കോവിഡ്-19 എന്ന പാൻഡെമിക് എങ്ങനെ പിടിച്ചുകെട്ടാം?
കോവിഡ് 19 ‘പാൻഡെമിക്’ ആയിരിക്കുന്നു.
?ലോകാരോഗ്യ സംഘടന കോവിഡ് 19 രോഗ സംക്രമണത്തെ പാൻഡെമിക് ആയി പ്രഖ്യാപിച്ചു.
(Pandemic എന്ന സാങ്കേതിക പദത്തിന് തത്തുല്യ മലയാളം പദം ഉണ്ടെന്നു തോന്നുന്നില്ല, മഹാമാരി എന്നൊക്കെ ആലങ്കാരികമായി കരുതാം)
❓എന്താണീ പാൻഡെമിക്?
എപ്പിഡെമിക് എന്നാൽ ഒരു പ്രദേശത്തോ ഒരു രാജ്യത്തോ ഒക്കെ മാത്രം കാണുന്ന പകർച്ച വ്യാധി ആണ്. പാൻഡെമിക് എന്നാൽ ഒരു പുതിയ പകർച്ചവ്യാധിയുടെ “ലോകമെമ്പാടുമുള്ള” വ്യാപനമാണ്. ഒരു പകർച്ചവ്യാധി (ക്യാൻസർ പോലുള്ള രോഗങ്ങൾ എല്ലാ രാജ്യത്തും ഉണ്ട് എന്നാൽ അത് പാൻഡെമിക് ആയി കണക്കാക്കില്ല) ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ അനേകം രാജ്യങ്ങളിലോ പകർന്നു പിടിക്കുന്ന അവസ്ഥയിലാണ് പാൻഡെമിക് ആയി പ്രഖ്യാപിക്കപ്പെടുന്നത്.
‘പാൻഡെമിക്’ എന്ന വാക്ക് ഗ്രീക്ക് ‘പാൻഡെമോസ്’ എന്നതിൽ നിന്നാണ് വന്നത്. ‘ഡെമോസ്’ എന്നാൽ ജനങ്ങൾ എന്നും, പാൻ എന്നാൽ എല്ലാം എന്നും ആണ് അർത്ഥം, അതായത് “മുഴുവൻ ജനങ്ങളും” എന്ന്.
ചരിത്രത്തിലുടനീളം ഇത്തരം ഇത്തിരിക്കുഞ്ഞന്മാരായ രോഗാണുക്കൾ നയിക്കുന്ന പടപ്പുറപ്പാടുകൾ മനുഷ്യ രാശിയെ ആക്രമിച്ചിട്ടുണ്ട്, വസൂരി, ക്ഷയം എന്ന് വേണ്ട പലതും. ബ്ളാക്ക് ഡെത്ത് എന്ന പേരിൽ അറിയപ്പെട്ട പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ് ബാധ ആയിരുന്നു അതിൽ ഏറ്റവും വലിയ ഒന്ന്, 75–200 million ജീവനുകളാണ് പൊലിഞ്ഞത്. സമീപകാലത്തെ പാൻഡെമിക്കുകൾ, 1918 ലെ സ്പാനിഷ് ഫ്ലൂ (അവനും ഒരു ഇൻഫ്ലുവെൻസാ വൈറസ് ആയിരുന്നു), 2009 ലെ H1N1 പാൻഡെമിക് എന്നിവയാണ്. കോവിഡ് 19 കൂടാതെ നിലവിൽ നമ്മുടെ ഇടയിൽ നില കൊള്ളുന്ന ഒരു പാൻഡെമിക് എച്ച് ഐ വി / എയിഡ്സ് ആണ്.
വർദ്ധിച്ചുവരുന്ന അണുബാധകളെക്കുറിച്ചും, സർക്കാരുകളുടെ മന്ദഗതിയിലുള്ള പ്രതികരണങ്ങളെക്കുറിച്ചും, ആശങ്ക പ്രകടിപ്പിച്ച ലോകാരോഗ്യ സംഘടന (WHO) കൊറോണ വൈറസ് പ്രതിസന്ധിയെ ഗുരുതരസ്ഥിതിവിശേഷമായാണ് കാണുന്നത്.
❓ഈ പാൻഡെമിക് പ്രഖ്യാപനത്തിലേക്ക് എത്തിച്ച സ്ഥിതി വിശേഷം എന്താവാം?
ലോകം എമ്പാടുമുള്ള കോവിഡ് 19 പകർച്ചയെയും അതിന്റെ തീവ്രതയേയും കണക്കിലെടുത്താണ് ഈ പ്രഖ്യാപനം എന്ന് കരുതാം.
ലോകാരോഗ്യ സംഘടനാ സെക്രട്ടറി ഡോ. ടെഡ്രോസ് അദാനോമിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക,
“അപകടകരമായ തോതിലുള്ള വ്യാപനം, രോഗതീവ്രത, ഭയാനകമായ നിഷ്‌ക്രിയത്വം എന്നീ കാര്യങ്ങളിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്.”
“രാജ്യങ്ങൾ അടിയന്തിരവും തീവ്രവുമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഉച്ചത്തിലും വ്യക്തമായും മണിനാദം മുഴക്കി കഴിഞ്ഞരിക്കുന്നു. ”
✴️ഇതിനു ഉപോൽബലകമായി ലോകത്തു സംഭവിച്ച ഏറ്റവും ഒടുവിലുള്ള സംഭവ വികാസങ്ങൾ,
1. ഇറ്റലിയിലെ മരണ നിരക്ക് 24 മണിക്കൂറിനുള്ളിൽ 31% കണ്ടു ഉയർന്ന് 827ലെത്തി.
2. ഇറാനിലും മരണ നിരക്ക് കുത്തനെ ഉയർന്നു, 62 ൽ നിന്ന് 354 ആയി (ചൈനയ്ക്കും ഇറ്റലിക്കും തൊട്ടു പുറകിൽ). ഇറാനിലെ സീനിയർ വൈസ് പ്രെസിഡന്റും, രണ്ടു ക്യാബിനറ്റ് മന്ത്രിമാരും രോഗ ബാധിതരുടെ കൂട്ടത്തിൽ ഉണ്ട്.
3. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ചൈനയ്ക്ക് പുറത്തുള്ള കേസുകളുടെ എണ്ണം 13 മടങ്ങ് വർദ്ധിച്ചു.
4. ബാധിത രാജ്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വർദ്ധിച്ചു. 114 രാജ്യങ്ങളിലായി ഏതാണ്ട് ഒന്നേകാൽ കേസുകൾ നാലായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
5. ഇന്ത്യ സർക്കാർ ഏപ്രിൽ 15 വരെ ടൂറിസ്റ്റു വിസകൾ എല്ലാം നിരോധിച്ചു.
❓എന്താണ് പാൻഡെമിക് പ്രഖ്യാപനത്തിന്റെ പ്രാധാന്യം?
ഇത് സർക്കാരുകളെ അടിയന്തിര ശ്രദ്ധയോടെ സാഹചര്യം നേരിടാൻ പ്രേരിതരാക്കുന്നു. കൂടുതൽ ജാഗ്രത പുലർത്താൻ സമൂഹത്തെ പ്രേരിപ്പിക്കുന്നു.
പല ഘട്ടങ്ങളിലൂടെ ശാസ്ത്രീയമായ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാവുക. ഓരോ രാജ്യങ്ങളും സംസ്ഥാനങ്ങളും വ്യത്യസ്തമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്തിരുന്ന സാഹചര്യത്തിൽ നിന്നും തികച്ചും വിഭിന്നമായി ലോകമെമ്പാടുമുള്ള ഏകോപനം ആണ് പ്രധാന ലക്ഷ്യം.
❓എന്തൊക്കെയാണ് പ്രധാന ഘട്ടങ്ങൾ ?
1️⃣ പല തലത്തിലുള്ള ആലോചനയും ആസൂത്രണവും ഏകോപനവും
ലോകവ്യാപകമായ ഏകോപനം ലോകാരോഗ്യസംഘടനയും, ഓരോ രാജ്യത്തെ ഏകോപനം അതാത് സർക്കാരുകളും ആണ് ചെയ്യേണ്ടത്.
?കൃത്യമായ ഇടവേളകളിൽ നടക്കുന്ന ഉന്നതതല മീറ്റിങ്ങുകളിൽ ഓരോ ഘട്ടങ്ങളിലും സ്വീകരിക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
?ഇതിൽ രാജ്യങ്ങളും സംസ്ഥാനങ്ങളും അതിരുകളും തടസ്സമായി കൂടാ.
ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാക്രമത്തിൽ നടപ്പാക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളുക.
?ആവശ്യമെങ്കിൽ പൊതുജനാരോഗ്യം സംരക്ഷിക്കാൻ നിലവിലുള്ള നിയമം നടപ്പാക്കാനും പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കാനും തയ്യാറായിരിക്കുക.
?സർക്കാരിതര സന്നദ്ധ സംഘടനകളെ സഹകരിപ്പിച്ചു കൊണ്ട് അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുക. പരമാവധി മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ ശ്രമിക്കുക.
?ഭാവിയിലേക്ക് ആവശ്യമായ മരുന്നുകൾ, ഭക്ഷണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾ എല്ലാം ആവശ്യമുള്ള ജനങ്ങളിൽ കൃത്യമായി എത്താൻ വേണ്ടി പദ്ധതി തയ്യാറാക്കുക.
2️⃣ നിരീക്ഷണവും അവലോകനവും
⏺️ലോക രാജ്യങ്ങളിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും അവലോകനം ചെയ്യുകയും പദ്ധതികൾ തയാറാക്കുകയും ചെയ്യുക എന്നത് ലോകാരോഗ്യ സംഘടനയുടെ കടമയാണ്. പുതിയ പരിശോധനാ സൗകര്യങ്ങൾ, ആധുനിക കണ്ടുപിടിത്തങ്ങൾ തുടങ്ങിയ വിവരങ്ങൾ എല്ലായിടത്തും കൃത്യമായി എത്തിക്കുക എന്നതും അവരാണ് ചെയ്യേണ്ടത്.
⏺️സർക്കാരുകൾ ചിട്ടയായ സർവൈലൻസ് സിസ്റ്റം രൂപീകരിക്കണം. അസുഖം നിലവിലുള്ള പോക്കറ്റുകളിൽ നിന്ന് കൂടുതൽ വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക. ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളും ലഭിക്കും എന്ന് ഉറപ്പുവരുത്തുക, പ്രത്യേകിച്ചും ആശുപത്രി സൗകര്യങ്ങൾ, രോഗ പരിശോധനക്കായുള്ള ലാബ് സൗകര്യങ്ങൾ
3️⃣ രോഗവ്യാപനം തടയുക
ആഗോള തലത്തിൽ പദ്ധതികൾ രൂപീകരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുക.
?അന്തർദേശീയതലത്തിൽ ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കാനും വാക്സിൻ വികസിപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുക.
?നിലവിൽ അസുഖം ഇല്ലാത്ത ഒരു സ്ഥലത്ത് അത് എത്താതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
?ഓരോ രാജ്യത്തിനകത്തും പുതിയ സംസ്ഥാനങ്ങളിൽ അസുഖം ഉണ്ടാവാതിരിക്കാനുള്ള ശ്രദ്ധ പുലർത്തണം. ?സാമൂഹ്യമായി അകലം പാലിക്കേണ്ടതിൻറെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുക.
? രോഗപ്പകർച്ച തടയാനുള്ള വ്യക്തിഗത/ സാമൂഹിക മാർഗ്ഗങ്ങൾ സർക്കാരുകൾ കൂടുതൽ ശക്തമായി നടപ്പാക്കാൻ മാർഗ്ഗം ഒരുക്കണം. ഉദാ: സ്‌കൂളുകൾ അടയ്ക്കുക, ജീവനക്കാരെ വീട്ടിൽ നിന്നും കൊണ്ട് ജോലിക്കു നിയോഗിക്കുക, പൊതു ചടങ്ങുകൾ സമ്മേളനങ്ങൾ പോലുള്ള ആൾക്കൂട്ടങ്ങൾ നിരോധിക്കുക, നേരിട്ട് മീറ്റ് ചെയ്യുന്നതിന് പകരം വീഡിയോ കോൺഫെറൻസുകൾ നടപ്പാക്കൽ, സാധിക്കുമെങ്കിൽ ഹോം ഡോക്ടർ കൺസെപ്റ്റ് നടപ്പാക്കുക, ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും മാറ്റിവയ്ക്കുക ഇത്യാദി നടപടികൾ ചിന്തിക്കുക.
4️⃣ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തും
☑️ശാസ്ത്രീയമായ ചികിത്സാ സൗകര്യങ്ങൾ വ്യക്തികൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
☑️ആശുപത്രികളിലെ അണുബാധ നിയന്ത്രണ സംവിധാനങ്ങൾ ശക്തമാക്കുക.
☑️രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുക. രോഗം തിരിച്ചറിയാൻ ആവശ്യമായ പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കുക.
☑️രാജ്യ-സംസ്ഥാന-ജില്ലാ തലങ്ങളിൽ മീറ്റിങ്ങുകൾ കൂടുകയും വിലയിരുത്തൽ നടത്തുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുക.
☑️എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൃത്യമായ പ്രോട്ടോകോൾ പുറത്തിറക്കുക.
☑️അശാസ്ത്രീയ ചികിത്സാ രീതികൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാതിരിക്കുക. ഒരു പരീക്ഷണത്തിനുള്ള സമയമല്ലിത് എന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാവണം.
5️⃣ആശയവിനിമയം
⏹️ലോകമെമ്പാടും ഉണ്ടാകുന്ന സംഭവ വികാസങ്ങൾ കൃത്യമായി, തെറ്റുകൾ വരാതെ കൈമാറാൻ സാധിക്കണം. ലോകാരോഗ്യ സംഘടന കൈക്കൊള്ളുന്ന തീരുമാനങ്ങളെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചുമുള്ള വിവരങ്ങൾ താമസംവിനാ ഓരോ രാജ്യത്തെയും ഭരണനേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്.
⏹️കേന്ദ്ര സർക്കാരും കേരള സർക്കാരും ഇതിനു വേണ്ടി മാത്രമായി എമർജൻസി കമ്മ്യൂണിക്കേഷൻ കമ്മിറ്റി രൂപീകരിക്കുകയും കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും വേണം.
⏹️മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിച്ച് കൂടുതൽ ജനങ്ങളിൽ ശാസ്ത്രീയമായ വിവരങ്ങൾ എത്തിക്കാൻ ശ്രമിക്കണം. സർക്കാരുകൾക്ക് മാത്രമല്ല വ്യക്തികൾക്കും, സംഘടനകൾക്കുമൊക്കെ ഉത്തരവാദിത്വം ഉണ്ട്.
?അതിഥി തൊഴിലാളികളിൽ കൃത്യമായ വിവരങ്ങൾ എത്തുന്നുണ്ട് എന്ന് ഉറപ്പിക്കണം. ഇതിനായി അവരുടെ ഭാഷയിൽ വിവരങ്ങൾ കൈമാറാൻ സാധിക്കണം. എഫ് എം റേഡിയോ പോലുള്ള ഉപാധികളിൽ കൃത്യമായ ഇടവേളകളിൽ വിവിധ ഭാഷകളിൽ അറിയിപ്പുകൾ നൽകണം.
⏹️സാമൂഹ്യ മാധ്യമങ്ങളിൽ നമ്മളോരോരുത്തരും ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്.
⏹️മാധ്യമ പ്രവർത്തകരും ജാഗ്രത പുലർത്തണം.
അവാസ്തവ വാർത്തകൾ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധ കൊടുക്കുക.
⏹️ ഇത്തരുണത്തിലെങ്കിലും നിരന്തരം വ്യാജവാർത്തകൾ പറയുന്നവരെ പരിപൂർണ്ണമായും അവഗണിക്കാൻ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും സാമൂഹ്യ മാധ്യമങ്ങളും ശ്രമിക്കണം.
⏹️മറ്റ് വിഷയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കാതിരിക്കാൻ ഉള്ള പക്വതയുണ്ടാവണം.
⏹️വ്യാജപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ ഉൾപ്പെടെ മുഖം നോക്കാതെ സ്വീകരിക്കുന്നതിനൊപ്പം ശാസ്ത്രീയ വിഷയങ്ങൾ, വസ്തുതാപരമായി ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കണം.
അതിർവരമ്പുകളില്ലാത്ത ഈ ലോകത്ത് അസുഖ വ്യാപനം തടയണമെങ്കിൽ എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണം. അവഗണിക്കപ്പെടുന്ന ഏതെങ്കിലും ഒരു ചെറിയ പോക്കറ്റിൽ നിന്നും അസുഖം ലക്ഷങ്ങളിലേക്ക് എത്താം.
ഒരു അടിയന്തിര ഘട്ടമായി പ്രഖ്യാപിക്കുക വഴി കൂടുതൽ ചടുലമായ നടപടിക്രമങ്ങളോടെ യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് 19 രോഗപ്പകർച്ചയെയ പിടിച്ചു കെട്ടാൻ ലോക രാജ്യങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യം. അത് മനസ്സിലാക്കാൻ, അതനുസരിച്ച് പ്രവർത്തിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം. മനുഷ്യ സമൂഹത്തിന്റെ നല്ല ഭാവിക്കുവേണ്ടി നമുക്ക് പരിശ്രമിക്കാം.