കോവിഡ് 19 ചികിത്സ – ഇനിയെന്ത്?
കോവിഡ് നമ്മൾ വിജയകരമായി പ്രതിരോധിച്ചുവെന്നും ചെറുത്തു തോൽപ്പിച്ചുവെന്നും വിശ്വസിക്കാറായോ?
ഒരു ആൻറിബയോട്ടിക്കോ വേദനസംഹാരിയോ ഇഞ്ചക്ഷൻ കൊടുക്കുന്നതിനു മുമ്പ് ഒരു ടെസ്റ്റ് ഡോസ് കൊടുക്കാറുണ്ട്. യഥാർത്ഥ ഡോസിൻ്റെ വളരെ ചെറിയൊരു ഭാഗം തൊലിയിൽ ഇഞ്ചക്റ്റ് ചെയ്യും, റിയാക്ഷൻ പഠിച്ച ശേഷം ബാക്കി മരുന്ന് കൊടുക്കും. യഥാർത്ഥ മരുന്ന് നൽകുമ്പോൾ വലിയ പാർശ്വ ഫലങ്ങൾ വല്ലതും ഉണ്ടാകുമോ എന്ന് നേരത്തെ മനസ്സിലാക്കാൻ ആണ് ഇത് ചെയ്യുന്നത്.
കോവിഡിന്റെ കാര്യത്തിൽ ഒരു ടെസ്റ്റ് ഡോസ് മാത്രമേ കഴിഞ്ഞുള്ളൂ. യഥാർത്ഥത്തിലുള്ള ഡോസ് ഇനി വരാനിരക്കുന്നതേയുള്ളൂ.
ലോക്ഡൗണിന് ശേഷം എങ്ങനെ ആണ് കോവിഡും കൊവിഡ് അല്ലാത്ത രോഗങ്ങളും ചികിത്സിക്കാൻ നാം ഉദ്ദേശിക്കുന്നത്? വ്യക്തമായ ഒരു പദ്ധതി നമുക്ക് അതിനു വേണ്ടേ?
ആശുപത്രികൾ
ഒരു പ്രദേശത്തെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കിയിരിക്കുകയാണല്ലോ മിക്ക ജില്ലകളിലും. കോവിഡ് പോസിറ്റീവ് ആകുന്ന എല്ലാ രോഗികളേയും നെഗറ്റീവ് ആകുന്നവരെ അവിടെ തന്നെ അഡ്മിറ്റ് ചെയ്യണമെന്നുള്ളതാണ് ഇപ്പോഴത്തെ രീതി. ഇത് ഭാവിയിൽ പുന:പരിശോധിക്കേണ്ടി വരും. ഇതിൽ ഭൂരിഭാഗവും ഒരു ലക്ഷണവും ഇല്ലാത്തവരോ അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരോ ആണ്.
ഇവരെ വലിയ ആശുപത്രികളിൽ അഡ്മിറ്റ് ആക്കുന്നതു കൊണ്ട് നഷ്ടങ്ങൾ പലതാണ്.
ഒന്നാമതായി ഈ ആശുപത്രികളിലെ ഭൗതിക സൗകര്യങ്ങളും മനുഷ്യവിഭവ ശേഷിയും ഇതിന് വേണ്ടി മാറ്റി വെക്കേണ്ടി വരും.
അവിടെ നടക്കുന്ന ബാക്കി ചികിത്സകൾ മുടങ്ങും.
ഇതിനേക്കാൾ പ്രധാനമായി ഒരു യാഥാസ്ഥിതിക ആശുപത്രി രീതികൾ (നിത്യേന റൗണ്ട്സ്, നഴ്സിംഗ് പരിചരണം തുടങ്ങിയവ) ഇവർക്കാവശ്യമുണ്ടാവില്ല.
ഈ രീതിയിൽ ചികിത്സിക്കുമ്പോൾ സ്ഥലസൗകര്യം മാത്രമല്ല, നിരവധി പി പി ഇ കിറ്റുകളും മാസ്കുകളുമാണ് നമുക്ക് നഷ്ടമാകുന്നത്.
ഇതു വരെ നമ്മൾ ചെറിയൊരു എണ്ണം രോഗികളെ ചികിത്സിക്കുകയം കൂടുതൽ പ്രതിരോധത്തിൽ ഊന്നുകയുമായിരുന്നത് കൊണ്ട് നമുക്ക് അങ്ങനെ ചെയ്യാൻ കഴിയുമായിരുന്നു. രോഗികളുടെ എണ്ണവും കുറവായിരുന്നല്ലോ. പക്ഷേ ഇത്ര വലിയ ആശുപത്രി സൗകര്യങ്ങൾ പ്രതിരോധത്തിന് വേണ്ടി മാത്രം കൂടുതൽ നാൾ നമുക്ക് മാറ്റി വെക്കാൻ കഴിയില്ല. ഇനി വരാൻ പോകുന്ന കാലം പല തരം പനികളുടേതാണെന്ന് മറന്നു കൂട. കോവിഡിനെ മറ്റു പനികളിൽ നിന്ന് കഴിയുന്ന അത്ര വേർപെടുത്താൻ ശ്രമിക്കുക എന്നതായിരിക്കും ഏറ്റവും ഉത്തമം.
പകരം എന്തു ചെയ്യാം?
മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ടേർഷ്യറി കെയർ ലെവലിലുള്ള കോവിഡ് ആശുപത്രികളിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ള കോവിഡ് രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യുക.
ചെറിയ ലക്ഷണങ്ങൾ ഉള്ളവരെ കോവിഡ് കെയർ സെൻ്റർ പോലത്തെ കേന്ദ്രങ്ങളിൽ ചികിത്സിക്കുക.
കോവിഡ് സംശയം ഉള്ള ഒരാൾക്ക് ഒന്ന് എന്ന നിലയിൽ ശുചി മുറികളുള്ള പ്രത്യേകം റൂമുകളും കോവിഡ് സ്ഥിരീകരിച്ചവർക്ക് പൊതുവായ വാർഡോ ഡോർമറ്ററി പോലത്തെ സൗകര്യങ്ങളോ മാത്രമേ ആവശ്യമുള്ളൂ.
അവിടെ ഏറ്റവും ചുരുങ്ങിയ എണ്ണം ആരോഗ്യ പ്രവർത്തകർ മാത്രം മതിയാകും.
റൗണ്ട്സ് ആവശ്യമില്ല, പകരം ഫോണിലൂടെയുള്ള ആശയ വിനിമയം മാത്രം മതി.
കിയോസ്ക് മാതൃകയിൽ സ്രവങ്ങൾ എടുക്കാനുള്ള സൗകര്യവും ടെസ്റ്റ് ചെയ്യാനുള്ള ലാബും അവിടെ സജ്ജീകരിക്കാൻ കഴിഞ്ഞാൽ വളരെ നല്ലത്.
ലാബ് അവിടെ സജ്ജീകരിക്കാൻ കഴിയില്ലെങ്കിൽ അവിടെ നിന്നുള്ള സാംപിളുകൾ പരിശോധിക്കാനുള്ള ലാബിലേക്ക് നേരിട്ടൊരു ചാനൽ ഒരുക്കി കൊടുക്കാം. ഈ ചാനലിലൂടെ പെട്ടെന്ന് സാംപിളുകൾ എത്തിക്കാനും റിസൽട്ട് ലഭ്യമാക്കാനും കഴിയണം.
എന്തെങ്കിലും ഗുരുതരമായ ലക്ഷണങ്ങൾ പറയുന്നവരെ മാത്രം ആശുപത്രിയിലേക്ക് മാറ്റാം.
നിലവിലുള്ള കോവിഡ് ആശുപത്രികളിൽ കണ്ടെത്തിയ ഐസൊലേഷൻ സൗകര്യങ്ങൾ അതേ പോലെ നില നിർത്താം. പരമാവധി ഐ സി യു സൗകര്യങ്ങൾ, വെൻറിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, പരമാവധി റെസസിറ്റേഷൻ സൗകര്യങ്ങൾ തുടങ്ങിയവ തയ്യാറാക്കി നിർത്തണം. ഒരു സൂചന കിട്ടുന്ന മാത്രയിൽ ഇവയെല്ലാം ഉപയോഗിച്ചു തുടങ്ങാൻ കഴിയുന്ന രീതിയിൽ തയ്യാറെടുപ്പുകൾ വേണം.
രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പ്രാവർത്തികം ആക്കാവുന്ന പദ്ധതികൾ ഓരോ ആശുപത്രിയും തയ്യാറാക്കി വെക്കണം. ഏതു സമയവും പൊട്ടി പുറപ്പെടാൻ സാധ്യതയുള്ള ഒരു രോഗതരംഗത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് ആയിരിക്കണം അത്. ഇൻഫക്ഷൻ കൺട്രോളിലും ക്രിറ്റിക്കൽ കെയറിലും തുടർച്ചയായ പരിശീലനങ്ങൾ നടക്കണം. ഇതിനായി എല്ലാ റെസിഡൻ്റ് ഡോക്ടർമാരേയും സജ്ജരാക്കി നിർത്തണം.
വലിയ ആശുപത്രികളിലെ ബാക്കി രോഗ ചികിത്സ:
ആശുപത്രിയിൽ പരമാവധി തിരക്കു കുറയുന്ന രീതിയിൽ ചികിത്സകൾ പരിഷ്കരിക്കാം.
ജീവിത ശൈലീ രോഗങ്ങൾക്കുള്ള തുടർ ചികിത്സ മെഡിക്കൽ കോളേജ് പോലെ ഉള്ള ആശുപത്രികളിൽ ആവശ്യമില്ല. ഇവയെല്ലാം തൊട്ടടുത്ത PHC യിലോ CHC യിലോ ചെയ്യാം.
നിർബന്ധമല്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവെക്കാം.
ദീർഘനാൾ ചികിത്സ വേണ്ടി വരുന്ന പക്ഷാഘാതം പോലെയുള്ള രോഗങ്ങൾക്ക് അത്യാവശ്യ ചികിത്സകൾ നൽകി തൊട്ടടുത്ത ആശുപത്രിയിലേക്കോ വീട്ടിലേക്കോ പറഞ്ഞയക്കാം.
വലിയ ആശുപത്രികളിലെല്ലാം സാംക്രമിക രോഗങ്ങളും അല്ലാത്തവയും ചികിത്സിക്കുന്ന സ്ഥലങ്ങൾ വെവ്വേറെ സജ്ജീകരിക്കേണ്ടി വരും.
ഇവ തമ്മിൽ വ്യക്തമായ അകലം ഉണ്ടാക്കണം. കഴിയുമെങ്കിൽ രോഗികളുടെ പോക്കും വരവുമെല്ലാം വെവ്വേറെ വഴികളിലൂടെ ആയിരിക്കണം.
സാംക്രമിക രോഗം ചികിൽസിക്കുന്ന ഭാഗത്ത് പ്രവേശിക്കുന്ന എല്ലാവരും കർശനമായി മസ്ക് ധരിക്കണം.
അവിടെ സാനിറ്റൈസർ സുലഭമാക്കണം.
പുറത്ത് സ്റ്റാഫിന് കുളിക്കാനായി നല്ല സൗകര്യത്തിൽ റെസ്റ്റ് റൂം തയ്യാറാക്കണം.
അത്യാഹിത വിഭാഗത്തിലും സാംക്രമികവും അല്ലാത്തതുമായ രോഗങ്ങൾക്കിടയിൽ ഒരു വിഭജനത്തിന് ശ്രമിക്കണം.
രോഗികൾ സഞ്ചരിക്കുന്ന വഴികൾ കഴിയുമെങ്കിൽ മാറ്റണം.
ലബോറട്ടറി, എക്സ് റേ, സ്കാനിംഗ് തുടങ്ങിയ കാര്യങ്ങൾക്കായി ഇത്തരം രോഗികളെ മാറ്റുന്നതിന് വ്യക്തമായ ഒരു മാർഗ്ഗരേഖ തയ്യാറാക്കി വെക്കണം, മാറ്റുന്നതിന് മുൻപ് തയ്യാറെടുപ്പ് നടത്താനുള്ള അറിയിപ്പ് അവർക്ക് നൽകണം.
രോഗിയുടെ കയ്യിൽ ഒ പി ടിക്കറ്റ് പരിശോധനാ ഫലങ്ങൾ തുടങ്ങിയവ കൊടുത്തു വിടാതിരിക്കാനുള്ള നടപടികൾ ആലോചിക്കേണ്ടി വരും. പരിശോധനാ ഫലങ്ങൾ ഓൺ ലൈനിൽ നൽകാൻ കഴിയുമെങ്കിൽ അതാണേറ്റവും ഉത്തമം.
ഒ പി ചികിത്സ
നേരത്തേ ബുക്ക് ചെയ്യുന്ന സംവിധാനം കൊണ്ടു വരേണ്ടതാണ്.
ബുക്കിംഗിൽ തന്നെ രോഗിയെ വിഭാഗം വേർതിരിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ ചോദ്യാവലി ഉപയോഗിക്കാൻ ശ്രമിക്കാം.
നിശ്ചിത എണ്ണത്തിൽ കൂടുതൽ രോഗികളെ ഒരു ദിവസം ഒ പി യിൽ കാണരുത്.
കാത്തിരിപ്പു സ്ഥലങ്ങളിൽ തിരക്കു കുറക്കണം.
ശാരീരിക അകലം നിലനിർത്തുന്ന രീതിയിൽ കസേരകൾ സജ്ജീകരിക്കണം.
ഒ പി യിൽ റെഫറൻസ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടണം. രോഗികളുടെ തൃപ്തിക്കായുള്ള റെഫറൻസല്ല, ഡോക്ടർക്കു ആവശ്യമുള്ള റെഫറൻസ് മാത്രമേ നടത്താവൂ.
ഡോക്ടർമാർ ,നഴ്സുമാർ, അനുബന്ധ പ്രവർത്തകർ
ചികിത്സിക്കുന്ന ഏതൊരു രോഗിയും കോവിഡ് പോസിറ്റീവ് ആവാം എന്ന തിരിച്ചറിവോടെ വേണം രോഗികളെ കാണാൻ. പനി ചികിത്സിക്കുന്ന ഭാഗത്ത് അല്ലെങ്കിലും, കോവിഡിൻ്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഇത് സംഭവിക്കാം. ലോകത്ത് പല ആരോഗ്യ പ്രവർത്തകർക്കും രോഗം പകർന്നു കിട്ടിയത് ഒരു ലക്ഷണവും കാണിക്കാതിരുന്ന രോഗിയെ ശസ്ത്രക്രിയ ചെയ്തതിലൂടെയും മറ്റുമാണെന്നത് മറന്നു കൂട. അതുകൊണ്ട് ഏത് രോഗിയിൽ നിന്നും രോഗബാധ ഉണ്ടാകാം എന്ന ചിന്ത ഉണ്ടാകണം, അതിനു വേണ്ട കരുതൽ എടുക്കണം.
സാർവത്രികമായ മാസ്ക്, ഗ്ലൗസ്, കണ്ണട തുടങ്ങിയവയുടെ ഉപയോഗം, പ്രൊസീജ്യറുകൾ ചെയ്യുമ്പോൾ അതിനനുസൃതമായുള്ള മറ്റു സംരക്ഷണ നടപടികൾ എന്നിവ സ്വീകരിക്കണം.
കൈ കഴുകലിൽ അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗത്തിൽ ഒരു കുറവും വരാതെ നോക്കണം.
ജോലി കോവിഡിലിലാണെങ്കിലും അല്ലെങ്കിലും ആശുപത്രി വിട്ടാൽ കുളിച്ച് വസ്ത്രം മാറാതെ വീട്ടിലുള്ളവരുമായോ മറ്റു സ്ഥലങ്ങളിലോ (സൂപ്പർ മാർക്കറ്റ് പോലെ) പെരുമാറാതിരിക്കാൻ ശ്രദ്ധിക്കണം.
വീട്ടിൽ റിസ്ക് കൂടിയ പ്രായമുള്ളവരോ രോഗികളോ ആയ ബന്ധുക്കളുമായി സമ്പർക്കം വരുമ്പോൾ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
ഏതെങ്കിലും ആരോഗ്യ പ്രവർത്തകർക്ക് അണുബാധ ഉണ്ടായാൽ കൂടുതൽ ഓഡിറ്റിംഗിന് വിധേയമാക്കണം. സംരക്ഷണ വസ്ത്രം(PPE) അണിഞ്ഞിട്ടും അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ , അവയുടെ നിലവാരം പരിശോധിക്കാൻ സൗകര്യങ്ങൾ ഉണ്ടാക്കണം. അല്ലാത്ത പക്ഷം എവിടെയാണോ വീഴ്‌ച്ച വരുന്നത് എന്ന് കണ്ടെത്തി അത് പരിഹരിക്കാൻ ശ്രമിക്കണം.
മറ്റ് സർക്കാർ ആശുപത്രികൾ
കോവിഡ് ചികിത്സ നൽകാത്ത, എന്നാൽ മറ്റു സൗകര്യങ്ങളുള്ള എല്ലാ സർക്കാർ ആശുപത്രികളിലും കിടത്തി ചികിത്സ പ്രോൽസാഹിപ്പിക്കണം.
കോവിഡിൻ്റെ ചികിത്സയിൽ ചെയ്യുന്ന പോലെ തന്നെ ആശുപത്രികൾ തമ്മിൽ ആശയ വിനിമയം നടത്തിക്കൊണ്ടുള്ള റെഫറൻസ് രീതി തുടരണം.
അതേപോലെ അത്യാവശ്യ ചികിത്സ നൽകി കഴിഞ്ഞ ശേഷം തിരിച്ചും അറിയിച്ച ശേഷം രോഗികളെ മാറ്റാൻ കഴിയണം. ഇതിന് വേണ്ടി വിവിധ ആശുപത്രി പ്രതിനിധികളെ ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പ് തുടങ്ങാവുന്നതാണ്. പരസ്പരം ആശയവിനിമയം നടത്താതെയുള്ള റഫറൻസ് പലപ്പോഴും അപകടകരമാകാം.
ഒന്നിൽ കൂടുതൽ ഡോക്ടർമാർ ഒ പി യിൽ ഇരിക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും സാംക്രമിക രോഗങ്ങളുടെ ഒപി, രോഗികൾ കൂടിക്കലരാത്ത രീതിയിൽ മറ്റ് ഒ പികളിൽ നിന്ന് വേർതിരിക്കാൻ ശ്രമിക്കാം.
ഒരു ഡോക്ടർ മാത്രമുള്ള ആശുപത്രികളിൽ ആഴ്ചയിൽ മൂന്നുദിവസം പനി ഒപിയും അല്ലാത്ത ദിവസങ്ങളിൽ ബാക്കി ഒ പി യും നടത്താം.
പനി ഒപി ക്കായി നിലവിലുള്ള ഒപിയിൽ നിന്ന് മാറി ചുറ്റും മതിലുകളില്ലാത്ത നല്ല വായു സഞ്ചാരമുള്ള (തൂണിൽ തീർത്ത ഷെഡ്ഡുകൾ) സ്ഥലം കണ്ടെത്താൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം.
രോഗിയും ബന്ധുവും പനി ചികിത്സിക്കാനായി മാസ്ക് കെട്ടാതെ ആശുപത്രിയിൽ പ്രവേശിക്കരുത്.
പനി ഒപിക്ക് പുറത്തായി കൈകഴുകാനുള്ള സൗകര്യം ഒരുക്കണം.
കാത്തിരിപ്പു സ്ഥലത്ത് അകലം അടയാളപ്പെടുത്തി വെക്കണം.
കിടത്തി ചികിത്സ നൽകുന്ന ആശുപത്രികളിലെല്ലാം പനിരോഗികൾക്ക് പ്രത്യേകം വാർഡുകൾ മാറ്റിവെക്കാൻ ശ്രമിക്കണം. ഇവിടെയും മാസ്ക്, അകലം, കൈ കഴുകൽ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം.
ലബോറട്ടറികൾ
കോവിഡ് ചികിത്സ ഏറ്റവും സങ്കീർണമാവാൻ പോകുന്നത് മഴ തുടങ്ങി കഴിഞ്ഞാൽ ആയിരിക്കും. പല തരത്തിൽ ഉള്ള പനികൾ ഒന്നിച്ച് വരാൻ സാധ്യത ഉള്ളത് കൊണ്ടാണ് അത്. ഇപ്പൊൾ നാം എല്ലാ രോഗങ്ങളെയും കോവിഡ് കണ്ണിലൂടെയാണ് കാണുന്നത്. പല ഉന്നത ലാബുകളും കോവിഡ് ടെസ്റ്റിന് മാത്രം മാറ്റി വെച്ചിരിക്കുന്നു. ഇനിയും നമുക്ക് അത് തുടരാൻ കഴിയില്ല. നേരത്തെ പറഞ്ഞ പോലെ കോവിഡിന് വേണ്ടി തയ്യാറാക്കിയ കേന്ദ്രങ്ങളിൽ കോവിഡ് ടെസ്റ്റ് മാത്രം ചെയ്യുകയും അത് നെഗറ്റീവ് ആണെങ്കിൽ ആവശ്യമുള്ള രോഗികളെ മറ്റുള്ള ആശുപത്രികളിലേക്ക് റെഫർ ചെയത് ബാകി ടെസ്റ്റുകൾ ചെയ്യാൻ ഉള്ള അവസരം ഒരുക്കി കൊടുക്കുകയും വേണം.
ഡെങ്കിപ്പനി, എലിപ്പനി, ചെള്ള് പനി തുടങ്ങിയവയ്ക്കുള്ള ടെസ്റ്റുകൾ വലിയ ആശുപത്രികളിൽ ലഭ്യം ആക്കണം.
ശ്വാസകോശ സബന്ധമായ അണുബാധകൾ വരുമ്പോൾ H1N1 പി സി ആർ പലപ്പോഴും ആവശ്യം ആയി വരും.
അതെ പോലെ നമ്മൾ മറന്നു പോകാൻ പാടില്ലാത്ത രോഗമാണ് നിപ. നിപ പോലത്തെ ലക്ഷണങ്ങൾ ഒരു ഡോക്ടർക്ക് സംശയം തോന്നുകയാണെങ്കിൽ ടെസ്റ്റ് ചെയ്ത് റിസൾട്ട് കൊടുക്കാൻ ഉള്ള സൗകര്യം ആലപ്പുഴ വൈറോളജി ലാബിൽ എങ്കിലും തയ്യാറാക്കി വെക്കണം.
മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന ഹെർപിസ്, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം തുടങ്ങിയവയും ആവശ്യാനുസരണം കേരളത്തിലെ തിരഞ്ഞെടുത്ത ലാബുകളിലെങ്കിലും ചെയ്യാൻ പറ്റണം. ഇത്തരം ലാബുകളെ കോവിഡ് പരിശോധനയിൽ നിന്ന് മോചിപ്പിച്ചാലേ ഇത് പ്രാവർത്തികമാകൂ.
രോഗികൾ
എല്ലാം ശരിയായി എന്ന അമിത ആത്മവിശ്വാസം പാടില്ല. പൂർണ സുരക്ഷിതത്വത്തോടെ പുറത്ത് ഇറങ്ങി നടക്കാൻ ഇനിയും നാളുകൾ പിടിക്കും.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ആശുപത്രി സന്ദർശിക്കുക.
ചെറിയ പനിയോ ചുമയോ തോന്നുകയാണെങ്കിൽ
വീടിനുള്ളിൽ മാത്രം കഴിയുക.
വീടിനുള്ളിലും പുറത്തും മാസ്ക് ധരിക്കുക.
ഹെൽപ് ലൈനിൽ വിളിച്ചു നിർദ്ദേശിച്ച രീതിയിൽ മാത്രം ആശുപത്രിയിൽ പോവുക.
പനിയുടെ കൂടെ ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർ ആശുപത്രിയിൽ പോകുമ്പോൾ പനി ചികിത്സിക്കുന്ന ആശുപത്രിയുടെ ഭാഗം നേരത്തെ ചോദിച്ചറിഞ്ഞ ശേഷം അവിടെ മാത്രം സന്ദർശിക്കുക.
പനി അല്ലാത്ത രോഗികൾ
കഴിവതും പനി ചികിത്സ ഇല്ലാത്ത ആശുപത്രി തിരഞ്ഞെടുക്കുക.
ദീർഘ കാലമായി രോഗമുള്ളവർ ഡോക്ടർ നിർദ്ദേശിച്ചാലോ അല്ലെങ്കിൽ എന്തെങ്കിലും പുതിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാലോ മാത്രമേ ചെറിയ ഇടവേളകളിൽ ആശുപത്രിയിൽ പോകേണ്ടതുള്ളൂ.
ഓരോ രോഗത്തിനും ഡോക്ടർ നിർദേശിശിക്കുന്ന ചികിത്സയും ടെസ്റ്റും സ്വീകരിക്കുക. ഡോക്ടറോട് ടെസ്റ്റുകളും റഫറൻസും അങ്ങോട്ട് നിർദ്ദേശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
ചികിത്സ തേടി കഴിഞ്ഞാലും
ഏത് ജലദോഷപ്പനിയും മാറാൻ ചുരുങ്ങിയത് മൂന്നോ നാലോ ദിവസം എടുക്കുമെന്ന് മനസ്സിലാക്കി അത് വരെ മരുന്ന് കഴിച്ച് വിശ്രമിക്കുക. അതേ പ്രശ്നത്തിന് ഡോക്ടർമാരെ മാറി മാറി കാണാൻ ശ്രമിക്കരുത്.
രോഗം ഗുരുതരം ആകുന്ന ലക്ഷണങ്ങൾ മനസ്സിലാക്കി വെക്കുക. എന്തെങ്കിലും ആവശ്യം തോന്നുകയാണെങ്കിൽ ആദ്യം ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കാം. രോഗീ സന്ദർശനം കഴിവതും ഒഴിവാക്കാം.
കുറച്ചു നാളത്തെ സഹനം കൊണ്ടും അധ്വാനം കൊണ്ടും കോവിഡിനെ ഭൂലോകത്തു നിന്നും തുടച്ചു നീക്കാൻ സാധിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല. കോവിഡ് ഇവിടെയൊക്കെ കാണും, അതിൻ്റെ കൂടെ വലിയ പരിക്കില്ലാതെ ജീവിച്ചു പോകാൻ നാം ഇനി പരിശീലിക്കേണ്ടി വരും. ഇതു വരെ നാം ശീലിച്ച ശുചിത്വമാർഗ്ഗങ്ങൾ, ശാരീരിക അകലം പാലിക്കൽ, മാസ്കിൻ്റെ ഉപയോഗം എന്നിവ ഇനിയും തുടരാം. പരസ്പര സഹകരണത്തോടെയും ഒത്തൊരുമയോടെയും ശാസ്ത്രബോധത്തോടെയും നാം കോവിഡിനെ നേരിട്ടേ മതിയാകൂ.