കോവിഡ്- 19 രോഗനിർണ്ണയത്തിൽ “പൂൾ ടെസ്റ്റിങ്ങ്” ന്റെ പ്രസക്തിയെന്ത്
എന്താണ് കോവിഡ്- 19 രോഗനിർണ്ണയത്തിൽ “പുതുതായി” കണ്ടെത്തിയ “പൂൾ ടെസ്റ്റിങ്ങ്”?
ജർമ്മനിയിൽ കോവിഡ് 19 ന്റെ രോഗനിർണ്ണയത്തിൽ പരീക്ഷണാർത്ഥം ഉപയോഗയുക്തമാക്കിയ ഒരു “പുതിയ ടെസ്റ്റിങ്ങ് രീതി” യെ കുറിച്ച് വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇതിന് ഉപയോഗയുക്തമാക്കിയിരിക്കുന്നതു ഒരു പുതിയ തത്വം അല്ല, സമാന രീതിയിൽ സ്‌ക്രീൻ ചെയ്യാൻ മുൻപും ഈ “സാമ്പിളുകൾ പൂൾ” ചെയ്യുന്ന രീതി ഉപയോഗിച്ചിരുന്നു.
ഈ രീതി ആദ്യം നിർദ്ദേശിച്ചത് 1943 ൽ ഡോർഫ്മാൻ എന്ന ശാസ്ത്രജ്ഞൻ ആണ്.
ലോകമെമ്പാടും പരിശോധനാ കിറ്റുകളുടെയും, റീഏജന്റ് കളുടെയും ക്ഷാമം നേരിടുകയാണ്, ആവശ്യത്തിന് ടെസ്റ്റുകൾ നടത്താൻ കഴിയാത്തതു രോഗനിയന്ത്രണത്തിന് വിഘാതമാവുകയാണ് പല രാജ്യങ്ങളിലും.
മറ്റ് പകർച്ചവ്യാധികളിൽ പൂളിംഗ് ഡയഗ്നോസ്റ്റിക് പരിശോധനകൾ പ്രയോഗിച്ചിട്ടുണ്ട്, പ്രത്യേകിച്ചും
അധിക പരിശീലനമോ, ഉപകരണങ്ങളോ, വസ്തുവകകളോ ആവശ്യമില്ലാത്തതിനാൽ ഇത് പ്രസക്തമാണ് പ്രത്യേകിച്ച് ഈ മഹാമാരിയുടെ പശ്ചാത്തലത്തിൽ.
എന്താണ് ഉപയോഗിക്കുന്ന രീതി?
വിവിധ രോഗികളിൽ നിന്ന് ശേഖരിച്ച സ്രവങ്ങളുടെ സാമ്പിളുകൾ അനുയോജ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഒരു ബഫർ ലായനിയിൽ സംയോജിപ്പിച്ച് PCR രീതി ഉപയോഗിച്ച് പരിശോധിക്കുന്നു.
റിസൾട്ട് നെഗറ്റീവാണെങ്കിൽ, അത്രയും രോഗികൾക്ക് പരിശോധനാ ഫലം നെഗറ്റീവ് എന്ന് നിഗമിക്കാം.
ഇനി മിനി പൂൾ പോസിറ്റീവാണെങ്കിൽ, അതിലെ ഓരോ രോഗികളുടെയും റിസർവ്വ് സാമ്പിളുകൾ വെവ്വേറെ പരിശോധിക്കുന്നു.
അതിലൂടെ പോസിറ്റീവ് സാമ്പിൾ 4 മണിക്കൂറിനുള്ളിൽ തിരിച്ചറിയാൻ കഴിയും.
ജർമ്മൻ മെഡിക്കൽ അസോസിയേഷൻ ഈ ടെസ്റ്റ് അപ്രൂവ് ചെയ്തിട്ടുണ്ട്.
ഇത് പരീക്ഷിച്ചറിയുന്നതിൻ്റെ ഭാഗമായി 50 രോഗികളുടെ സാമ്പിൾ ഉപയോഗിച്ച് ഒരു ഫീൽഡ് ട്രയലും നടത്തിയിരുന്നു.
5 സാമ്പിളുകൾ വീതമുള്ള 10 മിനി പൂളുകളിൽ രോഗിയുടെ സാമ്പിളുകൾ ക്ലസ്റ്റർ ചെയ്യുകയും സമാന്തരമായി വ്യക്തിഗതമായി പരിശോധിക്കുകയും ചെയ്തു. 50 രോഗികളുടെ സാമ്പിളുകളിൽ 5 സാമ്പിളുകൾ SARS CoV-2 പോസിറ്റീവ് ആയിരുന്നു. ഈ സാമ്പിളുകൾ 4 പൂളുകളിൽ കണ്ടെത്തി. SARS CoV-2 ഇല്ലാത്ത രോഗികളിൽ നിന്ന് സാമ്പിളുകൾ മാത്രം മിശ്രിതമായിരുന്ന മിനി പൂളുകൾ ഓരോന്നും നെഗറ്റീവ് ഫലം നൽകി.
കോവിഡ് – 19 പശ്ചാത്തലത്തിൽ ഈ ടെസ്റ്റിങ് രീതിയുടെ പ്രസക്തിയെന്ത്?
ഇതിലൂടെ ടെസ്റ്റിങ്ങ് സംവിധാനത്തിൻ്റെ ക്ഷമത പല മടങ്ങുയർത്താൻ കഴിയും.
പരിമിതമായ ടെസ്റ്റിങ്ങ് വിഭവ ശേഷിയിലും കൂടുതൽ പേരിൽ രോഗ നിർണ്ണയ ടെസ്റ്റ് നടത്താൻ ഈ രീതി സഹായിക്കുന്നു.
മിനി പൂൾ മെത്തേഡിൽ ടെസ്റ്റിൻ്റെ സെൻസിറ്റിവിറ്റി കുറയുന്നില്ലെന്നതിനാൽ, പ്രത്യേകമായി സാമ്പിൾ ടെസ്റ്റ് ചെയ്യുന്നതിൻ്റെ അതേ നിലവാരം തന്നെ ഉറപ്പിക്കാമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
ഈ ലബോറട്ടറി ഫലങ്ങളുടെ അടിസ്ഥാനത്തിൽ, പ്രത്യേകിച്ചു ലക്ഷണമില്ലാത്ത ആളുകളുടെ വലിയ ഗ്രൂപ്പുകളിൽ ടെസ്റ്റുകൾ നടത്താൻ കഴിയും, അതിലൂടെ വൻതോതിൽ ടെസ്റ്റിങ്ങിൻ്റെ ചിലവ് ചുരുക്കാൻ കഴിയും.
റിസ്ക് ഗ്രൂപ്പുകളായ പ്രൊഫഷണൽസിൽ ഉദാ: ഡോക്ടർമാർ, നഴ്‌സുമാർ, പോലീസ്, അഗ്നിശമന സേന, ഭരണം, ഭക്ഷ്യ വ്യവസായം, ആർമി, ഫാക്ടറികൾ തുടങ്ങിയവരിൽ രോഗം നേരത്തേ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും ഇത്തരം ടെസ്റ്റിങ്ങ് രീതി സഹായിക്കും.
ഉദാ: ഇതേ രീതിയിൽ സമൂഹത്തിൽ പ്രയോഗിക്കാൻ സാധിച്ചാൽ നിലവിൽ പ്രതിദിനം ഏകദേശം 40,000 ടെസ്റ്റുകൾ ചെയ്യുന്ന ജർമ്മനിയിൽ അത് 200,000 മുതൽ 400,000 വരെ ടെസ്റ്റുകളായി ഉയർത്താനാകും.
പൂൾ ചെയ്യുന്ന സാമ്പിളുകളുടെ എണ്ണം കൂട്ടിയാലും കൃത്യതയുള്ള ഫലം കിട്ടുമോ എന്ന ഗവേഷണങ്ങളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്.
ഈ പ്രക്രിയ ആഗോളതലത്തിൽ വിപുലമായി പ്രയോഗിച്ചാൽ യഥാർത്ഥത്തിൽ രോഗം ബാധിച്ച ആളുകളുടെ എണ്ണത്തെക്കുറിച്ച് മികച്ച വിവരങ്ങൾ വളരെ വേഗത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷയാണ് ഗവേഷകർ പുലർത്തുന്നത്.
ലോകത്തു മറ്റു ഇടങ്ങളിൽ ഈ രീതി അവലംബിക്കുന്നുണ്ടോ?
ഉണ്ട്, സമാന്തരമായി ലോകത്തു പലയിടങ്ങളിലും ഈ രീതിയിൽ പഠനങ്ങൾ നടക്കുന്നുണ്ട്.
ഇസ്രായേലിൽ നടത്തിയ പഠനം BMJ yale ൽ പ്രീ പബ്ലിഷ് ചെയ്തിട്ടുണ്ട്.(പിയർ റിവ്യൂ ചെയ്യാത്ത പഠന ലേഖനം)
അവരുടെ നിരീക്ഷണത്തിൽ 32 പൂൾ ചെയ്ത സാമ്പിളുകളിൽ നിന്ന് പോലും ഒരു പോസിറ്റിവ് ഉണ്ടെങ്കിൽ RT-qPCR ടെസ്റ്റ് മുഖേന കണ്ടെത്താം എന്നാണു. തെറ്റായി നെഗറ്റിവ് ആവാനുള്ള സാധ്യത 10 % എന്നും.
അമേരിക്കയിലെ നെബ്രാസ്ക യിലും സമാനമായ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ 50% വരെ റിയേജന്റ് ന്റെ അളവ് ലാഭിക്കാൻ കഴിയുന്നു അവിടെ.
ഈ ടെസ്റ്റ് ഇന്ത്യയിൽ ഉപയോഗപ്പെടുത്തിക്കൂടേ?
തീർച്ചയായും നന്നാവും. പ്രത്യാശാ നിർഭരമായ ഒരു കാര്യം ഉണ്ടായിട്ടുണ്ട്. മാർച്ച് 30 നു ഇന്ത്യാ സർക്കാരിന്റെ Principal scientific adviser ശ്രീ. വിജയരാഘവൻ തൻ്റെ ട്വീറ്റ് വഴി അറിയിച്ചിട്ടുണ്ട്, ഈ ടെസ്റ്റിങ് രീതി ഇന്ത്യ അവലോകനം നടത്തിക്കൊണ്ട് ഇരിക്കുകയാണെന്ന്.
സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനും ധാരാളം പേരെ ഒരുമിച്ച് പരിശോധിക്കുന്നതിനും ഇത് സഹായകമാകും, കോവിഡ് 19 നു എതിരെ ഉള്ള പോരാട്ടത്തിൽ ഒരു ആയുധവും കൂടി ആവും.