· 7 മിനിറ്റ് വായന

കോവിഡ് ചികിൽസ വീട്ടിൽ വെച്ചാണെങ്കിൽ

കോവിഡ്-19
നാം ഇന്ന് കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന്റെ പാരമ്യത്തിലാണല്ലോ. ആശുപത്രികൾ നിറഞ്ഞു കവിയുന്ന അവസ്ഥയാണ്. അതിനാൽ താരതമ്യേന ഗൗരവ സ്വഭാവമില്ലാത്ത രോഗികളെ വീടുകളിൽ തന്നെ ചികിൽസിക്കാനും , ഗുരുതരസ്വഭാവമുള്ളവർക്ക് ആശുപത്രിയിലെ ചികിൽസ ഉറപ്പുവരുത്താനും, വീട്ടിൽ കഴിയുന്നവരെ നന്നായി നിരീക്ഷിച്ച് ആവശ്യമാണെങ്കിൽ ആശുപത്രിയിലേക്ക് മാറ്റാനും ഉള്ള ശ്രമമാണ് സർക്കാറിന്റെ ഭാഗത്ത് നിന്ന് നടന്നു വരുന്നത്. അതാണ് ഉചിതവും.
❓ആർക്കൊക്കെ വീട്ടിൽ ചികിൽസ ആകാം ?
?രോഗലക്ഷണമില്ലാത്ത കോവിഡ് പോസിറ്റീവ് ആയവർ.
?വളരെ ലഘുവായ ലക്ഷണങ്ങൾ ഉള്ളവർ
?ചെറിയ ലക്ഷണങ്ങൾ ഉണ്ട് എങ്കിലും ഓക്സിജൻ സാച്ചുറേഷൻ 95 ഓ അതിന് മുകളിലോ ഉള്ളവർ
❓എന്തൊക്കെ സൗകര്യങ്ങൾ വേണം?
?ഒരു മുറി,ഫോൺ സൗകര്യം.
?ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിച്ചു കൊടുക്കാൻ ഉള്ള സംവിധാനം.
?നിങ്ങൾ ചികിൽസയിലാണ് എന്നത് കൊണ്ടു തന്നെ ഉത്തരവാദപ്പെട്ട ആരോഗ്യ പ്രവർത്തകരുടെയോ പഞ്ചായത്ത് മെംബർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിന്റെയോ അറിവോടെയായിരിക്കണം വീട്ടിലെ ചികിത്സ. ഇവരുടെ ഫോൺ നമ്പറുകൾ കയ്യിൽ കരുതണം.
❓വീട്ടിൽ വെച്ച് എന്തൊക്കെ ചെയ്യാം?
?ദിവസം ചുരുങ്ങിയത് 8 മണിക്കൂർ ഉറങ്ങുക.
?സാധാരണ ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുക.ധാരാളം വെള്ളം കുടിക്കുക
?മനസ്സിന് ഉല്ലാസം പകരുന്ന കാര്യങ്ങളിൽ ഏർപ്പെടുക.
?കായികാധ്വാനം വേണ്ട കാര്യങ്ങൾ ഒഴിവാക്കുക.
?രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക.
❓അപായ സൂചനകൾ എന്തൊക്കെ?
?ശ്വാസംമുട്ട് / കിതപ്പ്
?ബോധം മങ്ങുക / പരിസരബോധമില്ലാതെ പെരുമാറുക.
?നെഞ്ചുവേദന / നെഞ്ചിൽ ഭാരം കയറ്റി വെച്ച പോലെ തോന്നുക.
?അമിതമായ ക്ഷീണം / ഉണർത്താൻ പ്രയാസം
?ചുമച്ച് രക്തം തുപ്പൽ /തലകറക്കം /നെഞ്ചിടിപ്പ് .
?മൂത്രത്തിന്റെ അളവ് കുറയൽ
?കൂടാതെ നിങ്ങൾക്ക് നേരത്തേ മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
?നിയന്ത്രിതമല്ലാത്ത പ്രമേഹം,
നിയന്ത്രിതമല്ലാത്ത രക്താതിമർദ്ദം,
ശരീരത്തിൽ നീര്,കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആരോഗ്യ പ്രവർത്തകരെ ഫോൺ വഴി അറിയിക്കണം.
❓വീട്ടിൽ വെച്ച് എന്തൊക്കെ കാര്യങ്ങൾ നിരീക്ഷിക്കണം ?
?പൾസ് ഓക്സി മീറ്റർ എന്ന ഉപകരണം ലഭ്യമാക്കാൻ RRT ക്കോ സന്നദ്ധ സംഘടനകൾക്കോ ഒരു പക്ഷേ സാധിച്ചേക്കും. അങ്ങനെയാണെങ്കിൽ ദിവസവും 3 തവണയെങ്കിലും ഓക്സിജൻ സാച്ചുറേഷൻ നോക്കുക. 2-3 മിനിറ്റ് നേരം കൈവിരലിൽ ഘടിപ്പിച്ച് ഒരു സ്റ്റേബിൾ ആയ അളവ് വന്നശേഷം അതു വേണം കണക്കാക്കാൻ. 95 ഓ അതിന് മുകളിലോ ആണെങ്കിൽ വീട്ടിൽ തുടരാൻ പറ്റേണ്ടതാണ്. 94 ന് മുകളിലാണെങ്കിലും 6 മിനിറ്റ് നേരം നടന്ന ശേഷം ഒന്നുകൂടി നോക്കുക. ആദ്യത്തേതിൽ നിന്നും 3% ൽ കൂടുതൽ താഴ്ന്നു പോകുന്നുണ്ടെങ്കിൽ അതും ഒരു അപകട സൂചനയായി കണക്കാക്കണം.
?മറ്റൊരു കാര്യം രോഗി ഒരു മിനിറ്റിൽ എത്ര തവണ ശ്വാസം എടുത്തു വിടുന്നു എന്നത് (ഒന്നിൽ കൂടുതൽ ആളുകൾ ഐസൊലേഷനിൽ ഉണ്ടെങ്കിൽ) കൂടെയുള്ളയാൾക്ക് നിരീക്ഷിക്കാം. 12 വയസ്സിൽ കൂടുതലുള്ള വ്യക്തിക്ക് സാധാരണ അത് 24 ൽ താഴെയായിരിക്കണം. സ്വന്തം ശ്വാസഗതിയെ കുറിച്ച് ഒരാൾ ബോധവാനായാൽ ഇങ്ങനെ കണക്കാക്കുന്നത് പലപ്പോഴും തെറ്റിപ്പോകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഒരാൾ സ്വന്തം ശ്വാസോച്ഛാസം എണ്ണാൻ ശ്രമിക്കാത്തതാണ് നല്ലത്.
?ഇത്തരത്തിൽ തന്നെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ആരോഗ്യ പ്രവർത്തകരുമായി നല്ല രീതിയിൽ ആശയ വിനിമയം നടത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കും. ആരോഗ്യ പ്രവർത്തകർ ചിലപ്പോൾ നിങ്ങളോട് വീട്ടിൽ തന്നെ തുടരാൻ പറയും. ടെലി മെഡിസിൻ സൗകര്യം ഉപയോഗിക്കാൻ കഴിയുമെങ്കിൽ ഏറ്റവും നല്ലതാണ്. ഇനി അഡ്മിറ്റ് ആകേണ്ട അവസ്ഥ വരികയാണെങ്കിൽ അതിനു വേണ്ട സഹായവും അവർക്ക് ചെയ്യാൻ പറ്റും.
?ചെറിയ ശ്വാസം മുട്ടുണ്ട് പക്ഷേ ഓക്സിജന്റെ അളവ് 95 ൽ കൂടുതലുണ്ട് , അല്ലെങ്കിൽ നിങ്ങളുടെ ഓക്സിജൻ സാച്ചുറേഷൻ 94 ന് താഴെയാണ് , എന്നാൽ ആശുപത്രിയിൽ പോകാൻ ഉളള നടപടികൾ നടന്നു വരുന്നേയുള്ളൂ , ഈ ഘട്ടങ്ങളിൽ ചെയ്യാവുന്ന ഒരു കാര്യമാണ് കമഴ്ന്നു കിടക്കുക എന്നത്.
?Awake proning എന്ന ഈ രീതിയിൽ ഒന്നോ രണ്ടോ തലയിണ വെച്ച് നെഞ്ചിന്റെ ഭാഗം ഉയർന്നിരിക്കണം. വയറ് നിലത്ത് അമർന്നിരിക്കാൻ പാടില്ല. രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി ദിവസം പല തവണ ഇങ്ങനെ ചെയ്യാം. രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിക്കാൻ ഇത് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.
❓എന്തൊക്കെ മരുന്നുകൾ കഴിക്കാം ?
?ഒരു ലക്ഷണവും ഇല്ലെങ്കിൽ കോവിഡിന് വേണ്ടി മാത്രമായി മരുന്നുകൾ ഒന്നും തന്നെ വേണ്ട.
?പനി, ശരീര വേദന തുടങ്ങിയവയ്ക്ക് പാരസെറ്റമോൾ, വരണ്ട ചുമക്ക് സെട്രിസിൻ പോലെയുള്ള അലർജി മരുന്നുകൾ മതിയാകും.
?നേരത്തേ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ ഒന്നും മുടക്കരുത്.
?ആന്റി വൈറൽ മരുന്നുകൾ വീട്ടിൽ കരുതേണ്ട ആവശ്യമില്ല. വിറ്റാമിൻ സി, സിൻക്, കാൽസിയം തുടങ്ങിയവയും നിർബന്ധമല്ല, ഇവ കഴിക്കുന്നതു കൊണ്ട് ദോഷവുമില്ല. എന്നാൽ സമീകൃതാഹാരത്തിന് പകരമാവില്ല വിറ്റാമിൻ ഗുളികകൾ എന്നു കൂടി ഓർക്കേണ്ടതാണ്. ആന്റിബയോട്ടിക്ക് ആവശ്യമില്ല.
?ഒട്ടും പരിചയമില്ലാത്ത ഭക്ഷണങ്ങളും അശാസ്ത്രീയമായ പ്രയോഗങ്ങളും പരീക്ഷിക്കരുത്. അതു കാരണം മാത്രം വയറിളക്കം, ഛർദ്ദി, നെഞ്ചെരിച്ചിൽ തുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാവുകയും അത് രോഗിയേയും ചികിത്സകനേയും ഒരേ പോലെ കൺഫ്യൂഷനിലാക്കുകയും ചെയ്യുന്നുണ്ട്.
?ബഹു ഭൂരിപക്ഷം രോഗികൾക്കും ലക്ഷണങ്ങൾ തുടങ്ങി അഞ്ചു ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും. അവർക്ക് മറ്റു ലാബ് ടെസ്റ്റുകളോ കൂടുതൽ മരുന്നുകളോ ആവശ്യമില്ല. ഐസൊലേഷൻ കാലാവധി കൃത്യമായി പൂർത്തിയാക്കാൻ മാത്രം ശ്രദ്ധിച്ചാൽ മതിയാകും.
?അഞ്ചു ദിവസങ്ങളിൽ കൂടുതൽ പനി, ചുമ , ശക്തമായ ക്ഷീണം എന്നിവ നിലനിൽക്കുന്നുണ്ടെങ്കിലോ ശ്വാസം മുട്ടു പോലെ പുതിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലോ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. ഈ അവസരത്തിലാണ് മറ്റു പരിശോധനകളെ കുറിച്ച് ആലോചിക്കുന്നത്.
❓എന്തൊക്കെ പരിശോധനകൾ ചെയ്യാം ?
?ഒരിക്കലും മുന്നറിയിപ്പില്ലാതെ വീട്ടുചികിത്സയിൽ ഇരിക്കുന്ന രോഗി നേരിട്ട് ലാബിൽ ടെസ്റ്റ് ചെയ്യാനായി പോകരുത്.
? കോവിഡിന് വേണ്ടി പ്രത്യേകം മാറ്റി വെച്ച പരിശോധനാ കേന്ദ്രങ്ങൾ, വീട്ടിൽ വന്ന് സാംപിൾ ശേഖരിക്കുന്ന സംവിധാനങ്ങൾ എന്നിവ നേരത്തേ അറിയിച്ച ശേഷം ഉപയോഗിക്കാം.
?തുടർ ചികിത്സ തീരുമാനിക്കാൻ ഏറ്റവും സഹായം ചെയ്യുന്ന രക്തപരിശോധനകൾ ഇവയാണ് –
കംപ്ലീറ്റ് ബ്ലഡ്‌ കൗണ്ട് (CBC)
സി റിയാക്റ്റീവ് പ്രോടീൻ (CRP)
ഡി ഡൈമർ (D Dimer)
ബ്ലഡ്‌ ഷുഗർ (RBS)
?ചുമയും ശ്വാസം മുട്ടും ഉള്ളവർക്ക് ഇതിന്റെ കൂടെ നെഞ്ചിന്റെ എക്സ് റേ കൂടി എടുക്കാൻ സാധിക്കുമെങ്കിൽ നല്ലത്. സി ടി സ്കാൻ പോലെയുള്ള വില കൂടിയ പരിശോധനകൾ വളരെ ചുരുക്കം രോഗികളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മതിയാകും.
?നിലനിൽക്കുന്ന ലക്ഷണങ്ങളുടെയും മേൽ പറഞ്ഞ ലാബ് പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് തുടർ ചികിത്സകൾ തീരുമാനിക്കുന്നത്.
?ഈ ഘട്ടത്തിൽ ചികിത്സയിൽ ഉൾപ്പെടുത്തുന്ന ഏറ്റവും പ്രധാനമായ മരുന്നാണ് സ്റ്റിറോയ്ഡ്. പക്ഷേ ഒരു ഡോക്ടറുടെ നിർദ്ദേശം ഇതിന് അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ചും പ്രമേഹം രക്താദിമർദ്ദം തുടങ്ങിയ രോഗമുള്ളവർ. രോഗികൾക്ക് വീട്ടിൽ വെച്ച് തന്നെ സ്റ്റിറോയ്ഡ് ഗുളികകൾ നൽകുന്ന സമ്പ്രദായം ലോകത്ത് പല സ്ഥലങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ശ്വാസം മുട്ടുള്ളവരേയും, ഓക്സിജൻ സാചുറേഷൻ കുറവുള്ളവരേയും രോഗം തലച്ചോർ , വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെ ബാധിച്ചവരേയും, നേരത്തേ ഉണ്ടായിരുന്ന രോഗങ്ങൾ മൂർച്ഛിച്ചവരേയും ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യേണ്ടിവരും.
❓രോഗമുക്തി
?പഴയ മാർഗ്ഗ നിർദ്ദേശങ്ങളിൽ പറഞ്ഞിരുന്ന പോലെ കോവിഡ് വന്ന എല്ലാവരും പത്തു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തുന്ന നടപടിക്ക് ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്. വളരെ ഗുരുതര സ്ഥിതിയിൽ അഡ്മിറ്റാകുന്ന (കാറ്റഗറി സി) രോഗികളിൽ മാത്രമാണ് രണ്ടാഴ്ചക്കു ശേഷം വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യുന്നത്.
❓ഐസൊലേഷൻ എത്ര നാൾ ?
?ഏറ്റവു പുതുക്കിയ കേരള സർക്കാർ മാർഗ്ഗ നിർദ്ദേശപ്രകാരം പതിനേഴു ദിവസത്തെ ഐസൊലേഷൻ ആണു നിർദ്ദേശിച്ചിട്ടുള്ളത്.
?കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ രണ്ടു കാര്യങ്ങളേ നമുക്ക് ചെയ്യാനുള്ളൂ.
?ഒന്ന് – ഇനി രോഗികളുടെ എണ്ണം കൂടാതിരിക്കാൻ നമുക്കറിയാവുന്ന എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കുക. വാക്സിൻ പരമാവധി ആളുകളിൽ എത്തിക്കുക.
?രണ്ട് – നമ്മുടെ ആശുപത്രി സൗകര്യങ്ങൾ ഏറ്റവും ആവശ്യമുള്ളവർക്ക് ഏറ്റവും ആവശ്യമുള്ള സമയം പ്രയോജനപ്പെടുത്താൻ സാധിക്കുക. പൊതുജനവും സർക്കാറും ആരോഗ്യ സംവിധാനകളും ഈ കാര്യത്തിൽ കൈ കോർക്കണം. സൗകര്യങ്ങളുടെ അഭാവം കാരണം ഒരു രോഗിക്കും കൃത്യമായ ചികിത്സ ലഭിക്കാതെ പോകരുത്.
ലേഖകർ
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ