പരിഷ്‍കരിക്കേണ്ട കോവിഡ് നിയന്ത്രണങ്ങൾ
കോവിഡ് നിയന്ത്രണങ്ങൾ – കാലികമായി പരിഷ്കരിക്കേണ്ടതുണ്ടോ?
ബ്രിട്ടീഷ് ഇന്ത്യയിൽ പ്ലേഗ് പോലുള്ള പകർച്ചവ്യാധികൾ പടരുന്നത് തടയുവാൻ നിഷ്ഠുരവും മനുഷ്യത്വരഹിതവുമായ മുറകൾ സ്വീകരിച്ചിരുന്നു എന്ന് ചരിത്ര രേഖകൾ പ്രതിപാദിക്കുന്നു. മനുഷ്യജീവനേക്കാൾ ഭരണകൂടം വില കൊടുത്തത് രോഗവ്യാപനം തടയുന്നതിനാണെന്ന് ചരിത്ര രേഖകളുണ്ട്. രോഗികളെ പാർപ്പിച്ച ‘ആശുപത്രികളിൽ’ പലപ്പോഴും ക്രൂരത നടമാടി. പൂനെ പ്ലേഗ് കമ്മിറ്റി തലവൻ വാൾട്ടർ ചാൾസ് റാൻഡിനെ ഒടുവിൽ ചാപേക്കർ സഹോദരന്മാർ കൊലപ്പെടുത്തിയ സംഭവം ഒക്കെ ഈ പശ്ചാത്തലത്തിലാണ്.
കോവിഡ് നിയന്ത്രണങ്ങൾ ഇരുതലമൂർച്ചയുള്ള വാൾ പോലെയാണ്. രോഗവ്യാപനത്തെ തടയുകയും വേണം, അതേ സമയം കോവിഡ് കാലത്തെ ജനങ്ങളുടെ ജീവിതസന്ധാരണത്തേയും അടിയന്തിരാവശ്യങ്ങളേയും ഹനിക്കാതെ നോക്കുകയും വേണം. പകർച്ചവ്യാധി നിയന്ത്രണ നടപടികളുമായി ജനം പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്.
ലോകത്തെല്ലായിടത്തും തന്നെ അതാത് സമൂഹങ്ങളിലെ സവിശേഷ സാഹചര്യങ്ങൾക്കനുസരിച്ച് ജീവനും ജീവനോപാധിയും തുലനം ചെയ്ത്, കാലികമായി ക്രമീകരണങ്ങൾ നടത്തിയാണ് കോവിഡ് മഹാമാരിയെ നേരിട്ടത്. ഒരിടത്തെ ഫലപ്രദ മാതൃക പോലും അതേപടി മറ്റൊരിടത്ത് പ്രയോഗിക്കാൻ കഴിയാത്ത സവിശേഷ വെല്ലുവിളികൾ ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ വിദഗ്ദ്ധരെയും പോളിസി മേക്കർമാരെയും തെല്ലൊന്നുമല്ല കുഴക്കിയിട്ടുള്ളത്.
*കേരളവും കോവിഡ് നിയന്ത്രണവും – നിലവിലെ അവസ്ഥകൾ ?*
കോവിഡ് രണ്ടാം തരംഗം പീക്ക് കഴിഞ്ഞു, ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചു കൊണ്ടിരിക്കുന്നു, ആരോഗ്യ പ്രവർത്തകരുടെയും, അധികാരികളുടെയും, പൊതു സമൂഹത്തിൻ്റെയും കൂട്ടായ പ്രയത്നത്തിലൂടെ തരണം ചെയ്തു എന്ന് വിലയിരുത്താം.
എന്നാൽ രോഗാണുവും, രോഗബാധിതരാവാൻ സാധ്യതയുള്ള അനേകരും, അതിനുള്ള സാധ്യതകളും, തുടരുന്നു എന്നതിനാൽ ഭീഷണിയൊഴിഞ്ഞിട്ടില്ല.
പൊതുജനാരോഗ്യ പ്രതിസന്ധിയെ നേരിടാൻ നിലവിൽ ചില മാർഗ്ഗങ്ങൾ “നിയന്ത്രണമെന്ന” പേരിൽ തുടരുന്നുണ്ട്. അവയിൽ പലതും ശാസ്ത്രീയ അടിത്തറയില്ലാത്തതും, യുക്തി തിരയേണ്ടതുമാണ്, ചിലതൊക്കെ ഗുണത്തെക്കാൾ ദോഷമാണോ ഉണ്ടാക്കുന്നതെന്നും സംശയിക്കാവുന്നതുമാണ്.
*എന്തൊക്കെയാണ് അവ എന്നാണീ ലേഖനം പരിശോധിക്കുന്നത്.*
1. പരമാവധി വേഗതയിൽ വാക്സിനേഷൻ പ്രക്രിയ മുന്നോട്ട് കൊണ്ടുപോവുക, പൂർത്തീകരിക്കുക.
കൊവിഡ് പ്രതിരോധത്തിൽ ഇനി മുൻപോട്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വാക്സിനേഷൻ ആണ്.
ഈയടുത്ത് നമ്മൾ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പ്രതിരോധ പദ്ധതിയാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്. കേരളത്തിൽ ഇതിന് വ്യാപക സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. എന്നാൽ ഇതിന് വേണ്ട ഒരുക്കങ്ങൾ പര്യാപ്തമാണ് എന്ന് നിലവിൽ കരുതുക വയ്യ. ആരോഗ്യ വകുപ്പിൻ്റെ നിലവിലെ മാനവവിഭവ ശേഷി മാത്രം കൊണ്ട് ഇത് ചെയ്യുകയാണെങ്കിൽ കൂടുതൽ കാലയളവ് നീണ്ടു പോവും. വികേന്ദ്രീകൃത ആസൂത്രണം വഴി, ഒരു പഞ്ചായത്ത് പ്രദേശത്ത് തന്നെ മൂന്നോ നാലോ ടീം ആരോഗ്യകേന്ദ്രത്തിന് പുറമെ സജ്ജീകരിക്കുന്നതും, വാർഡ് അടിസ്ഥാനത്തിൽ മുന്നേ കൂട്ടി അപ്പോയിൻ്റ്മെൻ്റ് നൽകി കുത്തിവയ്പ്പ് നൽകുന്ന രീതി (എല്ലാ സജ്ജീകരണങ്ങളും ഉള്ള കേന്ദ്രങ്ങളിൽ) ഈ കാലയളവ് ചുരുക്കാൻ കഴിയും.
കേന്ദ്രത്തിൽ നിന്നും വാക്സിൻ ലഭ്യത ഓരോ സംസ്ഥാനത്തിൻ്റെയും ഉപയോഗരീതി അടിസ്ഥാനപ്പെടുത്തിയാണ്. പരമാവധി CVC കൾ വഴി നമ്മുടെ ദൈനംദിന കുത്തിവയ്പ്പ് നിരക്ക് കുത്തനെ ഉയർത്തി, പരമാവധി ആളുകളിലേക്ക് എത്തിക്കുന്നത് ആകണം നമ്മുടെ ‘strategy’. അതിന് വേണ്ട ആസൂത്രണം സംസ്ഥാന- ജില്ല – സ്ഥാപന തലങ്ങളിൽ വേണം. ഓരോ സ്ഥാപനത്തിൻ്റെ പരമാവധി ശേഷി കണക്കാക്കി വേണം ഇത് ചെയ്യാൻ. Logistic and supply chain management വിദഗ്ദ്ധരുടെ സേവനം ഉപയോഗപ്പെടുത്തണം.
വാക്സിനേഷനുമായി ബന്ധപ്പെട്ടു വരുന്ന കാലതാമസവും പരാതികളും ഒഴിവാക്കാൻ നടപടികളെടുത്ത്, പരമപ്രധാന പ്രാധാന്യം ഈ പ്രക്രിയയ്ക്ക് നൽകണം, ലഭ്യത ഉറപ്പാക്കാനാവശ്യമായ ഭരണ/ഉദ്യോഗസ്ഥതല നടപടികൾ ഇച്ഛാശക്തിയോടെ ഉറപ്പാക്കണം.
വാക്സിൻ ലഭ്യതയോടൊപ്പം, വിതരണത്തിലെ പരിമിതികൾ മറികടക്കാനുള്ള നടപടികൾ എടുക്കണം.
വാക്സിൻ വിതരണ കേന്ദ്രങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കാൻ പ്രായോഗിക നടപടികൾ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ട്. ലഭ്യതയ്ക്ക് പരിമിതികൾ ഉണ്ടെന്ന വാർത്ത പടരുമ്പോൾ ജനങ്ങൾക്കിടയിൽ ആശങ്കകൾ പടരും.
വാക്സിനേഷൻ ബുക്കിംഗിലും അത് നൽകുന്ന രീതിയിലും മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വാക്സിനേഷൻ പ്രക്രിയ തന്നെ രോഗപ്പകർച്ചയ്ക്ക് വഴി തെളിക്കുന്ന തരത്തിലുള്ള അനിയന്ത്രിതമായ തിക്കും തിരക്കുമാണ് പല വാക്സിനേഷൻ കേന്ദ്രങ്ങളിലും നിലവിലുള്ളത്. ഇത് ഒരു രീതിയിലും ആശാസ്യമല്ല. വാക്സിനേഷൻ ലഭ്യമാക്കാനുള്ള ബുക്കിങ്ങ് സംവിധാനത്തിലെ സാങ്കേതിക പരിമിതികൾ പരിഹരിച്ച് കൂടുതൽ യൂസർ സൗഹൃദ സംവിധാനമാവണം. സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്ക് പോലും പ്രയാസമനുഭവപ്പെടാതെ വാക്സിൻ ലഭ്യമാക്കാൻ നടപടികൾ വേണം.
2. “തിരക്ക് കുറയ്ക്കാനായുള്ള” നിയന്ത്രണങ്ങൾ !
പൊതുവിടങ്ങളിലെ തിരക്ക് കുറയുന്നത് സാമൂഹിക അകല പാലനം സാധ്യമാക്കുകയും രോഗവ്യാപനം കുറയ്ക്കുകയും ചെയ്യും. എന്നാൽ അതിനായിട്ട് ഏർപ്പെടുത്തിയെന്ന് കരുതുന്ന ചില നിയന്ത്രണങ്ങൾ ആ ലക്ഷ്യം ഉറപ്പ് വരുത്തുന്നുണ്ടോ എന്ന് സംശയമാണ്.
ചിലത് ഉദാ: സഹിതം ചൂണ്ടിക്കാണിക്കാം.
A. ഒറ്റ / ഇരട്ട വാഹന നമ്പർ നിയന്ത്രണം.
കുറച്ചു നാളുകൾക്കു മുൻപ് ഒറ്റയക്ക വാഹനങ്ങളും ഇരട്ടയക്ക വാഹനങ്ങളും (ബസുകൾ) ഒന്നിടവിട്ട ദിവസങ്ങളിൽ നിരത്തിലിറങ്ങാം എന്ന ഒരു ഉത്തരവ് വന്നിരുന്നു. ഇതിലെ കഴമ്പില്ലായ്മ കണ്ട് പിൻവലിച്ചു എന്ന് അറിയുന്നു. എന്നാൽ ഇതിൽ ജില്ലാ ഭരണകൂടങ്ങൾക്ക് തീരുമാനമെടുക്കാം എന്നും പറയപ്പെടുന്നു.
പൊതുവാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുമ്പോൾ അവയ്ക്കുള്ളിലെ തിരക്ക് കൂടുകയും രോഗവ്യാപന സാധ്യത കൂടുകയുമേയുള്ളൂ എന്നത് സാമാന്യയുക്തിയാണ്.
B. ബാങ്കുകൾ പോലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തി സമയം വെട്ടിച്ചുരുക്കൽ.
ബാങ്കുകൾ ആഴ്ചയിൽ മൂന്ന് ദിവസമാക്കിയതും അവയുടെ പ്രവൃത്തി സമയം വെട്ടിക്കുറച്ചതും, പ്രവർത്തന സമയത്തെ ബാങ്കിലെ തിരക്ക് സാധാരണയിൽ കൂടുതൽ കൂട്ടുകയും ആനുപാതികമായി രോഗവ്യാപന സാധ്യത കൂട്ടുകയുമാവും ചെയ്യുക. ബാങ്കുകളുടെ സേവനങ്ങൾ നടക്കുന്ന മുറികൾ ഒക്കെ തന്നെ അധികം വായൂ സഞ്ചാരമില്ലാത്ത കെട്ടിടങ്ങളിലാണ് എന്നതും ഓർക്കണം. കൂടുതൽ സമയം പ്രവർത്തിക്കുന്നതും, കൂടുതൽ സേവനങ്ങൾ ഓൺലൈനായി നൽകാനുള്ള സംവിധാനവുമാണ് യഥാർത്ഥത്തിൽ രോഗ നിയന്ത്രണത്തിന് ഉചിതം.
ലോക്ക് ഡൗൺ കാലയളവിൽ ജനങ്ങൾ നീട്ടിവെച്ച അവശ്യ കാര്യങ്ങൾ നിവർത്തിക്കാൻ വേണ്ടി ബദ്ധപ്പെടേണ്ടി വരുന്നത് സങ്കടകരമാണ് താനും. നിലവിലെ നിയന്ത്രണങ്ങൾ പുന:പരിശോധിക്കേണ്ടതുണ്ട്.
C. വാരാന്ത്യദിനങ്ങളിൽ സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണിൻ്റെ പ്രസക്തി?!
ജനങ്ങളെ നിയന്ത്രണങ്ങളുടെ പ്രസക്തി ഓർമ്മപ്പെടുത്താൻ ഇനിയും ഇത്തരം നടപടികൾ ഇനിയും ആവശ്യമാണോ എന്ന് നാം ചിന്തിക്കണം.
രണ്ടുദിവസം സകലതും അടച്ചിടുമ്പോൾ മറ്റുള്ള ദിവസങ്ങളിൽ തിരക്ക് കൂടുകയാണ് ചെയ്യുന്നത്. വെള്ളിയാഴ്ച്ചയും തിങ്കളാഴ്ച്ചയും ഉള്ള ഇത് പ്രമാണിച്ചുള്ള തിരക്ക് ഉണ്ടാവുന്നു എന്ന് പറയപ്പെടുന്നു.
ബാക്കിയുള്ള ദിവസങ്ങളിൽ ജോലിചെയ്യുന്ന അവശ്യ മേഖലയിലുള്ള ആൾക്കാർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതും കാണണം.
D. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം ചുരുക്കൽ –
ഇവിടെയും സംഭവിക്കുന്നത് പ്രവർത്തന സമയത്ത് തിരക്ക് കൂടുക എന്നതാണ്. തിരക്ക് കുറയ്ക്കാൻ വേണ്ടി കൂടുതൽ സമയം പ്രവർത്തിക്കുന്ന രീതിയിലേക്ക് സമയക്രമീകരണം ഉണ്ടാവുകയാണ് അഭികാമ്യം.
സർക്കാർ സ്ഥാപനങ്ങളും മറ്റു വ്യാപാര സ്ഥാപനങ്ങളും സാമൂഹിക അകലം ഉറപ്പാക്കി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുകയാണ് പരമപ്രധാനം. ഈ സന്ദേശങ്ങൾ ഉൾക്കൊണ്ട്, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പെരുമാറാൻ ജനങ്ങളും തയ്യാറാവണം.
ജനങ്ങളെ സെൻസിറ്റൈസ് ചെയ്യാൻ വേണ്ടിയാണ് ഇതൊക്കെ എന്നുള്ള വാദം ശരിയല്ല. കാരണം കോവിഡ് സംബന്ധമായി കാര്യങ്ങൾ അറിയില്ലാത്ത ഒരു കൊച്ചുകുട്ടി പോലും കേരളത്തിൽ ഉണ്ടാവില്ല. ലോക്ക്ഡൗൺ മൂലവും തൊഴിൽനഷ്ടം മൂലവും വരുമാനമാർഗ്ഗം നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പേരുള്ള കാലമാണ്. അങ്ങനെയുള്ള കാലത്ത് ഏവർക്കും വരുമാനം ലഭിക്കുന്ന രീതിയിൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. അല്ലെങ്കിൽ അതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതവും വളരെ വലുതായിരിക്കും.
എലിയെ കൊല്ലാൻ ഇല്ലം ചുടുന്നതുപൊലെയാവും അപ്രായോഗികവും, യുക്തിരഹിതവും, അശാസ്ത്രീയവുമായ നിയന്ത്രണങ്ങളും ചട്ടങ്ങളും എന്ന് പറയാതെ വയ്യ.
3. മാസ്ക് ഉപയോഗ നിയന്ത്രണങ്ങൾ
a. ഒറ്റയ്ക്ക് കാറിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണം?!
ഒറ്റയ്ക്ക് കാറിൽ മാസ്ക് ധരിക്കാതെ പോകുന്നവർക്ക് നിയമനടപടി നേരിടേണ്ടി വന്ന വാർത്ത കണ്ടിരുന്നു. സിസ്റ്റത്തിൽ ഉള്ള വിശ്വാസം നശിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. ഒരു കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾ മാസ്ക് ധരിക്കാതിരുന്നാൽ രോഗവ്യാപന സാധ്യതയുണ്ടാവില്ല എന്നത് അടിസ്ഥാന ശാസ്ത്ര വസ്തുതയാണ്. മാസ്ക് ധരിക്കുന്നത് മാസ്ക് പഴകാനും മറ്റുമേ ഉതകൂ. സാധാരണ ഗതിയിൽ പൊതുവിൽ പറഞ്ഞാൽ 4-6 മണിക്കൂർ വരെ മാത്രം ഉപയോഗിക്കേണ്ടവയാണ് മാസ്കുകൾ.
അനാവശ്യമായ ഇത്തരമുള്ള ചട്ടങ്ങൾ / പിടിവാശിയികളിലൂടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുകയാണ് ചെയ്യുന്നത്. ഓർക്കുക നമ്മൾ യുദ്ധം ചെയ്യുന്നത് ജനങ്ങളോട് അല്ല. നമുക്ക് പ്രതിരോധിക്കേണ്ടത് ഒരു വൈറസിനെ ആണ്. ശാസ്ത്രീയമായ മാർഗങ്ങളിലൂടെ മാത്രമേ അത് സാധിക്കൂ, പിന്നെ ജനങ്ങളുടെ സഹകരണത്തിലൂടെയും.
b. ശരിയായ രീതിയിൽ മാസ്ക് ഉപയോഗം :
ഇരട്ട മാസ്ക് നിർബന്ധമാകുന്ന വിഷയം വീണ്ടും ആലോചിക്കേണ്ട രീതിയിലാണ് പലരും മാസ്ക്കുകൾ ധരിക്കുന്നത്. കേവലം ഫൈൻ ഒഴിവാക്കാൻ വേണ്ടി മാത്രം സമൂഹത്തെ പരുവപ്പെടുത്തുന്നതിന് പകരം മാസ്ക് ഏതായാലും ശരിയായ ശാസ്ത്രീയമായ രീതിയിൽ അത് ഉപയോഗിക്കാൻ പൊതു സമൂഹത്തെ പരിശീലിപ്പിക്കുകയാണ് നാം ചെയ്യേണ്ടത്.
ഉന്നത സ്ഥാനീയരായവർ മാതൃകാപരമായി പ്രവർത്തിക്കുന്നത് ഇതിന് അനുഗുണമായി മാറും എന്നാൽ പലപ്പോഴും ഇതിന് വിരുദ്ധമായ കാഴ്ച്ചകൾ കാണാം.
മറ്റ് മാസ്കുകളുടെ മുകളിൽ N-95 മാസ്ക് ധരിക്കുക, 2 സർജിക്കൽ മാസ്കുകൾ ധരിക്കുക, N95 മാസ്കിന് മുകളിൽ സർജിക്കൽ മാസ്ക് ധരിക്കുക, N95 മാസ്ക് കഴുകി ഉപയോഗിക്കുക, സംസാരിക്കാൻ വേണ്ടി താഴ്ത്തുക, ഗുണനിലവാരമില്ലാത്ത മാസ്കുകൾ ധരിക്കുക ഇത്യാദി അനേകം രോഗവ്യാപന സാധ്യത കൂട്ടുന്ന രീതികളിവിടെ ശീലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. അതിനെയാണ് പ്രതിരോധിക്കേണ്ടത് തിരുത്തേണ്ടത്.
ഒരു മാസ്ക് ആയാലും, ഇരട്ട മാസ്ക് ആയാലും രോഗവ്യാപന സാധ്യത കുറയ്ക്കും വിധം ശരിയായി ഉപയോഗിക്കുന്നത് ഉറപ്പാക്കാനുള്ള നടപടികളാണ് വേണ്ടത്.
4. മദ്യ വിതരണവും ആൾക്കൂട്ടവും
മദ്യം വാങ്ങാനായി നീണ്ട ക്യൂവും, തിരക്കും വീണ്ടും സർവ്വസാധാരണമായി മാറുന്നു. മദ്യം വാങ്ങുന്നവരോടുള്ള സമൂഹത്തിൻറെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ട്. എല്ലാവിധ പൗരാവകാശങ്ങളും ഉള്ള വ്യക്തികൾ ആണ് അവരും. മണിക്കൂറുകൾ കാത്തു നിൽക്കുകയും അതൊക്കെ ടിവി ചാനലുകളിൽ അടക്കം ദൃശ്യങ്ങൾ വരികയും ചെയ്യുന്നത് ഒരു നല്ല കാര്യമല്ല.
ഇവിടെയും പ്രശ്നം സമയപരിമിതി ആണ്. ഇത്രയും തിരക്കുള്ള ഒരു സാഹചര്യത്തിൽ കൂടുതൽ സമയം കൗണ്ടറുകൾ പ്രവർത്തിക്കുകയാണ് വേണ്ടത്. അതിന് ആവശ്യമായ സ്റ്റാഫ് ആണ് പ്രശ്നമെങ്കിൽ താൽക്കാലിക അടിസ്ഥാനത്തിൽ പരിഹാരം കാണേണ്ട വിഷയമാണ്. അല്ലെങ്കിൽ ഓൺലൈനായി മദ്യം വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കണം. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. ഇവിടെ അതല്ല വിഷയം.
മദ്യം വാങ്ങുന്നത് ക്രൈം അല്ല. ഇന്ത്യയിൽ നിയമപരമായി സർക്കാർ അനുവാദത്തോടെ വിൽപന നടത്തുന്ന മദ്യം വാങ്ങുന്ന പൗരന്മാർ മാത്രമാണ് അവർ. അവരോട് അല്പംകൂടി മര്യാദ പുലർത്തേണ്ടതുണ്ട്, കോവിഡ് പകർച്ചാ സാധ്യതകൾ ഈ പ്രക്രിയയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നത് ഒഴിവാക്കാനുള്ള അടിയന്തിര ക്രമീകരണങ്ങൾക്ക് പ്രാധാന്യം കൊടുക്കണം.
5. മെഡിക്കൽ ചികിത്സാ രംഗത്തെ “തിരക്ക് ”
a, മാറ്റി വെക്കുന്ന മെഡിക്കൽ വിദ്യാഭ്യാസം
മഹാമാരി വന്ന് ഒന്നര വർഷത്തിന് മുകളിൽ ആവുമ്പോഴും കോവിഡ് ചികിത്സക്ക് ഇപ്പോഴും മെഡിക്കൽ കോളേജുകളെ അമിതമായി ആശ്രയിക്കുന്നത് കാരണം മെഡിക്കൽ കോളേജുകളിലെ അക്കാദമിക കാര്യങ്ങൾ പലതും നടക്കുന്നില്ല.
ഇത് പിജി കളുടെ പരിശീലനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഉദാ: സർജിക്കൽ മേഖലയിലും മറ്റുമുള്ളവർക്ക് പുസ്തകം വായിച്ചുള്ള വിവരങ്ങൾ മാത്രം മതിയാവില്ല.
മൂന്നാം തരംഗത്തിനുൾപ്പെടെ സാധ്യതയുള്ളതിനാൽ ഇനി മുൻപോട്ട്, ചില മെഡിക്കൽ കോളേജുകളെ കോവിഡ് ആശുപത്രികളാക്കി മാറ്റുന്ന പ്രവണത ഒഴിവാക്കണം. ഓരോ ജില്ലയിലും DME, DHS ഒന്നിച്ചു ഒരു പൂൾ ഉണ്ടാക്കി സൗകര്യം ഉള്ള ഒരു ആശുപത്രി കണ്ടെത്തി അതു കോവിഡ് റഫറൻസ് ആശുപത്രി ആയി പ്രവർത്തിപ്പിക്കാൻ പറ്റുമോ എന്ന് പരിശോധിക്കുന്നത് നന്നാവും.
b. ഇതര രോഗങ്ങളുടെ ചികിത്സ
ഒന്നര വർഷങ്ങത്തോളമായി സർക്കാർ മെഡിക്കൽ കോളേജുകൾ കോവിഡ് ചികിൽസയ്ക്കാണ് പ്രാധാന്യം നൽകുന്നത്. ചിലത് പൂർണ്ണമായും കോവിഡ് ആശുപത്രി ആണ്. മറ്റുളളവയിൽ കോവിഡ് അല്ലാത്ത രോഗികൾക്കുള്ള ചികിൽസ നാമമാത്രമാണ്. ഒന്നോ രണ്ടോ മാസം നീണ്ടു നിൽക്കുന്ന രോഗങ്ങളെ സംബന്ധിച്ച് ഇത് അംഗീകരിക്കാമെങ്കിലും ഇങ്ങനെ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന മഹാമാരിയിൽ മെഡിക്കൽ കോളേജുകളെ പ്രധാനമായി ആശ്രയിക്കുമ്പോൾ എന്താണ് മെഡിക്കൽ കോളജ് എന്ന് ഒന്നുകൂടി ആലോചിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്.
മെഡിക്കൽ കോളേജുകൾ പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. Undergraduate & PG കോഴ്സുകൾ, സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ തുടങ്ങിയവ ഇതിൽ പെടും. കൂടാതെ നഴ്സിങ്ങ്, മറ്റു പല വിധ പാരാമെഡിക്കൽ കോഴ്സുകൾ ഇവിടെ നടക്കുന്നു.
ഈ കോഴ്സ്കൾക്ക് ചേർന്ന വിദ്യാർത്ഥികൾ അവരുടെ വിഷയത്തിൽ പ്രായോഗിക പരിജ്ഞാനമില്ലാതെ പുറത്തിറങ്ങേണ്ടിവരുന്ന അവസ്ഥ ഒട്ടും ആശാസ്യമല്ല.
c. ഗവേഷണ പഠനങ്ങൾ
കോവിഡ് രോഗികൾക്ക് മാത്രമുള്ള ചികിൽസയുടെ വലിയ ഭാരം അടിച്ചേൽപ്പിക്കപ്പെടുമ്പോൾ നല്ല രീതിയിലുള്ള പഠനങ്ങൾ നടത്താൻ സാഹചര്യമില്ലാതാകുന്നു.
കോവിഡിന്റെ കാര്യത്തിൽ പോലും നാം എങ്ങനെ മുന്നോട്ടു പോകണം എന്ന് ചൂണ്ടിക്കാണിക്കാൻ പറ്റുന്ന പഠനങ്ങൾ നമ്മുടെ മെഡിക്കൽ കോളേജുകളിൽ നിന്നും ഉണ്ടാകാതെ പോകുന്നത് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.
d. ഗുരുതര രോഗാവസ്ഥകളുടെ പരിചരണം & അപൂർവ്വ രോഗങ്ങളുടെ – Tertiary level care:
നമ്മുടെ നാട്ടിലെ ഗുരുതര സ്വാഭാവമുള്ള കോവിഡേതര രോഗങ്ങൾക്ക് ഉള്ള ചികിൽസയും തുടർ ചികിത്സയും നടന്നുവന്നിരുന്നത് സർക്കാർ മെഡിക്കൽ കോളേജുകളിലായിരുന്നു.
ദീർഘകാലാടിസ്ഥാനത്തിൽ ചികിത്സ വേണ്ടി വരുന്ന രോഗികളെ follow up ചെയ്യുന്ന special clinic കളുടെ പ്രവർത്തനം അനിശ്ചിതമായി മന്ദീഭവിച്ചത് അത്തരം അനേകം രോഗികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എന്തിന് കാൻസർ, വൃക്ക രോഗങ്ങൾ, ഹൃദ്രോഗങ്ങൾ തുടങ്ങിയവയാൽ വലയുന്ന പലർക്കും ചികിത്സ വൈകിപ്പിക്കുകയോ, മുടക്കേണ്ടി വരുകയോ, ചിലവേറിയ പ്രൈവറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതായോ വന്ന കഥകൾ കേൾക്കുന്നു.
ഇപ്പോൾ കോവിഡിന്റെ രണ്ടാം തരംഗം ഏകദേശം അവസാനിക്കാറായ ഈ ഘട്ടത്തിൽ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു പുനർവിചിന്തനം ആവശ്യമാണ്. ഇനി ഒരു മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിലോ, പുതിയ എപ്പിഡെമിക്കുകൾ ഉണ്ടാവുകയാണെങ്കിലോ മെഡിക്കൽ കോളേജുകൾ നൽകുന്ന മറ്റു സേവനങ്ങളുടെ കാര്യത്തിൽ മുടക്കം വരാതിരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഉണ്ടാവണം.
പകർച്ചവ്യാധികളെ നേരിടാൻ താഴേത്തട്ടിൽ ജില്ലാ തലത്തിലും താലൂക്ക് തലത്തിലുമൊക്കെയുള്ള ആശുപത്രികൾ കൂടുതൽ സൗകര്യങ്ങളുള്ളവയാക്കി മാറ്റണം.
പ്രൈവറ്റ് പൊതുമേഖലാ സഹകരണം അത്തരം ഘട്ടങ്ങളിൽ പ്രാദേശികമായി ഉറപ്പാക്കണം.
ഇനി നമ്മുക്ക് വേണ്ടത് കൂടുതൽ മെഡിക്കൽ കോളേജുകളല്ല പകരം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളല്ലാത്ത സർക്കാർ സൂപ്പർ സ്പെഷ്യാലി ആശുപത്രികളാണ് എന്ന ആശയം പൊതുസമൂഹവും അധികാരികളും തിരിച്ചറിയണം.
6. നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ TPR എന്ന സൂചിക പ്രധാനമായും ആശ്രയിക്കുമ്പോൾ….
TPRലുള്ള അമിത ആശ്രയത്വം & TPR നിർണ്ണയത്തിൽ തന്നെയുള്ള പാകപ്പിഴകൾ വിദഗ്ദ്ധർ വിലയിരുത്തേണ്ടതാണ്.
രോഗവ്യാപന തോതിന്റെ സൂചകമായി TPR ഉപയോഗപ്പെടുത്തുന്നതും വിവേചന പൂർവ്വം ആവുന്നതാണ് ഉചിതം.
TPR മാത്രം അടിസ്ഥാനപ്പെടുത്തി, ഓരോ പ്രദേശങ്ങൾ അടയ്ക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ , ചില അപാകതകളും കടന്നു വരാൻ സാധ്യതകളുണ്ട്.
TPR എന്നാൽ, പോസിറ്റീവ് ആയ പരിശോധനകളുടെ എണ്ണത്തെ ആകെ ചെയ്ത പരിശോധനകൾ കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യയാണ്.
TPR എന്നത് ഒരു സൂചിക മാത്രമാണ്. ഇത് ആകെ ടെസ്റ്റിന്റെ എണ്ണം, ആരിൽ നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത് തുടങ്ങി പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. എണ്ണം കുറയുമ്പോൾ, TPR കൂടാം, വളരെ സെലക്ടീവായി രോഗസാധ്യത കൂടുതൽ ഉള്ളവരെ മാത്രം പരിശോധിച്ചാലും ഇത് കൂടാം. ഒരു പഞ്ചായത്തിൽ, ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം കുറവാണെങ്കിൽ, അവിടെ കേസുകൾ കുറവ് ആണെങ്കിലും, പരിശോധനകളുടെ എണ്ണം താരതമ്യേന കുറവായത് കൊണ്ട് TPR കൂടുതലാവാം.
ടി.പി ആറിൽ മാത്രം അമിതമായി ആശ്രയിക്കുമ്പോൾ ഈ നിരക്കിനെ ബോധപൂർവ്വം കുറയ്ക്കാനും നിയന്ത്രിക്കാനും ചിലർ പ്രാദേശികമായി ബോധപൂർവ്വം ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.
TPR എന്ന സൂചിക നിരീക്ഷിച്ചാലും, അത് മാത്രം വെച്ച് പഞ്ചായത്തുകളിൽ കടകൾ അടയ്ക്കുന്ന രീതി മാറ്റുന്നതാവും, രോഗനിയന്ത്രണത്തിന് ഉത്തമം.
ഇതൊക്കെ പറയുമ്പോൾ തന്നെ എടുത്ത് പറയേണ്ട പ്രധാനപ്പെട്ട മറ്റൊന്ന് മഹാമാരി നിയന്ത്രണം കേവലം സർക്കാരിൻ്റെയോ അധികാരികളുടെയോ മാത്രം ഉത്തരവാദിത്വമല്ല. അവർ വിചാരിച്ചത് കൊണ്ട് മാത്രം ഫലപ്രാപ്തി ഉണ്ടാവുകയുമില്ല.
കെട്ട കാലത്തെ മറികടക്കാൻ ഓരോ വ്യക്തിയും, കുടുംബങ്ങളും സഹകരിക്കണം, തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണം. നിയന്ത്രണങ്ങളിലെ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരും, ലംഘിക്കുന്നവരും അത്ര കുറവല്ല. രണ്ടാം തരംഗം ഒരു പാഠമാക്കി എടുത്തു കൊണ്ട് മൂന്നാം തരംഗമില്ലാതാക്കാൻ നാം ഒരുമിച്ച് നില കൊണ്ടേ തീരൂ.
കോവിഡ് നിയന്ത്രണ പ്രോട്ടോക്കോളുകൾ ഫലപ്രദമായി പാലിക്കപ്പെടാൻ വേണ്ട ഒന്ന്, ജനങ്ങളിൽ സ്വാധീനശേഷിയുള്ള വ്യക്തികൾ, ജനപ്രതിനിധികൾ, അധികാരികൾ എന്നിവർ മാതൃകാപരമായി പൊതു സമൂഹത്തിൽ പെരുമാറുകയാണ്. അനുകരണനീയമായ ഉദാത്ത മാതൃകകളായി അവർ നില കൊള്ളണം.
കാലികമായി നിയന്ത്രണങ്ങളും ചട്ടങ്ങളും പരിഷ്കരിച്ച് ജനകീയമായി മുന്നേറിയാൽ മാത്രമേ യഥാർത്ഥ ശത്രുവായ കോവിഡിനെ നമ്മൾക്ക് തുരത്താൻ കഴിയൂ.