· 3 മിനിറ്റ് വായന

കോവിഡ് 19 ഉമ്മത്തിന്റെ കായ ഒറ്റമൂലിയല്ല

Current Affairsകോവിഡ്-19പകര്‍ച്ചവ്യാധികള്‍പൊതുജനാരോഗ്യം

കോവിഡ് 19 വൈറസിന്റെ ആകൃതിയുള്ള ഒരു ഫലം ഒറ്റമൂലി ആയി കഴിച്ച് 12 പേർ ആശുപത്രിയിലായി. അഞ്ചു പേർ കുട്ടികളാണ്. ആന്ധ്രപ്രദേശിൽ നിന്നുള്ള വാർത്തയാണ്. ഉമ്മത്തിന്റെ കായ അരച്ച് ചേർത്ത ദ്രാവകം കുടിച്ചതാണ് അപകടം സൃഷ്ടിച്ചത്.

പല ചിത്രങ്ങളിലും കോവിഡ് വൈറസിനെ വരച്ചുകാട്ടുന്നത് പച്ചനിറമുള്ള, മുള്ളുകളുള്ള ഒരു ഫലത്തിന് സമാനമായാണ്. ഏതാണ്ട് നമ്മുടെ ഉമ്മത്തിൻറെ ആകൃതിക്ക് സമാനം.

വെള്ളനിറമുള്ള പൂവുള്ള Datura alba, പർപ്പിൾ നിറം ഉള്ള പുഷ്പമുള്ള Datura niger എന്നിവയാണ് നമ്മുടെ നാട്ടിൽ പ്രധാനമായും കാണുന്നത്. ഫലത്തിന്റെ ആകൃതി കാരണം thorn apple /devil’s apple എന്നൊക്കെ നാട്ടുഭാഷയിൽ വിളിക്കാറുണ്ട്. ഇതിനുള്ളിലെ കുരുക്കൾക്ക് മുളക് കുരുക്കളുമായി സാമ്യമുണ്ട്.

കാര്യം ആപ്പിൾ എന്നൊക്കെ വിളിക്കപ്പെടുന്നുണ്ടെങ്കിലും സ്വഭാവം അത്ര നല്ലതല്ല. മരണം സംഭവിക്കാൻ 0.6 – 1 gm കുരുകൾ ഉള്ളിൽ ചെന്നാൽ മതിയാവും, അതായത് ഏകദേശം നൂറിനു മുകളിൽ കുരുക്കൾ. 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാം.

ഇവയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുറഞ്ഞ ഡോസിൽ നൽകിയാൽ കഴിക്കുന്നയാൾ അബോധാവസ്ഥയിലാകും. ഈ സ്വഭാവം ഉള്ളതുകൊണ്ട് പണ്ട് കിഡ്നാപ്പ് ചെയ്യുന്നതിനും ട്രെയിനിൽ മോഷണത്തിനും ഒക്കെ ഇത് ഉപയോഗിച്ചിരുന്നു.

ഉമ്മത്തെ വിഷമാക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ ആണ്. പ്രധാനമായും atropine, hyosine, hyosinamine എന്നിവ. ഇവ തലച്ചോറിനെ ആദ്യം ഉത്തേജിപ്പിക്കുകയും പിന്നീട് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് മെഡുല്ലയിലെ പ്രധാന സെന്ററുകളിൽ പരാലിസിസ് ഉണ്ടാവുന്നു. തുടർന്ന് മരണം സംഭവിക്കാൻ വരെ സാധ്യതയുണ്ട്.

ഇവ കഴിക്കുമ്പോൾ കയ്പുരസം ആണ്. വായ ഉണങ്ങി വരളുകയും സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. ശബ്ദം കൂടുതൽ പരുഷമാകുന്നു. ആമാശയത്തിൽ (വയറ്റിൽ) പൊള്ളുന്ന പോലുള്ള വേദന ആരംഭിക്കുകയും ശർദ്ദിക്കാൻ തോന്നുകയും ചെയ്യുന്നു. ത്വക്ക് വരണ്ട് ചുവക്കുന്നു. കൃഷ്ണമണി വികസിക്കുകയും കാഴ്ച ബുദ്ധിമുട്ട് ആവുകയും ചെയ്യുന്നു.

തുടർന്ന് കൈകാലുകളിൽ പരാലിസിസ് വരാൻ സാധ്യതയുണ്ട്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടും വേദനയും ഉണ്ടാവുകയും ചെയ്യുന്നു. ആദ്യം പൾസ് കൂടുകയും പിന്നീട് ശക്തി കുറഞ്ഞ് ക്രമരഹിതം ആവുകയും ചെയ്യുന്നു. ശ്വസന പ്രക്രിയ വേഗത്തിലാക്കുകയും പിന്നീട് മന്ദീഭവിക്കുകയും ചെയ്യുന്നു. മദ്യപിച്ച പോലുള്ള നടത്തം. ഡെലീറിയം അവസ്ഥയിൽ എത്താനുള്ള സാധ്യതയുമുണ്ട്. തുടർന്ന് കോമയും അപസ്മാരവും ഉണ്ടാവാം.

റെസ്പിറേറ്ററി പരാലിസിസ് ആണ് മരണകാരണം.

ആരെങ്കിലും ഇത് കഴിച്ചു എന്നറിഞ്ഞാൽ എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. കാരണം 24 മണിക്കൂറിനകം മരണം സംഭവിക്കാനുള്ള സാധ്യത ഉണ്ട്.

ആശുപത്രിയിൽ എത്തിയാൽ ആമാശയം കഴുകുന്നത് മുതലുള്ള ചികിത്സാരീതികൾ. തുടർന്ന് പല മരുന്നുകളും ആവശ്യമായിവരും. ചിലപ്പോഴൊക്കെ നൂതന സപ്പോർട്ടീവ് കെയർ സൗകര്യങ്ങളും വേണ്ടിവരും.

ഉമ്മം മൂലം കൊലപാതകങ്ങളും ആത്മഹത്യകളും അപൂർവമാണ്. പക്ഷേ, ആക്സിഡൻറൽ പോയ്സണിംഗ് ധാരാളം സംഭവിക്കുന്നുണ്ട്. അതുപോലെതന്നെ അശാസ്ത്രീയമായ ഉപയോഗവും അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗർഭം അലസിപ്പിക്കാൻ ഉപയോഗിക്കുന്നതിലൂടെ മരണങ്ങൾ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് ദയവുചെയ്ത് വൈറസിൻറെ ആകൃതി ഉണ്ട് എന്ന് കരുതി ഇതൊന്നും എടുത്ത് ഉപയോഗിക്കരുത്. ജീവനും ആരോഗ്യവും നഷ്ടമാകും. ആരെങ്കിലും പടച്ചു വിടുന്ന ടിക് ടോക് വീഡിയോകൾക്ക്/മണ്ടത്തരങ്ങൾക്ക് നമ്മുടെ കുട്ടികൾ ഇരയാകരുത്.

ലേഖകർ
Dr. Jinesh P.S. Completed MBBS and MD in Forensic Medicine from Govt Medical College, Kottayam. He has worked in Dept. of Forensic at Govt Medical College, Kottayam as Lecturer and at Community Health Center Kumarakom and Edayazham as Medical Officer. He is interested in spreading of scientific temper, health awareness.
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ