· 2 മിനിറ്റ് വായന
കോവിഡിന് മീതെ ഡ്രോണും പറക്കില്ല
ഡ്രോൺ ഉപയോഗിച്ച് അണുനാശിനി തളിച്ച് കോവിഡിനെ തടയാൻ ശ്രമിക്കുന്ന വാർത്തകളാണ് തൃശ്ശൂർ നഗരസഭയിൽ നിന്നും കേൾക്കുന്നത്. ഇത് ശാസ്ത്രീയമായ രീതിയല്ല.
വൈറസ് ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങൾ മറ്റൊരാളുടെ ശരീരത്തിൽ എത്തുമ്പോഴാണ് കോവിഡ് പകരുന്നത്. അത് തടയാൻ വേണ്ടിയാണ് മാസ്ക് ഉപയോഗിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന കണങ്ങൾ ഒരു പ്രതലത്തിൽ പറ്റിപ്പിടിച്ചിരുന്ന്, അതിൽ കൈകൊണ്ട് സ്പർശിച്ച ശേഷം മുഖത്ത് (അതായത് വായിലോ മൂക്കിലോ ഒക്കെ) സ്പർശിച്ചാലും കോവിഡ് പകരാം. പക്ഷേ താരതമ്യേന സാധ്യത കുറഞ്ഞ ഒരു മാർഗമാണ് ഇത് എന്ന് മാത്രം. ഇത്തരത്തിലുള്ള പകർച്ച തടയാൻ വേണ്ടിയാണ് കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകിയോ സാനിറ്റൈസർ ഉപയോഗിച്ചോ ശുചിയാക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്.
ജീവനുള്ള ശരീരത്തിൽ ആണ് വൈറസ് പെരുകുന്നത്. അചേതന വസ്തുക്കളിൽ കോവിഡ് വൈറസിന് അധികകാലം അതിജീവിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കളിൽ നിന്നുള്ള വ്യാപനം താരതമ്യേന വളരെ കുറവുമായിരിക്കും.
ആൽക്കഹോൾ അടങ്ങിയ അണുനാശിനിയോ, ക്ലോറിൻ അടങ്ങിയ ലായനിയോ പൊതുസ്ഥലങ്ങളിൽ തളിക്കുന്നത് കൊണ്ട് മനുഷ്യ ശരീരത്തിൽ പ്രവേശിച്ച വൈറസുകളെ നശിപ്പിക്കാനാവില്ല. അതായത് രോഗം പകർത്തുന്ന അവസ്ഥയിലുള്ള ഒരാൾ വീണ്ടും രോഗം പകർത്തുന്നത് തടയാൻ ഈ പ്രക്രിയ കൊണ്ട് ആവില്ല.
അണുനാശിനിയും അണുവിമുക്തമാക്കേണ്ട വസ്തുക്കളും തമ്മിൽ ഒരു നിശ്ചിത സമ്പർക്ക സമയം (contact time) ഉണ്ടാകേണ്ടത് നിർബന്ധമാണ്. ഡ്രോൺ ഉപയോഗിച്ച് നടത്തുന്ന അണു നശീകരണത്തിൽ ഇത് എത്രമാത്രം ഫലപ്രദമാകും എന്നതിൽ സംശയമുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം മനുഷ്യരുടെ മേൽ അണുനാശിനി തളിയ്ക്കാൻ പാടില്ല എന്നതാണ്. ഇതു അശാസ്ത്രീയവും, ഗുണകരമല്ലാത്തതും, അപകടകരവുമാണ്. നിലവിൽ ലോക്ക്ഡൗൺ ആണ്, മനുഷ്യരുടെ പുറത്ത് വീഴാൻ സാധ്യത കുറവാണ് എങ്കിൽ പോലും ഈ കാര്യം വിസ്മരിക്കാൻ പാടില്ല.
സാധാരണയായി ഉപയോഗിക്കുന്ന അണുനാശിനി ‘ബ്ലീച്ച്’ എന്നറിയപ്പെടുന്ന സോഡിയം ഹൈപ്പോക്ലോറൈറ്റ് ആണ്. മറ്റൊന്ന് ഹൈഡ്രജൻ പെറോക്സൈഡ്.
ചർമ്മം, ശ്ലേഷ്മസ്തരം, ലോഹ പ്രതലങ്ങൾ, വസ്ത്രങ്ങൾ എന്നിവയുമായി സമ്പർക്കത്തിൽ വന്നാൽ അവയെ ദ്രവിപ്പിക്കുവാൻ കഴിവുള്ള രാസവസ്തുക്കളാണ് ഇവ. ചർമ്മത്തിൽ ചൊറിച്ചിൽ, അലർജി, കൂടാതെ വീര്യം കൂടിയ ലായനിയാണെങ്കിൽ പൊള്ളൽ പോലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കണ്ണിൽ പുകച്ചിലും അലർജിയും, കൂടിയ കോൺസെൻട്രേഷനിൽ ഉപയോഗിക്കുന്ന പക്ഷം കണ്ണിന്റെ കോർണിയക്കു ക്ഷതവും ഉണ്ടാകാനിടയുണ്ട്. ഇവ ശ്വസിക്കുന്നത് മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിലെ ശ്ലേഷ്മ ചർമ്മത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കാം. ലായനിയുടെ ഗാഡത കൂടിയാൽ പ്രത്യാഘാതങ്ങളുടെ തീവ്രതയും കൂടാം.
കൂടാതെ, പൊതുസ്ഥലങ്ങളിൽ അണുനാശിനി തളിക്കുന്നത് ഒരു തെറ്റായ സുരക്ഷിതത്വ ബോധം ജനങ്ങളിൽ ഉണ്ടാക്കിയേക്കാം. മറ്റു പ്രതിരോധ മാർഗങ്ങളുടെ പ്രയോജനം ചെറുതായി കണ്ട്, അവ പാലിക്കാതിരിക്കാനുള്ള സാഹചര്യം സംജാതമാക്കിയേക്കാം.
മുൻപൊരിക്കൽ പലസ്ഥലങ്ങളിലും വ്യാപകമായി നിർമ്മിച്ചിരുന്ന ഒന്നായിരുന്നു അണുനാശിനി ടണൽ. അത് അശാസ്ത്രീയവും പ്രയോജന രഹിതവും മനുഷ്യത്വരഹിതവും ആണെന്ന് മനസ്സിലാക്കിയപ്പോൾ എല്ലാവരും അതിൽ നിന്ന് പിൻവാങ്ങിയത് നമ്മൾ കണ്ടതാണ്. മനുഷ്യരുടെമേൽ അണുനാശിനി തളിക്കുന്ന ടണൽ അശാസ്ത്രീയമാണെന്നും അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി തന്നെ പത്രസമ്മേളനത്തിൽ അറിയിച്ചത് നമ്മൾ കേട്ടതാണ്.
അവലോകനം ചെയ്താൽ ഡ്രോൺ ഉപയോഗിച്ച് അണുനാശിനി തെളിയിക്കുന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല. യുക്തിപരമായും ഇതൊരു തെറ്റാണ്. ഒരു പ്രദേശത്ത് അല്പം ലായനി സ്പ്രേ ചെയ്തത് കൊണ്ട് വൈറസ് നശിക്കാനുള്ള സാധ്യത എത്രത്തോളമുണ്ട് എന്നത് ഒരു ചോദ്യമാണ്. രോഗാണുക്കൾ ഉള്ള വസ്ത്രം കുറഞ്ഞത് 30 മിനിറ്റ് എങ്കിലും ഹൈപ്പോക്ലോറൈറ്റ് ലായനിയിൽ മുക്കി വെച്ച് വേണം അണുവിമുക്തമാക്കാൻ എന്നോർക്കണം. നിശ്ചിത ഗാഡത ലായനിക്ക് ഇല്ലെങ്കിൽ ഉദ്ദേശിച്ച ഫലം ഇല്ല. ഒരാളുടെ മൂക്കിലോ, ശ്വാസ നാളത്തിലോ ഉള്ള രോഗാണുക്കൾ ഡ്രോൺ ഉപയോഗിച്ച് അണുനാശിനി തളിക്കുന്നത് കൊണ്ട് നശിക്കില്ല, വസ്ത്രങ്ങളിലോ ശരീരത്തിലോ ഉള്ളവ മറ്റൊരാൾ തൊടാതെ അവരുടെ കയ്യിൽ എത്തില്ല. നിലവിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ മാസ്ക് ഉപയോഗിക്കുകയും, രണ്ട് മീറ്ററിന് മുകളിൽ ശാരീരിക അകലം പാലിക്കുകയും, കൈകൾ ശുചിയാക്കി വയ്ക്കുകയും തന്നെയാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രതിരോധമാർഗങ്ങൾ.
വളരെ പരിമിതമായ വിഭവശേഷി ഇത്തരം കാര്യങ്ങൾക്ക് വേണ്ടി പാഴാക്കി കളയരുത്. സദുദ്ദേശത്തോടെ ആരംഭിച്ച പ്രവർത്തി ആണെങ്കിലും അശാസ്ത്രീയമായ കാര്യങ്ങൾ തുടരുന്നതു കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങളിൽ നിന്ന് പിൻവാങ്ങി സാമൂഹ്യ സുരക്ഷ ഉറപ്പാക്കി കൊണ്ട്, ശാസ്ത്രീയമായ പ്രതിരോധമാർഗങ്ങൾ തുടരാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്.