· 3 മിനിറ്റ് വായന

കൊറോണക്കാലത്തെ ഐസൊലേഷനും ക്വാറന്റൈനും

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

തൊട്ടു മുൻപ് കേട്ട വാർത്ത ഒരു വിദേശ സഞ്ചാരി ക്വാറന്റൈൻ നടപടി ഒഴിവാക്കാൻ അധികാരികളുടെ കണ്ണ് വെട്ടിച്ചു സ്ഥല വിടാൻ ശ്രമിക്കുകയും എയർപോർട്ടിൽ വെച്ച് അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തു എന്നാണു.

ശരിക്കും ഈ ക്വാറൻ്റൈൻ അല്ലെങ്കിൽ ഐസൊലേഷൻ ഭയക്കേണ്ടതോ, ഒളിച്ചോടേണ്ടതോ ആയ ഒന്നാണോ? എന്താണ് യഥാർത്ഥത്തിൽ ഈ പ്രക്രിയയ്ക്ക് വിധേയമാവുന്നവർക്കു സംഭവിക്കുക? ഇതൊരു പ്രയാസമേറിയ പ്രക്രിയയാണോ? ഇനി എനിക്കോ വേണ്ടപ്പെട്ടവർക്കോ ഇതിനു വിധേയമാവേണ്ടി വരുമോ? വന്നാൽ എങ്ങനെ ആവും?

എന്നൊക്കെയുള്ള ഒരു പിടി ചോദ്യങ്ങൾ ഏവരുടെയും മനിസ്സിൽ ഉണ്ടാവും. അതിനു ഉത്തരം തരാൻ ശ്രമിക്കുകയാണ് ഇൻഫോക്ലിനിക്.

എന്താണ് ക്വാറന്റൈൻ?

ഏതെങ്കിലും അണുബാധ ശരീരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള, എന്നാൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത ആളുകളെ പൊതു സമൂഹത്തിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തുന്നതിനെയാണ് ക്വാറന്റൈൻ എന്ന് വിളിക്കുന്നത്. മറ്റുള്ളവരിലേക്ക് അണുബാധ പകരാതിരിക്കാനുള്ള പ്രതിരോധ നടപടിയാണിത്.

കോവിഡ് 19 ൻ്റെ പശ്ചാത്തലിൽ ആർക്കൊക്കെ ക്വാറന്റൈൻ വേണം?

?1. കൊറോണ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തിയ എല്ലാവർക്കും.

?2. കോവിഡ് രോഗം സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കത്തിൽ വന്ന എല്ലാവർക്കും

ഇവരിലെ പ്രത്യേകിച്ച് അസുഖ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവരും ക്വാറന്റൈനിൽ കഴിയണോ?

വേണം. നമ്മുടെ ശരീരത്തിൽ ഒരു അണു പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങൾ പുറത്ത് വരാൻ കുറച്ച് ദിവസങ്ങൾ എടുക്കും. ആ സമയം അയാൾ അറിയാതെ അണുക്കളെ ശരീരത്തിൽ നിന്നും പുറംതള്ളാം. ഈ അണുക്കൾ മറ്റൊരാളെ രോഗിയാക്കാം. അതു കൊണ്ടാണ് ഒരു ലക്ഷണവുമില്ലെങ്കിലും ക്വാറന്റൈനിൽ ഇരിക്കാൻ പറയുന്നത്.

എത്ര കാലം?

അണു പ്രവേശിച്ച് ലക്ഷണങ്ങൾ പുറത്തു വരാനുള്ള പരമാവധി സമയം, കോവിഡിൻ്റെ കാര്യത്തിൽ 14 ദിവസമാണത്.

എന്താണ് ഐസൊലേഷൻ?

മറ്റൊരാൾക്ക് പകരാൻ സാദ്ധ്യതയുള്ള അണുബാധയുള്ള ഒരു രോഗിയെ മറ്റുള്ളവരുമായി സമ്പർക്കം വരാതെ പാർപ്പിക്കുന്നതാണ് ഐസൊലേഷൻ. ഐസൊലേഷനിൽ ആക്കുന്ന ആൾക്ക് രോഗലക്ഷണങ്ങൾ ഉണ്ട് എന്നതാണ് വ്യത്യാസം.

ഐസൊലേഷൻ സംവിധാനങ്ങൾ ആശുപത്രിയിൽ മാത്രമല്ലേ?

അല്ല. ഗുരുതരമല്ലാത്ത രോഗമാണെങ്കിലും സാഹചര്യങ്ങൾ അനുവദിക്കുകയാണെങ്കിലും വീട്ടിലോ ഹോട്ടലുകളിലോ റിസോർട്ടുകളിലോ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലോ ഐസൊലേറ്റ് ചെയ്യാം.

ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

?സൗകര്യമുള്ള വീടാണെങ്കിൽ, ബാത്റൂം സൗകര്യമുള്ള ഒരു മുറി അയാൾക്ക് അനുവദിച്ചു കൊടുക്കുക.

?ഏറ്റവും വായുസഞ്ചാരം കൂടിയ മുറിയാണ് ഉത്തമം. ജനലുകൾ തുറന്നു വായു സഞ്ചാരം ഉറപ്പു വരുത്തുക.

?റൂമിൻ്റെ കൂടെ ശുചിമുറി കൂടിയുള്ളതാണ് ഏറ്റവും നല്ലത്.

?ഭക്ഷണം ആ മുറിയിലേക്കെത്തിച്ചു കൊടുക്കുക. പ്ലേറ്റും ഗ്ലാസ്സും അവർക്കു വേണ്ടി വേറെ കരുതുക. ഭക്ഷണം പങ്കിടരുത്.

?വസ്ത്രങ്ങൾ, ടവൽ, കിടക്കവിരി തുടങ്ങിയവ ഉപയോഗശേഷം പ്രത്യേകം അലക്കി ഉണക്കുക. കഴിയുമെങ്കിൽ ആ മുറിയിൽ ഒരു ബക്കറ്റിൽ ബ്ലീച്ചിംഗ് പൗഡർ ലായനി തയ്യാറാക്കി വെച്ച് വസ്ത്രങ്ങളെല്ലാം അതിലേക്ക് നിക്ഷേപിക്കാൻ പറയാം. അതിൽ നിന്ന് നേരെ എടുത്ത് അലക്കി ഉണക്കാം.

?രോഗി ഭക്ഷണത്തിനു മുൻപും ശേഷവും, ടോയ്ലറ്റ് ഉപയോഗിച്ച ശേഷവും, തുമ്മുമ്പോഴോ ചുമക്കുമ്പോഴോ കയ്യിൽ സ്രവങ്ങൾ പറ്റാൻ സാദ്ധ്യത ഉള്ളപ്പോഴും കൈകൾ സോപ്പിട്ട് കഴുകണം.

രണ്ടാഴ്ചത്തെ ക്വാറന്റൈനിലെ ജീവിതം വളരെ ഏകാന്തമായിരിക്കില്ലേ, മാനസികമായി തകർന്നു പോകില്ലേ?

?പോസിറ്റീവായി മാത്രം ചിന്തിക്കാൻ ശ്രമിക്കണം. നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഒരു ത്യാഗമാണല്ലോ ഇത്.

?വായിക്കാം, പാട്ട് കേൾക്കാം, സിനിമ കാണാം, മൊബൈൽ ഫോൺ ഉപയോഗിക്കാം. സുഹൃത്തുക്കളോട് ഫോണിൽ സംസാരിക്കാം. പക്ഷേ ഒന്നിച്ചിരുന്ന് ടിവി കാണുക, സൊറ പറയുക എന്നീ പരിപാടികൾ പാടില്ല.

?പുറത്തിറങ്ങാതിരിക്കാൻ പരമാവധി ശ്രദ്ധിക്കാം. ഇനി വിഷാദം വല്ലാതെ പിടികൂടുന്നു എന്ന് തോന്നിയാൽ മാത്രം പുറത്ത് ഇങ്ങുകയാണെങ്കിൽ ആളുകൾ ഇല്ലാത്ത സമയം, ഒറ്റക്ക് വല്ല മരച്ചുവട്ടിലോ മുറ്റത്തോ ഇരുന്നു കാറ്റ് കൊള്ളാം. ചുമയോ തുമ്മലോ ഉണ്ടെങ്കിൽ പുറത്തിറങ്ങാൻ പാടില്ല.

ഒരാൾ വീട്ടിൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉണ്ടെങ്കിൽ ബന്ധുക്കൾ എന്തു നടപടികളാണ് സ്വീകരിക്കേണ്ടത്?

?അയാളുടെ മുറിയിലേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പ്രവേശിക്കുക.

?കയറുമ്പോൾ മാസ്ക് ധരിക്കുക.

?നല്ല ചുമയോ വയറിളക്കമോ ഉള്ള രോഗിയാണെങ്കിൽ കൈയ്യുറ കൂടി ധരിക്കാൻ സാധിച്ചാൽ നല്ലത്. ഉപയോഗിച്ച ശേഷം കൈയുറ ബ്ലീച്ചിംങ്ങ് പൗഡർ ലായനിയിൽ നിക്ഷേപിക്കണം.

?ഉപയോഗശേഷം മാസ്ക് ഇടാനായി അടക്കാൻ കഴിയുന്ന ഒരു വേസ്റ്റ് ബാസ്കറ്റ് മുറിയിൽ കരുതണം.

നിക്ഷേപിച്ച ഉടൻ അടച്ചു വെക്കുക, ശേഷം കത്തിച്ചു കളയുക. രോഗി ഉപയോഗിച്ചു കളഞ്ഞ മാസ്കുകൾ കൈകാര്യം ചെയ്യുമ്പോഴും ശുശ്രൂഷിക്കുന്ന ആൾ മുഖം മറയ്ക്കണം.

?ഓരോ തവണ മുറിയിൽ നിന്ന് ഇറങ്ങുമ്പോഴും കൈ നന്നായി സോപ്പിട്ട് കഴുകണം. രോഗി ഉപയോഗിച്ച വസ്തുക്കൾ എന്തു തന്നെയാണെങ്കിലും തൊട്ടു കഴിഞ്ഞ ശേഷവും കൈ സോപ്പിട്ട് കഴുകണം.

?രോഗിയെ ശുശ്രൂഷിക്കുന്നത് എപ്പോഴും ഒരാൾ തന്നെ ആകുന്നതാണ് നല്ലത്.

വീട്ടിലുള്ള ബാക്കി ബന്ധുക്കൾ, സന്ദർശകർ?

ഒരു കാരണവശാലും കൂടുതൽ ആളുകൾ രോഗിയുമായി സമ്പർക്കത്തിൽ വരരുത്.

ചെറിയ കുട്ടികൾ, പ്രായം കൂടിയവർ, മറ്റെന്തെങ്കിലും രോഗം ഉള്ളവർ (പ്രമേഹം, വൃക്കരോഗങ്ങൾ, ശ്വാസം മുട്ട് തുടങ്ങിയവ) ക്വാറന്റൈനിൽ കഴിയുന്ന ആളുടെ സമീപത്തൊന്നും വരാൻ പാടില്ല.

വീടിൻ്റെ പുറത്തു നിന്ന് ഒരാളും മുറിയിൽ പ്രവേശിക്കാനും പാടില്ല. സന്ദർശകർക്ക് കർശനനിയന്ത്രണം വേണം.

ക്വാറന്റൈനിലെ ഭക്ഷണം?

പോഷകാഹാരമുള്ള ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.

എന്തെങ്കിലും രോഗലക്ഷണങ്ങൾ വന്നാൽ? അല്ലെങ്കിൽ മൂർച്ഛിച്ചാൽ?

ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക (ദിശ) നിർദ്ദേശങ്ങൾ പാലിക്കുക. സ്വന്തം നിലക്ക് ആശുപത്രിയിൽ പോകാൻ ശ്രമിക്കരുത്.

മേൽ പറഞ്ഞ സൗകര്യങ്ങൾ വീടുകളിൽ ഇല്ലാത്തവർ?

കുറേ ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒറ്റ മുറികളും ചെറിയ വീടുകളും നമ്മുടെ നാട്ടിൽ അത്ര വിരളമല്ല. ആ സാഹചര്യത്തിൽ മേൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെ പ്രായോഗികമാക്കും എന്നത് ഒരു ബുദ്ധിമുട്ടേറിയ പ്രശ്നമാണ്.

ഇവിടെ അവരുടെ മേൽ മാത്രം ഉത്തരവാദിത്തം കെട്ടിവെച്ച് ഒഴിഞ്ഞു മാറാൻ നമുക്ക് സാധിക്കില്ല. അത് സമുഹവും അധികൃതരും വിവിധ സംഘടനകളും ഒന്നിച്ച് ആലോചിച്ച് തീരുമാനമെടുക്കേണ്ട ഒരു കാര്യമാണ്. പ്രത്യേകം ടോയ്ലറ്റുകളുള്ള മുറികളോടുകൂടിയ ഏതെങ്കിലും കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തേണ്ടി വരും. ഇതിന് വേണ്ടിയുള്ള ആലോചനകൾ ആരംഭിക്കാനുള്ള സമയവും ആയിരിക്കുന്നു.

ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ