· 5 മിനിറ്റ് വായന

കോവിഡ് കാലത്തെ പ്രേമേഹം

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
പതിനാറു വയസുള്ള അശ്വതി. നാലു കൊല്ലമായി പ്രമേഹം കണ്ടെത്തിയിട്ട്. രണ്ടു നേരം ഇൻസുലിൻ എടുക്കുന്നു. അമ്മ വീട്ടുജോലിക്ക് പോയാണ് വീട്ടിലെ ചെലവ് നടക്കുന്നത്. കോവിഡ് വന്നതോടെ അമ്മയുടെ ജോലി പോയി. വീട്ടിൽ കാര്യങ്ങൾ ബുദ്ധിമുട്ടിലായി. ഇൻസുലിൻ വാങ്ങാൻ കഴിഞ്ഞില്ല. പൈസയില്ലാത്തപ്പോൾ ആശ്രയിച്ചിരുന്ന സർക്കാർ ആശുപത്രിയിൽ എത്താൻ വാഹനസൗകര്യവും ഉണ്ടായില്ല. തത്കാലം ഇൻസുലിൻ നിർത്തി വെച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അശ്വതി ഛർദ്ദിക്കാൻ തുടങ്ങി. നിൽക്കാത്ത ഛർദ്ദി. ഒന്നും കഴിക്കാൻ പറ്റാതായി. വൈകുന്നേരം ആയപ്പോഴേക്കും തളർന്നു. ബോധം മറഞ്ഞു തുടങ്ങി. ഒരു വല്ലാത്ത ശ്വാസഗതി. അയൽവീട്ടുകാരുടെ സഹായത്തിൽ മെഡിക്കൽ കോളേജിൽ എത്തിച്ചു. മൂന്നു ദിവസം ഐ സി യു വിൽ ചികിൽസിച്ച ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്.
ഈ അവസ്ഥയെ ഡയബറ്റിക് കീറ്റോ അസിഡോസിസ് (ഡി കെ എ ) എന്ന് വിളിക്കുന്നു. ഇത്ര ചെറിയ പ്രായത്തിൽ പ്രമേഹം വന്നതും അതിനു വേണ്ടി ചികിത്സയായി ഇൻസുലിൻ കൊടുക്കേണ്ടി വന്നതും ശ്രീജക്ക് ടൈപ്പ് ഒന്ന് പ്രമേഹം ആയിരുന്നു എന്ന് സൂചിപ്പിക്കുന്നു. ടൈപ്പ് ഒന്ന് പ്രമേഹത്തിൽ ശരീരത്തിൽ ഇൻസുലിൻ ഒട്ടും ഉൽപ്പാദിപ്പിക്കാതെ ഇരിക്കുകയും ജീവൻ നില നിർത്താൻ പുറത്തു നിന്ന് ഇൻസുലിൻ കൊടുത്തേ മതിയാകൂ എന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു. ഇവർക്ക് കുറച്ചു ഡോസ് ഇൻസുലിൻ കിട്ടാതിരുന്നാൽ ഉണ്ടാകാവുന്ന മാരകമായ അവസ്ഥയാണ് ആശ്വാതിക്കുണ്ടായ ഡി കെ എ.
കോവിഡ് ഉണ്ടാക്കിയ സാമൂഹിക സാമ്പത്തിക പ്രതിസന്ധികൾ കാരണം പരിശോധനയും ചികിത്സയും മുടങ്ങി പല തരം സങ്കീർണതകളിലേക്ക് വഴുതി വീണ പ്രമേഹരോഗികൾ നിരവധിയാണ്.
അമൽ, 38 വയസ്സ്. ഒരു കമ്പനിയിൽ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നുള്ള ജോലി. രാവിലെ എഴുന്നേറ്റ് കൂട്ടുകാരോടൊത്തു ടർഫ് മൈതാനത്ത് ഫുട്ബോൾ കളിക്കും. അതു കഴിഞ്ഞു ഓഫീസിൽ പോകും. കോവിഡ് വന്ന ശേഷം ടർഫ് പൂട്ടി. ജോലി വീട്ടിൽ വെച്ചായി. സാധാരണ ചെയ്യുന്നതിനേക്കാൾ സമയം വീട്ടിൽ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കും. ബാക്കി സമയം ആമസോണും നെറ്റ്ഫ്ളിക്സും. കുറേ കാലത്തിനു ശേഷം പുറത്തിറങ്ങാൻ നോക്കുമ്പോൾ പാന്റുകൾ ഒന്നും പാകമാകുന്നില്ല. എല്ലാം അരയിലേക്ക് കയറുന്നില്ല. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി രക്തം ടെസ്റ്റ്‌ ചെയ്തപ്പോൾ ഷുഗറും കോളസ്റ്ററോളുമെല്ലാം കൂടുതൽ.
കോവിഡ് ജീവിത ശൈലിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. കളിസ്ഥലങ്ങൾ, ജിമ്മുകൾ, നീന്തൽ കുളങ്ങൾ തുടങ്ങിയവ ഇല്ലാതായി. വ്യായാമം മുടങ്ങി. പലരുടേയും ജോലികൾ മുറികളിലേക്കൊതുങ്ങി. കായികാധ്വാനം വേണ്ട പല ജോലികളും ഇല്ലാതായി. ഇതെല്ലാം ആളുകളിൽ ശരീരഭാരം വർദ്ധിക്കാനും ജീവിതശൈലീ രോഗങ്ങൾക്ക് അടിമകളാകാനുമുള്ള അവസരം ഒരുക്കി. ഒരാൾക്ക് പ്രമേഹം ഉണ്ടാകാൻ ഉള്ള സാധ്യത തീരുമാനിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് അയാളുടെ വർദ്ധിച്ചു വരുന്ന അരവണ്ണം. അമിത വണ്ണം, പ്രമേഹം, അമിത കൊളെസ്ട്രോൾ, രക്‌താദിസമ്മർദ്ദം, കൂടിയ യൂറിക് ആസിഡ് ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്നങ്ങൾ ആണ്. അനാരോഗ്യകരമായ ഭക്ഷണം, വ്യായാമം ഇല്ലായ്മ എന്നിവ ഇവക്ക് പ്രോത്സാഹകമാകുന്ന ഏറ്റവും വലിയ ഘടകങ്ങളും.
ഓഹരിയായി കിട്ടിയ ഒരു വലിയ പറമ്പിൽ നാലു വീടുകളിലായി താമസിക്കുന്ന നാലു സഹോദരന്മാർ. നാലു വീടുകളിൽ ആണെങ്കിലും ജീവിതം ഒരു കുടുംബം പോലെ. എപ്പോഴും പോക്കും വരവും ഒന്നിച്ചു ഭക്ഷണം കഴിക്കലും ഒക്കെ ആയി. കുടുംബത്തിലെ ഓരോരുത്തർക്കായി പനിയും ചെറിയ ചുമയും തുടങ്ങി. പ്രധാനമായും കുട്ടികളിൽ. പരിശോധന നടത്തിയവരിൽ ഏല്ലാം കോവിഡ് ടെസ്റ്റ് പോസിറ്റീവ്. കുറച്ചു ദിവസങ്ങളിൽ ഏറ്റവും മൂത്ത സഹോദരന് പനിയും ചുമയും തുടങ്ങി. അദ്ദേഹത്തിന് പ്രമേഹം, ഹൃദ്രോഗം കൂടാതെ നേരത്തെ പക്ഷഘാതവും ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിവസം മരപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. 108 കിലോ ഭാരം, നിയന്ത്രണമില്ലാത്ത പ്രമേഹം. രണ്ടു ദിവസം കൊണ്ട് ഇദ്ദേഹവും വെന്റിലേറ്ററിൽ ആയി. ഒരാഴ്ചകൊണ്ട് ആ കുടുംബത്തിന് രണ്ടു പേരെ നഷ്ടപ്പെട്ടു.
നിരവധി പേർക്ക് ഒന്നിച്ച് അണുബാധ ഉണ്ടാകുമ്പോഴും ചിലരെ തേടിപ്പിടിച്ച് കീഴ്പ്പെടുത്താൻ കോവിഡിന് കഴിവുണ്ട്. ഇങ്ങനെ തേടിപ്പിടിക്കുന്ന കൂട്ടരിൽ പ്രമേഹം ഉള്ളവരും അമിതവണ്ണം ഉള്ളവരും ആണ് ഏറ്റവും കൂടുതൽ. കോവിഡ് വരാനുള്ള സാധ്യത പ്രമേഹം ഉള്ളവരിലും ഇല്ലാത്തവരിലും ഒരേ പോലെ ആണെങ്കിലും കോവിഡ് വന്ന് കഴിഞ്ഞാൽ ഗുരുതരമാകാനുള്ള സാധ്യത പ്രമേഹാരോഗികളിൽ എത്രയോ മടങ്ങ് കൂടുതലാണ്. ലോകത്താകമാനം കോവിഡ് കാരണം മരിച്ച ആളുകളിൽ നല്ലൊരു ശതമാനം പ്രമേഹരോഗികൾ ആണെന്ന് കാണാൻ കഴിയും. പ്രമേഹരോഗികളിലെ രോഗപ്രതിരോധ അവസ്ഥകളിൽ സ്ഥായി ആയി കാണപ്പെടുന്ന വ്യത്യാസങ്ങൾ ആണ് ഒന്നാമത്തെ കാരണം. രണ്ടാമത്തെ കാരണം രക്തം കട്ട പിടിച്ചു പല പ്രധാന അവയവങ്ങളിലേക്കും രക്തപ്രവാഹം നിലപ്പിക്കാൻ ഉള്ള പ്രമേഹത്തിന്റെ കഴിവ്. ഇതേ പാതാകളിലൂടെയാണ് കോവിഡും അപകടം വരുത്തുന്നതെന്ന് കാണാൻ കഴിയും. നിയന്ത്രിതമായ പ്രമേഹം ഉള്ള ആൾക്ക് അനിയന്ത്രിതമായ പ്രമേഹമുള്ള ആളെക്കാൾ അപകടസാധ്യത വളരെ കുറവാണെന്നത് നമ്മൾ പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നതിൽ എത്ര മാത്രം ശ്രദ്ധിക്കണം എന്നത് അടിവരയിടുന്നു.
74 വയസ്സുള്ള ഒരു മുൻ അധ്യാപകൻ. പ്രമേഹരോഗി, പത്തു വർഷം മുൻപ് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായി. പരിശോധനകളും ചികിത്സകളും കൃത്യമായി നടത്താറുണ്ട്. ഇപ്പോൾ കോവിഡ് ന്യൂമോണിയ വന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. അഡ്മിറ്റ്‌ ആയതിനു ശേഷം ഷുഗറിന്റെ അളവ് ക്രമതീതമായി വർധിച്ചു. നേരത്തേ കഴിച്ച ഗുളികകൾ മാറ്റി ഇൻസുലിൻ ഇൻജക്ഷൻ ആക്കിയിട്ടും ഷുഗർ കൂടി നിൽക്കുന്നത് മാഷിന് വലിയ മനപ്രയാസം ഉണ്ടാക്കുന്നു.
പ്രമേഹരോഗം കോവിഡ് രോഗത്തെ പരിപോഷിപ്പിക്കും പോലെ തന്നെ കോവിഡ് വൈറസ് തിരിച്ചു പ്രമേഹത്തെയും പരിപോഷിപ്പിക്കുന്നു. നേരത്തെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പ്രമേഹം കോവിഡ് വന്ന ശേഷം നിയന്ത്രണം ഇല്ലാതെ പിടി വിട്ടു പോകുന്നത് നിത്യ കാഴ്ചയാണ്.
കോവിഡ് 19 ഉണ്ടാക്കുന്ന സാർസ് കൊറോണ വൈറസ് 2 എന്ന വൈറസിന് ശരീരത്തിലെ പല അവയവങ്ങളെയും നേരിട്ട് ആക്രമിക്കാനുള്ള കഴിവുണ്ട്. അതിൽ ഏറ്റവും സാധാരണം ശ്വാസകോശവും ഹൃദയവുമൊക്കെ ആണെങ്കിലും ശരീരത്തിലെ ഇൻസുലിൻ നിർമാണ ഫാക്ടറിയായ പാൻക്രിയാസ് ഗ്രന്ധിയും വൈറസിന്റെ ആക്രമണത്തിന് വിധേയമാകുന്ന അവയവങ്ങളിൽ പെടുന്നു. വിവിധ കോശങ്ങളിലേക്ക് വൈറസിന്റെ പ്രവേശനം സാധ്യമാക്കുന്ന ജാലകങ്ങളായ ഏയ്സ് രണ്ട് റിസപ്റ്ററുകളുടെ സാന്നിധ്യം ആണ് ഇതു സാധ്യമാക്കുന്നത്. പാൻക്രിയാസിൽ ഉണ്ടാക്കുന്ന കേടുപാടുകൾ ഇൻസുലിൻ നിർമ്മാണത്തെ ബാധിക്കുകയും ഇൻസുലിന്റെ അളവ് ശരീരത്തിൽ കുറയുകയും ചെയ്യുന്നു. ഇത് പ്രമേഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കലാശിക്കുന്നു. ഇത് കൂടാത ഗുരുതരമായ കോവിഡ് അണുബാധയിൽ രോഗപ്രതിരോധസംവിധാനങ്ങളിൽ ഉണ്ടാകുന്ന വലിയ വ്യതിയാനങ്ങൾ (സൈറ്റോകൈൻ സ്റ്റോമ്) രക്തത്തിലെ ഷുഗറിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകുന്നു . കോവിഡ് രോഗത്തിൽ ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ഇങ്ങനെ പലവിധ കാരണങ്ങളാൽ പ്രമേഹരോഗികൾക്ക് കോവിഡ് രോഗം ബാധിക്കുമ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതായി കാണുന്നു. കോവിഡിന്റെ ഗുരുതര ലക്ഷണങ്ങളുമായി ചികിൽസിക്കപ്പെടുന്ന പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ചികിത്സ വേണ്ടി വരും. പലർക്കും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം കുറച്ചു നാളെങ്കിലും ഇൻസുലിൻ തുടരേണ്ടതായും വരുന്നുണ്ട്.
നേരത്തെ പ്രമേഹമില്ലാത്ത ആളുകളിൽ പോലും കോവിഡ് ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യങ്ങളിൽ പ്രമേഹം പുതുതായി പ്രത്യക്ഷപ്പെടുന്നതായി നിരവധി നിരീക്ഷണങ്ങൾ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്.
നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?
ശരിയായ ജീവിതരീതിയിൽ മുറുകെ പിടിക്കുക എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനം. നമ്മുടെ ജീവിതം പല രീതിയിൽ മാറ്റിമറിക്കാൻ കെൽപ്പുള്ള കോവിഡ് വൈറസ് ചുറ്റും ഉണ്ടെങ്കിലും കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം ഈ രണ്ടു കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ ശ്രദ്ധിക്കുക. പ്രത്യേകിച്ചും നേരത്തെ ശാരീരിക അദ്ധ്വാനമുള്ള ജോലിയിൽ ഏർപ്പെട്ടിരുന്ന ആളുകൾ ഇപ്പോൾ അദ്ധ്വാനം കുറവാണെങ്കിൽ, നേരത്തേ കായിക വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നവർക്ക് ഇപ്പോൾ അതിനുള്ള സാധ്യത കുറവാണെങ്കിൽ അതിനുപകരം സ്വന്തം വീട്ടിലോ മുറിയിലോ വ്യായാമത്തിനു സ്ഥലവും സമയവും കണ്ടെത്താവുന്നതാണ്. ഭക്ഷണത്തിൽ ഷുഗറിന്റെ അളവ് വളരെ കൂടുതൽ ഉള്ള പലഹാരങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, ജങ്ക് ഫുഡ്‌ വിഭാഗത്തിൽ പെട്ടവ പാടെ ഒഴിവാക്കുകയും അന്നജം മിതപ്പെടുത്തുകയും ചെയ്യുക. പച്ചക്കറികൾ പഴങ്ങൾ, തൊലി കളയാത്ത ധാന്യം, മത്സ്യം പാലുൽപ്പന്നങ്ങൾ, പയറു വർഗ്ഗങ്ങൾ, മുട്ട തുടങ്ങിയ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുകയും ചെയ്യാം.
നേരത്തെ പ്രമേഹം ഉള്ള ആളുകൾ ആണെങ്കിൽ കൃത്യമായ കാലയളവിൽ രക്തം പരിശോധിക്കാനുള്ള മാർഗം കണ്ടെത്തണം. ഏറ്റവും നല്ലത് ഗ്ലൂക്കോമീറ്റർ വഴി വീട്ടിൽ നിന്നു തന്നെ പരിശോധിക്കുന്നതാണ്. അതിന് സൗകര്യം ഇല്ലാത്തവർക്ക് തൊട്ടടുത്ത പരിശോധനാ സംവിധാനങ്ങൾ സാമൂഹ്യ അകലം പാലിച്ചു കൊണ്ടും മാസ്ക് ധരിച്ചു കൊണ്ടും ഉപയോഗിക്കാം.
പ്രമേഹത്തിന് മരുന്നു കഴിക്കുന്നവർ ആണെങ്കിൽ ഒരു കാരണവശാലും കോവിഡ് കാലഘട്ടത്തിൽ മരുന്നുകൾ മുടക്കരുത്. പ്രത്യേകിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാത്ത രോഗികൾ ഫോൺ വഴിയോ വാട്സ്ആപ്പ് വഴിയോ ഉള്ള ചികിത്സകൾ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. തങ്ങളുടെ പരിശോധനാ ഫലം ഡോക്ടറെ ഫോൺ വഴി അറിയിച്ച് ചികിത്സ സ്വീകരിക്കാവുന്നതാണ്.
പ്രമേഹത്തെ സംബന്ധിച്ചെടുത്തോളം ശാരീരിക ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് ആണ് മാനസിക ആരോഗ്യവും. കോവിഡ് കാരണം ഉടലെടുത്ത ഒറ്റപ്പെടലുകളും സാമ്പത്തിക പരാധീനതകളും ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും നമ്മുടെ മാനസിക ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നതായി കാണുന്നുണ്ട്. ഇത് പ്രമേഹത്തെയും വളരെ പ്രതികൂലമായി ബാധിക്കും. ഇതൊഴിവാക്കാനായി കഴിയാവുന്ന എല്ലാ മാർഗ്ഗങ്ങളും തേടേണ്ടതാണ്. ഫോൺ സംഭാഷണം വഴിയും വീഡിയോ കോളുകൾ വഴിയും ഉള്ള സൗഹൃദം, കൂട്ടായ്മ, വീട്ടിൽ പച്ചക്കറികൃഷി പോലെയുള്ള ചെറിയ ചെറിയ ജോലികളിൽ ഏർപ്പെടൽ, പേരക്കുട്ടികളോടൊപ്പം സമയം ചെലവഴിക്കൽ, വായന, പാട്ടു കേൾക്കൽ , ശ്വസന വ്യായാമങ്ങൾ, യോഗ തുടങ്ങിയവയൊക്കെ അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളിൽ നിന്നും രക്ഷ തരുന്ന കാര്യങ്ങളാണ്.
പലപ്പോഴും ചർച്ചകളും വായനകളും എല്ലാം കോവിഡിൽ മാത്രം ഒതുങ്ങുമ്പോൾ നമ്മൾ മറന്നു പോകുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ ജീവിതശൈലി രോഗങ്ങൾ. എന്നാൽ ഇതേ ജീവിതശൈലിരോഗങ്ങൾകോവിഡ് പോലെ ഉള്ള അണുബാധകൾക്ക് എത്രത്തോളം സഹായകമാകുന്നുണ്ട് എന്നുള്ളത് പലപ്പോഴും അവഗണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ജീവിത ശൈലീ രോഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുകയും അവ നിയന്ത്രിച്ചു നിർത്താനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കുകയും ചെയ്യേണ്ടതും ഒരു പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ തുല്യ പ്രാധാന്യമർഹിക്കുന്നു. മാസ്കും സാനിറ്റൈസറും ശാരീരിക അകലവും തൊട്ടടുത്ത ദിനങ്ങളിൽ വരാൻ പോകുന്ന അണുബാധകളിൽ നിന്ന് നമ്മെ രക്ഷിക്കുമെങ്കിൽ ആരോഗ്യകരമായ ജീവിത രീതി ഭാവിയിൽ വരാൻ പോകുന്ന അണുബാധകളിൽ നിന്നും മറ്റു രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും
ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ