· 6 മിനിറ്റ് വായന

കോവിഡ് 19 – ഇനിയെന്ത്

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യംസുരക്ഷ

കോവിഡ് 19 യൂറോപ്പിലാകെ വിസ്ഫോടനം സൃഷ്ടിക്കുന്ന രീതിയിലേക്ക് വളരുകയാണ്. ലോകത്തിൽ ആകെ മരണസംഖ്യ 5000 കടന്നു. 145336 കേസുകളിൽ നിന്ന് 5416 മരണങ്ങൾ. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപതിനായിരം കടന്നു.

ഇന്നലെ മാത്രം ഇറ്റലിയിൽ 2500-ലധികം കേസുകളും 250 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഇറ്റലിയിലെ ആ കേസുകളുടെ എണ്ണം 17760, മരണങ്ങൾ 1266. സ്പെയിനിലും രണ്ടായിരത്തിൽ കൂടുതൽ പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ജർമ്മനി ഫ്രാൻസ് എന്നീ രാജ്യങ്ങളിലും 750-ൽ കൂടുതൽ പുതിയ കേസുകൾ. പല സ്കാൻഡിനേവിയൻ രാജ്യങ്ങളിലും ഇരുനൂറോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ തലത്തിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു.

ഇറാനിൽ 1250-ലധികം പുതിയ കേസുകൾ. ഇതോടെ ആകെ കേസുകളുടെ എണ്ണം 11364, മരണങ്ങൾ 514.

അമേരിക്കയിൽ അഞ്ഞൂറിലധികം പുതിയ കേസുകൾ.

ലോകത്താകമാനം 10 രാജ്യങ്ങളിൽ ആയിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 34 രാജ്യങ്ങളിൽ നൂറിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ലോക്കൽ ട്രാൻസ്മിഷൻ ആരംഭിച്ചിട്ടുണ്ട്.

ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം ഒറ്റ അക്ക സംഖ്യയിൽ എത്തി. ഇന്നലെ അവിടെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ 80815 കേസുകളിൽ നിന്ന് 3177 മരണങ്ങൾ.

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ടായിരത്തിലധികം കേസുകളും അമ്പതോളം മരണങ്ങളും ഉണ്ടായപ്പോഴാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജലദോഷവും ആയി താരതമ്യം ചെയ്ത് കൊറോണയെ നിസ്സാരവൽക്കരിക്കുന്ന പ്രസ്താവന നടത്തിയ ആളാണ് ട്രംപ്. പത്രസമ്മേളനത്തിനിടെ ട്രംപ് ഷേക്ക് ഹാൻഡ് നൽകുകയും മൈക്കിൽ 30 തവണയിലധികം സ്പർശിക്കുകയും ചെയ്തു എന്ന് റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയും സി ഡി സി യും നിർദ്ദേശിക്കുന്ന പ്രതിരോധ നടപടികൾക്ക് നേർവിപരീതം ആണിത്. വിവിധ അമേരിക്കൻ സ്റ്റേറ്റുകളിൽ തിരഞ്ഞെടുപ്പുകൾ മാറ്റിവച്ചു തുടങ്ങി.

ഭാര്യ സോഫി ട്രൂഡോക്ക് കൊറോണ പോസിറ്റീവ് ആയതിനെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഐസൊലേഷനിലാണ്. ബ്രസീലിയൻ പ്രസിഡൻറിന്റെ വിദഗ്ധ ഉപദേശകൻ ജയ്ർ ബോൾസൊണാരോ കൊറോണ പോസിറ്റീവ് ആയി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമേരിക്കൻ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹവുമായി മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്ന മിയാമി മേയർ ഫ്രാൻസിസ് സുവാരസിനും കൊറോണ റിസൾട്ട് പോസിറ്റീവ് ആയി.

റൊമാനിയയിൽ ഇടക്കാല പ്രധാനമന്ത്രി ലുഡോവിച് ഓർബനും മന്ത്രിസഭയും രോഗബാധ സ്ഥിരീകരിച്ച ഒരാളുമായി കോൺടാക്ട് ഉണ്ടായതിനെത്തുടർന്ന് സെൽഫ് ക്വാറന്റൈൻ സ്വീകരിച്ചു.

ഓസ്ട്രേലിയൻ അഭ്യന്തരമന്ത്രി പീറ്റർ ഡട്ടണ് കൊവിഡ് 19 സ്ഥിരീകരിച്ചു.

ഇറാനിൽ ഉന്നത ഭരണനേതൃത്വത്തിൽ പലർക്കും ടെസ്റ്റ് പോസിറ്റീവ് ആയി. ഇറാനിൽ വൈറസ് ബാധയെ പ്രതിരോധ നടപടികൾക്ക് സൈന്യം നേതൃത്വം നൽകുന്നു.

G-7 രാജ്യങ്ങളുടെ തലവന്മാർ വീഡിയോ കോൺഫറൻസ് വഴി ഉച്ചകോടി നടത്തും. ചികിത്സാ സൗകര്യങ്ങളും വാക്സിൻ കണ്ടുപിടുത്തവും പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ ഗവേഷണങ്ങൾ നടത്തുന്ന വിഷയം ചർച്ച ചെയ്യും.

യൂറോപ്പിൽ പോളണ്ട്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളും കൂടി വിദേശികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി. ഫ്രാൻസിൽ ഈഫൽ ടവറും ലൂർ മ്യൂസിയവും അനിശ്ചിതകാലത്തേക്ക് അടച്ചു. ബ്രിട്ടനിൽ തദ്ദേശഭരണ, മേയർ തിരഞ്ഞെടുപ്പുകൾ ഒരു വർഷത്തേക്ക് മാറ്റിവെച്ചു. സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആഴ്സണൽ മാനേജർ മൈക്കൽ ആർട്ടിറ്റ കൊറോണ പോസിറ്റീവ് ആയതായി റിപ്പോർട്ട്.

മാസ്റ്റേഴ്സ് ഗോൾഫ് ടൂർണമെൻറും ബോസ്റ്റൺ മാരത്തോണും മാറ്റിവെച്ചു. ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവച്ചു. മൗണ്ട് എവറസ്റ്റ് പർവ്വതാരോഹണം നേപ്പാൾ നിർത്തി വച്ചു.

ലോക രാജ്യങ്ങളിൽ നടക്കുന്ന കാര്യങ്ങളാണ്. സാധ്യമായതുപോലെ ലോകം പ്രതിരോധിക്കുകയാണ്. നമ്മളും പ്രതിരോധ നടപടികൾ ശക്തമാക്കി കൊണ്ടിരിക്കുന്നു.

നമ്മേക്കാൾ ജനസാന്ദ്രത കുറഞ്ഞ ആരോഗ്യ സംവിധാനങ്ങളിൽ വളരെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ പോലും പതറുന്ന കാഴ്ചയാണ്. എങ്കിലും അവർ പൊരുതുകയാണ്. കേരളം നല്ല രീതിയിൽ പ്രതിരോധിക്കുന്നെങ്കിലും ആശങ്കകൾ ഇല്ലാതില്ല. മുകളിൽ പറഞ്ഞ രാജ്യങ്ങളിലും പല തലങ്ങളിൽ നിന്നുള്ള പ്രതിരോധ ശ്രമങ്ങൾ ഉണ്ടായിരുന്നു. പക്ഷേ പലരും തടയുന്നതിൽ പരാജയപ്പെട്ടു. പകർച്ചവ്യാധികൾ അങ്ങനെയാണ് പകരുന്നത്. ഫലപ്രദമായി പ്രതിരോധിക്കാൻ സമൂഹം ഒറ്റക്കെട്ടായി ശ്രമിക്കണം. ഇതിനിടയിൽ മറ്റു രാജ്യങ്ങളെ താരതമ്യം ചെയ്ത്, നമ്മൾ ചെയ്ത കാര്യങ്ങൾ ഒന്നും അവർ ചെയ്തില്ല എന്ന് കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. അങ്ങനെ കുറ്റപ്പെടുത്തലിൽ രൂപപ്പെടുന്ന മിഥ്യാഭിമാനബോധം നല്ലതല്ല. പത്തനംതിട്ടയിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷവും പൂർണ്ണമായ കോൺടാക്ട് ട്രേസിംഗ് നടത്താതെ പൊങ്കാല നടത്തിയവരാണ് നമ്മൾ. ആ ഒരു ചിത്രം എടുത്ത് കേരളത്തെ വിമർശിച്ചാൽ എങ്ങനെയിരിക്കും ? കേരളം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ ആ ഒരു ചിത്രം വെച്ച് വിലയിരുത്താൻ സാധിക്കില്ല. അതുകൊണ്ട് അകാരണമായി മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കാം. മറ്റുള്ള രാജ്യങ്ങളിൽ സംഭവിച്ച പാളിച്ചകൾ വിലയിരുത്തരുത് എന്നല്ല പറഞ്ഞത്, നമുക്ക് ആ പാളിച്ചകൾ ഉണ്ടാകാതിരിക്കാൻ വേണ്ടി വിലയിരുത്തുക തന്നെ വേണം. പക്ഷേ താരതമ്യത്തിലൂടെ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാൻ ഉള്ള പ്രവണത നല്ലതല്ല. കാരണം ഏതാനും ആഴ്ചകൾ കൊണ്ട് ചിലപ്പോൾ നമ്മളും ആ സ്റ്റേജിൽ എത്താൻ സാധ്യതയുണ്ട്. ഇപ്പോൾ താരതമ്യം ചെയ്യേണ്ട സമയവുമല്ല. നിപ്പ പോലെ ഒരു അസുഖമല്ല കൊറോണ. പകർച്ച തോത് വളരെ കുറഞ്ഞ അസുഖമാണ് നിപ്പാ, അസുഖം മൂർച്ഛിച്ച അവസ്ഥയിൽ മറ്റൊരാൾക്ക് പകരുന്ന അസുഖം. കൊറോണ നേർവിപരീതമാണ്. വൈറസ് ശരീരത്തിൽ കയറി രോഗലക്ഷണങ്ങൾ ആരംഭിക്കാത്ത ആൾക്ക് പോലും മറ്റൊരാൾക്ക് രോഗം പകർന്നു നൽകാൻ സാധിക്കും. അതായത് നിങ്ങളുടെ സമീപത്തു നിൽക്കുന്ന ഒരാൾക്ക് അസുഖം ഇല്ല എന്ന് നിങ്ങൾക്ക് അറിയില്ല എന്നത് മാത്രമല്ല പ്രശ്നം, അയാൾക്കും അറിയില്ല എന്നതാണ്. രണ്ട് അസുഖങ്ങളുടെയും R0 നമ്പർ പരിശോധിച്ചാൽ ഈ വ്യത്യാസം മനസ്സിലാകും.

തൃശ്ശൂർ ചെറുതുരുത്തി കോഴിമാംപറമ്പ് പൂരത്തിന്റെ ചിത്രം പത്രങ്ങളിൽ കണ്ടിരുന്നു. തീരെ ചെറുതല്ലാത്ത ഒരാൾക്കൂട്ടം അടുത്ത് ഇടപഴകുന്നത് കാണാം. ഇപ്പോഴത്തെ സമയത്ത് ഒട്ടും അനുകരണീയം അല്ല. മാസ്ക് ധരിച്ച് ഒരാളുടെ ചിത്രവും അതിലുണ്ട്. മൂക്കിന് കീഴിലാണ് മാസ്ക് ധരിച്ചിരിക്കുന്നത്. ഇങ്ങനെ മാസ്ക് ധരിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.

പൂരം മാത്രമല്ല ദേവാലയങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളിയാഴ്ചകളിൽ മുസ്ലിം പള്ളികളിൽ നടക്കുന്ന പ്രാർത്ഥനയിൽ വലിയ ആൾക്കൂട്ടം ഉണ്ടാവുന്നത് നല്ലതല്ല. അതുപോലെതന്നെ അമ്പലങ്ങളിലും പള്ളികളിലും ആളുകൾ കൂടുന്നത് ഒഴിവാക്കണം. അതാതു സ്ഥലങ്ങളിലെ മത നേതൃത്വവുമായി ഭരണ നേതൃത്വം ചർച്ച ചെയ്ത് പരിഹാരം കാണേണ്ട വിഷയമാണ്.

പല ആശുപത്രികളിലും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ PPE ആവശ്യത്തിന് തികയാതെ വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാൻ ഉള്ള കരുതൽ എത്രയും നേരത്തെ സ്വീകരിക്കണം. സർജിക്കൽ കിറ്റ് PPE ക്ക് പകരമാവില്ല.

ആശുപത്രിയിൽ ഉപയോഗിക്കാൻ N 95 കുറവുള്ള സാഹചര്യത്തിൽ ബൈക്കിൽ പോകുന്നവർ ഈ മാസ്ക് ധരിക്കുന്നത് കാണാം. ലഭ്യമായ റിസോഴ്സ് ബുദ്ധിപരമായി വിനിയോഗിച്ചില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുണ്ടാവും. ചില സ്ഥലങ്ങളിൽ എങ്കിലും N 95 എന്നുകരുതി PPF 1 മാസ്കുകൾ ഉപയോഗിക്കുന്ന ചിത്രങ്ങൾ കണ്ടു. നമ്മൾ ഉദ്ദേശിക്കുന്ന പ്രയോജനം ചെയ്യില്ല എന്നത് മനസ്സിലാക്കണം.

ഐസൊലേഷനിലും ഐസിയുവിലും ജോലി ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും മറ്റുള്ളവരും എക്സോസ്റ്റഡ് ആവാൻ സാധ്യതയുണ്ട്. അവർക്ക് ശക്തമായ പിന്തുണ നൽകണം. ജോലിസമയം ഷിഫ്റ്റ് അടുപ്പിച്ച് നാലു മണിക്കൂറിൽ കൂടുതൽ ഉണ്ടാവുന്നത് നല്ലതല്ല. നാലു മണിക്കൂറിൽ കൂടുതൽ N 95 മാസ്ക് തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കില്ല. ആരോഗ്യപ്രവർത്തകർ ഈ മാസ്ക് റീ യൂസ് ചെയ്യാൻ പാടില്ല. അത് കൂടുതൽ അപകടകരമാണ്.

ഇങ്ങനെ ജോലി ചെയ്യുന്നവരെ സമൂഹം രോഗ ഭീതിയാൽ അകറ്റിനിർത്തുന്നു എന്ന ഒരു പ്രശ്നമുണ്ട്. ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഈ സമൂഹത്തിനു വേണ്ടി രോഗത്തെ പ്രതിരോധിക്കുന്നവരാണ് അവർ. തിരിച്ചറിഞ്ഞ് പരമാവധി പിന്തുണ കൊടുക്കുകയാണ് വേണ്ടത്.

ഒരു പ്ലാൻ ബി കൂടി നമ്മൾ കരുതേണ്ടതുണ്ട്. പകർച്ചവ്യാധികളിൽ 100% പ്രതിരോധം എന്നത് ചിലപ്പോൾ പ്രാവർത്തികമാക്കണം എന്നില്ല. ധാരാളം ഘട്ടങ്ങളിൽ ചെറിയ ചെറിയ ലൂപ് ഹോൾസ് വരാൻ സാധ്യതയുണ്ട്. ഓരോ തവണയും പഴുതടച്ച് മുന്നേറുക എന്നതാണ് ചെയ്യേണ്ടത്. ഏതെങ്കിലും സാഹചര്യവശാൽ മറ്റു രാജ്യങ്ങളിൽ ഉണ്ടായതുപോലെ വ്യാപകമായി പടർന്നു പിടിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യം ഇപ്പോൾ അഡ്രസ്സ് ചെയ്യണം. 10% ഐസിയു അഡ്മിഷനും 1% മരണനിരക്കും ഏറ്റവും കുറഞ്ഞത് നമ്മൾ പ്രതീക്ഷിക്കണം. നിലവിലെ കണക്കനുസരിച്ച് ആഗോളവ്യാപകമായി മരണനിരക്ക് മൂന്നിൽ കൂടുതലാണ്. മെഡിക്കൽ കോളജുകളിൽ തന്നെ ചികിത്സ എന്ന കാഴ്ചപ്പാട് മാറണം. ജില്ലാ അടിസ്ഥാനത്തിൽ സൗകര്യമുള്ള ആശുപത്രികൾ കണ്ടെത്തണം. സർക്കാർ-സ്വകാര്യ ആശുപത്രികളെ ഒരുപോലെ പരിഗണിക്കണം. ഏതെങ്കിലും സാഹചര്യവശാൽ കൂടുതൽ അസുഖങ്ങൾ ഉണ്ടായ ശേഷം ഇത് ചെയ്യുന്നതിൽ അർത്ഥമില്ല. നിലവിലുള്ള സ്റ്റാഫ് സ്ട്രെങ്ത് മതിയോ എന്നുള്ള കാര്യം കൂടി ചിന്തിക്കണം. പോരായ്മ ഉണ്ടെങ്കിൽ താല്പര്യമുള്ളവരുടെ യോഗ്യത പരിശോധിച്ച് ട്രെയിനിങ്ങുകൾ നൽകാൻ ആരംഭിക്കണം.

ലോകാരോഗ്യ സംഘടനയുടെ അറിയിപ്പുകൾ ജനങ്ങളിൽ കൃത്യമായി എത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നടപടികൾ ജനങ്ങളിൽ കൃത്യമായി എത്തണം. ജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ട് വിശ്വാസത്തിലെടുത്തു കൊണ്ട് ശക്തമായ പ്രതിരോധം തീർക്കണം. അതിനായി കേരളത്തിൽ ഇപ്പോൾ നടക്കുന്നതു പോലെ ആരോഗ്യമന്ത്രിയോ, മുഖ്യമന്ത്രിയോ, ആരോഗ്യവകുപ്പ് മേധാവിയോ നയിക്കുന്ന പത്രസമ്മേളനങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാവണം. അത് ജനങ്ങൾക്ക് നൽകുന്ന കോൺഫിഡൻസ് ചെറുതല്ല.

എല്ലാദിവസവും കൊറോണ വൈറസ് ബാധിതരുടെ കണക്കുകൾ പുറത്തുവിടരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതായി വാർത്തയിൽ കണ്ടു. തികച്ചും അശാസ്ത്രീയമായ നടപടിയാണിത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു. വിവരങ്ങൾ പുറത്തുപറയരുത്, പാനിക് ആകും എന്നുപറയുന്നത് യോജിക്കാൻ സാധിക്കാത്ത അവകാശവാദമാണ്. കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തണമെന്ന് ലോകാരോഗ്യസംഘടന പറയുമ്പോഴാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇങ്ങനെ പറയുന്നത്. ഗോമൂത്രവും ചാണകവും കൊറോണയെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണ ഉള്ള രാജ്യത്താണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇങ്ങനെ പറയുന്നത്.

ഈ വൈറസിനെ പ്രതിരോധിക്കാൻ ഏതെങ്കിലും ഒരു പ്രത്യേക മരുന്നോ വാക്സിനോ ഒരു ചികിത്സാ രീതിയിലും കണ്ടുപിടിച്ചിട്ടില്ല എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ എന്തെങ്കിലും അവകാശവാദങ്ങൾ ആരെങ്കിലും ഉന്നയിച്ചാൽ അത് തള്ളിക്കളയണം. പ്രതിരോധ മരുന്ന് എന്ന വിശ്വാസത്തിൽ എന്തെങ്കിലും കഴിച്ച്, ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാരുന്നാൽ ഉണ്ടാക്കുന്ന വിപത്ത് ചെറുതല്ല. കാര്യമായ ജാഗ്രത പുലർത്താത്ത ആൾക്കാരാണ് നമ്മൾ എന്നത് മറക്കരുത്. ജാഗ്രതയെ കുറിച്ച് പറയുമ്പോൾ കൊറോണ കേസ് വന്ന കാലത്ത് പൊങ്കാല നടത്തിയവരാണ് നമ്മൾ എന്നത് പെട്ടെന്ന് മറക്കരുത്.

അതുപോലെ പോലെ കൊറോണ രോഗത്തിന് ചികിത്സയും മരുന്നും ഇല്ല എന്നൊരു തെറ്റിദ്ധാരണയും ഉണ്ട്. നിപ്പ കാലത്തും ഇതുപോലെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാൻ പങ്കെടുത്ത ഒരു ചാനൽ ചർച്ചയിൽ ഒരു എംഎൽഎ അങ്ങനെ പറഞ്ഞിരുന്നു. നിപ്പ ബാധിച്ചവർ രക്ഷപ്പെട്ട സ്ഥലമാണ് കേരളം. മികച്ച ചികിത്സയിലൂടെയും ആവശ്യമായ മരുന്നുകൾ നൽകി. അതിലൂടെയാണ് അവർ രക്ഷപ്പെട്ടത്. കൊറോയയും അങ്ങനെ തന്നെ, ചികിത്സയുണ്ട് മരുന്നുമുണ്ട്. അങ്ങനെയാണ് ലോകത്തിൽ എഴുപതിനായിരത്തിൽ കൂടുതൽ പേർ രോഗമുക്തി നേടിയത്.

കഴിഞ്ഞദിവസം ഉണ്ടായ ഒരു സംഭവം നമുക്ക് എല്ലാവർക്കും ഒരു പാഠമാണ്. ചെറിയ രസകരമായ ഒരു സംഭവം.

കോവിഡ് 19 സംബന്ധമായ ഒരു ചോദ്യം ലിവർപൂൾ മാനേജർ യുർഗൻ ക്ലോപ്പിനോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി നമ്മൾ കേട്ടിരിക്കേണ്ടതാണ്. മാധ്യമപ്രവർത്തകർ കേട്ടിരിക്കേണ്ടതാണ്. സാമൂഹ്യ മാധ്യമങ്ങളിലെ സെലിബ്രിറ്റികളും.

“ഇത്രയും ഗുരുതരമായ ഒരു വിഷയത്തിൽ, നമ്മുടെ നിലനില്പ് തന്നെ ഭീഷണിയായ ഒരു വിഷയത്തിൽ ഒരു ഫുട്ബോൾ ടീം മാനേജറായ എന്നോട് ഈ ചോദ്യം എന്തിന് ചോദിക്കുന്നു എന്ന് മനസ്സിലാവുന്നില്ല. ഞാൻ ഒരു ഫുട്ബോൾ മാനേജർ മാത്രമാണ്‌. ഈ അസുഖത്തെ കുറിച്ച് ആധികാരികമായി പറയാൻ ഞാനാളല്ല. ഈ വിഷയത്തിൽ ശാസ്ത്രീയമായി അഭിപ്രായം പറയാൻ സാധിക്കുന്നവർ നാട്ടിലുണ്ട്. അവരോടു ചോദിക്കണം”

മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും കേട്ടിരിക്കേണ്ട വാചകങ്ങളാണ്.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ