· 5 മിനിറ്റ് വായന

കോവിഡും ഫംഗൽ അണുബാധകളും

കോവിഡ്-19
മരത്തടികൾ തിന്നുതീർക്കുന്ന ചിതലുകളെ നമ്മൾ കണ്ടിട്ടുണ്ട്. സാവധാനത്തിൽ ഒരിടത്തുനിന്നും തുടങ്ങി ക്രമേണ വലിയ മരത്തടികൾ വരെ ചിതൽ കൂട്ടായ്മയിൽ നാമാവശേഷം ആവാറുണ്ട്. അത്തരത്തിലാണ് ചില ഫംഗസ് അഥവാ പൂപ്പൽ രോഗങ്ങളും. നനവുള്ള തടി, മണ്ണ്, ജൈവമാലിന്യങ്ങൾ തുടങ്ങിയ നമ്മുടെ ചുറ്റുപാടുമുള്ള എല്ലായിടത്തും ഫംഗസ് ഉണ്ട്. ദിനംപ്രതി നമ്മൾ ശ്വസിക്കുന്ന വായുവിൽ ഫംഗസിന്റെ കണങ്ങൾ (സ്പോറുകൾ) ഇത്രകാലവും ഉണ്ടായിരുന്നു…ഇനിയും ഉണ്ടാവും.
താരതമ്യേന ലഘുവായ രോഗബാധ മുതൽ ജീവൻ അപഹരിക്കാൻ കഴിയുന്ന തരത്തിലുള്ള വലിയ രോഗബാധകൾ വരെ ഫംഗസ് മൂലം ഉണ്ടാവാം. എന്നാൽ ഇത്തരം ഫംഗസുകൾക്ക് ഒന്നും തന്നെ സാധാരണഗതിയിൽ മനുഷ്യരുടെ ശരീരത്തെ ആക്രമിക്കാനും നശിപ്പിക്കാനും കഴിയാറില്ല.
എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിലും അവസ്ഥകളിലും മാത്രമാണ് ഇവ മനുഷ്യനിൽ രോഗങ്ങൾ ഉണ്ടാക്കുന്നത്.
മ്യൂക്കർ മൈക്കോസിസ് (mucor mycosis),ആസ്പർജില്ലോസിസ്( aspergillosis) കാൻഡിഡിയാസിസ്‌ (candidiasis) തുടങ്ങിയവയാണ് പ്രധാനമായും കലകളിലും കോശങ്ങളിലും ആഴ്ന്നിറങ്ങുന്ന തരത്തിലുള്ള ഫങ്കൽ രോഗബാധയുണ്ടാക്കുന്നത്.
നിലവിൽ ഇന്ത്യയിൽ പലയിടത്തും ലോകത്തിൻറെ ചില ഭാഗങ്ങളിലും കോവിഡ് രോഗബാധക്ക് ശേഷം ഫംഗൽ രോഗബാധ വർദ്ധിക്കുന്നതായും അതു മൂലമുള്ള മരണം സംഭവിക്കുന്നതായും ധാരാളം വാർത്തകൾ നമ്മൾ കാണുന്നു.
*മ്യൂക്കർ മൈകോസിസ്*
പ്രധാനമായും റൈസോപ്പാസ് എന്ന റൊട്ടി പൂപ്പൽ വിഭാഗത്തിൽ ഉള്ള ഫംഗസ് ആണ്.
*ആരിലാണ് ഈ രോഗം ഉണ്ടാകുന്നത്?*
സ്വതവേ രോഗപ്രതിരോധശക്തി കുറഞ്ഞ അവസ്ഥയിൽ ഉള്ളവരെയാണ് ഈ രോഗം ബാധിക്കുന്നത്.
ഉദാഹരണത്തിന്
??പ്രമേഹം
??സ്റ്റിറോയ്ഡ് ചികിത്സയിൽ ഉള്ളവർ
??അവയവ സ്വീകർത്താക്കൾ
??മജ്ജ മാറ്റിവെക്കപ്പെട്ടവർ
?? ഡയാലിസിസ് രോഗികൾ
?? കീമോതെറാപ്പി ചെയ്യുന്നവർ
??ക്യാൻസർ രോഗികൾ
ഇത്തരത്തിലുള്ളവർ കോവിഡ് രോഗികൾ കൂടിയാവുമ്പോൾ രോഗപ്രതിരോധ സംവിധാനം താറുമാറാകുകയും ഫംഗൽ രോഗബാധയുടെ സാധ്യത വർധിക്കുകയും ചെയ്യുന്നു.
താരതമ്യേന രോഗപ്രതിരോധ സംവിധാനം മെച്ചപ്പെട്ടവരിൽ ഈ രോഗം അപൂർവമായെ ബാധിക്കുന്നുള്ളു എന്നു തന്നെ പറയാം
*രോഗലക്ഷണങ്ങൾ*
ശരീരത്തിലെ ഏത് ഭാഗത്തെയാണ് ഫംഗസ് രോഗം ബാധിക്കുന്നത് എന്നതിനനുസരിച്ച് ലക്ഷണങ്ങളും വ്യത്യാസപ്പെടും. മുഖത്തും തലയോട്ടിയിലും ഉള്ള സൈനസ്, ത്വക്ക്, ശ്വാസകോശം, ദഹന വ്യൂഹം എന്നിങ്ങനെ പല ഭാഗങ്ങളെയും ബാധിക്കാം .
എന്നാലും ഇപ്പോൾ കോവിഡ് രോഗികളിൽ കൂടുതലും സൈനസ്നെയും തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിക്കുന്ന മ്യൂക്കർ മൈക്കോസിസ് ആണ് കാണുന്നത് .
പ്രധാന ലക്ഷണങ്ങൾ
??അതിശക്തമായ തലവേദന
??മുഖം വേദന
??വിട്ടുമാറാത്ത പനി
??മുഖം ഒരു ഭാഗം മാത്രമായോ മൊത്തമായോ നീര് വെച്ചു വീങ്ങുക
?? കണ്ണ് വേദന
?? കാഴ്ചയ്ക്ക് മങ്ങൽ
?? കണ്ണിലെ കൃഷ്ണമണി ചലിപ്പിക്കാൻ പറ്റാതെ ആവുക.
?? കണ്ണ് പുറത്തേക്ക് തള്ളിവരുക.
??ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ ന്യൂമോണിയയുടെ തുപോലെയുള്ള ചുമ ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ.
?? തലച്ചോറിനെ ബാധിച്ചാൽ ഛർദ്ദി, തളർച്ച മുതലായ ലക്ഷണങ്ങൾ.
*എന്ത്കൊണ്ട് കോവിഡ് രോഗികൾ?*
കോവിഡ് ഉള്ള രോഗികൾക്ക് എല്ലാം മ്യൂക്കർ മൈക്കോസിസ് വരുന്നില്ല. എന്നാൽ മേൽപ്പറഞ്ഞ അപകട സാധ്യത കൂടുതലുള്ളവർ പ്രത്യേകിച്ച് പ്രമേഹം, ഡയാലിസിസ് രോഗികൾ ,അവയവ സ്വീകർത്താക്കൾ മുതലായവർ ഒക്കെ രോഗപ്രതിരോധശക്തി കുറഞ്ഞവരാണ്. അവർക്ക് കോവിഡ് വരുന്നതോടുകൂടി രോഗപ്രതിരോധശക്തി ഒന്നുകൂടി കുറഞ്ഞ അവസ്ഥയിൽ ആവുകയും മറ്റ് രോഗബാധകളുടെ സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. കോവിഡ് ചികിത്സക്ക് ജീവൻ രക്ഷാ ഔഷധമായി നല്കുന്ന സ്റ്റീറോയിഡ് മരുന്നുകൾ ചില പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും രോഗപ്രതിരോധശക്തി അപകടത്തിലാക്കുകയും ചെയ്യാം. സ്റ്റീറോയ്ഡ്
മരുന്നുകളുടെ ഉപയോഗം, പ്രമേഹം, കോവിഡ്-19 ഈ മൂന്നും ഉള്ള രോഗി മ്യൂക്കർ മൈക്കോസിസിനു ഏറ്റവും പറ്റിയ ഇരയാണ് എന്നതാണ് അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതിലൂടെ കോവിഡ് രോഗികളിൽ ഈ ഫംഗസ് വ്യാപിക്കുന്നു എന്നതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല.
*രോഗനിർണയം*
രോഗലക്ഷണങ്ങൾ ഉള്ള കോവിഡ്19 രോഗികൾ പ്രത്യേകിച്ചും അപകട സാധ്യത കൂടുതൽ ഉള്ളവർ ആണെങ്കിൽ എത്രയും വേഗം പരിശോധന നടത്തണം .എംആർഐ ഉൾപ്പെടെയുള്ള സ്കാൻ പരിശോധനകൾ, ബയോപ്സി മുതലായവ ചെയ്യാവുന്നതാണ്
*ചികിത്സ*
എത്രയും വേഗം രോഗനിർണയം നടത്തുകയും ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതാണ് പ്രധാനം. 40% മുതൽ 80% വരെ മരണ സാധ്യതയുള്ള രോഗം ആയതിനാൽ എളുപ്പത്തിൽ ഇടപെട്ടെ മതിയാവൂ .
??ആന്റിഫംഗൽ മരുന്നുകൾ കുത്തി വെപ്പായി കൊടുക്കുക.
??കലകളിലേക്ക് ഫംഗസ് ആഴ്ന്നിറങ്ങി കേടുപാട് വന്ന ഭാഗം സർജറി ചെയ്ത് നീക്കം ചെയ്യുന്നത് കൂടുതൽ ഫംഗൽ വ്യാപനം തടയാൻ തടയാൻ സഹായിക്കും
?? രക്തത്തിലെ പഞ്ചസാരയുടെ അളവ് അടിയന്തര പ്രാധാന്യത്തോടെ നിയന്ത്രിക്കുക
*ആസ്പർജില്ലോസിസ് (Aspergillosis)*
പണ്ട് രോഗ പ്രതിരോധ ശക്തി കുറഞ്ഞവരിൽ മാത്രം കാണുന്നു എന്ന് വിശ്വസിച്ചിരുന്ന ആസ്പർജില്ലസ് ഫംഗസ് നേരത്തെ വൈറസുകൾ അണുബാധ ഉണ്ടാക്കിയ ശ്വാസകോശത്തെ ആക്രമിക്കാമെന്നും (secondary infection) ശ്വാസകോശത്തിൽ ആണുബാധ (pulmonary aspergillosis) ഉണ്ടാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട് . ഇന്ന് ശ്വാസകോശത്തെ ബാധിക്കുന്ന ഏറ്റവും സാധാരണ വൈറസ് കോവിഡ് ആയതിനാൽ കോവിഡ് അനുബന്ധ അസ്‌പേർജില്ലോസിസ് എന്ന അവസ്‌ഥ (covid 19 associated pulmonary aspergillosis) കൂടുതലായി കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
ഏറ്റവും കൂടുതൽ അസ്‌പർജില്ലോസിസ് കാണുന്നത് ഗുരുതര സ്ഥിതിയിൽ ഐസി യു വിൽ അഡ്മിറ്റായ, വെന്റിലേറ്ററിൽ കിടന്ന കോവിഡ് രോഗികളിലാണ്. കോവിഡ് ന്യൂമോണിയ വന്ന രോഗികൾ ചികിത്സക്ക് പ്രതികരിക്കാതിരിക്കുമ്പോൾ, ശ്വാസകോശത്തിലെ തകരാറുകൾ അപ്രതീക്ഷിതമായി മോശമാകുമ്പോൾ ഡോക്ടർമാർ പരിഗണിക്കേണ്ട ഒരു അവസ്ഥയാണ് കോവിഡ് അനുബന്ധ ശ്വാസകോശ ആസ്‌പെർജില്ലോസിസ്. രോഗനിർണയവും ചികിത്സയും വളരെ ബുദ്ധിമുട്ട് ഉള്ള ഒരു ആണുബാധയാണിത്.
കാൻഡിഡിയാസിസ്
കോവിഡ് രോഗികളിൽ കാണപ്പെടുന്ന മറ്റൊരു പ്രധാന ഫങ്കസ് അണുബാധയാണ് കാൻഡിഡിയാസിസ്. സി ഡി സി റിപ്പോർട്ട്‌ പ്രകാരം കാൻഡിഡാ ഓറിസ് ആണ് കോവിഡ് രോഗികളിൽ ആണുബാധ ഉണ്ടാക്കുന്ന കാൻഡിഡകളിൽ പ്രധാനി. ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന ഗ്ലൗ, അപ്രോൺ തുടങ്ങിയവയിൽ നിന്നും ഈ ഫംഗസ് പകർന്നു കിട്ടാം എന്നത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
*കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ടതെന്തെല്ലാം*
*??പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു നിർത്തുക.
?? അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ മേൽനോട്ടത്തിലുള്ള കൃത്യമായ രീതിയിൽ മാത്രം സ്റ്റിറോയ്ഡ് ഉപയോഗിക്കുക
??ഐസിയു ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഉള്ള രോഗികളുടേയും ആരോഗ്യ പ്രവർത്തകരുടേയും വ്യക്തിശുചിത്വം പരിപാലിക്കുക.
??കോവിഡ് നെഗറ്റീവ് ആയ ശേഷവും അപകടസാധ്യത കൂടുതലുള്ളവരിൽ ഉണ്ടാകുന്ന പ്രത്യേക ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം വൈദ്യ സഹായം തേടുക
വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾ പലതും ഓക്സിജൻ നൽകുന്നത് വഴിയാണ് ഫംഗൽ ബാധ ഉണ്ടാകുന്നതെന്നും അതിനാൽ ഓക്സിജൻ വർജ്ജിക്കണം എന്നുവരെ പടച്ചുവിടുന്നത് കണ്ടു . അത്തരം തീരുമാനങ്ങൾ ആത്മഹത്യാപരമായിരിക്കും എന്ന് പറയാതെ വയ്യ.
ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ