· 6 മിനിറ്റ് വായന

കോവിഡ് വൈറസല്ല, ബാക്റ്റീരിയ: ചില കോവിഡ് കാല കോമഡികൾ

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം
?‍? ഒരു ഹോക്സ് മെസ്സേജ് പാചകം ചെയ്യുന്ന വിധം ആണ് ഇന്ന് ഇൻഫോ ക്ലിനിക് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.
? ആദ്യമായി ഇപ്പോൾ നിലവിലുള്ള ഒരു ശാസ്ത്ര തത്വം അല്ലെങ്കിൽ വിശ്വാസത്തിനു കടക വിരുദ്ധമായ ഒരു ഐഡിയ കണ്ടു പിടിക്കുക. “ഉദാഹരണത്തിന് കോഴി ഒരു പക്ഷി അല്ല മൃഗം ആണ്”…
? ഇനി നിങ്ങൾക്ക് റീച്ച് കൂടുതൽ കിട്ടണമെങ്കിൽ ആരോഗ്യ സംബന്ധമായ ശാസ്ത്ര സത്യങ്ങൾ ആയിരിക്കും ഉത്തമം, അതു തന്നെ സർവ്വസാധാരാണമായ, അല്ലെങ്കിൽ പരമാവധി ആളുകൾക്ക് ഭയമുള്ള ഒരു രോഗം തിരഞ്ഞെടുക്കുക. ഇതു വരെ പറഞ്ഞു കൊണ്ടിരിക്കുന്നതിന് നേരെ വിപരീത ദിശയിൽ ഒരു വാചകം തയ്യാറാക്കുക. ഉദാഹരണത്തിന് “പ്രമേഹത്തിൽ വൃക്കകളെ നശിപ്പിക്കുന്നത് ഗ്ലൂക്കോസല്ല, ഇൻസുലിൻ”.
ഇത് പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റും. സൂപ്പർ ഹിറ്റാകും.
? ഇനി ഇതിനെ വിശ്വസനീയമാക്കാൻ ചില ചേരുവകൾ വളരെ പ്രധാനമാണ്. അതാണ് ഇതിൻ്റെ ഷെയർ തീരുമാനിക്കുന്ന പ്രധാന ഘടകം. ഒന്നാമത്തേത് ചില സ്ഥാപിതമായ ശാസ്ത്ര വസ്തുതകൾ കൊണ്ടുവരണം. ഉദാഹരണത്തിന് “വൃക്കകളിലെ ക്ലിമ്മൽസ്റ്റീൽ വിൽസൺ ബോഡികളിൽ ഇൻസുലിൻ്റെ അളവ് പ്രമേഹരോഗികളിൽ വളരെ കൂടുതലായിരുന്നു എന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ” എന്നൊരു വാചകം മെല്ലെ മിക്സ് ചെയ്തു കൊടുക്കാം.
? ഇനി ഇതിൻ്റെ പിതൃത്വം കേട്ടാൽ അത്യാവശ്യം ആഢ്യത്വം തോന്നിപ്പിക്കുന്ന ഓക്സ്ഫോർഡ്, ഹാവേർഡ് എന്നൊക്കെയുള്ള പേരുകൾ കൊണ്ടുവരണം. അതല്ലെങ്കിൽ കേൾക്കുമ്പോൾ തന്നെ സല്യൂട്ട് അടിച്ചു പോകുന്ന ഒരു ശാസ്ത്രജ്ഞൻ്റെ പേര്, ലൈക് “കൊറിയൻ ശാസ്ത്രജ്ഞൻ അകിറാ കുറാസാകി”, “ജർമൻ ശാസ്ത്രജ്ഞൻ വില്യം ഹെർമണ്ട്” അങ്ങനെയൊക്കെ ആണെങ്കിൽ പൊളി.
? ഇനി കുറച്ച് ഞെട്ടലും വിറയലും കൊണ്ടു വന്നാൽ സംഗതി ഉഷാർ. ശാസ്ത്രലോകം ഞെട്ടലിൽ, അല്ലെങ്കിൽ വിറങ്ങലിച്ച് ശാസ്ത്രലോകം…
?വേണമെങ്കിൽ ചതി, വഞ്ചന ഒരൽപ്പം ചാലിക്കാം. “രോഗികളെ വഞ്ചിച്ച മരുന്നുമാഫിയ കൂട്ടുകെട്ട്” ഇങ്ങനെ.
? ഇനി ഇത് വാട്സ് ആപ്പിൽ കയറ്റി വിട്ടോളൂ. സൂപ്പർ ഡൂപ്പർ ഹിറ്റ്.
ഈ ജാതി ഒന്നാണ് “കോവിഡ് വൈറസല്ല, ബാക്ടീരിയ” സിദ്ധാന്തം.
നൈജീരിയയിലെ ഗോസിപ്പ് വെബ്സൈറ്റായ Efogator.comൽ പ്രസിദ്ധീകരിച്ച കുറിപ്പാണ് ഏതോ വിരുതൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രചരിപ്പിച്ചത്. കോവിഡ് ഒരു വൈറസല്ല, ബാക്ടീരിയയാണ് എന്നും ആൻറിബയോട്ടിക് ഉപയോഗിച്ച് ഈ രോഗത്തെ ചികിത്സിക്കാം എന്നും രക്തം കട്ടപിടിക്കുന്നതാണ് കോവിഡ് രോഗത്തിൽ മരണകാരണമാകുന്നത് എന്നുമൊക്കെയാണ് ഈ കുറിപ്പ് അവകാശപ്പെടുന്നത്. കോവിഡ് രോഗം ചികിത്സിക്കുന്നതിന് വെൻറിലേറ്റർ ആവശ്യമില്ല എന്നും ഈ കുറിപ്പിൽ പറയുന്നുണ്ട്.
കോവിഡ് വൈറസ് ആണ് എന്നത് മാത്രമല്ല, ആ വൈറസിന്റെ ഓരോ ഭാഗങ്ങളും, അവയിൽ വരുന്ന ജീനോമിക് ലെവലിൽ ഉള്ള ഓരോ മാറ്റങ്ങളും ദിനം തോറും കണ്ടെത്തി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ഇത്രയും ബാലിശമായ ഒരു വാദം എല്ലാ ഗ്രൂപ്പുകളിലും ഓടിക്കൊണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും സങ്കടം. ചൈനയിലെ വൈറസിന്റെ രൂപം, അതിനോട് ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളിലെ വൈറസിന്റെ രൂപത്തിലെ സാമ്യം എല്ലാം ശാസ്ത്രത്തിനു മുന്നിൽ തെളിഞ്ഞു കഴിഞ്ഞു. മാത്രമല്ല, ഓരോ പ്രതലത്തിലും വൈറസിന്റെ സാന്നിധ്യം, അതിനു നില നിൽക്കാൻ കഴിയുന്ന സമയം പല പഠനങ്ങളിലും കണ്ടെത്തി. പല തരത്തിലുള്ള മരുന്നുകൾ വൈറസിന്റെ കോശങ്ങളിലേക്ക് ഉള്ള പ്രവേശനത്തിലും വികാസത്തിലും വരുത്തുന്ന മാറ്റങ്ങൾ പഠനവിധേയം ആയി. വൈറസ് ശരീരത്തിൽ ഉണ്ടാക്കുന്ന ഇമ്മ്യൂണിറ്റിയുടെ സങ്കീർണമായ പ്രതിപ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ ശാസ്ത്രത്തിന്റെ ശ്രദ്ധ മുഴുവൻ, അതോടൊപ്പം വാക്‌സിനും അതിന്റെ വിജയ സാധ്യതകളും. അപ്പോഴാണ് അടിസ്ഥാന തത്വങ്ങളെ ചോദ്യം ചെയ്യുന്ന ഹോക്സ് സന്ദേശങ്ങൾ !!
ഈ അവകാശവാദങ്ങളിൽ സത്യത്തിന്റെ കണികയെങ്കിലുമുണ്ടോ എന്നു പരിശോധിക്കാം.
⁉️ കോവിഡ് ഒരു ബാക്ടീരിയൽ രോഗമാണോ ? ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ഈ രോഗത്തെ ചെറുക്കാനാകുമോ ?
? കൊവിഡ് ഒരു ബാക്റ്റീരിയൽ രോഗമല്ല. നോവൽ കൊറോണ വൈറസ് എന്ന RNA വൈറസ് കാരണമുണ്ടാകുന്ന അസുഖമാണ് കൊവിഡ്. ഈ വൈറസിന്റെ അസ്ഥിത്വം ജനിതക പഠനങ്ങൾ വഴിയും ഇലക്ട്രോൺ മൈക്രോസ്കോപ്പി വഴിയുമെല്ലാം നാം സംശയലേശമെന്യേ ഉറപ്പിച്ചതാണ്. എന്നാൽ കോവിഡ് രോഗബാധ ഗുരുതരമായവരിൽ ചില ബാക്ടീരിയകളും കൂടി കയറിപ്പറ്റി രോഗം വഷളാകാൻ സാധ്യതയുണ്ട്. സെക്കൻഡറി ബാക്റ്റീരിയൽ ഇൻഫെക്ഷൻ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മറ്റ് പല വൈറൽ രോഗങ്ങളിലും കണ്ടുവരുന്നു. ഇത്തരത്തിൽ വൈറസ് രോഗത്തിൽ ഒരു ബാക്റ്റീരിയൽ അണുബാധ ഉണ്ടായാൽ അതു ചികിത്സിക്കുന്നതിന് ആൻറിബയോട്ടിക് മരുന്നുകൾ ഫലപ്രദമാണ്. എന്നാൽ ഈ ആൻറിബയോട്ടിക് മരുന്നുകൾക്ക് ഒരിക്കലും കൊറോണ വൈറസിനെ ചെറുക്കാനാകില്ല. ആൻറിബയോട്ടിക്കുകൾ വൈറസിനെതിരെ ഫലശൂന്യമാണ് എന്നതാണ് കാരണം.
⁉️ കോവിഡ് രോഗത്തിൽ മരണകാരണമാകുന്നത് രക്തം കട്ടപിടിക്കുന്നതാണ് എന്നും ന്യൂമോണിയ അല്ല എന്നുള്ള വാദത്തിൽ കഴമ്പുണ്ടോ ?
? മുകളിലത്തെ ഉദാഹരണത്തിൽ പറഞ്ഞ പോലെ ഇവ ഹോക്സിൽ ചാലിച്ച ശാസ്ത്രീയതയാണ് ശ്വാസകോശങ്ങളിലെ രക്തക്കുഴലിലെ മാറ്റങ്ങൾ. ഇത് നേരത്തെ തെളിഞ്ഞ വസ്തുതയാണ്. ശ്വാസകോശങ്ങളിൽ കോവിഡ് ഉണ്ടാക്കുന്ന പല മാറ്റങ്ങളിൽ ഒന്നാണ് രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ; മറ്റു പല പ്രശ്നങ്ങളിൽ ഒന്ന് (ന്യൂമോണിയ, ARDS തുടങ്ങിയവയിൽ). 20 മുതൽ 30 ശതമാനം വരെ രോഗികളിൽ ഈ ഗുരുതര സങ്കീർണത കണ്ടു വരുന്നതായി വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനു വേണ്ടി രക്തത്തിലെ കട്ട അലിയിക്കുന്ന ഹെപ്പാരിൻ പോലത്തെ മരുന്നുകളുടെ ഉപയോഗം നേരത്തെ നിലവിൽ വന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ആണ് ഇത് ഉപയോഗിക്കുന്നത് (കേരളത്തിൽ അടക്കം ഇത് ഉപയോഗിച്ച് കഴിഞ്ഞു).
എന്നാൽ കോവിഡ് രോഗത്തിന്റെ സങ്കീർണതകളിൽ ഒന്നു മാത്രമാണ് ഇത്. ചില രോഗികളിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഫലപ്രദമാകാമെങ്കിലും രോഗത്തിന്റെ സങ്കീർണതകളെല്ലാം തടയാൻ ഇവ ഒരുകാരണവശാലും മതിയാവുകയില്ല. ന്യൂമോണിയ മൂലമുണ്ടാകുന്ന ശ്വസന വ്യവസ്ഥയുടെ പരാജയമാണ് കൊവിഡ് രോഗബാധിതരിൽ പ്രധാന മരണകാരണമാകുന്നതെന്ന് തെളിയിക്കുന്ന പഠനങ്ങളും നമുക്കുണ്ട്.
⁉️ വെൻറിലേറ്ററുകളും ഇന്റൻസീവ് കെയർ യൂണിറ്റുകളും ഇല്ലാതെ രോഗം ചികിത്സിക്കാനാകുമോ ?
? കൊറോണാ വൈറസ് ബാധ ഉണ്ടാകുന്നവരിൽ ഏതാണ്ട് പത്തിലൊന്നിൽ താഴെ ആളുകൾ മാത്രമാണ് ഐസിയു പ്രവേശനം ആവശ്യമാകുന്നവർ. എന്നാൽ ഐസിയു പ്രവേശനം ആവശ്യമുള്ളത്ര ഗുരുതരാവസ്ഥയിൽ എത്തിയവർക്ക് വെൻറിലേറ്ററും മറ്റും ഉപയോഗിച്ചുള്ള ചികിത്സ തരംപോലെ ആവശ്യമായി വന്നേക്കാം. ഏത് രോഗത്തിലും അതിന്റെ മൂർധന്യാവസ്ഥയിൽ ജീവൻ നില നിർത്താൻ, രക്തത്തിൽ ഓക്‌സിജന്റെ അളവ് നില നിർത്താൻ ഉപയോഗിക്കുന്ന ജീവൻ രക്ഷാ മാർഗമാണ് വെന്റിലേറ്റർ. അതു നമുക്ക് നൽകുന്നത് ഒരു ആയുസ്സ് നീട്ടിത്തരൽ ആണ്, മറ്റു മാർഗങ്ങൾ ഫലിക്കും വരെ. വെൻറിലേറ്റർ ആവശ്യമുള്ളവരിൽ അത് ഉപയോഗിക്കാതിരുന്നാൽ മരണത്തിനു തന്നെ കാരണമാകാം.
വെൻറിലേറ്റർ ഉപയോഗിക്കാതെ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകളും ആൻറിബയോട്ടിക്കുകളും മാത്രം ഉപയോഗിച്ച് കോവിഡ് ചികിത്സിക്കാം എന്ന വാദം പൂർണമായും തെറ്റാണ്.
⁉️ കൊവിഡ് രോഗികളെ പോസ്റ്റ്മോർട്ടം ചെയ്യരുത് എന്ന ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം അവഗണിച്ചാണ് ഈ വിവരം കണ്ടെത്തിയത് എന്ന് പറയുന്നുണ്ടല്ലോ ?
? പോസ്റ്റ്മോർട്ടം ചെയ്യുന്നതുവഴി രോഗപ്പകർച്ച ഉണ്ടാകരുത് എന്ന് കരുതിയാണ് ഓട്ടോപ്സി പരിശോധനകൾ പരമാവധി ഒഴിവാക്കണമെന്ന നിർദേശം ഉണ്ടായത്. എന്നാൽ ഗവേഷണ ആവശ്യങ്ങൾക്ക് വേണ്ടിയും മെഡിക്കോ ലീഗൽ കാരണങ്ങളാലും പല രാജ്യങ്ങളിലും ഓട്ടോപ്സി പരിശോധനകൾ നടക്കുന്നുണ്ട്. ഇവയിലൊന്നും കൊവിഡ് രോഗം കൊണ്ടുണ്ടാകുന്ന മരണങ്ങൾക്കെല്ലാം കാരണം രക്തം കട്ടപിടിക്കുന്നതാണ് എന്ന് തെളിഞ്ഞിട്ടില്ല.
⁉️ ചൈനയുടെ കച്ചവടതാല്പര്യം കാരണമാണ് ഈ വിവരം മറച്ചുവെയ്ക്കുന്നത് എന്നു പറയുന്നതോ?
? ഇത് മറ്റൊരു ഉണ്ടയില്ലാവെടി മാത്രമാണ്. ലോകത്താകമാനം കൊവിഡ് രോഗികളും ഗവേഷണങ്ങളും നടക്കുന്ന ഇക്കാലത്ത് ഒരു രാജ്യം മാത്രം വിചാരിച്ചാൽ ഇത്തരം വിവരങ്ങൾ ഒളിച്ചുവയ്ക്കാൻ സാധിക്കില്ല. ഈ വാർത്തയിൽ പറയുന്നതുപോലെ മരുന്നുകളുപയോഗിച്ച് ചികിത്സിക്കാവുന്ന രോഗമാണ് കൊവിഡ് എങ്കിൽ അതിലും ചൈനയ്ക്ക് ധാരാളം കച്ചവട അവസരങ്ങളുണ്ട്. പല സുപ്രധാന മരുന്നുകളുടെയും അടിസ്ഥാനമായ രാസവസ്തുക്കൾ (active pharmaceutical ingredients-APIs) നിർമ്മിക്കുന്നത് പ്രധാനമായും ചൈനയിലാണ്.
⁉️മെസ്സേജിൽ ചില മരുന്നുകൾ, ആസ്പിരിൻ, അപ്രോനാക്സ്, പാരസെറ്റമോൾ എന്നിവ വളരെ ഗുണം ചെയ്യും എന്ന് പറയുന്നു.ഇതു ശരിയാണോ?
? ബാക്കി എല്ലാം സഹിച്ചാലും ഇതു വളരെ കടുത്തു എന്ന് പറയാതെ വയ്യ. അപ്രോനക്‌സ് എന്നാൽ നപ്രോക്സെൻ. അതൊരു വേദന സംഹാരി. ഒരു കാരണവശാലും പനികളിൽ സ്വയം വാങ്ങി കഴിക്കരുത് എന്ന് ഡോക്ടർമാർ ഉപദേശിക്കുന്ന മരുന്നാണ് വേദന സംഹാരികൾ (NSAID). ഇത് വളരെ അപകടകരമാകാവുന്ന ഒരു സന്ദേശമാണ് പൊതു ജനത്തിന് കൊടുക്കുന്നത്. ആസ്പിരിൻ ആകട്ടെ ചില തെരഞ്ഞെടുത്ത രോഗങ്ങളിൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം കഴിക്കേണ്ട മരുന്നാണ്.
ഈ മെസ്സേജിലെ ഏറ്റവും പ്രതീക്ഷ തരുന്ന പോയിന്റ് ആവട്ടെ പാരസെറ്റമോളിന്റെ പ്രയോജനം ആണ്. നമ്മൾ എല്ലാ പനിക്കും കഴിക്കുന്ന മരുന്ന് ജീവൻ പോലും രക്ഷിച്ചേക്കാം എന്ന ഒരു പ്രതീക്ഷ വളരെ നല്ലത് തന്നെ, പക്ഷെ സലീം കുമാറിന്റെ ബിരിയാണി കൊടുക്കൽ പോലെ ആണെന്ന് മാത്രം….
ചുരുക്കിപ്പറഞ്ഞാൽ കൊറോണാവൈറസിനെക്കുറിച്ച് വൈറലായ അനേകം വ്യാജവാർത്തകളിൽ ഒന്നു മാത്രമാണ് ഇതും. ഇത്തരം സംശയാസ്പദമായ വാർത്തകൾ ഫോർവേഡ് ചെയ്യാതിരിക്കുകയാണ് കൊവിഡിനെപ്പോലെത്തന്നെയോ അതിലുപരിയോ അപകടരമായ വാർത്താ-വൈറസുകളിൽ നിന്നു രക്ഷപ്പെടാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത്.

 

ലേഖകർ
Shameer V K completed MBBS from Pariyaram Medical College and MD General Medicine from Govt Medical College, Thrissur. He has worked at Malabar Medical College, KMCT Med College, and Thrissur Medical College. Presently Assistant Professor, Kozhikode Medical College. Special interest - Infectious Diseases, Diabetes and Geriatrics.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ