കോവിഡ് 19: ജോക്കോവിച്ചിന്റെ പിഴക്കുന്ന സെർവുകൾ
ഇക്കഴിഞ്ഞ ദിവസം തമാശ രൂപത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പരന്ന ഒരു സന്ദേശമുണ്ട്. ഏതൊരു വാക്സിൻ വിരുദ്ധനും ആഗ്രഹിക്കുന്നത് ഇപ്പോൾ കൊവിഡിന് ഒരു വാക്സിൻ കണ്ടെത്തിയിരുന്നെങ്കിൽ എന്നായിരിക്കും എന്ന്.
എന്നാൽ അങ്ങനെയല്ലാത്ത വാക്സിൻ വിരുദ്ധരുമുണ്ടെന്ന് ഇന്ന് ഒരു വാർത്ത വായിച്ചപ്പോളാണ് മനസിലാവുന്നത്. പ്രശസ്ത ടെന്നീസ് താരം നൊവാക് ജോക്കോവിച്ചാണ് കൊവിഡിനു വാക്സിൻ കണ്ടെത്തിയാലും അത് നിർബന്ധിതമാക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസ്താവിച്ചത്. വ്യക്തിപരമായി വാക്സിനേഷനോട് താല്പര്യമില്ല എന്നും താരം വ്യക്തമാക്കുന്നു.
കൊവിഡ് ലോകത്ത് സാധാരണ ജനങ്ങളുടെ ജീവിതവും വിവിധ ജീവിതമേഖലകളെയും ബാധിച്ചതുപോലെതന്നെ കായികമേഖലയെയും ബാധിച്ചിരുന്നു. വിവിധ കായികതാരങ്ങൾക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടു. ടൂർണമെൻ്റുകൾ മാറ്റിവയ്ക്കപ്പെട്ടു രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷം മാറ്റിവച്ച ചരിത്രമില്ലാത്ത വിംബിൾഡൺ ടെന്നിസ് ടൂർണമെൻ്റ് പോലും മാറ്റിവയ്ക്കപ്പെട്ടു. ലോകമെങ്ങും വൈറസ് ബാധയുള്ളവരുടെ സംഖ്യ ഇരുപത്തിയഞ്ച് ലക്ഷത്തോടടുക്കുന്നു. ഒന്നരലക്ഷത്തിലേറെ ആളുകൾ മരണപ്പെട്ടു. ജോക്കോവിച്ചിൻ്റെ സെർബിയയിലും ഉണ്ട് ആറായിരത്തിനു മുകളിൽ രോഗബാധിതർ.
അതായത് രോഗത്തിൻ്റെ ഗൗരവത്തെക്കുറിച്ചും പകർച്ചവ്യാധിയുടെ വ്യാപ്തിയെക്കുറിച്ചും അറിവില്ലാത്ത ഒരു വ്യക്തിയല്ല ജോക്കോവിച്ച് എന്ന് നമുക്ക് അനുമാനിക്കാം. ജോക്കോവിച്ചിൻ്റെ പ്രസ്താവനയിലെ പ്രശ്നങ്ങൾ പലതാണ്.
കൊവിഡിനെതിരെ ലോകത്തിൻ്റെ പ്രതീക്ഷയും ആയുധങ്ങളും ഒന്നല്ല, പലതാണ്. അവയിൽ ഒന്നാണ് നാം ഇപ്പോൾ പാലിക്കുന്ന സാമൂഹ്യ അകലങ്ങളും ലോക്ക് ഡൗൺ പോലെയുള്ള നിയന്ത്രണങ്ങളും ശുചിത്വ മുൻ കരുതലുകളും ഒക്കെച്ചേർന്നുള്ള പ്രതിരോധം. അതോടൊപ്പം വ്യാപകമായി ടെസ്റ്റുകൾ നടത്തി പരമാവധി രോഗമുളളവരെ കണ്ടെത്തി അവരുമായി ബന്ധമുള്ളവരെ അടക്കം ഐസൊലേറ്റ് ചെയ്ത് രോഗ വ്യാപനം കുറയ്ക്കാൻ നോക്കുക.
മറ്റൊരു വഴി വൈറസ് ബാധയുണ്ടായവരുടെ ചികിൽസയ്ക്ക് ഫലപ്രദമായ ഒരു മരുന്നാണ്. നിലവിലുള്ളതോ പുതുതായി ഉണ്ടാക്കാൻ കഴിയുന്നതോ ആയ ഏതെങ്കിലും മരുന്നുപയോഗിച്ച് കൊവിഡിൻ്റെ രോഗബാധയുടെ കാഠിന്യവും മരണനിരക്കും കുറയ്ക്കുവാൻ കഴിയുമോ എന്നതിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗവേഷണങ്ങൾ പുരോഗമിക്കുന്നുണ്ട്.
അടുത്തതാണ് വാക്സിൻ. വാക്സിൻ കണ്ടെത്താൻ ഏറ്റവും ചുരുങ്ങിയത് ഒരു വർഷമെങ്കിലും വേണ്ടിവന്നേക്കാമെങ്കിലും ഒന്നിലധികം ഇടങ്ങളിൽ അതിനായും ഗവേഷണങ്ങൾ നടന്നുതുടങ്ങിയിട്ടുണ്ട്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാക്സിനുകൾ മനുഷ്യരിൽ കുത്തിവച്ചുള്ള പരീക്ഷണങ്ങൾ നടത്തിത്തുടങ്ങിയതായി വാർത്തകളുണ്ടായിരുന്നു.
ലോക്ക് ഡൗൺ പോലെയുള്ള സങ്കേതങ്ങൾ നമുക്ക് അനന്തമായി നീട്ടിക്കൊണ്ട് പോവാനാവില്ല. ആരോഗ്യം എന്നതുപോലെ സാമ്പത്തിക മാന്ദ്യം പോലെയുള്ള കാര്യങ്ങളും ജനങ്ങൾക്ക് ഭക്ഷണമടക്കം ലഭ്യമാവുന്ന കാര്യങ്ങളും കൂടി കണക്കാക്കേണ്ടിവരുമെന്നതുതന്നെ ഒരു കാര്യം. അപ്പോൾ മരുന്നോ വാക്സിനോ ആത്യന്തികമായി ഒരു അനിവാര്യതയാവും.
വാക്സിൻ്റെ ഉപയോഗവും വാക്സിൻ മൂലം തുടച്ച് നീക്കിയ രോഗങ്ങളും ആധുനികവൈദ്യശാസ്ത്രത്തിന് പുത്തരിയല്ല. 1796ൽ ആദ്യമായി വസൂരിക്ക് വാക്സിൻ കണ്ടെത്തിയത് മുതൽ മരണകാരണമായേക്കാവുന്ന ഒന്നിലധികം അസുഖങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രം വാക്സിൻ കൊണ്ട് സുരക്ഷയൊരുക്കുന്നുണ്ട്. തുടച്ചുനീക്കിയ വസൂരിയും അതിൻ്റെ വക്കിലെത്തിയ പോളിയോയും ഒക്കെ ഉദാഹരണങ്ങൾ.
ഇനി വാക്സിൻ നൽകിക്കൊണ്ടിരുന്നപ്പോൾ അതിനെതിരായി പ്രതിഷേധങ്ങളുണ്ടായതുകൊണ്ട് വാക്സിൻ സ്വീകരിക്കുന്ന നിരക്ക് കുറഞ്ഞതും അതിനനുസരിച്ച് ആ തടഞ്ഞ് നിറുത്തിയ രോഗങ്ങൾ തിരിച്ചുവന്നതിനുമുള്ള ഉദാഹരണങ്ങളും എമ്പാടുമുണ്ട്..നമ്മുടെ കൊച്ചുകേരളം തൊട്ട് അമേരിക്ക വരെ.
വാക്സിൻ കണ്ടെത്താൻ ഒരു വർഷമെങ്കിലും എടുക്കേണ്ടിവരുമെന്ന് പറഞ്ഞല്ലോ. അതിനു കാരണമുണ്ട്. നൽകുന്ന വാക്സിൻ ഫലപ്രദമാണോ എന്നറിയണം. ഫലം ലഭിക്കാൻ നൽകേണ്ട ഏറ്റവും കുറഞ്ഞ ഡോസും അതിൻ്റെ സുരക്ഷയുമറിയണം. അതിനു ശേഷമാണ് ജനങ്ങൾക്ക് നൽകുക.
ഈ അവസരത്തിൽ വാക്സിൻ ഗവേഷണത്തിനായി തങ്ങളുടെ ശരീരം വിട്ടുനൽകിയ ആ വലിയ മനുഷ്യരെക്കൂടി ഓർമിക്കുകയാണ്. മുകളിൽ പറഞ്ഞതൊന്നും അറിയാതെയും ഉറപ്പില്ലാതെയുമാണെങ്കിലും അവരതിനു തയ്യാറാവുമ്പൊഴാണ് ആ കണ്ടെത്താൻ പോവുന്ന വാക്സിനെതിരെ സംസാരിക്കാനും ആളുള്ളത്
ജോക്കോവിച്ചിൻ്റെ പ്രസ്താവനയ്ക്ക് ഒന്നിലധികം പ്രശ്നങ്ങളാണുള്ളത്.
അയാളൊരു കായികതാരമാണ്. വലിയ നേതാക്കളും കായികതാരങ്ങളും സിനിമാ താരങ്ങളുമൊക്കെ ഒട്ടേറെപ്പേരെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളാണ്. അവരുടെ വാക്കുകൾ കേൾക്കുന്നതിനും അതനുസരിക്കുന്നതിനുമൊക്കെ തയ്യാറാവുന്ന വലിയൊരു ജനസമൂഹമുണ്ടാവും എന്നതും വസ്തുത മാത്രം. പരമാവധി പേർക്ക് വാക്സിൻ നൽകുന്നതും അതനുസരിച്ച് ഹെർഡ് ഇമ്യൂണിറ്റി ഉണ്ടായി രോഗത്തെ പിടിച്ചുകെട്ടാൻ പറ്റുന്നതും ലക്ഷ്യം വയ്ക്കുമ്പൊ ഇത്തരം കുത്തിത്തിരിപ്പുകൾ അതിനു തുരങ്കം വയ്ക്കുകയാണുണ്ടാവുക.
അഭിപ്രായം ചോദിച്ചപ്പോൾ ഒരു സാധാരണ ഫുട്ബോൾ കോച്ചിൻ്റെ അഭിപ്രായമല്ല ഇവിടെ പ്രധാനമെന്ന് പറഞ്ഞ ലിവർപൂൾ കോച്ച് ജുർഗൻ ക്ലോപ്പിനെ ജോക്കോവിച്ചിനു മാതൃകയാക്കാവുന്നതാണ്. വാക്സിനില്ലെങ്കിൽ ടെന്നീസില്ലെന്ന് പറഞ്ഞ മുൻ ലോക ഒന്നാം നമ്പർ താരം അമേലി മൗറിസ്മോയെ ആണെങ്കിലും തെറ്റില്ല.
ജോക്കോവിച്ച് പറയുന്നു വാക്സിനെടുക്കാത്തത് വ്യക്തിപരമാണെന്ന്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനു വിലയില്ലേ എന്ന് ചോദിക്കുന്നവരുണ്ടാവാം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ നമ്മുടെ സ്വാതന്ത്ര്യം പൂർണ അർഥത്തിൽ ഉണ്ടാവാഞ്ഞത് എന്തുകൊണ്ടാണെന്ന് ഒന്ന് ഓർമിച്ചാൽ മതി. പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല.
ടെന്നീസിലെ ചില നിയമങ്ങൾ എനിക്ക് താല്പര്യമില്ല, അതെൻ്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് ജോക്കോവിച്ച് പറഞ്ഞാൽ അത് സമ്മതിച്ചേക്കുമോ? കളിനിയമങ്ങൾ പോലെതന്നെയാണ് പാൻഡമിക്കിലും ഉള്ള നിയമങ്ങൾ.
ഒന്നോ രണ്ടോ ആൾക്കാരല്ലേ? അവർ മാറിനിന്നാൽ എന്താണ് കുഴപ്പമെന്നും ചോദിക്കാൻ തോന്നുന്നുണ്ടോ? എല്ലാവരും അങ്ങനെ കരുതിയാൽ എന്തുണ്ടാവും? നേരത്തെ ഹെർഡ് ഇമ്യൂണിറ്റിയെക്കുറിച്ച് പറഞ്ഞുവല്ലോ. ഒരു നിശ്ചിത ശതമാനം ആളുകൾ വാക്സിനിലൂടെയോ മറ്റ് വഴികളിലൂടെയോ രോഗാണുവിനോട് പ്രതിരോധശേഷിയുള്ളവരാവുമ്പോൾ അല്ലാത്തവർക്കും സംരക്ഷണം ലഭിക്കുന്ന സ്ഥിതിവിശേഷമാണ് അത്.
രോഗം വന്നു പോയി പ്രതിരോധശേഷിയുണ്ടാക്കുവാൻ ശ്രമിച്ച രാജ്യങ്ങളിൽ സംഭവിച്ചത് എന്താണെന്ന് നമ്മൾ കണ്ടതാണ്. രോഗം വന്നോട്ടെയെന്ന് കരുതാൻ കഴിയാത്തയാളുകളും നമ്മുടെയിടയിലുണ്ടാവാം. പ്രായാധിക്യമുള്ളവർ, ഗർഭവതികളായവർ, മറ്റ് രോഗങ്ങളുള്ളവർ, കീമോതെറാപ്പിയോ മറ്റ് ഏതെങ്കിലും രീതിയോ വഴി രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിങ്ങനെ ഒത്തിരിപ്പേർക്ക് അങ്ങനെ കരുതാനാവില്ല. ചിലപ്പോൾ അവർക്ക് വാക്സിനും എടുക്കാൻ കഴിഞ്ഞെന്ന് വരില്ല. അവരുടെ സംരക്ഷണവും മറ്റുള്ളവരുടെ ഉത്തരവാദിത്വമാണ്.
ഇനി മറ്റൊരു വിഭാഗമുണ്ട്. ചികിൽസയുടെ ചിലവ് താങ്ങാൻ കഴിഞ്ഞേക്കില്ലാത്തവർ… അല്ലെങ്കിൽ മികച്ച ചികിൽസ ലഭിക്കാൻ സാഹചര്യമില്ലാത്തവർ. ജോക്കോവിച്ചിനു രോഗബാധയുണ്ടായാൽ മികച്ച ചികിൽസ ഏതാണ്ട് ഉറപ്പാണ്. പക്ഷേ അദ്ദേഹത്തിൽ നിന്ന് തന്നെ രോഗം പകർന്നേക്കാവുന്നവരിൽ ചിലർക്കെങ്കിലും അതിനുള്ള സാഹചര്യം ലഭിക്കണമെന്നില്ല..
ചുരുക്കിപ്പറഞ്ഞാൽ വരാൻ പോവുന്ന വാക്സിനോട് ജോക്കോവിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ഈ സിംഗിൾസ് മാച്ച് ഒരു പമ്പരവിഡ്ഢിത്തം തന്നെയാണ്.
ടെന്നീസിൽ ഡബിൾ ഫോൾട്ട് എന്നൊന്നുണ്ടെന്ന് മറ്റാരെക്കാളും നന്നായി ജോക്കോവിച്ചിന് അറിയാമായിരിക്കും. രണ്ട് തവണ അടുപ്പിച്ച് പിഴവ് വരുത്തുമ്പോൾ എതിരാളിക്ക് പോയിൻ്റ് ലഭിക്കുന്നൊരു സ്ഥിതിവിശേഷമാണ്.
ജോക്കോവിച്ചിൻ്റെ കമൻ്റ് ഒരു ഫോൾട്ടാണ്.. ആവർത്തിച്ച് ഡബിൾ ഫോൾട്ടായി കൊവിഡിനു പോയിൻ്റ് നൽകി ഒട്ടനേകം പേരെ ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലാതാക്കുന്നതിനു മുൻപ് തിരുത്തേണ്ടതാണ്.
This article is shared under CC-BY-SA 4.0 license.