ഡെങ്കിപ്പനിയും പ്ലേറ്റ്ലറ്റും പപ്പായയും തമ്മിലെന്ത്?
ഒരു പനി എങ്ങാന് വന്നാല്,ഡെങ്കി ഭീതി പൂണ്ടു പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടാനുള്ള അൽഭുത മരുന്നുകൾ കണ്ടെത്താനും പരീക്ഷിക്കാനുമുള്ള വ്യഗ്രതയില് ആണല്ലോ മിക്കവരും.എന്നാൽ കേവലം പ്ലേറ്റ്ലറ്റ് കൌണ്ട് കൂടിയതുകൊണ്ടു ഡെങ്കു ഭേദമാകുമോ? പിന്നീട് ഒരു പ്രശ്നവും ഉണ്ടാവില്ലേ? എന്താണ് യാഥാര്ത്ഥ്യം?
✔പ്ലേറ്റ്‌ലറ്റും ഡെങ്കിപ്പനിയും തമ്മിൽ എന്താണ് ബന്ധം?
മൂന്നു തരം കോശങ്ങൾ,പ്രോട്ടീൻ സമ്പുഷ്ടമായ പ്ലാസ്മ എന്ന ദ്രാവകത്തിലൊഴുകുന്ന മിശ്രിതമാണ് രക്തം. ചുവന്ന രക്താണുക്കൾ, ശ്വേതരക്താണുക്കൾ എന്നിവ കൂടാതെ മൂന്നാമത്തെ രക്തകോശമാണ് പ്ലേറ്റ്ലറ്റുകൾ.മജ്ജയിൽ നിന്ന് രൂപം കൊള്ളുന്ന ഇവ രക്തത്തിന്റെ ഭാഗമായി മാറുന്നു.
✔പ്ലേറ്റ്ലെറ്റ്കളുടെ പ്രധാന ധര്മ്മം എന്താണ്?
പ്രധാന ധര്മ്മം മുറിവുകള് ഉണ്ടാവുമ്പോള് രക്തം കട്ടപിടിക്കാന് സഹായിക്കുക എന്നതാണ്.മുറിവുണ്ടാകുന്ന ഭാഗത്തു ഇവ പോയി പറ്റിപിടിച്ചു വലപോലെ ഒരു മതിൽ തീർക്കും.രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഈ വലയിൽ വന്നു അടിയും,അങ്ങനെ പതിയെ ഈ വലയിലെ സുഷിരങ്ങൾ അടഞ്ഞു രക്തസ്രാവം നിലയ്ക്കും.ഇപ്രകാരം പ്ലേറ്റ്‌ലെറ്റുകളോടൊപ്പം മറ്റു ഘടകങ്ങളും ചേർന്നാലേ ബ്ലീഡിങ് നില്ക്കൂ.
ഇനി ഇനി ഡെങ്കിപ്പനിയില് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.
ഡെങ്കി വൈറസ് പല വിധത്തിലാണ് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം/പ്രവർത്തനം കുറയ്ക്കുന്നത്.
- നശീകരണം കൂട്ടുന്നു :
പഴക്കം ചെന്ന പ്ലേറ്റ്‌ലെറ്റുകൾ പ്ലീഹയില് നശിപ്പിക്കപ്പെടുകയും അതിനനുസരിച്ചു മജ്ജയിൽ നിന്ന് പുതിയവ ഉണ്ടാവുകയും ചെയ്യുന്നത് വഴിയാണ് ഇവയുടെ എണ്ണം ക്രമീകരിക്കുന്നത്.ഡെങ്കി ഉള്ളവരിൽ വൈറസിന്റെ ആന്റിജനുകളുടെ പ്രവർത്തനഫലമായി ഈ നശീകരണത്തിന്റെ തോത് കൂടുന്നു.
- മജ്ജയിൽനിന്നുള്ള ഉത്പാദനം കുറയുന്നു :
വൈറസിന് നേരിട്ട് മജ്ജയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ കഴിയുന്നതിനാല്ആവശ്യത്തിനുള്ള എണ്ണം പുതിയ പ്ലേറ്റ്‌ലെറ്റുകൾ ഉണ്ടാവുന്നില്ല.കൂടിയ തോതിലെ നശീകരണവും, കുറഞ്ഞ ഉല്പാദനവും എണ്ണം കുറയാൻ കാരണമാകുന്നു.(സമാന രീതിയില് ഡെങ്കിയില് ശ്വേതരക്താണുക്കളുടെ എണ്ണം കുറയുകയും ചെയ്യാം)
- നിലവിലുള്ള കോശങ്ങളുടെ പ്രവർത്തനക്ഷമത കുറയുന്നു:
നോർമൽ പ്ലേറ്റ്‌ലെറ്റ് കൌണ്ട് ഉള്ളവരിലും, ഗുരുതരമായ ഡെങ്കി ഉണ്ടാവാം.ഇതിനു കാരണമായി പറയുന്നത് ആരോഗ്യമുള്ള പ്ലേറ്റ്‌ലെറ്റുകളുടെ പ്രവർത്തനം താറുമാറാക്കാനുള്ള വൈറസിന്റെ കഴിവാണ്.പ്ലേറ്റ്ലെറ്റ്കളുടെ എണ്ണം സൂചിപ്പിക്കുന്ന കൌണ്ട് എന്ന പരിശോധനയില് അമിത ആശങ്കകള്ചെലുത്തേണ്ട,അതില് മാത്രം ആസ്പദമാക്കി അല്ല രോഗ തീവ്രത നിര്ണ്ണയിക്കുക.ചിലപ്പോൾ നോർമൽ കൌണ്ട് ആണെങ്കിലും പ്രവർത്തനക്ഷമമായവ കുറവായിരിക്കും,അത്തരം അവസ്ഥയിലും രക്തസ്രാവം പോലുള്ള ഗുരുതരാവസ്ഥകള് ഉണ്ടാവാം.
☠ എന്തൊക്കെയാണ് ഡെങ്കിയിലെ മരണകാരണങ്ങൾ ?
കേരളത്തിലെ ഈ വര്ഷത്തെ കണക്കുകള് അനുസരിച്ച് ഡെങ്കിപ്പനിയിലെ മരണനിരക്ക് ഏകദേശം 1% ആണ്.എന്നാൽ ഗുരുതരമായ ഡെങ്കി ഉള്ളവരിൽ ഇത് 5% ആയി കൂടാം.കൃത്യമായ ചികിത്സ എടുക്കാത്തവരിൽ മരണനിരക്ക് ഉയരുമെന്നതിനാല് ആണ് ഗുരുതരമായ അവസ്ഥയുള്ളവരില് കൃത്യമായ ചികിത്സ വേണം എന്ന് നിഷ്കര്ഷിക്കുന്നത്.
മരണകാരണങ്ങള് എന്തൊക്കെയെന്നു നോക്കാം,
- ഷോക്ക്: രക്ത ചംക്രമണ വ്യവസ്ഥയില് ഉണ്ടാവുന്ന തകരാര് മൂലമുള്ള “ഷോക്ക്” എന്ന അവസ്ഥ.
ശരീരത്തിലെ രക്തത്തിന്റെ അളവ് കുറഞ്ഞു കോശങ്ങൾക്ക് ആവശ്യമായ രക്തചംക്രമണം സാധ്യമാവാത്ത അവസ്ഥയാണ് ഷോക്ക്.
✔ഡെങ്കിയിൽ എങ്ങനെയാണു ഷോക്ക് ഉണ്ടാകുന്നത്?
നമ്മുടെ കോശങ്ങൾക്ക് രക്തവും മറ്റു പോഷകങ്ങളും ലഭിക്കുന്നത് രക്തക്കുഴലുകളിലെ ഏറ്റവും കുഞ്ഞനായ കാപ്പിലറിസ് വഴിയാണ്, ഇവയുടെ ഭിത്തിയിലുള്ള ചെറിയ സുഷിരങ്ങൾ വഴി പോഷകങ്ങളും മറ്റും കോശങ്ങളുമായി കൈമാറ്റം ചെയ്യപ്പെടുന്നു.എന്നാൽ രക്തത്തിലെ വലിയ കോശങ്ങൾക്കും,ആൽബുമിൻ പോലത്തെ പ്രോട്ടീനുകൾക്കും ഈ സുഷിരങ്ങളിലൂടെ പുറത്തുപോകാൻ സാധിക്കില്ല.ഡെങ്കി ഉള്ളവരിൽ വൈറസിന്റെ പ്രോട്ടീനുകൾക്കു എതിരെ ഉള്ള പ്രതിപ്രവർത്തനഫലമായി കാപ്പിലറിസ് വഴിയുള്ള ചോർച്ച കൂടും,രക്തത്തിലെ ആൽബുമിനും, ഒപ്പം പ്ലാസ്മയും പുറത്തേക്കു പോകുന്നതുവഴി രക്തത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും ഷോക്കിനു കാരണമാവുകയും ചെയ്യുന്നു.പ്രധാന മരണകാരണം ഷോക്ക് ആണ്.
2: രക്തസ്രാവം:
വളരെ പെട്ടന്നുള്ള ആന്തരിക രക്തസ്രാവം മരണകാരണമാകാം, എന്നാൽ ഇങ്ങനെ ആന്തരിക രക്തസ്രാവം ഉണ്ടാകാന് സാധ്യത ഏറുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 20000ത്തിൽ താഴെ ആവുമ്പോഴും,പ്രവർത്തന ക്ഷമതയുള്ള കോശങ്ങളുടെ എണ്ണം 3000ത്തിൽ താഴെയുമാവുമ്പോഴുമൊക്കെയാണ്.ഇതിനോടൊപ്പം കരൾ ഉൽപാദിപ്പിക്കുന്ന രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ കുറയുകയും ചെയ്യുമ്പോളാണ് പെട്ടന്ന് ഉള്ള ബ്ലീഡിങ് ഉണ്ടാകുന്നതു.ഡെങ്കി ഉള്ളവരിൽ ഇത്തരം ഒരു അവസ്ഥ വളരെ വിരളമാണ്.പ്ലേറ്റ്ലറ്റ് കൌണ്ട് കുറഞ്ഞതുകൊണ്ട് മാത്രം രക്തസ്രാവം ഉണ്ടാവണമെന്നില്ല.
3: ഹൃദയത്തിനുണ്ടാകുന്ന നീർക്കെട്ട്,തലച്ചോറിലെ നീർക്കെട്ടും രക്തസ്രാവവും , കരളിന്റെ പ്രവർത്തനം കുറയുന്നത്, പാൻക്രിയാസിനുള്ള നീർക്കെട്ട് ഇവയാണ് മരണത്തിനുള്ള മറ്റു കാരണങ്ങൾ.ഇവക്കൊന്നും പ്ലേറ്റ്‌ലെറ്റ് കൗണ്ടുമായി നേരിട്ട് ബന്ധമില്ല എന്നതും ഓര്ക്കണം.
✔ഡെങ്കിപ്പനിയുടെ തീവ്രത നിശ്ചയിക്കുന്നത്/നിരീക്ഷിക്കുന്നത് എങ്ങനെ?
മുന്നേ സൂചിപ്പിച്ചത് പോലെ പ്ലാസ്മാ ലീക്ക്,ഷോക്ക്,ആന്തരിക രക്തസ്രാവം തുടങ്ങിയവയാണ് മാരകമായ രോഗാവസ്ഥകള് അവ ഉണ്ടാവുന്നുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുക ആണ് പ്രധാനം.
ഡെങ്കി ഉറപ്പാക്കുകയോ സംശയിക്കുകയോ ചെയ്ത രോഗികള്ക്ക് ഇടവിട്ടുള്ള തുടർ പരിശോധനകള് അത്യാവശ്യമാണ്.ഓരോ തവണയും ഹൃദയമിടിപ്പും , രക്തസമ്മർദ്ദവും നോക്കണം, ഇടിപ്പ് കൂടുന്നതും രക്ത സമ്മർദ്ദം കുറയുന്നതും രോഗി ഷോക്കിലേക്കു പോകുന്നതിന്റെ ആദ്യലക്ഷങ്ങളാണ്.അതുകൊണ്ടാണ് കൃത്യമായ ഇടവേളകളിൽ ഇവ നിരീക്ഷിക്കുന്നത്.ഇതിനോടൊപ്പം ശരീരോഷ്മാവും,ശ്വസന നിരക്കും നോക്കാറുണ്ട്.രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ ,തലച്ചോറിന്റെയും, കരളിന്റെയും, ഹൃദയത്തിന്റെയുമൊക്കെ പ്രവർത്തനം എന്നിവ രോഗിയെ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതിലൂടെ കണ്ടത്താം.
ലാബ് പരിശോധനകൾ
- ഡെങ്കി ഉറപ്പാക്കാനുള്ള പരിശോധനകൾ
ഇത് രണ്ടുതരമുണ്ട്.ആന്റിജൻ പരിശോധനയും ആന്റിബോഡി പരിശോധനയും
- a) ആന്റിജൻ പരിശോധനയുടെ പേര് NS1 ആന്റിജൻ ടെസ്റ്റ് എന്നാണ്.തത്വത്തില് പനി തുടങ്ങി ഒന്നാം ദിവസം തന്നെ ഡെങ്കി ഉള്ളവരിൽ ഈ പരിശോധന പോസിറ്റീവ് ആകാം എങ്കിലും പനി ഉണ്ടായി ആദ്യ ദിവസങ്ങളില് തന്നെ ഈ ടെസ്റ്റ് ചെയ്തു അറിയുന്നത് കൊണ്ട് കൂടുതല് ഗുണങ്ങള്ഇല്ല എന്ന് പറയാം.കാരണം ആകെ ഉള്ള പനികളില് ചെറിയ ഒരു ശതമാനം വരെയേ ഡെങ്കിപ്പനി ഉള്ളൂ,രണ്ടോ മൂന്നോ ദിവസം കാത്തിരുന്നാല്ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തി തന്നെ ഡെങ്കിപ്പനിയുടെ സാധ്യത വിലയിരുത്താവുന്നത് അപ്പോള് ടെസ്റ്റ് നടത്താവുന്നതും ആണ്.അങ്ങനെ അനുവര്ത്തിക്കുന്നത് കൊണ്ട് ഡെങ്കി ഇല്ലാത്ത അനേകരെ കൊണ്ട് അനാവശ്യമായി ചിലവേറിയ ഈ ടെസ്റ്റ് ചെയ്യിക്കുന്നത് ഒഴിവാക്കാന്കഴിയും.രക്തത്തിൽ ഈ ആന്റിജൻറെ സാന്നിധ്യം ഒരാഴ്ച്ച വരെ ഉണ്ടാവാം.ഡെങ്കി ആണോ അല്ലയോ എന്ന് ഉറപ്പിക്കുന്നതിനാണ് ഈ പരിശോധന,തുടര് ചികിത്സയില് ഇതിനു വലിയ സാംഗത്യം ഇല്ല.
- b) രണ്ടാമത്തെ പരിശോധന ഡെങ്കി ആന്റിബോഡി ടെസ്റ്റാണ്.പനിക്കാലത്തു നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത് ഡെങ്കി IgM പരിശോധനയാണ്.പനി തുടങ്ങി അഞ്ചു ദിവസത്തിനു ശേഷമേ ഇത് പോസിറ്റീവ് ആകുകയുള്ളു.ഏകദേശം ആഴ്ചകളോളം പോസിറ്റീവ് ആയി നിൽക്കുകയും ചെയ്യും.ഈ പരിശോധനയും ഡെങ്കി ആണോ എന്ന് ഉറപ്പിക്കുന്നതിനാണ്.
ഡെങ്കി പനിയുടെ ലക്ഷണങ്ങൾ ഉള്ള, ഡെങ്കി പടർന്നു പിടിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവരിൽ മാത്രം ആദ്യ ദിവസം NS1 പരിശോധന ചെയ്യാം.അല്ലാതെ വെറും പനിയുമായോ ജലദോഷ പനിയുമായയോ വരുന്നവർക്ക് ഈ പരിശോധന ആവശ്യമില്ല,ഡോക്ടര് നിര്ദ്ദേശിക്കുന്നത് അനുസരിച്ച് അല്പം കാത്തിരിക്കാം.
പനിയുടെ തുടക്കത്തില് വരുന്നവര്ക്ക്,പനി കുറയാനുള്ള മരുന്നുകൾ സർക്കാർ നിർദ്ദേശപ്രകാരം നൽകാം.ആവശ്യത്തിന് വിശ്രമവും ഭക്ഷണ ക്രമവും,ഗുരുതര രോഗത്തിന്റെ ലക്ഷണങ്ങളും പറഞ്ഞുകൊടുക്കാം, ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ആശുപത്രയിൽ എത്തണമെന്ന് നിർദേശിക്കാം.ഒട്ടുമിക്ക ആളുകളിലും സാധാരണ വൈറൽ പനികൾ 3 ദിവസംകൊണ്ട് കുറയും.3 ദിവസമായിട്ടും പനി കുറയാത്തവരിലും ഡെങ്കിയുടെ മറ്റു ലക്ഷണങ്ങൾ കാണിക്കുന്നവരിലും ഡെങ്കി ഉറപ്പാക്കാനുള്ള പരിശോധനകൾ ചെയ്യാം.
ഈ ടെസ്റ്റുകൾ പോസിറ്റീവ് ആയി വരുന്ന രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറണം.രോഗം നിര്ണ്ണയിച്ചു ഉറപ്പാക്കാനും,മറ്റു പ്രതിരോധ മാർഗ്ഗങ്ങളും മുൻകരുതലുകളും എടുക്കാനും ആരോഗ്യവകുപ്പിനെ സഹായിക്കാൻ ഡെങ്കി രോഗികളുടെ അസുഖം സ്ഥിരീകരിക്കേണ്ടതുണ്ട്.
ഈ ടെസ്റ്റുകൾ പോസിറ്റീവ് ആയതുകൊണ്ട് മാത്രം രോഗിയെ അഡ്മിറ്റ് ചെയ്യേണ്ടതില്ല.രക്തത്തിലെ കൗണ്ടുകളും ഒപ്പം രോഗിയുടെ രോഗാവസ്ഥയും കണക്കിലെടുത്താണ് കിടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
2.രോഗതീവ്രതയും പുരോഗതിയും വിലയിരുത്താനുള്ള മറ്റു പരിശോധനകൾ:
A: രക്താണുക്കളുടെയും പ്ളേറ്റ്‌ലെറ്റുകളുടെയും എണ്ണം.
കൗണ്ടുകൾക്കൊപ്പം രോഗിയുടെ ആരോഗ്യ അവസ്ഥയും വിലയിരുത്തിയാണ് ഏതുതരം ചികിത്സ വേണം എന്ന് നിശ്ചയിക്കുന്നത്.സാധാരണയായി 3-4 ദിവസങ്ങൾക്കു ശേഷമാണു രക്തത്തിൽ ഈ വ്യതിയാനം കാണാൻ തുടങ്ങുക.
ഹീമോഗ്ലോബിൻ,ശ്വേതരക്താണുക്കളുടെ എണ്ണം, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം,PCV (ഹെമറ്റൊക്രിറ്റ്)എന്നിവ ഉറപ്പായും ചെയ്തിരിക്കണം.
ശ്വേതരക്താണുക്കളുടെയും,പ്ലേറ്റ്‌ലെറ്റുകളുടെയും എണ്ണത്തിലാണ് ആദ്യമേ കുറവുണ്ടാവുക.കുറവുണ്ടെങ്കിൽ ഈ കൗണ്ടുകൾ ദിവസവും റിപ്പീറ്റ് ചെയ്യണം.പ്ലേറ്റ്‌ലെറ്റ് കൌണ്ട് ഒരു ലക്ഷത്തിൽ താഴെയാണെങ്കിലും,ശ്വേത രക്താണുക്കളുടെ എണ്ണം 2000ത്തിൽ കുറഞ്ഞാലും കൂടുതല്ശ്രദ്ധവേണം.ഇതിനൊപ്പം ബ്ലീഡിങ്ങോ മറ്റു ഗുരുതര രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നതാണ് ഉചിതം.
ഹീമോഗ്ലോബിനും(Hb),PCV യും ചെയ്യുന്നത് പ്ലാസ്മ ലീക്ക്,ബ്ലീഡിങ് സാധ്യത എന്നിവ കണ്ടുപിടിക്കാനാണ്.Hb അളവ് വേഗം കൂടുന്നതോ PCV യിൽ 20% വർദ്ധന ഉണ്ടാവുന്നതോ പ്ലാസ്മ ലീക്കിന്റെ ലക്ഷണമാവാം.ഇവ രണ്ടും വേഗം കുറയുന്നത് രക്തസ്രാവം മൂലമാകാം.
B: മറ്റു അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്താനുള്ള ടെസ്റ്റുകൾ
ഗുരുതരമായ ഡെങ്കി ഉള്ളവരിൽ കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലാവാം.ഇത്തരം ഗുരുതരമായ അസുഖം സംശയിക്കുന്നവരിൽ Liver function test(LFT), Renal function test(RFT) എന്നിവ ഇത്തരം ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ ചെയ്യാം,ആവശ്യമെങ്കിൽ ആവര്ത്തിക്കാം.
✔പ്ലേറ്റ്ലറ്റ് മാത്രം കൂട്ടുന്നതുകൊണ്ടു രോഗ തീവ്രത കുറയുമോ ?
- ഡെങ്കി എന്ന രോഗത്തിന്റെ തീവ്രതയുടെ ഒരു സൂചകം മാത്രമാണ് പ്ലേറ്റ്ലറ്റുകളുടെ എണ്ണം.ഇതിനൊപ്പം മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണ് രോഗ തീവ്രത അളക്കുന്നത്.അതുകൊണ്ടു തന്നെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കൂടിയതുകൊണ്ടു മാത്രം രോഗതീവ്രത കുറയണം എന്നില്ല. കൌണ്ട് നോര്മല്ആയിരിക്കെ തന്നെ രക്തസ്രാവം ഉണ്ടാവാനും ഇടയുണ്ട് എന്നതും ഓര്ക്കുക.
- പ്ലാസ്മാ ലീക്ക്,ആന്തരിക രക്തസ്രാവം എന്നിവയുടെ സൂചകങ്ങള് ആയ പി.സി.വി,ഹീമോഗ്ലോബിന് എന്നിവയുടെ നിരീക്ഷണവും തോതും ഒക്കെ അതിപ്രധാനം ആണ്.
✔പ്ലേറ്റ്ലറ്റ് പുറത്തു നിന്ന് ട്രാന്സ്ഫ്യൂഷനായി നൽകാറുണ്ടല്ലോ?
ഉണ്ട്.ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഇത് ആവശ്യമുള്ളു.
- പ്ലേറ്റ്ലറ്റുകളുടെ എണ്ണം 20000 ത്തിൽ കുറയുമ്പോൾ.
- രക്തസ്രാവം ഉണ്ടായാൽ.ഈ സാഹചര്യത്തിൽ എണ്ണം എത്രയായിരുന്നാലും പ്ലേറ്റ്ലറ്റ്/രക്തം ട്രാന്സ്ഫ്യൂഷന് നൽകേണ്ടി വരും
- രോഗിക്ക് ശസ്ത്രക്രിയയൊ മറ്റോ ആവശ്യം വന്നാൽ.
✔ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ടു അസംഖ്യം അവാസ്തവ പ്രചാരണങ്ങളും,തട്ടിപ്പ് സന്ദേശങ്ങളും മുതലെടുപ്പുകളും ആണ് നടക്കുന്നത് എന്താണ് വസ്തുതകള്?
1,പപ്പായ ഇല ജ്യൂസ്,പപ്പായ എക്സ്ട്രാക്റ്റ് എന്നിവ ഡെങ്കിക്ക് മികച്ച ഔഷധം ആണ് എന്ന പ്രചരണം ചിലര് നടത്തുന്നുണ്ട്?ഇത് വാസ്തവം ആണോ?
*അമിതഭീതിയില് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതും,കണ്ടതും കേട്ടതുമായ ആയ മരുന്നുകളും ചികിത്സാ രീതികളും തേടി പോവേണ്ട സാഹചര്യം നിലവില് ഇല്ല.
*പപ്പായ ഇല ജ്യൂസില് അത്തരം ഒരു ഗുണം ആരോപിക്കുന്നതും,ചിലരുടെ അനുഭവ സാക്ഷ്യങ്ങളും ആണ് പൊതുവില് പ്രചരിക്കുന്നത്.ഇതിനു പിന്നില് പല സ്ഥാപിത താല്പ്പര്യങ്ങളും ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടത് ആണ്.
രോഗം സാരമെന്നോ നിസ്സാരമെന്നോ വിലയിരുത്തുന്നത് പ്ലേറ്റ്ലെറ്റ് കൌണ്ട് മാത്രം നോക്കിയല്ല.
കൌണ്ട് കുറഞ്ഞാല് ഉടന് രക്തം,പ്ലേറ്റ്ലെറ്റ്സ് ട്രാന്സ്ഫൂഷന് പോലുള്ളവ എന്ന നിലയില് പരിഭ്രാന്തി വേണ്ട,പലവിധ രോഗാവസ്ഥകള് കൂടി വിലയിരുത്തിയാണ് ട്രാന്സ്ഫ്യൂഷന് പോലുള്ളവ ഡോക്ടര് നിര്ദ്ദേശിക്കുക.
പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടുക എന്നതല്ല ചികിത്സയുടെ ഏക പരിഗണനാ വിഷയം,ആയതു കൊണ്ട് മാത്രം രോഗി ഗുരുതരാവസ്ഥയില് നിന്നും കര കയറണം എന്നും ഇല്ലാ.അത്തരം അത്ഭുത ഔഷധങ്ങള്ക്ക് പിന്നാലെ പായെണ്ടതില്ല.
2,ഇത് സംബന്ധിച്ച് ചില അനുകൂല പഠനങ്ങള് വന്നിട്ടുണ്ട് എന്ന് ചിലര്പ്രചരിപ്പിക്കുന്നുണ്ടല്ലോ?അതിനു പിന്നിലെ വസ്തുതകള് എന്താണ്?
അതെക്കുറിച്ച് കൃത്യതയുള്ള ആധികാരിക പഠനഫലങ്ങള് ഇത് വരെ വന്നിട്ടില്ല.നിലവില് പലരും ഉദ്ധരിക്കുന്ന പഠനങ്ങള് ഒക്കെ ദുര്ബലമായ തെളിവുകള് നിരത്തുന്നവ മാത്രമാണ്.കൂടുതല് ഗവേഷണം നടത്തുന്നതിലേക്ക് സൂചകം എന്നതിനപ്പുറം അതിനു പ്രാധാന്യം ഇല്ല.
ഉദാ:
*മലേഷ്യന് പഠനം കുറച്ചു എലികളില് മാത്രം നടത്തിയ പഠനത്തിന്റെ നിരീക്ഷണങ്ങള് ആണ്.
*ഇന്ത്യയില് നടന്ന ഒരു പഠനം നടത്തിയത് ആവട്ടെ ഇത് ആയുര്വേദ ക്യാപ്സൂള്ആക്കി മാര്ക്കെറ്റില് ഇറക്കിയ കമ്പനിയുടെ താല്പര്യ പ്രകാരം അവര് ചെലവ് വഹിച്ചു നടത്തിയ പഠനമാണ്.പ്രസ്തുത പഠനം നടത്തിയതാവട്ടെ മരുന്ന് മാര്ക്കെറ്റില് വില്പന തുടങ്ങി നാളുകള്ക്കു ശേഷവും.
3,ക്യാപ്സ്യൂള് അനേകം ഡോക്ടര്മാര് കുറിച്ച് കൊടുക്കുന്നുണ്ടല്ലോ?അതിനു ഗുണം ഉള്ളത് കൊണ്ടല്ലേ അവര് കുറിക്കുന്നത്?
മോഡേണ് മെഡിസിന് ഡോക്ടര്മാര് വരെ ചില ബ്രാന്ഡില് ഇറക്കുന്ന പപ്പായ എക്സ്ട്രാക്റ്റ് മരുന്നുകള് കൊടുക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു.അങ്ങനെ ആരെങ്കിലും ചെയ്യുന്നു എങ്കില് തികച്ചും അശാസ്ത്രീയവും അതോടൊപ്പം അധാര്മ്മികവും നിയമപരമായി തെറ്റുമാണ്.
*ഈ ഗുളിക ആയുഷ് വിഭാഗത്തിന്റെ ലൈസന്സില് മാര്ക്കറ്റ് ചെയ്യുന്ന ഒരു കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന “ആരോഗ്യ സംവര്ദ്ധക” ഗണത്തില് പെടുന്ന “ആയുര്വേദ” മരുന്നാണ്.
*ഇത് മോഡേണ് മെഡിസിന് മരുന്നുകളുടെ ഗണത്തില്പ്പെടുന്ന ഒന്നല്ല,ഫാര്മക്കോളജി ബുക്കുകളില് ഇതേക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്നില്ല,സര്ക്കാര് ആവിഷ്കരിച്ചിരിക്കുന്നതോ,അന്താരാഷ്ട്രതലത്തില്അന്ഗീകരിക്കപ്പെട്ടിട്ടുള്ളതോ ആയ ചികിത്സാ പ്രൊട്ടോക്കോളുകളില് ഇങ്ങനെ ഒന്ന് ഇല്ല.
ഇതിലെ ഔഷധ വസ്തു എന്താണെന്നോ,എങ്ങനെ ആണ് പ്രവര്ത്തിക്കുന്നത് എന്നോ മനസ്സിലാക്കാതെ ഇങ്ങനെ ഒന്ന് കുറിച്ച് കൊടുക്കുന്നത് നിരുത്തരവാദിത്തപരമായ പ്രവര്ത്തി ആണെന്ന് പറയാതെ വയ്യ.
4,ഇന്റര്നെറ്റില് ചില ലിങ്കുകള് കണ്ട പഠനങ്ങളെ ആസ്പദമാക്കി ഈ മരുന്ന് കൊടുത്ത് കൂടെ?
ആധുനിക വൈദ്യശാസ്ത്രം evidence based medicine എന്നാണു അറിയപ്പെടുന്നത്,തെളിവുകളുടെ അടിസ്ഥാനത്തില് ആണ് കാര്യങ്ങള്നിശ്ചയിക്കപ്പെടുക.ഔഷധ ഗുണം ഉണ്ടെന്നു സൂചിപ്പിക്കപ്പെടുന്ന വസ്തുക്കള്എല്ലാം കേവലം ചില പഠനങ്ങള് കൊണ്ട് മാത്രം മരുന്നായി ഉപയോഗിക്കപ്പെടില്ല.ആ പദാര്ത്ഥം എന്താണെന്ന് തിരിച്ചറിഞ്ഞു,വേര്തിരിച്ചു എടുത്തു പല ഘട്ടങ്ങളിലായി പരീക്ഷണ നിരീക്ഷണങ്ങള് നടത്തി,മരുന്നുന്റെ വിവിധ ഫലങ്ങള്,(ഗുണം,ദോഷം,പാര്ശ്വഫലങ്ങള്,ഡോസ് അനുശ്രുത ഫലങ്ങള്,വിവിധ ശാരീരികാവസ്ഥയില് ഉള്ള ഫലങ്ങള്,മറ്റു മരുന്നുകളോട് ഒത്തു പ്രയോഗിക്കുമ്പോള് ഉള്ള ഫലങ്ങള്)എന്നിവയെല്ലാം കണ്ടെത്തി രേഖപ്പെടുത്തിയതിനു ശേഷം ആണ് അത് പ്രയോഗിക്കുക.ആദ്യ പരീക്ഷണങ്ങള്മൃഗങ്ങളില് നടത്തി സുരക്ഷിതമെന്നു കണ്ടെത്തിയാല് പിന്നെ ഘട്ടം ഘട്ടമായി മനുഷ്യരില് ട്രയല്സ് (RCTs )ഒക്കെ നടത്തി സുരക്ഷിതത്വം ഉറപ്പിച്ചതിനു ശേഷം ആണ് വിപണിയില് മരുന്ന് വരിക തന്നെ.വര്ഷങ്ങള് തന്നെയെടുക്കും ഈ പ്രക്രിയയ്ക്ക്,ഈ കണ്ടെത്തിയ വിവരങ്ങള് ഏവര്ക്കും ലഭ്യമാവുന്ന വിധം സുതാര്യവും പ്രാപ്യവും ആയിരിക്കുകയും ചെയ്യും.ഈ മരുന്നിന്റെ കാര്യത്തില്ഇതൊന്നും നടന്നിട്ടില്ല എന്നത് ചിന്തനീയം ആണ്.
ചുരുങ്ങിയ അറിവ് വെച്ച് ചുരുക്കം പഠനങ്ങളില് നിന്നും കിട്ടിയ സൂചന വെച്ച് രോഗികള്ക്ക് നിര്ദ്ദേശിക്കുന്നത് അശാസ്ത്രീയം ആണെന്നതിനാല് ആധുനിക ശാസ്ത്രം കൈകാര്യം ചെയ്യുന്ന ആര്ക്കും അത് ചെയ്യാന് നിര്വ്വാഹം ഇല്ല.
5,പ്രകൃതിജന്യമായ പപ്പായ ഇലകള് പിഴിഞ്ഞ് ചാര് കുടിച്ചാല് പ്രത്യേകിച്ച് പ്രശ്നം ഇല്ല എന്ന് പറയുന്നത് ശരിയാണോ?
നിലവില് കിട്ടിയ സൂചനകള് മുന്നിര്ത്തി പപ്പായ ഇല നീരിന്റെ ഗുണ ദോഷഫലങ്ങളെക്കുറിച്ചും അത് കൊണ്ട് ഡെങ്കി ചികിത്സയില് എന്തെങ്കിലും ഗുണഫലം ഉണ്ടോ?ദോഷങ്ങള് എന്തെങ്കിലും ഉണ്ടോ?എന്താണ് അവയൊക്കെ എന്നും ശാസ്ത്രലോകം വിലയിരുത്തട്ടെ അത് വരെ ഇത്തരം സ്വയം ചികിത്സയ്ക്കും പരീക്ഷണങ്ങള്ക്കും മുതിരാതെ ഇരിക്കുന്നത് ആണ് ഉചിതം.
രോഗം ഭേദമായി ആശുപത്രിയില് നിന്ന് വീട്ടിലേക്കു വിടാന് ഉദ്ദേശിച്ചിരിക്കുന്ന രോഗികള് മുതല് ഡെങ്കിപ്പനി അല്ലാത്ത പനി രോഗികള് വരെ ആധികാരികമല്ലാത്ത ഇത്തരം സാരോപദേശങ്ങള് കേട്ട് പപ്പായഇല പിഴിഞ്ഞ് കുടിച്ചു വാ പൊള്ളിയും,ചര്ദ്ദി വയറിളക്കം,വയര് എരിച്ചില് എന്നിവ മൂലം കഷ്ടപ്പെട്ട് വീണ്ടും ആശുപത്രി വാസത്തിനു വിധേയമാവുന്ന കാഴ്ച ഇന്ന് കാണാന്കഴിയുന്നുണ്ട്.
പ്രകൃതിജന്യം ആയതു കൊണ്ട് മാത്രം എല്ലാം ദോഷരഹിതം ആവണം എന്നില്ല,പുകയിലയും,കഞ്ചാവും ഒതളങ്ങയും ഒക്കെ പ്രകൃതിദത്തമാണ് എന്നോര്ക്കുക.
6,”ഡെങ്കിപ്പനി പേടിക്കേണ്ട താഴെ കാണുന്ന നമ്പരില് വിളിക്കൂ പ്ലേറ്റ്ലെറ്റ് കൌണ്ട് കൂട്ടാന് മരുന്ന് ലഭ്യമാവും എന്നൊരു പരസ്യം വാട്സ് ആപ്പിലൂടെ പ്രവഹിക്കുന്നുണ്ട്.”എന്താണ് സത്യം?!
ഇതൊരു അഭിനവ രീതിയില് ഉള്ള തട്ടിപ്പ് ആണ്.ഒരു രോഗത്തിന്റെ ചികിത്സയായി സ്വയം ഉണ്ടാക്കിയ മരുന്നു വാഗ്ദാനം ചെയ്തു പരസ്യപ്പെടുത്തുന്നത് മാജിക്കല് റെമെഡീസ് നിയമത്തിന്റെ ലംഘനവും അതെ കാരണത്താല്ശിക്ഷാര്ഹവും ആണ്.മരുന്ന് ആയി ഒരു പദാര്ത്ഥം രോഗികളില് പരീക്ഷിക്കണം എങ്കില് ധാര്മ്മികവും നൈതികവുമായി പല വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.മതിയായ നിയമപരമായ അനുവാദം അധികാരികളില്നിന്നും,രോഗികളില് നിന്നും രേഖാമൂലം വാങ്ങാതെ,പ്ലേറ്റ്ലെറ്റ്സ് കൂട്ടുന്ന അത്ഭുതമരുന്നുണ്ട് എന്ന് വ്യക്തിപരമായി ഒരു ഡോക്ടര് പരസ്യപ്പെടുത്തി ആളെ ആകര്ഷിച്ചു അവര്ക്ക് മരുന്ന് നല്കി പരീക്ഷിക്കുന്നത്,നിയമ വിരുദ്ധമായ മരുന്ന് പരീക്ഷണമാണെന്ന് വേണം നിരീക്ഷിക്കാന്.ഇത്തരം പ്രവണതകള്ഉടലെടുക്കാതിരിക്കാന്,ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും നിയമത്തിനു മുന്നില്കൊണ്ട് വരുകയും മതിയായ ശിക്ഷാ നടപടികള് സ്വീകരിക്കുകയും ചെയ്യണം.
7,കിവി,പാഷന് ഫ്രൂട്ട് ഇങ്ങനെ അനവധി പഴങ്ങള് കഴിക്കുന്നത് കൊണ്ട് രോഗം ഭേദമാവും എന്ന് ഒരു പ്രചരണം ഉണ്ട്,എന്താണ് വസ്തുതകള്?
രോഗത്തിന്റെ കൃത്യമായ ചികിത്സയില് ഇത്തരം പഴങ്ങള്ക്ക് ഔഷധ സമാനമായ പ്രഭാവം എന്തെങ്കിലും ഉണ്ടെന്നു ശാസ്ത്രീയമായ തെളിവുകള് ഇല്ല.
എന്നാല് ക്ഷിണം,നിർജലീകരണം എന്നിവ കുറയ്ക്കാനും മറ്റും ഇത് സഹായകമായേക്കും,പഴങ്ങൾ കഴിക്കരുത് എന്ന് ഡോക്ടര് നിര്ദ്ദേശം നല്കിയിട്ടില്ലാത്ത ആർക്കും ഇത് കഴിക്കാം എന്നാല് ശരിയായ ചികിത്സ തേടുന്നതിനു പകരമായി പഴങ്ങള് കഴിച്ചു രോഗം ഭേദമാക്കാം എന്ന് കരുതുന്നത് അബദ്ധമായെക്കാം.
✔കരുതലുകൾ
ഭയം വേണ്ട എങ്കിലും കരുതലുകള് വേണം
*കൊതുകുകള് പെറ്റുപെരുകുന്ന സാഹചര്യവും കൊത് കടി എല്ക്കുന്നതും ഒക്കെ ഒഴിവാക്കാനുള്ള കരുതലുകള്.
✔പ്രതിരോധം
ഡെങ്കിപ്പനിക്കുള്ള വാക്സിന് കണ്ടെത്തിക്കഴിഞ്ഞു,അത് പരീക്ഷണത്തിന്റെ അവസാനഘട്ടങ്ങളില് ആണ് അടുത്ത വര്ഷത്തോടെ ആ വാക്സിന് വിപണിയില്എത്തും എന്നാണു കരുതപ്പെടുന്നത്.