ 26 – 34
ഫിലിപ്പൈൻസ്, മണില 25 – 35
വിയറ്റ്നാം, ഹനോയി 19 – 29
ബ്രൂണൈ ദറുസലാം, 25 – 34
കമ്പോഡിയ, Phnom Penh 25 – 37
ന്യൂസിലൻഡ്, വെല്ലിങ്ടൺ 12 – 20
ഗുവാം 24 – 31
ഇറ്റലി, റോം 4 – 20
സ്പെയിൻ, മാഡ്രിഡ് 4 – 21
ഫ്രാൻസ്, പാരീസ് 2 – 18
ജർമ്മനി, ബെർലിൻ -2 – 17
സ്വിറ്റ്സർലണ്ട്, ബേൺ -1 – 18
യുണൈറ്റഡ് കിങ്ഡം, 1 – 14
നെതർലാൻഡ്സ്, ആംസ്റ്റർഡാം 0 – 12
നോർവേ, ഓസ്ലോ -3 – 10
ഓസ്ട്രിയ, വിയന്ന -3 – 19
ബെൽജിയം, ബ്രസൽസ് 0 – 17
സ്വീഡൻ, സ്റ്റോക്ക്ഹോം -4 – 10
ഡെൻമാർക്ക്, കോപ്പൻഹേഗൻ 0 – 10
ചെക്ക് റിപ്പബ്ലിക്ക്, പ്രാഗ് -3 – 17
ഗ്രീസ്, ഏതൻസ് 5 – 20
പോർച്ചുഗൽ, ലിസ്ബൺ 2 – 24
ഇസ്രയേൽ, ടെൽഅവീവ് 12 – 22
ഫിൻലാൻഡ്, ഹെൽസിങ്കി -4 – 8
സ്ലൊവേനിയ, Ljubljana -4 – 20
അയർലൻഡ്, ഡബ്ലിൻ 1 – 12
എസ്റ്റോണിയ, ടാലിൻ -3 – 8
ഐസ്‌ലൻഡ് -7 – 0
റൊമേനിയ, ബുച്ചാറെസ്റ്റ് -3 – 19
പോളണ്ട്, വാഴ്സോ -4 – 16
സാൻ മരീനോ -2 – 14
ലക്സംബർഗ് -1 – 16
സ്ലൊവാക്യ -3 – 18
ബൾഗേറിയ, സോഫിയ -6 – 17
സെർബിയ, ബെൽഗ്രേഡ് -2 – 21
ക്രൊയേഷ്യ -2 – 22
അർമേനിയ 2 – 15
അൽബേനിയ 3 – 21
ഹങ്കറി, ബുഡാപെസ്റ്റ് -3 – 20
ബലാറസ്, -6 – 12
റിപ്പബ്ലിക് ഓഫ് മോൾഡോവ -3 – 17
ബോസ്നിയ ആൻഡ് ഹെർസഗോവിന, Sarajevo -4 – 20
നോർത്ത് മാസിഡോണിയ -2 – 19
ഉക്രൈൻ, കീവ് -3 – 16
ഇന്തോനേഷ്യ, ജക്കാർത്ത 24 – 32
തായ്‌ലൻഡ്, ബാങ്കോക്ക് 27 – 34
ശ്രീലങ്ക, കൊളംബോ 25 – 32
മാലിദ്വീപ്, മാലി 28 – 32
ബംഗ്ലാദേശ്, ധാക്ക 20 – 33
ഇറാൻ, ടെഹ്റാൻ 7 – 19
ഖത്തർ, ദോഹ 16 – 27
ബഹറിൻ, മനാമ 18 – 28
ഈജിപ്ത്, കെയ്റോ 13 – 23
സൗദി അറേബ്യ, റിയാദ് 11 – 31
കുവൈറ്റ് 12 – 26
ഇറാഖ്, ബാഗ്ദാദ് 9 – 24
ലെബനൻ 10 – 20
യുണൈറ്റഡ് അറബ് എമിരേറ്റ്സ്, അബുദാബി 20 – 30
മൊറോക്കോ, കാസബ്ലങ്ക 11 – 20
ടുണീഷ്യ, 20 – 20
പാലസ്തീൻ 3 – 18
ചിലി, സാൻഡിയാഗോ 11 – 29
പെറു, ലിമ 21 – 28
പനാമ 22 – 33
അർജൻറീന, ബ്യൂണസ് അയേഴ്സ് 17 – 29
ഇക്വഡോർ 7 – 20
കൊളംബിയ 8 – 28
കോസ്റ്റാറിക്ക 17 – 27
ജമൈക്ക, കിങ്സ്റ്റൺ 22 – 31
പരാഗ്വേ, Asuncion 17 – 35
ഗയാന 23 – 30
ബഹാമാസ്, Nassau 22 – 28
സൗത്ത് ആഫ്രിക്ക, ജോഹന്നാസ്ബർഗ് 13 – 24
അൽജീരിയ, അൾജിയേഴ്സ് 11 – 19
സെനഗൽ, Dakar 18 – 27
റുവാണ്ട, Kigali 17 – 27
കാമറൂൺ, Yaounde 21 – 31
കെനിയ 14 – 25
വളരെയധികം വിസ്തീർണമുള്ള പല ടൈം സോൺ ഉള്ള രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ലിസ്റ്റിൽ പറയുന്ന രാജ്യങ്ങളിലൊക്കെ പല സ്ഥലങ്ങളിൽ പല അന്തരീക്ഷതാപനില ഉണ്ടാകാൻ സാധ്യതയുമുണ്ട്. പക്ഷേ, ഈ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളിൽ ഏതെങ്കിലും ഒന്നിലെ താപനിലയാണ് എഴുതിയിരിക്കുന്നത്. മിക്കതും തലസ്ഥാനം തന്നെ. ഇതിൽ പലസ്ഥലങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇത്രയും സ്ഥലങ്ങളിൽ ലോക്കൽ ട്രാൻസ്മിഷൻ നടന്നിട്ടുണ്ട്. ഉയർന്ന അന്തരീക്ഷതാപനില ഉള്ള പലസ്ഥലങ്ങളിലും കേസുകളുടെ എണ്ണം കുറവാണ് എന്നത് ഇപ്പോഴത്തെ കണക്കനുസരിച്ച് ശരിയാണ്. പക്ഷേ കൂടുതൽ വ്യാപിക്കുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കാത്ത സാഹചര്യമാണ്.
അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ അസുഖം വരാൻ സാധ്യത കുറവാണ് എന്ന് കരുതാൻ പാടില്ല, അത് തയ്യാറെടുപ്പുകളെ ദോഷകരമായി ബാധിക്കും. ഒരിക്കൽ പൊട്ടിപ്പുറപ്പെട്ടാൽ പിന്നെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ള അസുഖമാണ്. ഇറ്റലിയും ചൈനയും സ്പെയിനും ജർമനിയും ഒക്കെ അതിനുദാഹരണമാണ്.