പ്രമേഹം സത്യവും മിഥ്യയും- ഭാഗം 2
പ്രമേഹവും ഗര്‍ഭധാരണവും :
ഗര്‍ഭ സമയത്ത് ആരംഭിക്കുന്ന പ്രമേഹം ശരിയായ ചികിത്സ വഴി നിയന്ത്രിക്കല്‍ വളരെ അത്യാവശ്യമാണ്. പ്രമേഹം നിയന്ത്രണ വിധേയമായില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് ജനനവൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കുഞ്ഞിന്‍റെ വലിപ്പം കൂടുന്നത് മൂലമുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും നിരവധിയാണ്. സാധാരണ സമയത്ത് ഉപയോഗിക്കുന്ന പല മരുന്നുകളും ഗര്‍ഭിണികളില്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇന്‍സുലിന്‍ തന്നെയാണ് ഗര്‍ഭകാലത്തെ സുരക്ഷിതമായ മരുന്ന്. നേരത്തെ തന്നെ പ്രമേഹ രോഗമുള്ളവര്‍ ഗര്‍ഭധാരണം ആസ്സൂത്രണം ചെയ്യുന്നുണ്ടെങ്കില്‍ ചുരുങ്ങിയത് 6 മാസം മുന്‍പെങ്കിലും ഒരുങ്ങേണ്ടതുണ്ട്. ഗര്‍ഭധാരണത്തിന് വളരെ മുന്‍പ് തന്നെ പ്രമേഹം മികച്ച നിയന്ത്രണത്തില്‍ കൊണ്ട് വരേണ്ടതാണ് . പ്രമേഹം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്നത് പരമാവധി കുറക്കാന്‍ ഇത് സഹായിക്കും.
ഡോക്ടറെ കാണാന്‍ പോവുമ്പോള്‍ ഷുഗര്‍ പരിശോധിക്കേണ്ടത് എങ്ങനെയാണ്?
പലപ്പോഴും വേണ്ടവിധത്തില്‍ മരുന്ന് കഴിക്കാതെയാണ് രോഗികള്‍ ഷുഗര്‍ പരിശോധിച്ച് റിസള്‍ട്ട് കൊണ്ട് വരാറ്. മരുന്ന് തീര്‍ന്നു, ഇനി രക്തം പരിശോധിച്ച് നോക്കിയ ശേഷം കഴിക്കാമല്ലോ എന്നായിരിക്കും പലരുടെയും ചോദ്യം. എന്നാല്‍ മാസത്തിലൊരിക്കല്‍ ഷുഗര്‍ നോക്കി വരാന്‍ പറയുന്നത് നിങ്ങളുടെ പ്രമേഹം മരുന്ന് കൊണ്ട് പൂര്‍ണ്ണമായി മാറിയോ എന്നറിയാനല്ല, മറിച്ചു ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിക്കുമ്പോള്‍ നിങ്ങളുടെ ഷുഗര്‍ നില നോര്‍മല്‍ ആണോ എന്നറിയാനാണ്. അപ്പോള്‍ പിന്നെ മരുന്ന് കഴിക്കാതെ പോയി പരിശോധിച്ചിട്ട് എന്ത് കാര്യം ! എല്ലാ രോഗികളും ഭക്ഷണം കഴിക്കാതെ പോയി ആദ്യം ഷുഗര്‍ പരിശോധിക്കണം. വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇങ്ങനെ രക്തം കൊടുത്ത ശേഷം സാധാരണ കഴിക്കുന്ന എല്ലാ മരുന്നുകളും, ഇന്‍സുലിന്‍ ഉണ്ടെങ്കില്‍ അതും എടുത്ത ശേഷം സാധാരണ പോലെ ഭക്ഷണം കഴിച്ചു പിന്നീട് 2 മണിക്കൂര്‍ കഴിഞ്ഞു വീണ്ടും ഷുഗര്‍ പരിശോധിക്കണം. ഇത്തരത്തില്‍ ചെയ്യുന്ന റിസള്‍ട്ട് കൊണ്ട് ഡോക്ടറുടെ അടുത്ത് പോയിട്ടേ കാര്യമുള്ളൂ.
പ്രമേഹത്തെ കുറിച്ചുള്ള ആശങ്കകള്‍ ഒരു കടലാണ്. അവയില്‍ ഒരു ഭാഗം പോലും ഈ ഒരു ലേഖനത്തില്‍ ഉള്‍പ്പെടുത്താന്‍ ആയിട്ടുമില്ല. പക്ഷെ, ചുരുങ്ങിയത് ഇത്രയെങ്കിലും അറിഞ്ഞിരിക്കുന്നത് പ്രമേഹമെന്ന അവസ്ഥയെ ( ശ്രദ്ധിക്കുക, പ്രമേഹം വിറ്റ് ജീവിക്കുന്നവര്‍ പറയുന്നത് പോലെ പ്രമേഹം ഒരു രോഗമല്ല,മറിച്ച് ഒരു ശാരീരികാവസ്ഥ മാത്രമാണ്) വിജയകരമായി കൈകാര്യം ചെയ്യാനുള്ള ശക്തി പകരും. ക്രമീകരിക്കാന്‍ കഴിയാത്ത വിധം സങ്കീര്‍ണവുമല്ല അത്. ഭക്ഷണവും വ്യായാമവും കൂടെ ശരീരത്തില്‍ ഗ്ലുക്കോസ് നിയന്ത്രണത്തില്‍ വന്നു പെട്ട പിഴവിനെ ക്രമീകരിക്കാനുള്ള മരുന്നുകളും ചേര്‍ന്നാല്‍ ഒരു പ്രമേഹരോഗിക്ക് മറ്റേതൊരു വ്യക്തിയെ പോലെയും സ്വസ്ഥമായ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും.