· 7 മിനിറ്റ് വായന

കോവിഡ് ന്യുമോണിയ മാറാൻ “ടെക്‌നിക്കുകൾ” മതിയാകുമോ?

കോവിഡ്-19
“ന്യുമോണിയ മാറാനായി ചെയ്യേണ്ട 3 കാര്യങ്ങൾ” എന്ന തലക്കെട്ടിൽ ഒരു വീഡിയോ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നതായി കാണുന്നു. അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം വിശദീകരിക്കാതെ വയ്യ.
?എന്താണ് ന്യൂമോണിയ (pneumonia) ?
?ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയാണ് ഏറ്റവും ലളിതമായി പറഞ്ഞാൽ ന്യൂമോണിയ. പ്രധാനമായും ഇത് സംഭവിക്കുന്നത് ശ്വാസകോശത്തിലെ വായു അറകൾക്ക് (ആൽവിയോലസുകൾ) അനുബന്ധമായാണ്. കോവിഡ് ഉൾപ്പടെ പല തരത്തിലുള്ള വൈറസുകളും, ബാക്റ്റീരിയയും ന്യൂമോണിയ ഉണ്ടാക്കാം.
?ഇത്തരം വൈറസുകളും ബാക്റ്റീരിയയും സാധാരണയായി അണുബാധയുണ്ടാക്കുന്നത് ശ്വസന വ്യവസ്ഥയുടെ മുകൾ ഭാഗങ്ങളിലാണ്. അതായത് മൂക്ക്, തൊണ്ട, ടോൺസിൽ (Tonsil), സൈനസ് (sinus) തുടങ്ങിയ ഭാഗങ്ങളിൽ. ഇവയെയാണ് നമ്മൾ കോമൺ കോൾഡ് (common cold), സൈനസൈറ്റിസ് (sinusitis), ടോൺസിലൈറ്റിസ് (tonsillitis), ഫാരിൻജൈറ്റിസ് (pharyngitis) എന്നൊക്കെ വിളിക്കുന്നത്. മിക്കവാറും ചെറിയ പനിയുടെ കൂടെ തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ വന്ന് കുറച്ചു ദിവസം കൊണ്ട് സുഖം പ്രാപിക്കുന്നു. ബാക്ടീരിയയാണ് രോഗകാരണമെങ്കിൽ ആന്റിബയോട്ടിക്കുകൾ കഴിക്കണം, വൈറസാണെങ്കിൽ പാരസെറ്റമോൾ മാത്രം മതിയാകും.
?എന്നാൽ ഇതേ വൈറസോ ബാക്റ്റീരിയയോ ശ്വാസകോശത്തിന്റെ താഴെ ഭാഗത്തേക്കിറങ്ങി അണുബാധ ഉണ്ടാക്കുമ്പോൾ അത് ന്യൂമോണിയ ആയി മാറുന്നു. താഴ് ഭാഗത്ത് വരുന്ന അണുബാധയിൽ പനിയുടെ കൂടെ ശക്തി കൂടിയ ചുമ, ശ്വാസം മുട്ട് തുടങ്ങിയവ കൂടി പ്രത്യക്ഷപ്പെടാം. ചിലർക്ക് നെഞ്ചുവേദനയും ഉണ്ടാകാം. ന്യൂമോണിയയിൽ ശ്വാസകോശത്തിന്റെ വായു അറകൾക്ക് തകരാറ് സംഭവിക്കുന്നത് കൊണ്ട് ഓക്സിജൻ രക്തത്തിൽ കലരുന്നത് തടസ്സപ്പെടുകയും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു പോവുകയും ചെയ്യാം. ശരീരത്തിലെ മറ്റു പല അവയവങ്ങൾ തകരാറിലാകുക, രക്തസമ്മർദ്ദം കുറയുക തുടങ്ങി മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള ഗുരുതരമായ രോഗമാണ് ന്യൂമോണിയ.
?കോവിഡ് ഗൃഹചികിത്സക്കും ആശുപത്രി അഡ്മിഷനും ഇടക്കുള്ള അതിർവരമ്പും മേൽ പറഞ്ഞ ശ്വസന വ്യവസ്ഥയുടെ മുകൾ ഭാഗത്തെ അണുബാധയും താഴ് ഭാഗത്തെ അണുബാധയും തമ്മിലുള്ള വേർതിരിവും ഏതാണ്ട് ഒന്നാണ് എന്ന് തിരിച്ചറിയണം. അതായത് വൈറസ് നമ്മുടെ ശ്വസന വ്യവസ്ഥയുടെ മുകൾ ഭാഗത്ത് മാത്രം പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് വീട്ടിൽ ഇരിക്കാം. എന്നാൽ വൈറസിന്റെ ആക്രമണം ശ്വസന വ്യവസ്ഥയുടെ താഴ് ഭാഗത്തേക്ക് ഇറങ്ങി തുടങ്ങിയാൽ ഡോക്ടറെ കാണാനുള്ള സമയമായെന്ന് അർത്ഥം. ഇതിനോടാപ്പമോ ഇതിനു ശേഷമോ വൈറസ് മറ്റു അവയവങ്ങളേയും ആക്രമിക്കാം.
?ഈ വ്യത്യാസം സാധാരണക്കാരന് എങ്ങനെ മനസ്സിലാകും ?
?അതിന് വേണ്ടിയാണ് എല്ലാവരെയും കോവിഡിലെ അപകട സൂചനകൾ പഠിപ്പിച്ചു കൊടുക്കുന്നത്.
?ശ്വാസം മുട്ട് അനുഭവപ്പെടുക
?പൾസ് ഓക്സി മീറ്ററിൽ ഓക്സിജന്റെ അളവ് 94 ൽ കുറയുക
?മിനുട്ടിൽ ശ്വാസോച്ഛാസത്തിന്റെ എണ്ണം ഇരുപതിൽ കൂടുക
തുടങ്ങിയവ അപകട ലക്ഷണങ്ങൾ ആണെന്ന് പറയുന്നത് ഇതുകൊണ്ടാണ്.
?ശ്വാസകോശം പോലെ മറ്റ് ഏത് പ്രധാന അവയവത്തെ കോവിഡ് ബാധിച്ചാലും അത് അപകട സൂചന ആകുന്നു.
?വീഡിയോയിലെ ചില പ്രസ്താവനകൾ കേൾക്കുമ്പോൾ എല്ലാ ന്യൂമോണിയയും വീട്ടിൽ വെച്ച് ചികിൽസിക്കാവുന്ന ഒന്നാണ് എന്ന് ജനം തെറ്റിദ്ധരിക്കാൻ വഴിയുണ്ട്. എന്നാൽ അങ്ങനെയല്ല. വിദഗ്ദ്ധരുടെ അഭിപ്രായമാരാഞ്ഞശേഷം മാത്രം എടുക്കേണ്ട തീരുമാനമാണത്. ജീവന് അപകടമില്ലെന്ന് ഉറപ്പു വരുത്തുകയും വീട്ടിൽ വെച്ച് നിരീക്ഷിക്കേണ്ട കാര്യങ്ങളും കഴിക്കേണ്ട മരുന്നുകളും കൃത്യമായി മനസ്സിലാക്കുകയും ചെയ്ത ശേഷം മാത്രമേ കോവിഡ് ന്യൂമോണിയ ഉള്ളവർ വീട്ടിൽ ചികിത്സ എടുക്കാൻ പാടുള്ളൂ. ഭൂരിപക്ഷത്തിനും ആശുപത്രി അഡ്മിഷൻ തന്നെ വേണ്ടി വരും.
?രണ്ടാമതായി ഓക്സിജൻ സാച്ചുറേഷനെ (oxygen saturation) കുറിച്ച് പറയുന്ന കാര്യങ്ങൾ:
?പൾസ് ഓക്സി മീറ്റർ വെച്ച് ഓക്സിജൻ അളവ് നോക്കാൻ സാധാരണക്കാരെ ഏൽപ്പിക്കേണ്ടി വരുന്നത് ഇപ്പോഴത്തെ അസാധാരണമായ സാഹചര്യം കൊണ്ടു മാത്രമാണ്. അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. ഒക്സിജൻ സാച്ചുറേഷൻ 94 ൽ താഴെ പോയാൽ അത് ആശുപത്രിയുമായി ബന്ധപ്പെടേണ്ട അളവാണ്. എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളിലും ഓക്സിജന്റെ അളവ് 90 ൽ താഴെ ആണെങ്കിൽ അതിഗുരുതരമായ കോവിഡായി ആണ് കണക്കാക്കുന്നത്. ഈ അവസരത്തിൽ ഏതെങ്കിലും ടെക്നിക്കുകളിലൂടെ ഓക്സിജൻ നോർമൽ ആകുമെന്ന് തെറ്റിദ്ധരിച്ചു സമയം നഷ്ടപ്പെടുത്തുന്നത് വലിയ സാഹസമാകും.
?കോവിഡ് രോഗികളിൽ ഗൃഹചികിത്സയാവാം എന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും, വളരെ ലഘുവായ ലക്ഷണങ്ങൾ മാത്രം ഉള്ളവർക്കും ആണ്. ന്യുമോണിയ പോലുള്ള ഗുരുതരാവസ്ഥയിലേക്ക് പോവുന്നവർ ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുകയാണ് നിലവിലെ നിർദ്ദേശ പ്രകാരം വേണ്ടത്.
?ഇനി പ്രസ്തുത വീഡിയോയിലെ മൂന്ന് “ടെക്നിക്കുകൾ” പരിശോധിക്കാം
1️⃣ആവി പിടിക്കുക
2️⃣പ്രോൺ പൊസിഷൻ (prone position)
3️⃣കപ്പിംഗ് ടെക്നിക് (cupping technique)
?എല്ലാ തരം ന്യുമോണിയകളും ശ്വാസകോശത്തെ ഒരേ രീതിയിലല്ല ബാധിക്കുക. ബാക്ടീരിയ മൂലം ഉണ്ടാവുന്ന ന്യുമോണിയകളിലാണ് പൊതുവിൽ കഫം കൂടുതലായി ഉണ്ടാവുക. കോവിഡ് പോലെയുള്ള വൈറൽ ന്യുമോണിയകളിൽ വരണ്ട ചുമയാണ് എന്നതിപ്പോൾ ഏവർക്കും അറിയാമല്ലോ.
?കോവിഡ് ന്യുമോണിയയിൽ ശ്വാസകോശത്തിൽ കഫം നിറയുന്നതും കെട്ടി കിടക്കുന്നതും അല്ല ഓക്സിജൻ അളവ് താഴെ പോകുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ കഫം കുറയ്ക്കാനും, അലിഞ്ഞ് ഇളകി പോരാനും ഒക്കെയുള്ള മാർഗ്ഗങ്ങൾ, കോവിഡ് ന്യൂമോണിയയിലെ പ്രധാന ചികിത്സ ആയി കാണാനും കഴിയില്ല.
1️⃣ആവി പിടിക്കുക –
ആവി പിടിക്കൽ മൂക്കടപ്പ്, സൈനസൈറ്റിസ്, ചുമ തുടങ്ങിയവക്കൊക്കെ ഗുണം ചെയ്യാം. പക്ഷേ ന്യൂമോണിയ പോലെ ഒരു രോഗാവസ്ഥയിൽ ആവി പിടിക്കുന്നതിലൂടെ എത്ര പ്രയോജനം കിട്ടുമെന്നത് സംശയമാണ്.
2️⃣പ്രോൺ പൊസിഷൻ –
ഇത് കോവിഡ് രോഗികളിൽ ശ്വാസതടസ്സം ഉണ്ടാവുമ്പോൾ അനുവർത്തിക്കാവുന്ന ഒരു ചികിത്സാ നടപടിക്രമം ആണ്.
❓️എന്നാൽ ഇത് എന്തിന്, എപ്പോൾ, എങ്ങനെയാണ് ഗുണം ചെയ്യുന്നത്?
കഫം കെട്ടിക്കിടന്ന് ശ്വാസകോശത്തിൽ തകരാറുകൾ ഉണ്ടാവുന്നത് തടയാനല്ല ഈ പ്രക്രിയ. ശ്വാസകോശത്തിലെ എല്ലായിടത്തുമായി വായൂ പ്രവാഹം ഏറ്റവും അനുഗുണമായ രീതിയിൽ ക്രമീകരിച്ചു ഗ്യാസ് എക്സ്ചേഞ്ച് ശരിയായി നടക്കാനാണിത് ചെയ്യുക.
❓️എപ്പോളാണിത് അനുവർത്തിക്കുന്നത്?
?ഇതിനു ഏറ്റവും പ്രസക്തി ഉള്ളത്, കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഐ സി യു കളിലാണ്. വെന്റിലേറ്റർ ചികിത്സകളിൽ അടക്കം ഉപയോഗിക്കുന്നു.
?വീട്ടിൽ ചികിത്സ എടുക്കുമ്പോൾ ചുമ, ചെറിയ തോതിൽ ശ്വാസം മുട്ട് തുടങ്ങിയ അനുഭവപ്പെടുന്നു, എന്നാൽ ഓക്സിജൻ അളവ് 94 ഇൽ കൂടുതൽ ഉണ്ടെങ്കിൽ.
?കോവിഡ് ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്ത ശേഷം തുടരുന്ന ശ്വാസം മുട്ടിൽ
?ശ്വാസതടസ്സം ഉണ്ടാവുകയും എന്നാൽ ആശുപത്രി ചികിത്സ ആ സമയത്ത് ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന കാലയളവിൽ.
എന്നാൽ കോവിഡ് ന്യുമോണിയയുള്ള രോഗിക്ക് വേണ്ടുന്ന പ്രധാന ചികിത്സ സ്റ്റിറോയിഡ് മരുന്നുകൾ, ഓക്സിജൻ തെറാപ്പി, വെന്റിലേറ്റർ ഉപയോഗയുക്തമാക്കിക്കൊണ്ടുള്ള ശ്വസന സപ്പോർട്ട് ഇത്യാദി ഒക്കെയാണ്. അതിന്റെ കൂടെ ഉപയോഗിക്കാവുന്ന ഒരു മാർഗ്ഗം മാത്രമാണ് പ്രോൺ വെന്റിലേഷൻ.
അതായത് പ്രാധ്യാനം ഇല്ലെന്നല്ല, വീഡിയോയിൽ അവതരിപ്പിക്കുന്നത് പോലുള്ള അമിതപ്രാധാന്യം ഈ പ്രക്രിയയ്ക്കില്ല. ആശുപത്രിയിൽ പോയാലും ഇതൊക്കെ തന്നെയല്ലേ എന്നാൽ വീട്ടിൽ തന്നെ ഇരുന്നു ഈ വിദ്യ കൊണ്ട് ഓക്സിജൻ അളവ് കൂട്ടിക്കളയാം എന്ന് കരുതി ആശുപത്രി സഹായം തേടാൻ ആൾക്കാർ വിമുഖത കാട്ടിയാൽ അത് ചിലരുടെ കാര്യത്തിലെങ്കിലും അപകടകരമാവാം.
3️⃣“കപ്പിംഗ് ടെക്നിക് “
?കപ്പിംഗ് ടെക്നിക് എന്ന പേരിൽ പ്രതിപാദിക്കുന്നത് ചെസ്റ്റ് ഫിസിയോതെറാപ്പി (Respiratory / Chest Physiotherapy) യിലുള്ള സങ്കേതങ്ങളിൽ ഒന്നാണ്.
?ഇതും പ്രധാനമായി ശ്വാസകോശത്തിൽ പ്രത്യേക ഭാഗങ്ങളിൽ കഫം കെട്ടിക്കിടക്കുന്ന ചില രോഗാവസ്ഥകളിൽ ഉപയോഗിക്കുന്ന ഒന്നാണ്. കോവിഡ് ന്യുമോണിയയിൽ ഇതിന് എന്തെങ്കിലും പ്രാധാന്യമോ ആവശ്യകതയോ ഉണ്ടെന്നതിന് ആധികാരികമായ തെളിവുകൾ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തി നിർദ്ദേശിച്ചിട്ടില്ല.
?ഈ പ്രക്രിയ ചെയ്യേണ്ടത് പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാണ്. ഗൃഹ ചികിത്സയിൽ ഐസൊലേഷനിൽ ഇരിക്കുന്ന ഒരു രോഗിക്ക് സ്വയം ചെയ്യാവുന്ന ഒരു പ്രക്രിയ അല്ല ഇത്.
?മറ്റൊരു പ്രധാന കാര്യം നെഞ്ചിനു മുകളിൽ ഉള്ള ഈ ശക്തമായ കൊട്ടൽ ചില ശാരീരികാവസ്ഥകളിൽ എങ്കിലും ചെയ്യാൻ പാടില്ല എന്നാണു ശാസ്ത്രം പറയുന്നത്. അത് കൊണ്ട് തന്നെ ചികിത്സിക്കുന്ന ഡോക്ടർ വിലയിരുത്തി നിർദ്ദേശിച്ചാൽ മാത്രമാണ് ഇത് ചെയ്യേണ്ടത്.
?ഇനി മറ്റുള്ളവർ ചേർന്ന് ഇത് രോഗിക്ക് ചെയ്തു കൊടുക്കാൻ ശ്രമിക്കുന്നതിലും അപകടം ഉണ്ട്, രോഗിയുടെ ചുറ്റിനും ഉള്ളവർക്ക് രോഗം പകരാനുള്ള സാധ്യത കൂടും എന്നാണ് കരുതുന്നത്.
ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെ അതും ഒരു മഹാമാരിയെ നേരിടുമ്പോൾ വസ്തുതകൾ അമിതമായി ലളിതവൽക്കരിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്നത് അപകടകരമാണ് എന്ന് മനസ്സിലാക്കണം. പ്രത്യേകിച്ചും ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥ പോലെ അത്യന്തം ഗുരുതരമായ അവസ്ഥകളിൽ ഒരാൾ ഇത്തരം പ്രക്രിയകൾക്ക് മുതിർന്നാൽ ഉണ്ടാകാവുന്ന അപകടം പറയേണ്ട കാര്യം ഇല്ലല്ലോ. അതേ പോലെ ശ്വാസകോശം ന്യൂമോണിയ വന്ന് വെളുത്തു പോയ സ്ഥിതിയിൽ നിന്ന് ലളിതമായ ടെക്‌നിക്കുകളിലൂടെ തിരിച്ചു സാധാരണ സ്ഥിതിയിലേക്ക് വരുമെന്ന് ഒരാൾ ധരിച്ചു പോയാൽ അതിനും കൊടുക്കുന്നത് വലിയ വില ആയിരിക്കും.
ജനങ്ങൾക്ക് കൊടുക്കുന്ന ഉപദേശങ്ങൾ സർക്കാർ നിർദ്ദേശങ്ങൾക്കും ശാസ്ത്രത്തിനും കടക വിരുദ്ധം ആകരുത്.
അനേകം പേരിലേക്ക് ഈ വീഡിയോ എത്തിയിട്ടുണ്ട്, വീഡിയോ പിൻവലിച്ചു ഒരു ക്ലാരിഫിക്കേഷൻ ഈ വിഷയത്തിൽ കൊടുക്കാൻ കഴിഞ്ഞാൽ പൊതു സമൂഹത്തിന് അത് ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു.
സസ്നേഹം ടീം ഇൻഫോ ക്ലിനിക്.
ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ