· 4 മിനിറ്റ് വായന
കോവിഡ് പോരാട്ടത്തിലിനി FELUDAയും
കോവിഡ് രോഗത്താൽ ഏറ്റവും അധികം ബാധിതമായ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ എന്ന നന്നല്ലാത്ത അവസ്ഥയിലും പ്രത്യാശാ നിർഭരമായ ഒന്നാണ് ഇന്ത്യ സ്വന്തമായി FELUDA എന്ന രോഗനിർണയ കിറ്റ് വികസിപ്പിച്ചു എന്ന വാർത്ത.
നാം പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ ഇത് കോവിഡ് രോഗനിയന്ത്രണത്തിൽ നമ്മെ വലിയ രീതിയിൽ സഹായിക്കും.
നിലവിലെ രോഗനിർണ്ണയ രീതികളിൽ ഉള്ള പരിമിതികൾ (ഇത് വഴിയേ പറയാം) കവച്ചു വെയ്ക്കാൻ ഈ ടെസ്റ്റ് കിറ്റ് നമ്മുക്ക് ഗുണകരമാവും.
എന്താണ് FELUDA ?
CRISPR പേര് കഴിഞ്ഞ ദിവസം പലരും കേട്ടു കാണും. CRISPR ഉപയോഗിച്ചുള്ള ജീനോം എഡിറ്റിങ്ങുമായി ബന്ധപ്പെട്ട റിസേർച്ചിനാണ് കഴിഞ്ഞ ദിവസം Emmanuelle Charpentier & Jennifer Doudna എന്നീ രണ്ടു വനിതകൾക്ക് കെമിസ്ട്രിയിലെ നൊബേൽ പുരസ്കാരം കിട്ടിയത്.
Clustered Regularly Interspaced Short Palindromic Repeats എന്ന CRISPR സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി CSIR-Institute of Genomics & Institute of Genomics and Integrative Biology (IGIB) വികസിപ്പിച്ചെടുത്ത കോവിഡ് ടെസ്റ്റ് കിറ്റ് ആണ് FELUDA. TATA കോൺഗ്‌ളോമെറെയ്റ്റ് ആണിത് നിർമ്മിക്കുന്നത്.
വേണ്ട പരിശോധനനടപടികൾകൾക്കും മറ്റും ശേഷം, ഈ ടെസ്റ്റ് കിറ്റ് വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള അനുമതി കഴിഞ്ഞ ആഴ്ചയിൽ ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ നൽകിയിരുന്നു.
FELUDA, എന്നത് സൂചിപ്പിക്കുന്നത് FNCAS9 Editor-Limited Uniform Detection Assay, എന്നതാണ്.
“ഫെലുഡ” എന്ന സത്യജിത്ത് റായുടെ സൃഷ്ടിയായ കുറ്റാന്വേഷകനായ കഥാപാത്രത്തിന്റെ പേര് അനുസ്മരിക്കുന്നതിനാണ് ഈ പേരിട്ടത്.
എന്താണ് മേന്മകൾ?
*Cheaper, Faster, Simpler & More accurate.*
കൂടിയ കൃത്യതയും, ഗുണനിലവാരവും ഉള്ള ടെസ്റ്റിങ് കിറ്റാണിത്.
ഉടനടി റിസൾട്ട് – പേപ്പർ സ്ട്രിപ്പിൽ “കളർ വ്യതിയാനം രണ്ടു നീല വരകൾ” ആയി ഫലം തെളിഞ്ഞു വരും.
ആയതിനാൽ ലളിതം & അതിവേഗം റിസൾട്ട് കിട്ടുന്ന സാങ്കേതിക വിദ്യ.
വിലക്കുറവ് – ഏകദേശം 500 രൂപയ്ക്ക് ഇത് ഉപയോഗിച്ച് രോഗനിർണ്ണയം നടത്താം എന്നാണ് സൂചനകൾ.
നാമിതുവരെ നടത്തിയിരുന്നത് പോലെ സ്രവം ശേഖരിച്ചു നടത്തുന്ന പരിശോധനയാണിത്.
മുൻപത്തെ രോഗനിർണയ പരിശോധനകളുമായി താരതമ്യം ചെയ്‌താൽ?
നാം ഉപയോഗിച്ച് പോന്നിരുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളുടെ പ്രധാന പോരായ്മ നെഗറ്റിവ് റിസൾട്ടുകളിൽ ഉള്ള കൃത്യത ഇല്ലായ്മ ആയിരുന്നു.
ഉദാ: സൗത്ത് കൊറിയൻ നിർമ്മിത റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റിന്റെ സെന്സിറ്റിവിറ്റി 86% to 54% മാത്രമായിരുന്നു. അതായത് പോസിറ്റിവ് ആയ ചിലരിലും നെഗറ്റിവ് റിസൾട്ട് കിട്ടാനുള്ള സാധ്യത 24 % മുതൽ 46% വരെ ഉണ്ടായിരുന്നു.
( റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് ഫോൾസ് നെഗറ്റീവ് റിസൾട്ടുകൾ തരാൻ സാധ്യതയുള്ളത് കൊണ്ട്, നെഗറ്റീവ് റിസൾട്ട് കിട്ടുന്നവരിൽ RTPCR ടെസ്റ്റ് ചെയ്താണ് നമ്മുടെ പ്രോട്ടോക്കോൾ പ്രകാരം രോഗനിർണ്ണയം നടത്തുന്നത്. )
എന്നാൽ FELUDA യുടെ കാര്യത്തിൽ ടെസ്റ്റിന്റെ സെന്സിറ്റിവിറ്റി 96 % & സ്പെസിഫിസിറ്റി 98% വും ആണെന്നാണ്. അതായത് പോസിറ്റിവ് ആയവരെ മിസ്സ് ചെയ്യാനുള്ള സാധ്യത തുലോം കുറവാണ്.
മാത്രമല്ല, മറ്റു കൊറോണ വൈറസുകളുടെ സാന്നിധ്യം കൊണ്ട് തെറ്റായ റിസൾട്ട് തരില്ല എന്നുമാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്.
നിലവിൽ നാം “ഗോൾഡ് സ്റ്റാൻഡേർഡ്” ടെസ്റ്റ് ആയി കണക്കാക്കുന്ന RTPCR നു കൃത്യതയുണ്ട് എന്നാൽ, ഇത് ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ, കൂടുതൽ വൈദഗ്ധ്യം, കൂടുതൽ പ്രയത്നം, റിസൾട്ട് കിട്ടാൻ നിലവിൽ വേണ്ടി വരുന്ന കാലതാമസം ( 3 അല്ലെങ്കിൽ അധികം ദിവസങ്ങൾ).
ഈ പരിമിതികളെ കവച്ചു വെക്കുന്നത് മൂലം FELUDA എന്ന ടെസ്റ്റ് സംവിധാനം കൂടുതൽ രോഗികളെ പെട്ടന്ന് കണ്ടെത്തുന്നതിനും നേരത്തെ ഐസൊലേഷനും, ചികിത്സയും സാധ്യമാക്കുകയും ചെയ്യുന്നതിലൂടെ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ നമ്മെ ഗുണപരമായി സഹായിക്കും എന്ന് പ്രത്യാശിക്കുന്നു.