· 7 മിനിറ്റ് വായന

കോവിഡും കേരളവും- ദി സർജ്

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

കോവിഡ് പോസിറ്റീവുകളുടെ എണ്ണത്തിൽ കേരളം റെക്കോർഡ് നമ്പറിൽ എത്തിയിരിക്കുന്നു. ഇനിയും ഈ എണ്ണം വർധിക്കുക തന്നെ ചെയ്യുമെന്നാണ് പുറത്തു നിന്നുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഇനി എന്ത് പദ്ധതികൾ ആണ് നമുക്ക് മുന്നിൽ ഉള്ളത്…
പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചു വൈറസിനെ ലോക്ക് ചെയ്യാൻ കഴിയുമോ?
അതോ വൈറസിനായി നമ്മുടെ വാതിലുകൾ തുറന്നു കൊടുക്കണോ?

വിദഗ്ദ്ധൻമാരുടെ അഭിപ്രായങ്ങൾ തമ്മിൽ പൊരുത്തമില്ല. നേരത്തെ അനുഭവം ഉള്ള രാജ്യങ്ങൾ ആകട്ടെ ഓരോ തരം മുറകളാണ് ഉപയോഗിച്ചത്, ഒന്ന് മറ്റൊന്നിനേക്കാൾ ഭേദം എന്ന് തീരുമാനിക്കലും ക്ലേശകരം തന്നെ. തീരുമാനങ്ങൾ വളരെ ദുഷ്കരമായിരിക്കുന്ന ദിവസങ്ങൾ ആണ്.

ചില പ്രായോഗിക മാർഗങ്ങൾ മുന്നോട്ടു വെക്കട്ടെ

? നിലവിലെ അവസ്ഥയിൽ കോവിഡ് പടരുന്നത് തടയാൻ പൂർണമായി സാധിക്കില്ല. മാസ്‌ക്, സാമൂഹിക അകലം, ഹസ്ത ശുദ്ധി, ആൾക്കൂട്ടം ഒഴിവാക്കൽ, രോഗികളെ കണ്ടെത്തി വീട്ടിൽ ഇരുത്തൽ എന്നീ മാർഗങ്ങളിലൂടെ വേഗത കുറക്കാൻ മാത്രമേ നമുക്ക് സാധിക്കൂ. നമ്മൾ ഒരു ദ്വീപോ, രാജ്യമോ അല്ല. ലോകം മൊത്തം രോഗമുണ്ട്. ഇൻഡ്യ മൊത്തവും. ലോകത്തിൻറെ പല കോണുകളിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേരുന്നവർ ഉണ്ട്. ഇതെല്ലാം ഓർമിച്ചുകൊണ്ട് പ്രശ്നത്തെ സമീപിക്കണം.

? മാധ്യമങ്ങളും പ്രതിപക്ഷവും ക്രിയാത്മകമായി മാത്രം ഇടപെടുകയാണ് വേണ്ടത്. ഇനി കേസുകൾ കുത്തനെ കൂടിയേക്കാം. സംയമനത്തോടെ കാര്യങ്ങൾ മനസ്സിലാക്കി ക്രിയാത്മകമായ രീതിയിൽ പ്രതികരിക്കുകയാണ് അഭികാമ്യം. ശരിയായ സന്ദേശം ജനങ്ങളിൽ എത്തിച്ചുകൊണ്ട് മാതൃകയായ രീതിയിൽ പ്രവർത്തിക്കുക എന്നതാണ് മാധ്യമങ്ങളും ജനപ്രതിനിധികളും ചെയ്യേണ്ടത്.

? അതുപോലെ എന്ത് വില കൊടുത്തും കേരളം അടിപൊളി ആണെന്ന് തെളിയിക്കണം എന്ന് ചിന്തിക്കേണ്ടതില്ല. കോവിഡ് പോസിറ്റീവ് ആളുകളുടെ എണ്ണമല്ല നമ്മുടെ കഴിവ് തെളിയിക്കുന്ന ഘടകം. കേരളത്തിലെ ജനങ്ങൾക്ക് ആത്യന്തികമായി എന്താണ് നല്ലത് എന്നാണ് ചിന്തിക്കേണ്ടത്.

? മിക്കവരിലും ഈ രോഗം വലിയ ലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല. എല്ലാവരെയും കിടത്തി ചികിൽസിക്കാൻ നോക്കുന്നത് നല്ല പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഉണ്ട്. ആരും രോഗ ലക്ഷണങ്ങൾ പുറത്തു പറയില്ല എന്നതാണ് ഇതിന്റെ ഒന്നാം നമ്പർ പ്രശ്നം. ഇപ്പോൾ തന്നെ ഈ കാര്യം കൊണ്ടു മാത്രം പേടിച്ചിരിക്കുന്ന കുറെ ഡോക്ടർമാരെയും നേഴ്സുമാരെയും കണ്ടു. ഇവരിൽ മിക്കവരും, ഗുരുതരം ആവുന്നത് വരെ മിണ്ടാതിരിക്കാൻ നല്ല സാധ്യത ഉണ്ട്. അവരെ കൊല്ലണം, തല്ലണം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പ്രായോഗികമായി അതാണ് സംഭവിക്കാൻ പോവുന്നത്. അപകടം!! എല്ലാവരെയും കിടത്താൻ തുടങ്ങിയാൽ അതിനുള്ള സ്ഥലം, മനുഷ്യ വിഭവശേഷി എല്ലാം കണ്ടെത്താൻ പാടു പെടും. അവിടെ ഒരാൾക്ക് രോഗം അധികാരിച്ചാൽ കണ്ടെത്തുന്നതും വളരെ ദുഷ്കരമാകും.

? പ്രവാസികൾ, മുക്കുവർ, അവർ, ഇവർ, മറ്റവർ ഒന്നും അല്ല രോഗം ഉണ്ടാക്കുന്നത്. വൈറസ് ആണ്. ഇവർ ഒന്നും ഇല്ലെങ്കിലും രോഗം അതിന്റെ വഴിയേ പകരാൻ തന്നെ ആണ് സാധ്യത.

? എന്തായാലും നല്ല ഒരു രോഗ തിരതള്ളൽ ഉണ്ടാവും എന്നു തന്നെ വിചാരിക്കേണ്ടി വരും. അത് കഴിഞ്ഞു കുറയും. ഇത് ഒരു സർക്കാരിന്റെ പരാജയം അല്ലെ അല്ല. അസുഖം അങ്ങനാണ്. പക്ഷെ, ഈ രോഗവ്യാപനം കുറച്ചു മാസങ്ങൾക്കുള്ളിൽ കുറയാനാണ് സാധ്യത.

? പെട്ടന്നുള്ള അടച്ചിടലുകൾ, സ്ഥാപനങ്ങൾ, ജില്ലകൾ ഒക്കെ പൂട്ടിയിടുക, മനുഷ്യ ജീവിതം അമ്പേ തടസ്സപ്പെടുത്തുക, ആശുപത്രികൾ പൂട്ടുക, ഇത് കൊണ്ടൊക്കെ പ്രയോജനം ഉണ്ടോ എന്ന് നന്നായി വിശകലനം ചെയ്യേണ്ടി ഇരിക്കുന്നു.

? ചെയ്യേണ്ടത്, മുൻപറഞ്ഞ കാര്യങ്ങൾ ജനങ്ങൾ സ്വയം ചെയ്യുക, അത് സർക്കാർ നിരന്തരം ഓർമ്മപ്പെടുത്തുക എന്നതാണ്.

? ഓരോ രോഗിയേയും കണ്ടെത്തി, കൊണ്ടാക്ടുകളെ ടെസ്റ്റ് ചെയ്യുക. രോഗ വാഹകരെ കണ്ടെത്തി വീട്ടിൽ ഐസോലെറ്റ് ചെയ്യുക. പരമാവധി പരിശോധനകളാണ് ലക്ഷ്യമിടേണ്ടത്. ഒരു കേസ് പോലും മിസ്സായി പോകില്ല എന്ന് ഉറപ്പ് ലഭിക്കുന്ന രീതിയിൽ വ്യാപകമായ പരിശോധന.

? പരിശോധന മാത്രം പോര പരിശോധനാഫലങ്ങൾ 24 മണിക്കൂറിനകം ലഭ്യമാക്കാനുള്ള സംവിധാനം കൂടി വേണം.

? രോഗികളുടെ എണ്ണം കൂടുതൽ ഉണ്ടാവുന്ന ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാവരെയും പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാവണം. അങ്ങനെയുള്ള പ്രത്യേക പോക്കറ്റുകളിൽ ഒരുതവണ നെഗറ്റീവ് ആയവരെ വീണ്ടും പരിശോധിക്കേണ്ടിവരും.

? അതുപോലെതന്നെ സെന്റിനൽ സർവയലൻസ് വളരെയധികം ശക്തമാക്കേണ്ടതുണ്ട്. അതായത് രോഗസാധ്യത കൂടുതൽ ഉള്ള ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി രോഗസാധ്യത ഉള്ളവരുമായി ഇടപഴകുന്ന ആൾക്കാരിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ പരിശോധനകൾ നടത്തുന്ന സംവിധാനം. നാമറിയാതെ രോഗവ്യാപനം നടക്കുന്നത് മനസ്സിലാക്കാൻ വേണ്ടി മുൻഗണന ലിസ്റ്റിൽ ഇല്ലാത്തവരിലും റാൻഡം ആയി പരിശോധന നടത്തണം. പിസിആർ/ആന്റിജൻ പരിശോധനയാണ് ഉദ്ദേശിക്കുന്നത്.

? ഓരോ ജില്ലകളിലും റാൻഡം ആൻറിബോഡി പരിശോധന നടത്തി സമൂഹത്തിൽ എത്രമാത്രം വ്യാപനം ഉണ്ടായിട്ടുണ്ട് എന്ന് പഠനങ്ങൾ നടത്തേണ്ടതുണ്ട്. അതനുസരിച്ച് പോളിസികളിൽ യഥാസമയം ശാസ്ത്രീയമായ വ്യത്യാസങ്ങൾ കൊണ്ടുവരികയും വേണം.

? എങ്കിലും ഏറ്റവും പ്രധാനം, സീരിയസ് രോഗികളുടെ ചികിത്സ ആണ്. യാതൊരു സംശയവുമില്ല. അതിനുള്ള പരമാവധി സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ടാവണം. അതൊക്കെ വൈകാതെ ഉപയോഗിക്കേണ്ടി വരും എന്ന് മനസ്സിൽ കരുതണം. ഗുരുതരം ആവുകയാണെങ്കിൽ സർക്കാർ സംവിധാനം കൊണ്ട് മാത്രം മതിയാകാതെ വരാം. പ്രത്യേകിച്ച് ക്രിട്ടിക്കൽ കെയറിൽ പ്രാവീണ്യം ഉള്ള ആളുകളെ സ്വകാര്യ മേഖലയിൽ നിന്നും കണ്ടെത്തി വെക്കേണ്ടി വരും.

? ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് നിലവിൽ CFLTC-ൽ ആണ് ചികിത്സ. കോവിഡ് പോസിറ്റീവ് ആയ ഗുരുതരമായ ലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ സംബന്ധിച്ച് CFLTC വളരെ മികച്ച ഒരു ആശയമാണ്. വീടുകളിൽ സൗകര്യം കുറവുള്ള വ്യക്തികൾക്ക് അത് വളരെയധികം ഉപകാരപ്പെടും എന്നതിൽ ഒരു സംശയവുമില്ല. വീടുകളിൽ സൗകര്യങ്ങൾ ഉള്ള കാര്യമായ ലക്ഷണങ്ങൾ ഇല്ലാത്ത ആൾക്കാർക്ക് ഇതു വേണോ എന്നുള്ളത് പുന:പരിശോധിക്കണം. വീടുകളിൽ ചികിത്സ സാധ്യമായ അവർക്ക് അതിനുള്ള അവസരം ഉണ്ടാകുന്നതാണ് നല്ലത് എന്നാണ് അഭിപ്രായം. ഇതു വേണ്ട പ്രോട്ടോക്കോളുകൾ പുറത്തിറങ്ങേണ്ട സമയമായി വരുന്നു. വീട്ടിൽ കഴിയാൻ അനുവദിക്കുന്ന പോസിറ്റീവ് ആളുകൾ പുറത്തിറങ്ങി സമൂഹത്തിൽ രോഗം പകർത്തുന്നത് തടയുന്ന നിയമങ്ങൾ ശക്തമായ രീതിയിൽ നടപ്പാക്കേണ്ടി വരും. ആശുപത്രികൾ രോഗതീവ്രത ഉള്ളവർക്ക് മാത്രമായി നിജപ്പെടുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

? ഡിസ്ചാർജ് വിഷയമാണെങ്കിൽ പരിഗണിക്കേണ്ടത് രണ്ടു വിഷയങ്ങളാണ്. സുഖം പ്രാപിക്കുക എന്നതും മറ്റൊരാൾക്ക് പകർന്നു നൽകാതിരിക്കുക എന്നതും. രോഗലക്ഷണങ്ങൾ ആരംഭിച്ച ശേഷമുള്ള ആദ്യ പത്ത് ദിവസങ്ങളിലാണ് രോഗം പകർന്നു നൽകാൻ ഏറ്റവും സാധ്യത കൂടുതൽ. അതിനുശേഷം ലക്ഷണങ്ങൾ പൂർണമായി ഇല്ലാതായ ഒരാളിൽ നിന്നും പകരാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെ കരുതാം. അങ്ങനെയൊരു സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യാൻ പരിശോധന വേണോ എന്നുള്ളത് വീണ്ടും പരിശോധിക്കണം. എല്ലാവർക്കും പരിശോധനക്ക് ശേഷം മാത്രം ഡിസ്ചാർജ് എന്നത് രോഗികളുടെ എണ്ണം വർദ്ധിച്ചാൽ പ്രായോഗികുന്ന കാര്യമല്ല. ഡിസ്ചാർജുകൾ വൈകിയാൽ ആരോഗ്യ സംവിധാനങ്ങൾ തളരാൻ സാധ്യത കൂടുകയും ചെയ്യും. അതുകൊണ്ട് കാലാനുസൃതമായ ശാസ്ത്രീയമായ മാറ്റങ്ങൾ ഈ വിഷയത്തിലും സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യയിൽ മറ്റു ഭാഗങ്ങളിൽ ചെയ്ത പോലെ കാലാവധി പൂർത്തിയാക്കിയാൽ ടെസ്റ്റില്ലാതെ ഡിസ്ചാർജ് ചെയ്യുന്നത് പരിഗണിക്കാം. ഡിസ്ചാർജ് ആകുന്നവർ ബാക്കി ദിവസങ്ങൾ റൂം ക്വാറന്റൈൻ പൂർത്തിയാക്കിയാൽ മതിയാകും.

? ഇനി മുൻപ് ആറാഴ്ച നടന്നത് പോലുള്ള സമ്പൂർണ്ണ ലോക്ക്ഡൗൺ എന്തുകൊണ്ടും ഒഴിവാക്കുന്നതാവും ഉചിതം. ഏറ്റവും ഭീകര 45 ദിന ലോക്ക്ഡൗൺ ആണ് ഇൻഡ്യ നടത്തിയത്. എന്നിട്ട് രോഗവ്യാപനം തടയാൻ സാധിച്ചോ?

ഐസിയു, വെന്റിലേറ്റർ എന്നിവ അടക്കമുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കാനും പരിശോധനാ സൗകര്യങ്ങൾ ഒരുക്കാനും വ്യാപകമായ പരിശോധനയിലൂടെ ലോക്ക് ചെയ്യപ്പെട്ട കാലത്ത് പരമാവധി കേസുകൾ കണ്ടെത്താനും അവരിൽ നിന്ന് പകരില്ല എന്ന് ഉറപ്പുവരുത്താനും ജനങ്ങളെ മാറിയ സാഹചര്യത്തിൽ ജീവിക്കാൻ പഠിപ്പിക്കാനും ഒക്കെയാണ് ലോക്ക്ഡൗൺ കാലത്ത് നടക്കേണ്ടത്.

ഇനിയുമൊരു പരിപൂർണ്ണ ലോക്ക്ഡൗൺ കൂടി വന്നാൽ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്തത്ര ബുദ്ധിമുട്ടേറിയ അവസ്ഥ വരാൻ സാധ്യതയുണ്ട്. ഭക്ഷണം മുതലുള്ള കാര്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാം. മുൻപ് നടത്തിയതുപോലെ കമ്മ്യൂണിറ്റി കിച്ചൺ ഒക്കെ ഇനി എത്രമാത്രം പ്രായോഗികമാവും എന്നറിയില്ല. അതുമാത്രമല്ല മരുന്ന്, ചികിത്സ തുടങ്ങിയ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഹോട്ടലുകളിൽ പാഴ്സൽ ഡെലിവറി ഇല്ലാതായാൽ ഒറ്റയ്ക്ക് താമസിക്കുന്നവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാവും. നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കുന്ന കടകളുടെ പ്രവർത്തന സമയം കുറയ്ക്കുമ്പോൾ കൂടുതൽ തിരക്ക് ഉണ്ടാവുകയും രോഗവ്യാപന സാധ്യത കൂടുകയും ചെയ്യും. ചില ചെറിയ വിഷയങ്ങൾ മാത്രം പറയുന്നതാണ്. ഇതുപോലുള്ള നൂറുകണക്കിന് വിഷയങ്ങൾ ഉണ്ടാകും.

ഒരു മാസമോ ഒന്നരമാസമോ നീളുന്ന സമ്പൂർണ്ണ ലോക്ക്ഡൗൺ കഴിഞ്ഞാലും ഇപ്പോൾ ഉള്ള ഒരു സാഹചര്യം വീണ്ടും ആവർത്തിക്കുമോ എന്ന് പറയാനാവില്ല. കാരണം മുൻപ് ലോക്ക്ഡൗൺ നടത്തിയതിന്റെ ഫലം നമ്മൾ കണ്ടതാണ്. അതിൽ പ്രയോജനം ലഭിച്ചില്ല എന്നല്ല പറയുന്നത്. രോഗവ്യാപനം പൂർണമായും തടയാൻ അതുകൊണ്ട് സാധിച്ചില്ല എന്നാണ് പറയുന്നത്. അല്ലെങ്കിൽ ലോക്ക്ഡൗൺ കാലം കഴിയുമ്പോൾ ഒരാൾക്കുപോലും അസുഖം ഇല്ല എന്ന് ഉറപ്പിക്കാൻ സാധിക്കുന്ന സജ്ജീകരണം വേണം. ലക്ഷക്കണക്കിന് പരിശോധനകൾ നടത്താൻ സാധിക്കണം. അത് ചെയ്യാതെ ലോക്ക്ഡൗൺ ആണ് പരിഹാരം എന്ന് കരുതിയാൽ ഇതേ സാഹചര്യം വീണ്ടും വരികയും ഇതൊക്കെ തന്നെ വീണ്ടും ആവർത്തിക്കുകയും ചെയ്യാനാണ് സാധ്യത.

? പൂർണമായി കയറൂരി വിടണം എന്നല്ല പറയുന്നത്. സ്കൂളുകളും ആരാധനാലയങ്ങളും ഒക്കെ തൽക്കാലം പ്രവർത്തിക്കേണ്ടതില്ല. എന്നാൽ ജനങ്ങൾക്ക് ജോലി ചെയ്യാൻ സാധിക്കണം. വരുമാനം ഇല്ലാതായാൽ ജനങ്ങളുടെ അവസ്ഥ കൂടുതൽ ബുദ്ധിമുട്ടിലാവും. അതുകൊണ്ട് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള സഞ്ചാരസ്വാതന്ത്ര്യവും തൊഴിൽ സ്വാതന്ത്ര്യവും ലഭ്യമാകുന്ന രീതിയിൽ മുന്നോട്ടു പോകുന്നതാണ് അഭികാമ്യം. എന്നാൽ രണ്ട് മീറ്റർ ശരീരിക അകലവും മാസ്കും കൈകൾ ശുദ്ധിയാക്കുന്നതും നിർബന്ധിതമായി നടപ്പാക്കുകയും വേണം. പരിശോധനകളിലൂടെ അനാവശ്യ യാത്രകൾ തടയണം. ആൾക്കൂട്ടങ്ങളും രോഗം പകരാൻ സാധ്യതയുള്ള സാഹചര്യങ്ങളും പരമാവധി ഒഴിവാക്കണം. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ പ്രാദേശികമായ നിയന്ത്രണങ്ങൾ ശാസ്ത്രീയമായ രീതിയിൽ കാലാനുസൃതമായി നടപ്പാക്കുകയും വേണം.

? ഇതിനേക്കാൾ ഒക്കെ പ്രധാനമാണ് ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം. ആവശ്യത്തിനുള്ള വിശ്രമം, ചികിത്സ തുടങ്ങിയവ അവർക്കു ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാണ്. ചികിത്സക്കിടെ ആരോഗ്യ പ്രവർത്തകർ രോഗികളുമായി സമ്പർക്കത്തിൽ വരുന്നതും ക്വാറന്റൈനിൽ പോകുന്നതും ഒരു തുടർക്കഥയാകുന്നു. രോഗീകരിചരണത്തിൽ അനുസരിക്കേണ്ടുന്ന പേർസണൽ പ്രൊട്ടക്ഷൻ കൃത്യമായി അനുസരിക്കാൻ ശ്രദ്ധിക്കേണ്ടതും, അനുസരിച്ച് ജോലി ചെയ്ത ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കേണ്ടതും ആണ്. അവരുടെ മനോവീര്യം നില നിർത്തുക എന്നത് ഈ പോരാട്ടത്തിൽ വളരെ പ്രധാനം തന്നെ.

മാസങ്ങളായുള്ള നമ്മുടെ തയ്യാറെടുപ്പിന്റെ പരീക്ഷണ നാളുകൾ ആണ് ഇനി. ശാസ്ത്രീയമായി വിവേകത്തോടെ ഈ പരീക്ഷണം നേരിട്ടേ മതിയാകൂ

ലേഖകർ
Jimmy Mathew, MBBS, MS, MCh, completed his studies in Medical college, Thrissur, JIPMER and Medical college, Kozhikode respectively. He has worked in Sree Chithra Institute, Baby Memorial hospital, St. John's Institute of medical sciences, Bangalore, and Amrita Institute at Kochi. He is a Reconstructive Microsurgeon and Clinical Professor. He has over 25 academic publications. He has published four books in the popular press. Loves to write.He blogs at Healthylifehappylife. in.
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ