· 5 മിനിറ്റ് വായന

ഡയബെറ്റിക് റെറ്റിനോപതി

Dietetics
കാഴ്ചകൾ ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട സംവേദനശക്തിയാണ്. നമ്മളുടെ ചുറ്റുപാടുകൾ അറിയാനും , ഓർമ്മകൾ രൂപപ്പെടുന്നതിലും ഒക്കെ കാഴ്ചക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ നമ്മൾ ഓരോരുത്തരും കാഴ്ചക്ക് വളരെ പ്രാധാന്യം നൽകുകയും കണ്ണുകളുടെ പരിചരണത്തിൽ ശ്രദ്ധകൊടുക്കുകയും ചെയ്യാറുണ്ട്.
?ദീർഘകാലം പ്രമേഹരോഗമുള്ള ചിലരിൽ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതിനെ കുറിച്ച് നിങ്ങളിൽ ചിലർക്കെങ്കിലും അറിവ് ഉണ്ടാകും.
? അനിയന്ത്രിതമായ പ്രമേഹം പ്രധാനമായും ബാധിക്കുന്നത് മൂന്ന് അവയവങ്ങളെയാണ് – നാഡികളെ( neuropathy) ,
വൃക്കകളെ( nephropathy) അതുപോലെ കണ്ണുകളെ( Retinopathy) . ഇത് കൂടാതെ ശരീരത്തിന്റെ ഏതു ഭാഗത്തെയും പ്രമേഹം ബാധിക്കാം.
?ഇതിൽ കണ്ണുകളുടെ റെറ്റിനയെ ബാധിക്കുന്ന അവസ്ഥയാണ് പ്രധാനമായും കാഴ്ച നഷ്ടപ്പെടാൻ കാരണം. അതിനെ വിളിക്കുന്ന പേരാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രമേഹ രോഗികളിൽ ഏകദേശം 30 മുതൽ 40 ശതമാനം ആളുകൾക്ക് ഈ അവസ്ഥ ഉണ്ടാകാം. അതിനെ കുറിച്ചാണ് ഈ ലേഖനം.
❓പ്രമേഹം കണ്ണുകളെ ഏതൊക്കെ തരത്തിൽ ബാധിക്കാം ?
?കണ്ണുകളിൽ തുടരെ തുടരെയുള്ള അണുബാധ.
?അധികം പ്രായമാകുന്നതിന് മുമ്പേ ഉള്ള തിമിരം.
?കണ്ണുകളിലെ പ്രെഷർ കൂടുന്ന ഗ്ലോക്കോമ.
?കണ്ണുകളുടെ ഉള്ളിലെ റെറ്റിനയെ ബാധിക്കുന്ന റെറ്റിനോപ്പതി.
തുടങ്ങിയവയാണ് പ്രമേഹം കൊണ്ട് കണ്ണുകൾക്ക് ഉണ്ടാവുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ.
❓എന്താണ് ഈ ഡയബറ്റിക് റെറ്റിനോപ്പതി?
?നമ്മുടെ കണ്ണിൽ മൂന്ന് ലെയറുകൾ ഉള്ളതായി അറിയാമല്ലോ. അതിൽ ഏറ്റവും ഉള്ളിലുള്ള ലെയറാണ് റെറ്റിന. നിരവധി ചെറിയ രക്തക്കുഴലുകളും, അതുപോലെ കാഴ്ചയ്ക്കു സഹായിക്കുന്ന റോഡ്, കോൺ കോശങ്ങളും, ന്യൂറോൺസും അടങ്ങുന്നതാണ് റെറ്റിന.
?അനിയന്ത്രിതമായ പ്രമേഹമുള്ളവരിൽ, റെറ്റിനയിൽ പുതിയ അനേകം രക്തക്കുഴലുകൾ ഉണ്ടാവുകയും ( ഇത്തരം രക്തക്കുഴലുകൾ പൊട്ടാനുള്ള സാധ്യത കൂടുതലാണ്) , അതോടൊപ്പം ചില രക്തക്കുഴലുകൾ വീർത്തു വരികയും ചെയ്യും (micro aneurysm ). പ്രമേഹമുള്ളവരിൽ ഇത്തരം രക്തക്കുഴലുകൾ പെട്ടെന്ന് പൊട്ടുകയും , റെറ്റിനയിലും ചുറ്റുമുള്ള മറ്റ് ഭാഗങ്ങളിലും രക്തം ഇറങ്ങുകയും ചെയ്യാം. ഈ അവസ്ഥയാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്ന് പറയുന്നത്.
❓എന്തുകൊണ്ടാണ് പ്രമേഹരോഗികളിൽ റെറ്റിനോപതി ഉണ്ടാകുന്നത് ?
?അനിയന്ത്രിതമായ പ്രമേഹം ഉള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസ് വളരെയധികം കൂടുന്നത് മൂലം, റെറ്റിനയിലുള്ള രക്തക്കുഴലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന കോശങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല. തന്മൂലം ഇവിടേക്കുള്ള രക്തം ഓട്ടം കുറയുകയും , ചില രാസവസ്തുക്കൾ ഉണ്ടാവുകയും ചെയ്യും . രക്തക്കുഴലുകളുടെ വളർച്ചയെ സഹായിക്കുന്ന ഇത്തരം രാസവസ്തുക്കളാണ് റെറ്റിനോപതിയുടെ പ്രധാന കാരണം.
❓ആരിലൊക്കെയാണ് റെറ്റിനോപ്പതി വരാൻ സാധ്യത കൂടുതൽ?
? വളരെക്കാലം നീണ്ടുനിൽക്കുന്ന പ്രമേഹം ഉള്ളവരിൽ.
?കുറെ നാളുകളായി അനിയന്ത്രിതമായ പ്രമേഹമുള്ളവർ.
?പ്രമേഹം കൊണ്ടുള്ള വൃക്കരോഗം ഉള്ളവർ.
?പ്രമേഹത്തോടൊപ്പം അനിയന്ത്രിതമായ
രക്താതിസമ്മർദമുള്ളവർ.
?വിളർച്ച ഉള്ളവർ, അമിതവണ്ണമുള്ളവർ, ഗർഭിണികൾ, പുകവലി ശീലം ഉള്ളവർ ഇവരിലും റെറ്റിനോപതി സാധ്യത കൂടുതലാണ്.
❓എന്തൊക്കെയാണ് റെറ്റിനോപതിയുടെ ലക്ഷണങ്ങൾ ?
?കാഴ്ച പതിയെ പതിയെ കുറഞ്ഞു വരുന്നതാണ് പ്രാധാന ലക്ഷണം. ചില ആളുകളിൽ പ്രായത്തിന് അതീതമായ കാഴ്ചക്കുറവ് ഉണ്ടാവാം.
?രക്തക്കുഴലുകൾ പൊട്ടുകയാണെങ്കിൽ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാവാം, ഇത്തരക്കാർക്ക് പലപ്പോഴും വേദനയും കാണില്ല.
?എന്നാല് രക്തക്കുഴലുകൾ വളരുന്നത് നിമിത്തം കണ്ണുകളിലെ പ്രഷർ കൂടുന്ന അവസ്ഥ ഉണ്ടായാൽ ( neo vascular glaucoma) വേദനയും ഒപ്പം ,കാഴ്ചക്കുറവും ഉണ്ടാവും.
❓ഡയബറ്റിക് റെറ്റിനോപ്പതി എങ്ങനെ കണ്ടെത്താം ?
?കണ്ണുകൾ വികസിപ്പിച്ച് റെറ്റിന പരിശോധിക്കുന്നത് വഴിയായി ഡോക്ടർക്ക് റെറ്റിനോപതി കണ്ടെത്താൻ സാധിക്കും. ഓഫ്താൽമോസ്‌കോപ്പ്‌ എന്ന ഉപകരണമാണ് ഇതിനായി ഉപയോഗിക്കുക.
?ആവശ്യമെങ്കിൽ കണ്ണുകളുടെ വിവിധതരം സ്കാനിങ്ങും, അതുപോലെ രക്തക്കുഴലുകളുടെ അവസ്ഥ പരിശോധിക്കുന്ന ആൻജിയോഗ്രാം പരിശോധനയും ചെയ്യാം.
❓എന്തൊക്കെയാണ് റെറ്റിനോപ്പതിയുടെ ചികിത്സകൾ?
1. പ്രമേഹനിയന്ത്രണം വഴിയായി റെറ്റിനോപ്പതി വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
2. റെറ്റിനോപ്പതി സ്ഥിരീകരിച്ചവർക്ക് വിവിധതരത്തിലുള്ള ചികിത്സകൾ ലഭ്യമാണ്. രോഗത്തിന്റെ കാഠിന്യം പരിഗണിച്ചാണ് ഏത് ചികിത്സ വേണമെന്ന് നിശ്ചയിക്കുന്നത്.
3. പുതിയതായി ഉണ്ടാകുന്ന രക്തക്കുഴലുകളുടെ വളർച്ചയെ കുറക്കാനും, റെറ്റിനയിലെ നീര് കുറക്കാനും സഹായിക്കുന്ന കുത്തിവെപ്പുകൾ കണ്ണിന്റെ ഉള്ളിൽ എടുക്കാവുന്നതാണ്.
4. റെറ്റിനയുടെ തകരാറ് നിയന്ത്രണത്തിൽ നിർത്താൻ ലേസർ ചികിത്സയും ഉപയോഗിക്കാം.
5. വളരെ ഗുരുതരമായ അവസ്ഥ ഉള്ളവരിലും , മറ്റു ചികിത്സകൾ കൊണ്ട് കാര്യമായ പ്രയോജനം ലഭിക്കാത്തവർക്കും സർജറി ( vitrectomy) ചെയ്യാറുണ്ട്.
❓റെറ്റിനോപതി വരാതെ തടയാൻ എന്തൊക്കെ ചെയ്യണം ?
❤️ പ്രമേഹം മിക്കവരിലും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു അസുഖമാണ്. അതുകൊണ്ടുതന്നെ ആരംഭം മുതൽ കൃത്യമായി പ്രമേഹം നിയന്ത്രിച്ചു നിർത്തണം. റെറ്റിനോപതി തടയാനുള്ള ഏറ്റവും പ്രധാന മാർഗ്ഗം ഇതാണ്.
❤️പ്രമേഹത്തോടൊപ്പം രക്തസമ്മർദമുള്ളവർ പ്രഷറും കൃത്യമായി നിയന്ത്രിച്ചു നിർത്തണം.
❤️അമിതവണ്ണം കുറയ്ക്കുന്നതും, വിളർച്ച കൃത്യമായി ചികിത്സിക്കുന്നതും, അതുപോലെ പുകവലി ഒഴിവാക്കുന്നതും റെറ്റിനോപ്പതി വരാതെ തടയാൻ സഹായിക്കും.
❤️പ്രമേഹം കണ്ടെത്തുമ്പോൾ തന്നെ കണ്ണിന്റെ ഞരമ്പുകൾ പരിശോധിക്കുകയും , പിന്നീട് എല്ലാവർഷവും ഈ പരിശോധന ആവർത്തിക്കുകയും ചെയ്യണം.
❤️റെറ്റിനോപ്പതി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ കൃത്യമായ ചികിത്സ എടുക്കണം.
?പ്രമേഹരോഗികളിൽ മറ്റ് അവയവങ്ങൾ പോലെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. കൃത്യമായ പ്രമേഹനിയന്ത്രണവും, കൃത്യ ഇടവേളകളിൽ ഉള്ള കണ്ണ് പരിശോധനയും വഴിയായി റെറ്റിനോപതി വരാതെ സൂക്ഷിക്കാൻ സാധിക്കും. അങ്ങനെ ഈ ലോകത്തിലെ മനോഹരമായ കാഴ്ചകൾ നമ്മൾക്ക് എന്നും കാണാൻ സാധിക്കും.
ലേഖകർ
ചിത്രകാരൻ
Design Co-ordinator, Infoclinic.

മികച്ച വർഗ്ഗങ്ങൾ

എല്ലാ വർഗ്ഗങ്ങളും
പൊതുജനാരോഗ്യം

284 ലേഖനങ്ങൾ

Current Affairs

240 ലേഖനങ്ങൾ

കോവിഡ്-19

236 ലേഖനങ്ങൾ

ആരോഗ്യ അവബോധം

115 ലേഖനങ്ങൾ

സുരക്ഷ

64 ലേഖനങ്ങൾ

ശിശുപരിപാലനം

59 ലേഖനങ്ങൾ

കിംവദന്തികൾ

53 ലേഖനങ്ങൾ

Infectious Diseases

52 ലേഖനങ്ങൾ

Medicine

45 ലേഖനങ്ങൾ