· 5 മിനിറ്റ് വായന

എന്റെ കുഞ്ഞാവേ… നീയെന്തിനാ കരയണേ?

Pediatricsഅനുഭവങ്ങൾആരോഗ്യ പരിപാലനംശിശുപരിപാലനം

House surgency തുടങ്ങിയത് pediatricsലാണ്. ആദ്യ casualty duty. രാത്രി പത്തു മണിയോടെ തിരക്കെല്ലാം ഒരു വിധം ഒതുങ്ങി. Double duty ആയിരുന്നത് കാരണം PG തലേന്ന് ഉറങ്ങിയിട്ടില്ലായിരുന്നു. അത്യാവശ്യമല്ലെങ്കിൽ വിളിക്കില്ല എന്നുറപ്പ് കൊടുത്ത് ആളെ മുറിയിലേക്ക് വിട്ടു. ഞാനവിടെ തന്നെ ഇരുന്നു എപ്പോഴോ ഉറങ്ങിപ്പോയി. ഒരനക്കം കേട്ടാണ് ഉണർന്നത്. അച്ഛനും അമ്മയും ഒരു കൈക്കുഞ്ഞുമായി മുന്നിൽ. അവർ പറഞ്ഞു തുടങ്ങി ഞാൻ എഴുതിത്തുടങ്ങി.

“ഗോപാലകൃഷ്ണൻ/ 5 മാസം”

“ഇൗ കുഞ്ഞിവാവക്കാണോ നിങ്ങള് ഗോപാലകൃഷ്ണൻ എന്നൊക്കെ പേരിട്ടത്”

“ഇപ്പൊ ഒരു ചെറിയ പേരിട്ടിട്ട്‌ പിന്നെ വലുതാകുമ്പോ വലിയ പേരിലേക്ക് മാറ്റാൻ പറ്റൂല്ലല്ലോ?”

“അതും ശരിയാ. എന്താ ബുദ്ധിമുട്ട്?”

“ഓനൊരു പത്ത് മണി തൊട്ട്‌ നിർത്താണ്ടെ കരയുന്നാ”

“ഏത്? സുഖമായി കിടന്നുറങ്ങണ ഇവനോ?”

“ഇതിപ്പോ വണ്ടീലു വന്നപ്പോ ഇൗടെ എത്താറായപ്പോ ഒറങ്ങി പോയതാ. ഇങ്ങളോനെ ഒന്ന് നോക്കീ”

നോക്കിയിട്ട് പ്രത്യേകിച്ചൊന്നും കണ്ടില്ല. വാവ നല്ല ഉറക്കം. അവരെ തിരിച്ച് വിട്ടു. വീണ്ടും മയങ്ങി പോയി. അരമണിക്കൂർ കഴിഞ്ഞ് കാണും. അവർ വീണ്ടും മുന്നിൽ. ഇത്തവണ വാവ നല്ല കരച്ചിലാണ്. നോക്കിയിട്ട് ഒരു പിടിയും കിട്ടുന്നില്ല. PGയെ വിളിക്കാനുള്ള മടി കാരണം അവരെ ഒബ്സർവേഷൻ വാർഡിൽ കിടത്തി. രാവിലെ ആയപ്പോൾ PGയോട് കാര്യം പറഞ്ഞു. ഉടനെ ആൾ കുറെ ചോദ്യങ്ങൾ ഇങ്ങോട്ട്!

എങ്ങനെയുള്ള കരച്ചിലായിരുന്നു?
ആശ്വസിപ്പിക്കാൻ പറ്റുന്നുണ്ടോ?
പാല് കുടിക്കുന്നുണ്ടോ?
മൂത്രം ഒഴിക്കുന്നുണ്ടോ?
വയറ്റിൽ നിന്ന് ശരിക്കും പോകുന്നുണ്ടോ?
ചെവി നോക്കിയോ?
എന്തെങ്കിലും കടിച്ചതാണോ?
അങ്ങനെയങ്ങനെ…

അന്നാണ് മനസ്സിലായത് കുഞ്ഞുങ്ങളുടെ കരച്ചിൽ എന്ന് പറയുന്നത് ഒരു വല്ലാത്ത കോഡ് ഭാഷയാണെന്ന്. മൂപ്പർക്ക് കരഞ്ഞാൽ മതി… അഥവാ… കരയാനേ അറിയൂ, എന്തിനും. കാരണം കണ്ടു പിടിക്കേണ്ടത് നമ്മളാണ്.

ഒന്നു കരഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നത് പ്രസവിച്ച ഉടനെയാണ്. കരച്ചിലാണ് കുഞ്ഞിന്റെ ആദ്യ ശ്വാസം. അത് വൈകിയാൽ തലച്ചോറിലേക്ക് ആവശ്യത്തിന് പ്രാണവായുവും രക്തവും എത്താതിരിക്കുകയും ഭാവി ജീവിതം തന്നെ പ്രശ്നത്തിലാവുകയും ചെയ്യും. എല്ലാ കരച്ചിലും കുഴപ്പമല്ലെന്ന് മാത്രമല്ല, ചില കരച്ചിലുകൾ വളരെ അത്യാവശ്യമാണെന്നും ഇതിൽ നിന്നു മനസ്സിലാക്കാം.

നല്ല ഉച്ചത്തിലുള്ള കരച്ചിൽ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശക്തിയായി ശ്വാസം എടുക്കാനുള്ള കഴിവിനെയാണത് കാണിക്കുന്നത്. ശ്വസന സഹായിയായപേശികളുടെ ബലക്കുറവുള്ള അസുഖങ്ങളിൽ കരച്ചിൽ വളരെ നേർത്തതായിരിക്കും. അവർക്ക് ശക്തിയായി ചുമക്കാനും കഴിയില്ല. കഫം ചുമച്ച് പുറത്തു കളയാൻ കഴിയാതെ ന്യൂമോണിയ കൂടെക്കൂടെ ബാധിക്കാൻ സാധ്യതയുണ്ട് ഇത്തരക്കാരിൽ. ചില ക്രോമോസോം വ്യതിയാനങ്ങളിൽ പൂച്ച കരയുന്നതു പോലെയായിരിക്കും കുഞ്ഞിന്റെ കരച്ചിൽ. തൈറോയിഡ് ഹോർമോണിന്റെ കുറവുണ്ടെങ്കിലാകട്ടെ, പരുപരുത്ത ശബ്ദത്തോടെ (Hoarse) ആയിരിക്കും കരയുക. തലക്കകത്ത് പ്രഷർ കൂടുതലുണ്ടെങ്കിൽ തുളച്ചുകയറുന്ന ( High pitched and shrill) ശബ്ദമായിരിക്കും കരയുമ്പോൾ. അതായത്, കരച്ചിൽ കേട്ടാൽ എന്താണ് രോഗമെന്ന് പോലും അനുമാനിക്കാൻ പറ്റും എന്നർത്ഥം.

തണുപ്പ് തോന്നിയാലും, ചൂടു കൂടിയാലും, മലമൂത്രവിസർജനം നടത്തുന്നതിന് മുൻപ് തോന്നുന്ന അസ്വസ്ഥതയും, അത് കഴിഞ്ഞാലുള്ള നനവും, ഉറക്കെയുള്ള ശബ്ദം കേട്ടുള്ള ഞെട്ടലും, കൊതുകോ ഉറുമ്പോ കടിച്ചാലുള്ള വേദനയും എല്ലാം കുഞ്ഞ് പ്രകടിപ്പിക്കുക കരച്ചിലായാണ്. എന്നാൽ മിക്ക അമ്മമാരും കരുതുന്നത് കരയുന്നതെല്ലാം വിശന്നിട്ടാണ് എന്നാണ്. അഥവാ അങ്ങനെയാണ് ചുറ്റുമുള്ളവർ അമ്മയെ പറഞ്ഞ് പഠിപ്പിക്കുക. അമ്മക്ക് പാൽ കുറവാണെന്ന് പലരും തീരുമാനിക്കുന്നതും കുഞ്ഞിന്റെ കരച്ചിൽ കണ്ടിട്ടാണ്. കാരണം കണ്ടെത്താനുള്ള ഒരു ശ്രമം പോലും നടത്തി നോക്കാതെ. ഏതാനും ആഴ്ചകൾ കഴിയുമ്പോഴേക്കും കരച്ചലിന്റെ രീതി കണ്ടാൽ അമ്മമാർക്ക് മനസ്സിലാകും, വിശന്നിട്ടാണോ, ഉറക്കം വന്നിട്ടാണോ, അപ്പിയിടാനാണോ എന്നൊക്കെ. അതിനുള്ള അവസരം അവർക്ക് കൊടുക്കണം എന്ന് മാത്രം.

കരയുമ്പോൾ ഉടനെ എടുക്കുക, പാലു കൊടുക്കുക എന്നിവ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം ചില ശീലിപ്പിക്കലുകളാണ്. ക്രമേണ ഓരോ കരച്ചിലിലും കുഞ്ഞ് ഇതു തന്നെ പ്രതീക്ഷിക്കും. അതായത്, കരഞ്ഞു തുടങ്ങിയത് തുണി നനഞ്ഞിട്ടാണെങ്കിലും അത് മാറ്റിയാൽ മാത്രം പോര, ഒന്നെടുത്ത്, താരാട്ടി, പാട്ടുപാടിയാലോ, മുലകൊടുത്താലോ മാത്രമേ കരച്ചിൽ നിർത്തൂ എന്ന് അങ്ങ് തീരുമാനിച്ചുകളയും. ഈ പൊടിക്കുഞ്ഞിന് ഇത്രയും വിളച്ചിലുണ്ടാകുമോ എന്ന് സംശയിച്ചേക്കാം. എങ്കിലും അത് അങ്ങനെയാണ്. നമ്മുടെ സ്വഭാവം തന്നെയാണല്ലോ നമ്മുടെ കുഞ്ഞുങ്ങൾക്കും ലഭിക്കുക. അത് കൊണ്ട് അവർ അത്ര മോശക്കാരാവില്ലല്ലോ!

മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞ് ദിവസം 6 തവണയിലധികം മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ, പ്രതീക്ഷിക്കുന്ന പോലെ തൂക്കം വെക്കുന്നുണ്ടെങ്കിൽ മുലപ്പാൽ ആവശ്യത്തിനുണ്ടെന്നും എല്ലാ കരച്ചിലും വിശന്നിട്ടല്ലെന്നും ഉറപ്പിക്കാം. കരയുമ്പോൾ കരയുമ്പോൾ മുലകൊടുത്താലുള്ള വേറൊരു പ്രശ്നം, മുലയിൽ പാൽ നിറയുന്നതിന് മുമ്പ് കൊടുക്കുന്നതിനാൽ ഓരോ തവണയും കുഞ്ഞിന് ഇത്തിരിയേ പാൽ കിട്ടൂ എന്നതാണ്. അത് കൊണ്ടു തന്നെ കുഞ്ഞിന് വേഗം വിശക്കുകയും, വേഗം വേഗം കരഞ്ഞു തുടങ്ങുകയും ചെയ്യും. ഓരോ മണിക്കൂറും പാൽ കൊടുക്കുന്ന അമ്മയുടെ കഷ്ടപ്പാട് പറയുകയും വേണ്ട. ഏതു നേരവും മുലകുടിച്ചാൽ മുലക്കണ്ണ് വിണ്ടു കീറുകയും അമ്മക്ക് പാൽ കൊടുക്കുമ്പോൾ വേദനയാവുകയും ചെയ്യും. പാൽ കുറയാൻ ഇത് കാരണമാകുന്നു.

അമ്മ കഴിക്കുന്ന ചില ഭക്ഷണങ്ങളോ മരുന്നുകളോ ചിലപ്പോൾ കുഞ്ഞിന് വയറ്റെരിച്ചിൽ ഉണ്ടാക്കാറുണ്ട്. പ്രശ്നം ഉണ്ടാക്കുന്നത് എന്ന് സംശയം തോന്നുന്നവ നിർത്തി അധികം വൈകാതെ കുഞ്ഞിന്റെ കരച്ചിൽ കുറഞ്ഞ് വരുന്നതും കാണാം.

കുഞ്ഞ് മൂത്രമൊഴിക്കുമ്പോൾ കരയുന്നു എന്നത് ഒരു സാധാരണ പരാതിയാണ്. പലപ്പോഴും കരയാതെയും മൂത്രമൊഴിക്കുന്നുണ്ടാകും. മൂത്രം മൂത്രസഞ്ചിയിൽ നിറയുമ്പോളുള്ള ചെറിയ അസ്വസ്ഥത ചില കുഞ്ഞുങ്ങളെ കരയിപ്പിച്ചേക്കാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിന് കരഞ്ഞു തുടങ്ങിയതാവാം, കരയുമ്പോൾ വയറിലെ പേശികൾ ചുരുങ്ങുന്നത് കാരണം അപ്പോൾ മൂത്രം ഒഴിക്കുന്നതും ആകാം. എന്നാൽ മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോളും കരച്ചിൽ നിർത്താതിരിക്കുന്നത് അത്ര നല്ല ലക്ഷണമല്ല.

കാര്യമായ എന്തോ പ്രശ്നമുള്ളതുപോലെ കരയുകയാണെങ്കിൽ വേണ്ടത് കുഞ്ഞിന്റെ ശരീരം മുഴുവനായും ഒന്ന് പരിശോധിക്കുക എന്നതാണ്‌. വല്ല ഉറുമ്പും കടിക്കുന്നുണ്ടോ, മണി (വൃഷണം) തിരിഞ്ഞു പോയത് കാരണം അവിടെ വീക്കമോ ചുവപ്പ് നിറമോ ഉണ്ടോ (torsion of testis തുടക്കത്തിൽ തന്നെ കണ്ടു പിടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വൃഷണത്തിലേക്ക് രക്ത ഓട്ടം ഇല്ലാതാകുന്നതിനാൽ അത് ഭാവിയിൽ ഉപയോഗശൂന്യമാകാം), വിരലിലോ, ‘ഇച്ചു മണി’യിലോ തലമുടിയോ മറ്റോ മുറുക്കി ചുറ്റിയതോ മറ്റോ ആണോ, കണ്ണിൽ കൺപീലി പോയതാണോ, നമ്മൾ അറിയാതെ തോളെല്ലോ മറ്റോ പൊട്ടിപ്പോയിട്ടുണ്ടോ എന്നൊക്കെ ഇങ്ങനെ നോക്കുമ്പോൾ അറിയാൻ പറ്റും.

ജലദോഷമുള്ള ഒരു കുഞ്ഞ് നിർത്താതെ കരയുന്നുണ്ടൊങ്കിൽ മിക്കപ്പോഴും ചെവിവേദനിച്ചിട്ടാവും. മൂക്കിൽ saline nasal drops ഇരുഭാഗത്തും രണ്ടു തുള്ളി വീതം ഒഴിക്കുകയാണെങ്കിൽ പലപ്പോളും കരച്ചിൽ നിൽക്കാറുണ്ട്. എന്നാൽ ചെവിയിൽ പഴുപ്പ് കാരണമാണെങ്കിൽ ഈ പൊടിക്കൈ കൊണ്ട് കരച്ചിൽ നിൽക്കില്ല.

നിർത്താതെയുളള കരച്ചിലിനൊപ്പം നല്ല പനിയും കൂടിയുണ്ടെങ്കിൽ മസ്തിഷ്ക ജ്വരം പോലുള്ള ഗുരുതര രോഗമാകാം. ഉയർന്നിരിക്കുന്ന പതപ്പ് അതിന്റെ ഒരു ലക്ഷണമാണ്. എത്രയും പെട്ടെന്ന് ചികിൽസ തുടങ്ങേണ്ടുന്ന രോഗമാണിത്.

വയറിളക്കമുള്ള കുഞ്ഞ് ശാഠ്യം പിടിച്ചു കരയുന്നുണ്ടെങ്കിൽ നിർജ്ജലീകരണം മൂലമുള്ള അമിത ദാഹം കൊണ്ടാകാം. താഴ്ന്നു നിൽക്കുന്ന പതപ്പ് ഇതിന്റെ ലക്ഷണമാണ്. കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ നിർജ്ജലീകരണം മൂലം മരണം വരെ സംഭവിക്കാം.

സാധാരണ കരയുന്ന കുഞ്ഞിനെ വാരിയെടുത്ത് താലോലിക്കുമ്പോൾ കരച്ചിൽ നിർത്താറാണ് പതിവ്. എന്നാൽ എടുക്കുമ്പോൾ വല്ലാതെ കരയുകയും, താഴെ കിടത്തുകയാണെങ്കിൽ കരച്ചിൽ നിർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു വൈപരീത്യമാണ് (Paradoxic Cry). ശരീരത്തിന് വല്ലാതെ വേദനയുണ്ടാകുന്ന ചില രോഗങ്ങളിലാണ് ഇങ്ങനെ സംഭവിക്കുക.

വളരെ സമഗ്രമായി വിലയിരുത്തി ഒരു കാരണവും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ചിലപ്പോൾ രോഗം മൂലമായിരിക്കില്ല കരച്ചിൽ. വലിയവരെപ്പോലെ കൊച്ചു കുഞ്ഞുങ്ങളിലും ചിലർ എല്ലാത്തിനോടും ശക്തമായി പ്രതികരിക്കുന്നവരായിരിക്കും. ചെറിയ കാരണം മാത്രം മതിയാവും അവർക്ക്, നിർത്താതെ കരയാൻ. കരയുമ്പോളേക്കും വാരിയെടുക്കുന്നത് ഈ സ്വഭാവം വഷളാകാനേ ഉപകരിക്കൂ. കരച്ചിൽ തുടങ്ങിയാൽ കുഞ്ഞിനെ സുരക്ഷിതമായി നിലത്ത് കിടത്തുകയും എടുത്ത് താലോലിക്കാനായി കുറച്ചു സമയം കാത്തിരിക്കുകയും ചെയ്യാം. ഈ സമയം കൂട്ടിക്കൂട്ടികൊണ്ടുവരികയാണെങ്കിൽ എടുക്കുന്നതിന് മുമ്പ് തന്നെ കരച്ചിൽ നിർത്താനുള്ള ഒരു പരിശീലനം ആകും അത്.

ചില കുഞ്ഞുങ്ങൾ കരയാൻ തുടങ്ങിയാൽ വായ അടക്കില്ല. ശ്വാസം എടുക്കുകയുമില്ല. വായ തുറന്ന് വെച്ച അവസ്ഥയിൽ തന്നെ കുറേ നേരം നിൽക്കും. ക്രമേണ രക്തത്തിൽ ഓക്സിജൻ കുറയുന്നതിനാൽ ചുണ്ടും നാവും നീലിച്ച്കറുത്തു പോവുകയും ചിലപ്പോൾ കുഞ്ഞ് തളർന്ന് വീഴുകയും, അൽപനേരം അപസ്മാരം പോലെ കൈകാലുകൾ വിറക്കുകയും ചെയ്തേക്കാം. ഇത്തരം കരച്ചിൽ പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമായാണ് കണക്കാക്കുന്നത്. ഇത്തരം അവസരങ്ങളിൽ അമിത ശ്രദ്ധ ലഭിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ വഷളാക്കാനേ ഉപകരിക്കൂ. രക്തക്കുറവ് ഉള്ള കുട്ടികൾക്ക് ഈ പ്രശ്നം കൂടുതലായി കണ്ടുവരാറുണ്ട്.

ഇങ്ങനെ കരച്ചിൽ പുരാണം പറഞ്ഞാൽ തീരില്ല. ഒരു ശിശു രോഗവിദഗ്ധന് പോലും ലഭിക്കാവുന്ന ഏറ്റവും വലിയ സമസ്യയാണ് നിർത്താതെ കരയുന്ന കുഞ്ഞ്. അത് കൊണ്ട് ‘കരയുന്ന കുഞ്ഞിനെ പാലുള്ളൂ’ എന്ന് കേട്ടിട്ടുണ്ടെന്ന് കരുതി ‘കരയുന്ന കുഞ്ഞിന് പാലെ ഒള്ളൂ’ എന്നങ്ങു തീരുമാനിച്ച്കളയാതിരിക്കുന്നതാണ് കുഞ്ഞിന് നല്ലത്… മാതാപിതാക്കൾക്കും.

ലേഖകർ
Dr. Mohandas Nair, Pediatrician. MBBS from Government Medical College, Kozhikode in 1990, MD Pediatrics from Government Medical College, Thiruvananthapuram in 1996. Worked as assistant surgeon under health services department in Kasaragod district for 18 months. Joined Medical Education Department of Kerala in 1998 and has worked in Government Medical Colleges in Kozhikode, Alappuzha and Manjeri. At present working as Additional Professor in Pediatrics in Government Medical College, Kozhikode. Specially interested in Pediatric Genetics and is in charge of Genetics clinic here for last 10 years.
Completed MBBS from Calicut Medical College. MD pediatrics & Fellowship in Neonatology from St. John's Medical College, Bangalore. Currently working at Cimar Cochin hospital, Kochi.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ