ഡിഫ്തീരിയ: ആശങ്കയുടെ പാടകൾ വീണ്ടും പടരുമ്പോൾ
ഡിഫ്തീരിയ കേസുകൾ വീണ്ടും വർദ്ധിക്കുന്നു. ഇത്തവണ, വടക്കൻ ജില്ലകളിൽ മാത്രമല്ല എന്ന വ്യത്യാസം മാത്രം.
വാക്സിൻ എടുക്കാത്ത കുട്ടികൾ കൂടുതൽ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നവകാശപ്പെട്ടവർക്ക് കനത്ത താക്കീതായി ഒരു കുടുംബത്തിൽ അനേകം കുട്ടികൾക്ക് രോഗം വരികയും, നിർഭാഗ്യവശാൽ, വ്യാജന്മാർ ശരിയായ ചികിത്സ നിഷേധിച്ചതിനാൽ അതിൽ ഒരു കുഞ്ഞ് ദാരുണമായി മരണപ്പെടുകയും ചെയ്തു.
ചിലർക്ക് അതൊന്നും പ്രശ്നമല്ല, താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നാണ് വാദം. വാക്സിൻ എടുത്തവർക്കും ഡിഫ്തീരിയ വരുന്നുണ്ടല്ലോ എന്നാണ് വാദം.
ഒരു കാര്യം മനസ്സിലാക്കൂ …
1920-കളിൽ കുട്ടികളുടെ മരണത്തിന് കാരണക്കാരായ രോഗങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ഡിഫ്തീരിയ. ഡിഫ്തീരിയ ടോക്സോയിഡ് എന്ന വാക്സിനാണ് സ്ഥിതി മാറ്റിമറിച്ചത്. രേഖകൾ പരിശോധിക്കാം
വാക്സിനേഷനിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഡിഫ്തീരിയ ഇല്ല. (കണക്കുകൾ പരിശോധിക്കാം)
ഏതൊക്കെ രാജ്യങ്ങൾ കുത്തിവെപ്പിന്റെ കാര്യത്തിൽ പിന്നോക്കം പോയോ, അവിടെ രോഗം തിരിച്ചു വന്നിട്ടുണ്ട് (ഉദാ. സോവിയറ്റ് യൂണിയനിൽ 90-കളിൽ വന്ന ദുരന്തം, കേരളം ഇപ്പോൾ നേരിടുന്ന പ്രതിസന്ധി)
ഡിഫ്തീരിയ എപ്പിഡെമിക് വരുമ്പോൾ ചുരുക്കം കുത്തിവെപ്പ് എടുത്ത കുട്ടികൾക്കും രോഗം വരും. എങ്ങനെയെന്നല്ലേ?
ഡിഫ്തീരിയ വാക്സിൻ ഒരു ടോക്സോയിഡാണ്. ഡിഫ്തീരിയ രോഗാണു ഉണ്ടാക്കുന്ന ടോക്സിനെ നിർവീര്യമാക്കുകയാണ് അത് ചെയ്യുന്നത്. അതിനാൽ ടോക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങൾ കുത്തിവെച്ചവർക്ക് അപൂർവ്വമാണ്. എന്നാൽ രോഗബാധ (infection) പൂർണ്ണമായും തടയണമെന്നില്ല
ഡിഫ്തീരിയ വാക്സിൻ 3 ഡോസും ഒരു ബൂസ്റ്റർ ഡോസും എടുത്താൽ ഫലപ്രാപ്തി 95% ആണ്. അതായത് 5 % പേരിൽ പ്രൊട്ടക്റ്റീവ് ആന്റിബോഡി ഉണ്ടാകില്ല. അതായത് കുത്തിവെപ്പ് എടുക്കാത്തവരെപ്പോലെ തന്നെ. സമൂഹത്തിൽ ഡിഫ്തീരിയ ഉള്ളപ്പോൾ ഇവർക്കും രോഗം വന്നേക്കാം.
3 ഡോസും ബൂസ്റ്റർ ഡോസും എടുത്താലും 6 – 7 വർഷം കഴിയുമ്പോഴേക്കും പ്രതിരോധശേഷി കുറയും. സമൂഹത്തിൽ ഡിഫ്തീരിയ ഉള്ളപ്പോൾ മുമ്പ് കുത്തിവെപ്പ് എടുത്തതാണെങ്കിലും ഇവർക്ക് രോഗം വന്നേക്കാം.
നമ്മുടെ നാട്ടിലെ മുതിർന്നവർ കുത്തിവെപ്പ് എടുത്തവരല്ല. അവരുടെ കുട്ടിക്കാലത്ത് കുത്തിവെപ്പ് ലഭ്യമായിരുന്നില്ല. ഉണ്ടെങ്കിലും അന്ന് എടുത്തവരുടെ ശതമാനം കുറവായിരുന്നു. സമൂഹത്തിൽ ഡിഫ്തീരിയ ഉള്ളപ്പോൾ ഇവർക്കും രോഗം വരാം.
പിന്നെ എന്തിന് വാക്സിൻ എടുക്കണം?
വാക്സിൻ എടുത്തവരിൽ ഡിഫ്തീരിയ വരാൻ സാധ്യത കുറവാണ്. വന്നാലും ടോക്സിൻ ഉൽപാദിപ്പിക്കാൻ സാധ്യത കുറവാണ്. അതായത് കോംപ്ലിക്കേഷൻസ് കുറവാണ്. വാക്സിൻ എടുത്തവരിൽ വരുന്ന ഡിഫ്തീരിയ ലഘുവാണ്. മറ്റുള്ളവരിലേക്ക് പകരാൻ സാധ്യത കുറവാണ്. അതിനാലാണ് അണുബാധ തടയുന്നില്ല എങ്കിലും ഈ വാക്സിൻ ഹെർഡ് ഇമ്യൂണിറ്റി പ്രദാനം ചെയ്യുമെന്ന് പറയുന്നത്.
ഒരു സമൂഹത്തിൽ ഡിഫ്തീരിയ വരാതിരിക്കണമെങ്കിൽ (ഡിഫ്തീരിയ ഉള്ള ഒരു വ്യക്തി നാട്ടിൽ വന്നാൽ പോലും) 85 % പേരെങ്കിലും വാക്സിനേറ്റഡ് ആയിരിക്കണം. കേരളത്തിൽ ഇന്ന് 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ 95% കവറേജ് പല സ്ഥലങ്ങളിലുമുണ്ട്. എന്നാൽ മുതിർന്നവരടക്കമുള്ള സമൂഹത്തിന്റെ ശതമാനം കണക്കാക്കിയാൽ ഇത് 50 ശതമാനത്തോടടുത്തേ ഉണ്ടാകൂ. അതിനാലാണ് സമൂഹത്തിൽ ഡിഫ്തീരിയ ഉള്ളപ്പോൾ ഈ രീതിയിൽ പടർന്നു പിടിക്കുന്നത്.
കേരളത്തിന്റെ പൊതുവായ ശതമാനം മെച്ചപ്പെട്ടാലും ചില പോക്കറ്റുകളിൽ വാക്സിനേഷൻ വളരെ കുറവാണ്. അവിടെ രോഗം പടർന്നു പിടിക്കാൻ സാധ്യത വളരെ കൂടുതലാണ്. ഒരു കുടുംബത്തിൽ ആറോളം പേർക്ക് രോഗം വന്നത് ഉദാഹരണം.
ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം?
- എല്ലാ കുട്ടികൾക്കും സാധാരണ കൊടുക്കുന്ന വാക്സിനുകൾ ശരിയായ പ്രായത്തിൽ ഷെഡ്യൂൾ പ്രകാരം കൊടുക്കുക.
- 10 വയസ്സിലും 15 വയസ്സിലുംTTവാക്സിന് പകരം Td വാക്സിൻ എടുക്കുക.
- കഴിഞ്ഞ 5 വർഷത്തിനിടെ ഡിഫ്തീരിയ ബൂസ്റ്റർ എടുത്തിട്ടില്ലാത്തവർ (മുമ്പ് കൃത്യമായി വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും) ഒരു ഡോസ് Td വാക്സിൻ എടുക്കുക.
- തീരെ കുത്തിവെപ്പ് എടുക്കാത്ത 7 വയസ്സിന് മുകളിലുള്ളവർ 3 ഡോസ് Tdവാക്സിനും, 7 വയസ്സിൽ താഴെയുള്ളവർ 3 ഡോസ് DPTവാക്സിനും ( 0, 1 മാസം, 6 മാസം) എടുക്കുക.
- പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ, വ്യാജൻമാരെ സമീപിക്കാതെ ആധുനിക വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്ന ഡോക്ടർമാരെ സമീപിക്കുക. തുടക്കത്തിൽ തന്നെ രോഗനിർണ്ണയം നടത്തി ശരിയായ ചികിൽസ ശരിയായ സമയത്ത് ലഭ്യമാക്കുക
ഡിഫ്തീരിയ രോഗാണു ഉണ്ടാക്കുന്ന ടോക്സിനെ നിർവീര്യമാക്കുന്ന ആന്റി ടോക്സിൻ ഒരു വ്യക്തിയിൽ ഉണ്ടാക്കുകയാണ് വാക്സിൻ ചെയ്യുന്നത്. അതിനാൽ അണുബാധ ഉണ്ടായാലും അതിന്റെ തീവ്രത വളരെ കുറയുന്നു. തൊണ്ടയിൽ കൂടുതൽ ഭാഗത്തേക്ക് രോഗം പടരുന്നില്ല. അതിനാൽ ടോക്സിൻ ഉണ്ടാകുന്നതും കുറയും. അതിനാൽ ഹൃദയം, ഞരമ്പുകൾ എന്നിവയെ ബാധിക്കാൻ സാധ്യത കുറവാണ്. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയും വളരെ കുറയുന്നു.
85% പേർ ഇമ്യൂണൈസ്ഡ് ആണെങ്കിൽ ഹെർഡ് ഇമ്യൂണിറ്റി ലഭിക്കും. (എന്നാൽ, കുട്ടികളിൽ മാത്രമുള്ള ശതമാനക്കണക്ക് പോരാ, കേരളത്തിൽ മൊത്തമായുള്ള ശതമാനക്കണക്കും പോരാ) ചില പോക്കറ്റുകളിൽ കുത്തിവെപ്പ് ശതമാനം കുറവായാൽ രോഗം പ്രത്യക്ഷപ്പെടാം (ഉദാ. കഴിഞ്ഞ വർഷം ഓർഫനേജിൽ ഉണ്ടായത്)
കൂടുതൽ പേർ കുത്തിവെപ്പ് എടുക്കാതിരുന്നാൽ അവർക്ക് മാത്രമല്ല ദോഷം. വാക്സിൻ എടുത്തിട്ടും പ്രതിരോധ ശക്തി ലഭിക്കാത്ത 5 % പേരും, കുത്തിവെപ്പ് എടുത്തു എങ്കിലും കാലക്രമേണ പ്രതിരോധ ശക്തി കാലക്രമേണ കുറഞ്ഞു പോയവരും അപകടത്തിലാകും.