· 8 മിനിറ്റ് വായന
പ്രമേഹവും മാനസികാരോഗ്യവും
പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ എന്താണ് ബന്ധം എന്നായിരിക്കും അല്ലേ ? നമ്മുടെ ഹൃദയം, വൃക്കകൾ, കണ്ണുകൾ, നാഡീ വ്യൂഹം ഇങ്ങനെ ശരീരത്തിലെ വിവിധ അവയവങ്ങളെ പ്രമേഹം ബാധിക്കുന്നതിനെ കുറിച്ച് നമ്മൾ എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഈ അവയവങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ട നടപടികളും നമ്മൾ എടുക്കാറുണ്ട്. കൃത്യമായ ഇടവേളകളിൽ ഡോക്ടറുമാരെ കാണുന്നതും, ആരോഗ്യ പരിശോധനകൾ നടത്തുന്നതും നമ്മൾ കഴിവതും മുടക്കാറില്ല.
ശരിക്കും പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ എന്തേലും ബന്ധമുണ്ടോ?
ഈ പ്രമേഹ ദിനത്തിൽ ഈ വിഷയം നമ്മൾക്കൊന്നു പരിശോധിക്കാം.
2021 ലെ ലോക പ്രമേഹ ദിനത്തിൻ്റെ ചർച്ചാ വിഷയം “ACCESS TO DIABETES CARE:IF NOT NOW, WHEN” എന്നതാണ്. എല്ലാവർക്കും ആവശ്യമായ ചികിത്സ ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കുക എന്നന്താണ് ഈ വിഷയം കൊണ്ട് ലക്ഷ്യം വെക്കുന്നത്. പ്രമേഹ രോഗികൾക്ക് ആവശ്യമായ മാനസികാരോഗ്യ സേവനങ്ങൾ പലർക്കും ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികളിലേ മാനസികാരോഗ്യത്തെ കുറിച്ച് നമ്മൾ ഈ ദിനത്തിൽ ചർച്ചചെയ്യേണ്ടതാണ്.
നീണ്ട കാലം പ്രമേഹരോഗം ഉള്ളവരിലും, അതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരിലും നടന്ന പഠനങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്, പ്രമേഹവും മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ പരസ്പര പൂരകമായ ബന്ധമുണ്ടെന്നാണ്. അതായാത് പ്രമേഹം ഒരു വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നുണ്ട്. അതുപോലെ മാനസികാരോഗ്യ പ്രശ്നങ്ങൾ പ്രമേഹം ഉണ്ടാകാനും, പ്രമേഹ നിയന്ത്രണം മോശമാകാനും ഉള്ള സാധ്യതയും കൂട്ടുന്നു. നീണ്ട കാലമായി പ്രമേഹമുള്ള പല വ്യക്തികളിലും ജീവിത നിലവാരം മോശമാണെന്നും, ഇതിൽ തന്നെ പലർക്കും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രമേഹവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം നമ്മൾക്കൊന്നു പരിശോധിക്കാം
പ്രമേഹം പലപ്പോഴും ജീവിതകാലം മുഴുവൻ നീണ്ട് നിൽക്കുന്ന രോഗാവസ്ഥയാണല്ലോ. അതുകൊണ്ടു തന്നെ ആദ്യമായി രോഗം കണ്ടെത്തുന്ന പലർക്കും അതിനോട് താതാമ്യം പ്രാപിക്കുക ബുദ്ധിമുട്ടാകാറുണ്ട്. ജീവിത ശൈലിയിലും മറ്റും പെട്ടന്ന് തന്നെ മാറ്റങ്ങൾ കൊണ്ടുവരേണ്ടി വരുന്നതും, തുടർച്ചയായി മരുന്നുകൾ കഴിക്കണം എന്ന ചിന്തയും പലർക്കും ആശങ്കകളും, അമിതമായ ഉത്കണ്ഠയും, മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്.
ഡയബറ്റിക് ബേൺഔട്ട്:
നീണ്ടകാലം പ്രമേഹം നിയന്ത്രിക്കാനായി ജീവിതചര്യ മാറ്റങ്ങളും, അതോടൊപ്പം മരുന്നുകളും തുടരുമ്പോൾ ചിലരെങ്കിലും ഇടക്ക് വെച്ച് മടുക്കാറുണ്ട്. എന്തിനാണ് ഇതൊക്കെ? ഇങ്ങനെ ജീവിച്ചിട്ട് എന്താണ് പ്രയോജനം? എന്നൊക്കെ ചിന്തിക്കുകയും, അങ്ങനെ പ്രമേഹ നിയന്ത്രണത്തിനായി ചെയുന്ന കാര്യങ്ങളിൽ ഉപേക്ഷ കാണിക്കുകയും ചെയ്യാറുണ്ട്. ഈ അവസ്ഥയെ ആണ് ഡയബറ്റിക് ബേൺഔട്ട് എന്ന് പറയുന്നത്.
പ്രമേഹവും വിഷാദ രോഗവും:
ദീർഘകാലം പ്രമേഹം ഉള്ളവരിൽ 30% ആളുകൾക്കെങ്കിലും വിഷാദ ലക്ഷണങ്ങൾ ഉണ്ടെന്നും, 10% പേരെങ്കിലും ചികിത്സ വേണ്ട വിഷാദ രോഗാവസ്ഥയുടെ കടന്നു പോകുന്നുവെന്നുമാണ് കണക്കുകൾ. പ്രമേഹം ഇല്ലാത്തവരെക്കാൾ ഇരട്ടിയിൽ അധികമാണ് ഈ സാധ്യത.
പ്രമേഹമുള്ളവരിൽ വിഷാദരോഗം ഉണ്ടാകുന്നത്, പ്രമേഹ നിയന്ത്രണം മോശമാകാനും, ജീവിത ശൈലി മാറ്റങ്ങൾ വേണ്ട എന്ന് വെക്കുന്നതിനും, രോഗത്തിന് കൃത്യമായ ചികിത്സ തേടാതെ ഇരിക്കുന്നതിനും അതുവഴി രോഗമൂലമുള്ള ക്ലേശങ്ങൾ പലമടങ്ങ് കൂടാനും കാരണമാകും.
പ്രമേഹമുള്ളവരിലെ വിഷാദം കൂടുതൽ കാലം നീണ്ടു നിൽക്കാനും, ചികിത്സകളോട് പ്രതികരിക്കാതെ ഇരിക്കാനുമുള്ള സാധ്യതയുണ്ട്. ഒപ്പം വീണ്ടും വിഷാദരോഗം വരാനുള്ള സാധ്യതയും ഇവർക്ക് കൂടുതലാണ്.
അതുപോലെ തന്നെ വിഷാദരോഗം ഉള്ള വ്യക്തികൾക്ക് പ്രമേഹം വരാനുള്ള സാദ്യത 60% കൂടുതലാണ്.
നിയന്ത്രിതമല്ലാത്ത പ്രമേഹം, കൂടുതൽ കാലമായുള്ള രോഗം, പ്രമേഹം കൊണ്ടുള്ള ഗുരുതരമായ രോഗാവസ്ഥകൾ ഉണ്ടാകുന്നത്, സ്ത്രീകൾ, തുടർച്ചയായ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ, സാമൂഹിക പിന്തുണ കുറവുള്ളവർ ഇവർക്കൊക്കെയാണ് വിഷാദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വിഷാദ രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവർ ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കുറവാണ്. ഭക്ഷണ കാര്യത്തിലും അവർ അത്ര ശ്രദ്ധ കാണിക്കണമെന്നില്ല. ഒപ്പം ശാരീരിക രോഗാവസ്ഥകളെ കുറിച്ചുള്ള കരുതലും കുറവായിരിക്കും. ഇതൊക്കെ അമിത ശരീര ഭാരം ഉണ്ടാകുന്നതിനും അതുപോലെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടാനും കാരണമാകും.
വിഷാദ രോഗാവസ്ഥയിൽ നമ്മുടെ ഹോർമോണുകളെ നിയന്ത്രിക്കുന്ന ഹൈപ്പോതലാമോ- പിറ്റൂറ്റെറി-അഡ്രീനൽ വ്യവസ്ഥയിൽ (HPA AXIS) മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. അതുമൂലം രക്തതിൽ ഷുഗർ ലെവൽ കൂട്ടുന്ന ‘കോർട്ടിസോൾ’ എന്ന ഹോർമോണിൻ്റെ അളവ് വിഷാദമുള്ളവരിൽ കൂടുതലായി കാണാറുണ്ട്. ഇതും പ്രമേഹമുണ്ടാകാനുള്ള സാധ്യത കൂട്ടും.
ഈ കാരണങ്ങൾ കൊണ്ടുതന്നെ പ്രമേഹ രോഗവും വിഷാദവും തമ്മിൽ വളരെ വലിയ ബന്ധമുണ്ട്. കൃത്യമായ മാനസികാരോഗ്യം നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറക്കുകയും, ഒപ്പം പ്രമേഹം ഉള്ളവരിൽ അത് കൂടുതൽ നിയന്ത്രിതമായി നിർത്താൻ സഹായിക്കുകയും ചെയ്യും. അതുപോലെ പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നത് മികച്ച മാനസികാരോഗ്യം ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും.
അമിത ഉത്‌ക്കണ്‌ഠയും പ്രമേഹവും
പ്രമേഹ രോഗമുള്ളവരിൽ പലതരത്തിലുള്ള ഉത്കണ്ഠ രോഗങ്ങൾ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതലായി കാണാറുണ്ട്. പലരിലും വിഷാദത്തിന് ഒപ്പം ഉത്‌ക്കണ്‌ഠ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. പ്രമേഹമുള്ളവരിൽ 14% ആളുകളിൽ ഉത്‌ക്കണ്‌ഠ രോഗവും, ഏകദേശം ഇരട്ടി ആളുകളിൽ അമിത ഉത്‌ക്കണ്‌ഠയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വിഷാദ രോഗത്തിലെ പോലെ തന്നെ ഉത്‌ക്കണ്‌ഠയും പ്രമേഹ സാധ്യത കൂട്ടുകയും, പ്രമേഹ നിയന്ത്രണം മോശമാക്കുക്കയും ചെയ്യാം.
ഇവരിൽ പലർക്കും ആരോഗ്യ കാര്യങ്ങളെ കുറിച്ചുള്ള (illness anxiety ) ഉൽകണ്ഠ കൂടുതലായി കാണാറുണ്ട്.
ബൈപ്പോളാർ രോഗവും, സ്കിസോഫ്രീനിയയും, പ്രമേഹവും.
ഈ രണ്ടു രോഗാവസ്ഥകളും പ്രമേഹ സാധ്യത കൂട്ടുന്ന സ്വതന്ത്ര ഘടകങ്ങളാണ് എന്നാണ് പറയുക. ഈ രോഗാവസ്ഥകളിലേക്ക് നയിക്കുന്ന ജൈവപരമായ മാറ്റങ്ങൾ പലപ്പോഴും മെറ്റബോളിക് സിൻഡ്രോം, പ്രമേഹം ഇവയുടെ സാധ്യത കൂട്ടുന്ന അമിത വണ്ണം, ഇൻസുലിൻ റെസിസ്റ്റൻസ് ഇവയ്ക്കും കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
ചില പഠനങ്ങളിൽ, ഈ രോഗാവസ്ഥ കണ്ടെത്തുന്ന അവസരത്തിൽ തന്നെ 10-15 % ആളുകളിൽ പ്രമേഹവും തുടങ്ങിയിട്ടുണ്ട് എന്നും, നല്ലൊരു ശതമാനം ആളുകളും അമിത വണ്ണവും, വ്യായാമ കുറവും ഒക്കെ ഉള്ളവരാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ രോഗാവസ്ഥയുടെ ചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകളും അമിത വണ്ണത്തിനും, അതുപോലെ പ്രമേഹത്തിനുമുള്ള സാധ്യത കൂട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ വ്യക്തികളിൽ മരുന്ന് തുടങ്ങുന്നതിനു മുൻപും, കൃത്യമായ ഇടവേളകളിലും പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്.
ഈറ്റിങ് ഡിസോർഡറുകളും പ്രമേഹവും
അനൊറെക്സിയ നേർവോസ, ബുളിമിയ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ ഇവയൊക്കെ പ്രമേഹരോഗമുള്ളവരിൽ കൂടുതലായി കാണാറുണ്ട്.
അതുപോലെ അനൊറെക്സിയ നേർവോസ, ബുളിമിയ തുടങ്ങിയ രോഗാവസ്ഥകൾ ഉള്ളവരിൽ 50% ആളുകൾക്ക് വരെ വിഷാദരോഗം കാണാറുണ്ട്. ഇതും പ്രമേഹ രോഗ സാധ്യത കൂടാൻ കാരണമാകാം.
അമിത വണ്ണവും, പ്രമേഹവും ഉള്ളവരിൽ അന്നജവും, റിഫൈൻഡ് ഷുഗറുകളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കാൻ സാധിക്കാത്ത ‘ഫുഡ് അഡിക്ഷൻ’ എന്ന് പറയുന്ന അവസ്ഥയും കാണാറുണ്ട്. ഭക്ഷണ നിയന്ത്രണം ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ കുടി പലരും പരാചയപ്പെടാൻ കാരണം ഈ ആസക്‌തി അവസ്ഥയാണ്.
ലൈംഗിക രോഗങ്ങളും പ്രമേഹവും
ലൈംഗിക താൽപര്യ കുറവ്, ഉദ്ധാരണ പ്രശ്നങ്ങൾ, ശീഖ്ര സ്കലനം, രതിമൂർച്ഛ പ്രശ്നങ്ങൾ തുടങ്ങിയ ലൈംഗിക രോഗാവസ്ഥകൾ ഉണ്ടാകുന്നതിനും, അല്ലെങ്കിൽ ഗുരുതരമാകുന്നതിനും പ്രമേഹം കാരണമാകാറുണ്ട്. ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾ പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നത് ഈ രോഗാവസ്ഥകളെ തടയാൻ സഹായിക്കും.
പ്രമേഹമുള്ളവർ മാനസികാരോഗ്യം സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യണം?
പ്രമേഹ ചികിത്സ തുടങ്ങുന്ന സമയത്ത് തന്നെ ആളുടെ മാനസികാരോഗ്യത്തെ കുറിച്ചും തിരക്കേണ്ടതുണ്ട്. രോഗം കണ്ടെത്തിയതുമായി അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്കും, മറ്റ് ആശങ്കകൾ ഉള്ളവർക്കും മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനങ്ങൾ കുടി ഉറപ്പാക്കണം.
ഭക്ഷണ നിയന്ത്രണവും, ജീവിതചര്യ മാറ്റങ്ങളും നടപ്പിലാക്കാൻ പലർക്കും തടസങ്ങൾ ഉണ്ടാകാറുണ്ട്. ഇവയുടെ പ്രാധന്യത്തെ കുറിച്ചുള്ള അറിവ് ഇല്ലാത്തതും, അതുപോലെ മാറ്റങ്ങൾ കൊണ്ടുവരാൻ തടസമായി നിൽക്കുന്ന ചിന്തകളും മാനസിക വ്യാപാരങ്ങളുമുണ്ട്. ഇത് കണ്ടെത്തി പരിഹരിക്കുന്നത് വളരെ പ്രധാനമാണ്.
ആദ്യ കാലം മുതൽ തന്നെ പ്രമേഹം കൃത്യമായി നിയന്ത്രിച്ചു നിർത്തുന്നത് ഗുരുതരാവസ്ഥകൾ തടയുന്നതിനും, അതുപോലെ വിഷാദം പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കും.
കൃത്യമായ ഇടവേളകളിൽ ശാരീരിക ആരോഗ്യം ഉറപ്പാക്കാനുള്ള പരിശോധനകൾ നടത്തുന്നതിന് ഒപ്പം മാനസിക ആരോഗ്യത്തെ കുറിച്ചും തിരക്കേണ്ടതുണ്ട്.
ശാരീരിക വ്യായാമങ്ങൾക്ക് ഒപ്പം, മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന റീലാക്സേഷൻ വ്യായാമങ്ങളും (ബ്രീത്തിങ് പരിശീലനം, മസിൽ റീലാക്സേഷൻ വ്യായാമം, മൈൻഡ്ഫുൾനെസ്സ് പരിശീലനം) പരിശീലിക്കുന്നത് നല്ലതാണ്.
എന്തെങ്കിലും മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ കണ്ടെത്തിയാൽ കാല താമസമില്ലാതെ വിദഗ്ദ്ധ സേവനം തേടാനും മടിക്കരുത്. കാരണം മാനസിക ബുദ്ധിമുട്ടുകൾ പ്രമേഹം നിയന്ത്രണത്തെയും അവതാളത്തിൽ ആക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
മുകളിൽ സൂചിപ്പിച്ചത് പോലെ, പല തരത്തിലുള്ള മാനസിക രോഗാവസ്ഥകൾ പ്രമേഹം ഉണ്ടാകുന്നതിനുള്ള സാധ്യത കൂട്ടുന്നുണ്ട്. അതുകൊണ്ട് ഈ അവസ്ഥകൾ ഉള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമുണ്ട്.
മാനസിക രോഗാവസ്ഥയുടെ ചികിത്സ തുടങ്ങുന്നതിനു മുൻപ് തന്നെ ശരീര ഭാരം, ഷുഗർ ലെവൽ ഇവ പരിശോധിക്കുന്നത് നല്ലതാണ്. ശരീര ഭാരം കൂടുതൽ ഉണ്ടെങ്കിൽ അത് കുറച്ചുകൊണ്ട് വരുന്നതിൻ്റെ ആവശ്യകത വ്യക്തികളെ ബോധ്യപ്പെടുത്തണം.
ആദ്യം മുതൽ മാനസിക രോഗാവസ്ഥകളുടെ ചികിത്സക്ക് ഒപ്പം കൃത്യമായ ശാരീരിക വ്യായാമം, ഭക്ഷണ നിയന്ത്രണം ഇവ ശീലമാക്കണം. ചികിത്സകർ ഈ കാര്യത്തിൽ വീഴ്ച വരുത്തരുത്.
ചികിത്സകർ മരുന്നുകൾ തിരഞ്ഞെടുക്കുമ്പോൾ കഴിവതും പ്രമേഹ രോഗ സാധ്യത കൂട്ടുന്ന മരുന്നുകൾ ഒഴിവാക്കാൻ ശ്രമിക്കണം. അങ്ങനെ പറ്റുന്നില്ല എങ്കിൽ ഏറ്റവും ആവശ്യമായ കാലയളവിൽ മാത്രം നൽകാൻ ശ്രമിക്കുക.
പ്രമേഹ സാധ്യത കൂട്ടുന്ന മരുന്നുകൾ നൽകുന്നുണ്ട് എങ്കിൽ ജീവിത ശൈലി നിയന്ത്രണം ഉറപ്പായും ചെയ്യണം. ഒപ്പം കൃത്യമായ ഇടവേളകളിൽ ശരീര ഭാരം, രക്ത സമ്മർദ്ദം, ഷുഗർ ഇവ പരിശോധിക്കുകയും ചെയ്യണം.
പറഞ്ഞു വരുന്നത് ഇതാണ്; പ്രമേഹവും മാനസികാരോഗ്യവും തമ്മിൽ നമ്മൾ പ്രത്യക്ഷത്തിൽ കരുതന്നതിനെക്കാൾ വലിയ ബന്ധമുണ്ട്. അത് തിരച്ചറിഞ്ഞാൽ മാത്രമേ പ്രമേഹ രോഗികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം നമ്മൾക്ക് മനസിലാവുകയുള്ളു. പലപ്പോഴും നമ്മുടെ ചികിത്സ സംവിധാനങ്ങളും, അതോടൊപ്പം രോഗികളും പ്രമേഹ രോഗികളുടെ മാനസികാരോഗ്യത്തിന് വേണ്ട പരിഗണന നൽകാറില്ല എന്നതാണ് കാണാറുള്ളത്. അതിനു ഒരു മാറ്റം ഉണ്ടാക്കാൻ നമുക്ക് ഈ പ്രമേഹ ദിനത്തിൽ ശ്രമിക്കാം. മികച്ച മാനസികാരോഗ്യം ഉറപ്പാക്കുന്നത് വഴി നമ്മൾക്ക് പ്രമേഹത്തെ നിയന്ത്രിച്ച്, സന്തുഷ്ടമായ ഒരു ജീവിതം ഉറപ്പാക്കാം.