· 5 മിനിറ്റ് വായന
കോവിഡ് ചക്രവാളത്തിൽ പുതിയ പോരാളികൾ (മോൾനുപിരാവിറും മറ്റു ചിലരും)
കോവിഡിനെതിരായ വാക്സിനുകൾ അവയുടെ ധർമ്മം നിർവഹിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കോവിഡിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന മരുന്നുകൾ രംഗപ്രവേശം ചെയ്യാൻ തുടങ്ങിയിരിക്കുന്നത്. കോവിഡ് തുടച്ചുനീക്കുക സാധ്യമല്ല എന്നും ഇനി കൊറോണാവൈറസിനോടൊപ്പമുള്ള ജീവിതം മാത്രമാണ് സാധിക്കുക എന്നും നാം തിരിച്ചറിയുന്ന സാഹചര്യത്തിൽ ഇത്തരം മരുന്നുകൾക്കുള്ള പ്രാധാന്യം ഏറുകയാണ്. കഴിഞ്ഞയാഴ്ച ഇത്തരത്തിലുള്ള ഒന്നിലധികം മരുന്നുകളെ കുറിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. ഇവ പ്രതീക്ഷ നൽകുന്ന കണ്ടെത്തലുകളാണോ എന്നു പരിശോധിക്കാം.
ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മെർക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ആൻറിവൈറൽ ഗുളികയ്ക്ക് COVID-19 ഉള്ള ആളുകളുടെ ആശുപത്രിവാസവും മരണവും പകുതിയായി കുറയ്ക്കാൻ കഴിയുമെന്നുള്ള ഫലമാണു കഴിഞ്ഞ ആഴ്ചത്തെ ഏറ്റവും പ്രധാന വാർത്തകളിൽ ഒന്ന്. ഫലങ്ങൾ ഇതുവരെ പിയർ റിവ്യൂവിനു വിധേയമായിട്ടില്ല എങ്കിലും മോൾനുപിരാവിർ എന്നു പേരിട്ട ഈ മരുന്ന് അംഗീകരിക്കപ്പെട്ടാൽ, അത് COVID-19 നുള്ള, വായിലൂടെ കഴിക്കാവുന്ന ആദ്യ ആൻറിവൈറൽ ചികിത്സയായിരിക്കും. ( നിലവിൽ അംഗീകൃതമായ റെംഡെസിവിർ, മോണോക്ലോണൽ ആന്റിബോഡി കോക്ടെയ്ൽ എന്നിവ കുത്തിവയ്പ്പിലൂടെ നൽകണം. കൂടാതെ കൊവിഡ്-19 ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവർക്കു മാത്രമേ റെംഡെസിവിർ ഉപയോഗത്തിനു അംഗീകാരമുള്ളൂ. ഇതെല്ലാം ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് ആളുകൾക്ക് ചികിത്സ നൽകുന്നത് ഏതാണ്ട് അസാധ്യമാക്കുന്നു.) ഗുളികരൂപത്തിൽ മരുന്നെത്തുന്നതോടെ, രോഗബാധിതരെ തുടക്കത്തിൽ തന്നെ ചികിത്സിക്കുന്നത് വളരെയെളുപ്പവും കൂടുതൽ ഫലപ്രദവുമാക്കാൻ സാധിക്കും. ആശുപത്രികൾ കവിഞ്ഞൊഴുകുന്നത് തടയാനും ഈ ചെറു ഗുളികയ്ക്ക് സാധിച്ചേക്കും. ഗുരുതരമായ അസുഖത്തിന് സാധ്യതയുള്ള COVID-19 പോസിറ്റീവ് ആളുകൾ ഉൾപ്പെട്ട മൂന്നാം ഘട്ട പരീക്ഷണത്തിൽ മോൾനുപിരാവിർ വളരെ ഫലപ്രദമാണ് എന്നു കണ്ടെത്തിയതിനെത്തുടർന്ന് പരമാവധി പെട്ടെന്ന് മരുന്ന് ആളുകൾക്ക് ലഭ്യമാക്കാനാണ് ചില ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നത്.
എന്നാൽ ഈ കണ്ടെത്തൽ കൊണ്ട് ഏറ്റവും ഗുണമുണ്ടാകാൻ സാധ്യതയുള്ള വികസ്വരരാജ്യങ്ങൾക്ക് എത്രത്തോളം ഇതിനെ ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന് സംശയമാണ്. രോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തിയാലേ ഈ മരുന്ന് ഫലപ്രദമാകൂ എന്നതാണ് പ്രധാന പ്രതിബന്ധം. ഇത്തരം രാജ്യങ്ങൾക്ക്, രോഗം ആദ്യഘട്ടത്തിൽ കണ്ടെത്താനുള്ള ടെസ്റ്റിംഗ് സംവിധാനം ഉണ്ടായിക്കൊള്ളണമെന്നില്ല. ഇന്ത്യയിലും രണ്ട് മരുന്നു നിർമ്മാതാക്കൾ ജനറിക് മോൾനുപിരാവിർ സ്വതന്ത്രമായി പരീക്ഷിക്കുന്നുണ്ട്. ജനറിക് മരുന്ന് ലഭ്യമായാൽ വലിയ ചിലവില്ലാത്ത തന്നെ ഇത് ആളുകൾക്ക് വിതരണം ചെയ്യാൻ സാധിച്ചേക്കും.
വെനിസ്വേലൻ ഇക്വിൻ എൻസെഫലൈറ്റിസ് വൈറസ് എന്ന മസ്തിഷ്കജ്വര വൈറസിന് എതിരായ ചികിത്സ എന്ന നിലയിലാണ് മോൾനുപിരാവിർ വികസിപ്പിച്ചെടുത്തതും തുടക്കത്തിൽ പരീക്ഷിച്ചതും. അറ്റ്‌ലാന്റയിലെ എമറി യൂണിവേഴ്‌സിറ്റിയുടെ നോൺ പ്രോഫിറ്റ് കമ്പനിയായ DRIVE (ഡ്രഗ് ഇന്നൊവേഷൻ വെഞ്ചേഴ്‌സ് അറ്റ് എമറി) ആണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. 2015-ൽ, DRIVE-ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോർജ്ജ് പെയിന്റർ, ടെന്നസിയിലെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് മാർക്ക് ഡെനിസൺ എന്ന ഗവേഷകന് കൊറോണ വൈറസുകൾക്കെതിരെ പരീക്ഷിക്കാൻ ഈ മരുന്ന് നൽകുകയായിരുന്നു. MERS, മൗസ് ഹെപ്പറ്റൈറ്റിസ് വൈറസ്2 തുടങ്ങി ഒന്നിലധികം കൊറോണ വൈറസുകൾക്കെതിരെ മോൾനുപിറാവിർ പ്രവർത്തിക്കുന്നതായി അദ്ദേഹം കണ്ടെത്തി. കൊറോണ വൈറസ് പാൻഡെമിക് ശക്തിപ്പെട്ടതോടെ ഗവേഷണവും വളർന്നു.
മോൾനുപിരാവിർ, റെംഡെസിവിർ പോലെ, ഒരു ന്യൂക്ലിയോസൈഡ് അനലോഗ് ആണ്. അതായത്, വൈറസിൻറെ ജനിതക പദാർത്ഥമായ ആർഎൻഎയുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ചില ഘടകങ്ങൾക്കു സമാനമാണ് ഈ മരുന്നിൻ്റെ ഘടന. കൊറോണ വൈറസ് ഒരു കോശത്തിൽ പ്രവേശിക്കുമ്പോൾ, സ്വന്തം RNA പദാർത്ഥത്തിൻ്റെ പകർപ്പുകൾ ഉണ്ടാക്കിയാണ് പുതിയ വൈറസുകളെ സൃഷ്ടിക്കുന്നത്. റെംഡെസിവിർ ഒരു ‘ചെയിൻ ടെർമിനേറ്റർ’ ആണ്. ഈ ആർഎൻഎ ചങ്ങല നിർമ്മിക്കുന്ന എൻസൈമിനെ കൂടുതൽ ലിങ്കുകൾ ചേർക്കുന്നതിൽ നിന്ന് റെംഡെസിവിർ തടയുന്നു. മറുവശത്ത്, മൊൾനുപിരാവിർ വളർന്നുവരുന്ന ആർഎൻഎ ഇഴകളിലേക്ക് സ്വയം സംയോജിപ്പിക്കുകയും പോയിന്റ് മ്യൂട്ടേഷനുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. മ്യൂട്ടേഷനുകൾ ക്രമരഹിതമായി അടിഞ്ഞുകൂടുന്നതിനാൽ വൈറസുകൾ പ്രവർത്തനരഹിതമായി നശിച്ചുപോകുന്നു. ക്രമരഹിതമായ മ്യൂട്ടേഷനുകളാണ് ഉണ്ടാകുന്നത് എന്നതിനാൽ വൈറസിന് ഈ മരുന്നിതിരെ പ്രതിരോധം വികസിപ്പിച്ചെടുക്കുകയും ഏതാണ്ട് അസാധ്യമാണ്. അതാണ് മോൾനുപിറാവിറിൻ്റെ മറ്റൊരു ഗുണം.
എന്നാൽ മനുഷ്യകോശങ്ങളിലെ ഡീഎൻഎയിൽ ഈ മരുന്ന് ഉൽപ്പരിവർത്തനങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും ഇതു സുരക്ഷാ ആശങ്കകൾ ഉയർത്തുന്നതായും ചില ഗവേഷകർക്ക് അഭിപ്രായമുണ്ട്. മെർക്ക് ഇതുവരെ വിശദമായ സുരക്ഷാ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല, എന്നാൽ “ഉദ്ദേശിച്ച രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ മരുന്ന് സുരക്ഷിതമാണെ”ന്നാണ് മെർക്കിന്റെ പകർച്ചവ്യാധി വിഭാഗം വൈസ് പ്രസിഡന്റും ചീഫ് സയൻസ് ഓഫീസറുമായ ഡാരിയ ഹസുദ കഴിഞ്ഞ വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചത്.
120 കോടി യുഎസ് ഡോളറിന് മോൾനുപിരാവിറിന്റെ 17 ലക്ഷം കോഴ്സുകൾ വാങ്ങാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് തീരുമാനിച്ചുകഴിഞ്ഞു (5 ദിവസത്തെ കോഴ്സിന് ഏകദേശം 700 ഡോളറാണ് ചിലവുവരിക) ഇത് റെംഡെസിവിർ / മോണോക്ലോണൽ ആന്റിബോഡികളുടെ വിലയേക്കാൾ വളരെ കുറവാണ്, പക്ഷേ വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ തുകയല്ല. മെർക്ക്, റിഡ്ജ്ബാക്കിൻ്റെ സഹകരണത്തോടെ, ജനറിക് മരുന്നുകൾ നിർമ്മിക്കുന്ന അഞ്ച് ഇന്ത്യൻ നിർമ്മാതാക്കളുമായി ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കരാറുകൾ ഇന്ത്യയിലും മറ്റു 100 വികസ്വരരാജ്യങ്ങളിലും സ്വന്തം വില നിശ്ചയിക്കാൻ നിർമ്മാതാക്കളെ അനുവദിക്കും. നമുക്ക് ചുരുങ്ങിയ ചെലവിൽ മരുന്നു കിട്ടുന്നതിന് ഈ കരാർ സഹായിച്ചേക്കും.
മറ്റ് ആൻറിവൈറലുകളുടെ വികാസവും ദ്രുതഗതിയിലാണ്. ഗിലെയാഡ് സയൻസസ് എന്ന ഫാർമസ്യൂടിക്കൽ കമ്പനി റെംഡെസിവിറിന്റെ ഗുളിക പതിപ്പ് വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിലുള്ള ബയോടെക് സ്ഥാപനമായ ആറ്റിയാ ഫാർമസ്യൂട്ടിക്കൽസും പ്രതീക്ഷ നൽകുന്ന ഒരു ആൻ്റീവൈറൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വാക്സിൻ നിർമാണത്തിലൂടെ പേരെടുത്ത ഫൈസറിനുമുണ്ട് പുതിയ മരുന്നുകൾ. 2000-കളുടെ തുടക്കത്തിൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ കമ്പനി അതിനെതിരെ ആൻറിവൈറലുകൾ വികസിപ്പിച്ചിരുന്നു. എന്നാൽ സാർസ് രോഗം കെട്ടടങ്ങിയപ്പോൾ ഈ ഗവേഷണങ്ങളെല്ലാം അവർ അട്ടത്തു കയറ്റി. COVID-19 പാൻഡെമിക് ആരംഭിച്ചതിനുശേഷം അവയൊക്കെ പൊടിതട്ടി എടുത്തിരിക്കുകയാണ്. ഇത്തരത്തിൽ പരീക്ഷണത്തിലിരിക്കുന്ന ഒരു ആൻറിവൈറൽ ഗുളിക, കോവിഡ് ഗുരുതരമാകാൻ സാധ്യത കൂടുതലുള്ള മുതിർന്നവരിൽ ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും നിരക്ക് 90% കുറച്ചതായി ഫൈസർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. പ്രാഥമിക പഠന ഫലങ്ങൾ വളരെയധികം പ്രതീക്ഷ നൽകുന്നതായതിനാൽ മരുന്ന് എത്രയുംപെട്ടെന്ന് വിപണിയിൽ ലഭ്യമാക്കണമെന്നു സ്വതന്ത്ര വിദഗ്ധർ ശുപാർശ ചെയ്തതിനെത്തുടർന്ന്, ഈ ഗുളികയ്ക്ക് എത്രയും വേഗം അംഗീകാരം നൽകാൻ ആവശ്യപ്പെടുമെന്ന് ഫൈസർ പറഞ്ഞു.
775 മുതിർന്നവരിൽ നടത്തിയ പഠനത്തിന്റെ പ്രാഥമിക ഫലങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച ഫൈസർ പുറത്തുവിട്ടിരുന്നു. COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ ഈ മരുന്ന് കഴിച്ച രോഗികളിൽ 1% ൽ താഴെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്നുള്ളൂ. ആരും മരിച്ചില്ല. മരുന്ന് കഴിക്കാത്ത ഗ്രൂപ്പിൽ 7% പേർ ആശുപത്രിയിലാവുകയും ഏഴ് മരണങ്ങൾ ഉണ്ടാകുകയും ചെയ്തു. എങ്കിലും ഈ ഗവേഷണഫലങ്ങൾ, പുതിയ മെഡിക്കൽ ഗവേഷണത്തിൻ്റെ മൂല്യം പരിശോധിക്കുന്നതിനുള്ള പ്രക്രിയയായ പിയർ റിവ്യൂവിനായി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ മരുന്നിന് ഇതുവരെ പേരും ഇട്ടിട്ടില്ല.
മെർക്കിൻ്റെ മരുന്നിനോട് താരതമ്യം ചെയ്താൽ കൂടുതൽ സുരക്ഷിതമായ മരുന്നാണ് ഫൈസർ വികസിപ്പിച്ചത് എന്നതുകൊണ്ട്, പെട്ടെന്ന് അംഗീകാരം നേടാനുള്ള സാധ്യതയും ഈ മരുന്നിനാണ് കൂടുതൽ. ജനന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാരണം ഗർഭിണികളായ സ്ത്രീകളെ മെർക്ക് ട്രയലിൽ നിന്ന് ഒഴിവാക്കിയപ്പോൾ, ഫൈസറിന്റെ മരുന്നിന് സമാനമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി എന്നിവയുടെ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ച പ്രോട്ടീയേസ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന ആൻറിവൈറൽ മരുന്നുകളുടെ കുടുംബത്തിന്റെ ഭാഗമാണ് ഫൈസർ മരുന്ന്. (കൂടെ റിട്ടോനാവിർ എന്ന മരുന്നും ചേർത്ത് ഒരുമിച്ചാണ് കോവിഡിനെതിരെ പരീക്ഷിച്ചത്.) ഈ കുടുംബത്തിലെ മറ്റു ചില മരുന്നുകൾക്ക് ദശാബ്ദങ്ങൾ പഴക്കമുണ്ട്. വൈറസുകൾ പെരുകുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു പ്രധാന എൻസൈമിനെ തടയുക വഴിയാണ് ഈ മരുന്നുകൾ പ്രവർത്തിക്കുന്നത്.
കോവിഡ് അണുബാധയിൽ നിന്നു സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമായി വാക്സിനേഷൻ തുടരുമെങ്കിലും പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്തവരോ എടുക്കാത്തവരോ ആയ ആളുകളിൽ ഗുരുതരമായ രോഗബാധ തടയുന്നതിന് ഇത്തരം മരുന്നുകൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇവ ചുരുങ്ങിയ ചിലവിൽ നമുക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.