· 2 മിനിറ്റ് വായന

താരനാണ് താരം

Dermatologyആരോഗ്യ അവബോധം

നൃത്തവേദിയിൽ സുന്ദരിയായ നായികയും കോട്ടും സൂട്ടും ഇട്ട സുന്ദരനായ നായകനും… പെട്ടെന്ന് ക്യാമറ ഫോക്കസ് നായകന്റെ ചുമലിൽ…

അതാ കറുത്ത കോട്ടിൽ വെളുത്ത ശൽക്കങ്ങൾ ..”ഓഹ് …ഡാൻഡ്രഫ്‌ ..?” നായിക പിന്നിലേക്ക് …

വളരെ സുപരിചിതമായ പരസ്യചിത്രം… അല്ലേ …
ശരിക്കും എന്താണ് ഈ താരൻ..? അത്ര വലിയ കുഴപ്പക്കാരനാണോ ഇദ്ദേഹം ?

മനുഷ്യചർമ്മത്തിലെ സ്നേഹഗ്രന്ഥികളുടെ (sebaceous glands) പ്രവർത്തനത്തിൽ വരുന്ന ചെറിയ താളപ്പിഴകൾ മൂലം ചർമ്മപ്രതലത്തിലെ കൊഴുപ്പിൽ വരുന്ന മാറ്റങ്ങളാണ്‌ താരന്റെ പ്രധാനകാരണം. അതിനാലാണ്‌ സ്നേഹഗ്രന്ഥികളുടെ പ്രവർത്തനം ആരംഭിക്കുന്ന കൗമാരത്തിൽ താരനും തല പൊക്കുന്നത്.

അങ്ങനെയെങ്കിൽ കൗമാരത്തിനു മുൻപ് കുട്ടികളിൽ താരൻ വരുമോ..? വരാം. പക്ഷെ പരമാവധി ഒരു വയസ്സ് വരെ മാത്രം. അതിൽ പ്രധാനമാണ് cradle cap.

ഇതിന് കാരണം അമ്മയിൽ നിന്നും പകർന്നു കിട്ടുന്ന ചില ഹോർമോണുകൾ ആണ്‌. കുഞ്ഞിന് ഒരു വയസ്സ് ആകുന്നതോടെ ഈ ഹോർമോണുകളും അവയോടൊപ്പം താരനും ഇല്ലാതാകുന്നു. ഹോർമോണുകളും സ്നേഹഗ്രന്ഥികളുമായുള്ള ഈ ബന്ധം തന്നെയാണ് താരനോടൊപ്പം മുഖക്കുരുവും എണ്ണമയമുള്ള ചർമ്മവും ഉണ്ടാകുന്നതിൻറെ പിന്നിലെ ഗുട്ടൻസ്.

ഇതിനോടൊപ്പം താരൻ ഉണ്ടാകാൻ സഹായിക്കുന്ന മറ്റൊരു ഘടകം നമ്മുടെ ചർമ്മത്തിൽ സ്വാഭാവികമായി തന്നെ കണ്ടു വരുന്ന Malassezia എന്ന ഒരിനം ഫംഗസ് ആണ്‌. ഇവയെ പ്രതിരോധിക്കാനാണ് പല ആന്റി-ഡാൻഡ്രഫ്‌ ഷാംപൂകളിലും ആന്റി-ഫംഗലുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുതിർന്നവരിലും കൗമാരപ്രായക്കാരിലും താരൻ പല തരത്തിൽ പ്രകടമാകാം.

?ഡാൻഡ്രഫ്‌ (dandruff)-

ശിരോചർമ്മത്തിൽ മഞ്ഞനിറത്തിലുള്ള മെഴുമെഴുപ്പുള്ള ശൽക്കങ്ങൾ കാണപ്പെടുന്ന തീവ്രത കുറഞ്ഞ ഇനം.

?സെബോറിക് ഡെർമറ്റൈറ്റിസ് (seborrheic dermatitis)-

ശരീരത്തിലും ശിരോചർമ്മത്തിലും ഉണ്ടാകാവുന്ന ചുവന്ന ചൊറിച്ചിലോടു കൂടിയ പാടുകൾ. ഈ പാടുകൾ സ്നേഹഗ്രന്ഥികൾ കൂടുതലായി കാണുന്ന ശിരോചർമ്മം, പുരികം, കൺപോളകൾ (blepharitis), മൂക്കിന്റെ വശങ്ങൾ, ചെവിയുടെ പുറകു വശം, നെഞ്ച്, തോളുകൾ, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ ആണ്‌ പ്രധാനമായും കാണപ്പെടുക.

?എറിത്രോഡർമ (erythroderma)-

ത്വക്കിന്റെ 90%ൽ കൂടുതൽ അസുഖം ബാധിച്ചു തീവ്രത കൂടിയ അവസ്ഥ.

താരനുമായി വളരെയധികം സാമ്യം ഉള്ളവയാണ് സോറിയാസിസ്, പെംഫിഗസ് ഫോളിയെഷ്യസ്, കുട്ടികളിലെ ശിരോചർമ്മത്തിന്റെ ഫങ്കൽ ഇൻഫെക്ഷൻ (tinea capitis), ലാങ്ങർഹാൻസ് സെൽ ഹിസ്റ്റിയോസൈറ്റോസിസ് എന്നീ സങ്കിർണ്ണമായ രോഗങ്ങൾ. മേല്പറഞ്ഞ സാദ്ധ്യതകൾ തള്ളിക്കളയാനായി ശൽകങ്ങളുടെ മൈക്രോസ്കോപ്പി, ത്വക്കിലെ പാടുകളുടെ ബയോപ്സി എന്നീ പരിശോധനകൾ വേണ്ടി വന്നേക്കാം. ഇവ തമ്മിൽ തിരിച്ചറിയാനും തക്കസമയത്തു തന്നെ ചികിത്സിക്കാനും ഒരു ത്വക് രോഗവിദഗ്ധന്റെ സേവനം ഇതിനാൽ അത്യന്താപേക്ഷിതമാണ്.

കുട്ടികളിലെ താരൻ നേരത്തെ പ്രതിപാദിച്ച പോലെ പ്രത്യേകിച്ച് ചികിത്സ ഇല്ലാതെ തന്നെ പരിപൂർണ്ണമായി ഭേദമാകും. എന്നാൽ മുതിർന്നവരിൽ താരന് ഒരു ശാശ്വത പരിഹാരം ഇല്ല തന്നെ , കാരണം ഇതു നമ്മുടെ ഹോർമോണുകൾ മൂലം ചർമ്മത്തിന്റെ ഘടനയിൽ വരുന്ന മാറ്റങ്ങളുടെ പരിണിതഫലമാണ്. ഹോർമോണുകൾ ഉള്ളിടത്തോളം കാലം ഒരു വിരുന്നുകാരനെ പോലെ താരൻ വരികയും പോവുകയും ചെയ്യും. എന്നാലത് തീർച്ചയായും നിയന്ത്രണവിധേയമാക്കാൻ സാധിക്കും.

ആന്റിഫംഗലുകൾ ആണ്‌ ചികിത്സയുടെ ആധാരശില. തീവ്രത കൂടിയ ഘട്ടങ്ങളിൽ സ്റ്റിറോയ്ഡ്കളും മിതമായി ഉപയോഗിക്കാം.

അപ്പോൾ ഇനിയെങ്കിലും, വിപണിയിലുള്ള സകല ഷാംപൂവും ഹെയർ ഓയിലും വാങ്ങി സഹികെട്ടു വീട്ടിലെ മുട്ട, പാൽ, നാരങ്ങാ നീര് തുടങ്ങി മഞ്ഞളും മുളകും വരെ തലയിൽ അരച്ചു പുരട്ടി പരാജയം അടഞ്ഞു നിൽകുമ്പോൾ ഒന്നു മനസ്സിലാക്കുക, ചർമ്മത്തിന്റെ സ്വാഭാവിക സ്‌ഥിതിയിൽ വരുന്ന നേരിയ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന അപകടകരമല്ലാത്ത ഒരു അവസ്ഥയാണ് താരൻ. അതിനെ ഉന്മൂലനം ചെയ്യുക എന്നതിലുപരി ശരിയായ രോഗനിർണ്ണയവും രോഗനിയന്ത്രണവും ആണ്‌ പ്രധാനം.

ലേഖകർ
Assistant Professor at Department of Dermatology, Government medical college, Kottayam. Completed MBBS from Government medical college, Alappuzha in 2010, and MD in Dermatology, venerology and leprosy from Government medical college, Thiruvananthapuram in 2015. Interested in teaching, public health and wishes to spread scientific temper. Psoriasis, Leprosy, drug reactions and autoimmune disorders are areas of special interest.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ